Thursday, February 23, 2012

പൊതുപണിമുടക്ക് അജയ്യമുന്നേറ്റമാകും

ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങള്‍ ഈ മാസം 28ന് ഒരു ദിവസത്തെ ഐതിഹാസികമായ പൊതുപണിമുടക്കിന് തയ്യാറെടുക്കുകയാണ്. ലോകത്ത് ഇതുവരെ നടന്നിട്ടില്ലാത്തത്ര വിപുലമായതാകും ആ പണിമുടക്ക് എന്ന് ഉറപ്പായിക്കഴിഞ്ഞു. ആഹ്വാനംചെയ്ത സംഘടനകള്‍ക്ക് പുറമെയുള്ളവരും കര്‍ഷകരടക്കമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളും സ്വയംസന്നദ്ധരായി ഈ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിക്കുകയും അതില്‍ അണിചേരുമെന്ന് പ്രഖ്യാപിക്കുകയുംചെയ്യുന്ന അനുഭവം ആവേശകരമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള എല്ലാ വിഭാഗം തൊഴിലാളികളും യോജിച്ച പ്രക്ഷോഭം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

2011 സെപ്തംബര്‍ 7ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും വ്യവസായ ഫെഡറേഷനുകളുടെയും ദേശീയ കണ്‍വന്‍ഷനാണ് പണിമുടക്ക് തീരുമാനം കൈക്കൊണ്ടത്. എല്ലാ അംഗീകൃത കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വേദിയില്‍ ഒന്നിച്ചുചേര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ആ കണ്‍വന്‍ഷന്‍ അംഗീകരിച്ച, സംഘടിത മേഖലയിലെയും അസംഘടിത മേഖലയിലെയും തൊഴിലാളികളുടെ അടിയന്തരാവശ്യങ്ങള്‍ക്കുപുറമെ നയപ്രശ്നങ്ങളും പണിമുടക്കിനാധാരമായി സംയുക്ത പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്നു. നവലിബറല്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി വര്‍ഗത്തിന്റെ സംയുക്തസമരങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വിശാലവേദി കെട്ടിപ്പടുക്കുന്നതിനായി സിഐടിയു ഉള്‍പ്പെടെയുള്ള വിവിധ ട്രേഡ് യൂണിയനുകള്‍ നടത്തിയ നിരന്തരവും സുശക്തവുമായ പരിശ്രമത്തിന്റെ ഫലമാണ് ഈ പണിമുടക്കും അതിലേക്ക് നയിക്കുന്ന തൊഴിലാളികളുടെ യോജിപ്പും. തങ്ങളുടെ ജീവിതവും ഉപജീവനമാര്‍ഗങ്ങളും താറുമാറാക്കുന്ന ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ സംയുക്ത പ്രക്ഷോഭങ്ങള്‍ക്കായി താഴെത്തലങ്ങളില്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ആവേശത്തിന്റെ പ്രതിഫലനവുമാണത്.

പല കേന്ദ്രട്രേഡ് യൂണിയനുകളും ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഡിഫന്‍സ്, ടെലികോം, കല്‍ക്കരി, മറ്റു പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും സ്വതന്ത്ര ഫെഡറേഷനുകള്‍ നടത്തിയ ദശകങ്ങള്‍ നീണ്ട സംയുക്ത ട്രേഡ് യൂണിയന്‍ പ്രക്ഷോഭപ്രക്രിയയും രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ സമഗ്രമായ ഐക്യം കെട്ടിപ്പടുക്കുന്നതില്‍ അളവറ്റ സംഭാവന നല്‍കിയിട്ടുണ്ട്. 1991ല്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതുമുതല്‍ ട്രേഡ് യൂണിയന്‍ സ്പോണ്‍സറിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി 12 പൊതുപണിമുടക്കുകള്‍ നടന്നിട്ടുണ്ട്; 2010 സെപ്തംബര്‍ 7ന് നടന്ന 13-ാമത് അഖിലേന്ത്യാ പൊതു പണിമുടക്കിന് നേതൃത്വം നല്‍കിയ സംയുക്ത ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ ഐഎന്‍ടിയുസികൂടി വന്നതോടെ ഐക്യവേദി കുറെക്കൂടി വിശാലമായി; 14-ാമത് പൊതുപണിമുടക്കിന് ആഹ്വാനം നല്‍കിയ വേദിയില്‍ ബിഎംഎസും എല്‍പിഎഫും കൂടി ചേര്‍ന്നതോടെ ഈ ഐക്യം കൂടുതല്‍ വിപുലമായി.

കോടാനുകോടി തൊഴിലാളികള്‍ മാത്രമല്ല, അധ്വാനിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ പ്രശ്നങ്ങള്‍ക്ക് ആധാരമായ 10 ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് 2012 ഫെബ്രുവരി 28ന്റെ പൊതുപണിമുടക്ക് സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാക്കും. ആദ്യമായല്ല ഈ ആവശ്യങ്ങളുയരുന്നത്. എന്നാല്‍ , അവയോടെല്ലാം നിഷേധനയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

അവശ്യ സാധനങ്ങളുടെ വന്‍വിലക്കയറ്റം തടയുന്നതിനുള്ള മൂര്‍ത്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നതാണ് പ്രഥമവും പ്രധാനവുമായ ആവശ്യം. വില കുതിച്ചുയരുന്നത് തടയുന്നതിനുള്ള നടപടികള്‍ എന്തൊക്കെയെന്ന് ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കണമെന്നും ചരക്കുവിപണിയിലെ അവധി വ്യാപാരവും ഊഹക്കച്ചവടവും നിരോധിക്കണമെന്നുമാണ് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. ഈ നടപടികളിലൂടെമാത്രമേ വിലക്കയറ്റം തടഞ്ഞുനിര്‍ത്താനാകൂ; നിത്യവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനവില നിയന്ത്രിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ല.

രണ്ടാമത്തെ മുഖ്യ ആവശ്യം തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതത്തെ നേരിടുന്നതിന് സ്വകാര്യ ബിസിനസുകാര്‍ക്കും വ്യവസായികള്‍ക്കും ലക്ഷക്കണക്കിന് കോടി രൂപയുടെ ഉദാരമായ ആനുകൂല്യങ്ങളും ബെയില്‍ഔട്ട് പാക്കേജുകളുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കണമെന്ന വ്യവസ്ഥയുമായി ഇതിനെ ബന്ധപ്പെടുത്തണമെന്നാണ് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. ഒരുവിധത്തിലുള്ള ഒഴിവാക്കലും കൂടാതെ എല്ലാ അടിസ്ഥാന തൊഴില്‍നിയമങ്ങളും കര്‍ശനമായി നടപ്പാക്കണമെന്നും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതിന് കടുത്തശിക്ഷ നല്‍കണമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ആവശ്യപ്പെടുന്നു.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാര്‍വത്രികമായി സാമൂഹ്യ സുരക്ഷ ബാധകമാക്കുക എന്നത് മറ്റൊരു സുപ്രധാന ആവശ്യമാണ്. അസംഘടിത തൊഴിലാളികള്‍ക്കായുള്ള ദേശീയ സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ശുപാര്‍ശ ചെയ്തതുപോലെ വേണ്ടത്ര വിഭവങ്ങള്‍ ഉറപ്പാക്കി ദേശീയ സാമൂഹ്യ സുരക്ഷാ നിധി രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. കേന്ദ്ര-സംസ്ഥാന പൊതു മേഖലാസ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ പൂര്‍ണമായി നിര്‍ത്തലാക്കണം. ഒഎന്‍ജിസി, എന്‍ടിപിസി, പിഎഫ്സി, കോള്‍ ഇന്ത്യ തുടങ്ങിയ നവരത്ന കമ്പനികളിലെ ഓഹരികള്‍ വിറ്റഴിച്ച് 20,000 കോടി രൂപ സമാഹരിച്ചശേഷം, ഈ സാമ്പത്തികവര്‍ഷം 40,000 കോടി രൂപയുടെ കൂടി ഓഹരി വിറ്റഴിക്കാനുള്ള ഭീമമായ ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പൊതു ആസ്തികളുടെയും പ്രകൃതിവിഭവങ്ങളുടെയും നിയന്ത്രണം സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനുള്ള നീക്കമാണിത്. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം കണക്കിലെടുത്ത് ഈ ജനവിരുദ്ധ- ദേശ വിരുദ്ധ നടപടികളെ ചെറുത്തുതോല്‍പ്പിക്കണം.

വ്യാപകമായ കരാര്‍വല്‍ക്കരണവും കാഷ്വല്‍വല്‍ക്കരണവും ബഹുഭൂരിപക്ഷം തൊഴിലിടങ്ങളിലും ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച്, രാജ്യത്തെ മൊത്തം തൊഴില്‍ശക്തിയില്‍ 51 ശതമാനം സ്വയംതൊഴില്‍ മേഖലയിലാണ്. 33.5 ശതമാനം കാഷ്വല്‍ തൊഴിലാളികളാണ്. ഏകദേശം 15.6 ശതമാനംമാത്രമാണ് ശമ്പളം ലഭിക്കുന്ന മേഖലയില്‍ പണിയെടുക്കുന്നത്. സ്ഥിരം ജോലികളെ കരാര്‍വല്‍ക്കരിക്കരുത്; സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന അതേ വേതനവും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക എന്നീ ആവശ്യങ്ങള്‍ ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നു.

എല്ലാ വിഭാഗം തൊഴിലാളികളും ഉള്‍പ്പെടുന്ന വിധത്തില്‍ മിനിമം വേതന നിയമം ഭേദഗതിചെയ്യുക, 10,000 രൂപയില്‍ കുറയാത്ത മിനിമം വേതനം നിയമപരമായി ഉറപ്പാക്കുക. ബോണസിനും പ്രൊവിഡന്റ് ഫണ്ടിനുമുള്ള എല്ലാതരത്തിലുള്ള പരിധികളെയും എടുത്തുകളയുക, ഗ്രാറ്റുവിറ്റി തുക വര്‍ധിപ്പിക്കുക എന്നിവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍ . വാര്‍ധക്യകാലത്ത് സാമ്പത്തിക സുരക്ഷിതത്വം ലഭിക്കണമെന്ന തൊഴിലാളികളുടെ ന്യായമായ അഭിലാഷത്തെ ചൂഷണംചെയ്ത് അവരെ ഓഹരിക്കമ്പോളത്തിലെ ചൂതാട്ടകേന്ദ്രങ്ങളിലേക്ക് ആനയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലാളികളുടെ വാര്‍ധക്യകാല സുരക്ഷിതത്വത്തെ തട്ടിപ്പറിക്കാനുള്ള ഗൂഢാലോചനയെ അംഗീകരിച്ചുകൊടുക്കാനാവില്ല. "എല്ലാവര്‍ക്കും പെന്‍ഷന്‍" എന്ന ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഹ്വാനം, 28ലെ പണിമുടക്കുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണ പരിപാടികളില്‍ രാജ്യത്താകമാനം മുഴങ്ങുകയാണ്.

അപേക്ഷനല്‍കി 45 ദിവസത്തിനകം നിര്‍ബന്ധമായും ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷന്‍ നടത്തുക, ഐഎല്‍ഒ പ്രഖ്യാപനത്തിലെ 87, 98 ഭാഗങ്ങള്‍ക്ക് അടിയന്തരമായി സ്ഥിരീകരണം നല്‍കുക എന്നീ ആവശ്യങ്ങളും തൊഴിലാളിപ്രസ്ഥാനം ഉയര്‍ത്തുന്നു. വ്യത്യസ്ത വീക്ഷണങ്ങളും രാഷ്ട്രീയ ചായ്വുകളുമുള്ള, രാജ്യത്തെ പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ തൊഴിലാളിവര്‍ഗം അഭിമുഖീകരിക്കുന്ന മുഖ്യവിഷയങ്ങള്‍ കൈകാര്യംചെയ്യുന്നതിനായി ഒരൊറ്റ വേദിയില്‍ ഒത്തുകൂടിയതോടെ ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം പുതിയ ഘട്ടത്തിലേക്കാണ് കടന്നത്.

*
എം എം ലോറന്‍സ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങള്‍ ഈ മാസം 28ന് ഒരു ദിവസത്തെ ഐതിഹാസികമായ പൊതുപണിമുടക്കിന് തയ്യാറെടുക്കുകയാണ്. ലോകത്ത് ഇതുവരെ നടന്നിട്ടില്ലാത്തത്ര വിപുലമായതാകും ആ പണിമുടക്ക് എന്ന് ഉറപ്പായിക്കഴിഞ്ഞു. ആഹ്വാനംചെയ്ത സംഘടനകള്‍ക്ക് പുറമെയുള്ളവരും കര്‍ഷകരടക്കമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളും സ്വയംസന്നദ്ധരായി ഈ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിക്കുകയും അതില്‍ അണിചേരുമെന്ന് പ്രഖ്യാപിക്കുകയുംചെയ്യുന്ന അനുഭവം ആവേശകരമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള എല്ലാ വിഭാഗം തൊഴിലാളികളും യോജിച്ച പ്രക്ഷോഭം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ്.