Monday, February 27, 2012

മോഡിഭീതിയില്‍ ഒരു ജനത

ഗുജറാത്ത് കൂട്ടക്കുരുതിയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് പത്ത് വയസ്സാകുമ്പോഴും ഭീതിയില്‍നിന്ന് ആ ജനത മോചിതരായിട്ടില്ല. 2002ലെ വംശഹത്യയിലൂടെ കുപ്രസിദ്ധി നേടിയ നരേന്ദ്ര മോഡിഭരണം അവിശ്വസനീയമായ ക്രൂരതയുടെയും ഉപജാപത്തിന്റെയും വിളനിലമായി ഇന്നും തുടരുന്നു. "ഇന്ന് ഗുജറാത്ത് പുറമെ ശാന്തമാണ്; ഉള്ളില്‍ അഗ്നിപര്‍വതം പുകയുന്നുണ്ടെങ്കിലും" പറയുന്നത് ഗുജറാത്തിലെ മുന്‍ ഡിജിപി മലയാളിയായ ആര്‍ ബി ശ്രീകുമാര്‍ . കൂട്ടക്കൊലയ്ക്കു പിന്നിലെ മോഡിയുടെ കരങ്ങളെക്കുറിച്ച് ആദ്യം വെളിപ്പെടുത്തുകയും വംശഹത്യയുടെ ഇരകള്‍ക്കായി ഇപ്പോഴും പോരാട്ടം തുടരുകയും ചെയ്യുന്ന അദ്ദേഹം കലാപത്തിന് 10 വര്‍ഷം പിന്നിടുന്ന വേളയില്‍ ദേശാഭിമാനിയോട് സംസാരിക്കുന്നു.

ഇന്ന് ഗുജറാത്തിലെ സ്ഥിതി? ഇരകളുടെ അവസ്ഥ? 10 വര്‍ഷം കഴിയുമ്പോള്‍ ജനങ്ങളില്‍ സുരക്ഷിത ബോധമുണ്ടോ?

ഗുജറാത്ത് പുറമെ നിന്നുനോക്കുമ്പോള്‍ ശാന്തമാണ്. ഈ ശാന്തതയ്ക്ക് പിന്നില്‍ പുകയുന്ന അഗ്നിപര്‍വതമുണ്ട്. ജീവനില്‍ കൊതിയുള്ളതുകൊണ്ടുമാത്രമാണ് ഈ ശാന്തത. രണ്ടാംകിട പൗരന്മാരാണ് തങ്ങളെന്ന് മുസ്ലിങ്ങള്‍ മാനസികമായി അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ക്ക് എതിര്‍ക്കാനോ സംഘടിക്കാനോ ശേഷിയില്ല. ഗുജറാത്തിലെ ഹിന്ദുവര്‍ഗീയ വാദികള്‍ ആഗ്രഹിച്ചതും ഇതാണ്. മുസ്ലിങ്ങള്‍ക്ക് ജീവഭയം ഇല്ലാതെ കഴിയാം- പക്ഷേ, രണ്ടാംകിട പൗരന്മാരാണ് തങ്ങളെന്ന് അവര്‍ അംഗീകരിക്കണം. അത് പുറമേക്ക് അംഗീകരിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറായി എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. ഹിന്ദുവര്‍ഗീയ വാദികളുടെ വല്യേട്ടന്‍ നയം അവര്‍ അംഗീകരിച്ചുകഴിഞ്ഞു. കലാപത്തിന്റെ ഇരകള്‍ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല. മുസ്ലിങ്ങള്‍ക്ക് "മോഡി ഭീതിരോഗം" ബാധിച്ചു കഴിഞ്ഞു.

ഒരു വിഭാഗത്തിന് എത്രനാള്‍ ഇങ്ങനെ രണ്ടാംകിട പൗരന്മാര്‍ എന്ന വാദം അംഗീകരിച്ച് ജീവിക്കാന്‍ കഴിയും?

തങ്ങള്‍ രണ്ടാംകിട പൗരന്മാരാണെന്ന് മുസ്ലിങ്ങള്‍ പൊതുവെ അംഗീകരിക്കാന്‍ തയ്യാറാകുന്നത് ജീവഭയം ഒന്നുകൊണ്ട് മാത്രമാണ്. ഇങ്ങനെ പോയാല്‍ ഭാവിയില്‍ തീവ്രവാദ റിക്രൂട്ടിങ് സെന്ററായി ഗുജറാത്ത് മാറും എന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഭൂരിപക്ഷ വര്‍ഗീയതയുടെ അത്രത്തോളം വരില്ല. ഇന്ത്യയില്‍ ആദ്യം തുടച്ചു നീക്കേണ്ടത് ഹിന്ദു വര്‍ഗീയവാദമാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളിലെ തീവ്രവാദമാണ് രാജ്യത്തിന് ഏറെ ആപത്ത്. രാജ്യംതന്നെ ശിഥിലമാകാന്‍ ഭൂരിപക്ഷ വര്‍ഗീയത കാരണമാകും.

നരേന്ദ്ര മോഡിക്കെതിരായി പ്രതിഷേധസ്വരങ്ങള്‍ ഉയരുന്നത് കാണുന്നുണ്ടല്ലോ?

വളരെ ചെറിയ പ്രതിഷേധമാണ് ഗുജറാത്തില്‍ കാണാന്‍ കഴിയുന്നത്. മല്ലികാ സാരാഭായ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ വളരെ ചെറിയ ശതമാനം ആള്‍ക്കാര്‍ മാത്രമാണ് പങ്കെടുക്കുന്നത്. പണ്ട് കേരളത്തില്‍ ഉണ്ടായിരുന്നു പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ അനാചാരങ്ങള്‍ക്ക് തുല്യമാണ് ഇന്ന് ഇവിടത്തെ മുസ്ലിങ്ങളുടെ അവസ്ഥ. അതിനും കാരണമുണ്ട്. അത്രത്തോളം വിദ്വേഷവും ഭീകരതയുമാണ് ഹിന്ദുവര്‍ഗീയ വാദികളുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്നത്. മുസ്ലിങ്ങളെ കലാപകാരികള്‍ ചുട്ടുകൊല്ലുകയായിരുന്നു എന്നത് കാണണം. വെറുപ്പിന്റെ അംശം അത്രത്തോളം വലുതായിരുന്നു. ഈ കൊടുംക്രൂരത ഉണ്ടായിട്ടും രാജ്യത്തെ മുസ്ലിം സംഘടനകളുടെ നേതൃത്വംപോലും വേണ്ട രീതിയില്‍ അവരെ സഹായിക്കാനോ അംഗീകരിക്കാനോ മുന്നോട്ടുവന്നിട്ടില്ല എന്നതാണ് സത്യം.

സുപ്രീംകോടതിയുടെ നിരന്തര ഇടപെടല്‍മൂലമാണെങ്കിലും വംശഹത്യയില്‍ മോഡിയുടെ പങ്ക് കൂടുതല്‍ വെളിച്ചത്താവുകയും നിയമനടപടി നേരിടേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. കൂട്ടക്കുരുതിയില്‍ മോഡിയുടെ വലംകൈയായി പ്രവര്‍ത്തിച്ച വിശ്വസ്തന്‍ അമിത് ഷാ ജയിലിലായി. വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഈ കേസുകളുടെയും അന്വേഷണങ്ങളുടെയും ഭാവി?

മോഡി അധികാരത്തില്‍ ഇരിക്കുന്നിടത്തോളം ഈ അന്വേഷണങ്ങള്‍ പ്രഹസനമാകും എന്നതില്‍ സംശയമില്ല. കേസന്വേഷിക്കുന്നവരെ മോഡി വാടകയ്ക്ക് എടുക്കുന്നു. പ്രത്യേക അന്വേഷക സംഘംപോലും മോഡിയുടെ ബി ടീമാണ്. 2000 കലാപക്കേസുകള്‍ പുനരന്വേഷിക്കാന്‍ തീരുമാനിച്ചു. ഈ രണ്ടായിരം കേസുകളും തെളിവില്ല എന്ന കാരണത്താല്‍ തള്ളുകയായിരുന്നു. അന്വേഷകസംഘത്തിന്റെ തലവനായി മുസ്ലിം വിഭാഗത്തിലുള്ളവരെ നിയമിച്ച് പുറംലോകത്തിനുമുന്നില്‍ വിശ്വസം ജനിപ്പിക്കുകയും അവരെ വാടകയ്ക്ക് എടുത്ത് അന്വേഷണം പ്രഹസനമാക്കുകയും ചെയ്യുക എന്നതാണ് മോഡിയുടെ രീതി. എന്നാലും വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. വംശഹത്യയില്‍ നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടുവന്നു. ഇതെല്ലാം സ്വാഗതാര്‍ഹമാണ്. പുറം ലോകമറിയാതെ മൂടിവച്ച ഓരോ കേസുകളും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഞങ്ങളടക്കമുള്ളവര്‍ സ്വന്തം ചെലവിലും മറ്റുമാണ് ഇപ്പോഴും കേസിന്റെ പിന്നാലെ നടക്കുന്നത്, ഇരകള്‍ക്ക് നീതി ലഭിക്കാന്‍ . സത്യത്തില്‍ ഗുജറാത്തിലെ ഓരോ കലാപക്കേസും വംശഹത്യക്കേസുകളും പുനരന്വേഷിക്കേണ്ടതുണ്ട്. കേസുകളുടെ നടത്തിപ്പ് ഗുജറാത്ത് കലാപത്തെ അപലപിക്കുന്ന ഓരോ വ്യക്തികളും സംഘടനകളും സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകണം. വാക്കുകൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലല്ല പ്രധാനം. ഓരോ കേസിന്റെ നടത്തിപ്പും സ്പോണ്‍സര്‍ ചെയ്യാന്‍ ആളുകള്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.

ഗുജറാത്തിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ ആശാവഹമാണോ?

സത്യത്തില്‍ അധികാര രാഷ്ട്രീയം ലക്ഷ്യംവച്ച് ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ കോണ്‍ഗ്രസ് പിണക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ മുസ്ലിങ്ങള്‍ക്കുവേണ്ടി സംസാരിക്കാനോ ഇരകളുടെ ഭാഗത്ത് നില്‍ക്കാനോ അവര്‍ക്ക് കഴിയുന്നില്ല.

മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ വന്‍വികസനമാണ് നടക്കുന്നത് എന്നത് കോണ്‍ഗ്രസു പോലും രഹസ്യമായി സമ്മതിക്കുന്ന വസ്തുതയാണല്ലോ. "ഗുജറാത്ത് വികസന മോഡല്‍" എന്താണ്?

വികസനം ആര്‍ക്കുവേണ്ടി എന്നതാണ് പ്രധാനം. കോര്‍പറേറ്റുകളുടെയും കുത്തകകളുടെയും വികസനമാണ് ഗുജറാത്തില്‍ നടക്കുന്നത്. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും നില പരിതാപകരമാണ്. അവരുടെ അവസ്ഥ നാള്‍ക്കുനാള്‍ മോശമാകുന്നു. മോഡിയുടെ വികസനത്തെ പ്രശംസിച്ച കേരളത്തിലെ എ പി അബ്ദുള്ളക്കുട്ടി എന്ന നേതാവ് രാജ്യത്തിന് തന്നെ അപമാനമാണ്. കോര്‍പറേറ്റുകളും ഭരണാധികാരികളും ചേര്‍ന്ന കൂട്ടുകെട്ട് കോടികളുടെ അഴിമതിയാണ് നടത്തുന്നത്. അടുത്തിടെ നടന്ന ഭൂമി ഇടപാടുകളില്‍ 1,20,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മോഡി ഭരണത്തിന്റെ ഗുണഫലം അനുഭവിക്കുന്ന വിരലിലെണ്ണാവുന്ന കുത്തകകളാണ് ഗുജറാത്ത് വികസന മോഡല്‍ എന്ന് പുറംലോകത്തെ അറിയിക്കുന്നതും ഭാവി പ്രധാനമന്ത്രിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നതും. അങ്ങനെ വന്നാല്‍ ഇന്ന് ഗുജറാത്തില്‍ നടക്കുന്ന കൊള്ളയടി രാജ്യം മുഴുവന്‍ നടത്താന്‍ കഴിയുമല്ലോ. എന്ത് വികസനം പറഞ്ഞാലും ഗുജറാത്തില്‍ നടന്ന വംശീയ കൂട്ടക്കുരുതിയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും അത് ന്യായീകരണമാകില്ല എന്നതും ഓര്‍ക്കണം.

*
തയ്യാറാക്കിയത്: മില്‍ജിത് രവീന്ദ്രന്‍ ദേശാഭിമാനി 27 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗുജറാത്ത് കൂട്ടക്കുരുതിയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് പത്ത് വയസ്സാകുമ്പോഴും ഭീതിയില്‍നിന്ന് ആ ജനത മോചിതരായിട്ടില്ല. 2002ലെ വംശഹത്യയിലൂടെ കുപ്രസിദ്ധി നേടിയ നരേന്ദ്ര മോഡിഭരണം അവിശ്വസനീയമായ ക്രൂരതയുടെയും ഉപജാപത്തിന്റെയും വിളനിലമായി ഇന്നും തുടരുന്നു. "ഇന്ന് ഗുജറാത്ത് പുറമെ ശാന്തമാണ്; ഉള്ളില്‍ അഗ്നിപര്‍വതം പുകയുന്നുണ്ടെങ്കിലും" പറയുന്നത് ഗുജറാത്തിലെ മുന്‍ ഡിജിപി മലയാളിയായ ആര്‍ ബി ശ്രീകുമാര്‍ . കൂട്ടക്കൊലയ്ക്കു പിന്നിലെ മോഡിയുടെ കരങ്ങളെക്കുറിച്ച് ആദ്യം വെളിപ്പെടുത്തുകയും വംശഹത്യയുടെ ഇരകള്‍ക്കായി ഇപ്പോഴും പോരാട്ടം തുടരുകയും ചെയ്യുന്ന അദ്ദേഹം കലാപത്തിന് 10 വര്‍ഷം പിന്നിടുന്ന വേളയില്‍ ദേശാഭിമാനിയോട് സംസാരിക്കുന്നു.