Monday, February 27, 2012

ഗുജറാത്ത്: പത്ത് വര്‍ഷങ്ങള്‍ക്കുശേഷം

2002ലെ ഗുജറാത്ത് വംശഹത്യാസമയത്ത് തികച്ചും ശാന്തമായിരുന്ന ഒരു പ്രദേശമുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍ . ഗാന്ധിയുടെ നാടിനെ അടുത്തറിയുന്നതിനായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പോര്‍ബന്തറിലെത്തിയ ഈ ലേഖകന്‍ പക്ഷേ കണ്ടത് വ്യത്യസ്തമായ കാഴ്ചകളാണ്. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് നീട്ടിയ ലഡ്ജറിലെ കോളങ്ങള്‍ കണ്ട് ഞെട്ടി. പേര്, വയസ്സ്, എവിടെനിന്ന് വന്നു? എന്തിന് വന്നു? തുടങ്ങിയ തലക്കെട്ടോടെയുള്ള കോളങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി. "നിങ്ങളുടെ മതം എന്ത്?" ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്നു അഹമ്മദാബാദിലെ സബര്‍മതി ആശ്രമം. രാഷ്ട്രീയത്തോടൊപ്പം വിജ്ഞാനത്തിന്റെയും കേന്ദ്രമായിരുന്നു ഈ ആശ്രമം. സബര്‍മതി ആശ്രമത്തിലെ വായനശാലയിലേക്ക് പോകാം. ആഗതന്‍ ആദ്യം കാണുന്നവിധത്തില്‍ കണ്ണായസ്ഥാനത്ത് വച്ചിരിക്കുന്ന പുസ്തകങ്ങള്‍ എല്ലാം വംശവെറി പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ജിഹ്വകളാണ്. ഗാന്ധിയുടെ നാട്ടിലെ മാനവികതയ്ക്ക് 2002ലെ വംശഹത്യ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഇങ്ങനെയെല്ലാമാണ്.

ഗോധ്ര തീവയ്പ് നടന്ന ദിവസം രാത്രിയിലാണ് നരേന്ദ്രമോഡിയുടെ സാന്നിധ്യത്തില്‍ വംശഹത്യ ആസൂത്രണംചെയ്യുന്നത്. വംശഹത്യാ കേസുകളിലെ പ്രതികള്‍ ഒരിക്കലും കുടുങ്ങാതിരിക്കാനുള്ള ആസൂത്രണവും അന്നുതന്നെ തുടങ്ങി. പതിറ്റാണ്ട് കഴിഞ്ഞിട്ടും കാലപക്കേസുകള്‍ എങ്ങും എത്തിയിട്ടില്ല. സുപ്രീംകോടതിയുടെ കര്‍ശനമായ മേല്‍നോട്ടമുണ്ട്. അതുകൊണ്ടുതന്നെ ഒന്നും എളുപ്പത്തില്‍ തേച്ചുമാച്ചുകളയാനാകുന്നില്ല. വംശഹത്യയുമായി ബന്ധപ്പെട്ട നരോദപാട്ടിയ, ഗുല്‍ബര്‍ഗ് സൊസൈറ്റി, ഔദ്, ഔദ് (2), നരോദഗാം, സദാര്‍പുര കേസുകളില്‍ അവസാനത്തേതില്‍മാത്രമാണ് വിധി പ്രസ്താവിച്ചത്. 2011 നവംബര്‍ ഒമ്പതിന് കോടതി 31 പേരെ ശിക്ഷിച്ചു. പക്ഷേ, പ്രധാന ആസൂത്രകരും സംഘപരിവാര്‍ നേതാക്കളുമെല്ലാം രക്ഷപ്പെട്ടു. ശിക്ഷിക്കപ്പെട്ടവര്‍ ജാമ്യത്തിലിറങ്ങി. ഇനി പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന അപ്പീല്‍പോരാട്ടങ്ങള്‍ക്കൊടുവില്‍ ആരെങ്കിലും ശാശ്വതമായി ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ ഇരകള്‍ക്കില്ല. മറ്റു കേസുകളിലെയെല്ലാം പ്രധാനപ്രതികള്‍ സംസ്ഥാനത്ത് സൈ്വരവിഹാരം നടത്തുന്നു.

നരേന്ദ്രമോഡി അടുത്തിടെ ഗുജറാത്ത് പൊലീസില്‍ കരാര്‍ നിയമനങ്ങള്‍ നടത്തിയിരുന്നു. തൊഴില്‍ ലഭിച്ചവരില്‍ ബഹുഭൂരിഭാഗവും വംശഹത്യയില്‍ സജീവ പങ്കാളികളായിരുന്ന സംഘപരിവാറുകാരായിരുന്നു. ഹിന്ദുത്വയുടെ പരീക്ഷണശാലയിലെ ഉപകാരസ്മരണകള്‍ ഇങ്ങനെയെല്ലാമാണ്. ഒരു സര്‍ക്കാര്‍ എങ്ങനെയായിരിക്കരുതെന്നതിന്റെ പ്രതീകമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ . ഗുജറാത്തിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സ്ഥിതിയും ഇങ്ങനെതന്നെ. വംശഹത്യക്കുശേഷം ഒരിക്കല്‍പ്പോലും കോണ്‍ഗ്രസിന് സംസ്ഥാനത്ത് തല ഉയര്‍ത്താനായിട്ടില്ല. മോഡിയെ നേരിടാനായി കറകളഞ്ഞ സംഘപരിവാറുകാരന്‍ ശങ്കര്‍സിങ് വഗേലെയെ ഗുജറാത്ത് പിസിസിയുടെ അധ്യക്ഷനാക്കിയതും ഗുജറാത്ത് രാഷ്ട്രീയത്തില്‍നിന്ന് അഹമ്മദ്പട്ടേലിനെ പൂര്‍ണമായും അകറ്റിനിര്‍ത്തിയതുമെല്ലാം കോണ്‍ഗ്രസിന് എന്ത് നേട്ടമുണ്ടാക്കി? ഹിന്ദു വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ബിജെപി ഇതര പാര്‍ടികള്‍ക്ക് മാത്രമേ ശക്തമായ പ്രതിപക്ഷമാകാനാവൂ. പലതവണ തെളിയിക്കപ്പെട്ട ഈ യാഥാര്‍ഥ്യം കോണ്‍ഗ്രസ് ഗുജറാത്തില്‍ വിസ്മരിച്ചു. ഇടതുപക്ഷവും ടീസ്റ്റ സെതള്‍വാദിന്റെ നേതൃത്വത്തിലുള്ള പൗരാവകാശ പ്രവര്‍ത്തകരും ആര്‍ ബി ശ്രീകുമാര്‍ , സഞ്ജീവ് ഭട്ട് തുടങ്ങിയ ധീരരായ പൊലീസ് ഉദ്യോഗസ്ഥരും രാജുരാമചന്ദ്രനെപ്പോലുള്ള അഭിഭാഷകരുമെല്ലാമാണ് ഗുജറാത്തിലെ യഥാര്‍ഥ പ്രതിപക്ഷം. ഇവരെയെല്ലാം ഇല്ലായ്മചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോഴും ഗുജറാത്തില്‍ നടക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി ഭാവ്നഗര്‍ മണ്ഡലത്തില്‍ മൂന്നുദിവസം തങ്ങി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രസംഗിച്ചു. സ്വന്തം മണ്ഡലത്തില്‍ കാണിക്കുന്നതിനേക്കാള്‍ താല്‍പ്പര്യം മോഡി എന്തിന് ഭാവ്നഗറില്‍ കാണിക്കുന്നു? മാധ്യമ പ്രവര്‍ത്തകരുടെ ഈ ചോദ്യത്തിന് മോഡി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: "ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരന്‍ ഗുജറാത്ത് നിയമസഭയിലെത്തരുത്. ഇത്തവണ അരുണ്‍മേത്ത ജയിച്ചാല്‍ ഗുജറാത്തിന്റെ ചരിത്രത്തില്‍ കറുത്ത അധ്യായമാകും". സിപിഐ എം സംസ്ഥാനസെക്രട്ടറി അരുണ്‍മേത്തയായിരുന്നു ഭാവ്നഗറിലെ സിപിഐ എം സ്ഥാനാര്‍ഥി. ചിലയിടങ്ങളിലെ പ്രസംഗങ്ങള്‍ ഒഴിവാക്കി എല്‍ കെ അദ്വാനി ഭാവ്നഗറില്‍ പ്രചാരണത്തിനെത്തി. ഗുജറാത്തിലെ കോര്‍പറേറ്റുകള്‍ കോടികള്‍ ഒഴുക്കിയപ്പോള്‍ വംശഹത്യാസമയത്ത് ആദ്യത്തെ ദുരിതാശ്വാസക്യാമ്പിന് നേതൃത്വംനല്‍കിയ അരുണ്‍മേത്ത പരാജയപ്പെട്ടു.

ഒറ്റയാന്‍പട്ടാളമായിരുന്ന ആര്‍ ബി ശ്രീകുമാറിന് അപ്രഖ്യാപിത ഊരുവിലക്കായിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ശ്രീകുമാറിനു വേണ്ടി ഹാജരാകാന്‍ ഹൈക്കോടതിയിലെ അഭിഭാഷകര്‍ ആരും തയ്യാറായില്ല. അവസാനം മുംബൈ ഹൈക്കോടതിയില്‍നിന്ന് അഭിഭാഷകനെ ഇറക്കുമതിചെയ്യേണ്ടിവന്നു. ടീസ്റ്റസെതള്‍വാദിനെയും സഞ്ജീവ്ഭട്ടിനെയും കള്ളക്കേസുകളില്‍ കുടുക്കി. ഇരുവരെയും ജയിലിടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കാതെപോയത് സുപ്രീംകോടതിയുടെ അവസരോചിതമായ ഇടപെടലുകളെത്തുടര്‍ന്നാണ്.

ജസ്റ്റിസ് നാനാവതി കമീഷനും സുപ്രീംകോടതി നിയോഗിച്ച ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘവും മോഡിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നു. പക്ഷേ, പാപക്കറ തേച്ചുമാച്ചുകളയാനാകുന്നില്ല. അഴിക്കാന്‍ ശ്രമിക്കുന്തോറും മോഡിക്കുമേല്‍ കുരുക്ക് മുറുകുകയാണ്. ഭീകര സംഘടനകളുടെ ഒന്നാംനമ്പര്‍ ശത്രു നരേന്ദ്രമോഡിയാണെന്ന് സ്ഥാപിക്കുന്നതിനായിരുന്നു വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി സൊറാബുദീന്‍ ഷെയ്ക്കിനെയും പ്രാണേഷ്കുമാറിനെയുമെല്ലാം കൊലപ്പെടുത്തിയത്. പ്രാണേഷ്കുമാറിന്റെ കേരളബന്ധംവരെ അക്കാലത്ത് സംഘപരിവാര്‍ ചര്‍ച്ചാവിഷയമാക്കി. സൊറാബുദീന്‍ ഷെയ്ക്കും പ്രാണേഷ്കുമാറും നിരപരാധികളാണെന്ന് കാലം സാക്ഷ്യപ്പെടുത്തി.

നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ പരീക്ഷണശാലയില്‍ നടന്ന ഗവേഷണങ്ങളുടെ ഉപോല്‍പ്പന്നമാണ് കാവി ഭീകരത. സംഝോതാ എക്സ്പ്രസ്, മലെഗാവ്, അജ്മീര്‍ , മെക്കാമസ്ജിദ് സ്ഫോടനങ്ങള്‍ക്ക് പിറകില്‍ സംഘപരിവാര്‍ ഭീകരരാണെന്ന് തെളിഞ്ഞു. മൗലാന മസൂദ് അസ്ഹറിനോടൊപ്പം ശരാശരി ഭാരതീയന്‍ ഇന്ന് പ്രജ്ഞാസിങ് ടാക്കൂറിനെയും കാണുന്നു. "എല്ലാ മുസ്ലിങ്ങളും ഭീകരരല്ല, എന്നാല്‍ , എന്തുകൊണ്ടാണ് മുസ്ലിങ്ങള്‍മാത്രം ഭീകരരാവുന്നത്?" എന്ന് ചോദിച്ചിരുന്ന എല്‍ കെ അദ്വാനിക്ക് ഹിന്ദുത്വ ഭീകരതയ്ക്കുമുന്നില്‍ ഉത്തരംമുട്ടി. "ഭീകരവാദത്തിന് മതം ഇല്ല" എന്ന് ഗത്യന്തരമില്ലാതെ അദ്വാനി തിരുത്തി.

നരേന്ദ്രമോഡിക്കുമേല്‍ വംശഹത്യയുടെ കുരുക്ക് മുറുകിയിരുന്ന ഓരോ ഘട്ടത്തിലും രക്ഷകരായെത്തിയത് കോര്‍പറേറ്റുകളും കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങളുമാണ്. ഇരുവര്‍ക്കും മോഡി വികസനനായകനാണ്. സ്വത്തിനുവേണ്ടി തമ്മിലടിച്ചിരുന്ന അംബാനി സഹോദരന്മാര്‍ ഒരിക്കല്‍ ഒരുമിച്ച് പറഞ്ഞു; "മോഡിയായിരിക്കണം അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി." ഇന്ത്യയിലെ വ്യവസായ പ്രമുഖര്‍ക്കെല്ലാം ഈ വിഷയത്തില്‍ ഏകാഭിപ്രായമാണ്. കാരണം കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ അവരുടെപോലും പ്രതീക്ഷകള്‍ക്കപ്പുറത്ത് നിറവേറ്റുന്ന മുഖ്യമന്ത്രിയാണ് നരേന്ദ്രമോഡി. തുച്ഛമായ തുകയ്ക്ക് ഭൂമി ലഭിക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏറെക്കുറെ സൗജന്യനിരക്കില്‍ വെള്ളവും വൈദ്യുതിയും കിട്ടുന്നു. ദീര്‍ഘകാലം നികുതി നല്‍കേണ്ട. സര്‍ക്കാരിന് കൊടുക്കേണ്ടത് നക്കാപ്പിച്ചകാശ്. മുക്കിലും മൂലയിലും പ്രത്യേക സാമ്പത്തികമേഖലകള്‍ .

ഇതുകൊണ്ടെല്ലാം പാവപ്പെട്ടവര്‍ക്ക് എന്തുനേട്ടം?

ഇന്നും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ മിനിമം വേതനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. മാനുഷിക വികസനത്തിലും സംസ്ഥാനം ഏറെ പിറകിലാണ്. ലോകത്ത് ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ജീവിക്കുന്ന രാജ്യം ഇന്ത്യയാണ്. സംസ്ഥാനം ഗുജറാത്തും. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഈ സ്ഥാനലബ്ധിക്കുള്ള മൂലകാരണം ആഗോളവല്‍ക്കരണ നയങ്ങള്‍തന്നെ. കൃഷിയുടെ കാര്യമെടുക്കാം. കാര്‍ഷികോല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചെന്നതാണ് നരേന്ദ്രമോഡിയുടെ അവകാശവാദം. കര്‍ഷകന് എന്തുലഭിച്ചു? പോയവര്‍ഷത്തില്‍ ഒരുചാക്ക് (20 കിലോ) സവാളയ്ക്ക് കര്‍ഷകന് ലഭിച്ചിരുന്നത് 500 മുതല്‍ 600 രൂപവരെയായിരുന്നു. ഇത്തവണ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചു. പക്ഷേ, വില പത്തിലൊന്നായി കുറഞ്ഞു. രാജ്ഘോട്ട് ഉള്ളിമാര്‍ക്കറ്റില്‍ കഴിഞ്ഞമാസം ഒരുചാക്ക് ഉള്ളിക്ക് കര്‍ഷകന് ലഭിച്ചത് 50 രൂപ മുതല്‍ 60 വരെയാണ്. കര്‍ഷകര്‍ കൂട്ടത്തോടെ ഉള്ളിച്ചാക്കുകള്‍ റോഡിലെറിഞ്ഞ് ഇപ്പോള്‍ പ്രതിഷേധിക്കുകയാണ്.

നരേന്ദ്രമോഡിയിപ്പോള്‍ തികഞ്ഞ മതേതരവാദിയാകാനുള്ള ശ്രമത്തിലാണ്. ഗാന്ധിയന്‍ രീതിയിലുള്ള ഉപവാസങ്ങളും സര്‍വമത പ്രാര്‍ഥനകളും സംഘടിപ്പിക്കുന്നു. വംശവെറിപൂണ്ട മുസ്ലിംവിദ്വേഷ പ്രസംഗങ്ങള്‍ ഇല്ല. സാഹോദര്യത്തിന്റെ മുഴുവന്‍പേജ് സന്ദേശ പരസ്യങ്ങള്‍ നല്‍കുന്നു. ലക്ഷ്യം പ്രധാനമന്ത്രിക്കസേരയാണ്. മതേതരവാദിയെന്ന പ്രതിച്ഛായയില്ലാതെ ഇന്ത്യയില്‍ ഉന്നതസ്ഥാനങ്ങള്‍ അപ്രാപ്യമാണെന്ന യാഥാര്‍ഥ്യം വളരെ വൈകിയാണെങ്കിലും മോഡി തിരിച്ചറിയുന്നു. എ ബി വാജ്പേയിയും എല്‍ കെ അദ്വാനിയും തിരിച്ചറിഞ്ഞതുപോലെ.

*
കെ രാജേന്ദ്രന്‍ ദേശാഭിമാനി 27 ഫെബ്രുവരി 2012

അധികവായനയ്ക്കും ഓര്‍മ്മ പുതുക്കാനും

വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിച്ച പഴയ പോസ്റ്റുകള്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2002ലെ ഗുജറാത്ത് വംശഹത്യാസമയത്ത് തികച്ചും ശാന്തമായിരുന്ന ഒരു പ്രദേശമുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍ . ഗാന്ധിയുടെ നാടിനെ അടുത്തറിയുന്നതിനായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പോര്‍ബന്തറിലെത്തിയ ഈ ലേഖകന്‍ പക്ഷേ കണ്ടത് വ്യത്യസ്തമായ കാഴ്ചകളാണ്. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് നീട്ടിയ ലഡ്ജറിലെ കോളങ്ങള്‍ കണ്ട് ഞെട്ടി. പേര്, വയസ്സ്, എവിടെനിന്ന് വന്നു? എന്തിന് വന്നു? തുടങ്ങിയ തലക്കെട്ടോടെയുള്ള കോളങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി. "നിങ്ങളുടെ മതം എന്ത്?" ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്നു അഹമ്മദാബാദിലെ സബര്‍മതി ആശ്രമം. രാഷ്ട്രീയത്തോടൊപ്പം വിജ്ഞാനത്തിന്റെയും കേന്ദ്രമായിരുന്നു ഈ ആശ്രമം. സബര്‍മതി ആശ്രമത്തിലെ വായനശാലയിലേക്ക് പോകാം. ആഗതന്‍ ആദ്യം കാണുന്നവിധത്തില്‍ കണ്ണായസ്ഥാനത്ത് വച്ചിരിക്കുന്ന പുസ്തകങ്ങള്‍ എല്ലാം വംശവെറി പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ജിഹ്വകളാണ്. ഗാന്ധിയുടെ നാട്ടിലെ മാനവികതയ്ക്ക് 2002ലെ വംശഹത്യ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഇങ്ങനെയെല്ലാമാണ്.