Wednesday, February 8, 2012

കൂത്താളിസമരം; ത്യാഗോജ്ജ്വല പോരാട്ടത്തിന്റെ ചരിത്രം

1930-40 കാലഘട്ടം. മലബാറില്‍ വിശേഷിച്ച് വടക്കേ മലബാറില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം ഉദിച്ചുയരുന്ന കാലം. നാടുവാഴി ജന്മിത്തത്തിനും പട്ടിണിക്കും തൊഴിലില്ലായ്മക്കുമെതിരെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരെ, രാജ്യദ്രോഹികളെന്നും ക്വിറ്റിന്ത്യാ സമരവഞ്ചകരെന്നും മുദ്രകുത്താന്‍ കോണ്‍ഗ്രസ്സ് ക്യാമ്പില്‍ നടക്കുന്ന തീവ്രയത്‌നം ഫലം കണ്ടില്ല. നാടെങ്ങും 'ഇങ്ക്വിലാബ് സിന്ദാബാദ്' അലയൊലികളും മാനത്തുയരുന്ന ചെങ്കൊടികളുടെ രക്തശോഭയും. ജനസഞ്ചയം ചെങ്കൊടിക്ക് പിന്നാലെ ഒഴുകിയെത്തി. അത് ഉദയമായിരുന്നു. ഈ കാലഘട്ടത്തിന്റെ തുടക്കത്തിലാണ് കൂത്താളി ഭൂമി നേടിയെടുക്കാനുള്ള കൃഷിക്കാരുടെ ശബ്ദം ഉയരുന്നത്. പഴയ കുറുമ്പ്രനാട് (ഇന്നത്തെ വടകര, കൊയിലാണ്ടി) താലൂക്കിലെ പ്രമുഖ നാടുവാഴിയായിരുന്ന കൂത്താളി മൂപ്പില്‍ നായരുടെ വകയായിരുന്ന പതിനായിരക്കണക്കിനേക്കര്‍ വരുന്ന സ്വത്തായിരുന്നു കൂത്താളി എസ്റ്റേറ്റ്. മൂപ്പില്‍നായരില്‍ നിന്നും ദത്തവകാശ നിരോധന നിയമപ്രകാരം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്തെങ്കിലും കൃഷിക്കാര്‍ക്ക് നല്‍കാന്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ കര്‍ഷകരും കൃഷിക്കാരും നടത്തിയ പോരാട്ടമാണ് കൂത്താളി സമരമെന്ന വിഖ്യാത സമരം.

''കൂത്താളി നായര്‍ക്ക് അവകാശികളില്ലെങ്കില്‍ കൂത്താടി വന്ന ബ്രിട്ടീഷുകാര്‍ക്കോ അതോ കൂത്താളി നാടിന്റെ മക്കള്‍ക്കോ'' എന്നായിരുന്നു കര്‍ഷകരുടെ ചോദ്യം. കാതുകളില്‍ നിന്ന് കാതുകളിലേക്ക് തൊടുത്തുവിട്ട ഈ ചോദ്യശരങ്ങളില്‍ നിന്നും രൂപം കൊണ്ടത് വലിയൊരു കര്‍ഷക പ്രസ്ഥാനമാണ്.

സമരചരിത്രത്തില്‍ നാഴികകല്ലായ കൂത്താളി

'ഞങ്ങള്‍ ചത്താലും ചെത്തും, കൂത്താളി ഭൂമിയില്‍ വിത്തിറക്കും'എന്ന ദൃഢപ്രതിജ്ഞയോടെ 1946 ലാണ് കൂത്താളി സമരത്തിന്റെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നത്. ഇന്നത്തെ പെരുവണ്ണാമൂഴി അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിലായി വ്യാപിച്ചു കിടന്ന കാടുപിടിച്ച ഈ ഭൂമിയില്‍ അക്കാലം വരെ പ്രവേശിച്ചിരുന്നത് ആദിവാസികള്‍ മാത്രമായിരുന്നു. അവര്‍, കാട്ടുചെടികളും, ഈറ്റയുമൊക്കെ രഹസ്യമായി ശേഖരിച്ചു. ഏകദേശം ഇരുപത്തിയ്യായിരം ഏക്കര്‍ വരുന്ന ഇവിടെ സര്‍ക്കാര്‍ റിസര്‍വ് വനമാക്കി മാറ്റിയതൊഴിച്ചാല്‍ ബാക്കി മുഴുവന്‍ കൃഷിയോഗ്യമായിരുന്നു. നാനാഴി വിത്തിട്ടാല്‍ നാനൂറ് മേനി വിളയുന്ന ഈ ഭൂമി അന്യാധീനപ്പെട്ടുകിടക്കുമ്പോള്‍ പരിസരപ്രദേശങ്ങളില്‍ ബ്രിട്ടീഷ് പൊലിസിന്റെ കിരാത മര്‍ദ്ദനം സഹിച്ച് ജന്മി നാടുവാഴികളുടെ അടിമകളായി വലിയൊരു വിഭാഗമുണ്ടായിരുന്നു. മൂപ്പില്‍നായരുടെ അനുവാദത്തോടെ തന്നെ ഭൂമി ലഭിച്ച കുടിയാന്മാര്‍ ഉണ്ടായിരുന്നെങ്കിലും ഇവരെയും കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. കുടിയാന്മാരെ ഭരിക്കാന്‍ ഡപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ഒരോഫീസും പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, നാട്ടിലെ പ്രമാണിമാര്‍ക്ക് ഭൂമി കയ്യേറാനും കാട്ടുമരങ്ങള്‍ കൊള്ളയടിക്കാനും ഈ ഉദ്യോഗസ്ഥ വൃന്ദം സഹായവും ചെയ്തിരുന്നു. ഇതൊക്കെയാണ് സമരഭടന്മാരെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചത്.

1947 ഫെബ്രുവരി 21 ന് പാതിരാത്രിയില്‍ പേരാമ്പ്രക്കടുത്ത മുയിപ്പോത്ത് നിന്നും പുറപ്പെട്ട സമരസഖാക്കള്‍ കൂത്താളി എസ്റ്റേറ്റിലെത്തി അഞ്ചേക്കര്‍ വരുന്ന കാടുചെത്തി കൊടി നാട്ടുകയായിരുന്നു. പിറ്റേദിവസം ആവേശഭരിതരായ സമരഭടന്മാര്‍ ബ്രിട്ടീഷ് പൊലിസിന്റെ നിരോധനാജ്ഞ ലംഘിച്ച് പേരാമ്പ്രടൗണില്‍ പ്രകടനം നടത്തുകയും ചെയ്തു. ഈ പ്രക്ഷോഭത്തെ ചൊല്ലിയുണ്ടായ ഭരണകൂടത്തിന്റെ മര്‍ദ്ദനമുറകള്‍ 1950 വരെ നീണ്ടുനിന്നു. ബ്രിട്ടീഷ് പൊലിസും നാടുവാഴികളുടെ ഗുണ്ടകളും രാപ്പകല്‍ വ്യത്യാസമില്ലാതെ വീടുകള്‍തോറും കയറിയിറങ്ങി. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വന്ദ്യവയോധികര്‍ വരെ ഇവരുടെ സംഹാരതാണ്ഡവത്തിനിരയായി. മര്‍ദ്ദകരുടെ കണ്ണില്‍ ജീവനുള്ളതും ഇല്ലാത്തതുമെല്ലാം കമ്മ്യൂണിസ്റ്റുകാരായിരുന്നു. സ്ത്രീകളുടെ ഉടുപുടവകള്‍ വരെ ചെങ്കൊടിയായി കണ്ട് അവര്‍ പിച്ചിചീന്തി. നൂറില്‍പരം സഖാക്കളെ ഇക്കാലത്ത് നരാധമര്‍ കോടതികയറ്റി. കണ്ണൂരിലേയും കോഴിക്കോട്ടേയും ജയിലുകളില്‍ പലരും കടുത്ത ശിക്ഷകളേറ്റു വാങ്ങി.

കമ്മ്യൂണിസ്റ്റ്പാര്‍ട്ടി നിയമവിരുദ്ധമായി പ്രഖ്യാപിച്ച കാലമായിരുന്നു അത്. കൂത്താളി എസ്റ്റേറ്റ് രണ്ടുഘട്ടങ്ങളിലായി പിടിച്ചെടുക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. പാര്‍ട്ടിയുടെ നീക്കം മണത്തറിഞ്ഞ രഹസ്യപൊലിസുകാര്‍ എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലും ഗുണ്ടകളുടെ സഹായങ്ങളോടെ താവളങ്ങള്‍ തീര്‍ത്തു. ഈ സന്ദര്‍ഭത്തില്‍ അഖിലേന്ത്യാ കര്‍ഷകസംഘത്തിന്റെ പ്രസിഡന്റായിരുന്ന എ കെ ജി , നേതാക്കളായ കെ എ കേരളീയന്‍, ഏ വി കുഞ്ഞമ്പു, സി എച്ച് കണാരന്‍ തുടങ്ങിയവര്‍ പേരാമ്പ്രയിലെത്തി സമരത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ സ്വരുക്കൂട്ടി. ഒന്നാംഘട്ട സമരപ്രവര്‍ത്തനങ്ങള്‍ക്ക് സഖാക്കള്‍ എം കുമാരന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് രാമക്കുറുപ്പ്, ടി സി ചാത്തു എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ചു. പൊലിസിന്റെ രഹസ്യനീക്കങ്ങളെ മറികടന്നാണ് എസ്റ്റേറ്റ് പിടിച്ചെടുക്കാന്‍ ഈ കമ്മറ്റിയുടെ നേതൃത്വത്തില്‍ അമ്പതോളം സഖാക്കളെ പരിശീലിപ്പിച്ചെടുത്തത്.
സഖാക്കള്‍ സി കെ അബ്ദുള്ള, കെ പി കുഞ്ഞനന്തന്‍ നായര്‍, പുത്തൂപ്പട്ട കുഞ്ഞിക്കണ്ണന്‍ നായര്‍, കെ സി കണ്ണന്‍, കുട്ടിപ്പറമ്പില്‍ ഗോപാലന്‍, മുരിഞ്ഞോളി രാമോട്ടി, മുയിപ്പോത്ത് അപ്പുക്കുട്ടി, ഗോപാലന്‍ നായര്‍, കൂരന്‍ തറമ്മല്‍പാച്ചര്‍, നരിയാംപുറത്ത് താഴെകുനി കുഞ്ഞിരാമന്‍, നാഗത്ത് ചാത്തുക്കുട്ടി നായര്‍, ഏരത്ത്കണ്ടി കുഞ്ഞിക്കണ്ണന്‍, മാക്കൂല്‍ കുഞ്ഞിരാമന്‍ നായര്‍, പോവതികണ്ടി കോരന്‍, മുയിപ്പോത്ത് ഉണ്ണിക്കുട്ടി, കരുവത്ത് ചെക്കോട്ടി എന്നിവരായിരുന്നു എസ്റ്റേറ്റ് പിടിച്ചെടുക്കാന്‍ പുറപ്പെട്ട ജാഥയുടെ പ്രധാന നേതാക്കള്‍.

ഹസ്സന്‍കുട്ടി എന്ന തോണിക്കാരന്‍ നയിച്ച കടത്തുവഞ്ചിയില്‍ ചാനിയം കടവ് പുഴയോരത്തുനിന്നും സംഘം എസ്റ്റേറ്റിലേക്ക് യാത്രയായി. പിറ്റേന്ന് പുലര്‍ച്ചെ നാലരമണിക്ക് കൂവപ്പൊഴി കടത്തിലെത്തിയ സമരക്കാര്‍ ആറുമണിക്കു മുമ്പുതന്നെ അതിസാഹസികമായി അഞ്ചേക്കറോളം എസ്റ്റേറ്റ് ചെത്തി നിരപ്പാക്കി. ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ അടയാളമായി ആകാശം മുട്ടി നില്‍ക്കുന്ന തേക്കുമരത്തിന്റെ ഉച്ചിയില്‍ ചെങ്കൊടി നാട്ടി. പിറ്റേന്ന്, മരത്തില്‍ കയറാനാവാതെ വെറിപിടിച്ചുനിന്ന പൊലിസുകാര്‍ വെടിയുണ്ടകള്‍ പൊഴിച്ച് ചീളുകളാക്കിയാണ് ഈ ചെങ്കൊടി നശിപ്പിച്ചത്.

വടക്കേ മലബാറിലെ കര്‍ഷകപ്രസ്ഥാനങ്ങളുടെ സമരചരിത്രത്തില്‍ നാഴികക്കല്ലായ കൂത്താളി സമരത്തിന്റെ ചരിത്രമാണിത്. ത്യാഗോജ്ജ്വലവും ആവേശകരവും ഐതിഹാസികവുമായ പോരാട്ടത്തിന്റെ ചരിത്രം.

കല്‍പ്പത്തൂരിലെ കര്‍ഷകസമരത്തിന്റേയും കൂത്താളി സമരത്തിന്റേയും മുന്നണിപ്പോരാളികളിലൊരാളായിരുന്ന സഖാവ് കെ ചോയി എന്നും ഒളിമങ്ങാത്ത ഓര്‍മ്മയാണ്.
1950 മെയ് 19 ന് അര്‍ദ്ധരാത്രിയാണ് സഖാവ് ചോയിയെ മേപ്പയ്യൂരിനടുത്ത ചങ്ങാത്തപ്പള്ളിയില്‍ പൊലിസും മാമച്ചിമാരുടെ ഗുണ്ടകളും ചേര്‍ന്ന് അരും കൊലചെയ്തത്. അടിച്ചുവീഴ്ത്തി തല്ലിക്കൊന്നതിനുശേഷം അദ്ദേഹത്തിന്റെ ജഡത്തില്‍ പൊലിസ് വെടിവെക്കുകയായിരുന്നു എന്ന് പഴയ സഖാക്കള്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു. സഖാവ് എം കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സമരസംഘത്തിലെ മുന്നണിപ്പോരാളിയായിരുന്നു സഖാവ്. കൂത്താളി ഭൂമി ചെത്തിയതിനു ശേഷം വിറളിപിടിച്ച ഭരണകൂടത്തിന്റെ കിരാതമര്‍ദ്ദന മുറകളുടെ രക്തസാക്ഷിയായിരുന്നു കെ ചോയി.

ഒരു ദശാബ്ധക്കാലം നീണ്ടുനിന്ന കൂത്താളി സമരത്തിന്റെ നായകന്‍ എം കുമാരന്‍ മാസ്റ്ററായിരുന്നു. 1941 ല്‍ സമരത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി അദ്ദേഹം ഈ പ്രദേശം നടന്നുകണ്ടു. പിന്നീടാണ് കര്‍ഷക പ്രസ്ഥാനത്തെ രൂപപ്പെടുത്തി സമരതന്ത്രങ്ങളാവിഷ്‌കരിക്കുന്നത്. 1946 ല്‍ കൂത്താളി ഭൂമി പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് അന്നത്തെ മദ്രാസ് മുഖ്യമന്ത്രി ആര്‍ പ്രകാശത്തെ വടകരയില്‍ തടഞ്ഞുവച്ച കേസിലെ ഒന്നാം പ്രതിയായ കുമാരന്‍മാസ്റ്റര്‍ പിന്നീടുള്ള അഞ്ചുവര്‍ഷക്കാലം ഒളിവിലായിരുന്നു. ഒളിവിലിരുന്നാണ് അദ്ദേഹം ഈ ധീരവിപ്ലവത്തിന് നേതൃത്വം നല്‍കിയത്.

*
കെ കെ സന്തോഷ്‌കുമാര്‍ ജനയുഗം 07 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1930-40 കാലഘട്ടം. മലബാറില്‍ വിശേഷിച്ച് വടക്കേ മലബാറില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം ഉദിച്ചുയരുന്ന കാലം. നാടുവാഴി ജന്മിത്തത്തിനും പട്ടിണിക്കും തൊഴിലില്ലായ്മക്കുമെതിരെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരെ, രാജ്യദ്രോഹികളെന്നും ക്വിറ്റിന്ത്യാ സമരവഞ്ചകരെന്നും മുദ്രകുത്താന്‍ കോണ്‍ഗ്രസ്സ് ക്യാമ്പില്‍ നടക്കുന്ന തീവ്രയത്‌നം ഫലം കണ്ടില്ല. നാടെങ്ങും 'ഇങ്ക്വിലാബ് സിന്ദാബാദ്' അലയൊലികളും മാനത്തുയരുന്ന ചെങ്കൊടികളുടെ രക്തശോഭയും. ജനസഞ്ചയം ചെങ്കൊടിക്ക് പിന്നാലെ ഒഴുകിയെത്തി. അത് ഉദയമായിരുന്നു. ഈ കാലഘട്ടത്തിന്റെ തുടക്കത്തിലാണ് കൂത്താളി ഭൂമി നേടിയെടുക്കാനുള്ള കൃഷിക്കാരുടെ ശബ്ദം ഉയരുന്നത്. പഴയ കുറുമ്പ്രനാട് (ഇന്നത്തെ വടകര, കൊയിലാണ്ടി) താലൂക്കിലെ പ്രമുഖ നാടുവാഴിയായിരുന്ന കൂത്താളി മൂപ്പില്‍ നായരുടെ വകയായിരുന്ന പതിനായിരക്കണക്കിനേക്കര്‍ വരുന്ന സ്വത്തായിരുന്നു കൂത്താളി എസ്റ്റേറ്റ്. മൂപ്പില്‍നായരില്‍ നിന്നും ദത്തവകാശ നിരോധന നിയമപ്രകാരം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്തെങ്കിലും കൃഷിക്കാര്‍ക്ക് നല്‍കാന്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ കര്‍ഷകരും കൃഷിക്കാരും നടത്തിയ പോരാട്ടമാണ് കൂത്താളി സമരമെന്ന വിഖ്യാത സമരം.