Monday, February 6, 2012

ചരിത്രത്തെ നിഷേധിക്കരുത്

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചരിത്രപ്രദര്‍ശനത്തില്‍ വച്ച ഒരു പോസ്ററിനെക്കുറിച്ച് വിവാദമുയര്‍ത്തി, കമ്യൂണിസ്റുകാരും ക്രൈസ്തവ സമൂഹവും ശത്രുപക്ഷങ്ങളിലാണെന്ന് വരുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമത്തിന്റെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിയാന്‍ പ്രയാസമില്ല. ആ ശ്രമം വേണ്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതിരുന്നപ്പോഴാണ്, നാളുകള്‍ക്കുമുമ്പ് ഒരു കവലയില്‍ പ്രത്യക്ഷപ്പെടുകയും നിമിഷങ്ങള്‍ക്കകം എടുത്തുമാറ്റുകയുംചെയ്ത ഒരു ബോര്‍ഡ് വിവാദവിഷയമാക്കിയത്്. വസ്തുതകള്‍ വ്യക്തമാക്കപ്പെട്ടതോടെ ആ വിവാദവും കെട്ടടങ്ങിയിരിക്കുന്നു. എന്നാല്‍, ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് വലതുപക്ഷവും ഏതാനും വലതുപക്ഷ മാധ്യമങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന ചര്‍ച്ചകള്‍ മതത്തെ സംബന്ധിച്ച മാര്‍ക്സിസ്റ് സമീപനത്തെ വികലമായി ചിത്രീകരിക്കുന്നതാണ്.

യേശുക്രിസ്തുവും ക്രിസ്തുമതവും ലോകചരിത്രത്തിന്റെ അഭേദ്യമായ ഭാഗമാണ്. മാനവരാശിയുടെ പുരോഗതിക്കുവേണ്ടി ജീവന്‍ ബലി നല്‍കിയവരുടെ ചരിത്രം ഒരു പ്രദര്‍ശനത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ യേശുവിന്റെ പേര് സ്വാഭാവികമായും കടന്നുവരുന്നു. എംഗല്‍സ് ആദ്യകാല ക്രിസ്തുമത ചരിത്രത്തെപ്പറ്റി എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: "ആദ്യകാല ക്രിസ്തുമത ചരിത്രത്തിന് ആധുനിക തൊഴിലാളിവര്‍ഗ പ്രസ്ഥാനവുമായി പല സംഗതികളിലും ശ്രദ്ധേയമായ സാദൃശ്യമുണ്ട്. ഈ പ്രസ്ഥാനംപോലെ ക്രിസ്തുമതവും മര്‍ദിതജനങ്ങളുടെ ഒരു പ്രസ്ഥാനമായിരുന്നു. അടിമകളുടെയും സ്വതന്ത്രരാക്കപ്പെട്ടവരുടെയും മതമെന്ന നിലയ്ക്കാണ്, എല്ലാവിധ അവകാശങ്ങളും നിഷേധിക്കപ്പെട്ട പാവപ്പെട്ടവരുടെ മതമെന്ന നിലയ്ക്കാണ്, റോമിന്റെ ചവിട്ടടിക്കീഴില്‍ ആക്കപ്പെട്ടതോ റോമിനാല്‍ ഛിന്നഭിന്നമാക്കപ്പെട്ടതോ ആയ ജനതയുടെ മതമെന്ന നിലയ്ക്കാണ് അത് ആദ്യം രംഗപ്രവേശനംചെയ്തത്. ബന്ധനത്തില്‍ നിന്നും കഷ്ടപ്പാടുകളില്‍നിന്നുമുള്ള മോക്ഷമാണ് ക്രിസ്തുമതത്തെപ്പോലെ തൊഴിലാളിസോഷ്യലിസവും വാഗ്ദാനംചെയ്യുന്നത്.'' മരണാനന്തരലോകത്തെ സമത്വസുന്ദരമായ സമൂഹത്തെക്കുറിച്ചാണ് ക്രിസ്തുമതം വിഭാവനംചെയ്തതെങ്കില്‍ അത് ഈ ലോകത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നതാണ് കമ്യൂണിസ്റുകാര്‍ ആലോചിക്കുന്നത്. സമത്വം ഈ ലോകത്ത് സാധ്യമാക്കുന്നതിന് കമ്യൂണിസ്റുകാരുമായി ഐക്യപ്പെടാന്‍ മതവിശ്വാസികള്‍ക്ക് കഴിയുമെന്നര്‍ഥം.

ചരിത്രത്തെ ശാസ്ത്രീയമായി കാണുന്ന ഈ സമീപനംതന്നെയാണ് മറ്റെല്ലാ മതങ്ങളോടും മാര്‍ക്സിസം സ്വീകരിക്കുന്നത്. റോമാ സാമ്രാജ്യത്വത്തിന്റെ ജീര്‍ണകാലഘട്ടത്തിലെ ബഹുജന കലാപങ്ങളിലാണ് ക്രിസ്തുമതത്തിന്റെ ഉത്ഭവമെന്ന് മാര്‍ക്സും എംഗല്‍സും ദര്‍ശിച്ചിട്ടുണ്ട്. ഇസ്ളാംമതത്തിന്റെ ആവിര്‍ഭാവം പരാമര്‍ശിക്കവെ ബദൂയിനുകളും പട്ടണവാസികളും തമ്മിലുള്ള ആഭ്യന്തര സമരങ്ങളിലേക്ക് മാര്‍ക്സും എംഗല്‍സും ശ്രദ്ധക്ഷണിക്കുകയുണ്ടായി. അറേബ്യന്‍ ഉപദ്വീപിനെ അബിസീനിയക്കാരില്‍നിന്ന് മോചിപ്പിക്കുന്നതിനും ചിരകാലമായി മറഞ്ഞുപോയ വ്യാപാരമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള അറബി ദേശീയബോധത്തിന്റെ ഉണര്‍വായിരുന്നു അതെന്നും കണ്ടെത്തുന്നുണ്ട്. ബുദ്ധമതവും ജൈനമതവും ബ്രാഹ്മണമേധാവിത്വത്തിനെതിരെ രൂപപ്പെട്ടുവന്ന എതിര്‍പ്പിന്റെ മുഖമാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് മാര്‍ക്സിസ്റ് നിരീക്ഷണം.

മനുഷ്യന്റെ ദുഃഖത്തിന്റെ പ്രതിഫലനവും അതിനോടുള്ള പ്രതിഷേധവുമായി മതത്തെ കാണുകയാണ് മാര്‍ക്സ് ചെയ്തത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരങ്ങളാണ് മതം പ്രതിഫലിപ്പിക്കുന്നത് എന്ന് മാര്‍ക്സ് വ്യക്തമാക്കുന്നു. മാത്രമല്ല, മനുഷ്യത്വരഹിതമായ ലോകത്ത് മനുഷ്യത്വമാണ് മതദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അംഗീകരിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായില്ല. ഇത്തരത്തിലുള്ള ഗുണഗണങ്ങള്‍ വിശദീകരിക്കുമ്പോഴും യഥാര്‍ഥ പ്രശ്നങ്ങളെ ശാസ്ത്രീയമായി പരിഹരിക്കുന്നതിനുള്ള ശേഷി ഈ കാഴ്ചപ്പാടുകളില്‍ നിലനില്‍ക്കുന്നില്ലെന്നും വ്യക്തമാക്കാനാണ് കറുപ്പെന്ന പ്രയോഗം നടത്തിയത്. വേദനസംഹാരികള്‍കൊണ്ട് വേദന തല്‍ക്കാലം ശമിക്കും. എന്നാല്‍, രോഗം മാറ്റാന്‍ അതുകൊണ്ട് സാധ്യമല്ല. മനുഷ്യന്റെ പ്രയാസങ്ങളെ പ്രതിഫലിപ്പിക്കുകയും എന്നാല്‍, അതിന് പരിഹാരം കാണാനുള്ള പ്രായോഗിക പദ്ധതി ഇല്ലെന്നുമുള്ള കാഴ്ചപ്പാടാണ് ഇതില്‍ വിശദീകരിച്ചിരിക്കുന്നത്.

മതത്തിന്റെ പേരുപറഞ്ഞ് അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന വിധത്തില്‍ ഇടപെടുന്നതിനെ അതിശക്തമായി മാര്‍ക്സും എംഗല്‍സും എതിര്‍ത്തിട്ടുണ്ട്. അത് മതത്തോടുള്ള വിദ്വേഷത്തിന്റെ പശ്ചാത്തലത്തിലല്ല ഉണ്ടായത്. മതവിരുദ്ധരെന്ന് മുദ്രകുത്തി കമ്യൂണിസ്റുകാര്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിച്ച ചില പുരോഹിതന്മാരുടെ നിലപാടിനെയാണ് എതിര്‍ത്തത്. ഈ വസ്തുത കമ്യൂണിസ്റ് മാനിഫെസ്റോയില്‍ വ്യക്തമാക്കുന്നുണ്ട്. കമ്യൂണിസ്റ് ആശയങ്ങള്‍ രൂപപ്പെട്ടുവരുന്ന കാലത്ത് അതിനെ എപ്രകാരമാണ് ചില പുരോഹിതന്മാര്‍ കൈകാര്യംചെയ്തത് എന്നതിന്റെ സൂചനകള്‍ കൂടിയാണിത്.

മാനിഫെസ്റോയില്‍ മാര്‍ക്സും എംഗല്‍സും ഇങ്ങനെ പറയുന്നു: "മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്‍ഥമായ വീരശൂരപരാക്രമങ്ങളുടെയും ഫിലിസ്റൈനുകളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അത് സ്വാര്‍ഥതാപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി''. മുതലാളിത്തം മതത്തെ സ്വാര്‍ഥതയ്ക്കും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും കീഴ്പ്പെടുത്തുന്നതിനെതിരെയുള്ള വിമര്‍ശമാണ് ഇതിലൂടെ മാനിഫെസ്റോയില്‍ ഉന്നയിച്ചത്. മതത്തെ ഇത്തരത്തില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെ തീവ്രമായ ഭാഷയില്‍ എക്കാലത്തും മാര്‍ക്സും എംഗല്‍സും എതിര്‍ത്തിട്ടുണ്ട്.

മതത്തെ സ്ഥാപിത താല്‍പ്പര്യത്തിനും വലതുപക്ഷ രാഷ്ട്രീയ അജന്‍ഡയ്ക്കും വേണ്ടി ഉപയോഗിക്കുന്നത് ഇന്നത്തെ കാലത്ത് സജീവമാണ്. ലോകത്തിന്റെ പലഭാഗത്തും നടന്ന ഈ പദ്ധതി വിമോചനസമരകാലത്ത് കേരളത്തില്‍ നാം കണ്ടതാണ്. 1957 ലെ വിമോചനസമരത്തില്‍ മതത്തെ അപകടപ്പെടുത്തുന്നു എന്നു പറഞ്ഞാണ് രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി പള്ളി ഇറങ്ങിപ്പുറപ്പെട്ടത്. ഇപ്പോള്‍ വലതുപക്ഷ രാഷ്ട്രീയശക്തികളുടെ കാഴ്ചപ്പാടുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ മതത്തിന്റെ പേര് പറഞ്ഞ് ചില മത സംഘടനകളും മാധ്യമങ്ങളും മറ്റും ഇറങ്ങിപ്പുറപ്പെട്ടതും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും മേല്‍വിവരിച്ച നിരീക്ഷണങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട് എന്ന് വ്യക്തമാക്കുന്നു. മതത്തിന്റെ പേരുപറഞ്ഞ് വലതുപക്ഷ രാഷ്ട്രീയത്തെ സഹായിക്കാനും കമ്യൂണിസ്റുകാരെ എതിര്‍ക്കാനുമുള്ള നയപരിപാടിയെ കമ്യൂണിസ്റുകാര്‍ എന്നും പ്രതിരോധിച്ചിട്ടുണ്ട്. ഇത് മതവിരോധമല്ല. മറിച്ച് അതിന്റെ തെറ്റായ രീതിയിലുള്ള ഉപയോഗത്തിനെതിരെയുള്ള ഇടപെടലാണ്.

മതവിശ്വാസത്തെ അംഗീകരിച്ചും ബഹുമാനിച്ചും അത് നിലനില്‍ക്കുന്നതിന്റെ വസ്തുതകളെ ശരിയായ രീതിയില്‍ വിശകലനം ചെയ്തുകൊണ്ടുമാണ് മാര്‍ക്സിസ്റുകാര്‍ മുന്നോട്ടുപോകുന്നത്. ഒപ്പം അതിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അന്ധവിശ്വാസത്തെയും അനാചാരത്തെയും എതിര്‍ക്കുന്നതിനും പാര്‍ടി പരിശ്രമിക്കുന്നു.

മാര്‍ക്സിസം വര്‍ഗസമരത്തിനെ അടിസ്ഥാനപ്പെടുത്തി നിലകൊള്ളുന്ന ആശയഗതിയാണ്. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സമരമല്ല മാര്‍ക്സിസത്തിന്റെ ലക്ഷ്യം. മറിച്ച് വിശ്വാസിയും അവിശ്വാസിയുമെല്ലാം അടങ്ങുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തെയാകെ സംഘടിപ്പിച്ച് ആധിപത്യശക്തികള്‍ക്കെതിരായുള്ള പോരാട്ടമാണ് അതിന്റെ ഉന്നം. അതുകൊണ്ടുതന്നെ സിപിഐ എം ഒരു മതവിരുദ്ധ പ്രസ്ഥാനമല്ല.

മതവിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിനും അധികാര താല്‍പ്പര്യത്തിനും വേണ്ടി ഉപയോഗിക്കപ്പെടുമ്പോഴാണ് അത് വര്‍ഗീയവാദമായിത്തീരുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന് സഹായകമായ വിധത്തില്‍ ഭരണാധികാരത്തെ നിരന്തരമായി ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചു. പിന്നീട് ഹിന്ദു-മുസ്ളിം വേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ സമ്മതിദായകരെ വേര്‍തിരിച്ചത്, ബംഗാള്‍ വിഭജനം, അന്നത്തെ മുസ്ളിംലീഗിന് അവര്‍ നല്‍കിയ പരിരക്ഷയും ഹിന്ദുവര്‍ഗീയ സംഘടനകളുമുണ്ടാക്കിയ ഐക്യവും-ഇതെല്ലാം മതത്തെ സാമ്രാജ്യത്വ താല്‍പ്പര്യത്തിന് അനുകൂലമായി മാറ്റിയതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ മതത്തെ ആധിപത്യത്തിനുള്ള ഉപാധിയാക്കിത്തീര്‍ക്കുന്ന പ്രവണതയെ എല്ലാ കാലത്തും പാര്‍ടി എതിര്‍ത്തിട്ടുണ്ട്; എതിര്‍ക്കുകയുംചെയ്യും.

കേരളത്തിലും സമാനമായ ചിത്രങ്ങള്‍ കാണാം. വിമോചനസമരകാലത്ത് മതത്തെ രാഷ്ട്രീയ ലാഭത്തിനായി നഗ്നമായി ഉപയോഗിച്ചു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയശക്തിയായ കമ്യൂണിസ്റ് പാര്‍ടിക്ക് ഇത്തരം പ്രവണതകളുമായി നിരന്തരം ഏറ്റുമുട്ടേണ്ടിവന്നു. കേരളത്തിലാകമാനം ഉയര്‍ന്നുവന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയുമെല്ലാം സമരത്തിന് നടുനായകത്വം വഹിച്ച് പാര്‍ടി നിലകൊണ്ടു. ഇതിലൂടെ മതേതരമായ ഒരു സംസ്കാരം കേരളത്തില്‍ രൂപപ്പെട്ടു. 1957 ല്‍ കേരള നിയമസഭയിലേക്ക് നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ ജനഹിതത്തിലൂടെ ലഭിച്ച അധികാരമുപയോഗിച്ച് അടിസ്ഥാന ജനവിഭാഗത്തിന് ഗുണപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ പാര്‍ടി പ്രയത്നിച്ചു. ജന്മിത്വം അവസാനിപ്പിക്കാനുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കി. ഇത് പ്രമാണിമാര്‍ക്ക് കനത്ത തിരിച്ചടിയായി. കമ്യൂണിസ്റ് പാര്‍ടിയെ തോല്‍പ്പിക്കണമെങ്കില്‍ ജാതി-മത സംഘടനകളെ ആകമാനം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അണിനിരത്തണം എന്ന പാഠമാണ് കോണ്‍ഗ്രസിലെയും ജാതി-മത വര്‍ഗീയ സംഘടനകളിലെയും പ്രമാണിമാര്‍ ഇതില്‍നിന്ന് പഠിച്ചത്. അതിന്റെ ഭാഗമായാണ് 1959ല്‍ കമ്യൂണിസ്റ് വിരുദ്ധമുന്നണി രൂപപ്പെട്ടതും വിമോചന സമരം അരങ്ങേറിയതും. അന്ന് രൂപപ്പെട്ട ഈ മുന്നണിയാണ് ഇന്നത്തെ യുഡിഎഫ് ആയി തുടരുന്നത്. ആ യുഡിഎഫാണ് ഇപ്പോഴും യുക്തിരഹിതമായ പ്രശ്നങ്ങള്‍പോലും ഉയര്‍ത്തി കമ്യൂണിസ്റ് പാര്‍ടിക്കെതിരെ രംഗത്തുവരുന്നത്. സമീപനാളുകളില്‍ പാര്‍ടിക്കെതിരെ നടത്താന്‍ ശ്രമിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലവും ലക്ഷ്യവും ഇതില്‍നിന്നൊക്കെ നിസ്സംശയം വ്യക്തമാകുന്നുണ്ട്. ക്രിസ്തുവിനെ അവഹേളിക്കുന്നവരല്ല മാര്‍ക്സിസ്റുകാര്‍ എന്നതിന് ഈ ചരിത്രംതന്നെയാണ് സാക്ഷി. മറിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ചരിത്രനിഷേധികളാണ്.

*
പിണറായി വിജയന്‍ 07 ഫെബ്രുവരി 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചരിത്രപ്രദര്‍ശനത്തില്‍ വച്ച ഒരു പോസ്ററിനെക്കുറിച്ച് വിവാദമുയര്‍ത്തി, കമ്യൂണിസ്റുകാരും ക്രൈസ്തവ സമൂഹവും ശത്രുപക്ഷങ്ങളിലാണെന്ന് വരുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമത്തിന്റെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിയാന്‍ പ്രയാസമില്ല. ആ ശ്രമം വേണ്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതിരുന്നപ്പോഴാണ്, നാളുകള്‍ക്കുമുമ്പ് ഒരു കവലയില്‍ പ്രത്യക്ഷപ്പെടുകയും നിമിഷങ്ങള്‍ക്കകം എടുത്തുമാറ്റുകയുംചെയ്ത ഒരു ബോര്‍ഡ് വിവാദവിഷയമാക്കിയത്്. വസ്തുതകള്‍ വ്യക്തമാക്കപ്പെട്ടതോടെ ആ വിവാദവും കെട്ടടങ്ങിയിരിക്കുന്നു. എന്നാല്‍, ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് വലതുപക്ഷവും ഏതാനും വലതുപക്ഷ മാധ്യമങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന ചര്‍ച്ചകള്‍ മതത്തെ സംബന്ധിച്ച മാര്‍ക്സിസ്റ് സമീപനത്തെ വികലമായി ചിത്രീകരിക്കുന്നതാണ്.

മലമൂട്ടില്‍ മത്തായി said...

Never mind the fact that Marx said the truth - "Religion is the opiate of the masses", the out of power reds are punch drunk on getting back to power. In earlier elections it was the muslims who suddenly became the stars, now it is the turn of the Christians. All this in the hope of a few Christian votes in the upcoming Piravam by election.

If in any case Jesus is indeed communist, then why leave the way of the Cross and join the way of Marx?