Friday, February 17, 2012

ഒഞ്ചിയം: കല്‍ത്തുറുങ്കിലെ കിടിലം

ധീരതയുടെയും പോരാട്ടവീറിന്റെയും മറുപേരാണ് ഒഞ്ചിയം. ചോരകൊണ്ട് ചരിത്രമെഴുതിയ രക്തസാക്ഷികളുടെ ഗ്രാമം. 64 വര്‍ഷംമുമ്പ് തീതുപ്പിയ തോക്കിനുമുമ്പില്‍ പതറാതെ നാടിനുവേണ്ടി ചോരചിന്തിയ ധീരന്മാരുടെ മണ്ണ്. മരിച്ചുവീണ ഓരോ രക്താണുവില്‍നിന്നും പതിനായിരക്കണക്കിന് ധീരന്മാര്‍ ഉയിര്‍ത്തെഴുന്നേറ്റ് ശത്രുവിനോട് കണക്കുതീര്‍ത്ത സമരഭൂമി. വിപ്ലവകാരിയുടെ സ്ഥൈര്യത്തെ പിളര്‍ക്കാന്‍ വെടിയുണ്ടയ്ക്കും കല്‍ത്തുറുങ്കിനും മര്‍ദനത്തിനുമാവില്ലെന്ന് കാട്ടിക്കൊടുത്ത മണ്ടോടി കണ്ണന്റെയും ഒമ്പത് സഖാക്കളുടെയും നാട്. ശ്രീനാരായണഗുരുവിന്റെയും വാഗ്ഭടാനന്ദന്റെയും ദര്‍ശനങ്ങള്‍ വേരോടിയ ഇവിടെ 1948 ഏപ്രില്‍ 30ന്റെ പ്രഭാതത്തില്‍ മനുഷ്യരക്തം ചാലിട്ടൊഴുകുകയായിരുന്നു. പത്ത് രക്തസാക്ഷികള്‍ . അളവക്കന്‍ കൃഷ്ണന്‍ , മേനോന്‍ കണാരന്‍ , സി കെ ചാത്തു, പുറവില്‍ കണാരന്‍ , വി പി ഗോപാലന്‍ , കെ എം ശങ്കരന്‍ , വട്ടക്കണ്ടി രാഘൂട്ടി, പാറോള്ളതില്‍ കണാരന്‍ . കൊടിയ പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും.

നവോത്ഥാന ചിന്തകള്‍ ഉഴുതുമറിച്ച മണ്ണായിരുന്നു കാരക്കാട്, ചോമ്പാല, ഒഞ്ചിയം പ്രദേശങ്ങളിലേത്. കറുപ്പയില്‍ കണാരന്‍ , കുന്നോത്ത് കുഞ്ഞ്യേക്കന്‍ഗുരുക്കള്‍ തുടങ്ങി ആത്മവിദ്യാസംഘം പ്രവര്‍ത്തകരുടെ കേന്ദ്രം. ഏറ്റ്, മാറ്റ് സമ്പ്രദായങ്ങളെയും വിഗ്രഹാരാധനയെയും അവര്‍ എതിര്‍ത്തു. മിശ്രഭോജനം പ്രോത്സാഹിപ്പിച്ചു. 1930കളുടെ ഒടുവില്‍ കിസാന്‍സഭ ഒഞ്ചിയത്തെ കര്‍ഷകരില്‍സ്വാധീനമുണ്ടാക്കി. അനീതിയെ എതിര്‍ക്കാനും കര്‍ഷകരെ ആശയപരമായി ആയുധമണിയിക്കാനും സംഘം മുന്നില്‍ നിന്നു. കടത്തനാട് രാജാവിന്റെ അധീനതയിലായിരുന്ന പ്രദേശത്തെ ദരിദ്ര കര്‍ഷകര്‍ ജന്മിവ്യവസ്ഥയുടെ ചൂഷണങ്ങള്‍ക്ക് ഇരയായിരുന്നു. 1939 അവസാനം പിണറായി പാറപ്പുറത്ത് നടന്ന കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണ സമ്മേളനത്തിനു പിന്നാലെ കുന്നുമ്മക്കരയിലും സെല്‍ തുടങ്ങി. മണ്ടോടി കണ്ണന്റെയും കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ പിടിച്ചുകുലുക്കി. 1942 നവംബറില്‍ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കുറുമ്പ്രനാട്ടിലെ കര്‍ഷകസംഘം കണ്ണൂക്കരയില്‍ ജാപ്പ് വിരുദ്ധമേള നടത്തി. ഉദ്ഘാടകന്‍ കെ പി ആര്‍ ഗോപാലന്‍ . മണ്ടോടി കണ്ണന്‍ പ്രധാന സംഘാടകന്‍ . കേളുഏട്ടന്‍ , എം കുമാരന്‍മാസ്റ്റര്‍ , പി ആര്‍ നമ്പ്യാര്‍ , പി പി ശങ്കരന്‍ എന്നിവരുടെ ആവേശകരമായ സാന്നിധ്യവും.

1948 ഏപ്രില്‍ 29ന് പാര്‍ടി കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റി യോഗം ഒഞ്ചിയത്ത്. കല്‍ക്കട്ടാ കോണ്‍ഗ്രസ് തീരുമാന വിശദീകരണമാണ് മുഖ്യ അജന്‍ഡ. യോഗവിവരം പൊലീസ് മണത്തറിഞ്ഞു. നേതാക്കളെ ഒറ്റയടിക്ക് അറസ്റ്റ് ചെയ്യാന്‍ ഏപ്രില്‍ 30ന് പുലര്‍ച്ചെ എംഎസ്പി മുക്കാളിയിലെത്തി. കണ്ണനായിരുന്നു ആദ്യലക്ഷ്യം. നെല്ലാച്ചേരിയിലെ വീട്ടില്‍ തെരഞ്ഞിട്ടും കിട്ടിയില്ല. അരിശം വീട്ടുകാരോട് തീര്‍ത്തു. പിന്നെ കര്‍ഷക കാരണവരായ പുളിയുള്ളതില്‍ ചോയിയുടെ വീട്ടില്‍ . ഒറ്റിക്കൊടുക്കാത്തതിന് അദ്ദേഹവും മകന്‍ കണാരനും കസ്റ്റഡിയില്‍ . "സഖാക്കളേ ഒഞ്ചിയത്ത് പൊലീസ് എത്തിയിരിക്കുന്നു" അളവക്കന്‍ കൃഷ്ണന്റെ ശബ്ദം മെഗഫോണില്‍ ഉയര്‍ന്നു. അത് എങ്ങും പ്രതിധ്വനിച്ചു. ഇരുളു കീറി ഓലച്ചൂട്ടുകളുമായി പ്രവര്‍ത്തകര്‍ ഒഴുകി. ചോയിയെയും മകന്‍ കണാരനെയും വിട്ടയക്കണമെന്ന ആവശ്യം പൊലീസ് തള്ളി. പിന്മാറില്ലെന്ന് ജനങ്ങള്‍ . പുലര്‍ന്നതോടെ വെടിവയ്പിന് ഉത്തരവ്. ചെന്നാട്ട്താഴ വയലില്‍ ചോരപ്പുഴയായി. എട്ട് യോദ്ധാക്കള്‍ പിടഞ്ഞുവീണു. മൃതദേഹം പച്ചോലയില്‍ കെട്ടി ലോറിയില്‍ പുറങ്കര കടപ്പുറത്തേക്ക്. ജീവിച്ചിരിക്കുന്നവരേക്കാള്‍ അപകടകാരികളാണ് രക്തസാക്ഷികള്‍ എന്ന് മനസ്സിലാക്കിയ പൊലീസ് ഒറ്റക്കുഴിയില്‍ എല്ലാവരെയും അടക്കംചെയ്തു.

വെടിവയ്പില്‍ പരിക്കേറ്റവര്‍ നിരവധി. കുങ്കന്‍ നായര്‍ , ടി സി കുഞ്ഞിരാമന്‍നായര്‍ , വടയക്കണ്ടി ചാത്തു, പുറവില്‍ കണ്ണന്‍ , ആയാട്ട് ചോയിമാസ്റ്റര്‍ , പലോരി മീത്തല്‍ അച്യുതന്‍ , ടി പി ചോയി, പി പി കണ്ണന്‍ ... വെടിയുണ്ട ഇടനെഞ്ച് തുരന്നിട്ടും പുറവില്‍ കണ്ണന്‍ ഇന്നും പോരാളിയായി ജീവിക്കുന്നു.

ചെറുപയര്‍ പട്ടാളമെന്ന പേരുള്ള കോണ്‍ഗ്രസ് ഗുണ്ടാസംഘത്തിന്റെ തേര്‍വാഴ്ചയായിരുന്നു പിന്നെ. മണ്ടോടി കണ്ണനെ തേടി പൊലീസ് നായാട്ട്. ജന്മി-മാടമ്പിമാരുടെ കിരാതവാഴ്ച. തനിക്കുവേണ്ടി ജനങ്ങളെ വേട്ടയാടുന്നത് സഹിക്കവയ്യാതെ അദ്ദേഹം കീഴടങ്ങി. വടകര ലോക്കപ്പില്‍ ഭീകര മര്‍ദനം. "നെഹ്റു ഗവണ്‍മെന്റ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാര്‍ടി മൂര്‍ദാബാദ് എന്ന് വിളിയെടാ കണ്ണാ" എന്ന ആജ്ഞ പുച്ഛിച്ചു തള്ളി. വീണ്ടും മര്‍ദനം. ഒഴുകിപ്പടര്‍ന്ന ചോരയില്‍ കൈമുക്കി കണ്ണന്‍ ലോക്കപ്പില്‍ അരിവാള്‍ ചുറ്റിക വരച്ചു. ഒരു കല്‍ത്തുറുങ്കിനും പീഡനത്തിനും നശിപ്പിക്കാനാവാത്ത ധീരതയുടെ പ്രതീകമായി ആ ചോരച്ചിത്രം ജ്വലിച്ചുനിന്നു; പല തവണ വെള്ളപൂശിയിട്ടും മായാതെ എത്രയോ കാലം. മണ്ടോടി കണ്ണനെപ്പോലെ കൊല്ലാച്ചേരി കുമാരനും പൊലീസ് മര്‍ദനത്തിലാണ് രക്തസാക്ഷിയായത്.

*
സജീവന്‍ ചോറോട്

1 comment:

വര്‍ക്കേഴ്സ് ഫോറം said...