Friday, February 10, 2012

ഇനി വീഴ്ത്തരുത്, സോദരിമാരുടെ കണ്ണീര്‍

വീണ്ടും നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം. കൗമാരം വിട്ടുമാറാത്ത നമ്മുടെ സഹോദരിമാര്‍ക്കുനേരെ ട്രെയിനില്‍ വീണ്ടും ആക്രമണശ്രമം നടന്നിരിക്കുന്നു. സൗമ്യയെന്ന ഇരുപത്തിമൂന്നുകാരിയുടെ നൊമ്പരമൂറുന്ന ഓര്‍മകള്‍ വിട്ടുമാറുന്നതിനു മുമ്പാണ് ഇതെന്നത് മലയാളിയെ രോഷംകൊള്ളിക്കേണ്ടതാണ്. ഇപ്പോള്‍ അഞ്ചു പെണ്‍കുട്ടികള്‍ക്കാണ് ഒരു നരാധമന്റെ ക്രൂരതയ്ക്ക് മുന്നില്‍ നിലവിളിക്കേണ്ടി വന്നത്. സഹയാത്രികരുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് സൗമ്യയുടെ ദുരന്തം ഒഴിവായെന്ന ആശ്വാസംമാത്രം. വ്യാഴാഴ്ച രാവിലെ എറണാകുളത്തു നിന്ന് കോട്ടയത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിലെ സ്ത്രീകളുടെ കംപാര്‍ട്മെന്റിലാണ് പെണ്‍കുട്ടികളെ ആക്രമിക്കാന്‍ ശ്രമമുണ്ടായത്. ആപ്പാഞ്ചിറ വൈക്കം റോഡ് സ്റ്റേഷനില്‍നിന്ന് ഏറ്റുമാനൂരേക്ക് യാത്ര ചെയ്ത ഐടിസി വിദ്യാര്‍ഥിനികളായ അഞ്ചു പേര്‍ക്കാണ് ദുരനുഭവമുണ്ടായത്. മറ്റൊരു ട്രെയിന്‍ കടന്നുപോകുന്നതിനായി കുറുപ്പന്തറ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴായിരുന്നു തൊട്ടടുത്ത കംപാര്‍ട്മെന്റില്‍ നിന്ന് ഇറങ്ങിവന്ന അക്രമി സ്ത്രീകളുടെ കംപാര്‍ട്മെന്റില്‍ ചാടിക്കയറിയത്. കുറുപ്പന്തറയില്‍ നിന്ന് ട്രെയിന്‍ നീങ്ങിയതോടെ ഇയാള്‍ കുട്ടികളെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും തള്ളിയിടുകയും ചെയ്തു. യാത്രക്കാര്‍ സമയം പാഴാക്കാതെ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പ്ലാറ്റ്ഫോമില്‍വച്ച് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് വൈക്കം സബ് ജയിലിലടച്ചു. മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ അമ്പതുകാരനാണ് അക്രമി.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഒന്നിന് രാത്രി ഒമ്പതോടെയാണ് ട്രെയിനില്‍വച്ച് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ആറു ദിവസം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ സൗമ്യ ഒടുവില്‍ മരണത്തിന് കീഴടങ്ങി. സൗമ്യ ആക്രമിക്കപ്പെട്ടതും ഇപ്പോള്‍ ആക്രമണശ്രമം നടന്നതും പാസഞ്ചര്‍ ട്രെയിനിലാണ്. സൗമ്യ രാത്രിയിലാണ് ആക്രമിക്കപ്പെട്ടതെങ്കില്‍ ഇപ്പോള്‍ പട്ടാപ്പകലാണ് ശ്രമം നടന്നതെന്നുമാത്രം. സൗമ്യയെ ആക്രമിച്ചത് തമിഴ്നാട് സ്വദേശിയാണെങ്കില്‍ ഇപ്പോഴത്തെ അക്രമി മഹാരാഷ്ട്രക്കാരനാണ്. അക്രമികള്‍ രണ്ടുപേരും ട്രെയിനില്‍ ഭിക്ഷ യാചിക്കുന്നവരും. കേരളം ഒന്നടങ്കം നടുങ്ങിയ സംഭവമായിരുന്നു സൗമ്യയുടെ ദുരന്തം. യുദ്ധകാലാടിസ്ഥാനത്തില്‍ കേസ് വിചാരണ പൂര്‍ത്തിയാക്കി പ്രതിയായ ഗോവിന്ദച്ചാമിക്ക് മൂന്നു മാസം മുമ്പ് തൂക്കുകയര്‍ വിധിച്ചപ്പോഴാണ് കേരളത്തിന്റെ തേങ്ങല്‍ അല്‍പ്പമെങ്കിലും അടങ്ങിയത്. സൗമ്യയുടെ ദുരന്തത്തില്‍ കേരളം മുഴുവന്‍ രോഷം കൊള്ളുകയും റെയില്‍വേ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധിക്കുകയുംചെയ്തതാണ്.
ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മതിയായ സുരക്ഷാസംവിധാനം ഒരുക്കാത്ത റെയില്‍വേക്കെതിരെ പല രൂപത്തില്‍ പ്രതിഷേധം അണപൊട്ടുകയുംചെയ്തു. എന്നാല്‍ , കേരളത്തോട് കാലങ്ങളായി കാട്ടുന്ന അവഗണന തുടരുകയാണ് റെയില്‍വേ. കേരളത്തിന് പ്രത്യേക സോണ്‍ അനുവദിക്കുന്നതിലും യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ബാഹുല്യം പരിഗണിച്ച് കൂടുതല്‍ ട്രെയിനുകളും കോച്ചുകളും അനുവദിക്കുന്നതിലും ലൈനുകള്‍ ഇരട്ടിപ്പിക്കുന്നതിലുമൊക്കെ കാട്ടുന്ന അവഗണന യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിലും തുടരുകയാണ്. ഈ അവഗണനയുടെ ഇരകളായി മാറുകയാണ് കേരളത്തിലെ സ്ത്രീകള്‍ . സൗമ്യയുടെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യം ട്രെയിനുകളിലെ വനിതാ കംപാര്‍ട്മെന്റുകളില്‍ വനിതാ പൊലീസിനെ നിയോഗിക്കണമെന്നതായിരുന്നു. എന്നാല്‍ , റെയില്‍വേ ഇതിനോടു മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. സ്ത്രീകളുടെ കംപാര്‍ട്മെന്റ് പിറകില്‍നിന്ന് മധ്യഭാഗത്തേക്കു മാറ്റുകയെന്നതായിരുന്നു മറ്റൊരു നിര്‍ദേശം. ഇതും പൂര്‍ണമായി നടപ്പാക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. വനിതാ കംപാര്‍ട്മെന്റ് ഏറ്റവും പിറകിലായതുകൊണ്ട് പലപ്പോഴും പ്ലാറ്റ്ഫോമിനു പുറത്തായിരിക്കും ഇതു വരിക. രാത്രികാലങ്ങളില്‍ പ്ലാറ്റ്ഫോമിനു വെളിയില്‍നില്‍ക്കുന്ന കംപാര്‍ട്മെന്റുകളില്‍ നുഴഞ്ഞുകയറാന്‍ അക്രമികള്‍ക്ക് എളുപ്പമാണ്. ഇടയ്ക്കൊക്കെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പട്രോളിങ് നടക്കുന്നുണ്ടെന്നതൊഴിച്ചാല്‍ അടിയന്തര സാഹചര്യത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഒരു നടപടിയുമില്ല. പരാതിപ്പെടാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പരുകളുമില്ല.

യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ ട്രെയിന്‍ സ്റ്റേഷനുകളില്‍ നില്‍ക്കുമ്പോള്‍മാത്രം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന വാതിലുകളാണുള്ളത്. സ്റ്റേഷനില്‍നിന്ന് നീങ്ങിയതിനുശേഷം ഓടിക്കയറുന്ന അക്രമികളെ തടയാന്‍ ഈ സംവിധാനംകൊണ്ട് സാധിക്കും. ട്രെയിന്‍ നീങ്ങിത്തുടങ്ങുമ്പോള്‍ വനിതാ കംപാര്‍ട്മെന്റില്‍ അബദ്ധത്തില്‍ കയറുന്നതെന്നാണ് അക്രമികള്‍ പറയുക. കംപാര്‍ട്മെന്റുകളില്‍ എമര്‍ജന്‍സി ബെല്ലുകളും ഇന്റര്‍കോം സംവിധാനവും ഒരുക്കുന്നതു നന്നായിരിക്കുമെന്ന ആവശ്യവും ഏട്ടിലെ പശുവായി നിലനില്‍ക്കുകയാണ്.
കംപാര്‍ട്മെന്റുകള്‍ തുടച്ചുവൃത്തിയാക്കാന്‍ വരുന്നവരുടെ രൂപത്തിലും യാചകരുടെ വേഷത്തിലുമൊക്കെ കയറിക്കൂടുന്നവരാണ് പലപ്പോഴും അക്രമികളാകുന്നത്. ട്രെയിനുകളിലെ സ്ഥിരസാന്നിധ്യമായ ഇവരെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനുമൊക്കെ അറിയാന്‍ കഴിയും. ഇവരെ നിയന്ത്രിച്ചാല്‍ത്തന്നെ വലിയൊരു പരിധിവരെ അക്രമങ്ങള്‍ ഒഴിവാക്കാനാവും. ഓരോ സംഭവവും ഉണ്ടാകുമ്പോള്‍ അലമുറയിടുകയും അതിനെത്തുടര്‍ന്ന് അധികൃതര്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തുകയുമാണ് പതിവ്. മാധ്യമങ്ങള്‍ ഇത് കുറെനാള്‍ കൊണ്ടുനടക്കുകയും ചെയ്യും. കുറച്ചുകഴിയുമ്പോള്‍ മാധ്യമങ്ങള്‍ കൈയൊഴിയുന്നതോടെ ജനങ്ങളും മറക്കും. പിന്നീട് ഇതെല്ലാം ചര്‍ച്ചചെയ്യുന്നത് മറ്റൊരു ദുരന്തം ഉണ്ടാകുമ്പോഴാണ്. അതുകൊണ്ടാണ് സൗമ്യയുടെ ദുരന്തത്തിനുശേഷം ഒരു വര്‍ഷം കഴിയുമ്പോഴും നമുക്ക് വീണ്ടും ആശങ്കപ്പെടേണ്ടിവരുന്നത്. ഇനിയൊരു ദുരന്തത്തിനുകൂടി കാത്തുനില്‍ക്കരുത്. കേരളം പൊതുവിലും സ്ത്രീകള്‍ വിശേഷിച്ചും ആഗ്രഹിക്കുന്ന സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ അധികൃതര്‍ അടിയന്തര നടപടികളെടുക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം 12 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...