Wednesday, February 22, 2012

സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നിയമം

തീവ്രവാദപ്രവര്‍ത്തനങ്ങളെ ചെറുക്കാനെന്നപേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ദേശീയ ഭീകരവിരുദ്ധകേന്ദ്രം സമസ്തമേഖലകളില്‍നിന്നുമുള്ള കടുത്ത വിമര്‍ശം ക്ഷണിച്ചുവരുത്തുകയാണ്. വളരെ നിര്‍ദോഷവും സദുദ്ദേശപരവുമെന്ന മട്ടിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഭീകരവിരുദ്ധ കേന്ദ്രത്തെക്കുറിച്ച് പ്രതികരിച്ചതെങ്കിലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയുക എന്നതിനപ്പുറം കേന്ദ്രസര്‍ക്കാരിന്റെ സമഗ്രാധിപത്യ പ്രവണതയാണ് ഈ നടപടിയിലൂടെ മറനീക്കി പുറത്തുവന്നത്. കോണ്‍ഗ്രസിന്റെ ജനാധിപത്യ മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു. യുപിഎ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമതാബാനര്‍ജിയും അകാലിദള്‍ നേതാവ് പ്രകാശ്സിങ് ബാദലുമടക്കമുള്ള പതിമൂന്നോളം മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു. യുപിഎക്കൊപ്പം നില്‍ക്കുന്ന ഫറൂഖ് അബ്ദുള്ളയും അതൃപ്തി അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തനമാരംഭിക്കുന്ന നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴിലാണ് പ്രവര്‍ത്തിക്കുക. വിവിധ ഏജന്‍സികളുടെ തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയാണ് സെന്ററിന്റെ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന് രാജ്യത്തെ ഏത് പ്രദേശത്തും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, ഏതു കെട്ടിടത്തിലും വാഹനത്തിലും മറ്റെവിടെയും കടന്ന് പരിശോധിക്കാനും ആരെയും അറസ്റ്റുചെയ്യാനും അധികാരമുണ്ടായിരിക്കും. 1967ലെ നിയമവിരുദ്ധ നടപടികള്‍ തടയല്‍ നിയമത്തില്‍ 2008ല്‍ ഭേദഗതി വരുത്തി കൂട്ടിച്ചേര്‍ത്ത 43എ വകുപ്പുപ്രകാരമാണ് അനിയന്ത്രിതമായ ഈ അധികാരം ഒരു ഇന്റലിജന്‍സ് ഏജന്‍സിക്ക് നല്‍കുന്നത്. ഏത് പ്രദേശത്തെയും ക്രമസമാധാന സുരക്ഷാപ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനുള്ള ഉത്തരവാദിത്തവും അതിനാവശ്യമായ നടപടി കൈക്കൊള്ളാനുള്ള അധികാരവും സംസ്ഥാനസര്‍ക്കാരുകള്‍ക്കാണ്. ആ അധികാരത്തിനുമേലാണ് കേന്ദ്രസര്‍ക്കാര്‍ കടന്നുകയറുന്നത്. ഇത് ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറല്‍ സംവിധാനത്തെ അവഹേളിക്കുന്ന നടപടിയാണ്.

ആഭ്യന്തരസുരക്ഷ കേന്ദ്രവിഷയമാണെന്ന ദുര്‍ബലവാദമാണ് ചിദംബരത്തിന്റേത്. തീവ്രവാദം ശക്തമായ കഴിഞ്ഞ ഒന്നരപതിറ്റാണ്ടുകാലം കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നു. ഇന്റലിജന്‍സ് ഏജന്‍സികളും കുറ്റാന്വേഷണസംവിധാനവും ഇല്ലാത്തതുകൊണ്ടാണോ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം തുടര്‍ച്ചയായി സ്ഫോടനങ്ങളുണ്ടായത്? തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് തുടര്‍സ്ഫോടനങ്ങള്‍ക്ക് പിന്തുണയായതെന്ന് മനസ്സിലാക്കാന്‍ കഴിയും. 2008 നവംബറില്‍ മുംബൈയില്‍ തീവ്രവാദ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് കേന്ദ്രം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) രൂപീകരിച്ചു. ഇതിനായി പാര്‍ലമെന്റ് പ്രത്യേക നിയമം പാസാക്കി. എന്നാല്‍ , മുംബൈ സ്ഫോടനക്കേസടക്കമുള്ള ഒരു പ്രധാന തീവ്രവാദക്കേസും എന്‍ഐഎ ഏറ്റെടുത്തില്ല. പകരം കേരളത്തില്‍ നമ്മുടെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറെടുത്ത ഏതാനും കേസുകള്‍ ഏകപക്ഷീയമായി ഏറ്റെടുത്തു. കേരളാ പൊലീസിന്റെ കണ്ടെത്തലുകളില്‍നിന്ന് വ്യത്യസ്തമായി എന്‍ഐഎക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. ഏതാനും ദിവസം മുമ്പ് തലസ്ഥാന നഗരിയില്‍ ഇസ്രയേലി നയതന്ത്ര ഉദ്യോഗസ്ഥയുടെ കാറിലുണ്ടായ സ്ഫോടനം തീവ്രവാദപ്രവര്‍ത്തനമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ , ആ കേസന്വേഷിക്കുന്നത് ദില്ലി പൊലീസാണ്. അതായത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍ഐഎ ഇല്ല എന്നര്‍ഥം. എന്‍ഐഎയെ കോണ്‍ഗ്രസിതര സംസ്ഥാനങ്ങളിലെ ക്രമസമാധാന ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടാന്‍ ഉപയോഗിക്കുകയാണ്. എന്‍ഐഎയെ കൂടാതെ മള്‍ട്ടി ഏജന്‍സി സെന്റര്‍ (എംഎസി) എന്ന പേരില്‍ മറ്റൊരു സംവിധാനവും രൂപീകരിച്ചിരുന്നു. 2009ല്‍ ആരംഭിച്ച ഈ കേന്ദ്രത്തിന്റെ ലക്ഷ്യവും ഇപ്പോഴത്തെ കൗണ്ടര്‍ ടെററിസം സെന്ററില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ , എംഎസി ഭീകരവാദവിരുദ്ധപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു.

സംസ്ഥാനവിഷയങ്ങളില്‍ ഇടപെടാന്‍ എന്‍ഐഎക്ക് പരിമിതിയുണ്ട്. കാരണം അത് ഒരു അന്വേഷണ ഏജന്‍സിയാണ്, ഇന്റലിജന്‍സ് ഏജന്‍സിയല്ല. സംഭവങ്ങളുടെമേലുള്ള അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. എന്നാല്‍ ,ചിദംബരത്തിന്റെ ആവശ്യം ഏത് സംസ്ഥാനത്തും എപ്പോഴും കടന്നുകയറി ആരെയും കസ്റ്റഡിയിലെടുക്കാനുള്ള "സൂപ്പര്‍ പൊലീസ്" അധികാരമാണ്. അതും ഒരു സംസ്ഥാന ഏജന്‍സിയുടെയും അറിവോ പിന്തുണയോ കൂടാതെ. ഇവിടെയാണ് ചിദംബരത്തിന്റെ "സൂപ്പര്‍ പൊലീസ്" അതിമോഹത്തിനുപിന്നിലെ ഹിഡന്‍ അജന്‍ഡയെന്തെന്ന് സംശയമുയരുന്നത്. ഇന്റലിജന്‍സ് പ്രവര്‍ത്തനം ഒരര്‍ഥത്തില്‍ ചാരപ്രവര്‍ത്തനംതന്നെയാണെന്നും ആ നിലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊലീസിന്റെ അധികാരം നല്‍കരുതെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2004ലാണ് അമേരിക്കയില്‍ ഇതേപേരില്‍ ഒരു ഭീകരവാദ വിരുദ്ധകേന്ദ്രം ആരംഭിച്ചത്. ഇന്റലിജന്‍സ് റിഫോം ആന്‍ഡ് ടെററിസം പ്രിവന്‍ഷന്‍ ആക്ട് എന്ന പേരില്‍ നിയമം പാസാക്കി അതിന്റെ ചുവടുപിടിച്ചായിരുന്നു അമേരിക്കയുടെ നടപടി. അന്നുമുതല്‍ ഇന്ത്യയിലും സമാനമായ കേന്ദ്രം തുറക്കണമെന്നാവശ്യപ്പെട്ടിരുന്ന മുന്‍ റോ തലവന്‍ വിക്രംസൂദ് പോലും ഈ സംവിധാനത്തിന് അമിതാധികാരം നല്‍കുന്നതിനോട് യോജിക്കുന്നില്ല. അമേരിക്കയിലെ കുപ്രസിദ്ധമായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഇന്ത്യന്‍ പതിപ്പായി എന്‍സിടിസി മാറുമെന്ന ആശങ്കയാണ് ഉയരുന്നത്. മറ്റെല്ലാ മേഖലകളിലും അമേരിക്കന്‍ നയങ്ങള്‍ പിന്തുടരുന്ന മന്‍മോഹന്‍ -ചിദംബരം കൂട്ടുകെട്ട് ഫെഡറല്‍ ബ്യൂറോയെ പുനഃസൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നത്.

എന്താണ് ഈ കേന്ദ്രത്തിന് അമിതാധികാരം നല്‍കിയാലുള്ള അപകടം.

1.ഒരു സംസ്ഥാനത്തിനകത്ത് റെയ്ഡും അറസ്റ്റും അടക്കമുള്ള നടപടികള്‍ ചെയ്യേണ്ടത് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളല്ല. അതിന് നിയമപരമായ സംവിധാനം സംസ്ഥാനങ്ങളിലുണ്ട്. അത്തരം സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കാതെ എവിടെയും ഏതുനേരത്തും റെയ്ഡും അറസ്റ്റും നടത്താമെന്ന് വരുന്നത് ഫെഡറലിസത്തിന്റെ ലംഘനമാണ്.

2. അജ്ഞാതരായ സാക്ഷികളും അവ്യക്തമായ തെളിവുകളുംകൊണ്ട് ആരെയും കുടുക്കാന്‍ കഴിയുന്ന ഈ സംവിധാനം നീതിനിര്‍വഹണവ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ നിഷേധിക്കുന്നു. അതിനാല്‍ , രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ പകപോക്കലിന് ഈ കേന്ദ്രം ദുരുപയോഗം ചെയ്യപ്പെടും. പരാജയപ്പെട്ട മള്‍ട്ടി ഏജന്‍സി സെന്ററിന്റെ സ്ഥാനത്ത് കൂടുതലായി റെയ്ഡിനും അറസ്റ്റിനുമുള്ള അധികാരം മാത്രം ചേര്‍ത്ത് മറ്റൊരു കേന്ദ്രമുണ്ടാക്കുമ്പോള്‍തന്നെ ലക്ഷ്യം തീവ്രവാദ വിരുദ്ധപ്രവര്‍ത്തനമല്ലെന്ന് വ്യക്തം.

സംസ്ഥാനങ്ങള്‍ക്ക് വിവരം നല്‍കിയാലും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കേന്ദ്രആഭ്യന്തരവകുപ്പിന്റെ ന്യായീകരണം. മുമ്പ് സംസ്ഥാന ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്ത സന്ദര്‍ഭത്തില്‍ ആഭ്യന്തരസുരക്ഷ സംബന്ധിച്ച ഉന്നതതല മീറ്റിങ്ങുകളിലെല്ലാം ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയ കാര്യം കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളുടെ വ്യക്തതയില്ലായ്മയാണ്. അമേരിക്കയില്‍ ഒരു സ്ഫോടനം നടന്നാല്‍ "നിങ്ങള്‍ ജാഗ്രതയോടെയിരിക്കണം" എന്ന് കൊട്ടത്താപ്പ് മുന്നറിയിപ്പുനല്‍കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നില്ല. ഭീകരവാദപ്രവര്‍ത്തനം സംബന്ധിച്ച വ്യക്തമായ സൂചനകളോ നിര്‍ദേശങ്ങളോ ഇല്ലാത്ത മുന്നറിയിപ്പുകളാണ് കേന്ദ്ര ഏജന്‍സികള്‍ മിക്കപ്പോഴും നല്‍കാറുള്ളതെന്നാണ് അനുഭവം.

ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുംവിധം അപകടകരമായ ഭരണഘടനാ ലംഘനപ്രവര്‍ത്തനങ്ങളുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോള്‍ കേരളത്തിലെ ഭരണപക്ഷം തികഞ്ഞ മൗനത്തിലാണ്. തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരോടുള്ള കോണ്‍ഗ്രസിന്റെ വിധേയത്വം സ്വാഭാവികമാണ്. ജനാധിപത്യത്തെയോ ഫെഡറലിസത്തെയോ ബഹുമാനിക്കാത്ത പാര്‍ടിയാണത്. അടിയന്തരാവസ്ഥയ്ക്ക് ഇപ്പോഴും ന്യായീകരണം കണ്ടെത്തുന്നവര്‍ . ഭൂരിപക്ഷം സംസ്ഥാനങ്ങളിലും തങ്ങള്‍ക്ക് ഭരണം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന യാഥാര്‍ഥ്യമാണ് സംസ്ഥാനങ്ങള്‍ക്കുമേല്‍ കുറുക്കുവഴിയിലൂടെ അധികാരം സ്ഥാപിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്കുപിന്നില്‍ . സിബിഐയെയും മറ്റ് കേന്ദ്ര ഏജന്‍സികളെയും ദുരുപയോഗംചെയ്ത അനുഭവമുള്ള നമ്മുടെ രാജ്യത്ത് ഇത്തരം ഒരു സംവിധാനം സൃഷ്ടിക്കുന്ന വിപത്ത് വളരെ വലുതായിരിക്കും. സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളെ ഭയപ്പെടുത്തി തങ്ങളുടെ കൂടെനിര്‍ത്താന്‍ എന്‍സിടിസിയെ കോണ്‍ഗ്രസ് ഉപയോഗിക്കും. അടിയന്തരാവസ്ഥക്കാലത്ത് മിസ എന്ന കരിനിയമംകാട്ടി ഭീഷണിപ്പെടുത്തിയാണ് കേരളകോണ്‍ഗ്രസിനെ അവര്‍ വരുതിയില്‍ കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ അധികാരത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കാറുള്ള കേരളകോണ്‍ഗ്രസും മുസ്ലിംലീഗുമൊന്നും ഈ വിഷയത്തില്‍ വായ തുറക്കാത്തത് ദുരൂഹമാണ്. സംസ്ഥാനങ്ങളുടെ അധികാരം കവരാനും രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നിയമവിരുദ്ധ ഏകാധിപത്യസംവിധാനങ്ങള്‍ സൃഷ്ടിക്കാനുമുള്ള കേന്ദ്ര നടപടികളെപ്പറ്റി ഈ പാര്‍ടികള്‍ നയം വ്യക്തമാക്കണം. ഫെഡറല്‍ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയകക്ഷികളും ഒത്തുചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ പരാജയപ്പെടുത്തണം.

എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ തീവ്രവാദപ്രവര്‍ത്തനം ചെറുക്കാനാകില്ല. കേരളത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനമിതാണ്. മുംബൈയില്‍ കടല്‍വഴിവന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ കടലോരജാഗ്രതാസമിതി രൂപീകരിക്കുകയാണ് കേരളം ചെയ്തത്. ചിദംബരംതന്നെ ഈ നടപടിയെ ശ്ലാഘിച്ചു. ജനമൈത്രീപൊലീസ് സംവിധാനത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ ഓരോ പ്രദേശത്തും അസ്വാഭാവികമായി ആരെ കണ്ടാലും പൊലീസിന് ഉടന്‍ വിവരം ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചു. ഈ സംവിധാനങ്ങളെല്ലാം യുഡിഎഫ് അധികാരമേറ്റതോടെ ദുര്‍ബലമായി. ഇത്തരം ജനകീയ ജാഗ്രതകളെ ശക്തമാക്കുകയാണ് തീവ്രവാദത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്; അല്ലാതെ ജനാധിപത്യവിരുദ്ധമായ അതിക്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയല്ല.

*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 22 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തീവ്രവാദപ്രവര്‍ത്തനങ്ങളെ ചെറുക്കാനെന്നപേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ദേശീയ ഭീകരവിരുദ്ധകേന്ദ്രം സമസ്തമേഖലകളില്‍നിന്നുമുള്ള കടുത്ത വിമര്‍ശം ക്ഷണിച്ചുവരുത്തുകയാണ്. വളരെ നിര്‍ദോഷവും സദുദ്ദേശപരവുമെന്ന മട്ടിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഭീകരവിരുദ്ധ കേന്ദ്രത്തെക്കുറിച്ച് പ്രതികരിച്ചതെങ്കിലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയുക എന്നതിനപ്പുറം കേന്ദ്രസര്‍ക്കാരിന്റെ സമഗ്രാധിപത്യ പ്രവണതയാണ് ഈ നടപടിയിലൂടെ മറനീക്കി പുറത്തുവന്നത്. കോണ്‍ഗ്രസിന്റെ ജനാധിപത്യ മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു. യുപിഎ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമതാബാനര്‍ജിയും അകാലിദള്‍ നേതാവ് പ്രകാശ്സിങ് ബാദലുമടക്കമുള്ള പതിമൂന്നോളം മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു. യുപിഎക്കൊപ്പം നില്‍ക്കുന്ന ഫറൂഖ് അബ്ദുള്ളയും അതൃപ്തി അറിയിച്ചിട്ടുണ്ട്.