Monday, February 20, 2012

സിനിമ - കലയോ കൊലയോ?

ഇറാനിയന്‍ സിനിമാ സംവിധായകന്‍ - ജാഫര്‍ പനാഗി - 6 മാസമായി കഠിന തടവിലാണ് എന്ന വാര്‍ത്ത ലോകമെങ്ങുമുള്ള പത്രമാധ്യമങ്ങളില്‍ വന്നു എന്നതു ശരിതന്നെ. എന്നാല്‍ അതിനെത്തുടര്‍ന്ന് ഒരുപത്ര റിപ്പോര്‍ട്ടറോ, സിനിമാസംരംഭകരോ, ആ മനുഷ്യനെ തിരിഞ്ഞു നോക്കിയിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരം. പോരാത്തതിന് ശിക്ഷവിധിച്ച അവിടത്തെ കോടതി തടവ് നീട്ടിയിരിക്കുന്നു എന്നതാണ് പുതിയ അറിവ്. അതെന്തിനാവാം? ജാഫര്‍പനാഗി ചെയ്ത കുറ്റം - സിനിമയെടുത്തു, സിനിമയെടുക്കുന്നു എന്നതാണ്. ഒരു രാഷ്ട്രം അത് മതാതീതമാണെങ്കില്‍ക്കൂടി, ഈ 2012 ല്‍ എത്തിനില്‍ക്കുമ്പോള്‍ പോലും, കലാപരമായ യുക്ത്യാതീതവും മനഃശാസ്ത്രപരവുമായ ഒരവകാശത്തെ, അല്ലെങ്കില്‍ സ്വാതന്ത്ര്യത്തെ തടയിടുമ്പോള്‍ അത് കുറ്റകൃത്യമായി മുദ്രയിടുമ്പോള്‍, അതിന്റെ പരിണിതഫലം എന്താണ്, എവിടെയാണെന്ന്, അതേ പ്രവൃത്തിയും അതേ ജീവിതവും തുടരുന്ന പുറംലോകജനത മനസിലാക്കിയേ പറ്റൂ. കാലം മാറിയിട്ടുണ്ടെന്ന ബോധ്യം ഒരു പ്രാദേശിക രാജ്യനിയമത്തെയോ, നിയമനിര്‍വഹണത്തെയോ ബോധ്യപ്പെടുത്തേണ്ടതും ശ്രദ്ധയില്‍കൊണ്ടുവരേണ്ടതും പിന്നെങ്ങനെയാണ്? ലോകമെങ്ങും സിനിമകള്‍ സിഗരറ്റു നിര്‍മ്മാണം പോലെ കൂനകൂടുമ്പോള്‍ പ്രാദേശിവത്കരിച്ച ഒരു കേസുപോലെ ജാഫര്‍പനാഗിയെ നമുക്ക് തള്ളിക്കളയാനാകുമോ?

സിനിമ അതിന്റെ ആദ്യകാലം മുതല്‍ക്കേ മതനിയമങ്ങളുമായി ഉരസല്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ വഴിതെറ്റിക്കുകയും, നെഗറ്റീവ് വ്യക്തിത്വം രൂപവത്കരിക്കാനും സാധ്യതയുണ്ട് എന്നതിനാലാവാം ആദ്യകാലത്ത് ആ തടയിട്ടത്. അത് നല്ലതിനുമാണ്. അത്തരം ഒരു തട ഇപ്പോഴും ആവശ്യമുണ്ടുതാനും. ക്രമേണ സിനിമ ഒരു കോപ്രായം എന്ന തലംവിട്ട് സര്‍വമേഖലകളിലേക്കും വ്യാപിക്കുന്നത് നാം കണ്ടു. ടെലിവിഷന്‍, കംപ്യൂട്ടര്‍ എന്നീ അത്യാധുനിക സാങ്കേതിക രീതികള്‍കൂടി വന്നപ്പോള്‍ സിനിമ മനുഷ്യജീവിതത്തിന്റെ അത്യന്താപേക്ഷിതമായ ഒരിടമായി മാറി. അടിസ്ഥാനപരമായി സിനിമയും ഒരു തൊഴിലിടം തന്നെയാണ്. അപ്പോള്‍ ഒരു തൊഴിലില്‍ സംഭവിക്കാറുള്ള പാകപ്പിഴകളോ, ജീവിതത്തില്‍ എന്നതുപോലെ സിനിമയിലും സംഭവിക്കാറുണ്ട്. അത് കുറ്റ കൃത്യങ്ങളിലേക്കും, അനന്തരനടപടികളിലേക്കും ചെന്നെത്താറുമുണ്ട്. കടുത്ത സിനിമാ വിരോധിയായ അവിടത്തെ നീതിന്യായം എന്തുകൊണ്ട് പനാഗിയിലെ മനുഷ്യനെ കാണുന്നില്ല? കേവലം ഒരു അശ്ലീല വാക്കുപോലും തന്റെ സിനിമയിലിടം കാണിക്കാത്ത ജാഫര്‍ പനാഗി ശിക്ഷയേറ്റ് ഇരുട്ടറയില്‍ കിടക്കുമ്പോള്‍, ഐറ്റം ഡാന്‍സും അശ്ലീലങ്ങളുടെ കൊടുമുടി കയറിയിറങ്ങുന്ന സിനിമയും സിനിമാക്കാരും ഇന്ന് നമുക്ക് ചുറ്റും മുന്നില്‍ പറന്നു നടക്കുകയാണ്. സ്വന്തം വീടുവരെ വിറ്റ് സിനിമയെടുത്തിട്ടുള്ള പനാഗിയുടെ പ്രസക്തിയും ഇതു തന്നെ. ഇതു പനാഗിയില്‍ നിലനില്‍ക്കുന്ന ഒന്നല്ല. 2009 ല്‍ ഒരു ഇറാനിയന്‍ നടി സിനിമയിലഭിനയിച്ചതിന് ആ രാജ്യത്തുനിന്നു തന്നെ പലായനം ചെയ്ത് ഇപ്പോഴവര്‍ ലണ്ടനില്‍ താമസിക്കുന്നു. മക്ബല്‍ബഫിനും കുടുംബത്തിനും (മറ്റൊരു ചലച്ചിത്ര സംവിധായകന്‍) കഴിഞ്ഞ 3 വര്‍ഷമായി ഒളിതാമസത്തിലുമാണ് തങ്ങളുടെ ചലച്ചിത്രജീവിതം കഴിച്ചുകൂട്ടുന്നതും. വിരോധാഭാസം അതല്ല, ഇവര്‍ ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് ലോകമെങ്ങും ഇറാനിയന്‍ സിനിമയെപ്പറ്റി കേള്‍ക്കുന്നതും ശ്രദ്ധകൊടുക്കുന്നതും. ആ ചലച്ചിത്രങ്ങളാകട്ടെ ഇന്ന്, ലോകത്തുള്ള എല്ലാ ചലച്ചിത്രമേളകളില്‍ പങ്കെടുക്കുകയും അവാര്‍ഡുകള്‍ കരസ്ഥാമാക്കുകയും ചെയ്തവയും. ഇതിലുപരി, ഒരു സിനിമപോലും അതിന്റെ കഥാപരമായോ ആവിഷ്‌കാരരൂപപരമായോ, തങ്ങളുടെ സര്‍ക്കാരിനേയോ, നീതിന്യായത്തെയോ വെല്ലുവിളിക്കുന്നതുപോലുമില്ല. തികച്ചും സിനിമ ഒരു കലാരൂപമായി എടുക്കുന്ന അവിടത്തെ ഇത്തരം ചലച്ചിത്രജീവിതങ്ങള്‍ക്ക് സിനിമ എന്തെന്നറിയാത്ത ഒരു നീതിന്യായം അനീതികാട്ടുമ്പോള്‍ ലോകസിനിമാപ്രേക്ഷകരായ, നമുക്ക് ഇടപെടാന്‍ പറ്റുന്നില്ലെങ്കിലും ഒന്നു ചിന്തിക്കുക എന്ന കര്‍മ്മമെങ്കിലും ബാക്കിവെക്കേണ്ടതുണ്ട്. പ്രത്യേകിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ കേരളത്തിലടക്കം ഭൂരിഭാഗം രാജ്യങ്ങളിലും പടര്‍ന്നുപിടിച്ച് ഒരു ചലച്ചിത്ര സംസ്‌കാരം തന്നെ കെട്ടിപ്പടുക്കുമ്പോള്‍ അടിയന്തിരമായി സിനിമ, അതിന്റെ നല്ല വശങ്ങള്‍, ജീവിതത്തെയും സംരക്ഷിക്കാനും നിലനിര്‍ത്താനും അന്താരാഷ്ട്രതലത്തില്‍ത്തന്നെ, ഒരു സമിതിയുടെ ആവശ്യകത നിലവില്‍ ആവശ്യമുണ്ട് എന്നു കുടിയാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നത്.

ലോകസിനിമാപ്രേക്ഷകരായ നമുക്ക് ഈ ദൃശകാര്യത്തെ കണ്ണടച്ചിരിക്കാന്‍ ആവില്ല എന്നതുകൊണ്ടുതന്നെ, കോടിക്കണക്കിന് ചിലവിട്ട് ആഘോഷമാക്കുന്ന ലോക ചലച്ചിത്രമേളാ സംഘാടകരും, ഒരു രാജ്യത്തിനകത്തെ സിനിമയേയും, സിനിമ എന്ന കലയേയും, വീണ്ടെടുക്കണമെന്നുമാണ് ഇറാനിയന്‍ സിനിമാ പ്രേക്ഷകന്‍ എന്ന നിലയില്‍ ഒടുവില്‍ മനസിലാക്കുന്ന പാഠം. സിനിമ എന്നത് ഏതുമായിക്കൊള്ളട്ടെ, ശുദ്ധവും നല്ലതുമായ സിനിമകള്‍ അവരവരിലെ കാലഘട്ടത്തേയും, ജീവിതരാഷ്ട്രത്തെയും വ്യതിരിക്തമാക്കുന്ന ഇത്തരം പാവം പിടിച്ച ചലച്ചിത്രകാരന്‍മാരിലല്ല കൈ വിലങ്ങണിയിക്കേണ്ടത്. പ്രേക്ഷകരെ വിഡ്ഢികളാക്കിയും കഴുതകളാക്കിയും കാശുവാരുന്ന സിനിമാക്കൊള്ള ചെയ്യുന്ന പുതിയ ഹിറ്റലര്‍മാരെയാണ്.
ആചാരങ്ങളിലൂടെയും ചിന്താശീലങ്ങളിലൂടെയും പുത്തന്‍യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്ന സ്ത്രീകളടക്കം സമ്പന്നമായ ഒരു വിദ്യാഭ്യാസം സംസ്‌കാരത്തിലേക്കാണ് ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഇറാനിയന്‍ സിനിമകളുടേയും കാതല്‍. മനുഷ്യത്വത്തിന്റെ തെളിവുകളിലൊന്നായി പീഡനം ഏറ്റുവാങ്ങേണ്ടിവരിക എന്നത് ധാര്‍മ്മികോദ്‌ബോധനത്തിന് നിരക്കാവുന്നതല്ല. രാഷ്ട്രം എത്ര നീതിന്യായങ്ങള്‍ നിരത്തിക്കൊണ്ടുവന്നാലും, ദൈവീകപരമായ സമഗ്രപ്രപഞ്ചവ്യവസ്ഥക്കു മുന്നില്‍ ഓരോ മനുഷ്യനും മറുപടി പറയേണ്ടതുണ്ട്. ശിക്ഷയേറ്റു വാങ്ങുന്നവനും, ശിക്ഷ കൊടുക്കുന്നവനും. പത്തൊമ്പതാം നൂറ്റാണ്ടിലേക്കോ, പതിനെട്ടാം നൂറ്റാണ്ടിലേക്കോ അതിനു നാം പോകേണ്ടതില്ല. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി വരെ ദൈവത്തോട് പ്രാര്‍ഥിക്കുന്ന 60% സാധാരണജനങ്ങളുള്ള അവിടത്തെ സമ്പദ്ശാസ്ത്രത്തിന്റെയും, മനുഷ്യബന്ധങ്ങളുടേയും, വാദങ്ങള്‍ മുറുക്കിപ്പിടിക്കുന്ന ഇത്തരം കലയുടെ പുതുനാമ്പുകളെ വെട്ടിമാറ്റുന്നത് സാമൂഹ്യഘടനയില്‍ എന്തു സുതാര്യതയാണ് ഉണ്ടാക്കുക? സാമാന്യ ബോധത്തില്‍ നിന്നും സിനിമാ സ്‌നേഹികള്‍, മാധ്യമങ്ങള്‍, ഉണരുക തന്നെ വേണം. സോഷ്യല്‍ കമ്മിറ്റ്‌മെന്റ് ഒരു സോഷ്യല്‍ പണിഷ്‌മെന്റായി മാറുന്നതാണ് ഒടുവില്‍ നാം മനസ്സിലാക്കുന്നത്.

നീതിന്യായങ്ങളിലുള്ള പക്ഷപാതിത്വങ്ങളിലുണ്ടാകുന്ന വിള്ളല്‍, ഇന്ന് വ്യാപകമാക്കുന്നുണ്ട് എന്നറിയാഞ്ഞിട്ടല്ല, അനീതിക്കും അധാര്‍മികതക്കും മുകളില്‍ നീതിബോധത്തിനും പ്രതിജ്ഞാബദ്ധതയാര്‍ന്ന കലാരൂപത്തിനും പ്രസക്തിയില്ലേ? അതോ സിനിമ സൃഷ്ടാവ് എന്നത് ഒരു കൊലപാതകിയാണോ?

*
രാകേഷ് നാഥ് ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...