Thursday, February 9, 2012

ഏകധ്രുവലോകത്തിനൊരു യാത്രാമൊഴി

സാമ്പത്തികമാന്ദ്യം കൊണ്ടും, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം കൊണ്ടും അമേരിക്കന്‍ ഐക്യനാടുകള്‍ തകര്‍ന്നടിയുമെന്നു കരുതുന്നത് കാളക്കുറ്റന്റെ പിന്നാലെ നടന്ന പഴയ കുറുക്കന്റേതുപോലെയുള്ള ഒരേര്‍പ്പാടായിരിക്കും. പക്ഷേ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു പറയാനാകും. അത് ശീതയുദ്ധാനന്തരം അമേരിക്ക ആസ്വദിച്ചനുഭവിച്ചിരുന്ന ഏകധ്രുവലോകക്രമം പതുക്കെ മാറുകയാണ് എന്ന വസ്തുതയാണ്. ഇങ്ങനെ ഒരു പുതിയ ബഹുധ്രുവലോകക്രമം എന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന രണ്ട് സംഭവങ്ങള്‍ കൊണ്ടാണ് അന്താരാഷ്ട്ര രംഗത്ത് പോയവാരം ശ്രദ്ധേയമായത്.

ഒന്നാമത്തെ സംഭവം നടന്നത് നമ്മുടെ നാട്ടിലാണ്. അതായത് അന്‍പതിനായിരം കോടിരൂപ ചെലവിട്ട് ഫ്രാന്‍സില്‍ നിന്നും 126 വിവിധോദ്ദേശ യുദ്ധവിമാനങ്ങള്‍ വാങ്ങുവാനുള്ള ഇന്ത്യയുടെ തീരുമാനം. ഈ ഇടപാടിന്റെ ഏറ്റവും വലിയ സവിശേഷത അമേരിക്കയുടെ ഇന്ത്യന്‍ പകല്‍ക്കിനാവുകള്‍ക്കു കിട്ടിയ അടിയാണ്. കാരണം ആണവകരാര്‍ ഒപ്പിടുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യക്കനുകൂലമായ നിലപാടെടുക്കുവാന്‍ അമേരിക്കന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത് പ്രധാനമായും ഇന്ത്യയുടെ ആണവോര്‍ജ്ജ വിപണിയും ആയുധ ഇടപാടുകളുമായിരുന്നു. എന്നാല്‍ രണ്ടിടത്തും തിരിച്ചടിയേറ്റിരിക്കുകയാണ്. ഈ രണ്ടുകാര്യങ്ങളും സമ്മേളിക്കുന്നു എന്നതാണ് ഇന്തോ-ഫ്രഞ്ച് യുദ്ധവിമാന ഇടപാടിന്റെ പ്രാധാന്യം.
ഈ ഇടപാടില്‍ നിന്നും ലഭിക്കുവാന്‍ പോകുന്ന 10.2 ബില്ല്യണ്‍ ഡോളര്‍ അഥവാ 54,000 കോടിരൂപ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന അമേരിക്കയ്ക്ക് വന്‍ ആശ്വാസമാകുമായിരുന്നു. അഞ്ചരലക്ഷം തൊഴിലവസരങ്ങളെങ്കിലും ഇങ്ങനെ അമേരിക്കയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ആണവക്കരാറിന്റെ ചര്‍ച്ചാവേളയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ജൂനിയര്‍ അവകാശപ്പെട്ടിരുന്നത്. പക്ഷേ ഒടുവില്‍ ഗുണം കിട്ടിയത് സാമ്പത്തികമാന്ദ്യം പിടിച്ചുലച്ച ഫ്രാന്‍സിനും, അതിന്റെ ഹതഭാഗ്യനായ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്കുമാണ്. കാരണം സാമ്പത്തികമാന്ദ്യം മൂലം അടുത്തുതന്നെ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സര്‍ക്കോസി ഒലിച്ചുപോകുമെന്ന് കരുതിയിരിക്കുമ്പോഴാണ് കച്ചിത്തുരുമ്പുപോലെ യുദ്ധവിമാനക്കരാര്‍ കിട്ടിയത്. ഇത് വിപണിക്കു ഉണര്‍വ്വു നല്‍കുകയും തന്റെ നയതന്ത്ര വിജയമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുമെന്ന് സര്‍ക്കോസി കരുതുന്നു.

ആയുധക്കരാര്‍ വെറും കച്ചവടങ്ങളല്ല. മറിച്ച് നയതന്ത്രരംഗത്തെ ബന്ധങ്ങളെ വിളക്കിയെടുക്കുകയും, ഒടിക്കുകയുമെല്ലാം ചെയ്യുന്ന രാഷ്ട്രീയ ഇടങ്ങളാണ്. ആ അര്‍ത്ഥത്തില്‍ ഇന്ത്യ ഫ്രാന്‍സുമായി കൂടുതല്‍ അടുക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് പുതിയ കരാര്‍. കാരണം അടുത്തിടെ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പിടുന്ന മൂന്നാമത്തേതും ഏറ്റവും വലുതുമായ സൈനിക കരാറാണിത്. ഇങ്ങനെ ഇന്ത്യ ഫ്രാന്‍സുമായി അടുക്കുവാന്‍ പ്രധാനകാരണം ആണവോര്‍ജ്ജക്കരാറുമായി ബന്ധപ്പെട്ടുണ്ടായ ചില പുതിയ സംഭവവികാസങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു. ആണവസേവന ദാതാക്കളുടെ സംഘടന യുറേനിയം സമ്പുഷ്ടീകരിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുന്നതില്‍ ഈയിടെ ചില അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സംഘടനയിലെ പ്രമുഖ അംഗമായ ഫ്രാന്‍സ് തങ്ങള്‍ക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇന്ത്യക്ക് പ്രസ്തുത സാങ്കേതിക വിദ്യ കൈമാറുന്നതിന് യാതൊരു വിരോധവുമില്ലായെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു നീക്കമുണ്ടായതുമില്ല. മാത്രവുമല്ല അമേരിക്കയേക്കാള്‍ മെച്ചപ്പെട്ടതും, അപകടസാധ്യത ഏറ്റവും കുറവുള്ളവയുമാണ് ഫ്രാന്‍സിന്റെ 'അവേര' ആണവനിലയങ്ങള്‍. അമേരിക്കയാണെങ്കില്‍ 1970 കളോടുകൂടി സ്വന്തം മണ്ണില്‍ ഒറ്റ ആണവനിലയവും ഉണ്ടാക്കിയിട്ടില്ല. മറിച്ച് ഫ്രാന്‍സാണെങ്കില്‍ ഈ കാലയളവില്‍ ഒട്ടനവധി ആണവനിലയങ്ങള്‍ സ്വന്തം നാട്ടില്‍ സ്ഥാപിക്കുകയും അങ്ങനെ മൊത്തം ആഭ്യന്തര ഊര്‍ജ്ജോല്‍പാദനത്തിന്റെ 70% ആണവനിലയങ്ങളില്‍ നിന്നും ഉറപ്പുവരുത്തുകയും ചെയ്തു. വരാന്‍പോകുന്ന അരനൂറ്റാണ്ടുകാലത്തിനിടക്ക് ഇങ്ങനെ ഒരുവന്‍ കുതിച്ചു ചാട്ടമാണ് ആണവോര്‍ജ്ജോല്‍പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയും നോട്ടമിട്ടിരിക്കുന്നത്. അപ്പോള്‍ രംഗത്തെ തന്ത്രപ്രധാന പങ്കാളിയാണ് ഫ്രാന്‍സ് എന്ന് ഇന്ത്യ ന്യായമായും കരുതുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഇന്ത്യയെ വിരട്ടി തങ്ങളുടെ വഴിയ്ക്കു നടത്തിക്കുവാന്‍ അമേരിക്കയ്ക്കു കഴിയേണ്ടതായിരുന്നു. മുമ്പ് ഇറാനെതിരെ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയെക്കൊണ്ട് ഇങ്ങനെ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിപ്പിക്കുവാന്‍ അവര്‍ക്കായിട്ടുണ്ട്. ഇങ്ങനെ സ്വന്തം താല്പര്യത്തിനനുസരിച്ച് മറ്റുള്ള രാജ്യങ്ങളെകൊണ്ട് പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്നതിനെയാണ് 'പവര്‍' എന്നതുകൊണ്ട് രാഷ്ട്രമീംമാംസയില്‍ സൂചിപ്പിക്കുന്നത്. ഏകധ്രുവ ലോകക്രമത്തില്‍ ഏക സൂപ്പര്‍ പവറാക്കി അമേരിക്കയെ വാഴിച്ചത് ഈ ശേഷിയാണ്. എന്നാല്‍ ഇന്ന് ആ ശേഷി ഇല്ലാതായിരിക്കുന്നു എന്നും, പകരം ബ്രിക്‌സ് -(ബ്രസീല്‍ - റഷ്യ - ഇന്ത്യ - ചൈന - ദക്ഷിണാഫ്രിക്ക) യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ബഹുധ്രുവ ലോകക്രമത്തിന് അടിത്തറപാകിയിരിക്കുന്നു എന്നുമുള്ള സന്ദേശമാണ് ഈ ഇടപാട് ലോകത്തിനു നല്‍കുന്നത്. ഇന്ത്യ യുദ്ധവിമാനങ്ങള്‍ക്കായി പരിഗണിച്ച ആറുകമ്പനികളിലുള്‍പ്പെട്ടിരുന്ന രണ്ട് അമേരിക്കന്‍ കമ്പനികളും ആദ്യ വട്ടപരിശോധനയില്‍ തന്നെ പുറത്തായിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളിലെ ശരാശരി പ്രകടനവും, ഉയര്‍ന്ന പരിപാലനച്ചെലവുമാണ് അവര്‍ക്ക് വിനയായത്. അവസാന റൗണ്ടിലെത്തിയ യൂറോ ഫൈറ്ററിന്റെ ടൈഫൂണ്‍ വിമാനങ്ങളേക്കാള്‍ കുറഞ്ഞ ടെന്‍ഡര്‍ നല്‍കിയതിനാലാണ് ഫ്രാന്‍സിന്റെ ദസാള്‍ട്ട് റഫൈല്‍ വിമാനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നു ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ഥ കാരണം ഫ്രാന്‍സുമായി വര്‍ധിച്ചുവരുന്ന ആണവസഹകരണമാണ് എന്നാണ് വിദഗ്ധമതം (എന്നാല്‍ ഇന്ത്യയിലെ സമീപകാല ചരിത്രം വെച്ചുനോക്കുമ്പോള്‍ അവസാന റൗണ്ടില്‍ എന്തൊക്കെ ഇടപാടുകളാണ് നടന്നിട്ടുള്ളതെന്ന് അറിയാനിരിക്കുന്നതേയുള്ളൂ).

അമേരിക്കയുടെ മുഷ്‌ക്കിനേറ്റ മറ്റൊരു തിരിച്ചടി ഐക്യരാഷ്ട്ര രക്ഷാസമിതിയിലാണ്. ബഹുജന പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന സിറിയന്‍ ഭരണാധികാരിയായ ബാഷര്‍ -അല്‍-അസദ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടുകൊണ്ട് അമേരിക്കയുടെ നിര്‍ദ്ദേശമനുസരിച്ച് ഒരു പ്രമേയം അറബ് ലീഗ് കൊണ്ടുവന്നിരുന്നു. ഇന്ത്യ - പാകിസ്ഥാന്‍ എന്ന കീരി - പാമ്പ് രാജ്യങ്ങള്‍ വരെ അമേരിക്കയ്ക്കുവേണ്ടി ഒരുമിച്ച് പ്രമേയത്തെ പിന്‍തുണച്ചെങ്കിലും റഷ്യയും ചൈനയും അത് വീറ്റോ ചെയ്തു. ഫലം പ്രമേയം പരാജയപ്പെട്ടു. മറിച്ച്, ജയിച്ചിരുന്നെങ്കില്‍ തന്നെ ബാഷര്‍ സ്ഥാനമൊഴിയില്ല. അപ്പോള്‍ സിറിയയില്‍ തങ്ങളുടെ കണ്ണിലെകരടായ ബാഷറിനെതിരെ ഒരു ഇറാഖ് ആവര്‍ത്തിക്കാനുള്ള കുതന്ത്രമായിരുന്നു അമേരിക്കയ്ക്ക്. പക്ഷേ സിറിയയുടെ സുഹൃത്തുക്കളായ റഷ്യയും ചൈനയും ഇറാഖിന്റെ കാര്യത്തില്‍ അനുവര്‍ത്തിച്ച ചരിത്രപരമായ വിഡ്ഢിത്തം ആവര്‍ത്തിച്ചില്ല.

ഇങ്ങനെ ഇന്ത്യ പോലെയുള്ള വികസ്വരരാജ്യങ്ങള്‍ പോലും അമേരിക്കയുടെ മേല്‍ തങ്ങളുടെ രാഷ്ട്രീയ തര്‍ക്കത്തില്‍ കളിക്കുന്നതാണ് നാമിപ്പോള്‍ കാണുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം പണ്ടത്തെപ്പോലെ ആവശ്യം വന്നാല്‍ സ്വന്തം ചെലവില്‍ യുദ്ധം നടത്താനുള്ള ശേഷി ഇല്ലാതെപോയ അമേരിക്കയുടെ ഗതികേടിലാണ് മറ്റുള്ളവരിപ്പോള്‍ തങ്ങളുടെ കളി തുടങ്ങിയിരിക്കുന്നത്. മുമ്പ് തങ്ങളുടെ മേല്‍ അമേരിക്ക കളിച്ച അതേ കൗശലവും സമ്മര്‍ദ്ദങ്ങളും അവര്‍ തിരിച്ചു പ്രയോഗിക്കുന്നു.

ഇങ്ങനെ അമേരിക്കയുടെ ഏകഛത്രാധിപ പദവി ഉലയുന്നതില്‍ സന്തോഷിക്കുമ്പോഴും സിറിയയിലെ പാവം ജനതയെക്കുറിച്ചു കൂടി നാം ഓര്‍ക്കണം. കഴിഞ്ഞ 11 മാസത്തിനിടയില്‍ ആയിരങ്ങളാണവിടെ കൊലചെയ്യപ്പെട്ടത്. ഈ വെള്ളിയാഴ്ച മാത്രം ഹോം നഗരത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവരുടെ മരണത്തിനുത്തരവാദി റിബല്‍ സൈന്യമാണെന്നും പറയുന്നുണ്ട്. ഏതായാലും പഴയ ഇറാഖികളെപോലെ ഒന്നുകില്‍ ബാഷറിന്റെ തോക്ക് അല്ലെങ്കില്‍ ഏതെങ്കിലും അധിനിവേശ സേനയുടെ ബോംബ് എന്ന നിലയില്‍ ആയുസ്സെണ്ണി കഴിയുകയാണ് സിറിയക്കാര്‍.

പ്രതാപം മങ്ങുന്ന അമേരിക്കയുടെ സ്ഥാനം പങ്കിട്ടെടുക്കാനൊരുങ്ങുന്ന ഇന്ത്യയുള്‍പ്പെടെയുള്ള പുതിയ അന്താരാഷ്ട്ര ശക്തികള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ സത്വരവും മനുഷ്യത്വപരവുമായ ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ അമാന്തിച്ചുകൂടാ.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 07 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തികമാന്ദ്യം കൊണ്ടും, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം കൊണ്ടും അമേരിക്കന്‍ ഐക്യനാടുകള്‍ തകര്‍ന്നടിയുമെന്നു കരുതുന്നത് കാളക്കുറ്റന്റെ പിന്നാലെ നടന്ന പഴയ കുറുക്കന്റേതുപോലെയുള്ള ഒരേര്‍പ്പാടായിരിക്കും. പക്ഷേ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു പറയാനാകും. അത് ശീതയുദ്ധാനന്തരം അമേരിക്ക ആസ്വദിച്ചനുഭവിച്ചിരുന്ന ഏകധ്രുവലോകക്രമം പതുക്കെ മാറുകയാണ് എന്ന വസ്തുതയാണ്. ഇങ്ങനെ ഒരു പുതിയ ബഹുധ്രുവലോകക്രമം എന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന രണ്ട് സംഭവങ്ങള്‍ കൊണ്ടാണ് അന്താരാഷ്ട്ര രംഗത്ത് പോയവാരം ശ്രദ്ധേയമായത്.