Tuesday, February 21, 2012

മാതൃഭാഷ: സാന്ത്വനവും പ്രതിരോധവും

"നമ്മുടെ ഭാഷ നമ്മുടെതന്നെ പ്രതിഫലനമാണ്. അത് നല്ല ചിന്തകളെ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നില്ലായെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ നമുക്കീ ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് ഞാന്‍ പറയും" - മഹാത്മാഗാന്ധി

ലോകമാതൃഭാഷാദിനമാണിന്ന്. മനുഷ്യരാശിയുടെ ചരിത്രത്തില്‍ , സ്വപ്നങ്ങളുടെ ഭാഷ മാതൃഭാഷയല്ലാതെ മറ്റൊന്നാവാന്‍ സാധ്യതയില്ലെന്ന് പണ്ഡിതമതം. ആശയവിനിമയത്തിനുള്ള ഉപാധി എന്നതിനുമപ്പുറം മനുഷ്യനെ സമൂഹജീവിയായി പരിവര്‍ത്തിപ്പിച്ച മുഖ്യഘടകം ഭാഷയാണ്. ഒരു പ്രത്യേക സമൂഹത്തിനേറ്റ ഏത് പ്രഹരവും അവിടത്തെ ഭാഷയ്ക്കും ബാധകമാവും. ആ ജനതയുടെ വളര്‍ച്ചയ്ക്ക് ചൂട്ടുവെളിച്ചം പകര്‍ന്നതും ആ ഭാഷയാണ്. ജീവിതത്തിന്റെ ഏറ്റവും ചെറിയ അനുഭവങ്ങള്‍ക്കുപോലും ആഴം കൈവരുന്നതിന്റെ അടിസ്ഥാനപരമായ കാരണവും നമ്മളാര്‍ജിച്ച ഭാഷാപരമായ തിരിച്ചറിവുതന്നെ.

ഭാഷ-സാംസ്കാരിക വൈവിധ്യങ്ങളെയും ബഹുഭാഷാത്വത്തെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസംഘടന ലോകമാതൃഭാഷാദിനത്തിനുള്ള ആഹ്വാനം മുഴക്കുന്നത്. ലോകത്തെ ആറായിരത്തോളം ഭാഷകള്‍ ഈ ദിനാചരണത്തില്‍ പങ്കാളിയാവുന്നു. അതെത്രമാത്രം അര്‍ഥവത്താകുമെന്നത് മറ്റൊരു കാര്യം. ഇന്ത്യ-പാക് വിഭജനത്തിനുശേഷം അല്‍പ്പകാലം കഴിഞ്ഞപ്പോഴേക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെയും കിഴക്കന്‍ പാകിസ്ഥാനിലെയും ജനതകള്‍ക്കിടയില്‍ അന്തരം സംഭവിച്ചുതുടങ്ങി. 1952ല്‍ കിഴക്കന്‍ പാകിസ്ഥാനുമേല്‍ ഉറുദുഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം കോളിളക്കമുണ്ടാക്കി. ഇതൊരു നിര്‍ബന്ധിതഭാഷാ കൈയേറ്റമാണെന്ന തിരിച്ചറിവില്‍ ജനങ്ങളെത്തിച്ചേര്‍ന്നു. കിഴക്കന്‍ മേഖലയിലെ കലാലയങ്ങള്‍ ബംഗാളി ഭാഷയ്ക്കും തങ്ങളുടെതന്നെ ആത്മാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ചിന്തിച്ചുതുടങ്ങി. ഉറുദുഭാഷയെ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം തെരുവുകള്‍ക്ക് കണ്ണും കാതും നല്‍കുംവിധം പ്രകോപനപരമായിരുന്നു. പ്രശസ്തമായ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതികരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലാതെവന്നു. അധികാരഗര്‍വിനുമുന്നില്‍ വിദ്യാര്‍ഥികള്‍ കലാപകാരികളാവുക സ്വാഭാവികം. അങ്ങനെ നൂറുകണക്കിനാളുകള്‍ തങ്ങളുടെ ഭാഷയ്ക്കുവേണ്ടി രക്തസാക്ഷികളായി. നിരവധിപേര്‍ ജയിലറയ്ക്കുള്ളിലായി. 1952 ഫെബ്രുവരി 21നായിരുന്നു ലോകം നടുങ്ങിയ ഈ കൂട്ടക്കൊല നടന്നത്. 1956 ആവുമ്പോഴേക്കും ബംഗാളിഭാഷയ്ക്കുവേണ്ടി നടന്ന സമരം വിജയത്തിലെത്തി. അങ്ങനെ അതും ഔദ്യോഗികഭാഷയായി. പില്‍ക്കാലത്ത് ബംഗ്ലാദേശിനെ ഒരു "മതേതരത്വ" രാജ്യമാക്കി രൂപപ്പെടുത്തിയതിനുപിന്നില്‍പോലും ഈ സമരത്തിന്റെ ആവേശം നിര്‍ണായകസ്വാധീനമായി. ബംഗ്ലാദേശില്‍ ഫെബ്രുവരി 21 മാതൃഭാഷാദിനമായി ആചരിച്ചുപോന്നു. രണ്ടായിരാമാണ്ടുമുതല്‍ യുഎന്‍ ഇത് ഏറ്റെടുക്കുകയും ലോകത്തിന് സമ്മാനിക്കുകയുംചെയ്തു. മാതൃഭാഷാബോധനവും സമഗ്രവിദ്യാഭ്യാസവും (ങീവേലൃ േീിഴൗല ശിെേൃൗരശേീി മിറ ശിരഹൗശെ്ല ലറൗരമശേീി) എന്നതാണ് ഇത്തവണത്തെ മാതൃഭാഷാദിനസന്ദേശം. കേരളീയ സാഹചര്യത്തില്‍ ഇതിന്റെ പ്രാധാന്യം ഗൗരവപൂര്‍വം ചര്‍ച്ചചെയ്യേണ്ടതാണ്. കോളനിവല്‍ക്കരണത്തിന്റെയും വൈദേശിക അധിനിവേശത്തിന്റെയും മലവെള്ളപ്പാച്ചിലിനിടയില്‍ അയ്യായിരത്തിലധികം ഭാഷകളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍മാത്രം മരണമടഞ്ഞത്. ഇത് ആ ഭാഷകളുടെമാത്രം മരണമല്ല. സാംസ്കാരികബോധത്തിന്റെയും ആ ഭാഷകള്‍ ആര്‍ജിച്ച പാരമ്പര്യ അറിവുകളുടെയും അനുഭവങ്ങളുടെയും മരണമാണ്. ഇംഗ്ലീഷ് ഔദ്യോഗികഭാഷയായ 55 രാജ്യങ്ങളാണ് ഇന്നുള്ളത്. ഇതില്‍ വിരലിലെണ്ണാവുന്ന ഇടങ്ങള്‍ ഒഴികെ ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് കോളനികളായിരുന്നു. കീഴടക്കിയതിന്റെ ധിക്കാരംതന്നെയാണ് അവയിലൂടെ ഇന്നും മുഴച്ചുനില്‍ക്കുന്നത്. ഇംഗ്ലീഷ് പഠിക്കരുതെന്നോ പഠിപ്പിക്കരുതെന്നോ ഉള്ള സമീപനം ആശാസ്യമല്ല; മൗലികവാദപരവുമാണ്. എന്നാല്‍ , മാതൃഭാഷയ്ക്ക് സമമല്ല മറ്റൊരു ഭാഷയുമെന്ന തിരിച്ചറിവ് കൂടിയേ തീരൂ.

ഏതൊരു വ്യക്തിക്കും ഇന്ത്യയിലെവിടെയും പ്രാഥമിക വിദ്യാഭ്യാസകാലംമുതല്‍ മാതൃഭാഷ അഭ്യസിക്കാനുള്ള സാഹചര്യമുണ്ടാവണം. ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ ഇടപെടുന്ന സകല സ്ഥലങ്ങളിലും അവര്‍ക്ക് മനസിലാവുന്ന അവരുടെ ഭാഷ ഔദ്യോഗികമായി അംഗീകരിക്കപ്പെടണം. നീതിന്യായ സംവിധാനമുള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളില്‍ മാതൃഭാഷ ഉപയോഗിക്കാനാവണം. അപ്പോഴാണ് ജനാധിപത്യം അതിന്റെ അപാരസാധ്യതകളിലേക്ക് മിഴി തുറക്കുന്നത്. നമ്മുടെ മാതൃഭാഷയായ മലയാളത്തിനുവേണ്ടിയും പ്രതിരോധമുയര്‍ത്തണം. ആഗോളവല്‍ക്കരണം മലയാളമുള്‍പ്പെടെയുള്ള ഭാഷകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ആഗോളവല്‍ക്കരണവിരുദ്ധ സമരത്തില്‍ അണിചേരാന്‍ ഭാഷാസ്നേഹികളെല്ലാം നിര്‍ബന്ധിതമാകുമെന്ന് തീര്‍ച്ച.

*
ഷിജുഖാന്‍ ദേശാഭിമാനി 21 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"നമ്മുടെ ഭാഷ നമ്മുടെതന്നെ പ്രതിഫലനമാണ്. അത് നല്ല ചിന്തകളെ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നില്ലായെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ നമുക്കീ ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് ഞാന്‍ പറയും" - മഹാത്മാഗാന്ധി