Saturday, September 11, 2010

കലിയും കലയും

'പാടുന്ന പിശാച് 'മുന്‍നിറുത്തി ഒരന്വേഷണം

"ചില കാരണങ്ങളാല്‍ ഞാന്‍ ഒട്ടേറെ മനഃക്ളേശം അനുഭവിച്ചിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഏതാണ്ട് ആത്മകഥാരൂപമായ ഈ കൃതി എഴുതിയത്... ഈ കൃതിയില്‍ അക്കാലത്തെ എന്റെ മനോവ്യാപാരങ്ങള്‍ അതേപടി കാണാവുന്നതാണ്.''

'പാടുന്ന പിശാച്' എന്ന കാവ്യത്തിന്റെ മുഖക്കുറിയായിക്കാണുന്ന കവിവാക്യങ്ങളില്‍ ചിലതാണിവ. മനഃക്ളേശത്തിനു കാരണം അസാധാരണമായ ഒരു പ്രണയബന്ധത്തിന്റെ തകര്‍ച്ചയും ഉറ്റവരാല്‍ വെറുക്കപ്പെട്ട അവസ്ഥയുമാണെന്ന് ചങ്ങമ്പുഴയുടെ ജീവചരിത്രഗ്രന്ഥങ്ങളില്‍നിന്നറിയാം. ഭര്‍ത്തൃമതിയും ആറു മക്കളുടെ അമ്മയുമായ ഒരു സ്‌ത്രീയുമായി അപകടത്തിന്റെ വക്കിലൂടെ ആനന്ദകരമായി തുടര്‍ന്നുപോന്ന അനുരാഗത്തിന്റെ പരിസമാപ്‌തിയായിരുന്നു അത്.

അങ്ങേയറ്റം അസ്വാസ്ഥ്യജനകമായ അനുഭവങ്ങളുടെ ആത്മകഥയായി ഈ കവിത വായിക്കാന്‍ കവിയുടെ ആമുഖവാക്യങ്ങള്‍ നമ്മെ ക്ഷണിക്കുന്നു. ഉല്‍ക്കടവും സൂക്ഷ്‌മവുമായ അനുഭവങ്ങളുടെ ആത്മകഥ തന്നെയല്ലേ എല്ലാ മികച്ച കലാസൃഷ്‌ടികളും? വ്യക്തിതലത്തിലെ അനുഭവത്തിന്റെ ഉല്‍ക്കടാവസ്ഥകള്‍ ഏതോ അനുപാതത്തില്‍ ഒരു സമയത്തിന്റെ അനുഭവങ്ങളുടെ പരോക്ഷവിതാനങ്ങളെ കടാക്ഷിച്ചുനില്‍ക്കും. ഈ കടാക്ഷം നേര്‍ക്കുനേരെയുള്ള നോട്ടമാവില്ല; സങ്കീര്‍ണമായിരിക്കും. സങ്കീര്‍ണതകള്‍ക്കിടയിലൂടെ അവയുടെ ഒത്തിരിപ്പ് ഫലിക്കുന്ന കൃതികളായിരിക്കില്ലേ മികച്ച കലാസൃഷ്‌ടികള്‍? വ്യക്ത്യനുഭവത്തിന്റെ ഉല്‍ക്കടാവസ്ഥകള്‍ അസ്ഥിയില്‍ക്കൊള്ളുമാറ് ആവിഷ്‌ക്കരിക്കുമ്പോഴായിരിക്കും അവ ആ സമയത്തിന്റെ സൂക്ഷ്‌മാനുഭവങ്ങളുമായി സഫലമായി ബന്ധം പുലര്‍ത്തുന്നതെന്നും പറയാന്‍ കഴിഞ്ഞേക്കും. എന്തായാലും വ്യക്തിജീവിതത്തിലെ ഒരു സവിശേഷസന്ദര്‍ഭം മുന്‍നിറുത്തി അനുഭവങ്ങളെ അസ്ഥിയില്‍ക്കൊള്ളുമാറ് ആവിഷ്‌ക്കരിക്കുകയാണ് 'പാടുന്ന പിശാച്'. അനുഭവങ്ങളെ അസാധാരണമാംവിധം ഉല്‍ക്കടമായി അനുഭവിക്കുകയും അസാധാരണമായി അനുഭവിക്കത്തക്കതരത്തില്‍ പുതുതായി സൃഷ്‌ടിക്കുകയുമാണ് കവി ചെയ്യുന്നതെന്നു പറയാം. ഈ സൃഷ്‌ടിയിലൂടെ ചില കലാരഹസ്യങ്ങളും അനാവരണം ചെയ്യപ്പെടുന്നുണ്ട്. സ്ഥൂലമായ ആത്മകഥാംശങ്ങളെക്കാള്‍ പ്രാധാന്യം അവയ്‌ക്കാണെന്നും വരാം.

II

ചങ്ങമ്പുഴയ്‌ക്ക് പല നിലയിലും അഭിമതനായിരുന്ന ബോദ്‌ലെയറുടെ ഭാഷയില്‍ കവി നരകത്തിന്റെ ഓമനയാണ് (hell's own pet). ചങ്ങമ്പുഴയും ഇവിടെ അങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത്. പതിനാറു ഖണ്ഡങ്ങളുള്ള ഈ ദീര്‍ഘകാവ്യത്തിന്റെ ഒന്നാംഖണ്ഡം ഒരേസമയം പേടിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന പാപമയൂരത്തിന്റെ അസാധാരണചിത്രത്തോടെയാണല്ലോ തുടങ്ങുന്നത്. കവി തന്റെ ഉള്ളിലുള്ള പാപം പുറത്തെടുത്ത് വ്യക്തിത്വം കൊടുത്ത് ആവിഷ്‌ക്കരിക്കുകയാണിവിടെ. കവിയിലെ പാപം ആവിഷ്‌കൃതരൂപത്തില്‍ സുന്ദരമായിത്തീരുന്നു. ലോകം തനിക്കു നരകമായും ലോകത്തിന് താന്‍ ചതുര്‍ഥിയായും തീരുന്ന ഭീകരമായ പൊരുത്തക്കേടില്‍ ഈ പാപമയൂരമല്ലാതെ ആരുമില്ല തനിക്കുറ്റവരായി എന്നാണു കവി പറയുന്നത്. ആ ഉറ്റമിത്രം തന്റെ മനസ്സ് കൊത്തിക്കുടിച്ചുകൊള്ളട്ടെ.

ആമുഖമെന്നോണം വരുന്ന ഈ വരികള്‍, പാപവുമായുള്ള ഒരു സംവാദമായി, മയൂരാകൃതി പൂണ്ടു സുന്ദരമായ പാപവുമായുള്ള സംവാദമായിക്കൂടി തുടര്‍ന്നുള്ള ഖണ്ഡങ്ങള്‍ വായിക്കാന്‍ സാധ്യത നല്‍കുന്നുണ്ട്. അവസാനഖണ്ഡത്തിന് ഏതാണ്ടൊരുപസംഹാരത്തിന്റെ സ്വരമാണ്. താനീ പ്രചണ്ഡപ്രലപനം നിറുത്തുകയാണെന്നും തനിക്കു മാപ്പു നല്‍കണമെന്നും മറ്റും.

ഇവയ്‌ക്കിടയിലുള്ള പതിനാലു ഖണ്ഡങ്ങളില്‍ മൂന്നുനാലു പ്രമേയങ്ങളാണ് പ്രധാനമായി ആവിഷ്‌ക്കരിക്കുന്നത്. ആദര്‍ശരശ്‌മികള്‍ മനസ്സില്‍ കുടിവച്ച നവയൌവനത്തില്‍ ദാരിദ്ര്യമായിരുന്നുവെങ്കിലും മനസ്സ് സൂര്യപ്രഭ നിറഞ്ഞതായിരുന്നു. ഈ ആദര്‍ശപരത വെടിഞ്ഞ്, പ്രായോഗികത്വത്തിന്റെ പാതയിലൂടെ ഭൌതികോല്‍ക്കര്‍ഷത്തിലേക്കു കുതിക്കാനാണ് സുഹൃത്ത് ഉപദേശിക്കുന്നത്. ഇത് സാഹചര്യത്തിന്റെ ഉപദേശമാവാം. ഈ ഉപദേശംകേട്ട് പട്ടാട മാറ്റി പടച്ചട്ടയണിഞ്ഞ് ഭൌതികോല്‍ക്കര്‍ഷത്തിലേക്കു കുതിക്കുന്ന കവിയെയാണ് പിന്നെ കാണുന്നത്. പ്രകൃതിശക്തികള്‍പോലും പിന്മാറത്തക്കവിധം ഉഗ്രവേഗത്തിലായിരുന്നു കുതിപ്പ്. അങ്ങനെ ക്രമേണ കാപട്യക്കാരനായി, മിത്രങ്ങളുടെ അസൂയാകലുഷിതമായ പ്രവൃത്തികളെ അതിജീവിച്ചു മുന്നേറിയപ്പോള്‍ ഉല്‍ക്കര്‍ഷലക്ഷ്‌മി വന്നു ചുംബിക്കുകയും താന്‍ അഹങ്കരിക്കുകയും ചെയ്‌തു. രണ്ടും മൂന്നും ഖണ്ഡങ്ങളിലെ പ്രതിപാദ്യം ഇതാണ്. അഹങ്കാരം തലയ്‌ക്കുപിടിച്ച കവി പിശാചായി മാറുന്നതാണ് അടുത്ത ഖണ്ഡത്തില്‍ കാണുന്നത്. പക്ഷേ അത് വെറും പിശാചല്ല, വൈരുധ്യങ്ങളുടെ കൂടാരമാണ് ; നല്ലതും ചീത്തയും കൂട്ടിക്കുഴച്ച വിചിത്രസൃഷ്‌ടിയാണ്:

"ഓടക്കുഴലൊരു കൈയില്‍, കൊടുന്തല-
യോടു മറ്റൊന്നി, ലൊന്നില്‍ക്കഠാരം,
വേറൊന്നില്‍ മദ്യചഷകം, സ്‌ഫുലിംഗങ്ങള്‍
പാറും ഗരളമൊരു കരത്തില്‍,
രക്തമിറ്റിറ്റു വീഴും കുടര്‍മാലകള്‍
തത്തിക്കളിക്കുന്ന ഹസ്‌തമേകം
ശ്രീലസൌരഭ്യമെഴും മലര്‍മാലകള്‍
ചേലഞ്ചി മിന്നുന്ന ഹസ്‌തമന്യം,
ഹസ്‌തമൊന്നില്‍ ഗീത; മറ്റൊന്നില്‍ കാമാഗ്നി
കത്തുന്ന പൂരപ്രബന്ധകാവ്യം.''

കിന്നരത്വത്തില്‍നിന്ന് പൈശാചികത്വത്തിലേക്കുള്ള ഈ പരിണാമമാണ് ഒരു പ്രമേയം. ഈ മാറ്റംമൂലം അനുഭവിക്കുന്ന ആത്മനിന്ദയാണ് അഞ്ചാംഖണ്ഡത്തില്‍ വര്‍ണിക്കുന്നത്.

മറ്റൊരു പ്രധാനപ്രമേയം പാപിയും പിശാചുമായ കവിയും സ്‌ത്രീയുമായുള്ള ബന്ധത്തിന്റേതാണ്. ആറ്, എട്ട്, ഒന്‍പത്, പത്ത് എന്നീ ഖണ്ഡങ്ങളില്‍ ഏറെക്കുറെ അതാണു ചിത്രീകരിക്കുന്നത്. ഇതില്‍ ചിത്രീകരിക്കപ്പെടുന്ന സ്‌ത്രീ ദേവതയെപ്പോലെ പരിശുദ്ധയാണ്. അത് കവിയുടെ പ്രേമഭാജനമായിരുന്ന ദേവിയാവാം. സ്‌ത്രീയെ സംബന്ധിക്കുന്ന തന്റെ വിശുദ്ധസങ്കല്‍പങ്ങളെല്ലാം അവളില്‍ സാക്ഷാല്‍ക്കരിക്കുകയാവാം. താന്‍ മുള്ളുമുരിക്കും അവള്‍ മുല്ലവള്ളിയും; താന്‍ നിര്‍ദയചിത്തവും അവള്‍ തപോവനവും. പിശാചായ തന്നോട് അടുക്കേണ്ടെന്ന ആഹ്വാനമാണ് പിന്നീട്. അടുത്താല്‍ കൊന്നു കുടര്‍മാല ചാര്‍ത്തും. പക്ഷേ സ്‌ത്രീ തന്നെ വീണ്ടും ഗന്ധര്‍വനാക്കി മാറ്റുന്നുവെന്നാണ് അനുഭവം. ബാഹ്യലോകത്തിന്റെ നടപടിക്രമങ്ങളോടുള്ള തുറന്ന പരിഹാസവും വിമര്‍ശനവുമാണ് ഇനിയൊരു പ്രമേയം. രാഷ്‌ട്രീയക്കാരെയും സാഹിത്യമെഴുത്തുകാരെയുമാണ് തുറന്നു വിമര്‍ശിക്കുന്നത്. രാഷ്‌ട്രീയക്കാരില്‍ കമ്യൂണിസ്‌റ്റുകാരും സാഹിത്യകാരില്‍ കവികളുമാണ് രൂക്ഷപരിഹാസത്തിനിരയാവുന്നത്.

'കമ്യൂണിസത്തിനാണിപ്പോള്‍ വിലക്കേറ്റം
ചുമ്മാ പറഞ്ഞു നടന്നാല്‍ മതി'

എന്നും

'സ്റാലിന്റെ മീശതാന്‍ മീശ-യാമീശപോ
ലീലോകത്തിന്നൊരു മീശയില്ല'

എന്നും

'സാഹിത്യകാരന്മാര്‍ സാഹിത്യകാരന്മാര്
സാഹസികന്മാര്‍ ഭയങ്കരന്മാര്‍'

എന്നും മറ്റുമുള്ള വരികള്‍ ഓര്‍ക്കുക. പന്ത്രണ്ടു മുതല്‍ പതിനഞ്ചുവരെയുള്ള ഖണ്ഡങ്ങളില്‍ ഇവ വ്യാപിച്ചുകിടക്കുന്നു.

മിത്രങ്ങളുടെ പെരുമാറ്റമാണ് മറ്റൊരു പ്രമേയം. അനുരാഗം തന്നെ വഞ്ചിച്ചു; അതുകൊണ്ട് സൌഹൃദത്തില്‍ അഭയം തേടി. അതും തനിക്കു വിനയായി എന്നാണ് കവി പറയുന്നത്. മിത്രങ്ങളെയാണ് ശത്രുക്കളെക്കാള്‍ ഭയപ്പെടേണ്ടതെന്നും അവര്‍ സര്‍പ്പങ്ങളെക്കാള്‍ ഭയങ്കരന്മാരാണെന്നും കാലില്‍ ചുറ്റിപ്പിണഞ്ഞു കടിച്ചുകീറുകയും ചത്താലും പട്ടടച്ചാരം കൂടി ചികഞ്ഞുകൊത്തുന്നവരാണെന്നും കടുവാക്കുകള്‍ തന്നെ മിത്രങ്ങളെക്കുറിച്ചു പറയുന്നു. അതിവാദങ്ങളോടെയാണെങ്കിലും സൌഹാര്‍ദത്തെ പ്രശ്‌നവല്‍ക്കരിക്കാനുള്ള ശ്രമം ഇവിടെയുണ്ട്. ലോകത്തെ കൊലക്കളമാക്കുന്ന മനുഷ്യന്റെ യുദ്ധക്കൊതി വിമര്‍ശിക്കപ്പെടുന്നുണ്ട്.

III

ഈ പ്രമേയങ്ങളെ ഒന്നടുക്കിവച്ചു നോക്കിയാല്‍ ആത്മവിമര്‍ശനവും ബാഹ്യലോകവിമര്‍ശനവുമാണ് അവയില്‍ പ്രധാനമായുള്ളതെന്നു കാണാം. അവ പലപ്പോഴും വേറിട്ടു നില്‍ക്കുകയല്ല, കൂടിക്കലര്‍ന്നു വരികയാണ്. അല്ലെങ്കില്‍ അവയെ അങ്ങനെ വേര്‍തിരിക്കുന്നതിലും അര്‍ഥമില്ല. പരപരിഹാസങ്ങളില്‍ പലതും ആത്മപരിഹാസവും ആകാവുന്നതാണ്. എന്തായാലും ഇവയ്‌ക്കിടയില്‍ കാന്തിമത്തായ ഒരു ഖണ്ഡമുള്ളത് സ്‌ത്രീയുമായുള്ള ബന്ധം ചിത്രീകരിക്കുന്ന ചില ഇടങ്ങളാണ്. പാപത്തിലേക്കും പൈശാചികത്വത്തിലേക്കും ആണ്ടാണ്ടുപോകുമ്പോഴും തന്നിലെ ഗന്ധര്‍വനെ തിരിച്ചറിയാന്‍ ഇടനല്‍കുന്നത് അവളുടെ സാന്നിധ്യമാണ്. ഈ വരികള്‍ ശ്രദ്ധിക്കുക:

"രാഗപരവേശേ, മജ്ജീവിതത്തില്‍ നീ-
യാഗമിച്ചില്ലായിരുന്നുവെങ്കില്‍,
കാണാതെയെന്‍ കണ്ണടഞ്ഞേനെയെന്നിലീ
വീണവായിക്കും പിശാചിനെ ഞാന്‍!
എന്നെ നീ കാണിച്ചുതന്നു, നിന്‍ പ്രേമത്തിന്‍
മിന്നിജ്വലിക്കുമപ്പൊന്നൊളിയില്‍.
ഇന്നോളം വഞ്ചിച്ചു ലോകത്തെയൊന്നായ് ഞാന്‍;
മുന്നില്‍ നീയെത്തി, ഞാനാളുമാറി.
താനേ കുനിഞ്ഞുപോകുന്നു നിന്‍മുന്നിലെ-
ന്നാനനം - ശക്തിസ്വരൂപിണി നീ!
ഇത്രയും നാളെന്‍ വിജയം പരാജയ;-
മിത്തോല്‍വിയാണെന്‍ ജയാഭിഷേകം.
നീയടുക്കുംതോറുമെന്നില്‍ നിന്നങ്ങനെ
പായുകയാണാപ്പിശാചു ദൂരേ.
വീണവായിക്കുമഗന്ധര്‍വനെത്തന്നെ
കാണും നീയെന്നില്‍ മരിക്കുവോളം!''

ഈ ഗന്ധര്‍വത്വം കലയുടെ ഇടംതന്നെയല്ലേ? അങ്ങനെയാണെങ്കില്‍ കല സാക്ഷാല്‍കൃതമാകുന്നത് ഇവിടെ സ്‌ത്രീയുമായുള്ള ബന്ധത്തിലൂടെയാണെന്നും പറയാന്‍ കഴിയും. അഭികാമ്യമായ ഒരാസ്വാദകസത്തയാണ് ഈ സ്‌ത്രീരൂപത്തിന്റെ ചൈതന്യമായി വര്‍ത്തിക്കുന്നതെന്നു വന്നേക്കാം. അതിന്റെ മുന്‍പിലാണ് കല സാക്ഷാല്‍കരിക്കപ്പെടുന്നതെന്നതിനു സംശയമില്ലല്ലോ. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച, കവിയുടെ ആത്മകഥാഭാഗത്തിലെ നായികയെപ്പറ്റി 'ചങ്ങമ്പുഴ കൃഷ്‌ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രത്തില്‍ എം.കെ. സാനു പറയുന്നു: "ഒന്നാന്തരം ആസ്വാദനശേഷിയാല്‍ അനുഗൃഹീതയായിരുന്നു അവര്‍. ആ അഭിരുചി വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ കവനകലയുടെ ദേവദൂതനായ ഒരാളെ കണ്ടുമുട്ടിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുക സ്വാഭാവികം മാത്രം'' (പുറം 122). വ്യക്തിതലത്തിലുള്ള ആസ്വാദനവൈഭവത്തെ ഇവിടെ ആസ്വാദനത്തിന്റെ വിധ്യാത്മകോര്‍ജമായി മനസ്സിലാക്കത്തക്ക തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സൃഷ്‌ടിയും ആസ്വാദനവും തമ്മിലുള്ള ഈ ബന്ധവും സ്‌ത്രീപുരുഷന്മാര്‍ തമ്മിലുള്ള ആകര്‍ഷണവും ഏതോ അനുപാതത്തില്‍ കൂടിക്കലര്‍ന്ന് പരസ്‌പരം ഉജ്ജീവനം നല്‍കുകയാവണം ഇവിടെ. കലയുടെ സാക്ഷാല്‍ക്കാരത്തെ സംബന്ധിക്കുന്ന ഒരു തത്വം ഇവിടെ അടങ്ങിയിട്ടുണ്ടെന്നുതന്നെ തോന്നുന്നു.

കലയുടെ ഇടത്തെപ്പറ്റിയെന്നപോലെ സ്വഭാവത്തെപ്പറ്റിയും ഈ കവിതയില്‍ ചിന്തകളുണ്ട്. പതിനാലാം ഖണ്ഡത്തിലാണ് അതു വരുന്നത്. എഴുത്തും ജീവിതവും തമ്മില്‍ പൊരുത്തമുണ്ടെങ്കിലേ സല്‍കാവ്യമുണ്ടാകൂ. അതാണാദര്‍ശം. പക്ഷേ ആ ആദര്‍ശത്തിലെത്തിച്ചേരുന്നത് ദുസ്സാധ്യംതന്നെ. എങ്കിലും കലാസൃഷ്‌ടികള്‍ ഉണ്ടാകുന്നുണ്ട്. അവയുടെ നന്മകള്‍ ആസ്വദിക്കുകയാണ് കരണീയം. ചേറ്റില്‍ വിരിയുന്നതുകൊണ്ടു താമരപ്പൂവോ മുള്ളുള്ളതുകൊണ്ട് പനിനീര്‍പ്പുവോ ആസ്വദിക്കാതിരിക്കേണ്ട കാര്യമില്ല. കുഷ്‌ഠരോഗിയായ ചിത്രകാരന്റെ ചിത്രം ആസ്വദിച്ചാല്‍ രോഗം പകരില്ല. അന്ധന്റെ സംഗീതം ആസ്വദിച്ചാല്‍ ആന്ധ്യവും വരില്ല. ഇത്തരം ബാഹ്യാവസ്ഥകളല്ല കലാസൌന്ദര്യത്തെ നിര്‍ണയിക്കുന്നത്. പിന്നെയോ?

"ഉല്‍പാദ്യസത്തയിലുല്‍പാദകസത്ത-
യുള്‍പ്പുക്കവിഭാജ്യമായിടുമ്പോള്‍
തജ്ജന്യശക്തിയാല്‍ താനേ ജനിപ്പതാ-
ണുല്‍കൃഷ്‌ടമാം കലോല്‍പാദനങ്ങള്‍.''

സ്രഷ്‌ടാവിനെ പരിഗണിക്കേണ്ട; സൃഷ്‌ടിയുടെ ഗുണദോഷങ്ങള്‍ കണ്ടറിഞ്ഞാല്‍ മതി എന്നു പറയുമ്പോഴും, കലാസൃഷ്‌ടിയിലൂടെ ആവിഷ്‌കൃതമാകുന്ന വ്യക്തിത്വമാണ് യഥാര്‍ഥ വ്യക്തിത്വമെന്ന് ഇവിടെ സൂചിപ്പിക്കുന്നു. ലോകദൃഷ്‌ടിയില്‍ നിന്ദ്യമോ പരിഹാസ്യമോ ആയ നടപടികളൊന്നും അപ്പോള്‍ യഥാര്‍ഥ വ്യക്തിസത്തയില്‍ പുഴുക്കുത്തുണ്ടാക്കുന്നില്ല. അഥവാ ബാഹ്യദൃഷ്‌ടിയിലെ പാപങ്ങളും തിന്മകളും ആന്തരവല്‍ക്കരിച്ച് കലാസൃഷ്‌ടിയാക്കുന്നതിലൂടെ ആ കലാവ്യക്തിത്വം തന്റെയും വ്യക്തിത്വമായിത്തീരുകയാണ് ചെയ്യുന്നത്.

സ്രഷ്‌ടാവും ആസ്വാദകസത്തയും തമ്മിലുള്ള ലയം, സ്രഷ്‌ടാവിന്റെ സത്തയും കലാവസ്‌തുവും തമ്മിലുള്ള ലയനം - കലാസൃഷ്‌ടിയെ സംബന്ധിക്കുന്ന ഈ ആദര്‍ശങ്ങള്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ്, ഈ നീണ്ട കാവ്യത്തില്‍, വിധിരൂപത്തിലുള്ള സ്വരം മേല്‍ക്കൈ നേടുന്നതെന്ന് ഇക്കാലത്ത് ശ്രദ്ധിക്കാം. ബാക്കിയെല്ലായിടത്തും നിഷേധങ്ങളും നിന്ദനങ്ങളും ആത്മാനുതാപവും മറ്റുമാണ്.

കലയെ സംബന്ധിക്കുന്ന ഈ തത്വങ്ങള്‍, കലയെ ജീവിതത്തിനും മേലെയായി കാണുന്ന സിംബലിസ്‌റ്റ് സൌന്ദര്യസങ്കല്‍പത്തോടു ചാഞ്ഞുനില്‍ക്കുന്നു. സിംബലിസ്‌റ്റ് കവികളെപ്പോലെ സമൂഹത്തില്‍നിന്നു ഭ്രഷ്‌ടരായവര്‍ക്കേ മഹത്തായ കല സൃഷ്‌ടിക്കാന്‍ കഴിയൂ എന്ന ഭാവവും ചങ്ങമ്പുഴ ഇതില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് തന്നിലെ പാപത്തോടുള്ള സംവാദത്തിനും പൈശാചികത്വത്തിന്റെ വെളിപ്പെടുത്തലിനും അത്രയേറെ ഈരടികള്‍ ഉപയോഗിക്കുന്നത്. എന്തായാലും കത്തിവേഷത്തിന്റെ സൌന്ദര്യംപോലെ എന്തോ ഒന്ന് നമ്മെ അങ്ങോട്ടാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കുമ്പസാരമോ പാപത്തിലേക്കുള്ള അനിയന്ത്രിതമായ ആകര്‍ഷണമോ സാമൂഹിക വിമര്‍ശനമോ മാത്രമല്ല 'പാടുന്ന പിശാച് '. അതിലുപരി ഒരു കലാദര്‍ശനമാണ്.

IV

ആഖ്യാനസ്വഭാവം ചിലേടത്തുണ്ടെങ്കിലും രേഖീയമായ പുരോഗതിയോടുകൂടി കഥാഖ്യാനം നിര്‍വഹിക്കുന്ന കാവ്യമല്ല 'പാടുന്ന പിശാച് '. പല ചിത്രങ്ങള്‍ കൂടിച്ചേര്‍ന്ന അവസ്ഥയുടെ വലിയൊരു ചിത്രമാകുന്നതുപോലെയുണ്ടിത്. ചങ്ങമ്പുഴക്കവിതയ്‌ക്ക് പൊതുവില്‍ സംഗീതത്തോടുള്ള ആഭിമുഖ്യം ഒട്ടൊക്കെ കുറയുകയും സ്ഥലത്തില്‍ നിര്‍മിച്ച ചിത്രങ്ങളുടെ പരമ്പരപോലെ നോക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ കവിത. ആദ്യത്തെ പാപമയൂരവും നാനൂറുകൈകളുള്ള കൊലപ്പിശാചായി തന്നെ ചിത്രീകരിക്കുന്ന രംഗവും പാതിരയോളം പണിത്തിരക്കില്‍പെട്ട് തളര്‍ന്നുറങ്ങുന്ന നഗരവും മറ്റും ചിത്രങ്ങള്‍പോലെ തോന്നും. അതുപോലെ ചില സൂക്ഷ്‌മസ്വഭാവവര്‍ണനകളും ചിത്രത്തോടോ ചലിക്കുന്ന ചിത്രത്തോടോ സാമ്യം വഹിക്കുന്നവയാണ്.

"എന്‍മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കിടു-
കെന്നെക്കുറിച്ചു നീയെന്തറിഞ്ഞു?
കണ്ടോ വളഞ്ഞുകൂര്‍ത്തുള്ളൊരിദംഷ്‌ട്രകള്‍
കണ്ടോ നീ കണ്ണിലെത്തീപ്പൊരികള്‍!
രക്തം കുടിച്ചു മദിച്ചു പുളയ്‌ക്കുമീ-
യത്യന്തരൂക്ഷമാം നാക്കുനോക്കൂ!''

എന്ന വര്‍ണന ഒരുദാഹരണം. ഹോട്ടലിലും ബാര്‍ബര്‍ഷാപ്പിലും കാണുന്ന 'ഇസ്‌റ്റു'കളുടെ വര്‍ണനയും 'എന്താ ഹേ നിങ്ങള്‍ക്ക് തര്‍ക്കമുണ്ടോ!' എന്നു സ്‌റ്റാലിന്റെ മീശയുടെ മേന്മ പറയുന്ന നേതാവും കാരിക്കേച്ചറുകള്‍പോലെ. മഹാകവിപ്പട്ടത്തിനു ചുറ്റും കൂടുന്ന കവികളും അങ്ങനെതന്നെ. മൃഗലോകത്തിന്റെ മേന്മ വിപരീതലക്ഷണയാ സ്ഥാപിക്കുന്നിടത്ത് മനുഷ്യര്‍ക്കിടയിലെ പരിഷ്‌കാരങ്ങള്‍ പരിഹസിക്കപ്പെടുന്നുണ്ട്. അതില്‍ വരുന്ന പരിഷ്‌കാരിണികളായ സ്‌ത്രീകളുടെ ചിത്രത്തിനും ഈ സ്വഭാവമുണ്ട്.

"കാതില്‍ ഗുളോപ്പിട്ടിടതുഭാഗം തല
കോതി മുഖത്തു ചുണ്ണാമ്പുപൂശി'' മറ്റും മറ്റും.

ഈ ചിത്രസ്വഭാവത്തോടു പൊരുത്തപ്പെടുന്ന മട്ടില്‍ ഗദ്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന വാക്യഘടനയും ഈ കവിതയില്‍ ശ്രദ്ധാര്‍ഹമാംവിധമുണ്ട്. "പുതിയ കവിതയിലെ സാമ്പ്രദായിക വൃത്തനിരാസത്തിലേക്ക് പ്രവേശിക്കാനുള്ള കല്‍പടവായത് കേകയാണോ എന്നു തോന്നിപ്പോവുന്നു'' എന്ന് 'കവിതയും ഭാഷയും' എന്ന ഗ്രന്ഥത്തില്‍ കെ.എം. പ്രഭാകരവാരിയര്‍ സംശയിക്കുന്നുണ്ട് (പു. 95). ഈ കവിതയുടെ വൃത്തം മഞ്ജരിയാണെങ്കിലും പല ഈരടികളും ഗദ്യത്തിന്റെ വടിവിനു പാകത്തിലാണ്.

'കാട്ടുമൃഗങ്ങളെ, നിങ്ങള്‍ക്ക് കാറില്ല
കോട്ടില്ല ഷര്‍ട്ടില്ല സഞ്ചിയില്ല'

എന്നു തുടങ്ങുന്ന ഭാഗംപോലെ പലതുണ്ട്. പുതിയ കവിതാഭാഷയിലേക്കുള്ള പരിണാമത്തിന്റെ സൂചനകള്‍ എന്തായാലും ഇതില്‍ കാണാം.

V

ആഖ്യാനസ്വഭാവത്തിന്റെ കുറവ്, അവസ്ഥാചിത്രങ്ങള്‍ എന്ന നിലയ്‌ക്കുള്ള ആവിഷ്‌ക്കരണം, ഗദ്യത്തോടടുത്തുനില്‍ക്കുന്ന ഭാഷാഘടന, രൂപകാത്മകമോ ചിത്രാത്മകമോ ആയ അവതരണരീതി മുതലായവ മലയാളത്തിലെ ആധുനികതാവാദകവിതകളില്‍ സാമാന്യേന കാണാവുന്ന സവിശേഷതകളാണ്. അവയില്‍ പലതിലേക്കുമുള്ള പരിണാമത്തിന്റെ ലക്ഷണങ്ങള്‍ 'പാടുന്ന പിശാചി'ല്‍ കാണാം. പരുക്കത്തം നിറഞ്ഞ ഭാഷ, കാവ്യോചിതമെന്നു കരുതപ്പെടാത്ത പദപ്രയോഗങ്ങള്‍, ആംഗലഭാഷാപദങ്ങള്‍ മുതലായവകൊണ്ട് സാധാരണ ഭാഷാസ്വഭാവങ്ങളിലേക്ക് കാവ്യഭാഷ മാറിപ്പോകുന്നതും ആധുനികതാവാദകവിതയുടെ സ്വഭാവമാണ്. ആ സവിശേഷതകളും 'പാടുന്ന പിശാചി'ല്‍ ശ്രദ്ധാര്‍ഹമാംവിധമുണ്ട്:

"നിങ്ങള്‍ 'താങ്ക്സ് ' 'സ്‌ക്യൂസ്' 'നോമെന്‍ഷനി'ത്യാദി
ഭംഗിവാക്കൊന്നും പറയാറില്ല.''

എന്നതുപോലെ പലതും. ഈ കവിതയുടെ സത്തായ കലാദര്‍ശനവും ആധുനികതാവാദകവിതയില്‍ തീരെ കൈയൊഴിക്കപ്പെട്ടില്ല, വാസ്‌തവത്തില്‍. ഈ കവിതയില്‍ 'ഇസ്‌റ്റു'കളെ അവതരിപ്പിക്കുന്നിടത്തും പരിഷ്‌കാരികളെ അവതരിപ്പിക്കുന്നിടത്തും കാണുന്ന പദപ്രയോഗങ്ങള്‍ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം', 'കുരുക്ഷേത്രം' മുതലായ കവിതകളില്‍ തുടരുന്നില്ലേ? ആ ആശയസമീപനരീതിയും തുടരുന്നില്ലേ? അങ്ങനെ നോക്കുമ്പോള്‍ മലയാളത്തിലെ ആധുനികതാവാദകവിതയുടെ ചില സ്വഭാവങ്ങളിലേക്ക് 'പാടുന്ന പിശാച് ' കടാക്ഷിച്ചുനില്‍ക്കുന്നുണ്ടെന്നു പറയാന്‍ കഴിയും.

*****

എന്‍. അജയകുമാര്‍, റീഡര്‍, മലയാളവിഭാഗം, ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല, കാലടി

കടപ്പാട് :ഗ്രന്ഥാലോകം മെയ് 2010

അധിക വായനയ്‌ക്ക് :
1.ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും
2.ചങ്ങമ്പുഴയുടെ കാവ്യാദര്‍ശം
3.രണ്ട് കത്തുകള്‍
4.ചങ്ങമ്പുഴയുടെ പ്രത്യയശാസ്‌ത്രം
5.ചങ്ങമ്പുഴക്കവിതയിലെ വൃത്തമഞ്‌ജരികള്‍
6.ചങ്ങമ്പുഴയും കളിയരങ്ങും

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"ചില കാരണങ്ങളാല്‍ ഞാന്‍ ഒട്ടേറെ മനഃക്ളേശം അനുഭവിച്ചിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഏതാണ്ട് ആത്മകഥാരൂപമായ ഈ കൃതി എഴുതിയത്... ഈ കൃതിയില്‍ അക്കാലത്തെ എന്റെ മനോവ്യാപാരങ്ങള്‍ അതേപടി കാണാവുന്നതാണ്.''

'പാടുന്ന പിശാച്' എന്ന കാവ്യത്തിന്റെ മുഖക്കുറിയായിക്കാണുന്ന കവിവാക്യങ്ങളില്‍ ചിലതാണിവ. മനഃക്ളേശത്തിനു കാരണം അസാധാരണമായ ഒരു പ്രണയബന്ധത്തിന്റെ തകര്‍ച്ചയും ഉറ്റവരാല്‍ വെറുക്കപ്പെട്ട അവസ്ഥയുമാണെന്ന് ചങ്ങമ്പുഴയുടെ ജീവചരിത്രഗ്രന്ഥങ്ങളില്‍നിന്നറിയാം. ഭര്‍ത്തൃമതിയും ആറു മക്കളുടെ അമ്മയുമായ ഒരു സ്‌ത്രീയുമായി അപകടത്തിന്റെ വക്കിലൂടെ ആനന്ദകരമായി തുടര്‍ന്നുപോന്ന അനുരാഗത്തിന്റെ പരിസമാപ്‌തിയായിരുന്നു അത്.

അങ്ങേയറ്റം അസ്വാസ്ഥ്യജനകമായ അനുഭവങ്ങളുടെ ആത്മകഥയായി ഈ കവിത വായിക്കാന്‍ കവിയുടെ ആമുഖവാക്യങ്ങള്‍ നമ്മെ ക്ഷണിക്കുന്നു. ഉല്‍ക്കടവും സൂക്ഷ്‌മവുമായ അനുഭവങ്ങളുടെ ആത്മകഥ തന്നെയല്ലേ എല്ലാ മികച്ച കലാസൃഷ്‌ടികളും?