Wednesday, February 16, 2011

അഴിമതി പാടില്ലെന്ന്

കേരളത്തില്‍ വന്ന് വന്‍പദ്ധതികള്‍ തുറന്ന് 'രാജ്യത്തിന് സമര്‍പ്പി'ക്കുന്നതിനുമുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ത്യക്കാരോടായി നടത്തിയ ഒരു ഉദ്ബോധനം, വാര്‍ത്തകളുടെ തിക്കിലും തിരക്കിനും ഇടയില്‍, വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. സര്‍വരും ശ്രദ്ധിക്കേണ്ടിയിരുന്ന ഒരുപദേശം! പക്ഷേ, നമ്മുടെ പത്രക്കാരുടെ ഫലിതബോധത്തിന്റെ ന്യൂനത കാരണം, അത് വേണ്ടവിധത്തില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയാതെപോയി.

പ്രധാനമന്ത്രി പറഞ്ഞത് ഒരു മഹാസത്യമാണ്-അഴിമതി പാടില്ല, അതു നിര്‍ത്തണം എന്ന്. ഒരു പ്രധാനമന്ത്രിയും ഇങ്ങനെ തുറന്ന് ഇത്ര ഉഗ്രമായി ഈ വിഷയത്തില്‍ നിഷേധം പറഞ്ഞിട്ടില്ല. പക്ഷേ ആരോടാണ് അദ്ദേഹം ഈ ഉദ്ബോധനം പറഞ്ഞത്? അഴിമതി നടത്തുന്നവരോടാണല്ലോ അത് പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുള്ളൂ. ഞാന്‍ അഴിമതിക്കാരനല്ല. നാട്ടുകാരും എന്നെപ്പോലെ നിരപരാധികള്‍. ഇവിടത്തെ പത്രപ്രവര്‍ത്തകരോ അധ്യാപകരോ അഴിമതിവീരരല്ല.

പത്രം വായിക്കുന്ന ജനങ്ങള്‍ മനസിലാക്കിയിരിക്കുന്നത് ഈ രാജ്യത്ത് അഴിമതി നടക്കുന്നുണ്ടെങ്കില്‍, അത് ഇന്ത്യയില്‍ ഡോ. മന്‍മോഹന്‍സിങ്ങിന്റെ യുപിഎ ഗവൺമെന്റാണ് എന്നാണ്. സ്പെക്ട്രം അഴിമതി എന്ത് 'ഡോസ്' ആയിട്ടാണ് വന്നത്. രണ്ടുംകൂടി ചേര്‍ത്താല്‍, എത്രയോ നൂറു കോടികള്‍ വരും. അക്കത്തിലെഴുതിക്കാണിക്കാന്‍ എനിക്കാവില്ല. 2ജി, 3ജി എന്നൊക്കെ ഈ സ്പെക്ട്രം അഴിമതി വിഭജിക്കപ്പെട്ടിട്ടുണ്ട്. 2ജി 2008ല്‍ നടന്നപ്പോള്‍, 3ജി 2010ല്‍ നടന്നു. 2001ല്‍ നിശ്ചയിച്ച വിലയേക്കാള്‍ വളരെ കൂടുതല്‍ ഉണ്ടായിരുന്നു 2008ല്‍. 2001ലെ വിലയനുസരിച്ച് അഡ്വാന്‍സ് നല്‍കിയെന്നാണ് ആദ്യത്തെ പരാതി. അതില്‍ വന്ന നഷ്ടവും 3ജിയില്‍ വന്ന നഷ്ടവും ഇന്ത്യന്‍ ജനതയ്ക്ക് താങ്ങാവുന്നതല്ല. ഇത്ര ഭീമവും ബൃഹത്തും ആയ ഒരു വ്യാജ ഇടപാട്, അഴിമതിയുടെ ഇതിഹാസം നരസിംഹറാവുവിന്റെ കാലംതൊട്ട് ചമച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ മുമ്പുണ്ടായിട്ടില്ല. 2004ല്‍ ആണല്ലോ ലോക്സഭാംഗമല്ലാത്ത ഈ പ്രധാനമന്ത്രി അധികാരക്കസാലയില്‍ കയറിയിരിപ്പായത്. 2005ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ കുംഭകോണം 17 കോടി രൂപ. അതിതുച്ഛമെന്ന് സിങ്ങിന് തോന്നിയതുകൊണ്ടാവാം അടുത്ത കൊല്ലം വന്ന അഴിമതി ശവപ്പെട്ടി നിര്‍മാണ കുംഭകോണമായിരുന്നു. ഏകദേശം പത്തമ്പതിനായിരം കോടി രൂപ.

പിന്നെ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പുറകോട്ടുനോക്കേണ്ടിവന്നിട്ടില്ല. 2008ല്‍ നടന്ന ഹസന്‍ അലിഖാന്‍ നികുതിവെട്ടിപ്പ് അഴിമതി അമ്പതിനായിരം കോടിയുടേതാണ്. 2008ലെ സത്യം കംപ്യൂട്ടര്‍ കുംഭകോണം 10000 കോടി രൂപയുടേതാണ്. തുക ചെറുതെങ്കിലും 'സത്യം' എന്ന പേരില്‍ നടത്തിയിരുന്ന അഴിമതി ഓര്‍മിക്കപ്പെടേണ്ടതല്ലേ? സ്പെക്ട്രം അഴിമതി (രണ്ടെണ്ണം) പറഞ്ഞല്ലോ. 'സത്യം' പോലെതന്നെ ശ്രേഷ്ഠമായ പേരില്‍ 2010ല്‍ മുംബൈയില്‍ ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം നടന്നു-പതിനായിരം കോടി രൂപ. കഴിഞ്ഞ കൊല്ലം ക്രിക്കറ്റ് ലേലംവിളിയിലും കോമൺവെല്‍ത്ത് കളിയിലുംകൂടി അറുപതിനായിരത്തോളം കോടി രൂപ.

ഈ അഴിമതിക്കെല്ലാം സാക്ഷിയായി പരബ്രഹ്മ തുല്യമായി നില്‍ക്കുകയായിരുന്നു മന്‍മോഹന്‍സിങ്. സ്പെക്ട്രം തട്ടിപ്പിന്റെ ധീരോദാത്തനായകനായ രാജ എത്രയോ വര്‍ഷമായി പ്രധാനമന്ത്രിയുമായി ഇതുസംബന്ധിച്ച് കത്തിടപാട് നടത്തിയിരുന്നത് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്(എല്ലാം പുറത്തുവരും-'സത്യമേവ ജയതേ' എന്നാണ് ഭാരതത്തിന്റെ മുദ്രാവാക്യം). പ്രധാനമന്ത്രി അഴിമതി കണ്ടതായി ഭാവിച്ചില്ലല്ലോ. പാര്‍ലമെന്റില്‍ ഭൂകമ്പം ഉണ്ടായപ്പോഴാണ് രാജാവിന്റെ കൈക്ക് വിലങ്ങു വീണത്. രാജയെയും കോമൺവെല്‍ത്ത് ഗെയിംസിലെ വ്യാജ ചക്രവര്‍ത്തി കല്‍മാഡിയെയും നിവൃത്തിയില്ലാതെ വന്നപ്പോഴാണ് പുറത്തേക്ക് അയച്ചത്. രാജയുടെ പുറത്ത്, വാത്സല്യത്തോടെ പ്രധാനമന്ത്രി തട്ടുന്ന ഒരു പടം പത്രങ്ങളില്‍ വന്നിരുന്നു. ഇപ്രകാരം അഴിമതിക്കാരെ തലോടിക്കഴിഞ്ഞ ഒരു പ്രധാനമന്ത്രി അഴിമതിക്ക് അനുകൂലമാണോ എതിരാണോ എന്നൊരു ലളിതമായ ചോദ്യം ഞാന്‍ വായനക്കാരോട് ചോദിക്കട്ടെ.

പ്രസവിച്ചുവീണ കുഞ്ഞുപോലും ഉത്തരം പറയും-ഇയാള്‍ അഴിമതിയുടെ ഉറ്റതോഴനാണ്. ഇതിന് മറ്റൊരു തെളിവുകൂടി കാണിക്കാം. രാജയെത്തുടര്‍ന്ന് ടെലികോം മന്ത്രിയായി ഇറക്കിയ കപില്‍ സിബല്‍ സ്പെക്ട്രം ഇടപാടില്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയ കോടാനുകോടി നഷ്ടം പോയിട്ട്, ഒരു ചില്ലിക്കാശും പോയിട്ടില്ലെന്ന് ഉച്ചത്തില്‍ പ്രഖ്യാപിച്ചല്ലോ. 'മര്യാദയ്ക്ക് പെരുമാറണം' എന്ന് സുപ്രീംകോടതി ഈ ക്രിമിനല്‍ വക്കീലിനെ ശരിക്കും ശാസിച്ചു. രാജ കളവുചെയ്ത് കൊണ്ടുപോയ സ്ഥാനത്ത് പരിശുദ്ധനായ പ്രധാനമന്ത്രി പ്രതിഷ്ഠിച്ചയാള്‍ അത് ശരിയായ ഇടപാടാണെന്ന് പറയുന്നു. നാടന്‍ജനങ്ങള്‍ പറയുന്നതുപോലെ, 'പിടിച്ചതിലും വലുത് മാളത്തില്‍' ഇരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

പ്രധാനമന്ത്രി ഈ ദ്വിതീയ സചിവന്റെ വ്യാജതാണ്ഡവം കണ്ടിട്ടും പാറപോലെ അനങ്ങാതെ നിന്നു. താന്‍ പറഞ്ഞത് സിബല്‍ പരസ്യമായി പിന്‍വലിക്കേണ്ടതാണെന്ന് മിതവാക്കായ 'ഹിന്ദു' പത്രംപോലും എഴുതി. ഈ വിവേകശൂന്യനായ മന്ത്രിയുടെ ഈ ദുഷ്കൃത്യത്തില്‍നിന്ന് പ്രധാനമന്ത്രി ബന്ധം വിടര്‍ത്തി മാറിനില്‍ക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹം ഇന്ത്യന്‍ ജനതയോടുള്ള കടമ നിറവേറ്റാത്ത ആളായിരിക്കുമെന്നും ആ പത്രം സൂചിപ്പിച്ചെഴുതി.

'മൌനം' ആണ് മന്‍മോഹന്‍സിങ് സ്വീകരിച്ച പത്തൊമ്പതാമത്തെ അടവ്. മൌനം എന്നുവച്ചാല്‍, കളവ് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കലാണ്. അത് കളവിനേക്കാള്‍ കൊള്ളരുതാത്ത അധമധര്‍മമാണ്. പ്രധാനമന്ത്രി സത്യത്തിന് വിധേയനാകേണ്ട ആളാണ്. അസത്യത്തിന്റെ ദാസനാകേണ്ട ആളല്ല. ഈ ഘട്ടത്തില്‍ മൂകനായി അഭിനയിച്ചാല്‍ ഒരു രാജ്യവഞ്ചകന്‍ രക്ഷപ്പെട്ടുപോകും. കുറ്റം ചെയ്തവനോളമോ അതിലേറെയോ കുറ്റം അത് ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്നതില്‍ ഉണ്ടല്ലോ. അതിനാല്‍ രാജയുടെ കുറ്റം പ്രധാനമന്ത്രിയെയും ബാധിക്കുന്നുണ്ട്.

ഇങ്ങനെ അഴിമതി നടക്കുന്നത് അറിഞ്ഞുകൊണ്ട് കണ്ണുചിമ്മി, മൌനം ദീക്ഷിക്കുന്ന ഒരാള്‍ അഴിമതിയുടെ പ്രോത്സാഹകന്‍ ആയിത്തീരുന്നു. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി വഴുതിവീണ ചളിക്കുണ്ടിന്റെ ആഴം അപാരമാണ്. അഴിമതിയുടെ പുരോഹിതനായ ഒരു പ്രധാനമന്ത്രി, ഇതെല്ലാം കഴിഞ്ഞിരിക്കെ, ഒരു ദിവസം പ്രഭാതവേളയില്‍ വിളിച്ചുപറയുകയാണ് 'അഴിമതി പാടില്ല' എന്ന്.

ജനം ഞെട്ടിപ്പോകാതിരുന്നെങ്കില്‍, നമ്മുടെ പത്രക്കാര്‍ക്ക് ഈ പ്രസ്താവനയുടെ പ്രാധാന്യം ഗ്രഹിക്കാന്‍ കഴിയാത്തതുകൊണ്ടുമാത്രമാണ്. നമ്മളാരും അഴിമതിക്കാരല്ലെന്ന് ഈ പ്രധാനമന്ത്രിയെ അറിയിക്കണമെന്നു തോന്നുന്നു. കോഴി പലതവണ കൂവിയിട്ടും ഉണര്‍ന്നെഴുന്നേല്‍ക്കാത്ത ഒരു കക്ഷി, നല്ലപോലെ ഉറങ്ങി പിന്നീട് കണ്ണുമിഴിച്ചപ്പോള്‍ പത്തുമണി കഴിഞ്ഞിരിക്കുന്നുവെന്ന് കണ്ടപ്പോള്‍ ക്രുദ്ധനായി കോഴിയെ കല്ലെറിഞ്ഞോടിച്ചുവെന്നൊരു കഥ കേട്ടിട്ടുണ്ട്. അങ്ങനെയൊരാള്‍ നമ്മുടെ പ്രധാനമന്ത്രിയായാല്‍ എന്തായിരിക്കും നാടിന്റെ ഗതി? പാര്‍ലമെന്റ് അംഗങ്ങള്‍ ലോക്സഭാബാഹ്യനായ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയുടെ ഉദ്ദേശ്യം എന്താണെന്ന് അന്വേഷിക്കേണ്ടതാണ്. ഈ പ്രസ്താവനക്ക് മുന്‍കാല പ്രാബല്യമുണ്ടോ! 2004 തൊട്ടുള്ള അഴിമതികള്‍ എല്ലാം തെറ്റായിപ്പോയെന്ന് പരസ്യമായി സമ്മതിക്കാനാണ് ഇതെങ്കില്‍, അത് തുറന്നുപറയണം. രാജയും സിബലും കല്‍മാഡിയും എല്ലാം രാജ്യത്തെ വഞ്ചിച്ചവരാണെന്നു പറയാന്‍ പ്രധാനമന്ത്രി ആര്‍ജവം കാട്ടണം. ഭാവിയില്‍ അഴിമതി ഉണ്ടാവില്ലെന്നും താന്‍ കണ്ണടയ്ക്കില്ലെന്നും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കലാണോ ഇത്? ആണെങ്കില്‍ കുറച്ചുകൂടി ഇക്കാര്യത്തില്‍ വ്യക്തത അഥവാ സുതാര്യത വേണമെന്ന് നമുക്ക് തോന്നുന്നു.

അതിനാല്‍ മന്‍മോഹന്‍സിങ്ങിന്റെ അടുത്ത അഴിമതി വിരുദ്ധ വിളംബരം കേട്ട തസ്കരവൃന്ദവും വ്യാജമന്ത്രിമാരും കൂട്ടുകക്ഷിക്കാരായ കുബേരന്മാരും ഞെട്ടിത്തെറിക്കട്ടെ!

അല്ല, ഈ വചനവും ജനങ്ങളെ പുതപ്പിക്കാനുള്ള കമ്പിളിയായി ഉപയോഗിച്ച്, പഴയപടി അഴിമതിക്ക് സ്വച്ഛന്ദവിഹാരം ചെയ്യാനുള്ള ഗൂഢാനുമതി നല്‍കലാണ് ഉദ്ദേശ്യമെങ്കില്‍, കരുതിയിരുന്നുകൊള്ളുക എന്നേ തല്‍ക്കാലം പറയുന്നുള്ളൂ. ഈജിപ്തിലെ മുബാറക്കിനെ ഇടയ്ക്ക് ഓര്‍ക്കുന്നതു നല്ലതാണ്.

കേരളത്തില്‍ വന്ന് ടെര്‍മിനല്‍ ഉദ്ഘാടനം നടത്തുമ്പോള്‍ പ്രധാനമന്ത്രി അഴിമതിക്കാര്യം മറന്നതുപോലെ തോന്നി. കേരള ഗവൺമെന്റിന് പല സദുപദേശങ്ങളും അദ്ദേഹം സദയം നല്‍കി. അദ്ദേഹത്തിന്റെ കക്ഷിയുടെ കേരളനേതാക്കള്‍ പറയുന്നത്, ഇപ്പോഴത്തെ ഭരണകൂടത്തിന്റെ അന്ത്യം ഈ തെരഞ്ഞെടുപ്പ് കുറിച്ചിടും എന്നാണ്. ഇത് നേരെങ്കില്‍, മന്‍മോഹന്‍സിങ് പറഞ്ഞത് വരുന്ന സ്വകക്ഷി ഗവമെന്റിനോടാണെന്നുകരുതി അച്യുതാനന്ദന്‍ ഗവൺമെന്റിന് മിണ്ടാതിരിക്കാവുന്നതേയുള്ളൂ.

തന്നെ പ്രധാനമന്ത്രി ഉപദേശിച്ചതുകൊണ്ട് പ്രകോപിതനായി കേരള മുഖ്യമന്ത്രി തിരിച്ച് പ്രധാനമന്ത്രിയോട്, 'ഇനി അഴിമതി കുറെ കുറയ്ക്കണം' എന്ന് പറഞ്ഞിരുന്നെങ്കില്‍?

അപ്പോള്‍ എന്ത് സംഭവിക്കുമായിരുന്നെന്ന് വായനക്കാര്‍ ഭാവനയില്‍ കണ്ടാല്‍ മതി! അത്ര കടന്ന് ഒന്നും പറയാതെ, കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അനുവദിക്കുന്ന കാര്യത്തെപ്പറ്റിമാത്രം മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഉണ്ടായ പുകില്‍ നാം കണ്ടല്ലോ. 'ഡല്‍ഹിയില്‍ കംഫര്‍ട്ടബിള്‍' ആയി കഴിഞ്ഞ് അദ്ദേഹം പ്രധാനമന്ത്രിയോടൊപ്പം കേരളത്തില്‍വച്ച് ഇരിക്കാനുള്ള അവസരം പാഴാക്കേണ്ടെന്ന് കരുതി ഇവിടെ 'അവയ്‌ലബിള്‍' ആയതാണ്. എന്നിട്ടും അദ്ദേഹം പ്രധാനമന്ത്രിയുടെ രക്ഷയ്ക്ക് ചാടിപ്പുറപ്പെട്ട് പറഞ്ഞ വാക്കുകള്‍ നാം കേട്ടല്ലോ-തെറ്റെന്നും അസംബന്ധം എന്നും മറ്റും പറഞ്ഞു. മുഖ്യമന്ത്രി ഇതുകേട്ട് ക്ഷോഭിക്കുകയില്ലെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ ഭാഗ്യംകൊണ്ട് ആള്‍ ഇംഗ്ളീഷ് തട്ടിവിട്ടില്ലല്ലോ എന്ന് ആശ്വസിച്ചാല്‍ മതി. അദ്ദേഹം അല്‍പ്പം അല്ല 'അൺകംഫര്‍ട്ടബിള്‍' ആയതിനാല്‍ അങ്ങനെ പറഞ്ഞതാകണം! നാം അതിന് 'അൺകംഫര്‍ട്ടബിള്‍' ആകേണ്ടതില്ല.


*****

സുകുമാര്‍ അഴീക്കോട്, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രസവിച്ചുവീണ കുഞ്ഞുപോലും ഉത്തരം പറയും-ഇയാള്‍ അഴിമതിയുടെ ഉറ്റതോഴനാണ്. ഇതിന് മറ്റൊരു തെളിവുകൂടി കാണിക്കാം. രാജയെത്തുടര്‍ന്ന് ടെലികോം മന്ത്രിയായി ഇറക്കിയ കപില്‍ സിബല്‍ സ്പെക്ട്രം ഇടപാടില്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയ കോടാനുകോടി നഷ്ടം പോയിട്ട്, ഒരു ചില്ലിക്കാശും പോയിട്ടില്ലെന്ന് ഉച്ചത്തില്‍ പ്രഖ്യാപിച്ചല്ലോ. 'മര്യാദയ്ക്ക് പെരുമാറണം' എന്ന് സുപ്രീംകോടതി ഈ ക്രിമിനല്‍ വക്കീലിനെ ശരിക്കും ശാസിച്ചു. രാജ കളവുചെയ്ത് കൊണ്ടുപോയ സ്ഥാനത്ത് പരിശുദ്ധനായ പ്രധാനമന്ത്രി പ്രതിഷ്ഠിച്ചയാള്‍ അത് ശരിയായ ഇടപാടാണെന്ന് പറയുന്നു. നാടന്‍ജനങ്ങള്‍ പറയുന്നതുപോലെ, 'പിടിച്ചതിലും വലുത് മാളത്തില്‍' ഇരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.