Thursday, October 31, 2013

മോഡിയിലൂടെ വരുന്ന വിപത്ത്

കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമ്മേളനം നരേന്ദ്രമോഡിയെ ഏതുവിധേനയും അധികാരത്തിലേറ്റാനുള്ള ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ് ആ സമ്മേളനത്തില്‍ പങ്കെടുത്ത് ആര്‍എസ്എസ് നിര്‍ദേശങ്ങള്‍ ശിരസ്സാവഹിക്കാനുള്ള സന്നദ്ധതയറിയിച്ചു. രാമക്ഷേത്ര നിര്‍മാണമെന്ന അജന്‍ഡ ശക്തമായി മുന്നോട്ടുനീക്കാനും തീരുമാനമായി. ബിഹാറിലെ പട്നയില്‍ ബിജെപി റാലിക്കിടയിലുണ്ടായ സ്ഫോടനത്തിന്റെ മറപറ്റി മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ യുദ്ധംചെയ്യുന്നുവെന്ന കുറ്റാരോപണത്തിലൂടെ, മതപരമായി ഇന്ത്യയെ വിഭജിക്കുകയെന്ന ഫാസിസത്തിന്റെ പരിപാടി മറയില്ലാതെ നരേന്ദ്രമോഡി തുറന്നുപറഞ്ഞു.

ഫാസിസം ഓരോ രാജ്യത്തും വ്യത്യസ്തരൂപത്തില്‍ പ്രത്യക്ഷപ്പെടും. ഇന്ത്യയിലെ ഫാസിസത്തിന്റെ വരവ് കപടഹിന്ദുത്വം ഉരുവിടുന്ന കാവിപ്പടയുടെ നേതൃത്വത്തിലാണെങ്കില്‍ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ചെന്നാല്‍ അവിടത്തെ ഫാസിസത്തിന്റെ കേന്ദ്രം താലിബാനെന്നുകാണാം. മുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായുണ്ടായ വിലക്കയറ്റവും തൊഴിലില്ലായ്മയും ജീവിതദുരിതങ്ങളും പണപ്പെരുപ്പവും മൂലം ജനങ്ങള്‍ ഭരണസംവിധാനത്തെ വെറുക്കുന്ന ഘട്ടത്തിലാണ് ഫാസിസത്തിന്റെ കടന്നുവരവ് എളുപ്പമാകുന്നത്. ഇന്നലെവരെ ഏതൊരു വര്‍ഗത്തിനുവേണ്ടിയാണോ, ജനാധിപത്യ വ്യവസ്ഥയുടെ മറവില്‍ ബൂര്‍ഷ്വാസി വിടുപണിചെയ്തത്, ആ വിഭാഗങ്ങളെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളെയും സങ്കോചമില്ലാതെ കൈയൊഴിയുന്ന ഫിനാന്‍സ് മൂലധനം, തങ്ങളുടെ വര്‍ഗതാല്‍പ്പര്യങ്ങളുടെ പുതിയ രക്ഷിതാക്കളായി ഫാസിസത്തെ അവരോധിക്കുന്നു. ഇന്ത്യന്‍ മൂലധനശക്തികളില്‍ ഗണ്യമായ ഒരു വിഭാഗവും കോര്‍പറേറ്റുകളും നരേന്ദ്രമോഡിയെ വാഴ്ത്തുന്നതും കോര്‍പറേറ്റു മാധ്യമങ്ങള്‍ മോഡിത്വത്തിന്റെ ദാര്‍ശനികരായി ചമയുന്നതും ഇതിന്റെ ഭാഗമായാണ്.

ആഗോളവല്‍ക്കരണ കാലത്തെ ദുരനുഭവങ്ങളില്‍നിന്ന് പാഠംപഠിച്ച് തൊഴിലാളിവര്‍ഗവും ജനസമൂഹങ്ങളും ഭരണകൂടത്തിനെതിരെ തിരിയുമ്പോള്‍, മുതലാളിത്തം ഫാസിസത്തെ വരിക്കുന്നതെങ്ങനെയെന്ന് നെഹ്റു മുമ്പ് എഴുതിയത് പ്രസക്തമാകുന്നു. ""തൊഴിലാളികള്‍ ശക്തരാവുകയും അവര്‍ മുതലാളിത്ത ഭരണകൂടത്തിന് യഥാര്‍ഥ ഭീഷണിയായിത്തീരുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും മുതലാളിവര്‍ഗം ആത്മരക്ഷയ്ക്കുള്ള ശ്രമങ്ങള്‍ ആരംഭിക്കും. സാധാരണഗതിയില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടങ്ങളിലാണ് തൊഴിലാളികളുടെ ഭാഗത്തുനിന്നും ഇത്തരം ഭീഷണികള്‍ ഉയര്‍ന്നുവരിക. സമ്പത്തിന്റെ ഉടമകളായ ഭരണവര്‍ഗത്തിന് പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചുള്ള സാമാന്യ ജനാധിപത്യരീതികളിലൂടെ തൊഴിലാളിവര്‍ഗത്തെ അടിച്ചമര്‍ത്താന്‍ കഴിയാതെവരുമ്പോള്‍ അവര്‍ ഫാസിസ്റ്റ് മാര്‍ഗം അവലംബിക്കാനാരംഭിക്കുന്നു"". (വിശ്വ ചരിത്രാവലോകനത്തില്‍നിന്ന്) ഇന്ത്യയിലെ മുതലാളിത്ത പ്രതിസന്ധിയുടെ ഒരുഘട്ടത്തെ ഉപയോഗപ്പെടുത്തിയാണ് തൊണ്ണൂറ്റിയൊന്നില്‍ ആഗോളവല്‍ക്കരണ നയങ്ങളിലേക്ക് നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവേശിച്ചത്. അതിനെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ആദ്യത്തെ ദേശീയപണിമുടക്ക് 1992 നവംബര്‍ 29നായിരുന്നു. ദിവസങ്ങള്‍ക്കകം ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ വര്‍ഗീയമായി കൂടുതല്‍ വിഘടിതമായ ഇന്ത്യയില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് സുഗമമായ പാതയൊരുങ്ങി. 2013 ഫെബ്രുവരി 20, 21 തീയതികളിലെ തൊഴിലാളി പണിമുടക്ക്, രാഷ്ട്രീയ പാര്‍ടികളുടെ വേലികള്‍ക്കപ്പുറത്ത് തൊഴിലാളികള്‍ കൈകോര്‍ത്ത മഹാസംഭവമായി. അഭൂതപൂര്‍വമായ ഈ ഐക്യത്തെ ശിഥിലീകരിക്കാനും ജനകീയ ഐക്യത്തെ വിഘടിപ്പിക്കാനും ഉചിതമായത് രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരിലുയര്‍ത്തുന്ന കോലാഹലങ്ങളാണെന്ന കൃത്യമായ തിരിച്ചറിവിലാണ് ആര്‍എസ്എസ് കരുക്കള്‍ നീക്കുന്നത്.

വാജ്പേയിസര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ക്ഷേത്ര നിര്‍മാണപ്രശ്നത്തില്‍ മൗനമായിരുന്നവര്‍ മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കിയതിനു പുറകെ അതേ അജന്‍ഡയുമായി വരുന്നത് ഫാസിസത്തിന്റെ അടവുകളിലൊന്നു മാത്രമാണ്. ആഗോളവല്‍ക്കരണ നയങ്ങളുടെ മൂലധനശാഠ്യങ്ങള്‍ കൈയാളുന്ന ഭരണവര്‍ഗ പ്രത്യയശാസ്ത്ര പാര്‍ടികളാണ് കോണ്‍ഗ്രസും ബിജെപിയും. അവ രണ്ടിനെയും അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്ന ഒരു ഭരണസംവിധാനം ഇന്ത്യയില്‍ സാധ്യമാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഇടതുപക്ഷം നല്‍കിയ പിന്തുണയെ, പിന്നീട് ബാധ്യതയായാണ് ഭരണവര്‍ഗങ്ങള്‍ക്ക് തോന്നിയത്. ഇടതുപക്ഷത്തിന്റെ ശാഠ്യങ്ങള്‍മൂലം ഒന്നാം യുപിഎ സര്‍ക്കാരിന് സാമ്പത്തിക പരിഷ്കാരങ്ങളിലേക്ക് നീങ്ങാന്‍ സാധിക്കുന്നില്ല എന്ന് പരാതി ഉയര്‍ത്തിയത് കോര്‍പറേറ്റുകളാണ്. അമേരിക്കയെയും വിദേശമൂലധനത്തെയും ഇന്ത്യന്‍ കോര്‍പറേറ്റുകളെയും പ്രീണിപ്പിക്കാനുള്ള ജനവിരുദ്ധ നടപടികളാണ് കഴിഞ്ഞ അഞ്ചുകൊല്ലത്തിലേറെയായി കാണുന്നത്. ഇതിന്റെ ഫലമായി ജനം വെറുത്ത് പതനം കാത്തുകഴിയുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. പാരമ്പര്യസ്മരണകളും വ്യര്‍ഥമായ ഗീര്‍വാണങ്ങളും തങ്ങളെ രക്ഷിക്കുമെന്ന് ചിന്തിക്കുന്ന വിഡ്ഢിത്തങ്ങളുടെമേല്‍ സ്വപ്നാടനം നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് യാഥാര്‍ഥ്യബോധം തീരെയില്ല. ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലപാടുയുദ്ധം ഇടതുപക്ഷത്തിന്റെ തനതു രീതിയാണ്.

ഇന്ത്യയില്‍ മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കാനുള്ള പ്രവണത ശക്തമാണ്. തീവെട്ടിയാക്രണമെന്ന രീതിയിലല്ല, നിലപാടില്‍ ഉറച്ചുനിന്ന് തുടര്‍ച്ചയായും ശാന്തമായും പൊരുതുകയെന്നതാണ്, ഫാസിസത്തിന്റെ കാലത്തെ മാര്‍ക്സിസം വികസിപ്പിച്ച അന്തോണിയോ ഗ്രാംഷിയെ ഉദ്ധരിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടുന്നത്. ഒരു വര്‍ഗീയതയോടും സന്ധിചെയ്യാതെയും കീഴ്പ്പെടാതെയും ജനാധിപത്യ പാര്‍ടികളെ ഉള്‍പ്പെടുത്തി മതേതരമുന്നണി രൂപപ്പെടുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. കാവിപ്പടയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും മൂലധന രാഷ്ട്രീയത്തിന്റെ പ്രയോഗമാണവയൊക്കെയെന്ന് തിരിച്ചറിയാന്‍ കഴിയുന്നതാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മേന്മ. എല്ലാ വര്‍ഗീയതകളെയും നിരാകരിച്ച് നിലയെടുത്തുനില്‍ക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ മുന്‍കൈ ദേശീയ രാഷ്ട്രീയത്തിന് പുതിയ ദിശാസൂചി നല്‍കുണ്ട്.

*
കെ അനില്‍കുമാര്‍ ദേശാഭിമാനി

കാലം ആവശ്യപ്പെടുന്ന സാംസ്കാരികമുന്നണി

ഫാസിസം പടിവാതില്‍ക്കല്‍ എന്ന മുന്നറിയിപ്പ് നല്‍കുന്നത് പ്രമുഖസാഹിത്യകാരന്‍ ഡോ. യു ആര്‍ അനന്തമൂര്‍ത്തിയാണ്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ എനിക്ക് ഇന്ത്യ വിട്ടുപോകേണ്ടിവരുമെന്ന അദ്ദേഹത്തിന്റെ ഉല്‍ക്കണ്ഠ ഓരോ എഴുത്തുകാരനും എന്നല്ല ഓരോ ഇന്ത്യക്കാരനും പങ്കുവയ്ക്കേണ്ടതുണ്ട്. ഈ വലിയ വിപത്തിനെതിരെ എഴുത്തുകാര്‍, കലാകാരന്മാര്‍, സാംസ്കാരികപ്രവര്‍ത്തകര്‍ എന്നിവരുടെ അതിവിശാലമായ സാംസ്കാരികമുന്നണിയാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. എങ്കിലേ സാമ്രാജ്യത്വത്തിന്റെ ഈ സാംസ്കാരികയുദ്ധത്തെ  തോല്‍പ്പിക്കാന്‍ കഴിയൂ. ബഹുജനപ്രസ്ഥാനങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണയും പങ്കാളിത്തവും ഇതിന് ആവശ്യമാണ്.

ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിനായാണ് 1930കളില്‍ പുരോഗമനസാഹിത്യം ലോകത്ത് പിറവികൊള്ളുന്നത്. മാക്സിംഗോര്‍ക്കിയുടെ അന്നത്തെ ചോദ്യം- "സാഹിത്യകാരന്മാരേ നിങ്ങള്‍ ഏതു ചേരിയില്‍: ഫാസിസത്തിന്റെയും യുദ്ധത്തിന്റെയും ചേരിയിലോ അതോ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ചേരിയിലോ?- ഇന്നും പ്രസക്തമാണ്. പ്രത്യേകിച്ചും ഇന്ത്യയുടെ സങ്കീര്‍ണമായ സമകാലിക രാഷ്ട്രീയാവസ്ഥയില്‍. ജര്‍മനിയില്‍ ഉടലെടുത്ത കോര്‍പറേറ്റ് മുതലാളിത്തമായിരുന്നു നാസിസത്തിന്റെ പിന്നിലെ സാമ്പത്തികശക്തി. ആര്യസംസ്കാരവാദവും ജര്‍മന്‍വംശീയതയും പ്രത്യയശാസ്ത്രമാക്കി ജൂതന്മാരെ മാത്രമല്ല തൊഴിലാളിവര്‍ഗത്തെയും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച ചിന്തകരെയും എഴുത്തുകാരെയും കൊന്നൊടുക്കിയ കാലട്ടത്തിലാണ് ഫാസിസ്റ്റ്താണ്ഡവത്തെ ചെറുക്കാന്‍ മനുഷ്യസ്നേഹികളായ എഴുത്തുകാരുടെ കൂട്ടായ്മ പാരീസിലുണ്ടായത്. ആ സമ്മേളനത്തിന്റെ സംഘാടകര്‍ എല്ലാവരും കമ്യൂണിസ്റ്റുകളോ മാര്‍ക്സിസ്റ്റുകളോ ആയിരുന്നില്ല. റൊമാങ് റൊളാങ്, ആന്ദ്രേമല്‍റോ, തോമസ്മാന്‍, മാക്സിംഗോര്‍ക്കി തുടങ്ങിയ ലോകസാഹിത്യകാരന്മാരായിരുന്നു മുന്നണിയില്‍ നിലയുറപ്പിച്ചത്. ഫാസിസവും മുതലാളിത്തവും മനുഷ്യസംസ്കാരത്തിനുമേല്‍ ഏല്‍പ്പിക്കുന്ന രാക്ഷസീയ പ്രവണതകളെ ചെറുത്തുതോല്‍പ്പിക്കാന്‍ വേണ്ടിയാണ് സംസ്കാരത്തെ സംരക്ഷിക്കാന്‍ എഴുത്തുകാരുടെ അഖിലേന്ത്യാ കോണ്‍ഗ്രസ് എന്ന മഹാസമ്മേളനം സംഘടിപ്പിച്ചത്.

മൂലധനചൂഷണവും മുതലാളിത്തവും എക്കാലത്തും മനുഷ്യവിരുദ്ധമാണ്. 1935ല്‍ ചേര്‍ന്ന എഴുത്തുകാരുടെ കൂട്ടായ്മ മതനിരപേക്ഷവും വംശീയനിരപേക്ഷവുമായ മനുഷ്യസംസ്കാരത്തെ സംരക്ഷിക്കാനായിരുന്നെങ്കില്‍ ഇന്ന് അതേ ലോകസാഹചര്യത്തിലേക്ക് ആഗോളമുതലാളിത്തം എഴുത്തുകാരെയും കലാകാരന്മാരെയും കൊണ്ടെത്തിച്ചിരിക്കുന്നു. ലോകമെമ്പാടും മതമൗലികവാദവും വംശീയവെറിയും സ്വത്വവാദാധിഷ്ഠിതമായ സാംസ്കാരിക രാഷ്ട്രീയവും പ്രതിലോമഭരണകൂടങ്ങളും ശക്തിപ്രാപിച്ചിരിക്കുന്നു. മനുഷ്യസ്നേഹികളായ എഴുത്തുകാരും കലാകാരന്മാരും ചിന്തകരും ക്രൂരമായി വേട്ടയാടപ്പെടുന്നു; പലരും കൊലചെയ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ ജീവിച്ചിരുന്ന ബംഗാളി എഴുത്തുകാരി സുഷ്മിതാ ബാനര്‍ജി 2013 സെപ്തംബര്‍ അഞ്ചിന് താലിബാന്‍ ഭീകരരാല്‍ കൊല്ലപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജീവിതം മുഴുവന്‍ പോരടിച്ച മഹാരാഷ്ട്രയിലെ യുക്തിവാദപ്രസ്ഥാന പ്രചാരകന്‍ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ 2013 ആഗസ്ത് 20ന് സവര്‍ണ ഭീകരരുടെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു. കര്‍ണാടകത്തിലെ നോവലിസ്റ്റ് യോഗേഷ് മാസ്റ്ററെ ശ്രീരാമസേനക്കാര്‍ വേട്ടയാടുകയും സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും ഉണ്ടായി. ഇത്തരത്തില്‍ എത്രയോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഹിന്ദുത്വവാദികളും ഇസ്ലാമിക മതമൗലികവാദികളും ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ പ്രസ്ഥാനക്കാരുമെല്ലാം മതപരവും വംശീയവുമായ "വെറി"രാഷ്ട്രീയത്തെ ഉപയോഗിച്ച് മൂലധനശക്തികളുടെ സ്പോണ്‍സര്‍ഷിപ്പോടുകൂടി, ജനാധിപത്യപൗരസമൂഹങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. സര്‍വരാജ്യകലാകാരന്മാരുടെ കൂട്ടായ്മ മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ പ്രസക്തമാകുന്ന കാലഘട്ടമാണിത്.

ഇന്ത്യയില്‍ 1936ല്‍ രൂപംകൊണ്ട അഖിലേന്ത്യാ പുരോഗമനസാഹിത്യസംഘടന ജനാധിപത്യവാദികളും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും കമ്യൂണിസ്റ്റുകാരുമൊക്കെ അടങ്ങുന്ന മനുഷ്യസ്നേഹികളുടെ കൂട്ടായ്മയായിരുന്നു. ആചാര്യനരേന്ദ്രദേവ്, ജയപ്രകാശ് നാരായണന്‍, മൗലാനാ ഹസറത്ത് മൊഹാനി, കമലാദേവി ചതോപാധ്യായ, സരോജിനി നായിഡു തുടങ്ങിയ ദേശീയ നേതാക്കളും ഫയസ് അഹമ്മദ് ഫയസ്, കെ എ അബ്ബാസ്, കൈഫി അസ്മി, കിഷന്‍ ചന്ദര്‍ തുടങ്ങിയ എഴുത്തുകാരും അവിടെ പങ്കെടുത്തു. രവീന്ദ്രനാഥടാഗോര്‍, ജവാഹര്‍ലാല്‍നെഹ്റു, മഹാകവി മുഹമ്മദ് ഇക്ബാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആധുനിക ഇന്ത്യയുടെ നിര്‍മിതിയില്‍ പുരോഗമന സാഹിത്യകാരന്മാര്‍ പ്രധാനപങ്കാണ് നിര്‍വഹിച്ചത്. സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ മുതലാളിത്തം ശക്തിപ്രാപിച്ചപ്പോള്‍ മനുഷ്യന്റെ ദുഃഖങ്ങളും ദുരിതങ്ങളും വര്‍ധിക്കുകയാണുണ്ടായത്. ജാതീയമായ പീഡനങ്ങള്‍, കാര്‍ഷിക ജീവിതത്തകര്‍ച്ച, സ്ത്രീപീഡനങ്ങള്‍, വര്‍ഗീയകലാപങ്ങള്‍ തുടങ്ങിയ ദുരന്തങ്ങള്‍ ഭരണകൂട പിന്തുണയോടെ കൂടുതല്‍ രൂക്ഷമായി തുടരുന്നു. അതുകൊണ്ടുതന്നെ പുരോഗമന സാഹിത്യകാരന്റെ എഴുത്തിന് കൂടുതല്‍ ശക്തിവരേണ്ട കാലമാണിത്. 1935ലെ പാരീസ് സമ്മേളനകാലത്ത് ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വാധിപത്യമല്ലാതെ ഫാസിസ്റ്റ് ഭീഷണി ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്നതല്ല സ്ഥിതി. മതമൗലികവാദികളും വര്‍ഗീയഭ്രാന്തന്മാരും അവരുടെ രാഷ്ട്രീയ-ഭീകരപ്രവര്‍ത്തനങ്ങളും, ഭാരതീയ ജനതയെ ശിഥിലീകരിക്കുകയും രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുകയും ചെയ്യുകയാണ്. ഫാസിസവും നാസിസവും പുതിയ രൂപത്തില്‍ സാമൂഹ്യജീവിതത്തെ കീഴ്മേല്‍ മറിച്ചുതുടങ്ങി. ഇന്ത്യയില്‍ ശക്തിപ്രാപിച്ചുകഴിച്ച കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ സേവകരായി ഇന്ത്യന്‍ ഭരണകൂടം മാറിക്കഴിഞ്ഞു. സ്വാതന്ത്ര്യസമര സംഘടനയായി വളര്‍ച്ച നേടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ജനാധിപത്യത്തെ, അഴിമതി - മാഫിയാസംഘങ്ങള്‍ക്കും ക്രിമിനലുകള്‍ക്കും അടിയറവച്ചിരിക്കുകയാണ്. അധികാരത്തിലെത്താന്‍ ജാതി-മതശക്തികളെ അതിരുവിട്ട് പ്രോത്സാഹിപ്പിക്കുന്നു. ജാതിപ്പഞ്ചായത്തുകളെയും മതസംഘടനകളെയും പ്രീണിപ്പിക്കാന്‍ ബാലികാവിവാഹവും മറ്റ് ദുരാചാരങ്ങളും നിയമപരമാക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ ഭാരതത്തെ സാംസ്കാരികമായി മധ്യകാലയുഗത്തിലേക്ക് കൊണ്ടുപോവുകയാണ്. പുരോഗമന സാഹിത്യപ്രസ്ഥാനം 75 വര്‍ഷം പൂര്‍ത്തിയാക്കി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചരിത്രസന്ദര്‍ഭമാണിത്. മതനിരപേക്ഷവും മാനവികവുമായ ഒരു പുതിയ സമൂഹത്തിനുവേണ്ടിയുള്ള പോരാട്ടമാണ് ഈ പ്രസ്ഥാനം നടത്തിവന്നത്. ചൂഷണവ്യവസ്ഥയെയും അതിന്റെ നിര്‍മിതികളായ ഫ്യൂഡല്‍- മുതലാളിത്ത സൗന്ദര്യ സൃഷ്ടികളെയും അത് ചോദ്യംചെയ്തു. മലയാളസാഹിത്യത്തെ മനുഷ്യവല്‍ക്കരിച്ചത് പുരോഗമനസാഹിത്യമാണ്. ഭാഷയെയും സാഹിത്യത്തെയും ജനാധിപത്യവല്‍ക്കരിക്കാനും കഴിഞ്ഞു. സാഹിത്യവും കലയും ചരിത്രവല്‍ക്കരിച്ചും രാഷ്ട്രീയവല്‍ക്കരിച്ചുമാണ് ഈ വിജയം കൈവരിച്ചത്. ചരിത്രം സാമൂഹികപോരാട്ടങ്ങള്‍കൊണ്ട് നിറഞ്ഞതാണെന്നും ആ പോരാട്ടങ്ങളില്‍നിന്ന് ഉയിര്‍ക്കൊള്ളുന്നതാണ് പുരോഗമനസാഹിത്യവും കലയും എന്നും ഒട്ടേറെ സംവാദങ്ങള്‍ക്കുശേഷമാണെങ്കിലും സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രചനയുടെ രൂപഭാവങ്ങള്‍മുതല്‍ വായനാരീതികളില്‍വരെ മൗലികമായ മാറ്റം സൃഷ്ടിക്കാനും കഴിഞ്ഞു.

പുതിയ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സാഹിത്യത്തിലേക്ക് വഴിതുറന്നതും ഈ പ്രസ്ഥാനംതന്നെ. പുരോഗമന സാഹിത്യം പ്രചാരണ സാഹിത്യമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍, ഇന്നത്തെ ഏറ്റവും വലിയ പ്രചാരണം നടക്കുന്നത് മൂലധനശക്തികളുടെ നേതൃത്വത്തിലാണെന്ന് തിരിച്ചറിയണം. അവരുടെ ചാനലുകളും പത്രങ്ങളും മറ്റ് മാധ്യമങ്ങളുമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രചാരണസാഹിത്യത്തിന്റെയും കലയുടെയും അധിപന്മാര്‍. പണമുണ്ടെങ്കില്‍ എന്ത് അസംബന്ധവും സംബന്ധമാകും. ഒരുപറ്റം എഴുത്തുകാര്‍ ഇന്ന് വലതുപക്ഷശക്തികള്‍ക്ക് അനുകൂലമായ അനുഭൂതി നിക്ഷേപമാണ് അവരുടെ കൃതികളിലൂടെ നടത്തുന്നത്. മനുഷ്യപ്പറ്റുള്ളതല്ല വലതുപക്ഷ സാഹിത്യം. അതിന് മൂലധനപ്പറ്റേയുള്ളൂ. സത്യം കാണാതെ നിറംപിടിപ്പിച്ച നുണകള്‍ക്കു പുറകെയാണ് പല എഴുത്തുകാരും ഇന്ന് സഞ്ചരിക്കുന്നത്. ഇടതുപക്ഷം, വലതുപക്ഷം എന്ന വിഭജനംപോലും ബോധപൂര്‍വം മറച്ചുവയ്ക്കുന്ന ഈ എഴുത്തുകാര്‍ ലോകത്ത് നടക്കുന്ന സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളെക്കുറിച്ച് മിണ്ടുന്നതേയില്ല.

സംസ്കാരത്തെ സംഘര്‍ഷമേഖലയാക്കി മാറ്റിയെടുത്താണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ കീഴ്പ്പെടുത്താന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഇന്ത്യയില്‍ നടക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും നവലിബറല്‍ പരിഷ്കാരങ്ങളും നമ്മുടെ സമൂഹത്തെ കീഴ്മേല്‍ മറിച്ചു. തിരിച്ചറിയാനാകാത്തവിധം നമ്മുടെ സാംസ്കാരികരംഗമാകെ മാറിപ്പോയി. പുതിയ സാമ്രാജ്യത്വം ജനങ്ങളെ നേരിടുന്നത് പ്രധാനമായും സാംസ്കാരിക കടന്നാക്രമണങ്ങളിലൂടെയാണ്. രാഷ്ട്രീയ നേതൃത്വത്തിനുപകരം സാംസ്കാരികനേതൃത്വമാണ്, സാംസ്കാരിക വ്യവസായികളാണ് ഇന്ന് സാമ്രാജ്യത്വത്തിന്റെ യുദ്ധതന്ത്രങ്ങള്‍ക്ക് സമ്മതി നിര്‍മിച്ചെടുക്കുന്നത്. ഈ യുദ്ധത്തിന്റെ മുന്‍നിരയില്‍ മൂലധനാധിപത്യമുള്ള മാധ്യമങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നതുകാണാം. രണ്ട് ദശാബ്ദക്കാലത്തെ ആസൂത്രിതമായ ശ്രമംകൊണ്ട് ഇന്ത്യയില്‍ ധൈഷണികജീവിതത്തെ മരവിപ്പിക്കാനും വരുതിയിലാക്കാനും സാമ്രാജ്യത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് നമ്മള്‍ തിരിച്ചറിയണം.

എഴുത്തിന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടേണ്ട കാലഘട്ടത്തിലാണ് ഇന്ത്യയിലെ എഴുത്തുകാര്‍ ജീവിക്കുന്നത്. ജനപക്ഷത്തുനില്‍ക്കുന്ന പുരോഗമന സാഹിത്യത്തിന് സ്വന്തം മണ്ണില്‍ ഉറച്ചുനിന്നുകൊണ്ടുമാത്രമേ പോരാടാനാവുകയുള്ളൂ. അതുകൊണ്ട് അഴിമതിയും അക്രമവും മൂലധനവികസനോപാധിയാക്കിയ കോര്‍പറേറ്റ് മുതലാളിത്തത്തിനും അതിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രരൂപങ്ങള്‍ക്കും ഭരണകൂടത്തിനും എതിരെ പോരാടുക എന്നതാണ് പാരീസ് സമ്മേളനത്തിന്റെ പൈതൃകം സൂക്ഷിക്കുന്ന ഇന്ത്യയിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഇന്നത്തെ ചരിത്രപരമായ കടമ.

*
പ്രൊഫ. വി എന്‍ മുരളി (പുരോഗമന കലാസാഹിത്യസംഘം ജനറല്‍സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി

പാര്‍ലമെന്റിനെ നാണംകെടുത്തുന്ന റിപ്പോര്‍ട്ട്

ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിഭരണമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റേത്. ടെലികോം അഴിമതി, കല്‍ക്കരി അഴിമതി, റെയില്‍വേ അഴിമതി തുടങ്ങി ലക്ഷംകോടികളുടെ അഴിമതിയാണ് നടന്നത്. ലോകത്തിനുമുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന അഴിമതിപരമ്പരകള്‍. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) ചൊവ്വാഴ്ച ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്നാല്‍, കുറ്റപ്പെടുത്തുന്നത് മന്‍മോഹന്‍ സര്‍ക്കാരിനെയല്ല, അഴിമതി വെളിച്ചത്തുകൊണ്ടുവന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയാണ് (സിഎജി). നഷ്ടം പെരുപ്പിച്ചുകാട്ടി ഇന്ത്യയെ ലോകത്തിനുമുന്നില്‍ നാണംകെടുത്തി എന്നാണ് സമിതി അധ്യക്ഷന്‍ പി സി ചാക്കോ എഴുതിവച്ചിരിക്കുന്നത്. തന്റെ നേതാക്കളായ മന്‍മോഹന്‍സിങ്ങിനെയും പി ചിദംബരത്തെയും കുറ്റവിമുക്തനാക്കാന്‍ ചാക്കോ രാജ്യത്തിന്റെ ഓഡിറ്റ് സംവിധാനത്തെ പൂര്‍ണമായി തള്ളിപ്പറയുകയാണ്. കോണ്‍ഗ്രസിന്റെ തലപ്പാവില്‍ ഒരു കറുത്ത തൂവല്‍ തിരുകിയിരിക്കയാണ് ഇതിലൂടെ ചാക്കോ യഥാര്‍ഥത്തില്‍ ചെയ്തത്.

ജെപിസിയിലെ പ്രതിപക്ഷാംഗങ്ങളുടെ അഭിപ്രായത്തെ പൂര്‍ണമായും തള്ളി കോണ്‍ഗ്രസിനുവേണ്ടിയുള്ള ഒരു തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണിതെന്ന് സുവ്യക്തം. സിപിഐ എം, സിപിഐ, ബിജെപി, ഡിഎംകെ, എഐഎഡിഎംകെ, ബിജെഡി, തൃണമൂല്‍കോണ്‍ഗ്രസ് എന്നീ പാര്‍ടികളിലെ അംഗങ്ങള്‍ ഒന്നടങ്കം വിയോജനക്കുറിപ്പെഴുതിയിട്ടും അതെല്ലാം അവഗണിച്ചാണ് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ധനമന്ത്രി ചിദംബരത്തിനും അഴിമതിയിലുള്ള പങ്ക് വ്യക്തമാക്കുന്ന നൂറുകണക്കിന് തെളിവുകള്‍ ജെപിസിക്ക് ലഭിച്ചിട്ടും അതെല്ലാം അവഗണിച്ച് ഇരുവര്‍ക്കും പങ്കില്ലെന്ന വിചിത്രമായ വിലയിരുത്തലാണ് അധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. രാജ്യസഭയില്‍നിന്ന് സര്‍ക്കാര്‍ അനുകൂല എംപിമാരെ സമിതിയില്‍ തിരുകിക്കയറ്റിയും സിബിഐ അന്വേഷണഭീഷണികാട്ടി എസ്പിയെയും ബിഎസ്പിയെയും കൂടെനിര്‍ത്തിയും കേവലഭൂരിപക്ഷത്തിലാണ് അന്തിമറിപ്പോര്‍ട്ട് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഏഴ് വിയോജനക്കുറിപ്പുകള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. അധ്യക്ഷന്റെ അധികാരമുപയോഗിച്ച് ചാക്കോ ഇതില്‍ വെട്ടലും തിരുത്തലും വരുത്തിയിട്ടുണ്ട്. എന്നിട്ടും ഇതിലെല്ലാം മന്‍മോഹന്‍സിങ്ങിന്റെയും ചിദംബരത്തിന്റെയും അഴിമതിയിലെ പങ്ക് വ്യക്തമാകുന്നുണ്ട്. എന്നാല്‍, എല്ലാത്തിനും ഉത്തരവാദി അന്നത്തെ ടെലികോംമന്ത്രി എ രാജ മാത്രമാണെന്ന വിചിത്രവാദമാണ് ചാക്കോയും കൂട്ടരും നടത്തുന്നത്.

2008ല്‍ 2ജി സ്പെക്ട്രം ഉപയോഗിക്കാന്‍ 122 ലൈസന്‍സുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചത് 2001ലെ വില കണക്കാക്കിയും ലേലമൊഴിവാക്കിയും ആദ്യംവരുന്നവര്‍ക്ക് ആദ്യം എന്ന വിചിത്ര മാനദണ്ഡം പാലിച്ചുമാണെന്നാണ് സിഎജി കണ്ടെത്തിയത്. ഇതുവഴി രാജ്യത്തിന് 1.76 ലക്ഷം കോടി നഷ്ടം സംഭവിച്ചെന്നും സിഎജി കണക്കാക്കി. പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും അറിവോടെയാണ് താന്‍ എല്ലാം ചെയ്തതെന്ന് രാജ വെളിപ്പെടുത്തി. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് ജെപിസി രൂപീകരിച്ചത്. ലക്ഷം കോടിയുടെ അഴിമതി എന്നത് സിഎജി വെറുതെ എഴുതിയുണ്ടാക്കിയതാണെന്നാണ് ചാക്കോയും കൂട്ടരും ഇപ്പോള്‍ "കണ്ടെത്തിയിരിക്കുന്നത്". ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) മാനദണ്ഡങ്ങള്‍മാത്രമാണ് സിഎജി പരിഗണിച്ചതെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഓഡിറ്റ് പ്രാമുഖ്യം നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ടെലികോം മേഖലയ്ക്ക് അന്തിമവാക്കായ "ട്രായി"യെയും സിഎജിയോടൊപ്പം റിപ്പോര്‍ട്ട് തള്ളിപ്പറയുകയാണ്. ഭരണകൂടസംവിധാനങ്ങള്‍ പ്രധാനമന്ത്രികാര്യാലയത്തിന് ബാധകല്ലെന്ന സ്വേച്ഛാനിലപാടും ഇതിലുണ്ട്. എ രാജയെ സിബിഐ പ്രതിചേര്‍ത്തത് പ്രധാനമായും ട്രായ് നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെച്ചൊല്ലിയുമാണ്. ജെപിസി മുമ്പാകെ ഹാജരാകണമെന്ന് രാജ ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. രാജയെ വിളിച്ചുവരുത്തണമെന്ന പ്രതിപക്ഷ ആവശ്യം അധ്യക്ഷന്‍ വോട്ടിനിട്ട് തള്ളി. മന്‍മോഹന്‍സിങ്ങിനെയും ചിദംബരത്തെയും വിസ്തരിക്കണമെന്ന പ്രതിപക്ഷ ആവശ്യവും അംഗീകരിച്ചില്ല.

ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ ടെലികോംമന്ത്രാലയം സ്വീകരിക്കുന്ന നടപടിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയെ രാജ വഴിതെറ്റിച്ചെന്നാണ് ജെപിസിയുടെ അന്തിമ റിപ്പോര്‍ട്ടിലുള്ളത്. എല്ലാം സുതാര്യമായിരിക്കുമെന്ന് പ്രധാനമന്ത്രിക്ക് എല്ലാ കത്തുകളിലും രാജ ആവര്‍ത്തിച്ച് നല്‍കിയ ഉറപ്പുകളും പാലിച്ചില്ലത്രേ. പിന്നെന്തിന് ഇങ്ങനെയൊരു പ്രധാനമന്ത്രികാര്യാലയം! അവിടെയിരിക്കുന്ന സെക്രട്ടറിമാരെല്ലാം മന്ദബുദ്ധികളാണോ. ജെപിസിയിലെ സിപിഐ അംഗം ഗുരുദാസ്ദാസ് ഗുപ്ത വിയോജനക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു, ""2008 ജനുവരി ആറിനും ഏഴിനും രാജ കൂട്ടമായി ലൈസന്‍സുകള്‍ നല്‍കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍മാത്രം പ്രധാനമന്ത്രിയുടെ സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഫയലില്‍ വിയോജനക്കുറിപ്പെഴുതി. ഈ താമസം ബോധപൂര്‍വമല്ലേ?"" ലൈസന്‍സ് അനുവദിച്ചുകഴിയും എന്നുറപ്പിച്ച് വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയാണ് പ്രധാനമന്ത്രി കാര്യാലയം ചെയ്തത്. കള്ളന് കഞ്ഞിവയ്ക്കുക എന്നുപറയുന്നത് ഇതാണ്. നേരത്തെ ഒപ്പുവച്ച ധാരണാപത്രം കാറ്റില്‍പറത്തിയാണ് ടെലികോംമന്ത്രാലയം വിദേശകമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. ""രാജ്യത്തെ ഏറ്റവും പ്രശസ്ത അഭിഭാഷകനായ ചിദംബരത്തിന്, ലൈസന്‍സ് അനുവദിച്ചാല്‍ ധാരണാപത്രം റദ്ദാകുമെന്ന് അറിയാമായിരുന്നില്ലേ. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹം നടപടി കൈക്കൊണ്ടില്ല""- ജെപിസിയിലെ സിപിഐ എം അംഗം സീതാറാം യെച്ചൂരി വിയോജനക്കുറിപ്പില്‍ എഴുതി. പാര്‍ലമെന്റിനെയും പാര്‍ലമെന്ററി സംവിധാനത്തെയും നോക്കുകുത്തിയാക്കുന്നതാണ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്തിമ റിപ്പോര്‍ട്ട്. പാര്‍ലമെന്റ് അംഗങ്ങളെ വിലയ്ക്കെടുത്ത് മന്‍മോഹന്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയ കോണ്‍ഗ്രസില്‍നിന്ന് ഇതേ പ്രതീക്ഷിക്കാനാവൂ. എന്നാല്‍, അവര്‍ രാജ്യത്തിനേല്‍പ്പിക്കുന്നത് വലിയ ക്ഷതമാണ്. അടിയന്തരാവസ്ഥയുടെ പരോക്ഷരൂപമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, October 30, 2013

അമേരിക്കയാണ് തെമ്മാടിരാഷ്ട്രം

ചാരവൃത്തിയില്‍ അമേരിക്കന്‍ ഭരണാധികാരികള്‍ എന്നും മുമ്പന്തിയിലാണെന്നതില്‍ സംശയമില്ല. അമേരിക്കന്‍ സിഐഎയുടെ നീരാളിപ്പിടിത്തം അനുഭവിച്ചറിയാത്തവരില്ല. എന്നാല്‍,സ്വന്തം ചേരിയില്‍പ്പെട്ട, ഉറ്റമിത്രങ്ങളായി പരിഗണിക്കപ്പെടുന്ന രാഷ്ട്രങ്ങളുടെ രഹസ്യം ചോര്‍ത്തുന്ന ചാരപ്പണിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വടക്കന്‍കൊറിയ, ക്യൂബ, ഇറാന്‍, സിറിയ എന്നിങ്ങനെയുള്ള അമേരിക്കന്‍വിരുദ്ധ ചേരിയിലുള്ള സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളെ തെമ്മാടിരാഷ്ട്രങ്ങള്‍ എന്നാണ് അമേരിക്ക വിളിക്കാറുള്ളത്. ഈ രാജ്യങ്ങളെ ആക്രമിച്ച് കീഴടക്കാന്‍ നിരന്തരം ശ്രമം നടത്തുകയും ചെയ്തതാണ്. ഇറാഖിനെ സൈനികാക്രമണത്തിലൂടെ കീഴ്പ്പെടുത്തി സദ്ദാം ഹുസൈനെയും കുടുംബാംഗങ്ങളെയും സഹായികളെയും കൂട്ടത്തോടെ കൊന്നൊടുക്കിയത് ലോകം ഒരിക്കലും മറക്കുകയും പൊറുക്കുകയുമില്ല. ഇത്തരം രാഷ്ട്രങ്ങളിലെ ഭരണം അട്ടിമറിക്കാനും പാവസര്‍ക്കാരുകളെ അവരോധിക്കാനുമാണ് ശ്രമിക്കാറുള്ളത്. ലിബിയയില്‍ അട്ടിമറി സംഘടിപ്പിക്കുന്നതിലും അവര്‍ വിജയിച്ചു.

സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം വിജയിച്ചില്ല. സിറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധം ഒരുതരത്തിലുള്ള യുദ്ധംതന്നെയാണ്. സൈനികശക്തി ഉപയോഗിച്ചുള്ള തുറന്ന യുദ്ധമല്ലെന്നുമാത്രം. ഈ രാഷ്ട്രങ്ങളുടെ രഹസ്യം ചോര്‍ത്തുന്നതില്‍ അമേരിക്കക്ക് സ്വന്തംന്യായം കണ്ടെത്താന്‍ കഴിഞ്ഞേക്കാം. എന്നാല്‍, നാറ്റോ അംഗരാഷ്ട്രങ്ങളുടെ രഹസ്യം ചോര്‍ത്തുന്നതിന് എന്താണ് ന്യായീകരണം. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ രഹസ്യം ചോര്‍ത്തിയ വിവരം പുറത്തുവന്നുകഴിഞ്ഞു. 28 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ യൂണിയന്‍ യോഗം ചേര്‍ന്ന് ഈ വിഷയം ചര്‍ച്ചചെയ്യുകയുണ്ടായി. സ്പെയിനില്‍ ഒരു മാസം ആറു കോടി ഫോണ്‍കോള്‍ യു എസ് ചോര്‍ത്തിയതായുള്ള വാര്‍ത്ത ഒബാമ സര്‍ക്കാരിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണ്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഫോണ്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയ വിവരം പുറത്തുവന്നതോടെ ഒബാമ പ്രതിരോധത്തിലായിരിക്കുന്നു. സൈനികരഹസ്യം മാത്രമല്ല, വ്യവസായരഹസ്യം ഉള്‍പ്പെടെയുള്ള സകലകാര്യങ്ങളും ചോര്‍ത്തി ശേഖരിക്കുന്ന അത്യന്തം ഹീനപ്രവര്‍ത്തനത്തിലാണ് അമേരിക്ക ഏര്‍പ്പെട്ടത്. മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയ വിവരം ഒബാമ അറിഞ്ഞിരുന്നില്ലെന്നാണ് ഒടുവിലത്തെ വിശദീകരണം. അത് സ്വയം രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായിമാത്രമേ കാണാന്‍ കഴിയൂ. ഞങ്ങളിത് തികഞ്ഞ ഗൗരവബോധത്തോടെ ഓര്‍മിപ്പിക്കാന്‍ കാരണം സ്വന്തം രാഷ്ട്രത്തിന്റെ ഭാവിയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠമൂലമാണ്. അമേരിക്കയിലേക്ക് ഇടയ്ക്കിടെ തീര്‍ഥയാത്ര പോകുകയും അമേരിക്കന്‍ പ്രസിഡന്റിനെ കണ്ട് തൊഴുത് വന്ദിക്കുകയുംചെയ്യുന്ന ഇന്ത്യന്‍ ഭരണാധികാരിയുടെ അപമാനകരമായ ചെയ്തികള്‍ അറിയാവുന്നതുകൊണ്ടാണ് ഈ ഉല്‍ക്കണ്ഠ.

അമേരിക്കയുമായി ഉറ്റ സൗഹൃദവും അതോടൊപ്പംതന്നെ ദാസ്യമനോഭാവവും കാണിക്കുന്ന മന്‍മോഹന്‍സിങ് അമേരിക്കന്‍ ഭരണാധികാരികളുടെ ഉത്തരവിന് അനുസരിച്ചാണ് ഇറാനില്‍നിന്ന് പ്രകൃതിവാതകം വാങ്ങേണ്ടതില്ല എന്ന് തീരുമാനിച്ചത്. സ്വന്തം രാഷ്ട്രതാല്‍പ്പര്യം ബലികഴിക്കാന്‍ തയ്യാറാകുന്ന അനുഭവം നമ്മുടെ മുമ്പിലുള്ളതുകൊണ്ടുതന്നെ ആശങ്കയ്ക്ക് ന്യായമായും അടിസ്ഥാനമുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ കാര്യവും ഇതുതന്നെ. ശത്രു-മിത്ര വ്യത്യാസമില്ലാതെ ചാരപ്രവൃത്തി നടത്തുന്ന അമേരിക്കന്‍ സാമ്രാജ്യാധിപതികളെ സൂക്ഷിക്കുക. ജാഗ്രത പുലര്‍ത്തുക എന്നുമാത്രമേ ഓര്‍മിപ്പിക്കാനുള്ളൂ.

*
ദേശാഭിമാനി മുഖപ്രസംഗം

"ലക്ഷ്മി എന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി"

ശ്രീധരന്‍നായര്‍ റാന്നി മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പ്രസക്തഭാഗങ്ങള്‍

കോന്നി അട്ടച്ചാക്കലില്‍ ക്രഷറര്‍ യൂണിറ്റ് നടത്തുന്ന എനിക്ക് പ്രതിമാസം അഞ്ചു ലക്ഷം രൂപയോളം വൈദ്യുതി ചാര്‍ജ് വരുമായിരുന്നു. സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പവര്‍ ഗ്രിഡിലേക്ക് ഫീഡ് ചെയ്ത് ഉപയോഗിക്കുന്നതിന് ഞാന്‍ ആലോചിച്ചു വരവെയാണ് 2012 മേയില്‍ മലയാള മനോരമയുടെ "വീട്" എന്ന പ്രസിദ്ധീകരണത്തില്‍ സോളാര്‍ പവര്‍ ജനറേഷന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യാന്‍ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പരസ്യം കാണാന്‍ ഇടയായത്. പരസ്യത്തിലെ മൊബൈല്‍ നമ്പരില്‍ വിളിച്ചപ്പോള്‍ ലക്ഷ്മി നായര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ ഫോണെടുത്തു. ഇവര്‍ ഈ കമ്പനിയുടെ സൗത്ത് സോണ്‍ ചീഫാണെന്നാണ് പറഞ്ഞത്. കമ്പനിയുടെ വിശദാംശങ്ങള്‍ ഫോണിലൂടെ ആരാഞ്ഞപ്പോള്‍ ആകര്‍ഷണീയമായി ഇവര്‍ മറുപടി പറഞ്ഞു. വിശദമായി സംസാരിക്കാന്‍ എന്നോട് ഒരു അപ്പോയ്ന്റ്മെന്റ് ആവശ്യപ്പെട്ടു. അതുപ്രകാരം മെയ് പകുതിക്ക് ശേഷം ഇവര്‍ എന്റെ ഓഫീസില്‍ വന്ന് കണ്ടു. ഇവര്‍ക്കൊപ്പം ശരണ്‍ കെ ശശി എന്നു പറയുന്ന ആളുമുണ്ടായിരുന്നു. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി എന്റെ ചോദ്യങ്ങള്‍ക്കെല്ലാം വളരെ ആധികാരികമായി അവര്‍ മറുപടി തന്നു.

എല്ലാ ജില്ലകളിലും ഓഫീസുണ്ടെന്നും മിക്ക സര്‍ക്കാര്‍ ഏജന്‍സികളുമായി കരാര്‍ എടുത്ത് ജോലി ചെയ്യുകയാണെന്നും പല സംസ്ഥാന മന്ത്രിമാരുടെയും വീട്ടില്‍ പ്ലാന്റ് സ്ഥാപിച്ചുകഴിഞ്ഞെന്നും ഇവര്‍ പറഞ്ഞു. കൂടുതല്‍ വിശ്വാസ്യതയ്ക്കായി അവരുടെ പെന്‍ഡ്രൈവ് എന്റെ കംപ്യൂട്ടറില്‍ പ്ലേ ചെയ്തു. കമ്പനിയുടെ ബ്രാഞ്ചുകള്‍ സംസ്ഥാന മന്ത്രിമാരും മേയര്‍മാരും എംഎല്‍എമാരും ഉദ്ഘാടനംചെയ്യുന്ന ചിത്രങ്ങളായിരുന്നു അത്. അവയിലെല്ലാം ലക്ഷ്മി നായരെയും കാണാമായിരുന്നു. മന്ത്രിമാരായ പി ജെ ജോസഫ്, കെ പി മോഹനന്‍, ജയലക്ഷ്മി, മേയര്‍ ടോണി ചമ്മിണി, എംഎല്‍എ ഹൈബി ഈഡന്‍ തുടങ്ങിയവരുടെയെല്ലാം പടം കണ്ടത് ഞാന്‍ ഓര്‍മിക്കുന്നു. തുടര്‍ന്ന് കമ്പനി സിഇഒ എന്ന് പരിചയപ്പെടുത്തി ഡോ. ആര്‍ ബി നായര്‍ ഡല്‍ഹിയില്‍നിന്ന് വിളിച്ചിരുന്നു. വീണ്ടും ഒരിക്കല്‍ ലക്ഷ്മിയും ശരണും കൂടി ഓഫീസില്‍ വന്ന് ബ്രോഷറും ബുക്ക്ലെറ്റും തന്നു. ഓഫീസില്‍ സംസാരിച്ചുകൊണ്ടിരിക്കെ ലക്ഷ്മി നായര്‍ക്ക് ടെന്നി ജോപ്പന്റെ ഫോണ്‍വന്നു. ഇവര്‍ പുറത്തേക്ക് ഇറങ്ങിയശേഷം അകത്തുവന്ന് സ്പീക്കര്‍ ഫോണിട്ട് സംസാരം തുടര്‍ന്നു. ഇവരുടെ സംഭാഷണം തീര്‍ന്നശേഷം ആരാണെന്ന് ചോദിച്ചപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി ജോപ്പന്‍ ചേട്ടനാണ് എന്ന് ലക്ഷ്മി പറഞ്ഞു.

മൂന്ന് മെഗാവാട്ട് സോളാര്‍ പ്രോജക്ടാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഇതിന് 45 കോടി രൂപ മുതല്‍മുടക്ക് വരുമെന്നും 60 ശതമാനം തുക സര്‍ക്കാര്‍ സബ്സിഡി ലഭിക്കുമെന്നും ശേഷിച്ച തുകയില്‍ അഞ്ചു കോടി രൂപ പ്രൊമോട്ടേഴ്സ് മാര്‍ജിന്‍ ആയി തന്നാല്‍ ബാക്കി വായ്പ തരപ്പെടുത്താമെന്നും ലക്ഷ്മി പറഞ്ഞ് വിശ്വസിപ്പിച്ചു. വിലപേശലില്‍ 38 കോടി 75 ലക്ഷം രൂപയ്ക്ക് ഇവര്‍ സമ്മതിച്ചു.

തുടര്‍ന്ന്, വിശ്വാസക്കുറവുണ്ടെങ്കില്‍, ആധികാരികതയില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോടോ വ്യവസായ മന്ത്രിയോടോ നേരിട്ട് സംസാരിക്കാമെന്നും ഇവര്‍കൂടി ഒപ്പം വരാമെന്നും പറഞ്ഞു. അല്‍പ്പം സാവകാശം ഞാന്‍ ചോദിച്ചു. 2012 ജൂണ്‍ 22ന് ഇവര്‍ വീണ്ടും എന്റെ ഓഫീസില്‍ വന്നു. പ്രോജക്ടിന്റെ വിശദാംശങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്തു. തുടര്‍ന്ന് പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ എത്തി സ്ഥലം കാണാന്‍ തീരുമാനിച്ചു. ജൂണ്‍ 25ന് എന്റെ രണ്ട് ആണ്‍മക്കളും ഞാനും സുഹൃത്ത് അജിത് കുമാറും ഒത്ത് പാലക്കാട് പോയി പ്ലാന്റിനായി മാറ്റിവച്ച പത്ത് ഏക്കറോളം സ്ഥലം കണ്ടു. ഇവര്‍ കാണിച്ചു തന്ന പ്ലോട്ടുകളില്‍ എനിക്ക് സ്വീകാര്യമായി തോന്നിയ നാല് പ്ലോട്ടുകള്‍ ചേര്‍ത്ത് പത്ത് ഏക്കറോളം സ്ഥലം ഇവര്‍ ചൂണ്ടിക്കാണിച്ചു. എന്റെ ഇളയ മകന്‍ അജയ് ശ്രീധര്‍ കൈവശം കരുതിയിരുന്ന ചെറിയ വീഡിയോ ക്യാമറയില്‍ ഇതൊക്കെയും പകര്‍ത്തി. ഇത് ഞാന്‍ പൊലീസില്‍ ഏല്‍പ്പിച്ചു. താമസിപ്പിച്ചാല്‍ പ്ലോട്ട് കൈമോശം വരുമെന്ന് പറഞ്ഞ് ലക്ഷ്മി നായര്‍ തിടുക്കം കാണിച്ചു. ധാരണയായ തുകയ്ക്ക് വേണ്ടി എംഒയു തയ്യാറാക്കാനും അതനുസരിച്ച് 40 ലക്ഷം രൂപ അഡ്വാന്‍സായി കൊടുക്കാനും അവിടെവച്ച് ധാരണയായി. ജൂണ്‍ 26ന് ലക്ഷ്മി നായര്‍ വീണ്ടും എന്റെ ഓഫീസില്‍വന്ന് എംഒയു തയ്യാറാക്കി ഒപ്പിട്ടു. 100 രൂപയുടെ മുദ്രപ്പത്രത്തിലാണ് എംഒയു തയ്യാറാക്കിയത്. കമ്പനിയുടെ സിഇഒയെ നേരിട്ട് ബന്ധപ്പെട്ടില്ലെന്നും മുഖ്യമന്ത്രിയുമായോ വ്യവസായ മന്ത്രിയുമായോ സംസാരിക്കാനായില്ലെന്നും ഞാന്‍ പരിഭവംപോലെ പറഞ്ഞപ്പോള്‍ പോസ്റ്റ് ഡേറ്റഡ് ചെക്ക് മതിയെന്നും 30-ാം തീയതിയിലെ ചെക്ക് മതിയെന്നും അതിനുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയി പരിചയപ്പെടുത്തി സംസാരിച്ചുകൊള്ളാമെന്നും ഇവര്‍ എനിക്ക് ഉറപ്പ് നല്‍കി. 26ന് 30ലെ തീയതി വച്ച് 10 ലക്ഷം രൂപയുടെയും 15 ലക്ഷം രൂപയുടെയും പത്തനംതിട്ട ഐഡിബിഐ ശാഖയുടെ ഓരോ ചെക്കുകള്‍ ഒപ്പിട്ടു നല്‍കി. ഡല്‍ഹി ഓഫീസിലേക്കും എറണാകുളം ഓഫീസിലേക്കും രണ്ടായി ചെക്ക് വേണമെന്ന് പറഞ്ഞതിനാലാണ് പണം രണ്ട് ചെക്കുകളിലായി കൊടുത്തത്. 15 ലക്ഷത്തിന്റെ മറ്റൊരു ചെക്ക് ഐഡിബിഐ ബാങ്കിലേക്ക് ജൂലൈ 14 തീയതി വെച്ച് ഞാന്‍ കൈമാറി. എന്റെ ഓഫീസില്‍വെച്ചാണ് ഈ മൂന്ന് ചെക്കും കൈമാറിയത്.

തുടര്‍ന്ന് ജൂണ്‍ 28ന് മൂന്ന് ചെക്കുകളും കൈപ്പറ്റിയതായി കാണിച്ചുള്ള മൂന്ന് രസീത് അയച്ചു തന്നു. മുഖ്യമന്ത്രി അടിയന്തരമായി ഡല്‍ഹിക്ക് പോയെന്നും ജൂലൈ രണ്ടിനേ മടങ്ങി വരൂവെന്നും വന്നാലുടന്‍ കൂടിക്കാഴ്ച തരപ്പെടുത്താമെന്നും ഇവര്‍ ജൂണ്‍ 27ന് എന്നോട് വിളിച്ചു പറഞ്ഞു. 29ന് വീണ്ടും വിളിച്ച് ഈ മാസത്തെ ടാര്‍ജറ്റ് ആയിട്ടില്ലാത്തതിനാല്‍ ചെക്ക് രണ്ടെണ്ണം മാറിക്കോട്ടെയെന്ന് വിനയപൂര്‍വം ചോദിച്ചു. ഞാനത് സമ്മതിച്ചു. അടുത്ത ചെക്ക് മാറുന്നതിന് മുമ്പ് സിഇഒയെയും മുഖ്യമന്ത്രിയെയും കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 30-ാം തീയതി രണ്ട് ചെക്കുകള്‍ മാറി 25 ലക്ഷം രൂപ ഇവര്‍ എടുത്തു. ജൂലൈ മൂന്നിന്് രാവിലെ ഇവര്‍ ഫോണില്‍വിളിച്ച് മുഖ്യമന്ത്രിയെ കാണുകയാണ് അപ്പോയ്ന്റ്മെന്റെടുത്ത് ഇ-മെയില്‍ ചെയ്യാമെന്ന് പറഞ്ഞു. ജൂലൈ അഞ്ചിന് രാവിലെ മെയില്‍ കിട്ടി. ഒമ്പതിന് മുഖ്യമന്ത്രിയുടെ അപ്പോയ്ന്റ്മെന്റും 13ന് സിഇഒ എന്നെ നേരിട്ട് വന്ന് കാണുമെന്നുമായിരുന്നു മെയില്‍. ഒമ്പതിന് രാത്രി എട്ടിനായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതിനിടെ ഡോ. ആര്‍ ബി നായര്‍ എന്നെ വിളിച്ച് അടിയന്തരമായി ലണ്ടനിലേക്ക് പോകുകയാണെന്നും ഏഴിനോ എട്ടിനോ വന്ന് കണ്ടുകൊള്ളാമെന്നും പറഞ്ഞു. ഒമ്പതിന് ഞാനും അഡ്വ. അജിത് കുമാറും കൂടി തിരുവനന്തപുരത്ത് പോയി. ഏഴോടെ സെക്രട്ടറിയറ്റ് ഗേറ്റില്‍ ചെന്നു. വഴിമധ്യേ ലക്ഷ്മിയെ വിളിച്ചിരുന്നു. എങ്ങനെ രാത്രിയില്‍ ഗേറ്റ് കടക്കുമെന്ന് ചോദിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ആവശ്യപ്പെടുകയും ഞാന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. സെക്രട്ടറിയറ്റ് ഗേറ്റിനടുത്ത് ചെന്നപ്പോള്‍ സെക്യൂരിറ്റി തടസ്സം പറയാതെ വാഹന നമ്പര്‍ നോക്കിയിട്ട് വാഹനം സഹിതം കടത്തിവിട്ടു. നോര്‍ത്ത് ബ്ലോക്കിന് മുമ്പില്‍ ലക്ഷ്മിയെ കണ്ടു. നോര്‍ത്ത് ബ്ലോക്കിന് താഴത്തെ സെക്യൂരിറ്റിക്കാരന്‍ ബഹുമാനത്തോടെ ലക്ഷ്മിയെയും ഞങ്ങളെയും കടത്തിവിട്ടു.

ലിഫ്റ്റില്‍ കയറി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസ് സ്റ്റാഫിനടുത്ത് എത്തിച്ചു. ഇവിടെയിരുന്നവര്‍ ലക്ഷ്മിയെ വിഷ് ചെയ്യുന്നത് കണ്ടു. തുടര്‍ന്ന് ജോപ്പന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തി. ഈ സാറിന്റെ ഓഫീസില്‍ ഇരുന്നാണ് ഫോണ്‍ വിളിച്ചതെന്നും ക്രഷര്‍ ഓണേഴ്സ് സംസ്ഥാന പ്രസിഡന്റ് ആണെന്നും മൂന്ന് മെഗാവാട്ട് സോളാര്‍ പ്ലാന്റിന്റെ എംഒയു ഒപ്പിട്ടു എന്നും പറഞ്ഞു. ഈ ഓഫീസിലെ എന്താവശ്യത്തിനും ജോപ്പന്‍ ചേട്ടനെ വിളിച്ചാല്‍ മതിയെന്നും ലക്ഷ്മി എന്നോട് പറഞ്ഞു. ഇവിടിരുന്ന് ഞാന്‍ കാര്യങ്ങള്‍ ഒന്നുകൂടി ജോപ്പനോട് വിശദീകരിച്ചു പറഞ്ഞു. ജോപ്പന്‍ കേട്ടിരുന്നു. നിങ്ങളുടെ തീരുമാനം നല്ലതാണ്. നല്ല ടീമാണെന്നും പറഞ്ഞു. ലക്ഷ്മിയുടെ പിന്നാലെ പുറത്തേക്ക് ഇറങ്ങിയ ജോപ്പന്‍ ഇന്ന് മുഖ്യമന്ത്രി ആരെയും കാണുന്നില്ല, കോറിഡോര്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടില്ലേ, അകത്ത് സെല്‍വരാജ് എംഎല്‍എ ഇരിപ്പുണ്ട് നിങ്ങളെയും കാണുമായിരിക്കും എന്നു പറഞ്ഞു. കുറെക്കഴിഞ്ഞ് നോക്കുമ്പോള്‍ ലക്ഷ്മിയും ജോപ്പനും മാറിനിന്ന് രഹസ്യമായി സംസാരിക്കുന്നത് കണ്ടു. ഉടന്‍ അവര്‍ മടങ്ങിവന്നു. മുഖ്യമന്ത്രി അപ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് പോകുന്നത് കണ്ടു. ഈ സമയം എന്നെയും ലക്ഷ്മിയെയും മുഖ്യമന്ത്രിയുടെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്രഷര്‍ ഓണേഴ്സിന്റെ ഒരു നിവേദനവും കാണാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ അവസരം വേണമെന്ന് ഞാന്‍ മുമ്പ് ലക്ഷ്മിയോട് പറഞ്ഞിരുന്നു. അത് ഞാന്‍ കൈവശം കരുതിയിരുന്നു. ക്യാബിനില്‍ മുഖ്യമന്ത്രിയും സെല്‍വരാജ് എംഎല്‍യും സംസാരിച്ച് ഇരിക്കുന്നത് കണ്ടു. ജോപ്പനൊപ്പം ഞാനും ലക്ഷ്മിയും കസേരകള്‍ക്ക് പിന്നിലായി നിന്നു. മുഖ്യമന്ത്രി സീറ്റില്‍നിന്ന് എഴുന്നേറ്റ് ഞങ്ങളെ സമീപിച്ചു. ലക്ഷ്മി എന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി. ക്രഷര്‍ ഓണേഴ്സ് സംസ്ഥാന പ്രസിഡന്റാണ്. മൂന്ന് മെഗാവാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എംഒയു ഒപ്പിട്ടെന്നും അതിന് പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പോയി നടപടി നടത്തുകയാണെന്നും പറഞ്ഞു. ഒപ്പം സാറിന് ക്രഷര്‍ ഓണേഴ്സിന്റെ നിവേദനം തരാനുണ്ടെന്നും സ്വാതന്ത്ര്യത്തോടെ പറഞ്ഞു. നിവേദനം ഞാന്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. ഇത് വീട്ടില്‍ കൊണ്ടുപോകുന്ന ഫയലില്‍ വയ്ക്കാനായി ജോപ്പനെ പറഞ്ഞേല്‍പ്പിച്ചു.

എന്നോടായി, നിങ്ങളെപ്പോലെ ഉള്ളവര്‍ ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചാലേ നമ്മുടെ നാട്ടിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനാകൂ എന്നും സബ്സിഡി അടക്കമുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ലക്ഷ്മി കൈയില്‍ കരുതിയിരുന്ന രണ്ടു ലക്ഷം രൂപയുടെ ഡിഡി എന്നു പറഞ്ഞ്, ഒരു കവറിങ് ലെറ്റര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏല്‍പ്പിച്ചു. അപ്പോള്‍ത്തന്നെ മുഖ്യമന്ത്രി ജോപ്പനെ ഏല്‍പ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഞങ്ങള്‍ ഒന്നിച്ച് ലിഫ്റ്റില്‍ താഴേക്ക് ഇറങ്ങി. മുഖ്യമന്ത്രി കാറില്‍ മടങ്ങി. ഞങ്ങള്‍ വീണ്ടും ജോപ്പന്റെ അടുത്തു വന്നു. എന്താവശ്യമുണ്ടെങ്കിലും വിളിക്കാന്‍ പറഞ്ഞ് ഇയാള്‍ ഫോണ്‍ നമ്പര്‍ തന്നു. ജൂലൈ 13ന് ഡോ. ആര്‍ ബി നായര്‍ ഡ്രൈവറുമൊത്ത് ഓഫീസില്‍ വന്നു. ഡല്‍ഹിയിലും മറ്റുമുള്ള ബന്ധത്തെപ്പറ്റി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരുമായി വളരെ അടുപ്പമാണെന്നും പറഞ്ഞു. 14-ാം തീയതിവെച്ചുള്ള ചെക്ക് ക്യാഷ് ചെയ്തുകൊള്ളാന്‍ ലക്ഷ്മി വിളിച്ചപ്പോള്‍ പറഞ്ഞു. തുടര്‍ന്ന് നിരന്തരം ലക്ഷ്മി എന്നെ വിളിക്കുകയും ഇ-മെയില്‍ അയക്കുകയും ചെയ്തിരുന്നു. മൂന്ന് നാല് മാസമായിട്ടും കാര്യങ്ങള്‍ ഒന്നും നടക്കാതെ വന്നപ്പോള്‍ കിന്‍ഫ്രാ ലാന്‍ഡ് ലീസിനാണ് നല്‍കുന്നതെന്നും അത് സ്വന്തം പേരിലാക്കാനും പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടക്കുകയാണെന്നും ഒരു മാസത്തിനകം ശരിയാകുമെന്നും ലക്ഷ്മി സൗമ്യമായി ഫോണില്‍ പറഞ്ഞു. 2012 ഡിസംബര്‍വരെ കാത്തുനിന്നിട്ടും ഒന്നും നടന്നില്ല.

2013 ജനുവരി ഒന്നിന് ലക്ഷ്മിക്ക് രജിസ്റ്റേര്‍ഡ് ആയി അയച്ച കത്ത് ഒരു മാസം കഴിഞ്ഞ് മടങ്ങിവന്നു. മാര്‍ച്ച് വരെ കാത്തിരുന്നിട്ടും നീക്കങ്ങള്‍ ഒന്നുമില്ലാത്തതിനെത്തുടര്‍ന്ന് അഡ്വ. മണിലാല്‍ മുഖേന ലക്ഷ്മിക്കും കമ്പനിക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. അതും കൈപ്പറ്റാതെ മടങ്ങി. ഏപ്രിലില്‍ ലക്ഷ്മി ഇങ്ങോട്ട് വിളിച്ച് പിതൃസ്ഥാനത്താണ് കരുതുന്നതെന്ന് എന്നോട് പറഞ്ഞു. എന്താണ് തെറ്റ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രിയുടെ ഭാര്യയോട് ലക്ഷ്മിയെപ്പറ്റി മോശമായി സംസാരിച്ചതു വഴി അവളോട് എതിര്‍പ്പ് ഉണ്ടായി എന്നും പറഞ്ഞു. അത് കളവാണ്, ഞാന്‍ ക്ലിഫ് ഹൗസില്‍ പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാര്യയെ കണ്ടിട്ടുപോലുമില്ല. എന്നിട്ടും അവസരോചിതമായി കാശു തരാഞ്ഞതിനാലല്ലേ ഞാന്‍ അങ്ങനെ പറഞ്ഞത്. എന്റെ കാശ് തിരികെ തന്നാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ട് നമ്പരും ഐഎഫ്എസ്സി കോഡും തന്നാല്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തേക്കാം എന്ന് അവര്‍ പറഞ്ഞു. പറഞ്ഞതൊന്നും സാറിന് തിരിച്ചെടുത്തേക്കാന്‍ പറ്റില്ലല്ലോ എന്നുകൂടി ഇവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു തവണയായി തുക ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും ആദ്യ ഗഡു മെയ് പത്തിനും ബാക്കി മെയ് 25നും തരാമെന്നും പറഞ്ഞു. മെയ് 17ന് കൈലാസത്തില്‍ പോയതിനാല്‍ കുറെ നാള്‍ ഫോളോ അപ്പ് നടന്നില്ല. മെയ് 31ന് മടങ്ങി വന്നു. ജൂണ്‍ ഒന്നിന് രാവിലെ ലക്ഷ്മിയെ വിളിച്ചപ്പോള്‍ പാന്‍ കാര്‍ഡ് നമ്പര്‍ ഇല്ലാത്തതിനാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകുന്നില്ല എന്ന് പറഞ്ഞു. ഉടന്‍ എന്റെ പാന്‍ നമ്പര്‍ എസ്എംഎസ് ചെയ്തു. ജൂണ്‍ മൂന്നിന് കാശ് ഇടുമെന്നാണ് പറഞ്ഞത്. മൂന്നിന് രാവിലെ വളിച്ചപ്പോള്‍ ലക്ഷ്മി ഫോണ്‍ എടുത്തില്ല. അന്നത്തെ പത്രത്തില്‍ ലക്ഷ്മിയെപ്പോലൊരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ട എന്റെ ഭാര്യ ആ വാര്‍ത്ത എന്നെ കാണിച്ചു. പക്ഷേ സരിത എന്നാണ് പേര് കണ്ടത്. തുടര്‍ന്ന് വായിച്ചപ്പോള്‍ സരിത, ലക്ഷ്മിതന്നെയാണെന്ന് ബോധ്യമായി. തുടര്‍ന്ന് ജോപ്പനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. 12ന് അഡ്വ. സോണി ഭാസ്കര്‍ മുഖാന്തരം പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയില്‍ ലക്ഷ്മി നായര്‍, ആര്‍ ബി നായര്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തു. ആ അന്യായത്തില്‍ മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെയാണ് എന്ന് ചേര്‍ത്തിരുന്നു. വക്കീല്‍ വായിച്ച് കേള്‍പ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്നതിന് മുമ്പില്‍ മുഖ്യമന്ത്രിയും എന്നുകൂടി എഴുതിച്ചേര്‍ത്തിട്ടാണ് ഞാന്‍ അന്യായം ഒപ്പിട്ടത്. അന്യായം കോന്നി സിഐയ്ക്ക് അന്വേഷണത്തിനായി അയച്ചപ്പോള്‍ പൊലീസ് എന്റെ മൊഴി വാങ്ങി. ഞാന്‍ ബിസിനസുകാരനാണ്. മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടാലുള്ള ഭവിഷ്യത്ത് മനസിലാക്കി എസ്ഐ, സിഐ, ഡിവൈഎസ്പി, എഡിജിപി എന്നിവര്‍ക്ക് മൊഴി കൊടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയിരുന്നു. ഇനിയും സത്യം മറച്ചുവെക്കേണ്ട എന്നതിനാല്‍ ഇതെല്ലാം തുറന്നു പറയുകയാണ്.

*
ദേശാഭിമാനി

Tuesday, October 29, 2013

Changes Being Mooted in the Banking Sector: Prabhat Patnaik

NEW banking licenses are to be issued to the private sector post-haste before January 2014. This is the third occasion, after 1994 and 2001, when such licenses are to be given. But this time, unlike on the two earlier occasions when the Reserve Bank of India had explicitly forbidden it, corporate houses too are to be allowed to get such licenses. Not surprisingly, some of the biggest corporate houses, the Tatas, Birlas and Reliance, are in line to get bank licenses.

This threatens to take us back to the days before bank nationalisation in 1969, when all big houses had their own in-house banks. Indeed all the big banks at the time were owned by corporate houses which mobilised deposits from the public for promoting the interests of their respective groups. Banking meant furthering the group’s strategy; credit went where the group’s interest demanded; and sectors like agriculture where peasant production dominated and the corporate groups had little interest at that time, were cut off from institutional credit.

FUNDAMENTAL SOCIAL SIGNIFICANCE

Bank nationalisation was meant to change all that. It was based on a simple premise, namely that banking was different from other activities, that the “credit market” differed from other “markets”. In other markets, like say the furniture market, commodities are sold against pre-existing resources in the pockets of the buyers: sellers exchange C for M and buyers exchange M for C. In the credit “market” however new resources (or command over resources) are put into the pockets of the customers: fresh M is created by the banks which give it to borrowers against only IOUs. What the banks give out is command over capital; whom they give such command to determines the entire trajectory of development. What banks do is therefore of fundamental social significance, since it determines whether growth occurs at all, which sectors grow, which groups grow and which regions grow. And if what banks do is of such fundamental social significance, then society must have control over what banks do. This was the logic of bank nationalisation which was carried out after a brief period of futile attempt at what was called “social control over banks”.

This logic remains as valid today as it ever was. The neo-liberal argument which has surfaced since then does not, indeed it cannot, contest the fact that society has priorities which banks must serve. What it says is that banks can serve these priorities if left to their own devices, ie, if the credit “market” is left free, subject to obeying certain overall parameters of monetary policy.

This argument however is erroneous for two obvious reasons. First, freeing the credit “market” can never bring adequate institutional credit to peasants and petty producers, in which case either the sectors where they are located must languish, to the detriment of society; or they will perforce be replaced by corporate capital, causing acute mass distress, which again no society can tolerate. Second, the market, as John Maynard Keynes had pointed out long ago, is intrinsically incapable of differentiating between “speculation” and “enterprise”. Hence in a free market not only does “speculation” thrive at the expense of “enterprise”, but this fact brings periodic mass ruin to the wealth-holders themselves. Since we have just seen an example of such mass ruin in the 2008 financial crisis, from which banks had to be bailed out by the provision of as much as $ 13 trillion from the public exchequer in the US, there is no need to labour the point. (Incidentally when this astronomical sum was being provided from the public exchequer nobody talked of the “virtues of the free market”!).

There is in short no alternative to social control over banks if social goals are to be achieved and the only effective way of exercising such control is through public ownership of banks. If private ownership of the means of production in general is inimical to social good, then private ownership of banks is quintessentially so.

But the persistent demand of international finance capital has been for privatising publicly-owned banks in India, which even the Manmohan Singh government has not been able to accede to, because of the enormous opposition that such a move will invite. Indeed, imperialist agencies, aware of this problem, have even scaled down their demand. Successive US administrations for instance have demanded that “only” the State Bank of India should be privatised: since the SBI is by far the biggest bank in India, and one of the largest in the world, its privatisation alone is a sufficiently attractive prospect for finance capital. But even this will arouse opposition which no neo-liberal regime in the country can possibly overcome. Allowing corporate houses to set up banks therefore is a backdoor attempt at privatising the banking system of the country.

Another pointer in the same direction is the invitation by RBI governor Raghuram Rajan to foreign banks to operate in India on a much larger scale. Once foreign and domestic private banks have started operating on a sizeable scale, the government, which can always run down the public sector banks under its control,  can encourage “mergers” between private and public banks, or “takeovers” by private banks of public ones, in which case privatisation of public sector banks would have occurred in a roundabout manner without generating the same degree of opposition that a direct attempt at privatisation does. We are thus witnessing an insidious undermining of bank nationalisation, which is perhaps the most significant progressive economic measure enacted in post-independence India.

This has an immediate implication that must be noted. Bank nationalisation had brought institutional credit to sectors of petty production neglected until then, and above all to peasant agriculture. Of course, the distribution of such credit had been unequal across the peasantry; it is the rich peasants and the landlords who had been the biggest beneficiaries of institutional credit. Nonetheless the Green Revolution would have been impossible without the disbursement of institutional credit on the scale that bank nationalisation ensured. Notwithstanding inequalities in credit disbursement within agriculture, the constraint that the stagnation of this sector had imposed on the development of the Indian economy, which became manifest in the mid-sixties food crisis (and the Bihar famine) and which made India dependent upon imperialism for food imports, could be overcome through increased institutional credit to agriculture. True, several measures acted conjointly towards improving India’s food production, especially the new seed-fertilizer technology; but credit availability from banks was certainly an important one among them. The Green Revolution has been criticised on environmental grounds, which may be perfectly valid. But that is a separate issue altogether; the fact remains that it saved the country from the clutches of imperialism.

After economic “liberalisation”, institutional credit to agriculture, as is well-known, has dried up significantly. Priority sector norms remain; but not only are they flouted, but even the definition of “priority sector” has been so expanded that genuine credit to agriculture has become a meagre component of it. The foreign banks flout even these norms with impunity; and private sector banks follow them closely. Public sector banks, notwithstanding all the above caveats, are still the best performers in priority sector lending.

Enlarging the presence of foreign banks and corporate house banks at this juncture therefore is quite bizarre. The government has just enacted a Food Security legislation covering over two-thirds of the country’s population. If such a large segment of the population is to increase its food intake, then obviously there has to be an increase in food output in the country. Such an increase is inconceivable without a substantial increase in institutional credit to peasant agriculture. This needs a strict definition of priority sector lending, a firm directive to public sector banks to adhere to priority sector lending norms, and penalisation of those banks, especially foreign and private banks, which have systematically defaulted on priority sector lending even on its current loose definition. The fact that instead of doing this the government is actually encouraging the growth of precisely that sector within banking that does not care about priority sector lending, shows its lack of seriousness in implementing its own Food Security legislation. Quite obviously foreign banks for whom the red carpet is being unrolled, cannot be shown the door for not meeting priority sector lending norms once they have entered the country.

The changes being mooted in the banking sector in other words are so flagrantly in contradiction with what the Food Security legislation demands that one cannot help feeling that once the elections are over this legislation will be given a quiet burial. Already the legislation incorporates the possibility of cash payment in lieu of food; so, once the elections are over, the government will quietly shift to cash payments, and, with prices rising as at present, the real value of the cash transfers will be allowed to get eroded over time, quietly undermining this much-hyped measure which the neo-liberal wing of the government has been in any case coerced into accepting.

Another development points in the same direction. The government is making budgetary resources available to public sector banks on the basis of which they can give loans to make the purchase of private vehicles easier. This is supposed to be a measure to boost industrial demand in the economy and counter the slowdown that has occurred.

CLASS BIAS

There are however two ways of boosting demand. One is via consumer credit. The other is via giving loans to producers in sectors such as agriculture, whose output, and hence demand for industrial goods, can thereby be boosted. The latter has the obvious “advantage” that even while boosting industrial demand, it adds to the nation’s food output and the purchasing power of large numbers of peasants and agricultural labourers. The fact that instead of following this latter course for expanding the home market, the government has followed the former, which is nothing else but the path followed by the American banks that created a credit bubble only for it to burst later to the detriment of the country’s financial system, is indicative of the utter class bias of the Manmohan Singh government. Giving easy credit for the purchase of vehicles is a direct boost to the markets and hence profits of the corporate sector that is engaged in producing such vehicles, while enlarging the domestic market via an expansion of agricultural output and the purchasing power of the masses is too roundabout a route for corporate capital.

These new directions in banking policy that privilege consumer credit over producer credit, that privilege the corporate-financial elite over peasant agriculture, that roll back the thrust of bank nationalisation and expose the economy to financial crises have got to be resisted with vigour in the interests of the nation.

 *
Prabhat Patnaik People's Democracy 27-10-2013

ഇരുളിനെ കീറിയ വജ്രസൂചി

നവോത്ഥാന പ്രസ്ഥാനത്തെയും മതനവീകരണ പ്രവര്‍ത്തനങ്ങളെയും സ്വാതന്ത്ര്യസമരവുമായി സമന്വയിപ്പിച്ച പ്രതിഭാശാലിയായിരുന്നു വാഗ്ഭടാനന്ദഗുരു. കേരളീയരുടെ വിചാരവിപ്ലവത്തിന് തിരികൊളുത്തിയ വാഗ്ഭടാനന്ദന്റെ സ്മൃതിദിനമാണ് ഒക്ടോബര്‍ 29. 1939ലായിരുന്നു ആ പ്രകാശം പൊലിഞ്ഞത്.

പണ്ഡിതനും പ്രഭാഷകനും പത്രാധിപരുമായിരുന്ന വാഗ്ഭടാനന്ദന്‍ കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് വയലേരി തറവാട്ടില്‍ 1885ലാണ് ജനിച്ചത്. കീഴ്ജാതിക്കാര്‍ക്കും ദരിദ്രര്‍ക്കുമായി കോഴിക്കോട് കാരപ്പറമ്പില്‍ 1906ല്‍ തത്വപ്രകാശികയെന്ന വിദ്യാലയം സ്ഥാപിച്ചു. 1917ല്‍ ആത്മവിദ്യാസംഘം രൂപീകരിച്ച് തന്റെ ആശയമണ്ഡലം വിപുലീകരിച്ചു. "അഭിനവ കേരളം", "ആത്മവിദ്യാ കാഹളം" "ശിവയോഗി വിലാസം" തുടങ്ങിയ പ്രസിദ്ധീകരണങ്ങളും നിരവധി ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. മതാന്ധതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരായി പ്രഭാഷണങ്ങളും സംവാദങ്ങളുമായി ആ കര്‍മയോഗി മംഗലാപുരം മുതല്‍ മദിരാശിവരെ സഞ്ചരിച്ചു.

പൂജാദികര്‍മങ്ങള്‍ അര്‍ഥശൂന്യമാണെന്ന് തന്റെ മാസികകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വാഗ്ഭടാനന്ദന്‍ ഉദ്ബോധിപ്പിച്ചിരുന്നു. അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ച സവര്‍ണ തമ്പ്രാക്കളോടും വാഗ്ഭടാനന്ദന്‍ പോരടിച്ചു. ഗുരുവായൂര്‍ ക്ഷേത്രം അധഃകൃതര്‍ക്ക് തുറന്നുകൊടുക്കാന്‍ ആരംഭിച്ച പ്രക്ഷോഭത്തെ സാമൂതിരി കണ്ടില്ലെന്ന് നടിച്ചാല്‍ വലിയവില നല്‍കേണ്ടിവരുമെന്ന് തുറന്നടിക്കാനും അദ്ദേഹം തയ്യാറായി. ലോകം മുഴുവന്‍ വിറപ്പിച്ച തുര്‍ക്കി സുല്‍ത്താന്റെയും റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരുടെയും ദുര്‍ഗതിയെക്കുറിച്ച് രാജാവ് ശാന്തമായി ഒന്നാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും നിലനില്‍പ്പിനും അവകാശങ്ങള്‍ക്കും വേണ്ടി അദ്ദേഹം മുന്നിട്ടിറങ്ങി.

ഫറോക്കിലെ ഓട്ടുകമ്പനിയില്‍ ഒരു തൊഴിലാളിയെ തെങ്ങില്‍ വരിഞ്ഞുകെട്ടി അടിച്ചുകൊന്നു. ഇതിനെതിരെ കെ പി ഗോപാലന്‍ ആരംഭിച്ച നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി സമരം വിജയിച്ചശേഷം നാരാങ്ങാനീര് നല്‍കി അവസാനിപ്പിച്ചാണ് വാഗ്ഭടാനന്ദന്‍ മടങ്ങിയത്. എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ 1934ല്‍ കരിവെള്ളൂരില്‍ രൂപീകൃതമായ അഭിനവ ഭാരത യുവസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അകമഴിഞ്ഞ് പിന്തുണച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പലപ്പോഴായി നിയമലംഘനം നടത്തിയതിന് അദ്ദേഹത്തെ കലക്ടര്‍ താക്കീത് ചെയ്യുകയുണ്ടായി.

മതനവീകരണ പ്രശ്നങ്ങളും ആത്മീയ കാര്യവിചാരവും കൈകാര്യംചെയ്യുമ്പോഴും കവിതയും സാഹിത്യ നിരൂപണവും അദ്ദേഹം നടത്തി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി. വാഗ്ഭടാനന്ദനും നവോത്ഥാന നായകരും രൂപപ്പെടുത്തിയ മലയാളിയുടെ ആത്മാഭിമാനത്തിന്റെ പതാക വലിച്ച് താഴ്ത്താനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട ഫ്യൂഡല്‍ ജീര്‍ണതകള്‍ ആഗോള മൂലധനത്തിന്റെ പുത്തന്‍ അജന്‍ഡകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. ജാതി മത ചിന്തകളും അനാചാരങ്ങളും വീണ്ടും സമൂഹത്തിലേക്ക് അതിക്രമിച്ച് കയറുന്നു. നവോത്ഥാന കാലം കുഴിച്ചു മൂടിയ ജീര്‍ണതകള്‍ പൊതുജീവിതത്തിലേക്ക് വര്‍ണപ്പകിട്ടോടെ എഴുന്നള്ളിക്കപ്പെടുകയാണ്. ഈയൊരു സാഹചര്യത്തില്‍ വാഗ്ഭടാനന്ദ ദര്‍ശനങ്ങളുടെ പ്രസക്തിയേറുകയാണ്.

*
എം സുരേന്ദ്രന്‍ ദേശാഭിമാനി

വെറും കല്ലല്ല; ബൂമറാങ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനുനേരെ കല്ലേറുണ്ടായതും ചില്ലുതെറിച്ച് അദ്ദേഹത്തിന് പരിക്കേറ്റതും ആകസ്മിക സംഭവമായി കാണാനാവില്ല. അഴിമതിക്കേസില്‍പെട്ട ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്ന "സാഹചര്യം മുതലെടുക്കാന്‍" കോണ്‍ഗ്രസുകാര്‍തന്നെ ശ്രമിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് രണ്ടുമാസംമുമ്പ് ആഭ്യന്തരമന്ത്രിയുടെ കൈയിലുണ്ട്. ഇന്നുവരെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ജനരോഷമാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നിട്ടുള്ളതെന്ന് ആരേക്കാളും നന്നായി പൊലീസിനറിയാം. എന്നിട്ടും എന്തുകൊണ്ട്, പൊലീസ് വലയത്തിനുള്ളില്‍വച്ച് ഉമ്മന്‍ചാണ്ടിക്ക് പരിക്കേല്‍ക്കാനിടയായി എന്ന ചോദ്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടിക്കായി കാത്തിരിക്കുന്നു. അക്രമി ആരായാലും പ്രതി പൊലീസാണ് എന്നര്‍ഥം. ഭരണത്തലവനെ സംരക്ഷിക്കാന്‍ കഴിയാത്ത പൊലീസ് എന്തു പൊലീസാണ്? അതിന്റെ മന്ത്രി എന്തിന് കൊള്ളാം?

ഉമ്മന്‍ചാണ്ടിയുടെ നെറ്റിയില്‍ ചില്ലുവീണതു ചൂണ്ടി വികാരത്തള്ളിച്ച പ്രകടിപ്പിക്കുന്നവരുണ്ട്. സംസ്ഥാനത്ത് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്നത് അവര്‍ മറന്നുപോകുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഐ നേതാവ് സി ദിവാകരനും പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് കഴിഞ്ഞ ജൂലൈ ഒമ്പതിനാണ്. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകാതെ പൊലീസ് അന്വേഷണം അട്ടിമറിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാനും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനും ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനാധിപത്യരീതിയില്‍ നടത്തിയ സമരത്തിനുനേരെയാണ് അന്ന് ഗ്രനേഡ് പ്രയോഗമുണ്ടായത്. മുന്‍ മുഖ്യമന്ത്രിയും മൂന്നാംവട്ടം പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുന്നയാളുമായ തലമുതിര്‍ന്ന നേതാവ് വി എസ് പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിനുനേരെ അപകടകാരിയായ ഗ്രനേഡ് എറിയാന്‍ അന്ന് തയ്യാറായത് യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസാണ്. വി എസിന്റെ തൊട്ടടുത്താണ് ഗ്രനേഡ് പതിച്ചതും പൊട്ടിയതും. അദ്ദേഹത്തിനും മുന്‍ മന്ത്രികൂടിയായ സി ദിവാകരനും ദേഹാസ്വാസ്ഥ്യമുണ്ടായി. അവര്‍ക്ക് ചികിത്സ നല്‍കേണ്ടിവന്നു. അതുകഴിഞ്ഞുണ്ടായ അനിഷ്ടസംഭവം, സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനുനേരെ തൊടുപുഴയില്‍ നടന്ന ആക്രമണമാണ്.

ആഗസ്ത് 21നാണ് ചീഫ് വിപ്പിന്റെ ഔദ്യോഗിക വാഹനത്തിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയും ചില്ല് തകര്‍ക്കുകയുംചെയ്തത്. അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനംചെയ്ത് ജോര്‍ജ് മടങ്ങുമ്പോള്‍ വഴിയില്‍ കരിങ്കൊടിയുമായി കാത്തുനിന്ന അമ്പതോളം യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകോപന മുദ്രാവാക്യങ്ങളുയര്‍ത്തി പ്രധാന റോഡിലേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞ് ചീമുട്ടകള്‍ എറിഞ്ഞു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസിന് തടയാനായില്ല. വാഹനത്തിനു പിന്നാലെ ഓടി ചില്ല് എറിഞ്ഞുതകര്‍ത്തശേഷമാണ് അക്രമികള്‍ പിന്മാറിയത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഹിതകരമല്ലാത്ത പ്രസ്താവന ജോര്‍ജില്‍നിന്നുണ്ടായതാണ് പ്രകോപനം. അന്ന് ജോര്‍ജ് പറഞ്ഞത്, ""സത്യം പറഞ്ഞതിന് കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ"" എന്നാണ്. ആസൂത്രിത അക്രമമാണ് നടന്നതെന്നും കോണ്‍ഗ്രസിലെ എ വിഭാഗം നേതാക്കളാണ് അതിനു പിന്നിലെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും അക്രമികള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടാനാകാത്തവിധം പൊലീസ് ജീപ്പ് നിര്‍ത്തിയിട്ടുവെന്നും ജോര്‍ജ് തുറന്നടിച്ചു. പ്രതിപക്ഷ നേതാവിനെ ഗ്രനേഡെറിഞ്ഞത് പൊലീസാണെങ്കില്‍ ചീഫ് വിപ്പിനെ ആക്രമിച്ചത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നയിക്കുന്ന എ ഗ്രൂപ്പ്.

കോഴിക്കോട്ട് കെപിസിസി പ്രസിഡന്റിന്റെ കണ്‍മുന്നില്‍ ഒരു സംസ്ഥാന നേതാവ് എക്സിക്യൂട്ടീവ് അംഗത്തിന്റെ ചെകിട്ടത്തടിച്ചത് മറ്റൊരനുഭവം. അതന്വേഷിക്കാന്‍ നിയുക്തയായ നേതാവിനുമുന്നിലും അരങ്ങേറിയത് കോണ്‍ഗ്രസുകാരുടെ കൂട്ടത്തല്ലാണ്. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായി വേണം കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിക്ക് പോറലേറ്റതിനെ കാണാന്‍.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആദ്യപ്രതികരണം, "ആര്‍ടി ഓഫീസ് കെട്ടിടത്തില്‍ ഒളിച്ചിരുന്നാണ് കല്ലെറിഞ്ഞത്" എന്നാണ്. പൊലീസ് അറിയിക്കാതെ ആഭ്യന്തരമന്ത്രിക്ക് ഇത് പറയാനാവില്ല. ആരാണ് എറിഞ്ഞത് എന്ന് അപ്പോഴദ്ദേഹത്തിന് അറിയില്ല. "ഒളിച്ചിരുന്നയാളെ" പൊലീസ് പിടിച്ചിട്ടുമില്ല. എന്നിട്ടും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചത്, മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണമെന്നുമാണ്. എറിഞ്ഞയാളെ അറിയില്ലെങ്കിലും അത് സിപിഐ എം നേതൃത്വത്തിന്റെ അറിവോടെയാണ് എന്ന് ഉറപ്പിക്കാനുള്ള ദിവ്യജ്ഞാനം കോണ്‍ഗ്രസ് നേതാവായ രാധാകൃഷ്ണന് ആവാം; സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തരമന്ത്രിക്ക് യോജ്യമല്ല. അതേ മന്ത്രി തിങ്കളാഴ്ച തലസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ച് മറ്റൊരു വിവരമാണ് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന വ്യാജേന നിലയുറപ്പിച്ചവരാണ് അക്രമികള്‍ എന്നാണത്. ഇതിനര്‍ഥം, ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റത് എങ്ങനെ എന്ന് സര്‍ക്കാര്‍ ഇതുവരെ "തീര്‍ച്ചപ്പെടുത്തിയിട്ടില്ല" എന്നുതന്നെയാണ്.

സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണയിടുന്നുണ്ട്. അതിനദ്ദേഹം കണ്ടെത്തുന്ന ന്യായം, "മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന വ്യാജേന എതിര്‍വശത്തു നിന്നവരാണ് കല്ലെറിഞ്ഞത്" എന്നാകുമ്പോള്‍, സമരവളന്റിയര്‍മാരല്ല അക്രമത്തിനുപിന്നില്‍ എന്നാണ് സ്ഥാപിക്കപ്പെടുന്നത്. സമരക്കാര്‍ നിന്ന ഭാഗത്തുനിന്ന് കല്ല് പോയിട്ടില്ല എന്നുപറയുന്നത് പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രിയാണ്. അത്രമാത്രം പറഞ്ഞാല്‍ തീരുമോ തിരുവഞ്ചൂരിന്റെ ഉത്തരവാദിത്തം? സംസ്ഥാന ഖജനാവില്‍നിന്ന് ചെല്ലും ചെലവും കൊടുത്ത് പോറ്റുന്ന സ്ഥിരം രക്ഷാഭടന്മാര്‍ മുഖ്യമന്ത്രിക്കില്ലേ? അവര്‍ എന്തെടുക്കുകയായിരുന്നു? ഗണ്‍മാന്‍ ഇരിക്കേണ്ടിടത്ത് എങ്ങനെ ടി സിദ്ദിഖ് എന്ന യൂത്ത് നേതാവ് ഇരുന്നു? അദ്ദേഹത്തിന് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള സിദ്ധിയുണ്ടോ? ഗണ്‍മാനിരിക്കേണ്ടിടത്ത് വേറെയാളിരുന്നു എന്നതുതന്നെ സുരക്ഷാവീഴ്ചയുടെ അനിഷേധ്യതെളിവാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍തന്നെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശകരായി വരുന്നതെങ്കില്‍പ്പോലും കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിര്‍ദേശമുണ്ട്.

പൊലീസും മന്ത്രിയും പറയുന്ന കല്ലിന്റെ കഥ അതിവിചിത്രമാണ്. ടൊയോട്ടയുടെ ഇന്നോവ കാറിന്റെ വീതി 1.75 മീറ്ററാണ്. ഒരു വശത്തെ ചില്ലില്‍ പതിച്ച് ആ ചില്ല് തകര്‍ത്ത് അകത്തൂടെ മറുവശത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ നെഞ്ചില്‍ തട്ടിയശേഷം ആ വശത്തെ ചില്ലും തകര്‍ക്കുന്ന കല്ലിന്റെ സഞ്ചാരപഥം ശാസ്ത്രത്തിന് അചിന്ത്യമാണ്. കല്ലിന് അങ്ങനെ വളഞ്ഞുപുളഞ്ഞ് സഞ്ചരിക്കാന്‍ കഴിയില്ല. റബര്‍ പന്താണെങ്കില്‍ തട്ടിത്തെറിക്കുമായിരുന്നു. അപ്പോള്‍ ചില്ല് പൊട്ടുകയുമില്ല. മന്ത്രി കെ സി ജോസഫിന് സ്വന്തമായി സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗിക കാറും അകമ്പടിയുമൊക്കെ കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയെ ഒരുനിമിഷം വിട്ടുപിരിയാനുള്ള വിഷമംമൂലമാകാം അദ്ദേഹവും ഉമ്മന്‍ചാണ്ടിയുടെ കൂടെ അതേ കാറിലാണ് സഞ്ചരിച്ചത്.

ഇനി മുഖ്യമന്ത്രിയുടെ വാക്കുകള്‍ "നെഞ്ചില്‍ പതിച്ചത് വലിയ കല്ലെന്ന് മുഖ്യമന്ത്രി" എന്ന തലക്കെട്ടില്‍ മനോരമ വാര്‍ത്തയായി വന്നത് നോക്കുക:""സാമാന്യം വലിയൊരു കല്ലാണ് തന്റെ നെഞ്ചില്‍ പതിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി "മനോരമ"യോട് പറഞ്ഞു. ഇടതുവശത്തെ ചില്ലിലൂടെ ഊക്കോടെ അകത്തേക്ക് പതിച്ച കല്ല്, തന്റെ നെഞ്ചില്‍ പതിച്ചശേഷം വലതുചില്ല് തകര്‍ത്ത് പുറത്തുപോയി."" കെ സി ജോസഫിനോട് കല്ലിന് നല്ല സ്നേഹമാണ്. അദ്ദേഹത്തെ നോവിക്കാതെ വളഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ നെഞ്ചില്‍തന്നെയെത്തി. പിന്നെ ചാടി ചില്ലു തകര്‍ത്ത് പുറത്തേക്കും. (പുരാണത്തിലെ ബ്രഹ്മാസ്ത്രത്തിന്റെയോ മറ്റോ പുനര്‍ജന്മമാണോ ഈ കല്ല് എന്നും സംശയിക്കാം) എന്നിട്ടും നെഞ്ചില്‍ നേരിയ വേദനമാത്രമെന്ന് പറയാനുള്ള മുഖ്യമന്ത്രിയുടെ വിനയം നല്ലതുതന്നെ. രണ്ടുചില്ലു തകര്‍ത്ത കല്ലിനെ വെല്ലുന്ന നെഞ്ചൂക്കുള്ള മുഖ്യമന്ത്രിയുണ്ടായത് കേരളത്തിന്റെ പുണ്യമെന്ന് നാളെ കീര്‍ത്തിപത്രം വായിക്കപ്പെട്ടാലേ കഥ പൂര്‍ത്തിയാകൂ.

ഒരു പ്രധാന രാഷ്ട്രീയനേതാവിന് പരിക്കേറ്റാല്‍, അല്ലെങ്കില്‍ അദ്ദേഹം അപകടത്തില്‍പെട്ടാല്‍ ഉണ്ടാവേണ്ട വിചാരങ്ങളല്ല ഇതൊന്നും. എന്നാല്‍, കണ്ണൂരിലെ സംഭവങ്ങള്‍ക്ക് വിദഗ്ധമായി സംവിധാനംചെയ്യപ്പെട്ട നാടകത്തിന്റെ എല്ലാ ഭാവങ്ങളുമുണ്ട്. ആ നാടകവും അതിന്റെ സ്റ്റേജും ഒറ്റദിവസംകൊണ്ട് പൊളിഞ്ഞു വീഴുമെന്നായപ്പോഴാണ് ഉമ്മന്‍ചാണ്ടി ചില നിലപാടുമാറ്റങ്ങളിലേക്കെത്തിയതെന്നും കരുതണം. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ ആത്മാര്‍ഥമായിട്ടാണെങ്കില്‍ സംഭവിച്ചതൊക്കെ ഞാന്‍ പൊറുക്കും; മറക്കും എന്നായിരുന്നു ഞായറാഴ്ച വൈകിട്ടത്തെ അദ്ദേഹത്തിന്റെ പ്രതികരണം. അതേ മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോള്‍, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തന്നെ ആശുപത്രിയില്‍ സന്ദര്‍ശിക്കേണ്ടതില്ല എന്ന നിലപാടാണെടുത്തത്. എന്തിനായിരുന്നു ഈ വിലക്ക്? ഇരുനേതാക്കളും ആശുപത്രിയില്‍ ചെന്നുകണ്ടാല്‍ ഉമ്മന്‍ചാണ്ടിയുടെ ഏതു വാദമാണ്; ഉദ്ദേശ്യമാണ് തകര്‍ന്നുപോവുക? അവിടെയാണ് സംശയത്തിന്റെ മറ്റൊരു മേഖല.

ഒരു കല്ലുകൊണ്ട് സോളാര്‍ കളങ്കം മാറ്റി മുഖ്യമന്ത്രിക്ക് വിശുദ്ധപട്ടം കൊടുക്കാമെന്ന് കരുതിപ്പോയവരുണ്ട്. ആ കല്ല് പുളിക്കെറിഞ്ഞ വടിപോലെ; ബൂമറാങ്ങുപോലെ തിരിച്ച് അവരിലേക്കുതന്നെ ചെല്ലുകയാണ്. കെപിസിസി പ്രസിഡന്റും ഭാരവാഹികളും ചീഫ് വിപ്പും സുരക്ഷാപാളിച്ചയെക്കുറിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കില്‍ അത് തിരുവഞ്ചൂരിനെതിരെമാത്രമുള്ള അസ്ത്രമല്ല- ഉമ്മന്‍ചാണ്ടിക്കുതന്നെ കൊള്ളുന്നതാണ്.

*
പി എം മനോജ് ദേശാഭിമാനി 29-10-2013

അന്വേഷണം നടക്കട്ടെ; നാടകം വേണ്ട

പൊതുപരിപാടിക്ക് പോകവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിക്കേല്‍ക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണ്. അമ്പരപ്പിക്കുന്ന സുരക്ഷാസന്നാഹങ്ങളോടെ ഞായറാഴ്ച കണ്ണൂരില്‍ ഔദ്യോഗിക പരിപാടിക്കെത്തിയപ്പോഴാണ്, വാഹനത്തിന്റെ ചില്ല് തകര്‍ന്നതും അത് തെറിച്ച് മുഖ്യമന്ത്രിയുടെ നെറ്റിയില്‍ പോറലേറ്റതും. അതിനുശേഷം സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനച്ചടങ്ങില്‍ നിശ്ചയിച്ച പരിപാടികള്‍ പൂര്‍ത്തിയാക്കി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് വ്യൂഹം മുഖ്യമന്ത്രിയെ "രക്ഷിച്ചില്ല" എന്നതോ പോകട്ടെ, അക്രമം നടത്തി എന്ന് പറയുന്ന ആരെയും പിടിച്ചതായും കാണുന്നില്ല. രണ്ടു സിപിഐ എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു എന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തി "വെളിപ്പെടുത്തി"യെങ്കിലും കണ്ണൂര്‍ പൊലീസ് ആസമയത്ത് അങ്ങനെ ആരെയും പിടിച്ചിട്ടില്ല. ആരാണ് എറിഞ്ഞതെന്നറിയില്ല, എന്തുകൊണ്ടാണ് പൊലീസ് നിഷ്ക്രിയമായതെന്നറിയില്ല; പരിക്ക് സാരമുള്ളതെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയെ അപ്പോള്‍ത്തന്നെ ആശുപത്രിയിലെത്തിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. കോണ്‍ഗ്രസ് നേതൃത്വം ഒരുകാര്യം മാത്രം ഉറപ്പിച്ചു- അക്രമത്തിനു പിന്നില്‍ എല്‍ഡിഎഫ് ആണെന്ന്.

എല്‍ഡിഎഫിനെതിരായ കൊലവിളിക്കാണ് ഞായറാഴ്ചയുടെ സന്ധ്യ സാക്ഷ്യംവഹിച്ചത്. സിപിഐ എം നേതാക്കളുടെ പേരെടുത്തുള്ള വെല്ലുവിളികള്‍. "ചുടുചോരയ്ക്ക്" പകരം ചോദിക്കുമെന്ന ആഹ്വാനം. നാടാകെ അക്രമപ്രകടനങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധമേഖലകളില്‍ സിപിഐ എം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. രാത്രി വൈകിയപ്പോള്‍ പൊലീസ്സംഘം കണ്ണൂര്‍ ജില്ലയിലെ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ തേടിയിറങ്ങി. സമരസമയത്ത് ജില്ലയില്‍തന്നെ ഉണ്ടായിട്ടില്ലാത്തവരെയടക്കം രാത്രിയുടെ മറവില്‍ കസ്റ്റഡിയിലെടുത്തു. ആസൂത്രിത നാടകമാണ് അരങ്ങേറുന്നത്. ഉമ്മന്‍ചാണ്ടിയുടെ നെറ്റിയിലെ പോറല്‍ എല്‍ഡിഎഫിന്റെ തലയില്‍ കെട്ടിവച്ച് യുഡിഎഫ് ഭരണത്തെ ജനരോഷത്തില്‍നിന്ന് രക്ഷപ്പെടുത്താനാകുമോ എന്ന് പരീക്ഷണമാണ് ആരംഭിച്ചത്.

കളങ്കിതനും സംശയത്തിന്റെ പുകമറയില്‍ നില്‍ക്കുന്നയാളുമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിഞ്ഞ് സോളാര്‍ തട്ടിപ്പുകേസില്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ജൂലൈമുതല്‍ എല്‍ഡിഎഫ് സമരത്തിലാണ്. ജൂലൈ പതിനൊന്നിന് കൈരളി-പീപ്പിള്‍ ടിവിയില്‍ വന്ന വാര്‍ത്ത, തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കാളിത്തത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെത്തന്നെ പ്രതിക്കൂട്ടിലെത്തിക്കുന്ന തെളിവുകള്‍ വന്നു. നിയമസഭയില്‍ പ്രതിപക്ഷം ആരംഭിച്ച പോരാട്ടം അടുത്തഘട്ടമായി സെക്രട്ടറിയറ്റിനുമുന്നിലേക്കും നാട്ടിലാകെയും വ്യാപിച്ചു. പ്രചാരണവും പ്രക്ഷോഭവും ജനങ്ങളിലാകെയെത്തുകയും മാര്‍ച്ചും ധര്‍ണയും രാപ്പകല്‍ സമരവും പ്രകടനങ്ങളുമായി മുന്നേറുകയുംചെയ്തു. സെക്രട്ടറിയറ്റ് ഉപരോധം സമരത്തെ ദേശീയ പ്രാധാന്യത്തിലേക്കുയര്‍ത്തി. അടുത്തഘട്ടമായി മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ ഉപരോധിക്കലും കരിങ്കൊടി പ്രതിഷേധവും തുടര്‍ന്നു. ജനലക്ഷങ്ങള്‍ പങ്കാളികളായ ഈ മുന്നേറ്റങ്ങളിലൊന്നും സമാധാനത്തിന്റെ അതിര്‍ത്തിരേഖ ലംഘിക്കപ്പെട്ടില്ല. പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ സമാധാനപരമായാണ് സമരം നടത്തുകയെന്ന എല്‍ഡിഎഫ് പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ പാലിക്കപ്പെട്ടു. ജയപ്രസാദ് എന്ന ചെറുപ്പക്കാരനെ മൃഗങ്ങളെ തോല്‍പ്പിക്കുന്ന ക്രൂരതയോടെ ഒരു പൊലീസുകാരന്‍ ആക്രമിച്ച സംഭവംപോലും ആ പൊലീസുകാരനെ തിരിച്ചാക്രമിക്കാനുള്ള സന്ദര്‍ഭമായല്ല എല്‍ഡിഎഫ് കണ്ടത്. സമാധാനപരമായി സമരം നടത്താനുള്ള മുന്നണിയുടെ നിശ്ചയദാര്‍ഢ്യത്തെയും നേതൃത്വത്തിന്റെ ഇടപെടലിനെയും ആഭ്യന്തരമന്ത്രിതന്നെ പരസ്യമായി പ്രകീര്‍ത്തിച്ച അനുഭവമുണ്ടായി. അങ്ങനെ സമരം നയിക്കുന്ന എല്‍ഡിഎഫിന് ഉമ്മന്‍ചാണ്ടിയെ നേരിടാന്‍ ഒരു കല്ലിന്റെ ആവശ്യമെന്ത്?

ജനങ്ങള്‍ക്കുമുന്നില്‍ വിവസ്ത്രനായി, അഴിമതിയുടെയും ആഭിചാരത്തിന്റെയും പ്രതിരൂപമായി, സ്വന്തം മുന്നണിയിലും അണികളിലും ഒറ്റപ്പെട്ടു നില്‍ക്കുന്ന മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തണം എന്ന അഭിവാഞ്ഛയുണ്ടാകേണ്ടത് അദ്ദേഹത്തിന്റെതന്നെ ചേരിയിലാണ്. അങ്ങനെ കരുതുന്നതിലാണ് യുക്തി. രാഷ്ട്രീയ എതിരാളികളെ വെടിവച്ചുകൊല്ലാന്‍ തോക്കും പണവും കൊടുത്ത് ആര്‍എസ്എസ് ക്രിമിനലുകളെ വാടകയ്ക്കെടുത്ത് നിയോഗിച്ച നേതാവാണ് കണ്ണൂരില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ നെറ്റിയിലെ പോറല്‍ചൂണ്ടി, "ചുടുചോരയ്ക്കുപകരം ചോദിക്കും" എന്നാക്രോശിച്ച ആ അധമത്വമാണ് കാറില്‍ പതിച്ച കല്ലിനുപിന്നിലെന്ന് കരുതുന്നവരെ എങ്ങനെ കുറ്റംപറയും? എങ്ങനെയാണ് അക്രമമുണ്ടായതെന്നും എന്താണ് സംഭവിച്ചതെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പൊലീസ് മേധാവികള്‍ക്കും ഈ നിമിഷംവരെ വ്യക്തമായ ഭാഷയില്‍ വിശദീകരിക്കാനായിട്ടില്ല. എല്‍ഡിഎഫ് സമരത്തില്‍ യുഡിഎഫുകാര്‍ നുഴഞ്ഞുകയറി മുഖ്യമന്ത്രിയെ ആക്രമിച്ച് സഹതാപ തരംഗമുണ്ടാക്കാനുള്ള സാധ്യത സംസ്ഥാന ഇന്റലിജന്‍സ് മുന്‍കൂട്ടി കണ്ടതാണ്. ദേശീയപത്രമായ ദി ഹിന്ദു അത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ആ മുന്നറിയിപ്പ് അക്ഷരംപ്രതി കണ്ണൂരില്‍ ശരിയായി ഭവിച്ചു എന്ന് കരുതാന്‍ ന്യായങ്ങളുണ്ട്. കണ്ണൂരിന് പുറത്തുനിന്ന് ക്രിമിനലുകളെ ഇതിനായി എത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂലിക്കെടുത്ത ക്വട്ടേഷന്‍സംഘം ഡിസിസി ഓഫീസില്‍നിന്ന് പിടിക്കപ്പെട്ടതും കോണ്‍ഗ്രസ് നേതാവ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് അവരെ രക്ഷപ്പെടുത്തി കൊണ്ടുപോയതും ഇതേ കണ്ണൂരിലാണ്. എന്തായാലും യഥാര്‍ഥ അക്രമിയെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരികതന്നെ വേണം. അത് സോളാര്‍ കേസിലെ തട്ടിപ്പന്വേഷണംപോലെയാകരുത്.

അതേസമയം, അസംബന്ധ നാടകമാടി സഹതാപത്തിന്റെ തിരയടിപ്പിച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്തിക്കളയാം എന്ന വ്യാമോഹം കെട്ടിപ്പൂട്ടിവയ്ക്കാനുള്ള വിവേകം ബന്ധപ്പെട്ടവര്‍ക്കുണ്ടാകണം. കല്ലിന്റെ പേരില്‍ നാടകമാടി കണ്ണൂരിലെ സിപിഐ എം പ്രവര്‍ത്തകരെ കേസെടുത്തും തടവിലിട്ടും പീഡിപ്പിക്കാമെന്നും നാടാകെ അക്രമപ്പേക്കൂത്താടാമെന്നും കോണ്‍ഗ്രസ് ധരിച്ചുപോയിട്ടുണ്ടെങ്കില്‍ കൊടുക്കുന്നതിന്റെ ഇരട്ടിയായി തിരിച്ചുവാങ്ങാനുള്ള സന്നദ്ധതയുമുണ്ടാകണം. അപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 29-10-2013

വാട്ടര്‍ അതോറിറ്റിയും മാറുന്ന സമീപനവും

ജലനയം 2008ന്റെ അടിസ്ഥാനതത്വങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ ജല ലഭ്യതയെന്നത് മനുഷ്യാവകാശമായി കാണുന്നു. സാമ്പത്തികമൂല്യമുള്ള പൊതുപൈതൃകം എന്നനിലയില്‍, ജലത്തിന്റെ ക്രമീകൃതമായ ഉപയോഗവും സംരക്ഷണവും ഓരോ പൗരന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. പൊതുവായ ആവശ്യത്തിനുവേണ്ട ഈ പ്രകൃതിവിഭവത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നു. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനും പ്രാദേശികമായ അസന്തുലിതാവസ്ഥകള്‍ പരിഹരിക്കുന്നതിനും ഉതകുമാറ് ജലവിഭവം സുസ്ഥിരമായും ഉല്‍പ്പാദനപരമായും നീതിപൂര്‍വമായും പരിപാലിക്കുന്നതിനും ഉപയോഗിക്കുന്നതിനും അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നതിനാണ് 2008ലെ ജലനയം ലക്ഷ്യമിട്ടത്.

ദാഹജലത്തെ വാണിജ്യാടിസ്ഥാനത്തില്‍ കാണാന്‍ പരിഷ്കൃതസമൂഹത്തിന് സാധിക്കുകയില്ല. മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനാധാരമായ ജലം കമ്പോളശക്തികളുടെ അധീനതയിലാകുന്നത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും ഇടവരുത്തും. ലോകരാജ്യങ്ങളില്‍ പലയിടത്തും കുടിവെള്ളവിതരണം സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ ഭൂരിഭാഗംവരുന്ന പട്ടിണിപ്പാവങ്ങള്‍ക്കും സാധാരണ ജനവിഭാഗത്തിനും താങ്ങാനാകാത്ത വിലയും കുടിവെള്ളനിഷേധവുമാണ് കുത്തകകള്‍ സമ്മാനിച്ചത്. 2012 ഡിസംബര്‍ 31ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കുടിവെള്ള സ്വകാര്യവല്‍ക്കരണം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ കേരള വാട്ടര്‍ അതോറിറ്റിയും പൊതുജനങ്ങളും ഒരുമിച്ച് പ്രതികരിച്ചു. തുടര്‍ന്ന് 2013 ഏപ്രില്‍ 15ന് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം 51 ശതമാനം സ്വകാര്യമേഖലയുടെ പ്രാതിനിധ്യം തദ്ദേശസ്ഥാപനങ്ങളിലൂടെയും ഉപഭോക്തൃ ഏജന്‍സികളിലൂടെയും റസിഡന്‍സ് അസോസിയേഷനുകളിലൂടെയും മാത്രമേ നടപ്പാക്കുകയുള്ളൂ എന്നു പ്രഖ്യാപിച്ചു. കേരള ഡ്രിങ്കിങ് വാട്ടര്‍ കമ്പനി ലിമിറ്റഡിനൊപ്പം മറ്റു മൂന്നു കമ്പനികളും പ്രഖ്യാപിച്ചു. കേരള ബസ് ഷെല്‍റ്റര്‍ കമ്പനി ലിമിറ്റഡ്, കേരള പബ്ലിക് ടോയ്ലെറ്റ് കമ്പനി ലിമിറ്റഡ്, കേരള ക്ലീന്‍ സിറ്റി കമ്പനി ലിമിറ്റഡ് എന്നിവ.

ഈ മൂന്നു കമ്പനികള്‍ക്കും 26 ശതമാനം ഓഹരി സര്‍ക്കാരിലും 74 ശതമാനം ഓഹരി സ്വകാര്യ മൂലധന സ്ഥാപനങ്ങളിലുമാണ്. എന്നാല്‍, കേരള ഡ്രിങ്കിങ് വാട്ടര്‍ കമ്പനി ലിമിറ്റഡിനുമാത്രം, സ്വയംഭരണാവകാശം നാമമാത്രമായ കേരള വാട്ടര്‍ അതോറിറ്റിയെ 23 ശതമാനം ഓഹരിപങ്കാളിത്തം വഹിക്കുന്ന സ്ഥാപനമായി ഈ സിയാല്‍ മോഡല്‍ കമ്പനിയില്‍ ഉള്‍പ്പെടുത്തി.

2006ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷസര്‍ക്കാര്‍ അതുവരെയുള്ള സാമ്പത്തികബാധ്യതകള്‍ ഒഴിവാക്കി, നബാര്‍ഡ് സഹായത്തോടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചു. മാത്രമല്ല, ജിക്കാ പദ്ധതികളുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുകയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്തു (കോഴിക്കോട് പദ്ധതി ഒഴികെ). 2002ല്‍ 79 കോടിയോളം റവന്യൂ വരുമാനം ഉണ്ടായെങ്കില്‍ ഇപ്പോള്‍ 375 കോടിയോളം വെള്ളക്കരം ഇനത്തില്‍ കേരള വാട്ടര്‍ അതോറിറ്റി റവന്യൂ വരുമാനം നേടുന്നുണ്ട്. 2002ലെ ശുപാര്‍ശകള്‍ ഒന്നുംതന്നെ നടപ്പാക്കാതെയാണ് കേരള വാട്ടര്‍ അതോറിറ്റി ഈ പുരോഗതി നേടിയത്. 2002ലെ ധവളപത്രത്തിലും ഇപ്പോള്‍ സിയാല്‍ മോഡല്‍ കമ്പനിവല്‍ക്കരണത്തിലും പൊതുസ്വഭാവമായി കാണുന്നത് കേരള വാട്ടര്‍ അതോറിറ്റിയെ ഒരു ബള്‍ക്ക് വാട്ടര്‍ സപ്ലൈ ഏജന്‍സിയാക്കുമെന്നതാണ്. ഉല്‍പ്പാദനവും വിതരണവും രണ്ടായി കാണാന്‍ ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?

10 വര്‍ഷം കൂടുമ്പോള്‍, അതായത് 2002ലും 2013ലുമുണ്ടായ ഉത്തരവുകള്‍ കുടിവെള്ളം വില്‍പ്പനച്ചരക്കാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ്. ഇതിന് അനുബന്ധമായി കാണേണ്ടത് ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് ബോട്ട്ലിങ് പ്ലാന്റിനുവേണ്ടി 2008ല്‍ ലഭിച്ച 285 ലക്ഷം രൂപയുടെ ഭരണാനുമതിക്കും അതുസംബന്ധിച്ച മാനേജിങ് ഡയറക്ടറുടെ നടപടിക്രമത്തിനും സംഭവിച്ച അട്ടിമറിയാണ്. 2002ലെ ഉത്തരവ് പ്രൊഫഷണല്‍ മാനേജ്മെന്റിനും സാമ്പത്തിക അച്ചടക്കത്തിനും വേണ്ടിയാണെന്നാണ് പറഞ്ഞത്. അപ്പോള്‍ 2012ലെ ഉത്തരവുകള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ നിലനില്‍പ്പിനുവേണ്ടിയാണോ? അതോ കച്ചവടതാല്‍പ്പര്യത്തിനോ? 2013 ആഗസ്ത് 23ന് കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുടെ ഒരു കുറിപ്പുവഴി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് വെള്ളക്കരത്തിന്റെ നിരക്കുവര്‍ധനയാണ്. പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ക്കും കെഎസ്ഇബിയിലേക്ക് അടയ്ക്കുന്നതിലേക്കും മറ്റുമായി 175 കോടി രൂപ അധികപദ്ധതിയിതര വിഹിതമായി അപേക്ഷിച്ചിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയില്‍ ഇത് വെള്ളക്കരം വര്‍ധനയിലേക്ക് വിരല്‍ചൂണ്ടുന്നു. ഇവിടെ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ കെടുകാര്യസ്ഥതയാണോ അതോ മാറുന്ന സാമ്പത്തികപശ്ചാത്തലമാണോ ചാര്‍ജ് വര്‍ധനയ്ക്ക് പ്രേരിപ്പിക്കുന്നത്? പൈപ്പ്ഡ് വാട്ടര്‍ സപ്ലൈയെ സഹായിക്കുന്നതരത്തിലുള്ള ബോട്ടിലിങ് പ്ലാന്റാണോ അതോ സിയാല്‍ മോഡല്‍ കമ്പനിയാണോ കേരളസമൂഹത്തിന് വേണ്ടത്. ഇന്ന് കേരള വാട്ടര്‍ അതോറിറ്റിയില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയിലെ കംപ്യൂട്ടര്‍ പരിഷ്കരണങ്ങളും മാസ്റ്റര്‍പ്ലാനും എന്തുകൊണ്ട് അട്ടിമറിക്കുന്നു? കേരളത്തില്‍ വാട്ടര്‍ അതോറിറ്റിയില്‍ കംപ്യൂട്ടറൈസേഷന്‍ ഇഴയുകയാണ്. ആവര്‍ത്തനച്ചെലവ് കുറയ്ക്കുന്ന നടപടികള്‍ ഇ-ഗവേണന്‍സ് മേഖലയില്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കേരള വാട്ടര്‍ അതോറിറ്റിയില്‍ 1986ലെ നിയമത്തിനുവിരുദ്ധമായ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ നിത്യസംഭവമാകുന്നു. രാഷ്ട്രീയനേതൃത്വത്തിന്റെ അപക്വമായ, വികലമായ നയസമീപനങ്ങളിലൂടെ ജീവനക്കാരെ ദൈനംദിനം ബുദ്ധിമുട്ടിക്കുന്നു. ഈ സാഹചര്യത്തില്‍ കുടിവെള്ളത്തെ സ്വകാര്യവല്‍ക്കരിക്കാതെ പൊതുസ്വത്തായി സംരക്ഷിക്കേണ്ടത് അനിവാര്യതയാകുന്നു.

*
ആര്‍ വി സന്തോഷ്കുമാര്‍ ദേശാഭിമാനി 29-10-2013

Monday, October 28, 2013

അവഗണനയുടെ ഭാരവുംചുമന്ന്

കേരളത്തിലെ 32 ലക്ഷത്തോളംവരുന്ന ചുമട്ടുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനും അവരുടെ സാമൂഹ്യസുരക്ഷിതത്വവും ക്ഷേമപ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ടും രൂപീകരിച്ചതാണ് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്. ആ ബോര്‍ഡിനെയും അതിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ബോര്‍ഡുകളെയും തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ സംസ്ഥാന- ജില്ലാ ബോര്‍ഡുകള്‍ യുഡിഎഫ് ഘടകകക്ഷികളുടെ ആശ്രിതരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചു. മുന്‍കാലങ്ങളില്‍ 50 ശതമാനമോ അതില്‍ കൂടുതലോ തൊഴിലാളിപ്രാതിനിധ്യമുളള സംഘടനയ്ക്ക് രണ്ട് പ്രതിനിധികളും മറ്റുസംഘടനകളില്‍നിന്ന് മുന്‍ഗണനാക്രമത്തില്‍ ഓരോന്നും എന്ന നിലയ്ക്കായിരുന്നു തൊഴിലാളി സംഘടനാപ്രതിനിധികളെ നിശ്ചയിച്ചിരുന്നത്. അതുപോലെ വ്യാപാരിസംഘടനാ പ്രതിനിധികളെ തീരുമാനിക്കുമ്പോള്‍ വ്യാപാരിവ്യവസായി ഏകോപന സമിതിക്ക് മൂന്നും വ്യാപാരി വ്യവസായി സമിതിക്ക് രണ്ടും അംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.

ഐഎന്‍ടിയുസി നേതാവ് ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനം വഹിച്ചപ്പോഴും ഈ നില തുടര്‍ന്നു. എന്നാല്‍, ഇപ്പോള്‍ തൊഴില്‍മന്ത്രി ഇടപെട്ട് യുടിയുസി (ബി) പ്രതിനിധിയെ ചെയര്‍മാനാക്കുകയും ബോര്‍ഡിലെ സിഐടിയു പ്രാതിനിധ്യം ഒന്നാക്കി ചുരുക്കുകയും ചെയ്തു. ജില്ലാ ബോര്‍ഡുകളിലേക്ക് യുഡിഎഫുകാരെയും ചുമട്ടുതൊഴിലാളികളെ പ്രതിനിധാനംചെയ്യാത്തവരെയും ഉള്‍പ്പെടുത്തി. എല്ലാ ജില്ലാ കമ്മിറ്റികളിലും സിഐടിയു പ്രാതിനിധ്യം ഒന്നാക്കി കുറച്ചു. ബോര്‍ഡില്‍ അംഗത്വമെടുത്ത് ആനുകൂല്യം നേടുന്ന എണ്‍പതിനായിരത്തോളം തൊഴിലാളികളില്‍ 80 ശതമാനത്തില്‍കൂടുതല്‍ തൊഴിലാളികളും സിഐടിയു അംഗങ്ങളാണ്. വ്യാപാരി വ്യവസായി സമിതിക്ക് ഒരു ജില്ലയിലും പ്രാതിനിധ്യം നല്‍കിയില്ല. യുടിയുസി (ബി) എന്ന സംഘടന ചുമട്ടുരംഗത്ത് എവിടെയും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍, എല്ലാ ജില്ലാകമ്മിറ്റികളിലും മന്ത്രിവിലാസം സംഘടനയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തി.

സ്കാറ്റേഡ് വിഭാഗം തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 51.5 കോടി രൂപ സംസ്ഥാന ബോര്‍ഡിന് നല്‍കുകയുണ്ടായി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് പൈസപോലും നല്‍കിയില്ല. ബോര്‍ഡിന്റെയും കമ്മിറ്റികളുടെയും നിക്ഷേപങ്ങള്‍ ട്രഷറികളിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണ്. ജില്ലാ ബോര്‍ഡ് ഓഫീസുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവന്നവരെ പിരിച്ചുവിട്ട്, തല്‍സ്ഥാനത്ത് മന്ത്രിവിലാസം സംഘടനകളുടെ ശുപാര്‍ശ പ്രകാരം പുതിയ നിയമനം നടത്തുന്നു. കോഴവാങ്ങി നിയമനം നേടിക്കൊടുക്കാന്‍ ഓരോ ജില്ലയിലും പ്രത്യേകം ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാബോര്‍ഡ് ചെയര്‍മാന്മാരെയും സെക്രട്ടറിമാരെയും ഡിഎല്‍ഒമാരും ഡിവൈഎല്‍ഒമാരുമായി തീരുമാനിച്ചതോടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടക്കാതായി. ഭാരിച്ച ഉത്തരവാദിത്തമുള്ള ഇവര്‍ക്ക് ചുമട്ടുമേഖലയിലും തൊഴിലാളികളുടെ പ്രശ്നങ്ങളിലും ഇടപെടാനും അവരുടെ തൊഴിലുംകൂലിയും സംരക്ഷിക്കാനും കഴിയുന്നില്ല. ചുരുക്കത്തില്‍ ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതികളെയും ബോര്‍ഡിന്റെയും കമ്മിറ്റികളുടെയും പ്രവര്‍ത്തനത്തെയും തകര്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.

20 ലക്ഷത്തോളം തൊഴിലാളികളാണ് കേരളത്തിലെ നിര്‍മാണ മേഖലയിലും കയറ്റിറക്ക് മേഖലയിലും നേരിട്ട് പണിയെടുക്കുന്നത്. അനുബന്ധ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ ഇതിനുപുറമെയാണ്. നിര്‍മാണജോലികള്‍ക്ക് അനിവാര്യമായ മണല്‍, കരിങ്കല്ല്, മെറ്റല്‍ എന്നിവയുടെ ലഭ്യതക്കുറവും അവ സംഭരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇത്തരം വസ്തുക്കള്‍ക്ക് വന്‍വില നല്‍കേണ്ടിവരുന്ന സ്ഥിതി ഉണ്ടാക്കി. നിര്‍മാണസാമഗ്രികള്‍ക്ക് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം കയറ്റിറക്ക് തൊഴിലാളികളുടെയും നിര്‍മാണത്തൊഴിലാളികളുടെയും തൊഴിലിനെയും വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. മണല്‍വാരല്‍ രംഗം ചില ലോബികളുടെ കൈയില്‍ അകപ്പെട്ടിരിക്കുകയാണ്. അതൊഴിവാക്കാന്‍, തൊഴിലാളികളുടെ പ്രാതിനിധ്യത്തോടെ കടവ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുക, മണല്‍ലഭ്യതയ്ക്കനുസരിച്ച് മണല്‍വാരാന്‍ അനുമതി നല്‍കുക, കടവുകളുടെ എണ്ണം വര്‍ധിപ്പിക്കുക, കടവുകളുടെ ചുമതല തദ്ദേശസ്ഥാപനങ്ങളെ ഏല്‍പ്പിക്കുക, ത്രിതല പഞ്ചായത്തുകളില്‍ മണല്‍ യാര്‍ഡുകള്‍ ആരംഭിച്ച് വിതരണം ചെയ്യുക, പാറപൊടിക്കുന്നതിന് എക്സ്പ്ലോസീവ് ലൈസന്‍സ് ലഭിക്കുന്നതിന് കേരളത്തില്‍ ഓഫീസ് സൗകര്യം ഉണ്ടാക്കുക, ചെറുകിട പാറ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങളാണ് ഫെഡറേഷന്‍ ഉന്നയിക്കുന്നത്.

സംസ്ഥാനത്ത് പരമ്പരാഗതമായി കയറ്റിറക്ക് പണിയെടുക്കുന്ന ചുമട്ട് തൊഴിലാളികള്‍ക്ക് ടിപ്പര്‍ ലോറികളുടെ കടന്നുവരവോടെ വലിയതോതില്‍ തൊഴില്‍ നഷ്ടപ്പെട്ടു. തൊഴില്‍ നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ സംഘടനാവ്യത്യാസമില്ലാതെ സമരരംഗത്താണ്. തൃശൂര്‍ ജില്ലയില്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ ആരംഭിച്ച സമരം ഒരു നിയമസമാധാന പ്രശ്നമായപ്പോള്‍ അന്നത്തെ കലക്ടര്‍ ഒരു യോഗം വിളിച്ച് താല്‍ക്കാലികമായ ഒരു തീരുമാനമുണ്ടാക്കി. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ വലിയ വാഹനം ഒന്നിന് 60 രൂപയും ചെറിയ വാഹനത്തിന് 30 രൂപയും എന്ന തോതില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു തീരുമാനം. ഈ പ്രശ്നം സംസ്ഥാനത്ത് പൊതുവെ ഉളളതാകയാല്‍ മറ്റു ജില്ലകളിലും ഇതേ രീതിയില്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി. ഫലത്തില്‍ തൊഴില്‍നഷ്ടത്തിന് നിശ്ചിത തുക നല്‍കുക എന്നതാണ് ഉണ്ടാകുന്നത്. അതാകട്ടെ ജോലി ചെയ്യാതെ കൂലി വാങ്ങലായി മാറി. നോക്കുകൂലി വാങ്ങുന്നു എന്ന ആക്ഷേപം പല സ്ഥലത്തും ഉയര്‍ന്നുവരാനിടയായി. അതുകൊണ്ട് നഷ്ടപരിഹാരമല്ല, ചുമട്ടുതൊഴിലാളികള്‍ ചെയ്തുവന്ന ജോലി തുടര്‍ന്നും ചെയ്യുന്നതിന് ഉറപ്പുണ്ടാക്കലാണ് വേണ്ടത്.

ചുമട്ടുതൊഴിലാളി നിയമപ്രകാരം തന്നെ ഓരോ ജോലിക്കും ജില്ലാടിസ്ഥാനത്തില്‍ കൂലി നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനംവഴി പ്രാബല്യത്തില്‍ വരുത്താന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ കൂടി ഇത് നടപ്പാക്കണം. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നു. പൊതുവിതരണസമ്പ്രദായം തകര്‍ച്ചയിലാണ്. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലകൂട്ടി അളവുകുറച്ചു. മാവേലി സ്റ്റോറുകളും കണ്‍സ്യൂമര്‍ സ്റ്റോറുകളും നോക്കുകുത്തിയായി. പൊതു മാര്‍ക്കറ്റിലെ കുത്തക കച്ചവടക്കാര്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തൊഴിലാളികളെയാണ്. നിരവധി തവണ സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും മുമ്പാകെ ഈ പ്രശ്നങ്ങള്‍ ഉന്നയിച്ചെങ്കിലും ഒരുവിധ ചര്‍ച്ചയും തീരുമാനവും ഉണ്ടാക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ തൊഴിലാളികള്‍ പണിമുടക്കുസമരത്തിന് നിര്‍ബന്ധിതരാകുന്നത്.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍നയം തിരുത്തുക, അനര്‍ഹരായവരെ ഉള്‍പ്പെടുത്തിയും കീഴ്വഴക്കങ്ങള്‍ മാറ്റിയും സംസ്ഥാന ക്ഷേമനിധി ബോര്‍ഡും ജില്ലാ ബോര്‍ഡുകളും പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, ചുമട്ടുതൊഴിലാളി നിയമത്തിലും ചട്ടങ്ങളിലും കാലോചിത മാറ്റങ്ങള്‍ വരുത്തുക, ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതിക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുക, ടിപ്പര്‍ ലോറി പ്രശ്നത്തില്‍ അടിയന്തര തീരുമാനം കൈക്കൊള്ളുക, പാറ പൊട്ടിക്കല്‍- മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

*
കെ എം സുധാകരന്‍(ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍ )
ദേശാഭിമാനി

ചെ യുടെ ചിത്രത്തിന് നിരോധനമോ

ലോകമെങ്ങും ആദരവോടെ മാത്രം ഉച്ചരിക്കപ്പെടുന്ന നാമമാണ് ഏണസ്റ്റോ ചെ ഗുവേരയുടേത്. ചുവപ്പുകണ്ടാല്‍ വെറിപിടിച്ച് ആക്രമണോത്സുകരാകുന്നവര്‍ വാഴുന്ന നാട്ടില്‍പോലും പോരാട്ടത്തിന്റെയും വിമോചനസ്വപ്നങ്ങളുടെയും ധീരതയുടെയും പ്രതീകമായി ചെ ആദരിക്കപ്പെടുന്നു; സ്മരിക്കപ്പെടുന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ ഉയര്‍ത്തിപ്പിടിച്ച പതാകകളില്‍ ചെ ഗുവേരയുടെ ചിത്രം ആലേഖനം ചെയ്തിരുന്നു. അറേബ്യന്‍ നാടുകളില്‍, അമേരിക്കന്‍ സാമ്രാജ്യത്തെ വെറുക്കുന്നവര്‍ക്ക് ചെ യുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ വിലക്കുകളില്ല. സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ക്യൂബയുടെ സുപ്രീം പ്രോസിക്യൂട്ടറും മന്ത്രിയുമായിരുന്ന ചെ ഗുവേരയെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഇന്ത്യയില്‍ സ്വീകരിച്ച് ആദരിച്ചതും ചരിത്രം. ലോകജനതയുടെ ഹൃദയങ്ങളില്‍ ഉന്നതസ്ഥാനമലങ്കരിക്കുന്ന ചെ ഗുവേരയുടെ ചിത്രം കോളേജിന്റെ പ്രവേശനകവാടത്തിനരികെ വരച്ചുവച്ചു എന്ന "കുറ്റ"ത്തിന് കുറെ വിദ്യാര്‍ഥികള്‍ക്ക് പഠനാവകാശം നിഷേധിക്കുക; അതിനെതിരെ വിദ്യാര്‍ഥിനേതാക്കള്‍ക്ക് നിരാഹാരസമരം നടത്തേണ്ടിവരിക എന്ന അനുഭവം കേരളത്തിലുണ്ടാകേണ്ടതല്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അത് ഇവിടെ സംഭവിച്ചിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലാണ്, ചെ യുടെ ചിത്രം വരച്ചതിന് എട്ടു വിദ്യാര്‍ഥികള്‍ പുറത്താക്കപ്പെട്ടത്. കോളേജ് മാഗസിന്‍ പ്രകാശനത്തിന്റെ ഭാഗമായാണ് ചിത്രം വരച്ചത്. "ഭീകര തീവ്രവാദി"യായ രാഷ്ട്രീയനേതാവിന്റെ പടം ക്യാമ്പസില്‍ വരച്ചെന്ന കുറ്റമാണ് എട്ടുപേരെ പുറത്താക്കാന്‍ പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള അധ്യാപിക ചുമത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും കോളേജിലെ ഭൂരിഭാഗം അധ്യാപകരും മാനേജ്മെന്റിലെ വലിയവിഭാഗവും ഈ നടപടിയെ അനുകൂലിക്കുന്നില്ല. പക്ഷേ, തെറ്റ് തിരുത്തി പുറത്താക്കപ്പെട്ടവര്‍ക്ക് പഠനാവസരമൊരുക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. വിദ്യാര്‍ഥികളില്‍നിന്ന് പിരിക്കുന്ന സ്പെഷ്യല്‍ ഫീസ് സര്‍വകലാശാലയ്ക്ക് അടയ്ക്കാത്തത് സര്‍വകലാശാല കണ്ടെത്തിയിരുന്നു. അതുന്നയിച്ച് രംഗത്തുവന്ന വിദ്യാര്‍ഥികളെയും വേട്ടയാടാനുള്ള നീക്കമാണ് നടക്കുന്നത്.

കോളേജ് അനിശ്ചിതമായി അടച്ചിട്ടു. പുറത്ത് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നു. ഒമ്പതുദിവസം നിരാഹാരസമരം നടത്തിയ എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറി എം എസ് കിച്ചുവിന്റെ ആരോഗ്യനില വഷളായതോടെ അറസ്റ്റുചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും കോളേജില്‍നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയുമായ ഷൈന്‍ദാസാണ് തുടര്‍ന്ന് നിരാഹാരസമരമാരംഭിച്ചത്. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് കോളേജിന് പുറത്തും ബഹുജനപ്രതിഷേധം ശക്തമാണ്. റോഡ് ഉപരോധിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിനേതാക്കളെ അറസ്റ്റ്ചെയ്തു. കേരള സര്‍വകലാശാല മുന്‍കൈയെടുത്ത് നടത്തിയ അനുരഞ്ജനചര്‍ച്ച മാനേജ്മെന്റിന്റെ പിടിവാശിയില്‍ അലസിപ്പിരിഞ്ഞു.

സമരം സംസ്ഥാനതലത്തിലേക്കു വ്യാപിപ്പിക്കുമെന്നും വിദ്യാര്‍ഥികളെ തിരിച്ചെടുത്താല്‍ മാത്രമേ അവസാനിക്കൂവെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കാട്ടാക്കട സമരപ്പന്തലിലേക്ക് ദിനേന നടക്കുന്ന അഭിവാദ്യപ്രകടനങ്ങള്‍ സമരത്തിനുള്ള ജനപിന്തുണ വിളിച്ചോതുന്നു. അജ്ഞതയും രാഷ്ട്രീയതിമിരവും മനുഷ്യത്വരാഹിത്യവും സമ്മേളിക്കുന്നതാണ് പിരിച്ചുവിടല്‍ തീരുമാനം എന്ന് ജനങ്ങള്‍ ഒന്നടങ്കം പറഞ്ഞിട്ടും അധികൃതരുടെ കണ്ണുതുറക്കാത്തത് ആശ്ചര്യകരമാണ്്. പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുത്ത് എത്രയുംവേഗം സമരം ഒത്തുതീര്‍പ്പാക്കാനുള്ള ബാധ്യതയില്‍നിന്ന് കോളേജധികൃതര്‍ ഒളിച്ചോടരുത്. അവരെ അതിന് പ്രേരിപ്പിക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാരും നിറവേറ്റണം. ചെ ഗുവേരയുടെ ചിത്രം വരച്ചത് മഹാപരാധമായി കണ്ട് ഇത്തരമൊരു അബദ്ധനടപടിക്ക് ഇറങ്ങിത്തിരിച്ചവര്‍ ചരിത്രം പഠിക്കാനുള്ള വിവേകം ആര്‍ജിച്ചാലേ തിരുത്തലിന് തയ്യാറാകൂ എന്ന് മനസ്സിലാക്കിയുള്ള ഇടപെടലുണ്ടാകണം.

*
ദേശാഭിമാനി മുഖപ്രസംഗം

Sunday, October 27, 2013

Govt’s Gold Hunt: Obnoxious and Medievalist

IT appears the government of India has gone bizarre. Right now, a treasure hunt is on. And, as retrograde as it may sound, the whole exercise is undertaken by officials of Archaeological Survey of India (ASI) under the express direction of the union government.

That medievalism has a field day here in contemporary India is a telling commentary on the current state of affairs. There is presumably search for ‘gold’ near a deserted temple covered by thick foliage in the Daundia Khera village in Unnao district of Uttar Pradesh. The temple is supposed to have been built on the ruins of a palace belonging to a 19th century king, Rao Ram Baksh Singh. He was a ruler in these parts of the country and was a fierce opponent of the British raj. He actively participated in the 1857 rebellion.  The British retaliated by executing the king by hanging.

As folklore in the locality suggests that the king, before being executed, hid his treasures in the fort complex adjacent to the palace. But this was just hearsay; no substantial evidence was offered till now to suggest that this folklore had any material basis. In many parts of the country, thousands of such local gossips must be doing the rounds inspiring ‘storm in tea cups’ in numerous rural chaupals!

Till this point, there is nothing unusual in a country like India where ancient and modern intertwines almost inseparably.  Reportedly, the sadhu had been shooting off letters to various state and central agencies about the ‘golden treasure’; but a new dimension which was infused in this bizarre episode began with Charandas Mohant, minister of state for agriculture and food processing industry, visiting this area on September 22 and October 7.  The minister shared with the local media that he has come to know from a local sadhu about hidden treasure in this temple complex.

The sadhu, Sobhan Sarkar, is from Mytha block of Kanpur (Dehat) district.  He has been building his ashrams in the vicinity.  His disciples believe that he has ‘divine powers’ and the ‘dead’ communicate with him in his dreams.  Now Sarkar has claimed that Raja Rao Ram Baksh Singh met him in his dreams and suggested that 1000 tonnes of gold is hidden in the temple complex.

Having heard that the Indian government is facing a crisis, he claims to have taken it upon himself to inform the government, through minister Mohant, that this gold could be recovered and this could greatly help relieve the difficulty of the government.  In fact, he had shot off a letter to the prime minister who is also the president of Archaeological Survey of India to this effect.

And strangest of the strange things happened. After minister Mohant’s visit to the area, ASI has started excavating the area from October 18. The government in New Delhi is generally attacked by its critics for suffering from ‘paralysis’; but the promptness with which the ASI has been tasked to act on this question can surely take the wind out of the detractors sail!

The sadhu in question, however, seems to be speaking with a forked tongue! On the one hand, he has been claiming that he has put his credibility on the chopping block by making such a precise prediction.  But having seen the mad rush among locals and demands already coming up for sharing the booty once it is ‘recovered’, Sarkar told reporters “Officials of the Archaeological Survey of India and the Geological Survey of India started working here in the first week of this month (October). Since the area is spread over 60 acres, they failed to locate the point. Then I went with them and pointed out the spot. They made two holes and realised there was a possibility of huge stock of gold buried in the earth.”  And, added, “ASI may reach the point where thousand tonnes of gold is buried, but they cannot touch the treasure without the permission of my gurus. If at all they try to ignore my suggestion, the gold will vanish from there.”

A local sadhu making such stupendous claims is one thing; but it is totally horrendous that ASI and the government are drawn to his tunes like the mice in ‘pied piper of Hamlin’.

ASI is an organisation which was envisaged in its modern form,by no less than India’s first prime minister Pandit Jawaharlal Nehru.  In a bid to develop a modern and scientific temper, he had a vision to uncover the history of the ancient civilization that houses this Republic, freeing it from distortions engineered by colonial historians.  And, to do that, it was so important to promote a scientific study of our history – and archaeology was going to be a crucial instrument in that endeavor.

Having come across this bizarre behaviour of the government, dusting off an old report of the Parliamentary Standing Committee on Transport, Tourism and Culture which was tabled in both Houses on November 25, 2005 became pertinent. The unanimous report by the Committee titled “Functioning of the Archaeological Survey of India” had lambasted the then NDA government and particularly the ministry of culture for misusing the ASI to perpetrate ‘myths’.

It will be worthwhile to recall the context.  Jagmohan, the then minister for tourism and culture, had forced the ASI to initiate the Saraswati heritage project which aimed at providing legitimacy to the existence of Saraswati river which finds repeated references in epics and Hindu mythology. The report of the Parliamentary Committee completely debunked the attempts by the government to legitimise and perpetrate a myth through clear violations of the functional procedures of ASI. The ASI cannot take up any excavation without a reference to the Central Advisory Board of Archaeology (CABA) or else without a recommendation from any independent academic body. In fact, while doing its study, the Committee also found that how governments have systematically undermined the official decision to establish ASI as a scientific and technical department.

As, media reports clearly suggest that the present exercise by ASI also suffers from a similar unlawful course.  The excavation has not been suggested by the standing committee of CABA or any academic body as the ASI’s mandate requires.

When asked closely on the violation of this requirement, an official of ASI has observed “ASI works under the union culture ministry, which ordered it to start excavation at Unnao. The dig was not discussed by the standing committee. ASI Director-General gives permission for excavation as per the Ancient Monuments and Archaeological Sites and Remains Act”. On being asked whether this was done through any ministerial interference, he was clearly evasive.

It is pathetic that Nehru’s own ilk presides over this proliferation of medievalism. Does the government really believe in such utter ‘colourful imagination’?  Is the government so desperate for money?

Narendra Modi has also pitched in this sordid saga, exposing his real colours. In his initial reaction, he had lampooned the government for its official patronage of the gold hunt thus “The world is laughing at India as the government is searching for gold because of someone’s dream”. But stung by a strong a criticism from the sadhu Sarkar’s ashram, he did a lightning quick somersault and tweeted obeisance to the sadhu stating ‘I salute the austerity and renunciation of Sarkar, with whom is associated the faith of lakhs of people for many years’. Modi understands perfectly well which side of the bread has to be buttered; between ‘faith’ and ‘reason’ his position is well cut out!
                                                        
The media has reported that two silver snakes were buried in the earth at the spot where Narendra Modi addressed his election rally in Kanpur.  This has been on the basis of suggestions of Vastu experts. Increasingly, such reports concerning ministers and elected representatives fill the media; not to speak of scientists and academicians also following suit. No wonder that men like Narendra Dhabolkar has to become martyr in fighting ‘blind faith’. But those who cherish modernity and reason will have to be unyielding in this struggle.

*
Nilotpal Basu People's Democracy 27-10-2013

കണ്‍മുന്നിലിപ്പോഴും ആ പോര്‍മുഖം

വെയില്‍ ചാഞ്ഞുതുടങ്ങിയിരുന്നു; കൈകളില്‍ ചെത്തിക്കൂര്‍പ്പിച്ച വാരിക്കുന്തവും ഉള്ളിലുറച്ച നിശ്ചയദാര്‍ഢ്യവുമായി നൂറുകണക്കിനു തൊഴിലാളികള്‍ മുന്നോട്ടുകുതിക്കുകയാണ്. 1946 ഒക്ടോബര്‍ 24(തുലാം ഏഴ്). പുന്നപ്ര-വയലാര്‍ സമരത്തിലെ ആദ്യ ഏറ്റുമുട്ടല്‍. പുന്നപ്രയില്‍ പ്രമാണിയായ അപ്ലോന്‍ അറൗജിന്റെ ബംഗ്ലാവില്‍ ക്യാമ്പുചെയ്യുന്ന സായുധ പൊലീസ് സംഘത്തെ ആക്രമിച്ച് തുരത്തുകയാണ് ലക്ഷ്യം. സമരഭടന്മാര്‍ ഇഴഞ്ഞാണ് മുന്നോട്ടുനീങ്ങുന്നത്്. അതൊരു തന്ത്രമാണ്. പൊലീസിന്റെ കൈയിലുള്ള റൈഫിളിലെ വെടിയുണ്ട ഒരു നിശ്ചിതദൂരംവരെ ഉയര്‍ന്നുമാത്രമേ പോകൂ. അതിനാല്‍ ആ ദൂരപരിധിയിലെത്തിയാല്‍ പ്രക്ഷോഭകാരികള്‍ നിലത്തേക്കുവീഴണം. തിരനിറയ്ക്കാന്‍ സമയംകൊടുക്കാതെ ഇഴഞ്ഞ് മുന്നോട്ടുചെന്ന് പൊലീസിനെ കുത്തിവീഴ്ത്താം. ഇതാണ് നിര്‍ദേശം. സമരത്തിന്റെ മുന്‍നിരനായകനായി പി കെ ചന്ദ്രാനന്ദനുണ്ട്. മുട്ടിലിഴഞ്ഞ് മുന്നേറുന്നതിനിടെ യുവാവായ ചന്ദ്രാനന്ദന്‍ ഇടതുവശത്തേക്കൊന്ന് പാളിനോക്കി. സ്കൂളില്‍ ഒപ്പം പഠിച്ച കാക്കരിയില്‍ കരുണാകരനാണ് തൊട്ടരികില്‍. കുട്ടിക്കാലം മുതലേയുള്ള കൂട്ടുകാരന്‍. പെട്ടെന്ന് എന്തോ കാരണത്താല്‍ കരുണാകരന്‍ തലപൊക്കി അല്‍പ്പം മുകളിലേക്കുയര്‍ന്നു. തൊട്ടടുത്ത നിമിഷം പൊലീസിന്റെ തോക്ക് തീതുപ്പി. കരുണാകരന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി. ചന്ദ്രാനന്ദന്റെ കൈകളിലേക്ക് അയാള്‍ വീണു. "ചന്ദ്രാ" എന്നൊന്നുവിളിച്ചുവോ? ഒരു പിടച്ചില്‍. പിന്നെ ചലനമറ്റു. മനസ്സില്‍ അടക്കാനാകാത്ത വേദന ഇരമ്പിയെത്തിയെങ്കിലും പിന്‍തിരിഞ്ഞുനില്‍ക്കാനാകില്ല. കിടന്നുകൊണ്ട് പ്രിയസുഹൃത്തിനൊരു രക്താഭിവാദ്യം. വീണ്ടും മുന്നോട്ട്...

ചന്ദ്രാനന്ദനിപ്പോള്‍ വയസ്സ് തൊണ്ണൂറ്റൊന്ന്. നാട്ടുകാര്‍ക്കും സഖാക്കള്‍ക്കും അദ്ദേഹം പ്രിയപ്പെട്ട പി കെ സിയാണ്. പുന്നപ്രയിലെ തൊഴിലാളിമുന്നേറ്റത്തിന്റെ മുന്‍നിരനേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ് പി കെ സി. പ്രായത്തെ വെല്ലുന്ന ഊര്‍ജസ്വലതയോടെ സിപിഐ എമ്മിന്റെ സംസ്ഥാനകമ്മിറ്റി അംഗമായി സജീവ സംഘടനാപ്രവര്‍ത്തനത്തില്‍ തുടരുന്ന പി കെ സിയുടെ മനസ്സില്‍ സമരസ്മരണകള്‍ക്ക് അല്‍പ്പവും മങ്ങലേറ്റിട്ടില്ല.

നേര്‍ക്കുനേര്‍

പുന്നപ്ര പൊലീസ് ക്യാമ്പാക്രമണം ആസൂത്രിതമായിരുന്നു. തൊഴിലാളിമുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ പൊലീസ് അറൗജിന്റെ ബംഗ്ലാവിനുള്ളിലേക്ക് പിന്മാറി. ലൂയിസ് പ്രമാണിയെയും ജോണ്‍കുട്ടിയെയുംപോലുള്ള സമരസഖാക്കള്‍ പൊലീസ്പക്ഷത്ത് വലിയ ക്ഷതംവരുത്തി. ജോണിനെ ബയണറ്റുകൊണ്ട് കുത്താന്‍ ശ്രമിച്ച പൊലീസുകാരനെ ആക്രമിക്കാന്‍ ലൂയിസ് ഉപയോഗിച്ച ആയുധം അടുത്തുനിന്ന മറ്റൊരു പൊലീസുകാരന്‍തന്നെയായിരുന്നു! ചൊരിമണ്ണില്‍ രക്തം തളംകെട്ടി. ഇരുപതോളം പൊലീസുകാര്‍ കൊല്ലപ്പെട്ടു, എട്ട് സഖാക്കളും. പതറിപ്പോയ പൊലീസുകാര്‍ ബംഗ്ലാവിനുള്ളില്‍ കയറി ജനലുകളും വാതിലുകളും അടച്ചു. പൊലീസുകാര്‍ തോക്കില്‍ തിരനിറയ്ക്കുകയാണെന്നായിരുന്നു സമരഭടന്മാരുടെ നിഗമനം. തിരനിറയ്ക്കാന്‍ സമയം നല്‍കാതെ കടന്നാക്രമിക്കാന്‍ തീരുമാനിച്ചു. അവിടെയാണ് തന്ത്രം പാളിയത്. യഥാര്‍ഥത്തില്‍ പൊലീസ് നിറതോക്കുകളുമായി നാലുവശവുമുള്ള ജനലുകള്‍ക്കരികില്‍ പതുങ്ങിയിരിക്കുകയായിരുന്നു.

അറൗജിന്റെ ബംഗ്ലാവിന്റെ തിണ്ണയിലേക്ക് വാരിക്കുന്തവുമായി ചാടിക്കയറിയവര്‍ വെടിയേറ്റുവീണു-12 സഖാക്കള്‍. പിന്നീട് പിന്‍തിരിയുകയല്ലാതെ നിര്‍വാഹമുണ്ടായില്ല. മുറിവേറ്റുവീണ ചിലരെ എടുത്തുകൊണ്ടോടി. അതിനിടെ പൊലീസുകാരുടെ ഏഴു തോക്കുകളും സമരഭടന്മാര്‍ പിടിച്ചെടുത്തു. ഡിഎസ്പി വൈദ്യനാഥന്‍ പട്ടാളവുമായി രാത്രി പുന്നപ്ര ക്യാമ്പിലെത്തി. വെടിയേറ്റ് മരിക്കാതെ കിടന്ന തൊഴിലാളികളെ തോക്കിന്റെ പാത്തികൊണ്ടിടിച്ചും ബയണറ്റുകൊണ്ട് കുത്തിയും കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങള്‍ പട്ടാളം വാനില്‍ കയറ്റി ആലപ്പുഴ വലിയ ചുടുകാട്ടില്‍ കൂട്ടിയിട്ടു. ചിലരില്‍ ജീവന്‍ അവശേഷിച്ചിരുന്നു. അവര്‍ക്കുമേല്‍ പെട്രോളൊഴിച്ച് തീകത്തിച്ചു. മൂന്നുദിവസം മൃതദേഹങ്ങള്‍ പൊതുസ്ഥലത്ത് മറവുചെയ്യാതെ കൂട്ടിയിട്ടിരുന്നു. ""പിടിച്ചെടുത്ത തോക്കുകള്‍ തൊട്ടടുത്ത വാര്‍ഡ് കൗണ്‍സിലര്‍ സി എച്ച് ഭരതനെ ഏല്‍പ്പിക്കാനായിരുന്നു പാര്‍ടി നിര്‍ദേശം. എന്നാല്‍, ആ സഖാക്കള്‍ക്ക് പട്ടാളത്തിന്റെ ഇടപെടല്‍മൂലം അത് യഥാസ്ഥാനത്തെത്തിക്കാനായില്ല. പൊലീസിന്റെ പിടിയിലാകാതെ ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഞങ്ങള്‍ അവ മറ്റൊരു വീടിന്റെ തട്ടിന്‍പുറത്തുനിന്ന് യാദൃച്ഛികമായി കണ്ടെത്തി. തോക്കുമായി എങ്ങോട്ടും പോകാന്‍ സാധിക്കാത്തതിനാല്‍ പള്ളാത്തുരുത്തിയാറിലെ കരിമ്പാവളവില്‍ അവ കെട്ടിത്താഴ്ത്തി. നേവിയും മറ്റും വന്നാണ് പിന്നീടവ കണ്ടെടുത്തത്"". തുലാം എട്ടിന് തിരുവിതാംകൂറില്‍ പട്ടാളഭരണം പ്രഖ്യാപിച്ചു. തുലാം ഒമ്പതിന് യൂണിയന്‍ നിരോധിച്ചു. തുലാം പത്തിന്(ഒക്ടോബര്‍ 27) വയലാര്‍ സംഭവമുണ്ടായി. അറുനൂറില്‍പ്പരം സഖാക്കളാണ് അവിടെ രക്തസാക്ഷികളായത്.

പശ്ചാത്തലം

1922ല്‍ത്തന്നെ ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികള്‍ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു. തൊഴിലാളികള്‍ വന്‍തോതില്‍ കേന്ദ്രീകരിച്ചിരുന്ന സ്ഥലമാണ് ആലപ്പുഴ അന്ന്. പട്ടണത്തിനുള്ളില്‍ത്തന്നെ 26 യൂറോപ്യന്‍ കയര്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. ഓരോ ഫാക്ടറിയിലും നൂറുകണക്കിനു തൊഴിലാളികള്‍. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളും ആലപ്പുഴയിലേക്ക് എത്തുമായിരുന്നു. ആ തൊഴിലാളി ഭൂമികയിലാണ് ചന്ദ്രാനന്ദന്‍ ജീവിതം തുടങ്ങിയത്. കുടുംബപ്രശ്നങ്ങള്‍മൂലം സ്കൂള്‍വിദ്യാഭ്യാസം ഒമ്പതാംക്ലാസില്‍ അവസാനിപ്പിക്കേണ്ടിവന്നു. വീടുമായുള്ള ബന്ധവും ക്രമേണ പരിമിതപ്പെട്ടു. പതിറാറ്- പതിനേഴുവയസ്സില്‍ത്തന്നെ വില്യം ഗോഡേക്കര്‍ ഫാക്ടറിയില്‍ ജോലിക്കാരനായി. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാനുള്ള കമ്പിളി കാര്‍പെറ്റ് നെയ്യലായിരുന്നു ജോലി. സാമാന്യം തരക്കേടില്ലാത്ത ശമ്പളവും. പക്ഷേ, ചുറ്റുമുള്ള മറ്റു തൊഴിലാളികളുടെ സ്ഥിതി അതായിരുന്നില്ല. തുച്ഛമായ കൂലി. അതുതന്നെ ഉല്‍പ്പന്നങ്ങളായാകും നല്‍കുക. മുതലാളിമാരുടെതന്നെ കടകളില്‍നിന്ന് കടമായി സാധനങ്ങള്‍ നല്‍കും. അങ്ങനെ തൊഴിലാളി എക്കാലവും മുതലാളിയുടെ കടക്കാരനായിരിക്കും.

മത്സ്യത്തൊഴിലാളിമേഖലയില്‍ സ്ഥിതി കൂടുതല്‍ ദയനീയമായിരുന്നു. എല്ലാ ദിവസവും ജീവന്‍ പണയംവച്ച് കടലില്‍ പോകണം. വള്ളവും വലയും മുതലാളിയുടേതാണ്. താമസിക്കുന്ന ചെറ്റക്കുടില്‍ മുതലാളിയുടെ സ്ഥലത്താണ്. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ ജന്മികുടുംബങ്ങളില്‍ അടുക്കളപ്പണി ചെയ്തുകൊടുക്കണം. ജോലിയില്‍ വീഴ്ചവന്നാല്‍ കുടിയിറക്കും. നാല് ഓലകീറി കുത്തിമറച്ച കുടിലും അതോടെ ഇല്ലാതാകും. തെങ്ങില്‍ കെട്ടിയിട്ട് മുതലാളിമാരുടെ ഗുണ്ടകള്‍ മര്‍ദിക്കും. ഈ ദുരവസ്ഥയ്ക്കെതിരെ ശബ്ദമുയര്‍ന്നത് മത്സ്യത്തൊഴിലാളികളുടെ യൂണിയന്‍ ഉണ്ടായതോടെയാണ്. മത്സ്യത്തൊഴിലാളിമേഖലയിലെ ഒരു പ്രശ്നവുമായി ബന്ധപ്പെട്ടാണ് സായുധ പൊലീസ് അപ്ലോണ്‍ അറൗജിന്റെ വീട്ടില്‍ ക്യാമ്പ് തുറന്നത്. ഇപ്പോലിത്ത് എന്ന കുടികിടപ്പുകാരന്റെ ഭാര്യ കടുത്ത രോഗംമൂലം അറൗജിന്റെ ബന്ധുവീട്ടില്‍ ജോലിക്കുപോയില്ല. ആ സ്ത്രീയെ മുതലാളിമാര്‍ കുടിലിനു പുറത്തേക്ക് വലിച്ചിഴച്ച് ചവിട്ടി. ക്രൂരമായി മര്‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മുതലാളിമാരുടെ മത്സ്യസംഭരണശാലയ്ക്ക് തീയിട്ടു. കുപിതരായ മുതലാളിമാര്‍ സായുധ പൊലീസിനെ വരുത്തി. അറൗജിന്റെ ബംഗ്ലാവിലും വിശാലമായ റിക്രിയേഷന്‍ ഗ്രൗണ്ടിലും തമ്പടിച്ചു. ഡിഎസ്പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകുന്നേരങ്ങളില്‍ ട്രക്കില്‍ കയറി വിവിധ പ്രദേശങ്ങളിലേക്ക് നീങ്ങും. തൊഴിലാളികളുടെ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുക, കണ്ണില്‍കണ്ട പുരുഷന്മാരെയെല്ലാം മര്‍ദിക്കുക തുടങ്ങിയവയാണ് പിന്നീടുള്ള നടപടി. പാവപ്പെട്ട തൊഴിലാളികളുടെ ജീവിതംതന്നെ അസാധ്യമാക്കുന്ന പൊലീസ് അതിക്രമം അവസാനിപ്പിക്കാന്‍തന്നെ യൂണിയനുകള്‍ തീരുമാനിച്ചു. കയര്‍ത്തൊഴിലാളി പണിമുടക്ക്, ഉത്തരവാദിത്തഭരണത്തിനായുള്ള സമരം എന്നിവയുടെ ഭാഗമായി തൊഴിലാളിപ്രസ്ഥാനം കൂടുതല്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്ന കാലംകൂടിയായിരുന്നു അത്.

പണിമുടക്ക്, ചെറുത്തുനില്‍പ്പ്

ഒക്ടോബര്‍ 22 മുതല്‍ പൊതുപണിമുടക്കിന് തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ തീരുമാനിച്ചു. അമേരിക്കന്‍ മോഡല്‍ പിന്‍വലിക്കുക, ദിവാന്‍ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദഭരണം ആരംഭിക്കുക, പൊലീസ് ക്യാമ്പുകള്‍ നിര്‍ത്തുക, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക തുടങ്ങി 26 ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. ഇതിനായി എല്ലാ പ്രദേശത്തും ട്രേഡ്യൂണിയന്‍ കൗണ്‍സിലുകളുണ്ടാക്കാന്‍ തീരുമാനിച്ചതായി പി കെ സി ഓര്‍ക്കുന്നു. വാര്‍ഡുകള്‍തോറും വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. വാര്‍ഡ് കണ്‍വീനര്‍മാര്‍ക്കായിരുന്നു നിയന്ത്രണച്ചുമതല. ഈ കണ്‍വീനര്‍മാര്‍ക്ക് ആവശ്യമായ തീരുമാനങ്ങളെടുക്കാം. അത് തൊഴിലാളികള്‍ നടപ്പാക്കണം. വാര്‍ഡ് കണ്‍വീനറുടെ ചുമതല നിര്‍വഹിച്ചിരുന്ന പി കെ സിക്കും വളന്റിയര്‍ പരിശീലനം ലഭിച്ചിരുന്നു. അതേപ്പറ്റി അദ്ദേഹം പറയുന്നതിങ്ങനെ:

""ഇഴഞ്ഞ് മുന്നോട്ടുനീങ്ങി പത്തടി അടുത്തെത്തിയാല്‍ ബയണറ്റുകൊണ്ടുള്ള കുത്തേല്‍ക്കാതെ തോക്കുകള്‍ പിടിച്ചുവാങ്ങി തിരിച്ചടിക്കാനുള്ള പരിശീലനമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. പട്ടാളത്തില്‍നിന്ന് പിരിഞ്ഞുവന്ന ചിലരാണ് ഇതിനായി നിയോഗിക്കപ്പെട്ടത്"". പൊതുപണിമുടക്കിന്റെ ഒന്നാംദിവസം ശാന്തമായിരിക്കണമെന്നും രണ്ടാംദിവസം പൊതുയോഗങ്ങളും മൂന്നാംനാള്‍ പൊലീസ് സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും മുമ്പിലേക്ക് പ്രകടനവും നടത്തണമെന്നുമായിരുന്നു തീരുമാനം. പൊതുപണിമുടക്കിന്റെ നേതൃത്വം ടി വി തോമസിനായിരുന്നെങ്കിലും അദ്ദേഹം വീട്ടുതടങ്കലിലായി. കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറി പി ടി പുന്നൂസും അറസ്റ്റിലായിരുന്നു. മറ്റു ചിലരെ അകലെയുള്ള പ്രദേശങ്ങളില്‍ ട്രേഡ്യൂണിയന്‍ കെട്ടിപ്പടുക്കാന്‍ നിയോഗിച്ചിരിക്കുകയായിരുന്നതിനാല്‍ അവരുടെയും സാന്നിധ്യവും നേതൃത്വവും പുന്നപ്ര-വയലാറിന് ലഭിച്ചില്ല. പാര്‍ടി ചെയര്‍മാന്‍ കെ സി ജോര്‍ജ്, കെ വി പത്രോസ്, ചേര്‍ത്തലയില്‍ സി കെ കുമാരപ്പണിക്കര്‍ തുടങ്ങിയവര്‍ നേതൃനിരയിലുണ്ടായിരുന്നു.

ശങ്കറിന്റെ സന്ദര്‍ശനം


ജന്മിമാരുടെയും പൊലീസിന്റെയും മര്‍ദനത്തെക്കുറിച്ചന്വേഷിക്കാന്‍ എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍സെക്രട്ടറി ആര്‍ ശങ്കര്‍ ചേര്‍ത്തലയിലെത്തി. തൊഴിലാളിനേതാക്കളെ കണ്ട് അദ്ദേഹം സംസാരിച്ചു. ക്യാമ്പുകളിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കി. തൊഴിലാളികളോട് അവിടെ അനുഭാവം പ്രകടിപ്പിച്ച ശങ്കര്‍ നേരെ പോയത് സര്‍ സി പിയുടെ ഭക്തിവിലാസം കൊട്ടാരത്തിലേക്കാണ്. തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ സഹായിക്കുംവിധം ക്യാമ്പുകളെക്കുറിച്ച് സി പിക്ക് വിവരം നല്‍കുകയായിരുന്നു ശങ്കറിന്റെ സന്ദര്‍ശനലക്ഷ്യമെന്ന് പി കെ സി പറഞ്ഞു.

ഒളിവുജീവിതം


പുന്നപ്ര-വയലാര്‍ സമരത്തെത്തുടര്‍ന്ന് ദീര്‍ഘമായ ഒളിവുജീവിതമാണ് പി കെ സിക്കുണ്ടായത്. ആദ്യംപോയത് കോട്ടയത്തേക്കാണ്. അവിടെ സഖാവ് ഭാസിയുണ്ടാകും. പക്ഷേ, കോട്ടയത്തെത്തിയപ്പോഴേക്കും ആ സഖാവ് അറസ്റ്റിലായിരുന്നു. പിന്നീട് വൈക്കത്തേക്ക്- സ. സി കെ വിശ്വനാഥനിലായിരുന്നു പ്രതീക്ഷ. അദ്ദേഹവും പൊലീസ് പിടിയിലായിരുന്നു. പിന്നീട് എറണാകുളത്തേക്ക് തിരിച്ചു. സി അച്യുതമേനോനെ കണ്ടു. അദ്ദേഹം അവിടെ പാര്‍ടി സെക്രട്ടറിയാണ്. അത്യാവശ്യം സഹായമേ അവിടെയും ലഭിക്കൂ. രാത്രി വൈകി മലബാറിലേക്ക് തീവണ്ടികയറി. കോഴിക്കോട് ദേശാഭിമാനിയിലെത്തി. വര്‍ഗീസ് വൈദ്യന്‍ നേരത്തെ അവിടെയെത്തിയിരുന്നു. പണിമുടക്കുസമരത്തിന്റെ ലഘുലേഖ അച്ചടിക്കാന്‍ വന്നതാണ്. മടങ്ങാന്‍ സാധിച്ചിരുന്നില്ല. ദേശാഭിമാനിയില്‍ ഒരുമാസം ഒളിവിലിരുന്നു. ഷെല്‍ട്ടര്‍ മാറിയതിന്റെ പിറ്റേദിവസം പൊലീസ് ദേശാഭിമാനി റെയ്ഡ് ചെയ്തു. വര്‍ഗീസ് വൈദ്യന്‍ അവിടെവച്ചാണ് അറസ്റ്റുചെയ്യപ്പെട്ടത്. കോഴിക്കോട് കല്ലായിയിലും മറ്റും ഒളിവിലിരുന്നശേഷം പിന്നീട് ദീര്‍ഘകാലം തിരുവല്ലയിലായിരുന്നു. പതിനൊന്നരവര്‍ഷം നീണ്ടു ആ ഒളിവുകാലം. അടിയന്തരാവസ്ഥയിലെ ഒളിവുകൂടി കൂട്ടിയാല്‍ മൊത്തം 14 വര്‍ഷമാണ് പി കെ സിയുടെ ഒളിവുജീവിതം.

*
അബുരാജ് Deshabhimani

എന്താണ് അമേരിക്കയ്ക്ക് വേണ്ടത്?

ചാരപ്പണിയില്‍ അമേരിക്ക ഒരിക്കല്‍ക്കൂടി പ്രതിക്കൂട്ടിലായിരിക്കുന്നു. ഉറ്റവരെന്ന്  വിശ്വസിപ്പിച്ച് ആ വിശ്വാസ്യതയുടെ മറവില്‍ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ച് രാജ്യരഹസ്യങ്ങള്‍ അവര്‍ പോലുമറിയാതെ അമേരിക്ക ചോര്‍ത്താന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എഡ്വേര്‍ഡ് സ്‌നോഡന്‍ എന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ധന് മാനസാന്തരം വന്ന് എല്ലാം തുറന്നുപറയാന്‍ തോന്നിയില്ലായിരുന്നെങ്കില്‍ കൂടെനിന്ന് അമേരിക്ക നടത്തുന്ന ചതി ലോകരാഷ്ട്രങ്ങള്‍ തിരിച്ചറിയില്ലായിരുന്നു.

ഒരു ശത്രുരാജ്യത്തോടാണ് ഇത് ചെയ്യുന്നതെങ്കില്‍ അതിനൊരു സാധൂകരണമുണ്ട്. എന്നാല്‍ സുഹൃദ്‌രാജ്യങ്ങളുടെ സാങ്കേതിക നേട്ടങ്ങള്‍, ഊര്‍ജസ്രോതസ്സുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ രഹസ്യങ്ങള്‍ എന്തിന് പൗരന്മാരുടെ സ്വകാര്യതപോലും അതീവരഹസ്യമായി ചോര്‍ത്തുന്നു എന്നത് ലോകം വളരെ ഗൗരവമായി കാണേണ്ടതുണ്ട്. ഇന്ത്യയില്‍ നിന്നും 6.3 ബില്യണ്‍ വിവരങ്ങളാണ് അമേരിക്ക ചോര്‍ത്തിയതെന്ന് സ്‌നോഡന്‍ വെളിപ്പെടുത്തിയപ്പോള്‍ ഇന്ത്യക്കാര്‍ ഞെട്ടിയെങ്കിലും കേന്ദ്രഭരണ നേതാക്കള്‍ക്ക് ഒരു കൂസലുമില്ലായിരുന്നു. ഇതൊക്കെ കേട്ടമാത്രയില്‍ അമേരിക്കയോട് ഒരു  വിശദീകരണം പോലും ചോദിക്കാനുള്ള ചങ്കുറപ്പ് മന്‍മോഹന്‍സിങിനുണ്ടായില്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തിയല്ലേ അമേരിക്കന്‍ ഭരണകൂടത്തിനോട് ഇവര്‍ക്കുള്ളത്. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും നിത്യവും കവര്‍ന്നെടുക്കുകയും ഹനിക്കുകയും ചെയ്യുന്ന കേന്ദ്ര ഭരണക്കാര്‍ക്ക് ഇതൊന്നും വലിയ വിഷയമല്ലതാനും.

പക്ഷേ ഇന്ത്യയെക്കാള്‍ അടുത്ത സുഹൃത്തുക്കളായ ഫ്രാന്‍സും ജര്‍മനിയും അമേരിക്കയുടെ ഈ നെറികെട്ട ചാരപ്പണിക്ക് നല്ല താക്കീതാണ് നല്‍കിയിരിക്കുന്നത്. സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കുന്നതില്‍ നാറ്റോ സഖ്യത്തിലും യൂറോപ്യന്‍ യൂണിയനിലുമൊക്കെ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത് രാഷ്ട്രങ്ങള്‍ക്ക് ഈ ചതി പൊറുക്കാനായില്ല. സൗഹൃദത്തിന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഇങ്ങനെയൊരു മുഖംകൂടിയുണ്ടെന്നവര്‍ തിരിച്ചറിയുകയായിരുന്നു

ഒരു ഫ്രഞ്ച് ദേശീയ ദിനപ്പത്രം അമേരിക്കയുടെ ചാരപ്പണി സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന് അമേരിക്കയോട് വിശദീകരണം ചോദിച്ചിട്ട് അധികം വൈകുംമുമ്പാണ് ജര്‍മ്മനി ഇതേ പരാതിയുമായി രംഗത്തുവന്നത്. എഡ്വേര്‍ഡ് സ്‌നോഡനെ ഉദ്ധരിച്ചാണ് ഫ്രഞ്ച് പത്രം പൗരന്മാരുടെ കൂടി വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തുന്ന കാര്യം ആരോപിച്ചത്. പൗരന്മാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പോലും ചോര്‍ത്തിയതില്‍ ഫ്രാന്‍സ് കടുത്ത പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലേന മെര്‍ക്കലിന്റെ ഫോണാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയത്. ഈ വിവരം അറിഞ്ഞ ഉടന്‍ തന്നെ ചാന്‍സലര്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ നേരിട്ട് ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിക്കുകയുണ്ടായി. അമേരിക്ക മെര്‍ക്കലിനെ നിരീക്ഷിക്കുന്നില്ലെന്നും ഇനിയൊരിക്കലും അങ്ങനെ ചെയ്യില്ലെന്നുമാണ് ഒബാമ മറുപടി നല്‍കിയത്. എന്നുവെച്ചാല്‍ മുമ്പ് ചെയ്തിരുന്നു, ഇപ്പോള്‍ നിലവില്‍ ചെയ്യുന്നില്ല എന്ന്. ഇതിനിടെ മുന്‍ മെക്‌സിക്കണ്‍ പ്രസിഡന്റ് ഫിലിപ് കാള്‍ഡെര്‍നോയുടെ ഫോണും അമേരിക്ക ചോര്‍ത്തിയെന്ന ആരോപണവും ഉയരുകയുണ്ടായി.

ആരാണീ അമേരിക്ക? ലോകം മുഴുവന്‍ സ്വന്തം കാല്‍ക്കീഴില്‍ കൊണ്ടുവരാന്‍ ഇറങ്ങിത്തിരിച്ച വംശീയവാദിയായ ഹിറ്റ്‌ലറിനേക്കാള്‍ ഭീകരതയും വെട്ടിപ്പിടിച്ച് അധീശത്തം സ്ഥാപിക്കാനുള്ള ത്വരയുമാണ് അമേരിക്കന്‍ സാമ്രാജ്യത്തെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. ലോകം കീഴടക്കാനുള്ള ഈ  സാമ്രാജ്യത്വ വെറി അമേരിക്കയെ അന്ധമാക്കിയിരിക്കുന്നു. രാജ്യപരമാധികാരവും ദേശസ്‌നേഹവും കാത്തുസൂക്ഷിക്കുന്ന ഒരു രാഷ്ട്രവും അമേരിക്കയുടെ ഈ വെറി പൊറുത്തു കൊടുക്കില്ല.

ആയുധക്കച്ചവടക്കാരും കൊലയാളി ഭീമന്‍ ബഹുരാഷ്ട്ര കമ്പനികളും നിയന്ത്രിക്കുന്ന അമേരിക്കന്‍ ഭരണകൂടം അതിന്റെ എല്ലാ അതിരുകളും ലംഘിക്കുകയാണ്. കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തിയതുപോലെയായിപ്പോയി ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളോടുള്ള അമേരിക്കയുടെ നടപടി. സമാധാനവും പരസ്പര സഹവര്‍ത്തിത്വവുമാഗ്രഹിക്കുമ്പോഴാണല്ലോ രാഷ്ട്രങ്ങള്‍ തമ്മില്‍ സൗഹൃദങ്ങളുണ്ടാവുക. അമേരിക്കയ്ക്ക് സമാധാനവും സൗഹൃദവും വേണ്ട എന്നതാണ് ഈ നടപടി കാണിക്കുന്നത്. ലോകം മുഴുവന്‍ ഒളിഞ്ഞുനോക്കാനുള്ള, തങ്ങളറിയാതെ ഒരിലപോലും ഒരു ലോകകോണിലും അനങ്ങാന്‍ പാടില്ല എന്നുള്ള സാമ്രാജ്യത്വ ധാര്‍ഷ്ട്യം അതിന്റെ പരമകാഷ്ടയിലാണിപ്പോള്‍.

പൈലറ്റില്ലാ വിമാനങ്ങള്‍കൊണ്ട് മറ്റു രാജ്യങ്ങളെ ആക്രമിക്കുക, സാറ്റലൈറ്റ് വഴി ലോകരാഷ്ട്രങ്ങളെ നിരീക്ഷിക്കുക ഇതൊക്കെ അമേരിക്ക ചെയ്തുവരുന്ന ക്രൂരവിനോദങ്ങളാണ്. അതിനൊക്കെ പാകമായി പല അന്താരാഷ്ട്ര ഉടമ്പടികളിലും ധാരണാപത്രങ്ങളിലും അതിസമര്‍ഥമായി സഖ്യരാഷ്ട്രങ്ങളെക്കൊണ്ടും മൂന്നാം ലോക രാഷ്ട്രങ്ങളെക്കൊണ്ടും മറ്റും അമേരിക്ക ഒപ്പു വെയ്പ്പിച്ചിട്ടുണ്ട്. ഇറാക്കില്‍ രാസായുധമില്ലെന്ന് ഐക്യരാഷ്ട്ര സഭ ആണയിട്ട് പറഞ്ഞിട്ടുപോലും താന്‍ നിശ്ചയിക്കുന്നിടത്ത് കാര്യങ്ങള്‍ എത്തിക്കുമെന്നുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഹുങ്കാണ് വിജയം നേടിയത്. സദ്ദാം ഹുസൈനെന്ന ഇറാക്കിയെ തന്റെ ആവശ്യങ്ങള്‍ക്ക് വളര്‍ത്തിയതും ആവശ്യം കഴിഞ്ഞപ്പോള്‍ നശിപ്പിച്ചതും അമേരിക്കയാണെന്നത് ലോകസംഭവഗതികള്‍ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം നന്നായറിയാം.
ഏതു രാജ്യത്തും കയറി നിരങ്ങാനുള്ള ലൈസന്‍സ് സ്വയമുണ്ടെന്ന് ഭാവിച്ച അമേരിക്കയ്ക്കും ബൂമറാങ് പോലെ പലതും തിരിച്ചടികളായി വരുന്നുണ്ട്. സാമ്പത്തിക തകര്‍ച്ച അമേരിക്കയെ പാപ്പരാക്കാന്‍ അധികനാള്‍ വേണ്ട. അവര്‍ ഇന്നകപ്പെട്ടിരിക്കുന്ന പ്രതിസന്ധി ഊരാക്കുടുക്കാണ്. ലോകമുതലാളിത്തത്തിന്റെ അപ്പോസ്തലന്മാര്‍ക്ക് അനിവാര്യമായ അടിതെറ്റല്‍ ആരംഭിച്ചിട്ടുണ്ട്. സഖ്യകക്ഷികളുടേയും സുഹൃദ്‌രാജ്യങ്ങളുടേയും വിശ്വാസ്യതകൂടി നഷ്ടപ്പെടുന്ന ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് കര്‍മ്മഫലം സ്വയം അനുഭവിക്കേണ്ടിവരും. അമേരിക്ക കുഴിച്ച കുഴിയില്‍ അവര്‍ വീഴാന്‍ പോകുന്നു. ചാരപ്പണി കുഴിയിലേയ്ക്കുള്ള പാത വെട്ടിത്തുറന്നു എന്നുമാത്രം. ഇപ്പോള്‍ എന്താണ് സത്യത്തില്‍ അമേരിക്കയ്ക്ക് വേണ്ടത്?

*
ജനയുഗം മുഖപ്രസംഗം