Tuesday, July 12, 2011

പോരാട്ടങ്ങള്‍ക്ക്‌ ശക്തിപകരുന്ന പി കെ വിയുടെ ദീപ്‌തസ്‌മരണ

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവ്‌ മികച്ച പാര്‍ലമെന്റേറിയന്‍, ക്രാന്തദര്‍ശിയായ ഭരണാധികാരി, ഒന്നാംകിട പ്രക്ഷോഭകാരി, സംഘാടകന്‍ തുടങ്ങിയ നിലകളില്‍ കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന പി കെ വാസുദേവന്‍ നായര്‍ നമ്മെവിട്ടു പിരിഞ്ഞിട്ട്‌ ഇന്ന്‌ ഏഴു വര്‍ഷമാകുന്നു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു പി കെ വി.

പി കെ വിയുടെ തലമുറയിലെ മറ്റ്‌ പല കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരെയുംപോലെ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്‌ടനായാണ്‌ അദ്ദേഹവും പൊതുരംഗത്തുകടന്നുവന്നത്‌. ആലുവ യു സി കോളജില്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ്‌ പി കെ വി സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നത്‌. വിദ്യാര്‍ഥി ഫെഡറേഷന്റെ സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം അതിവേഗം സംഘടനയുടെ നേതൃത്വത്തിലേയ്‌ക്ക്‌ ഉയര്‍ന്നു. തിരുകൊച്ചിയിലുടനീളം വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലും സംഘടന ശക്തിപ്പെടുത്തുന്നതിലും നേതൃത്വപരമായ പങ്ക്‌ വഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

യു സി കോളജില്‍വെച്ചു തന്നെ പി കെ വി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായി അടുത്തു. പി കൃഷ്‌ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ യു സി കോളജിലെ വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അധികം വൈകാതെ പി കെ വി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പൂര്‍ണ സമയ പ്രവര്‍ത്തകനായി മാറി. പുന്നപ്രയിലും വയലാറിലും സര്‍ സി പിയുടെ പട്ടാളം താണ്ഡവമാടിയതിനെ തുടര്‍ന്നു ഭീകരാവസ്ഥ നിലനിന്ന പ്രദേശങ്ങളില്‍ ആദ്യമായെത്തിയ വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ പി കെ വിയായിരുന്നു.

വിദ്യാര്‍ഥികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശ സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌ത പി കെ വി അഖിലേന്ത്യാ യുവജന ഫെഡറേഷന്‌ രൂപം നല്‍കുന്നതിലും സുപ്രധാന പങ്കുവഹിച്ചു. എ ഐ വൈ എഫിന്റെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം.

കിടയറ്റ പാര്‍ലമെന്റേറിയനായിരുന്നു പി കെ വി. 1957 ല്‍ തിരുവല്ല മണ്ഡലത്തില്‍ നിന്നാണ്‌ പി കെ വി ആദ്യമായി ലോക്‌സഭയിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. തുടര്‍ന്ന്‌ ആലപ്പുഴ, പീരുമേട്‌ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചു. കക്ഷിപരിഗണനകള്‍ക്കതീതമായി എല്ലാവരുടെയും ആദരവുനേടിയ അംഗമായിരുന്നു പി കെ വി. ലോക്‌സഭയുടെ പാനല്‍ ഓഫ്‌ ചെയര്‍മാന്മാരിലൊരാളായിരുന്നു അദ്ദേഹം. കടുത്ത കമ്മ്യൂണിസ്റ്റ്‌ വിരോധിയായ മൊറാര്‍ജി ദേശായിപോലും പി കെ വിയെ പ്രശംസിച്ചിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും നിലപാടുകള്‍ സമര്‍ഥമായി അവതരിപ്പിക്കാന്‍ പി കെ വി ക്ക്‌ സവിശേഷമായ കഴിവുണ്ടായിരുന്നു. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി സഭയ്‌ക്കകത്തും പുറത്തും അദ്ദേഹം പൊരുതി. കേരളത്തില്‍ സ്റ്റാറ്റിയൂട്ടറി റേഷനിംഗ്‌ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നതില്‍ എ കെ ജിയുടെയും പി കെ വിയുടെയും നേതൃത്വത്തില്‍ നടത്തിയ സമരം വലിയ പങ്ക്‌ വഹിച്ചിരുന്നു. കൊച്ചി കപ്പല്‍ നിര്‍മാണശാല ഉള്‍പ്പെടെയുള്ളവ അനുവദിപ്പിക്കാനും പി കെ വി നിരന്തരം ശബ്‌ദമുയര്‍ത്തി. മലയോര കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ സഹായകമായ മണിയങ്ങാടന്‍ കമ്മിറ്റിയിലെ അംഗമെന്ന നിലയില്‍ പി കെ വി നല്‍കിയ സംഭാവന വിലപ്പെട്ടതാണ്‌. ചെറുകിട റബ്ബര്‍ കര്‍ഷകരുടെ സംഘടനകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം 2004 ല്‍ പി കെ വി ലോക്‌സഭയില്‍ തിരിച്ചുവന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി കെ വി പാര്‍ലമെന്റിന്റെ തൊഴില്‍ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു.

1977 ല്‍ നിയമസഭയിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ട പി കെ വി മന്ത്രിസഭാംഗമായി. വ്യവസായം, വിദ്യുച്‌ഛക്തി വകുപ്പുകളായിരുന്നു കൈകാര്യം ചെയ്‌തിരുന്നത്‌. ഏ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ പി കെ വി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ചുരുങ്ങിയ കാലത്തിനകം തന്നെ കഴിവുറ്റ ഭരണാധികാരിയാണെന്നു തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പി കെ വി മുഖ്യ മന്ത്രിയായിരുന്നപ്പോഴായിരുന്നു ദേശവ്യാപകമായി സി ആര്‍ പി എഫുകാരുടെ സമരം നടന്നത്‌. യു പി യിലും മറ്റും രൂക്ഷമായ സംഘട്ടനങ്ങള്‍ നടന്നു. കേരളത്തില്‍ പള്ളിപ്പുറത്തെ സി ആര്‍ പി എഫ്‌ ക്യാമ്പിലും സമരം തുടങ്ങി. സമരത്തെ പട്ടാളത്തെ ഉപയോഗിച്ചു നേരിടാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്‌. എന്നാല്‍ കൂടിയാലോചനകളിലൂടെ ഏറ്റുമുട്ടലില്ലാതെ സമരരംഗത്തുള്ള സി ആര്‍ പി എഫുകാരെ നിരായുധരാക്കാന്‍ കഴിഞ്ഞത്‌ പി കെ വിയുടെ ഭരണപാടവത്തിന്റെ തെളിവാണ്‌. ദേശവ്യാപകമായി ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ വിനോബഭാവെ നടത്തിയ നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടലും അതെപോലെ ശ്രദ്ധേയമാണ്‌. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവും പി കെ വിയും വിനോബഭാവയെ ചെന്നുകണ്ടു ചര്‍ച്ച നടത്തി. കേരളത്തിലും ബംഗാളിലും ഗോവധം നിരോധിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും ഗോവധ നിരോധനത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തെ വര്‍ഗീയ ചേരിതിരിവിനായി നിക്ഷിപ്‌ത താല്‍പര്യക്കാര്‍ ഉപയോഗപ്പെടുത്തുന്നതിന്റെ അപകടവും വിനോബ ഭാവയെ ബോധ്യപ്പെടുത്താന്‍ ഇരുമുഖ്യമന്ത്രിമാര്‍ക്കും കഴിഞ്ഞു. സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കുന്നതിനുള്ള പി കെ വിയുടെ കഴിവിന്റെ തെളിവുകളാണിവ. മുഖ്യമന്ത്രി എന്ന നിലയില്‍ സങ്കുചിത കക്ഷി പരിഗണനകള്‍ക്കതീതമായി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പി കെ വിക്കു കഴിഞ്ഞിരുന്നു.

ഇടതു ജനാധിപത്യശക്തികളുടെ ഐക്യത്തിന്റെ ശക്തനായ വക്താവായിരുന്നു പി കെ വി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഭട്ടിന്‍ഡ കോണ്‍ഗ്രസ്‌ മുന്നോട്ടുവെച്ച ഇടതുജനാധിപത്യ ശക്തികളുടെ ഐക്യമെന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിനു മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച നേതാവാണ്‌ പി കെ വി. പ്രസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കാണ്‌ എന്നും അദ്ദേഹം പ്രഥമ പരിഗണന നല്‍കിയിരുന്നത്‌. കേന്ദ്ര ഭരണാധികാരികളുടെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കും എതിരായ പോരാട്ടത്തില്‍ ഇടതുജനാധിപത്യ ശക്തികളുടെ ഐക്യത്തിന്‌ നിര്‍ണായക പങ്കുണ്ട്‌. ഈ ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പി കെ വി നേതൃത്വപരമായ പങ്കുവഹിച്ചു.

ഒരു പതിറ്റാണ്ടിലധികം കാലം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പി കെ വി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ കേന്ദ്രസെക്രട്ടറിയേറ്റ്‌ അംഗം, ദേശീയ നിര്‍വാഹക സമിതി അംഗം തുടങ്ങിയ നിലകളില്‍ പി കെ വി സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിച്ചു. സംഘടനാരംഗത്തെന്നപോലെ ആശയപ്രചരണ രംഗത്തും പി കെ വി ഏറെ ശ്രദ്ധിച്ചിരുന്നു. 1954 മുതല്‍ മൂന്നുവര്‍ഷക്കാലം ജനയുഗത്തിന്റെ പത്രാധിപ സമിതി അംഗമായിരുന്ന പി കെ വി വളരെക്കാലം പാര്‍ട്ടിയില്‍ ജനയുഗത്തിന്റെ ചുമതലക്കാരനായിരുന്നു.

ജനങ്ങള്‍ കനത്തവെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ്‌ നാം പി കെ വി ദിനം ആചരിക്കുന്നത്‌. ജനങ്ങളെ ദുരിതം തീറ്റിക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കും അഴിമതിക്കും എതിരെ ദേശവ്യാപകമായി പ്രക്ഷോഭം വളര്‍ന്നു വരികയാണ്‌. കേരളത്തില്‍ നേരിയ ഭൂരിപക്ഷത്തിന്‌ അധികാരത്തില്‍ വന്ന യു ഡി എഫ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ അട്ടിമറിച്ച്‌ ജനങ്ങള്‍ക്കു നേരെ കടന്നാക്രമണം തുടങ്ങിയിരിക്കുകയാണ്‌. പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കുന്ന നയമാണ്‌ യു ഡി എഫ്‌ സര്‍ക്കാര്‍ അവലംബിക്കുന്നത്‌. ജനങ്ങളുടെയും നാടിന്റെയും ഉത്തമ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടമല്ലാതെ മറ്റു വഴിയില്ല. ഈ പോരാട്ടത്തിന്‌ ശക്തി പകരുന്നതാണ്‌ പി കെ വിയുടെ ദീപ്‌ത സ്‌മരണ.

*
സി കെ ചന്ദ്രപ്പന്‍ ജനയുഗം 12 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവ്‌ മികച്ച പാര്‍ലമെന്റേറിയന്‍, ക്രാന്തദര്‍ശിയായ ഭരണാധികാരി, ഒന്നാംകിട പ്രക്ഷോഭകാരി, സംഘാടകന്‍ തുടങ്ങിയ നിലകളില്‍ കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന പി കെ വാസുദേവന്‍ നായര്‍ നമ്മെവിട്ടു പിരിഞ്ഞിട്ട്‌ ഇന്ന്‌ ഏഴു വര്‍ഷമാകുന്നു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു പി കെ വി.