Monday, August 1, 2011

സര്‍ഗാത്മകതയുടെ രക്തഭാഷ

ഒന്ന്

1948ലെ ഇസ്രായേല്‍ അധിനിവേശത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട നാജി അലി എന്നൊരു പത്തു വയസുകാരന്‍ ബാലന്റെ കഥയാണാദ്യം. അന്ന് അവനും കുടുംബവും തെക്കന്‍ പാലസ്തീനിലേക്ക് കുടിയേറിപ്പാര്‍ത്തു. പലസ്തീനിലെ ഷത്തീല എന്നു പേരുള്ള അഭയാര്‍ഥിക്യാമ്പില്‍ അവര്‍ അഭയം പ്രാപിച്ചു. കാര്‍ മെക്കാനിക്കായും ചില ഓഫീസുകളിലെ സര്‍വീസ് ബോയിയായുമൊക്കെ നാജി കഴിഞ്ഞുകൂടി. പട്ടിണിയുടെയും രോഗങ്ങളുടെയും കൊട്ടാരത്തില്‍ നിന്ന് ദാരിദ്ര്യത്തിന്റെ കുടിലിലേക്ക് അലി കുടുംബത്തെ മാറ്റിത്താമസിച്ചു. പിന്നെപ്പിന്നെകുകുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ അവരുടെ കുടുസുവീട്ടിലേക്ക് വിരുന്നുവന്നു.

പക്ഷെ എല്ലാ പുതുസന്തോഷങ്ങള്‍ക്കിടയിലും അലിയുടെ മനസ് അസ്വസ്ഥമായിക്കൊണ്ടേയിരുന്നു.ന്നുപിന്നേയും പതിറ്റാണ്ടുകള്‍ കഴിഞ്ഞ് 1987 ജൂലൈ 22ലെ ആ കറുത്ത ദിനത്തില്‍ പ്രശസ്തമായ അല്‍ഖബാസ് പത്രത്തിന്റെ ലണ്ടന്‍ ഓഫിസില്‍ വച്ച് ഹഷാന്‍ സോവന്‍ എന്ന കൊലയാളിയുടെ തോക്കിനിരയാകുന്നതു വരെയുള്ള അലിയുടെ പില്‍ക്കാലജീവിതം പലസ്തീന്‍ ജനതയുടെ കഷ്ടപ്പാടുകളുടെയും അതിജീവനശ്രമങ്ങളുടെയും നേര്‍ചിത്രം കൂടിയാണ്.

1838 ല്‍ വടക്കന്‍ പലസ്തീനിലെ അല്‍ശജറ ഗ്രാമത്തിലാണ് അലിയുടെ ജനനം. പത്താം വയസില്‍ ഇസ്രായേലി തോക്കുകളെ ഭയന്ന് കുടുംബത്തോടൊപ്പം തെക്കന്‍ പലസ്തീനിലേക്ക് പലായനം. കഷ്ടപ്പാടുകള്‍ക്കപ്പുറം പുതിയൊരുരുവിജയപാത സ്വപ്നം കണ്ട അലി ഇസ്രായേല്‍ വിരുദ്ധപോരാട്ടത്തില്‍ മുന്നണിപ്പോരാളിയായി. അറബ് നാഷണല്‍ മൂവ്‌മെന്റിന്റെ സജീവപ്രവര്‍ത്തകനായി. അവിടെനിന്നും മടങ്ങിയശേഷം കുറെക്കാലം വിപ്ലവപ്രവര്‍ത്തനത്തിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചു. ഇസ്രായേലികള്‍ക്കുമുന്നില്‍ മുട്ടുവിറച്ചുനില്‍ക്കാന്‍ നാജി അലി സന്നദ്ധനായില്ല. ഒരു വലിയ ഭരണവര്‍ഗത്തിനെതിരെ ഒറ്റയ്ക്ക്, സ്വന്തം നിലയില്‍ പോരാടാന്‍ അവനൊരു ആയുധമുണ്ടായിരുന്നു-കാര്‍ട്ടൂണ്‍. ജയിലില്‍ കിടന്നും അലി വരച്ചു. യാദൃശ്ചികമായാണ് ഈകാര്‍ട്ടൂണുകള്‍ പലസ്തീന്‍പോരാട്ടത്തിലെ അധ്യാത്മിക നേതാവായ ഗസ്സാന ഹന ഫാനിയുടെ കണ്ണില്‍പ്പെട്ടത്. അദ്ദേഹം ഒരു ഇംഗ്ലീഷ് പത്രത്തില്‍ അവ പ്രസിദ്ധീകരിച്ചതോടെ അലിയും അദ്ദേഹത്തിന്റെ ഇസ്രായല്‍ വിരുദ്ധ കാര്‍ട്ടൂണുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

1969 ല്‍ കുവൈത്തിലെ പ്രമുഖ പത്രമായ അല്‍സിയാസയില്‍ ഒരു കാര്‍ട്ടൂണ്‍ കോളം പ്രത്യക്ഷപ്പെട്ടു. ഹന്‍ഇല വരച്ചത് നാജി അലി. പിന്നെയീ കഥാപാത്രം ഇതിഹാസതുല്യമായി വിമോചനപ്പോരാളികളാല്‍ വാഴ്ത്തപ്പെട്ടു. ഹന്‍ളല ഒരു പത്തുവയസുകാരന്‍ അഭയാര്‍ത്ഥി ബാലനാണ്. പലസ്തീന്‍ ജനതയുടെ കഷ്ടപ്പാടുകളുടെ നേര്‍രൂപം. ഇസ്രായേലില്‍ പീരങ്കികള്‍ തകര്‍ത്ത ഒരു സമൂഹത്തിന്റെ ദാരിദ്ര്യത്തിന്റെയും ദയനീയതയുടെയുമെല്ലാം കാര്‍ട്ടൂണ്‍ സാക്ഷ്യപ്പെടുത്തലാണ് ഹന്‍ഇല. പത്താമത്തെ വയസില്‍ അഭയാര്‍ത്ഥിയാകേണ്ടിവന്ന കാര്‍ട്ടൂണിസ്റ്റിന്റെ ജീവിതസാമ്യമുള്ള കാര്‍ട്ടൂണ്‍സൃഷ്ടി. ഈകഥാപാത്രം പലസ്തീനിലെങ്ങും തരംഗമായി. പലസ്തീനികള്‍ മാത്രം കാണുന്ന തരത്തിലായിരുന്നില്ല നാജിയുടെ കാര്‍ട്ടൂണുകള്‍. മറ്റു അറേബ്യന്‍ രാജ്യങ്ങളില്‍നിന്നും വരച്ചതുകൊണ്ടുതന്നെ ലോകം മുഴുവന്‍ അവ ശ്രദ്ധനേടി. എതു നിമിഷവും കഴുകനെപ്പോലെ പതുങ്ങിവന്ന്ന്നു ആക്രമിക്കുന്ന ഇസ്രായേല്‍ എന്ന ഭീകരരൂപിയായിരുന്നു എപ്പോഴും അലിയുടെ മുഖ്യകഥാപാത്രം. രക്തത്തില്‍ മുങ്ങിക്കുളിച്ച് ആനന്ദിക്കുന്ന ഇസ്രായേല്‍ ഭരണാധികാരികളും തലയോടു പൊട്ടിയും കൈകാലുകളറ്റും വിറങ്ങലിച്ചു നിന്ന പലസ്തിന്‍ മണ്ണിന്റെ ദുരിതവും അവ പറഞ്ഞു. അത് ലോകം കണ്ടു. സമൂഹത്തിലെ പാവപ്പെട്ട സാധാരണക്കാരായ ആളുകളെയാണ് എപ്പൊഴും അലി വരച്ചത്. സ്വാഭാവികമായും ഇസ്രായേല്‍ ഭരണവര്‍ഗത്തിന്റെ കഴുകന്‍കണ്ണുകള്‍ അലിയെ നോട്ടമിട്ടു.

''എന്റെ അടുക്കളയിലെ കരിപ്പെട്ടികളിലെ ചോക്കുകള്‍കൊണ്ടല്ല ഞാന്‍ കാര്‍ട്ടൂണ്‍ വരക്കുന്നത്. എന്റെ കൂടെപ്പിറപ്പുകളുടെ ചോരയില്‍ മുക്കിയ കൈ കൊണ്ടാണ്''.-എന്നൊരിക്കല്‍ നാജി അഭിപ്രായപ്പെട്ടു. പലതവണ അദ്ദേഹത്തിനു നേരെ വധശ്രമമുണ്ടായി. ഇസ്രായേലി ചാരസംഘടനയായ മൊസാദാണ് എല്ലാ ശ്രമങ്ങളുടേയും പിന്നില്‍ പ്രവര്‍ത്തിച്ചത്. എല്ലാ എതിര്‍പ്പുകളെയും അലി അതിജീവിച്ചെങ്കിലും അല്‍സിയാസയുടെ ലണ്ടന്‍ ഓഫീസില്‍വച്ച് അദ്ദേഹം മൊസാദിന്റെ തോക്കിന്‍ കുഴലിനു മുന്നില്‍ നിലംപതിച്ചു. ഇനി കൗതുകകരമായ മറ്റൊരു വസ്തുതകൂടി. പലസ്തീന്‍ വിമോചനമെന്ന് കേട്ടാല്‍ നമ്മുടെ മുന്നില്‍ ആദ്യം തെളിഞ്ഞുവരുന്ന മുഖം യാസര്‍ അരാഫത്തിന്റേതുതന്നെ. എന്നാല്‍ ഒരേ ലക്ഷ്യത്തിനുവേണ്ടി പോരാടിയ അരാഫത്തും നാജി അലിയും പരസ്പരം തെറ്റിദ്ധരിച്ചിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. നാജിഅലിയെ ലണ്ടനില്‍വച്ച് വെടിവച്ചുകൊന്നതില്‍ അരാഫത്തിന്റെ നിര്‍ദ്ദേശപ്രകാരം പി എല്‍ ഒ യ്ക്കും പങ്കുണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു!

രണ്ട്

അലിയുടെ കഥയില്‍ നിന്നും, അദ്ദേഹം കൊല്ലപ്പെട്ട ആ കറുത്തദിനത്തിന്റെ മായാത്ത ഓര്‍മപ്പേജില്‍നിന്നും അധികം കാലദൂരമകലെയല്ലാത്ത രണ്ടായിരത്തിനാല് ജനുവരിയിലെ ഒരു പതിവുദിനത്തിലേക്ക് വരാം. പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയിട്ട് ഒരാഴ്ചപോലും കഴിഞ്ഞിട്ടില്ല. അമേരിക്കയുടെ സംരക്ഷണത്തിന്റെ പിന്‍ബലം എക്കാലത്തും സ്വന്തമായുണ്ടായിരുന്ന ഇസ്രായേല്‍ എന്ന ക്രൂരരാജ്യം അതിന്റെ എല്ലാ യന്ത്രക്കണ്ണുകളും കൈകളുംകൊണ്ട് പലസ്തീന്‍ ജനതയെ മനുഷ്യത്വരഹിതമായ പ്രവൃത്തികളിലൂടെ കീഴടക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ ഏറ്റവും വലുതായിരുന്നു ഗാസ അധിനിവേശം. നിഷ്പക്ഷ നിലപാടുകളിലൂടെ ലോകസമൂഹത്തിലെ രാഷ്ട്രസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ യത്‌നിക്കേണ്ട ഐക്യരാഷ്ട്രസഭപോലും അക്കാലത്ത് ശക്തരായ ഇസ്രായേലിനെയും പ്രധാനമന്ത്രി ഏറിയല്‍ ഷാറോണിനെയും ഏറെ ഭയപ്പെട്ടിരുന്നു. ഗാസയിലെ കടന്നുകയറ്റത്തിനെതിരെ പ്രായോഗികമായി പ്രതികരിക്കാനോ പ്രതിഷേധിക്കാനോ യു എന്‍ രക്ഷാസമിതിക്ക് സാധിച്ചില്ല.

നീതിനിഷേധത്തിന്റെ നാളുകളിലെ ഒരു പ്രഭാതത്തില്‍ ഇസ്‌ലാമിക് പലസ്തീനിലെ പ്രമുഖ പത്രങ്ങളിലൊന്നായ 'രിസാല'യില്‍ ഒരു കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടു-ഏറിയല്‍ ഷാറോണിനെ കണക്കറ്റു പരിഹസിക്കുന്ന ഒരു കാര്‍ട്ടൂണ്‍. ഒരേയൊരു പകല്‍കൊണ്ട് ആ കാര്‍ട്ടൂണ്‍ പലസ്തീന്‍ മുഴുവന്‍ പ്രചരിക്കപ്പെട്ടു. ഇന്റര്‍നെറ്റിലൂടെ ലോകം മുഴുവനും ആ കാര്‍ട്ടൂണ്‍ കണ്ടു. എന്നാല്‍ പിറ്റേന്നു രാവിലെ രിസാലയിലെ ജീവനക്കാരുടെ തലയ്ക്കുമുകളിലൂടെ ഇസ്രയേല്‍ പട്ടാളത്തിന്റെ ബോംബുകള്‍ ചീറിപ്പാഞ്ഞു. രിസാലയുടെ ഓഫീസിന്റെ പ്രധാനഭാഗങ്ങള്‍ ഉച്ചയ്ക്കുമുന്‍പുതന്നെ ബോംബിങ്ങില്‍ നിലംപതിച്ചു. കാര്‍ട്ടൂണ്‍ വരച്ച ചിത്രകാരനെയും അതു പ്രസിദ്ധീകരിച്ച പത്രത്തിന്റെ പത്രാധിപരെയും തിരക്കി ഷാരോണിന്റെ പട്ടാളക്കാര്‍ വേട്ടപ്പട്ടികളെപ്പോലെ നാലുപാടും പാഞ്ഞു. പത്രാധിപര്‍ പട്ടാളത്തിന് പിടികൊടുക്കുകയും മാപ്പപേക്ഷിച്ചു ജയില്‍മോചിതനാവുകയും ചെയ്തു.

എന്നാല്‍ അപ്പോഴും കാര്‍ട്ടൂണിസ്റ്റ് അവരുടെ കണ്ണെത്താമറയത്തുതന്നെ നിന്നു. അതിനൊരു കാരണമുണ്ടായിരുന്നു. കീഴടങ്ങാനോ മാപ്പെഴുതി നല്‍കി രക്ഷപ്പെടാനോ തക്ക ഭീരുവായിരുന്നില്ല രിസാലയുടെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്. മാതൃരാജ്യത്തില്‍ അടിമകളാക്കപ്പെട്ട ഒരു ജനതയുടെ സ്വാതന്ത്ര്യദാഹം നെഞ്ചിലും പോരാട്ടവീര്യം തന്റെ മഷിക്കുപ്പിയിലും നിറച്ചുജീവിച്ച ഒരു ധീരവനിത-ഉമയ്യജൂഹ(omayya joha)-ആയിരുന്നു ആ വരപ്പോരാളി. ആയിരത്തിതൊള്ളായിരത്തി എഴുപത്തിരണ്ടില്‍ ജനിച്ച ജൂഹ ഈജിപ്തിലെ അസ്ഹര്‍ സര്‍വകലാശാലയില്‍നിന്നും ബിരുദം നേടി അധികം കഴിയുന്നതിനുമുന്‍പ് വിവാഹിതയായി. പാലസ്തീന്‍ വിമോചന പോരാളിയായിരുന്ന ഭര്‍ത്താവിനെ ഇസ്രായേല്‍ പട്ടാളം വെടിവെച്ചുകൊല്ലുന്നത് അവര്‍ക്ക് കാണേണ്ടിവന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തിനുമുന്‍പേ, യൗവനാരംഭത്തിന്റെ നാളുകളില്‍തന്നെ അടിമത്വത്തിന്റെ കാര്‍മേഘങ്ങള്‍ പാലസ്തീന്റെ പച്ചമണ്ണുപേക്ഷിച്ചു പോകുന്ന ഒരു വരുംകാലം ജൂഹ സ്വപ്നം കണ്ടിരുന്നു.

അതുകൊണ്ടുതന്നെയാണ് ഹമാസ് പോരാളിയായ ഒരു യുവാവിനെ അവര്‍ വിവാഹം ചെയ്തതും. പരിമിതികളുള്ള ഒരു ശരീരവും അതിലൊതുങ്ങാത്ത പോരാട്ടവീര്യവും അവെള പേനയെടുപ്പിച്ചു. ഒരു പെയിന്ററായി ജോലിനോക്കണമെന്ന് ആദ്യമൊക്കെ ആഗ്രഹിച്ചിരുന്ന ജൂഹ തന്റെ മേഖല കാര്‍ട്ടൂണാണെന്ന് തിരിച്ചറിഞ്ഞതോടെ വരച്ചുതുടങ്ങി. പാലസ്തീനിലെ പ്രമുഖ പത്രങ്ങളിലൊന്നായ 'അല്‍ ഹയാത് അല്‍ ജദീദ'യിലാണ് ജൂഹയുടെ കാര്‍ട്ടൂണുകള്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പട്ടത്. പത്രത്തിലെ ജോലിയുടെ സ്ഥിരത ലക്ഷ്യമിട്ട് ആഭ്യന്തര രാഷ്ട്രീയ കാര്‍ട്ടൂണുകളാണ് അവര്‍ ആദ്യം വരച്ചിരുന്നതെങ്കില്‍, അല്‍പ്പകാലം കഴിഞ്ഞപ്പോള്‍ അതിശക്തമായ രീതിയില്‍ അവര്‍ ഇസ്രായേല്‍ വിരുദ്ധപോരാട്ടം തന്റെ കാര്‍ട്ടൂണുകളിലൂടെ ആരംഭിച്ചു. വെളുത്ത കടലാസില്‍ കറുത്ത അക്ഷരങ്ങള്‍കൊണ്ട് അവര്‍ അമേരിക്കന്‍ ശിങ്കിടിരാജ്യത്തിലെ ഭരണവര്‍ഗത്തെ നോക്കി പരിഹസിച്ചു.

''നിങ്ങള്‍ക്ക് ഒരു തോക്ക് കൈവശമുണ്ടായിരിക്കാം. അതല്ലെങ്കില്‍ ഒരായിരമോ ഒരു ലക്ഷമോ ഒരുകോടിയോ തോക്കുകളും പീരങ്കികളും നിങ്ങള്‍ക്കുണ്ടായിരിക്കാം. എന്നാല്‍ എനിയ്ക്ക് ഒരു പേനയും ഒരു മഷിക്കുപ്പിയും പിന്നെ കുറെ വെള്ളക്കടലാസുകളുമാണുള്ളത്. പക്ഷേ, കിങ്കരന്മാരേ...മറക്കരുത്, അന്തിമ വിജയം എന്റേതായിരിക്കും'' -ഒരിക്കല്‍ അവര്‍ പ്രഖ്യാപിച്ചു. നോക്കു, ഒരു കാര്‍ട്ടൂണിസ്റ്റായ വനിതയുടെ ആത്മവിശ്വാസം, മനസിന്റെ കരുത്ത്. പലസ്തീനികളില്‍ പലരും വിദേശ പട്ടാളക്കാരുടെ സ്തുതിപാഠകരായപ്പോള്‍ പെണ്ണൊരുത്തി തന്റേടത്തോടെ വരയ്ക്കുന്നു, ഭരണവര്‍ഗത്തെ ധൈര്യപൂര്‍വ്വം നേരിടുന്നു.

''അവരെന്റെ സഹോദരങ്ങളെ, കുഞ്ഞുങ്ങളെ ചുട്ടുതിന്നു. ഞാനെന്റെ യുദ്ധം തുടരുക തന്നെ ചെയ്യും. ഒരൊത്തുതീര്‍പ്പിനും ഞാന്‍ തയ്യാറല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ നാടിനേക്കാളൊന്നുമില്ല''.

ഒത്തുതീര്‍പ്പുകളില്ലാത്ത ലോകത്തില്‍ സര്‍ഗാത്മകതയുടെ വിശുദ്ധരക്തത്താല്‍ നാജി അലിയും ഉമയ്യ ജൂഹയും ലോകകാര്‍ട്ടൂണിസ്റ്റുകളെ മഹത്തായൊരു പാഠം പഠിപ്പിക്കുന്നു. മന്ത്രിമാരുടെ അബദ്ധങ്ങളെയും എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങളെയും അവലംബിച്ച് മാത്രം കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന പല കാര്‍ട്ടൂണിസ്റ്റുകളെയും ചങ്കൂറ്റമെന്നത് കേവലം മൂന്നക്ഷരങ്ങളല്ലെന്നും അതൊരു രക്തഭാഷയാണെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.

*
വി സി അഭിലാഷ് ജനയുഗം വാരാന്തപ്പതിപ്പ് 31 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒത്തുതീര്‍പ്പുകളില്ലാത്ത ലോകത്തില്‍ സര്‍ഗാത്മകതയുടെ വിശുദ്ധരക്തത്താല്‍ നാജി അലിയും ഉമയ്യ ജൂഹയും ലോകകാര്‍ട്ടൂണിസ്റ്റുകളെ മഹത്തായൊരു പാഠം പഠിപ്പിക്കുന്നു. മന്ത്രിമാരുടെ അബദ്ധങ്ങളെയും എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങളെയും അവലംബിച്ച് മാത്രം കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന പല കാര്‍ട്ടൂണിസ്റ്റുകളെയും ചങ്കൂറ്റമെന്നത് കേവലം മൂന്നക്ഷരങ്ങളല്ലെന്നും അതൊരു രക്തഭാഷയാണെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.