Tuesday, August 23, 2011

ഹിമാലയ സദൃശ്യനാം ചരിത്രകാരന്‍

ഇന്ത്യയിലെ അക്കാദമിക പണ്ഡിതന്‍മാരെ രണ്ടായി തിരിക്കാം. തത്വദീക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തവരും വിട്ടുവീഴ്ചയുടെ കാര്യത്തില്‍ ഒരു തത്വദീക്ഷയുമില്ലാത്തവരും. തത്വദീക്ഷയുടെ കാര്യത്തിലും തത്വചിന്തയുടെ കാര്യത്തിലും ഒരുവിധ വിട്ടുവീഴ്ചയും ചെയ്യാത്ത പണ്ഡിതന്‍മാരുടെ നിരയില്‍ ഒന്നാമനായിരുന്നു കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച പ്രസിദ്ധ ചരിത്രകാരന്‍ രാംശരണ്‍ ശര്‍മ. 1975ല്‍ അടിയന്തരാവസ്ഥയെ അപലപിക്കുന്ന പ്രമേയം അംഗീകരിച്ച ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന് ഭരണകൂട ഭീഷണി നേരിടേണ്ടി വന്നിരുന്നു. ബാബറി മസ്ജിദ് പൊളിക്കുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന ഹിസ്റ്ററി കോണ്‍ഗ്രസ് യോഗത്തില്‍ ആര്‍എസ്എസുകാരുടെ കൈയേറ്റമുണ്ടായി. രണ്ടു സന്ദര്‍ഭങ്ങളിലും തീക്ഷ്ണമായ ഭാഷയില്‍ പ്രമേയങ്ങള്‍ തയ്യാറാക്കിയതും ഭീഷണിയെ അക്ഷോഭ്യനായി നേരിടുന്നതിന് നേതൃത്വം നല്‍കിയതും ശര്‍മയായിരുന്നു. സഹയാത്രികര്‍ക്ക് അഭയവും തണലുമേകുന്ന വന്‍മരമായിരുന്നു അദ്ദേഹം.

"സിദ്ധാന്തമില്ലെങ്കില്‍ ചരിത്രമില്ല" (No theory No history) എന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ചരിത്രവിശകലനത്തിന് മാര്‍ക്സിസം അവശ്യമായ അപഗ്രഥന ഉപകരണമാണെന്ന് തെളിയിച്ച വ്യക്തിയായിരുന്നു ശര്‍മ. മാര്‍ക്സിസത്തെ അപഗ്രഥന ഉപകരണമായിട്ടാണ് ഉപയോഗിക്കേണ്ടതെന്നും അത് തനതുചിന്തയ്ക്കു പകരംവയ്ക്കാനുള്ളതല്ലെന്നും കമ്യൂണിസ്റ്റുകാരെ ഓര്‍മിപ്പിച്ച ഡി ഡി കൊസാംബിയുടെ സഖാവും പിന്തുടര്‍ച്ചക്കാരനുമാണ് ശര്‍മ. 92-ാം വയസ്സില്‍ ശര്‍മ അന്തരിക്കുമ്പോള്‍ കൊസാംബിയില്‍ തുടങ്ങി ശര്‍മയിലൂടെ തുടര്‍ന്ന ചരിത്രാപഗ്രഥനരീതി ചങ്കൂറ്റത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ഡസന്‍ കണക്കിന് ചരിത്രകാരന്‍മാര്‍ അടര്‍ക്കളത്തിലുണ്ട്. സ്കൂള്‍ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാറാക്കുന്ന എന്‍സിഇആര്‍ടിക്ക് വേണ്ടി ശര്‍മ തയ്യാറാക്കിയ "പ്രാചീന ഇന്ത്യ" എന്ന പാഠപുസ്തകവും സതീഷ് ചന്ദ്രയുടെ "മധ്യകാല ഇന്ത്യ"യും ബിപിന്‍ ചന്ദ്രയുടെ "ആധുനിക ഇന്ത്യ"യും അടിയന്തരാവസ്ഥക്കാലത്തിന് ശേഷം വന്ന ജനതാപാര്‍ടി സര്‍ക്കാര്‍ നിരോധിച്ചു. അന്ന് പി സി ചുന്ദര്‍ ആയിരുന്നു വിദ്യാഭ്യാസമന്ത്രി. ഈ പുസ്തകങ്ങള്‍ മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ ഉള്ളതാണെന്നായിരുന്നു ആക്ഷേപം.

ജനതാപാര്‍ടി സര്‍ക്കാരിന്റെ പതനത്തിന് ശേഷം നിരോധനം പിന്‍വലിച്ചു. പിന്നീട് 2001ല്‍ എന്‍ഡിഎ സര്‍ക്കാരില്‍ മാനവശേഷി വികസന മന്ത്രിയായിരുന്ന മുരളി മനോഹര്‍ ജോഷിയും ഈ പുസ്തകങ്ങള്‍ നിരോധിച്ചു. അന്നുപറഞ്ഞ കാരണം പ്രാചീന ഭാരതീയര്‍ ഗോമാംസം ഭക്ഷിക്കുന്നുവെന്ന് ശര്‍മയുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവെന്നാണ്. നിരവധി ഭീഷണികളുണ്ടായിട്ടും താന്‍ ഗവേഷണത്തിലൂടെയും മനനത്തിലൂടെയും കണ്ടെത്തിയ ചരിത്രസത്യങ്ങളെ തമസ്കരിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല, ആരെയും അനുവദിച്ചതുമില്ല. "പ്രാചീന ഇന്ത്യയിലെ ശൂദ്രന്‍മാര്‍" എന്ന തന്റെ വിഖ്യാത കൃതിയിലൂടെ ഗോത്രവര്‍ഗസമൂഹം തകര്‍ന്ന് ജാതിസമൂഹം രൂപംകൊള്ളുന്നതിന്റെ ചിത്രം അദ്ദേഹം വരച്ചുകാട്ടുകയുണ്ടായി. സൈന്ധവതീരത്തുനിന്ന് ഗംഗാ സമതലത്തിലേക്ക് കുടിയേറിയ കര്‍ഷകജനത വെട്ടിത്തെളിച്ചും ചുട്ടെരിച്ചും വനഭൂമിയെ കൃഷിഭൂമിയാക്കി മാറ്റിയെടുത്തപ്പോള്‍ കുടിയിറക്കപ്പെട്ട വനവാസികള്‍ എങ്ങനെയാണ് കാര്‍ഷികവൃത്തിയില്‍ കുടിയിരുത്തപ്പെട്ടത് എന്നും അവരെ എങ്ങനെയാണ് ജാതി എന്ന സാമൂഹിക കള്ളിയില്‍ ഉള്‍ക്കാള്ളിച്ച് അദൃശ്യമായ ചങ്ങലകളാല്‍ ബന്ധിക്കുകയും അലംഘനീയമായ ആചാരങ്ങളാല്‍ കുരുക്കുകയും ചെയ്തതെന്നും യുക്തിസഹമായി അദ്ദേഹം വിവരിക്കുന്നു. സമൂഹരൂപീകരണം (Social formation), ഭരണകൂട രൂപീകരണം (State Formation) എന്നൊക്കെയുള്ള സംജ്ഞകള്‍ മറ്റ് ചരിത്രകാരന്‍മാര്‍ സ്വീകരിക്കുന്നതിന് എത്രയോ മുമ്പുതന്നെ ശര്‍മ ഇത്തരം കാര്യങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ മുന്‍പേ പറക്കുന്ന പക്ഷിയാക്കിയത്. സംസ്കൃതം, പാലി തുടങ്ങിയ ഭാഷകളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം പാഠവിമര്‍ശ(Textual Criticism)ത്തിന് സഹായകരമാവുകയും പുരാതത്വ വിജ്ഞാനത്തോടൊപ്പം അതിനെ ഉപയോഗപ്പെടുത്താന്‍ സഹായിക്കുകയുംചെയ്തു. മെറ്റീരിയല്‍ കള്‍ച്ചര്‍ ആന്‍ഡ് സോഷ്യല്‍ ഫോര്‍മേഷന്‍ , ആസ്പെക്ട് ഓഫ് പൊളിറ്റിക്കല്‍ ഐഡിയാസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്നീ കൃതികള്‍ ഇതിനുള്ള സാക്ഷ്യങ്ങളാണ്.

ശര്‍മാജിയെ ഏറെ വിഖ്യാതനാക്കിയത് ഇന്ത്യന്‍ ഫ്യൂഡലിസം എന്ന കൃതിയാണ്. അത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയുംചെയ്തു. ഫ്യൂഡലിസത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത് "ഇന്ത്യാ ചരിത്രത്തിനൊരു മുഖവുര" എന്ന കൃതിയിലൂടെ കൊസാംബിയായിരുന്നു. അതില്‍ രണ്ടുതരത്തിലുള്ള ഫ്യൂഡലിസത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. മുകളില്‍നിന്നും താഴെനിന്നുമുള്ള ഫ്യൂഡലിസം എന്നാണതിന് കൊസാംബി പേരിട്ടത്. ആ നിഗമനങ്ങളെ കൂടുതല്‍ വ്യക്തതയോടെ അവതരിപ്പിക്കുകയാണ് ശര്‍മചെയ്തത്. മൗര്യ സാമ്രാജ്യത്തിന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയമായ അനിശ്ചിതത്വവും പ്രാദേശിക ഭരണകൂടങ്ങളുടെ ഉദയവും എങ്ങനെയാണ് ഫ്യൂഡലിസത്തിന് വഴിയൊരുക്കിയത് എന്ന് അപഗ്രഥിക്കപ്പെടുന്നു. ക്രിസ്ത്വാബ്ദത്തിന്റെ ആരംഭശതകങ്ങള്‍ തൊട്ട് ലഭ്യമായിട്ടുള്ള ഭൂദാനരേഖകള്‍ ഇന്ത്യന്‍ സാമന്തവ്യവസ്ഥയുടെ തുടക്കമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഭൂദാനങ്ങളിലൂടെ ശ്രേണീബദ്ധമായതും ആദാനപ്രദാനങ്ങളില്‍ അധിഷ്ഠിതമായതുമായ സാമന്തവ്യവസ്ഥ നിലവില്‍വന്നുവെന്നാണ് ശര്‍മ സമര്‍ഥിക്കുന്നത്. ഇതോടൊപ്പംതന്നെ വാണിജ്യനഗരങ്ങളുടെ തകര്‍ച്ച സാമന്ത വ്യവസ്ഥയെ ശക്തിപ്പെടുത്തി എന്നും അര്‍ബന്‍ ഡീകേ എന്ന കൃതിയിലൂടെ അദ്ദേഹം തെളിയിക്കുന്നു. നഗരവല്‍ക്കരണത്തിന്റെ ചരിത്രമാകെ പരിശോധിച്ചുകൊണ്ടാണ് പ്രാചീന ഇന്ത്യാചരിത്രം വിവിധ ഉല്‍പ്പാദന വ്യവസ്ഥകളിലൂടെ കടന്നുപോകുന്നതിനെ അദ്ദേഹം അവതരിപ്പിക്കുന്നത്. വെങ്കലയുഗ സംസ്കൃതിയില്‍ സൈന്ധവതീരത്ത് ഉയര്‍ന്നുവന്ന നാഗരികതകള്‍ ഒന്നാം നഗരവല്‍ക്കരണമായിരുന്നു. നാനാവിധ കാരണങ്ങളാല്‍ ആ നാഗരികത തകര്‍ന്നു. ക്രി. മു ഏഴ്, ആറ് നൂറ്റാണ്ടുകളോടുകൂടി സിന്ധു-ഗംഗാ സമതലങ്ങളില്‍ വാണിജ്യനഗരങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. ഇതിനെ രണ്ടാം നഗരവല്‍ക്കരണം എന്ന് വിളിക്കുന്നു. വടക്കു പടിഞ്ഞാറന്‍ ചുരങ്ങള്‍ വഴിയുള്ള വിദേശ വാണിജ്യമാണ് ഈ നഗരങ്ങളുടെ ഉദയത്തിന് കാരണം. ഈ കച്ചവട നഗരങ്ങള്‍ കേന്ദ്രമാക്കി ജനപദങ്ങളും മഹാജനപദങ്ങളും ഉയര്‍ന്നുവന്നു. മഹാജനപദങ്ങളില്‍ ചിലത് സാമ്രാജ്യങ്ങളായി. മഗധ അത്തരത്തിലൊന്നായിരുന്നു. അവിടെയാണ് മൗര്യ സാമ്രാജ്യം ഉയരുകയും തകരുകയും ചെയ്തത്.

മൗര്യ സാമ്രാജ്യത്തിന്റെ തകര്‍ച്ച വാണിജ്യനഗരങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായി. ഇതിനെയാണ് "അര്‍ബന്‍ ഡീക്കേ" എന്ന് ശര്‍മ വിശദീകരിക്കുന്നത്. റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചയുമായി ശര്‍മ ഇതിനെ ബന്ധിപ്പിക്കുന്നു. വടക്കു പടിഞ്ഞാറുനിന്ന് നിരവധി ഗോത്രങ്ങള്‍ ഇന്ത്യയെ ആക്രമിക്കുന്നതും ഇക്കാലത്താണ്. കുശാനന്‍മാര്‍ , ഹൂണന്‍മാര്‍ , ശകന്‍മാര്‍ , പല്ലവന്‍മാര്‍ തുടങ്ങിയവര്‍ . വടക്കുപടിഞ്ഞാറന്‍ പാത സുരക്ഷിതമല്ലാത്തതിനാല്‍ വിദേശ വാണിജ്യം തകര്‍ന്നു. അത് നഗരങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായി. നഗരങ്ങള്‍ തകര്‍ന്നപ്പോള്‍ നഗരവാസികളായ കച്ചവടക്കാരും കൈത്തൊഴിലുകാരും ഗ്രാമങ്ങളിലേക്ക് കുടിയേറി. മിച്ചോല്‍പ്പന്നത്തിന്റെ വിപണന സാധ്യതകള്‍ ഇല്ലാതായപ്പോള്‍ ഗ്രാമങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ളതുമാത്രം ഉല്‍പ്പാദിപ്പിച്ചു. ഇതാണ് സ്വയംസമ്പൂര്‍ണ ഗ്രാമങ്ങളുടെ ഉദയത്തിന് വഴിവച്ചത്.

സാമന്ത വ്യവസ്ഥയിലെ ഗ്രാമസമൂഹവും ഗ്രാമത്തലവനും ഈ സാഹചര്യത്തിലാണുണ്ടായത്. ശര്‍മയുടെ ഇന്ത്യന്‍ ഫ്യൂഡലിസം എന്ന കൃതി തീക്ഷ്ണമായ ഒരു സംവാദത്തിന് തിരികൊളുത്തുകയുണ്ടായി. ഹര്‍ബന്‍സ് മുഖിയയാണ് അത് തുടങ്ങിവച്ചത്. "ഇന്ത്യയില്‍ ഫ്യൂഡലിസം ഉണ്ടായിരുന്നോ?" എന്നാണ് മുഖിയ ചോദിച്ചത്. "how feudal was Indian feudalism?" എന്ന മറുചോദ്യമുയര്‍ത്തിക്കൊണ്ട് ശര്‍മ തന്റെ നിലപാടിനെ ന്യായീകരിച്ചു. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്റെ പ്രഥമ അധ്യക്ഷന്‍ എന്ന നിലയ്ക്കും ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ പല സമ്മേളനങ്ങളിലും അധ്യക്ഷന്‍ എന്ന നിലയ്ക്കും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ടെത്തലുകളും ഗ്രന്ഥങ്ങളും എന്നും നിലനില്‍ക്കും. ചരിത്രരചനാ മണ്ഡലത്തിലെ ഹിമാലയസദൃശനായ ആ ഗുരുനാഥന് ആദരാഞ്ജലികള്‍ .

*
പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍ ദേശാഭിമാനി 23 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയിലെ അക്കാദമിക പണ്ഡിതന്‍മാരെ രണ്ടായി തിരിക്കാം. തത്വദീക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തവരും വിട്ടുവീഴ്ചയുടെ കാര്യത്തില്‍ ഒരു തത്വദീക്ഷയുമില്ലാത്തവരും. തത്വദീക്ഷയുടെ കാര്യത്തിലും തത്വചിന്തയുടെ കാര്യത്തിലും ഒരുവിധ വിട്ടുവീഴ്ചയും ചെയ്യാത്ത പണ്ഡിതന്‍മാരുടെ നിരയില്‍ ഒന്നാമനായിരുന്നു കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച പ്രസിദ്ധ ചരിത്രകാരന്‍ രാംശരണ്‍ ശര്‍മ. 1975ല്‍ അടിയന്തരാവസ്ഥയെ അപലപിക്കുന്ന പ്രമേയം അംഗീകരിച്ച ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന് ഭരണകൂട ഭീഷണി നേരിടേണ്ടി വന്നിരുന്നു. ബാബറി മസ്ജിദ് പൊളിക്കുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന ഹിസ്റ്ററി കോണ്‍ഗ്രസ് യോഗത്തില്‍ ആര്‍എസ്എസുകാരുടെ കൈയേറ്റമുണ്ടായി. രണ്ടു സന്ദര്‍ഭങ്ങളിലും തീക്ഷ്ണമായ ഭാഷയില്‍ പ്രമേയങ്ങള്‍ തയ്യാറാക്കിയതും ഭീഷണിയെ അക്ഷോഭ്യനായി നേരിടുന്നതിന് നേതൃത്വം നല്‍കിയതും ശര്‍മയായിരുന്നു. സഹയാത്രികര്‍ക്ക് അഭയവും തണലുമേകുന്ന വന്‍മരമായിരുന്നു അദ്ദേഹം.