Monday, August 22, 2011

പ്രൊഫ. ആര്‍ എസ് ശര്‍മക്ക് ആദരാഞ്ജലികള്‍

പ്രമുഖ ചരിത്രകാരനും ഐസിഎച്ച്ആര്‍(ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍) സ്ഥാപക ചെയര്‍മാനുമായ പ്രൊഫ. രാം ശരണ്‍ ശര്‍മ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പട്നയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഞായറാഴ്ച സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു.

അക്കാദമിക് രംഗത്തെ കിടയറ്റ സംഭാവനകൊണ്ട് പ്രശസ്തനായ രാം ശരണ്‍ ശര്‍മ ബിഹാറിലെ ബറോണിയിലാണ് ജനിച്ചത്. ഇന്ത്യാ ചരിത്രപഠനത്തെ ശാസ്ത്രീയവും മതനിരപേക്ഷവുമായി വളര്‍ത്തിയെടുക്കുന്നതില്‍ ശര്‍മ വഹിച്ച പങ്ക് സുപ്രധാനമാണ്. വര്‍ഗീയതയെയും പരസ്യമായി ശര്‍മ എതിര്‍ത്തിരുന്നു. കൃഷ്ണനെയും മഹാഭാരതത്തെയുംകുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ 1978ല്‍ ജനത സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പ്രാചീന ഇന്ത്യ എന്ന പുസ്തകം നിരോധിച്ചിരുന്നു. 1984ലെ സിക്ക് വിരുദ്ധ കലാപത്തിനൊപ്പം ഗുജറാത്ത് കലാപവും ബാബരി മസ്ജിദ് തകര്‍ത്തതും എന്‍സിഇആര്‍ടി പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനെ ശര്‍മ ശക്തമായി അനുകൂലിച്ചിരുന്നു. എന്‍സിഇആര്‍ടി തീരുമാനത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ , ഇത്തരം ചരിത്രസംഭവങ്ങള്‍ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളാണെന്നും പുതുതലമുറ പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

115 പുസ്തകങ്ങളും നിരവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ജര്‍മന്‍ , ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ നിരവധി വിദേശ ഭാഷകളിലേക്കടക്കം 15 ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഏര്‍ലി ഇന്ത്യ, റിതിങ്കിങ് ഇന്ത്യാസ് പാസ്റ്റ്, ഇന്ത്യാസ് ഏന്‍ഷ്യന്റ് പാസ്റ്റ് എന്നിവ അടുത്ത കാലത്ത് ഇറങ്ങിയ പുസ്തകങ്ങളാണ്. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് വിരമിച്ച ശേഷം 15 വര്‍ഷത്തോളമായി പട്നയിലാണ് താമസം. മകന്‍ ഗ്യാന്‍പ്രകാശ് ശര്‍മ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറാണ്.

കൊസാംബിക്കുശേഷം രാജ്യംകണ്ട മികച്ച മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍

ചരിത്രകാരന്മാരുടെ, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് രചനാരീതിയുപയോഗിച്ചിരുന്നവരുടെ മുന്‍പന്തിയില്‍ നിന്ന ചരിത്രകാരനാണ് പ്രൊഫ. ആര്‍ എസ് ശര്‍മ. ആദ്യകാല ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണമേഖല. ഫ്യൂഡലിസത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് അദ്ദേഹം രചിച്ച ഗ്രന്ഥം ലോകപ്രശസ്തിയാര്‍ജിച്ചു. ഡി ഡി കൊസാംബിക്കുശേഷം മാര്‍ക്സിസ്റ്റ് ചരിത്രരചനാ സമ്പ്രദായത്തിന് ഇത്രയേറെ സംഭാവനചെയ്ത മറ്റൊരു ചരിത്രകാരന്‍ ഉണ്ടോ എന്നത് സംശയമാണ്.

ഗവേഷണ പഠനരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനയ്ക്കു പുറമെ മറ്റു രണ്ടു മേഖലകളെക്കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ഗവേഷണ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ പുതിയ ഗവേഷണമേഖലകളില്‍ വിദ്യാര്‍ഥികളുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം വളരെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എപ്പോഴും എവിടെവച്ചു കണ്ടാലും ശര്‍മാജിയുടെ ചോദ്യം എന്തിനെക്കുറിച്ചാണ് ഇപ്പോള്‍ ഗവേഷണം എന്നായിരിക്കും. ശര്‍മാജി ഡല്‍ഹി സര്‍വകലാശാലയില്‍ വന്നശേഷം ഡല്‍ഹിയിലെ ചരിത്രകാരന്മാരെ ഒത്തിണക്കിക്കൊണ്ട് ചരിത്രരചനാരംഗത്ത് പുതിയ നീക്കം സൃഷ്ടിക്കാന്‍ സാധിച്ചു. രണ്ടാമതായി, ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസിന് പുതിയ ഉണര്‍വു നല്‍കിയതില്‍ ശര്‍മാജിയുടെ നിരന്തര പ്രയത്നം ഉണ്ടായിരുന്നു. ബിഹാറില്‍നിന്നും ഡല്‍ഹിയില്‍നിന്നും എല്ലാ കോണ്‍ഗ്രസുകളിലും കനത്ത സംഭാവനകള്‍ ഉണ്ടായതിനു പിന്നില്‍ അദ്ദേഹത്തിന്റെ പ്രചോദനമായിരുന്നു.
-കെ എന്‍ പണിക്കര്‍-

പ്രാചീന ഇന്ത്യാ പഠനത്തിലെ അതികായന്‍

പ്രാചീന ഇന്ത്യയെ ലോകത്തിനു കാട്ടികൊടുക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ചരിത്ര ഗവേഷകനായിരുന്നു പ്രൊഫ. രാം ശരണ്‍ ശര്‍മ. പ്രാചീന ഇന്ത്യയും മധ്യകാല ഇന്ത്യയുടെ ആരംഭവുമായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണപരിധിയില്‍ ഉണ്ടായിരുന്നത്. സാമൂഹ്യ-സാമ്പത്തിക ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. പ്രാചീനകാലത്തെ ജാതിവ്യവസ്ഥയില്‍ ഏറ്റവും താഴെക്കിടയിലായിരുന്ന ശൂദ്രന്‍മാരെകുറിച്ച് ആദ്യമായി ഗൗരവമായ പഠനം നടത്തിയത് ശര്‍മയാണ്. ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും പക്ഷത്തുനിന്നുള്ള സാമൂഹ്യ- സാമ്പത്തിക ചരിത്ര പഠനത്തില്‍നിന്നുള്ള മാറിനടക്കലായിരുന്നു അത്. ചരിത്രരേഖകളുടെയും പുരാവസ്തുക്കളുടെയും വിശദമായ പഠനത്തിലൂടെ പ്രാചീന ഇന്ത്യ ചരിത്ര പഠന രംഗത്തെ അതികായനായി ശര്‍മ വളര്‍ന്നു. ഗുപ്ത കലഘട്ടംതൊട്ട് നിലവിലുണ്ടായിരുന്ന ഭൂദാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ചരിത്രരേഖകള്‍ അപഗ്രഥിച്ച് നടത്തിയ കണ്ടെത്തലുകളാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പ്രധാന സംഭാവന. ഇക്കാര്യത്തില്‍ ആര്‍ എസ് ശര്‍മയുടെ കണ്ടെത്തലുകളാണ് പ്രാചീന ഇന്ത്യയില്‍ നിലനിന്ന ഫ്യൂഡലിസവുമായി ബന്ധപ്പെട്ട ഡി ഡി കോസാംബിയുടെ വാദത്തിന് ഉപോല്‍ബലകമായത്. ഈ വിഷയത്തില്‍ ശര്‍മ നടത്തിയ കണ്ടെത്തലുകള്‍ സജീവമായ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു.

ആദ്യം പാറ്റ്ന സര്‍വകലാശാലയിലായിരുന്ന അദ്ദേഹം പിന്നീട് ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപകനായി. എഴുപതുകളില്‍ , ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിനെ ചരിത്രഗവേഷണ രംഗത്തെ പ്രധാന സംഘടനയായി വളര്‍ത്തുന്നതില്‍ മുന്‍നിന്ന് പ്രവര്‍ത്തിക്കാന്‍ ഈ മാറ്റം സഹായിച്ചു. 1980കളുടെ അവസാനം ഡല്‍ഹിയൂണിവേഴ്സിറ്റിയില്‍ നിന്ന് വിരമിച്ച്പാട്നയില്‍ മടങ്ങിയെത്തി.
-റൊമില ഥാപ്പര്‍-

നീതിയുടെ പക്ഷത്തുനിന്ന ചരിത്രകാരന്‍

ആനുകാലിക ജീവിതസമസ്യകളില്‍ ഉള്‍ക്കാഴ്ച പകര്‍ന്നുകൊണ്ട് ഇന്ത്യയുടെ പ്രാചീന ചരിത്രം വ്യാഖ്യാനിച്ച പണ്ഡിതനായ ചരിത്രകാരന്‍ . മാര്‍ക്സിസ്റ്റ് ചരിത്ര രചനാ രീതിശാസ്ത്രം പ്രയോജനപ്പെടുത്തി ഇന്ത്യാ ചരിത്രജ്ഞാനത്തെ സമ്പുഷ്ടമാക്കുന്നതില്‍ ഡി ഡി കൊസാംബിയോളംതന്നെ പങ്കുവഹിച്ച എക്കാലത്തെയും മഹാനായ ചരിത്രകാരന്‍ . ഏതൊരു ചരിത്രവിദ്യാര്‍ഥിയും ആര്‍ എസ് ശര്‍മയെക്കുറിച്ച് ഓര്‍ക്കുക ഈ വിധമായിരിക്കും. നാളിതുവരെയുള്ള മാനവചരിത്രം അനീതിയുടെ ചരിത്രമാണെന്നും അതുകൊണ്ടുതന്നെ ചരിത്രകാരന്‍ എപ്പോഴും നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചേ ചരിത്രരചന നടത്താവൂ എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ഇതിന് തെളിവാണ്. എന്നാല്‍ , എപ്പോഴും തെളിവ് സാമഗ്രികള്‍ തന്നെയായിരുന്നു അദ്ദേഹത്തിന് പ്രഥമം.

ജനകീയ ചരിത്ര പണ്ഡിതന്‍ , അതായത് ഭൂതകാലത്തെപ്പറ്റിയുള്ള സൈദ്ധാന്തിക ജ്ഞാനം ജനകീയവല്‍ക്കരിക്കുന്നതില്‍ സദാ ബദ്ധശ്രദ്ധനായ പണ്ഡിതനായിരുന്നു അദ്ദേഹം. നീതിയോട് പക്ഷപാതം പുലര്‍ത്തിക്കൊണ്ട് മര്‍ദിത ജനവിഭാഗത്തെ ചരിത്രത്തില്‍ വമ്പിച്ച പ്രാധാന്യത്തോടെ അദ്ദേഹം അവതരിപ്പിച്ചു. 1958ല്‍ ശൂദ്രരെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥം ഇതിന് ഉത്തമ ഉദാഹരണമാണ്. തെളിവ് സാമഗ്രികളിലുള്ള അത്ഭുതാവഹമായ പാണ്ഡിത്യം, അനന്യ സാധാരണമായ സൈദ്ധാന്തിക ജ്ഞാനം, ആനുകാലിക സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളില്‍ നീതിയുടെ പക്ഷം പിടിച്ചുകൊണ്ട് ശക്തമായി ഇടപെടാനുള്ള അസാമാന്യമായ കരുത്ത് എന്നിവ ആര്‍ എസ് ശര്‍മയെ അനശ്വരനാക്കുന്നു. ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ സവിശേഷതകളെക്കുറിച്ചും പ്രാചീന ഭാരതീയ രാഷ്ട്രീയ ആശയങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള വ്യാഖ്യാനം, ഭരണകൂടത്തിന്റെ ഉല്‍പ്പത്തി എന്നിവയില്‍ അദ്ദേഹത്തിന്റെ ചരിത്രസംഭാവന ദീര്‍ഘകാലം നിലനില്‍ക്കുന്നവയാണ്.
-രാജന്‍ ഗുരുക്കള്‍-

*

ദേശാഭിമാനി 22 ആഗസ്റ്റ് 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രമുഖ ചരിത്രകാരനും ഐസിഎച്ച്ആര്‍(ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍) സ്ഥാപക ചെയര്‍മാനുമായ പ്രൊഫ. രാം ശരണ്‍ ശര്‍മ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പട്നയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വെള്ളരി പ്രാവ് said...

സമകാലിക ഭാരതത്തിനു മൂല്യവത്തായ ഭൂതകാലത്തിന്റെ തിരിച്ചറിവ് നല്‍കി...ചരിത്രത്തിനു മുന്‍പേ നടന്നു ചരിത്രമായി തീര്‍ന്ന മഹത് വ്യക്തിത്വം...
ആദരാഞ്ജലികളോടെ............