Tuesday, April 30, 2013

അരക്ഷിത കേരളം

സമൃദ്ധ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കെപിസിസിയുടെ ആഭിമുഖ്യത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ബഹുജനശ്രദ്ധ ആകര്‍ഷിക്കാത്ത ഒരു പരിപാടിയായി മാറി. യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ രാഷ്ട്രീയമാറ്റമുണ്ടാകും എന്നാണ് കെപിസിസി പ്രസിഡന്റ് നടത്തിയ പ്രഖ്യാപനം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മാറ്റി മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു ഭരണ സംവിധാനമോ, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരെയാകെ മാറ്റിക്കൊണ്ടുള്ള ഒരു പുനഃസംഘടനയോ ലക്ഷ്യമിട്ടാണ് ഈ യാത്ര. ഇതിനകം പുറത്തുവന്ന വാര്‍ത്തകളിലൂടെ അത് വ്യക്തമാകുന്നുണ്ട്. ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനുമേല്‍ തന്റെ ഗ്രൂപ്പിന്റെ മേധാവിത്വം സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും തുടര്‍ന്ന് കോണ്‍ഗ്രസ് സംഘടനയിലും ഭരണത്തിലും പിടിമുറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ യാത്ര എന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.

യാത്രയോടനുബന്ധിച്ച് ചെന്നിത്തലയുയര്‍ത്തിയ മുദ്രാവാക്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വികസനകാര്യത്തിലും ക്രമസമാധാന സംരക്ഷണത്തിലും പരാജയമാണെന്ന പരസ്യമായ കുറ്റപ്പെടുത്തലാണ് മുഴച്ചുനില്‍ക്കുന്നത്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ വികസനരംഗം സമ്പൂര്‍ണമായി മുരടിപ്പിച്ചു. വൈദ്യുതിരംഗത്തും ഗതാഗതമേഖലയിലും കുടിവെള്ള വിതരണരംഗത്തും പൊതുവിതരണ മേഖലയിലുമുള്ള സര്‍ക്കാരിന്റെ സമീപനം കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കയാണ്. എമര്‍ജിങ് കേരള നടത്തി വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന് പറഞ്ഞ ഒരു കാര്യവും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യുതി ഇല്ലാത്ത സംസ്ഥാനത്ത് ആരും മുതല്‍മുടക്കാന്‍ തയ്യാറാവുന്നില്ല എന്നത് വ്യക്തമായി. എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും പുതിയ പദ്ധതികളൊന്നും സംസ്ഥാനത്തേക്ക് വന്നില്ല. ഈ സാഹചര്യത്തിലാണ് സമൃദ്ധ കേരളം എന്ന മുദ്രാവാക്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫ് ഭരണത്തില്‍ പട്ടികവര്‍ഗ കോളനികളില്‍ അട്ടപ്പാടിയില്‍മാത്രം 35 നവജാത ശിശുക്കളാണ് മരിച്ചത്. ഇപ്പോള്‍ മരണങ്ങള്‍ സംഭവിക്കുന്ന ആദിവാസി കോളനികളിലൂടെ കുറച്ചുനാള്‍ മുമ്പ് കെപിസിസി പ്രസിഡന്റ് സഞ്ചരിച്ചിരുന്നു. യുഡിഎഫ് ഇടപെടലുകള്‍ പ്രഹസനംമാത്രമാണെന്നാണ് ഇതില്‍നിന്ന്് വ്യക്തമാകുന്നത്. ആദിവാസികോളനികള്‍ കുടിവെള്ളക്ഷാമവും ഭക്ഷ്യക്ഷാമവും പകര്‍ച്ചവ്യാധികളും കൊണ്ട് ദുരിതമനുഭവിക്കുമ്പോള്‍ സമൃദ്ധകേരളം എന്ന മുദ്രാവാക്യം പാര്‍ശ്വവല്‍ക്കരിക്കരിക്കപ്പെട്ട ജനസമൂഹം എങ്ങനെയാണ് സ്വീകരിക്കാന്‍ പോകുന്നത് എന്ന് വ്യക്തമായിക്കഴിഞ്ഞു.

കെപിസിസി പ്രസിഡന്റ് മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നത്: "ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഇന്ത്യയിലെ സ്വര്‍ഗമാക്കി മാറ്റാന്‍ നമുക്ക് കഴിയുമായിരുന്നു. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ആ ദിശയില്‍ മുന്നോട്ടുപോകുന്നതിന് സാധിച്ചില്ല" എന്നാണ്. കേരളസംസ്ഥാനം രൂപീകരിച്ചശേഷം 56 വര്‍ഷത്തിനിടയിലെ 36 വര്‍ഷവും സംസ്ഥാനം ഭരിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളായിരുന്നു. 20 വര്‍ഷം മാത്രമാണ് എല്‍ഡിഎഫ് അധികാരത്തിലിരുന്നത്. അതിനാവട്ടെ, ഒരിക്കലും തുടര്‍ച്ചയുണ്ടായതുമില്ല. ഇതിന്റെ അനന്തരഫലമായാണ് കേരളത്തിന്റെ വികസനരംഗത്ത് പ്രതിസന്ധികള്‍ ഉണ്ടായത്. കോണ്‍ഗ്രസ് സ്വീകരിച്ചുവന്ന മുതലാളിത്ത വികസന നയങ്ങള്‍ രാജ്യത്താകെ നടപ്പാക്കിയതിന്റെ ഭാഗമായി ഇന്ത്യയിലാകെയും വികസനരംഗത്ത് മുരടിപ്പുണ്ടായി. ഇതൊക്കെ മറച്ചുപിടിക്കാനുള്ള വൃഥാവ്യായാമമാണ് കെപിസിസിയുടെ ഇതുസംബന്ധിച്ച പ്രചാരണ കോലാഹലങ്ങള്‍. കെപിസിസി പ്രസിഡന്റിന്റെ ലേഖനത്തില്‍ "സുരക്ഷിതത്വത്തിന് പേരുകേട്ട സംസ്ഥാനമായിരുന്നു കേരളം എന്നാല്‍, ഇന്ന് അതിന് മാറ്റം സംഭവിച്ചിരിക്കുന്നു" എന്നും പറയുന്നുണ്ട്. മുന്‍പില്ലാത്തവിധം അക്രമം, കൊലപാതകം, കൊള്ള, പിടിച്ചുപറി, മറ്റ് മാഫിയാ പ്രവര്‍ത്തനങ്ങള്‍, സ്ത്രീപീഡനം തുടങ്ങിയവ പെരുകുന്നു എന്നാണ് ആക്ഷേപിച്ചിരിക്കുന്നത്. ഇത് ആഭ്യന്തര വകുപ്പിനെതിരായുള്ളകുറ്റപത്രമാണ്.

ഉമ്മന്‍ചാണ്ടിഭരണത്തില്‍ കേരളത്തിലെ ക്രമസമാധാനത്തിന്റെ സ്ഥിതി എന്താണ് എന്ന് നിയമസഭയില്‍ ആഭ്യന്തരമന്ത്രി നടത്തിയ വെളിപ്പെടുത്തലില്‍ക്കൂടി പുറത്തുവന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ 2050 ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടായി എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത പുറത്തുവന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അറിഞ്ഞ് സ്തംഭിച്ചു നില്‍ക്കുന്ന ജനങ്ങളുടെ മുന്നിലേക്കാണ് ഈ കണക്കും വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. മാത്രമല്ല, യുഡിഎഫ് ഭരണത്തില്‍ 1976 ബലാല്‍സംഗക്കേസുകള്‍ രജിസ്റ്റര്‍ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സംസ്ഥാനമായി കേരളം മാറി. സ്ത്രീകള്‍ക്കെതിരായി നടന്ന മറ്റ് പീഡനങ്ങള്‍ സംബന്ധിച്ച് 23,853 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. 371 സ്ത്രീകള്‍ യുഡിഎഫ് ഭരണകാലത്ത് കൊലചെയ്യപ്പെട്ടു. ഇത്തരം കണക്കുകളാണ് സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി കേരളം മാറി എന്ന് കെപിസിസി പ്രസിഡന്റിനെക്കൊണ്ട് വിലയിരുത്തുന്ന സ്ഥിതി ഉണ്ടാക്കിയത്. ആഭ്യന്തരമന്ത്രിയുടെ സ്വന്തം മണ്ഡലമായ കോട്ടയത്തുമാത്രം ഈ കാലയളവില്‍ ഏഴ് കൊലപാതകങ്ങള്‍ നടന്നു. ഓട്ടോഡ്രൈവറായ ഗോപിനാഥക്കുറുപ്പിനെ കുത്തിക്കൊന്നു. പൂക്കട നടത്തുന്ന ശ്രീരാമന്‍ കൊലചെയ്യപ്പെട്ടു. നേര്‍ത്ത സൂചി കുത്തിയിറക്കിയാണ് ഇയാളെ കൊലപ്പെടുത്തിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ രണ്ട് കേസുകളിലെയും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കണ്ടത്തില്‍ ടൂറിസ്റ്റ്ഹോം മാനേജര്‍ ഗോപിനാഥന്‍നായരെ പൊലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ക്രിമിനലുകളാണ് കൊലപ്പെടുത്തിയത്. നാഗമ്പടം ബസ് സ്റ്റാന്‍ഡിന്റെ സമീപത്തുവച്ച് സദാനന്ദനെ കുത്തിക്കൊന്നു. തങ്കമ്മ എന്ന സ്ത്രീയെ കോടാലികൊണ്ട് അടിച്ചുകൊന്ന് ചെവി അറുത്തെടുത്ത് സ്വര്‍ണം കവര്‍ന്നു. പനച്ചിക്കാട്ട് ഡിവൈഎഫ്ഐ നേതാവ് ഫിലിപ്പ് ജോണിനെ കൊലപ്പെടുത്തി. നാട്ടകത്ത് സിപിഐ എം പ്രവര്‍ത്തകന്‍ എം അനീഷ് കൊല്ലപ്പെട്ടു. സ്വന്തം മണ്ഡലത്തില്‍പോലും സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കാത്ത മന്ത്രിക്ക് എങ്ങനെ സംസ്ഥാനത്തെ രക്ഷിക്കാന്‍ കഴിയും?

കോട്ടയം ഇപ്പോള്‍ കള്ളന്മാര്‍ വിലസുന്ന നഗരമായി മാറി. നാട്ടകത്ത് മറിയപ്പള്ളിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്നു. കോട്ടയം മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്സില്‍ പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്നവരുടെ സ്വര്‍ണം കൊള്ളയടിക്കപ്പെട്ടു. മറിയപ്പള്ളി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കള്ളന്‍ കയറി വിലപിടിച്ച സാധനങ്ങളും കംപ്യൂട്ടറും മോഷ്ടിച്ചു. കോട്ടയത്തെ കുന്നത്ത് കളത്തില്‍ ജ്വല്ലറിയില്‍ സിനിമാ സ്റ്റൈലില്‍ എട്ടു കിലോ സ്വര്‍ണം കൊള്ളയടിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു നേരെവരെ കല്ലേറുണ്ടായി. എറിഞ്ഞവരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പുതുപ്പള്ളിയിലെ നിലക്കല്‍പള്ളിയില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ ആളെയും ഇതുവരെ പിടികൂടിയിട്ടില്ല. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രദേശങ്ങളില്‍പോലും മനുഷ്യരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം കൊടുക്കാന്‍ സാധിക്കാത്ത സര്‍ക്കാരിനെതിരെയാണ് ചെന്നിത്തല കുറ്റപത്രവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കണ്ണൂരില്‍ നാറാത്ത് ആയുധ പരിശീലനത്തിനിടെ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയ സംഭവം സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്. വിദേശ കറന്‍സികളും ആയുധപരിശീലനത്തിനുള്ള സാമഗ്രികളും ബോംബുനിര്‍മാണത്തിനുള്ള ആധുനിക സംവിധാനങ്ങളും വെട്ടിക്കൊലപ്പെടുത്തല്‍ പരിശീലിക്കാനുള്ള മനുഷ്യഡമ്മിയുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ഉണ്ട് എന്നതാണ് വസ്തുത. ഇത്തരത്തിലുള്ള കേസ് രജിസ്റ്റര്‍ചെയ്താല്‍ ഉടന്‍തന്നെ അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കേണ്ടതാണ്. എന്നാല്‍, അന്വേഷണം അവര്‍ക്ക് കൈമാറാതെ തെളിവുകള്‍ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തീവ്രവാദികളെ പിടിക്കാന്‍ നേതൃത്വം നല്‍കിയ മയ്യില്‍ എസ്ഐയെ സ്ഥലംമാറ്റിക്കൊണ്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. മുസ്ലിം ലീഗിന് പങ്കാളിത്തമുള്ള ഭരണം ലഭിച്ചതോടെ ദേശവിരുദ്ധ ശക്തികള്‍ രഹസ്യപ്രവര്‍ത്തനം ശക്തിപ്പെടുത്തി. മറ്റൊരുഭാഗത്ത് മുസ്ലിം തീവ്രവാദം ചൂണ്ടിക്കാണിച്ച് ഹിന്ദു വര്‍ഗീയശക്തികള്‍ അവരുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. നരേന്ദ്രമോഡിയുടെ ശിവഗിരി സന്ദര്‍ശനം അവര്‍ക്ക് ഉത്തേജനം നല്‍കിയിരിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ സമാധാനം ഉറപ്പുവരുത്താന്‍ സാധ്യമാകാത്തത് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ആഭ്യന്തര രംഗത്തെ സമീപനംകൊണ്ടാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന്റെ പരിസരത്തു വച്ച് തോക്കും കൊടുവാളുമായി ഒരാളെ പിടികൂടിയ സംഭവം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ അവസ്ഥ എത്ര വികലമാണ് എന്ന് വ്യക്തമാക്കുന്നു. കോഴിക്കോട് ജില്ലയിലെ വളയത്തുനിന്ന് ഒരാള്‍ നീളന്‍ തോക്കും കൊടുവാളുമായി കണ്ണൂര്‍ ജില്ലയിലെ പിണറായിവരെ എത്തിയിട്ടും പൊലീസിന് മനസിലാക്കാന്‍ സാധിച്ചില്ല. ഇയാളെ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചത് നാട്ടുകാരാണ്. നാട്ടുകാര്‍ക്കുള്ള ജാഗ്രതപോലും പൊലീസിനില്ല. ആ കേസിന്റെ അന്വേഷണം ആര്‍എംപി നേതൃത്വത്തിലേക്ക് എത്തുമെന്ന് വ്യക്തമായതോടെ കേസന്വേഷണംതന്നെ മരവിപ്പിച്ചു. പിണറായി വിജയനെ വധിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണ് താനവിടെ പോയതെന്നും പിണറായി വിജയന്‍ പങ്കെടുത്ത മറ്റൊരു പരിപാടിസ്ഥലത്തു വച്ചും താന്‍ വെടിവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും ആള്‍ത്തിരക്ക് മൂലമാണ് അന്നത്തെ ശ്രമം പാളിപ്പോയതെന്നുമാണ് പിടികൂടപ്പെട്ട വ്യക്തി വ്യക്തമാക്കിയത്. പൊതുയോഗസ്ഥലത്ത് തോക്കുമായെത്തിയ ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല എന്നാണ് ഇതില്‍നിന്ന് മനസിലാവുന്നത്. ആര്‍ക്കും തോക്കും മാരകായുധങ്ങളുമായി സഞ്ചരിക്കാനും ആരെ വേണമെങ്കിലും അപായപ്പെടുത്താനും എവിടെവച്ചു വേണമെങ്കിലും ആയുധപരിശീലനം നടത്താനുമൊക്കെ സാധിക്കുന്ന സംസ്ഥാനമായി കേരളം മാറി.

മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത പ്രദേശമായി കേരളം മാറി. വീട്ടില്‍ തനിച്ചിരിക്കുന്ന സ്ത്രീകള്‍ കൊലചെയ്യപ്പെടുകയും പീഡനങ്ങള്‍ക്ക് ഇരയാവുകയുംചെയ്യുന്നു. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊല്ലുന്നു. മന്ത്രിയുടെ ഭാര്യക്കുപോലും സ്വന്തം വീട്ടില്‍ സുരക്ഷിതത്വം നല്‍കാന്‍ കഴിയാത്ത ഒരു ഭരണത്തിന് എങ്ങനെ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ കഴിയും? ഇത്തരമൊരു സര്‍ക്കാര്‍ അധികാരത്തില്‍ തുടരേണ്ടതുണ്ടോ എന്നാണ് കെപിസിസി ആലോചിക്കേണ്ടത്.

*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 30 ഏപ്രില്‍ 2013

ലജ്ജിച്ചു തലതാഴ്ത്തേണ്ട മാധ്യമശൈലി

മാധ്യമരംഗം അഴിമതിയുടെ പിടിയിലമരുന്നത് അപൂര്‍വതയല്ല. കോര്‍പറേറ്റുകള്‍ക്കുവേണ്ടി പ്രചാരകന്റെയും ഉപജാപകന്റെയും വേഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതുമുതല്‍, പണംവാങ്ങി വാര്‍ത്തയെഴുതാന്‍ പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ തയ്യാറാകുന്നതുവരെയുള്ള വിവരങ്ങള്‍ വേണ്ടതിലധികം വന്നുകഴിഞ്ഞു. വായിക്കുകയും കാണുകയും കേള്‍ക്കുകയുംചെയ്യുന്ന വാര്‍ത്തകള്‍ക്കുപിന്നിലെ ചരടുകള്‍ പത്രമുടമയുടെ താല്‍പ്പര്യങ്ങള്‍ പരിശോധിച്ചുമാത്രം കണ്ടെത്താനാകില്ലെന്നു വന്നിരിക്കുന്നു. ഉടമയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം താല്‍പ്പര്യങ്ങളുമുണ്ടാവുകയാണ്. മാധ്യമ സിന്‍ഡിക്കറ്റ് എന്ന വിശേഷണം ലഭിച്ച അത്തരമൊരു കൂട്ടായ്മ തലസ്ഥാനത്ത് പ്രവര്‍ത്തിച്ചത് ഇന്ന് ആരും നിഷേധിക്കുന്ന വിഷയമല്ല. സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയെ തകര്‍ക്കാനുള്ളതായിരുന്നു ആ സിന്‍ഡിക്കറ്റ്. പാര്‍ടിയിലെ ചിലര്‍ നല്ലതെന്നും ചിലര്‍ മോശമെന്നും സ്ഥാപിക്കാന്‍ അതിവിദഗ്ധമായി കഥകള്‍ രചിക്കുകയും സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുകയും ഒടുവില്‍ പാര്‍ടിയെ തകര്‍ത്തുകളയാമെന്ന വ്യാമോഹത്തില്‍വരെ എത്തുകയുംചെയ്ത ആ സിന്‍ഡിക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്നും നാട്ടിലുണ്ട്. ഇടയ്ക്കിടെ, കല്‍പ്പിത കഥകളുമായി അവര്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ അവരുടെ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍, ഈ കെട്ട മാധ്യമപ്രവര്‍ത്തനരീതിയും സ്വീകാര്യമാവുകയായിരുന്നു.

അധികാരത്തിന്റെ ഇടനാഴികളിലും അധികാരികളുടെ അടുക്കളകളിലും താവളമടിച്ച് ദല്ലാള്‍പണിയെടുത്ത് സമ്പാദിച്ചുകൂട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ നല്ല കാഴ്ചയല്ല. അധികാരികള്‍ക്കുവേണ്ടി മാത്രമല്ല, പണവും സൗജന്യങ്ങളും നല്‍കുന്ന ആര്‍ക്കുവേണ്ടിയും മുട്ടിലിഴയാന്‍ തയ്യാറുള്ള ചിലരും മാധ്യമസമൂഹത്തിലുണ്ട് എന്നാണ് കഴിഞ്ഞദിവസം വന്ന ഒരു വാര്‍ത്തയില്‍ തെളിയുന്നത്. നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേരളത്തിന്റെ രേഖകള്‍ തമിഴ്നാടിന് ചോര്‍ത്തി നല്‍കിയത് സംബന്ധിച്ച അന്വേഷണത്തില്‍ തലസ്ഥാനത്തെ ഏതാനും മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തം രഹസ്യാന്വേഷകര്‍ കണ്ടെത്തി എന്നാണ് ആ വാര്‍ത്ത. തമിഴ്നാട് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ മലയാളിയായ ഉദ്യോഗസ്ഥന്‍ ഉണ്ണിക്കൃഷ്ണന്‍ കേരളത്തിന്റെ സെക്രട്ടറിയറ്റില്‍ സൈ്വരവിഹാരം നടത്തി വിവരങ്ങള്‍ ചോര്‍ത്തുന്നു. അയാളെ സഹായിക്കാനും അയാളില്‍നിന്ന് സഹായംപറ്റാനും മന്ത്രിമാര്‍മുതല്‍ താഴെക്കിടയിലുള്ള സര്‍ക്കാരുദ്യോഗസ്ഥര്‍വരെ തയ്യാറാകുന്നു. അക്കൂട്ടത്തില്‍ മൂന്ന് പ്രമുഖ പത്രങ്ങളിലേതുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരുമായും ബന്ധമുണ്ടാക്കിയിരിക്കുന്നു. അവര്‍ക്ക് തമിഴ്നാട്ടിലേക്കുള്ള വിനോദയാത്ര, കുട്ടികളുടെ കോളേജ് അഡ്മിഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായം ചെയ്യുന്നു- ഇത്രയും വിവരങ്ങളാണ് സംസ്ഥാന ഇന്റലിജന്‍സ് മേധാവി സെന്‍കുമാറിന്റെ രഹസ്യറിപ്പോര്‍ട്ട് ഉദ്ധരിച്ച് വന്ന വാര്‍ത്ത.

ആ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുതന്നെ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗണേഷ്കുമാര്‍, അനൂപ് ജേക്കബ് തുടങ്ങിയ മന്ത്രിമാര്‍ വിവാദ ഉദ്യോഗസ്ഥനില്‍നിന്ന് സൗജന്യം പറ്റിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം മേധാവി പറയുന്നത്. അതിനര്‍ഥം, പട്ടികയില്‍ കൂടുതല്‍ മന്ത്രിമാരുണ്ടെന്നാണ്. അന്യസംസ്ഥാനത്തിനുവേണ്ടി ലോബിയിങ് നടത്തുന്ന ഒരാളുടെ സഹായം പറ്റുന്നവരാണ് കേരളത്തിലെ മന്ത്രിമാര്‍ എന്ന ആരോപണം ഇന്റലിജന്‍സ് മേധാവിതന്നെ ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് നിസ്സാരമായി തള്ളിക്കളയാനോ അവഗണിക്കാനോ ആകില്ല. ഒന്നുകില്‍ തന്റെ മന്ത്രിസഭയിലുള്ള അത്തരക്കാരെ കണ്ടെത്തി നിയമത്തിന്റെ കൈയിലേല്‍പ്പിക്കണം. കൂടുതല്‍ അന്വേഷണം നടത്തി എല്ലാ കള്ളനാണയങ്ങളെയും പുറത്തുകൊണ്ടുവരണം. അതിനു തയ്യാറല്ലെങ്കില്‍ ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട് തെറ്റാണെന്നു പ്രഖ്യാപിച്ച് നടപടിയെടുക്കണം. ഇത് രണ്ടും ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുമെന്നു കരുതാനാകില്ല. മറിച്ച്, ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആയുധമാക്കി തന്റെ മന്ത്രിസഭയിലെ ചിലരെ വരുതിക്ക് നിര്‍ത്താനും ബ്ലാക്ക്മെയില്‍ചെയ്ത് കാര്യം നേടാനുമാണ് സാധ്യത- അതാണനുഭവം. ഇത്തരം ഘട്ടങ്ങളില്‍ വസ്തുതകള്‍ ജനങ്ങള്‍ക്കുമുന്നിലെത്തിച്ച് ജനാധിപത്യത്തിന് കവചംതീര്‍ക്കുക മാധ്യമങ്ങളാണ് എന്നാണ് പൊതുധാരണ. ഇവിടെ, സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവരേക്കാളും ഉദ്യോഗസ്ഥ വൃന്ദത്തേക്കാളും താണ അനുഭവങ്ങളാണ് മാധ്യമങ്ങളില്‍നിന്നുണ്ടാകുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍തന്നെ കൈക്കൂലിയെന്നുതന്നെ പറയാവുന്ന സൗജന്യങ്ങള്‍പറ്റി, കേരളത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമായ വാര്‍ത്തകളെഴുതുകയും പ്രചാരണം നടത്തുകയും ചെയ്യുന്നെങ്കില്‍, ഈ ദുഷിച്ച ഇടപാടുകളിലെ മാധ്യമപങ്കാളിത്തം ഊഹിക്കാവുന്നതിനേക്കാള്‍ അപ്പുറമാണ് എന്ന് തീര്‍ച്ചയാക്കാം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ചെയ്തികള്‍ മൂടിവച്ച് കാശുമാറാനുള്ള ദല്ലാള്‍പണിയായി മാധ്യമപ്രവര്‍ത്തനം മാറിക്കൂടാ.

അഴിമതിക്കാരായ മന്ത്രിമാരില്‍നിന്നുള്ളതിനേക്കാള്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് മ്ലേച്ഛമായ ഈ മാധ്യമപ്രവര്‍ത്തനത്തില്‍നിന്നുയരുന്നത്. ഇത്തരക്കാരുടെ ഇടപാടുകളാകെ കണ്ടെത്തി നിയമത്തിന്റെ പിടിയിലേക്ക് അവരെ വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ക്കൊപ്പം മാധ്യമസമൂഹവും ഉണരണം. മാധ്യമസ്വാതന്ത്ര്യ ധ്വംസനമുണ്ടാകുമ്പോള്‍ സടകുടഞ്ഞെണീക്കാറുള്ള മാധ്യമ പ്രവര്‍ത്തക സംഘടനകള്‍, ഇത്തരം അനാശാസ്യ സ്വാധീനങ്ങള്‍മൂലം മാധ്യമങ്ങളുടെ വിശ്വാസ്യതയാകെ തകരുന്നതിനെക്കുറിച്ചും ഗൗരവമായി പരിശോധിക്കണം. ആരെങ്കിലും എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകള്‍ കണ്ട് കണ്ണുമഞ്ഞളിച്ച് സ്വന്തം തലച്ചോറ് അവര്‍ക്കുവേണ്ടി വാടകയ്ക്കുകൊടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വദേശാഭിമാനിയുടെയും കേസരിയുടെയും ഈ നാട്ടില്‍ സുഖിമാന്മാരായി ജീവിക്കുന്നുവല്ലോ എന്നോര്‍ത്ത് ഒരോ കേരളീയനും ലജ്ജിക്കേണ്ട സമയമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം 30 ഏപ്രില്‍ 2013

Monday, April 29, 2013

സിബിഐ അഴിമതിക്ക് കാവലോ

സിബിഐയുടെ യജമാനന്മാര്‍ സര്‍ക്കാരാണെന്ന് ഉറപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണ് കല്‍ക്കരി കുംഭകോണക്കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുതലേന്ന് സിബിഐ ഡയറക്ടറെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുവരുത്തിയ നടപടി. പ്രധാനമന്ത്രിയുടെ ചുമതലയിലുള്ള പേഴ്സണല്‍വകുപ്പിന്റെ സഹമന്ത്രി വി നാരായണസ്വാമിയാണ് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ വിളിച്ചുവരുത്തി സത്യവാങ്മൂലത്തിന്റെ വിശദാംശം തിരക്കിയത്. സര്‍ക്കാരിന് ഹിതകരമായതുമാത്രം എഴുതിക്കൊടുക്കുക; അത് കൊടുക്കുന്നതിനുമുമ്പ് സര്‍ക്കാരിലെ ഉന്നതങ്ങളെ കാണിച്ച് അനുമതി വാങ്ങുക; തൃപ്തികരമല്ലെങ്കില്‍ മാറ്റിയെഴുതുക- ഇതൊക്കെയാണ് നടക്കുന്നത്. പിന്നെന്തിന് ഇങ്ങനെയൊരു കേന്ദ്ര അന്വേഷണ ഏജന്‍സി എന്ന ചോദ്യം സ്വാഭാവികമാണ്.

പ്രധാനമന്ത്രിയും സര്‍ക്കാരും തീരുമാനിക്കുന്നതിന് അനുസരിച്ച് കോടതിക്ക് റിപ്പോര്‍ട്ടുണ്ടാക്കിക്കൊടുക്കാന്‍ ഏതാനും ഗുമസ്തന്മാര്‍ പോരേ? കേന്ദ്ര അന്വേഷണ ഏജന്‍സി എന്ന പേരും നല്‍കി, ഖജനാവിന്റെ കോടികള്‍ തുലച്ച് രാജ്യത്താകെ ഓഫീസും സംവിധാനങ്ങളുമൊരുക്കി സിബിഐയെ തീറ്റിപ്പോറ്റേണ്ടതുണ്ടോ? രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന അധ്യായമാണ് കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതിലെ പടുകൂറ്റന്‍ അഴിമതി. അതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മറ്റ് വന്‍ അഴിമതികളിലെല്ലാമെന്നപോലെ ഭരണാധികാരികളാണ്. 2ജി സ്പെക്ട്രം വിറ്റും എണ്ണസമ്പത്ത് കൊള്ളയടിച്ചും വിവിധ ഖനനാനുമതികളിലൂടെയും പണം കുന്നുകൂട്ടുന്നതിന്റെ കണക്കുകള്‍ ഇന്ത്യയെ അഴിമതിരാജ്യങ്ങളുടെ ലോകപട്ടികയില്‍ "അസൂയാവഹമായ" സ്ഥാനത്താണ് ഉയര്‍ത്തിയിരിക്കുന്നത്.

കല്‍ക്കരി കുംഭകോണക്കേസ് ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍, മദന്‍ ബി ലൊകുര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് ചൊവ്വാഴ്ചയാണ് പരിഗണിക്കുക. കേസ് പരിഗണിക്കെ, സുപ്രീംകോടതി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അന്വേഷണവുമായി ബന്ധപ്പെട്ട നിര്‍ണായകവിവരങ്ങള്‍ കേന്ദ്രമന്ത്രിയുമായി പങ്കുവച്ചിട്ടുണ്ടെന്ന് സിബിഐക്ക് സമ്മതിക്കേണ്ടിവന്നത്. സ്വതന്ത്രമായല്ല അന്വേഷണം നടക്കുന്നതെന്ന് ആ "കുറ്റസമ്മത"ത്തിലൂടെ സിബിഐതന്നെ സമ്മതിച്ചു. സിബിഐ ഡയറക്ടറെ വിളിച്ചുവരുത്തി അന്വേഷണവിവരം ആരാഞ്ഞതെന്തിനെന്ന് തൃപ്തികരമായി വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്കും മന്ത്രി നാരായണസ്വാമിക്കും കഴിഞ്ഞിട്ടില്ല. കേസ് കോടതിയിലായതുകൊണ്ട് "ഒന്നും പറയുന്നില്ല" എന്നാണ് മന്‍മോഹന്‍സിങ്ങിന്റെ നിലപാട്- ആരുടെയും രാജിയില്ല എന്നും. കോര്‍പറേറ്റ്- യുപിഎ കൂട്ടുകെട്ട് നടത്തുന്ന ബഹുലക്ഷം കോടികളുടെ അഴിമതിക്ക് കാവല്‍നില്‍ക്കുന്ന തലത്തിലേക്ക് സിബിഐയെ അധഃപതിപ്പിച്ചതിന്റെ ദയനീയചിത്രമാണിത്. കോര്‍പറേറ്റുകളും വന്‍ ബിസിനസുകാരുമടങ്ങിയ ലോബി ഭരണത്തിന്റെ എല്ലാ തലങ്ങളിലും പിടിമുറുക്കിയിരിക്കുന്നു. അത്യാഗ്രഹികളായ കോര്‍പറേറ്റുകളും ഊഹക്കച്ചവടക്കാരും അഴിമതിക്കാരായ അധികാരിവര്‍ഗവും തങ്ങളുടെ സുരക്ഷാസേനയെ എന്നപോലെ സിബിഐയെ ഉപയോഗിക്കുകയാണ്.

നവഉദാരവല്‍ക്കരണക്രമത്തില്‍ മൂലധനം കുന്നുകൂട്ടാനുള്ള മാര്‍ഗമായി അഴിമതിയെ മാറ്റിയതിന്റെ പ്രതിഫലനമാണിത്. സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അഴിമതിയുടെ താങ്ങുകൊണ്ടാണെന്ന് വരുമ്പോള്‍, പൊലീസിനെയും പട്ടാളത്തെയും രഹസ്യാന്വേഷകരെയുമെല്ലാം അഴിമതിസംരക്ഷണ സേനയാക്കി മാറ്റാനുള്ള നീക്കമാണുണ്ടാകുന്നത്. പ്രതിരോധ ഇടപാടുകളില്‍ ശതകോടികളുടെ ക്രമക്കേടും കൊള്ളയും നടന്നു എന്നറിഞ്ഞിട്ടും അതിന് ഉത്തരവാദികളായ വന്‍തോക്കുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തത് ഇതിന്റെ മറ്റൊരു വശമാണ്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത യുപിഎ സഖ്യത്തിന് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ നിരവധി ഘട്ടങ്ങളില്‍ സിബിഐയെ ആവശ്യമായി വന്നു. ഘടകകക്ഷികളെ നിലയ്ക്കുനിര്‍ത്താനും പ്രതിപക്ഷത്തെ പീഡിപ്പിക്കാനും സിബിഐ കേസുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

ഉപജാപങ്ങളിലൂടെ രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള നെട്ടോട്ടത്തില്‍, സിബിഐയുടെ വിശ്വാസ്യതയും വ്യക്തിത്വവും ആര്‍ജവവും ചോര്‍ന്നുപോകുന്നത് യുപിഎ നേതൃത്വത്തെ അലട്ടുന്ന വിഷയമേ ആയില്ല. ആ സാഹചര്യത്തിന്റെ മറവുപറ്റി, സിബിഐയിലെ ചില ഉന്നതോദ്യോഗസ്ഥര്‍തന്നെ സങ്കുചിത താല്‍പ്പര്യക്കാരായ രാഷ്ട്രീയനേതാക്കളുടെ പാവകളായി കേസുകള്‍ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്ന നിലവന്നു. വമ്പന്‍ അഴിമതികള്‍ക്ക് കാരണക്കാരായ വന്‍കിട ബിസിനസ്- രാഷ്ട്രീയ നേതൃത്വ കൂട്ടുകെട്ടാണ് ഇതിലൂടെ മുതലെടുപ്പ് നടത്തിയത്. സിബിഐയെ അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുംവിധം ദുരുപയോഗിച്ചതിന്റെ ഏറ്റവും ലജ്ജാകരമായ അധ്യായമാണ് കല്‍ക്കരി കുംഭകോണത്തിലേത്. അഴിമതി നടത്തുന്നവര്‍തന്നെ അന്വേഷണറിപ്പോര്‍ട്ടും രൂപീകരിക്കുന്നത് സിബിഐക്കുമേല്‍മാത്രമല്ല, നീതിന്യായവ്യവസ്ഥയ്ക്കുമേല്‍തന്നെയാണ് അപമാനഭാരം കയറ്റിവയ്ക്കുന്നത്. ഈ പ്രവണത ജനങ്ങളുടെ നിശിതമായ പരിശോധനയ്ക്ക് വിധേയമായേ തീരൂ

*
ദേശാഭിമാനി മുഖപ്രസംഗം 29 ഏപ്രില്‍ 2013

കേരളത്തിന്റെ വികസനദിശ

നവലിബറല്‍ മാറ്റങ്ങളുടെ സ്വാധീനം കേരളത്തില്‍ വലിയതോതില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. റിസ്ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ പണം ഒഴുകിവരും എന്നൊരു നിലയുണ്ടായി. ഇതോടെ ജനകീയ ഇടപെടല്‍  എന്നത് അപ്രസക്തമായി. എല്ലാം കച്ചവടരീതിയില്‍ മാത്രമേ തീരുമാനിക്കാന്‍ കഴിയൂ എന്നതും അംഗീകരിക്കപ്പെട്ടു. ഈ നിലപാടിന്റെ പ്രധാന ഇരകളായി കേരളത്തിലെ ഭൂമിയും മനുഷ്യാധ്വാനവും മാറിയിരിക്കുന്നു. തികച്ചും അശാസ്ത്രീയമായ ഭൂവിനിയോഗരീതിയാണ് കേരളത്തിലുള്ളത്. ഭൂമി ഇന്ന് ഊഹക്കച്ചവട ഉപാധിയാണ്. അതിന്റെ വില നിര്‍ണയത്തില്‍ ഉല്‍പ്പാദനത്തിന് ഒരു പങ്കുമില്ലെന്നായി മാറി.

കേരളത്തില്‍ "ചങ്ങാത്ത മുതലാളിത്ത"ത്തിന്റെ പിടിമുറുക്കം ശക്തമായിരിക്കുന്നതും ഭൂമിയിലാണ്. ഊഹക്കച്ചവടക്കാരും ബ്രോക്കര്‍മാരും വിവിധതരം ഏജന്റുമാരും സാമ്പത്തിക ക്രയവിക്രയത്തെ നിയന്ത്രിക്കുന്ന നിലയും ശക്തിപ്പെട്ടു. ഈ സാഹചര്യം സമൂഹത്തില്‍ വലിയതോതിലുള്ള മാഫിയാവല്‍ക്കരണത്തിനും പരിധിവിട്ട ക്രിമിനലീകരണത്തിനും ഇടയാക്കി. ഉല്‍പ്പാദനം നടക്കാതെതന്നെ കൈ നിറയെ വരുമാനം കിട്ടണമെങ്കില്‍ കമ്പോളത്തെ പൂര്‍ണമായും സ്വതന്ത്രമാക്കി, ധനകമ്പോളത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന യുക്തിക്ക് ഇപ്പോള്‍ മുന്‍തൂക്കം കിട്ടിയിരിക്കുന്നു. പണം കൈയില്‍ കുമിഞ്ഞുകൂടിയതോടെ പ്രശ്നപരിഹാരങ്ങള്‍ വ്യക്തിപരമാകാമെന്നതിലും ഊന്നല്‍വന്നു. ഇതിന്റെ ഫലമായി, വിദ്യാഭ്യാസം, ആരോഗ്യം, പരിസരം എന്നീ രംഗങ്ങളിലെ പ്രശ്നങ്ങളെല്ലാം സാമൂഹ്യമായി പരിഹാരം കണ്ടെത്തുന്നതിന് പകരം വ്യക്ത്യധിഷ്ഠിത പരിഹാരം കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. ഉദാഹരണമായി ആയുസ്സ് വര്‍ധിപ്പിക്കുന്നതോടൊപ്പംതന്നെ, ആയുസ്സ് വര്‍ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ നേരിടുകയും വേണ്ടതില്ലേ? എന്നാല്‍, അത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ പൊതു ആരോഗ്യരംഗത്തെ രൂപപ്പെടുത്തുന്നതില്‍ നാം പരാജയപ്പെടുകയാണ് ചെയ്തത്. പകരം പരിഹാരം വ്യക്തിപരമായി മാറി. അങ്ങനെ പണക്കാര്‍ക്ക് സ്വാശ്രയസ്ഥാപനങ്ങളും നക്ഷത്ര ആശുപത്രികളും ഉണ്ടായി. ദരിദ്രര്‍ക്കാകട്ടെ, ആവശ്യത്തിനനുസരിച്ച് പൊതുസംവിധാനങ്ങള്‍ വളര്‍ന്നതുമില്ല.

വിദ്യാഭ്യാസരംഗത്തെയും അവസ്ഥയും ഇതുതന്നെയാണ്. മറ്റൊരു സജീവപ്രശ്നം മാലിന്യസംസ്കരണത്തിന്റേതാണ്. മാലിന്യക്കൂമ്പാരങ്ങള്‍ നിത്യകാഴ്ചയായി. വ്യക്തികളും വീടുകളും ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ പരിഹരിക്കുന്നത് സമൂഹത്തിന്റെ അല്ലെങ്കില്‍ പൊതുസംവിധാനത്തിന്റെ ബാധ്യതയായി എല്ലാവരും കണക്കാക്കുകയാണ്. തദ്ദേശീയമായ മനുഷ്യ- പ്രകൃതിവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക- വ്യവസായ ഉല്‍പ്പാദന പ്രവൃത്തികള്‍ക്ക് പകരം വിദേശപണത്തിലൂന്നിയതും വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്നതുമായ പശ്ചാത്തലവികസനത്തിന്റെ പേരിലാണ് സംസ്ഥാനം ഇന്ന് ഊറ്റം കൊള്ളുന്നത്. സര്‍ക്കാരിന്റെ കൈവശം പണം ഇല്ലെന്നും പറയുന്നു. കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസ ആരോഗ്യസേവനങ്ങള്‍ എന്നിവ ഏറ്റവും ദുര്‍ബലവിഭാഗങ്ങള്‍ക്കുകൂടി ലഭ്യമാക്കണം എന്നു വാദിക്കുമ്പോള്‍ത്തന്നെ, ആയിരക്കണക്കിന് രൂപ വിനോദത്തിനും ആഡംബരത്തിനും ചെലവാക്കാന്‍ മടിയില്ലാത്ത ഉയര്‍ന്ന വരുമാനക്കാരില്‍നിന്ന് അടിസ്ഥാനസേവനങ്ങള്‍ക്ക് ന്യായമായ പ്രതിഫലം വാങ്ങുന്നതില്‍ തെറ്റുണ്ടോ? ഇന്ന് 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നതായും അവര്‍ പ്രതിവര്‍ഷം 14,000 കോടി രൂപയിലധികം തുക നാട്ടിലേക്ക് കൊണ്ടുപോകുന്നതായും കണക്കാക്കുന്നു. രണ്ട് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ഓരോവര്‍ഷവും കേരളത്തില്‍ കൂടിവരികയാണെന്ന് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 2013ല്‍ തയ്യാറാക്കിയ പഠനം കാണിക്കുന്നു. പുതിയ കണക്കനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ ഏതാണ്ട് പകുതിയോളം (48 ശതമാനം) നഗരവാസികളാണ്. നഗരങ്ങളില്‍ ഇത്രയും വലിയൊരു കേന്ദ്രീകരണം ഇത്രയും വേഗത്തില്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാനോ അതിനനുസരിച്ച് സൗകര്യങ്ങള്‍ ഉണ്ടാക്കാനോ കഴിഞ്ഞിട്ടില്ല. യാന്ത്രിക നഗരവല്‍ക്കരണം കേരളത്തിലെ ജനജീവിതത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുന്നു. മാലിന്യസംസ്കരണം, ഗതാഗതം, പാര്‍പ്പിടം, കുടിവള്ളം, റോഡപകടം എന്നീ രംഗങ്ങളിലൊക്കെ പുതിയ പ്രതിസന്ധികള്‍ രൂപപ്പെട്ടു. കുന്നിടിച്ചും വയല്‍ നികത്തിയും കാട് വെട്ടിയും ഖനനം നടത്തിയുമുള്ള "വളര്‍ച്ച"യ്ക്കു നല്‍കേണ്ടിവന്ന വിലയാണ് യഥാര്‍ഥത്തില്‍ ഇന്നത്തെ ജലക്ഷാമം. വെള്ളം കിട്ടാത്ത പ്രദേശം എങ്ങനെയാണ് വാസയോഗ്യമായ പ്രദേശമായി തുടരുന്നത്? കുടിവെള്ള വിതരണത്തിന് സ്വകാര്യ കമ്പനി രൂപീകരിച്ച് പരിഹരിക്കാവുന്നതാണോ കേരളം ഇന്ന് നേരിടുന്ന ജലപ്രശ്നം?

സ്കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമായതോടെ, പത്തും പന്ത്രണ്ടും ക്ലാസുകള്‍ പാസാകുന്നവര്‍ വന്‍തോതില്‍ വര്‍ധിച്ചു. ഇവരില്‍ ഉന്നതവിദ്യാഭ്യാസത്തിന് പോകാന്‍ കഴിയാത്തവര്‍ക്ക് ഔപചാരിക വിദ്യാഭ്യാസമുണ്ടെങ്കിലും, മെച്ചപ്പെട്ട വരുമാനം ലഭിക്കാവുന്ന തൊഴില്‍വിരുതില്ല. ഇത് യുവാക്കളില്‍ നല്ലൊരു ഭാഗത്തിന്റെ അധ്വാനശേഷിയെ വികസനത്തിന് ഉപയോഗിക്കാന്‍ കഴിയാതാക്കുന്നു. ഈ അധ്വാനശേഷിയെ സംസ്ഥാന പുരോഗതിക്കു തന്നെ ഒരു സമ്പത്താക്കി മാറ്റുന്നതെങ്ങനെയെന്നത് കേരളം നേരിടുന്ന ഒരു വെല്ലുവിളിയായി കാണണം. ഭരണനിര്‍വഹണമാണ് ചര്‍ച്ചചെയ്യേണ്ട മറ്റൊരു കാര്യം. ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ രംഗത്ത് ധാരാളം ജനാനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഒരു വസ്തുതയാണെങ്കിലും ഇനിയും എത്രയോ മാറ്റങ്ങള്‍ ഭരണരംഗത്ത് അനിവാര്യമാണ്. ഒരു അടിത്തറ എന്ന നിലയില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇനിയും നടത്തേണ്ടതുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം അധികാരവികേന്ദ്രീകരണമല്ലതാനും. അതേസമയം, വികസനപ്രക്രിയയിലെ ആസൂത്രണം, വികേന്ദ്രീകരണം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കാന്‍ പ്രാദേശിക ഭരണസംവിധാനത്തെ ശക്തിപ്പെടുത്തുകവഴി കഴിയുമെന്നതാണ് നമ്മുടെ അനുഭവം.

സഹകരണമേഖല എന്നത് സ്വതന്ത്ര കമ്പോളത്തിനെതിരെയുള്ള ശക്തമായൊരു പ്രതിരോധായുധമാണ്. എന്നാല്‍, കാലഘട്ടം ആവശ്യപ്പെടുന്ന ഈ സാധ്യതയ്ക്കൊത്ത് ഉയരാന്‍ കേരളത്തില്‍ ഇന്നുള്ള സഹകരണപ്രസ്ഥാനത്തിന് കഴിയുന്നുണ്ടോ? സഹകരണ സ്ഥാപനങ്ങള്‍ ഉല്‍പ്പാദനപ്രക്രിയയെ ചലിപ്പിക്കുന്ന ചാലകശക്തിയായി മാറുകയല്ലേ വേണ്ടത്? വികസനത്തിലെ മാനുഷികപരിഗണനകള്‍ വലിയൊരു പരിധിവരെ തന്നെ ഇല്ലാതായിരിക്കുന്നു. കമ്പോളാധിഷ്ഠിത തന്ത്രങ്ങള്‍ പൂര്‍വാധികം ശക്തിപ്പെട്ടു. എന്നാല്‍, ജനങ്ങളില്‍ നല്ലൊരു ഭാഗവും ആഗ്രഹിക്കുന്നത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വികസനമാതൃക പുനഃസ്ഥാപിക്കാനാണ്. എന്നാല്‍, മാധ്യമങ്ങള്‍ കൂടി കമ്പോളത്തിന് അനുകൂലമാകുന്ന അവസ്ഥ ജനങ്ങളുടെ ചിന്തയും ജീവിതാനുഭവവും പരസ്പരം പൊരുത്തമില്ലാത്തതാക്കുന്നു. വികസനത്തിന്റെ അര്‍ഥശാസ്ത്രവും ജനപക്ഷരാഷ്ട്രീയവും മൂര്‍ത്തമായ കേരളീയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുനരാവിഷ്കരിക്കുന്നതിനുള്ള ശ്രമമാകണം എല്ലാവരുടെയും ഭാഗത്തു നിന്ന് ഉണ്ടായിവരേണ്ടത്.

*
ടി പി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി 29 ഏപ്രില്‍ 2013

Sunday, April 28, 2013

നാഴികക്കല്ലുകള്‍ - അടൂരും സി.എസ്.വെങ്കിടേശ്വരനും തെരഞ്ഞെടുക്കുന്നു

നൂറു വര്‍ഷംമുമ്പാണ് ഒരിക്കലും കള്ളം പറയാത്ത രാജാവിന്റെ കഥ പറഞ്ഞ് ധുണ്ഡിരാജ് ഗോവിന്ദ ഫാല്‍കെ എന്ന സാഹസികന്‍ ഇന്ത്യയുടെ സ്വന്തം സിനിമകള്‍ക്ക് തുടക്കമിട്ടത്. "രാജഹരിശ്ചന്ദ്ര" മുംബൈയില്‍ കൊറോണേഷന്‍ സിനിമാസില്‍ റിലീസ് ചെയ്ത 1913 മെയ് മൂന്നാണ് ഇന്ത്യന്‍ സിനിമയുടെ ഉദ്ഘാടനദിവസം. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കല അനന്തമായ പ്രയാണം തുടരുമ്പോള്‍ 100 വര്‍ഷം വളരെ ചെറിയ കാലയളവുമാത്രം. എന്നാല്‍, വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുള്ള ആയുധമാക്കി സിനിമയെ മാറ്റാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ടതാണ്.

നൂറുവര്‍ഷത്തെ ഇന്ത്യന്‍സിനിമകളില്‍ ഏറ്റവും പ്രധാനമായി ഈ ചിത്രങ്ങളെ തെരഞ്ഞടുക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഇവ ഇന്ത്യന്‍ യാഥാര്‍ഥ്യവുമായി അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ വിവിധകാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ മാറ്റത്തെ പലരീതിയില്‍ ആവിഷ്കരിക്കുന്നു. രണ്ട്, ഇവ സിനിമ എന്ന മാധ്യമത്തിന്റെ ഭാവുകത്വമാറ്റം രേഖപ്പെടുത്തുകയും ലാവണ്യപരമായ പരിണാമങ്ങള്‍ കൊണ്ടുവരികയും ചെയ്തു

നൂറു വര്‍ഷത്തിന്റെ ഊര്‍ജവുമായി മുന്നേറുന്ന ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലുകള്‍ കണ്ടെത്താനുള്ള തിരിഞ്ഞുനോട്ടത്തില്‍ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും ദേശീയ അംഗീകാരം ലഭിച്ച ചലച്ചിത്ര നിരൂപകന്‍ സി എസ് വെങ്കിടേശ്വരനും പങ്കുചേരുന്നു.

ഇന്നോളമിറങ്ങിയ മലയാളചിത്രങ്ങളില്‍ നിന്ന് തനിക്കിഷ്ടപ്പെട്ട പത്തു ചിത്രങ്ങള്‍ അടൂര്‍ തെരഞ്ഞെടുക്കുന്നു.
 
അടൂരിന്റെ ഇഷ്ട മലയാള സിനിമകള്‍

സിനിമ മാറുന്നില്ലെങ്കിലും ഓരോ കാലത്തും സിനിമകളോടുള്ള ആഭിമുഖ്യം മാറിക്കൊണ്ടിരിക്കും. മുമ്പ് ഒരിക്കല്‍ നടത്തിയ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമാണ് ഈ പട്ടിക. സിനിമയുടെ പരിണാമ ഘട്ടങ്ങളില്‍ നിലവിലിരുന്ന മൊത്തം വ്യവസ്ഥയില്‍ നിന്ന് മാറി എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ച ചിത്രങ്ങളാണിവ.

ന്യൂസ്പേപ്പര്‍ ബോയ് (1955)സംവിധാനം: പി രാംദാസ്

ചെമ്മീന്‍(1965)സംവിധാനം: രാമുകാര്യാട്ട്

ഓളവും തീരവും (1970)സംവിധാനം: പി എന്‍ മേനോന്‍

നിര്‍മാല്യം (1973)സംവിധാനം: എം ടി വാസുദേവന്‍നായര്‍

തമ്പ് (1978)സംവിധാനം: ജി അരവിന്ദന്‍

അമ്മ അറിയാന്‍ (1986)സംവിധാനം: ജോണ്‍ എബ്രഹാം

ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് (1983)സംവിധാനം: കെ ജി ജോര്‍ജ്

ഒരിടത്തൊരു ഫയല്‍വാന്‍ (1981)സംവിധാനം: പി പത്മരാജന്‍

ദൃഷ്ടാന്തം (2006)സംവിധാനം: എം പി സുകുമാരന്‍നായര്‍

ചിത്രസൂത്രം (2010)സംവിധാനം: വിപിന്‍ വിജയ്

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വഴിത്തിരിവായ ചിത്രങ്ങളെ വെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തുകയാണ് വെങ്കിടേശ്വരന്‍

പഥേര്‍ പാഞ്ചാലി (ബംഗാളി-1955) സംവിധാനം-സത്യജിത് റേ ഇന്ത്യന്‍ സിനിമയുടെ അലകും പിടിയും മാറ്റിയ സിനിമ. സിനിമയെക്കുറിച്ച് അന്നോളമുള്ള സങ്കല്‍പ്പം അര്‍ഥപൂര്‍ണമായി അട്ടിമറിച്ചു.

അജാന്ത്രിക്(ബംഗാളി-1958) സംവിധാനം- ഋത്വിക് ഘട്ടക് അഞ്ച് ദശകങ്ങള്‍ക്കപ്പുറം ഘട്ടക് ഒരുക്കിയ സിനിമ മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഏറ്റവും ആധുനികമായ പ്രമേയം കൈകാര്യംചെയ്യുന്നു. പ്രമേയത്തിന്റെയും പരിചരണത്തിന്റെയും ശക്തികൊണ്ട് ഈ സിനിമ എല്ലാകാലവും ജീവിക്കും.

കല്‍ക്കട്ട 71 (ബംഗാളി-1972) സംവിധാനം-മൃണാള്‍ സെന്‍ എഴുപതുകളിലെ ഇന്ത്യന്‍ യുവാക്കളുടെ കലാപ മനസ്സിനെ അങ്ങേയറ്റം തീക്ഷ്ണമായി, നൂതനപരിചരണ രീതിയില്‍ ആവിഷ്കരിച്ചു. രൂപകല്‍പ്പനയിലും പ്രമേയത്തിലും വിപ്ലവകരം

.ഗരം ഹവാ (ഹിന്ദി-1973) സംവിധാനം-എം എസ് സത്യു ഇന്ത്യാവിഭജനത്തിന്റെ ദാരുണമായ ദുരന്തനിമിഷത്തെ മാനുഷികമായി കൈകാര്യംചെയ്ത സിനിമ. അത്തരം ചിത്രങ്ങളില്‍ ആദ്യത്തേത്.

പ്യാസ (ഹിന്ദി-1957) സംവിധാനം-ഗുരുദത്ത് മുഖ്യധാരാ സിനിമയില്‍ നിന്നുകൊണ്ടുതന്നെ നാഗരികപശ്ചാത്തലത്തിലെ വിഷാദാത്മക നായകകഥാപാത്രത്തെ തീവ്രമായി, സാര്‍വലൗകികമായി അവതരിപ്പിച്ചു.

ദേവദാസ്(1955) മുന്നോട്ടുവച്ച നായക സങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയാണെങ്കിലും പ്യാസ ആ ഇമേജിനെ സിനിമാറ്റിക്കായി വളരെയേറെ മുന്നോട്ടു കൊണ്ടുപോയി.

സൂരജ് കാ സത്വന്‍ ഘോഡ (ഹിന്ദി-1992) സംവിധാനം-ശ്യാം ബെനഗല്‍ ഹിന്ദി സിനിമയുടെ കഥപറച്ചില്‍ പാരമ്പര്യത്തെ മാറ്റിമറിച്ചു. കഥപറച്ചിലില്‍ ലീലാപരതയോടെയുള്ള സമീപനം കൊണ്ടുവന്നു. പ്രണയകഥ പറയുന്നതിലും പുതിയ രീതി പരീക്ഷിച്ചു. ഒരേ കഥ പലരീതിയില്‍ പറയുന്ന രീതി മുഖ്യധാരയ്ക്ക് ഇണങ്ങുംവിധം അവതരിപ്പിച്ചു.

എലിപ്പത്തായം (മലയാളം 1981) സംവിധാനം-അടൂര്‍ ഗോപാലകൃഷ്ണന്‍ അടഞ്ഞ വ്യവസ്ഥിതിയും വ്യക്തിയും തമ്മിലുള്ള ബന്ധത്തെ വളരെ വിശദമായും നൂതനമായും കൈകാര്യംചെയ്ത സിനിമ. രൂപഘടനയിലും പരിചരണ രീതിയിലും പുതുമ കൊണ്ടുവന്നു.

ഇമാഗി നിഗ്തേം (മണിപ്പുരി-1981) സംവിധാനം-അരിമ്പം ശ്യാം ശര്‍മ വടക്ക് കിഴക്കന്‍ മേഖലയില്‍നിന്ന് ദേശീയശ്രദ്ധ കിട്ടിയ ആദ്യ ചിത്രം. ലളിതവും വളരെ ഗ്രാമീണവും എന്നാല്‍, സാര്‍വലൗകികവുമായി ജീവിതാവസ്ഥ തുറന്നുകാട്ടിയ അപൂര്‍വ സിനിമ.

ഗുലാബി ടാക്കീസ് (കന്നട-2008) സംവിധാനം-ഗിരീഷ് കാസറവള്ളി ബാബറിമസ്ജിദ് തകര്‍ത്തതിനു ശേഷം ഇന്ത്യന്‍ മുസ്ലിം ജീവിതത്തില്‍ വന്ന മാറ്റത്തെ രേഖപ്പെടുത്തിയ ചിത്രം. വെറും വര്‍ഗീയ -സാമുദായിക പ്രശ്നംമാത്രമല്ല മറിച്ച് ആഗോളവല്‍ക്കരണ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇത്തരം സമൂഹം നേരിടുന്ന പാര്‍ശ്വവല്‍ക്കരണത്തെ ആഴത്തില്‍ ചിത്രീകരിക്കുന്നു. കടലും പൊതുസ്വത്തും കോര്‍പറേറ്റുകള്‍ കൈകാര്യംചെയ്യുമ്പോള്‍ അതില്‍പെടുന്ന മനുഷ്യരുടെ ദുരവസ്ഥ രേഖപ്പെടുത്തി.

ചോമന ദുടി (കന്നട-1975) സംവിധാനം-ബി വി കാരന്ത് സിനിമാറ്റിക് ആയി ഇന്ത്യന്‍ ഗ്രാമീണജീവിതത്തെ സമഗ്രമായി അവതരിപ്പിച്ച സിനിമ അവരുടെ സഹനവും സമരവും രേഖപ്പെടുത്തുന്നു. വലിയ പ്രദേശത്തെ നിരവധി പേരുടെ കഥകള്‍ ഇത്ര അഗാധമായും തീവ്രമായും ആരും അടയാളപ്പെടുത്തിയിട്ടുണ്ടാവില്ല.

കാഞ്ചനസീത (മലയാളം-1977) സംവിധാനം- അരവിന്ദന്‍ ഇന്ത്യന്‍സിനിമാ ചരിത്രത്തില്‍ വലിയ പങ്കും പുരാണകഥാചിത്രങ്ങളാണ്. അവയില്‍ റാഡിക്കലായ മാറ്റമാണ് അരവിന്ദന്‍ കൊണ്ടുവന്നത്. എല്ലാവര്‍ക്കും അറിയാവുന്ന വലിയ കഥ ആദിവാസി സമുദായത്തില്‍ കൊണ്ടുചെന്നു നിര്‍ത്തി കഥാപാത്രങ്ങളെ എല്ലാ ആലവാരങ്ങളും അഴിച്ചുവച്ച് മനുഷ്യരാക്കി മാറ്റിയ അപൂര്‍വ സിനിമ.

*
ദേശാഭിമാനി

ഫാല്‍കെ ഫാക്ടറി

ഭ്രാന്തമായ സാഹസങ്ങളില്‍ നിന്നാണ് സിനിമയുടെ ജനനം. നൂറ് വര്‍ഷം മുമ്പും ഇപ്പോഴും. ഇരുട്ടില്‍ വലിച്ചുകെട്ടിയ കീറത്തുണിയിലെ ചിത്രങ്ങള്‍ ചലിക്കുന്നതെങ്ങനെയെന്ന ജിജ്ഞാസക്ക് പിന്നാലെ ഇറങ്ങിതിരിച്ച് ഇച്ഛാശക്തികൊണ്ട് പടവെട്ടി ഇന്ത്യന്‍ സിനിമയുടെ പിതാവായിമാറിയ ധുണ്ഡിരാജ് ഗോവിന്ദ ഫാല്‍കെയുടേത് സിനിമയെ വെല്ലുന്ന ജീവിതമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം പരേഷ് മൊകാഷിയെന്ന സാഹസികന്‍ ഫാല്‍കെ സിനിമ എടുത്തതിനെ കുറിച്ച് സിനിമ എടുത്തതും ഭ്രാന്തമായ ഒരു സപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു.

മറാത്തി നാടക സംവിധായകനും നടനുമായ പരേഷിന് ഒരു ദിവസം സിനിമ എടുക്കണമെന്ന കലശലായ മോഹം തോന്നി. ബാപു വതാവെ രചിച്ച ദാദ സാഹിബ് ഫാല്‍കെയുടെ ജീവചരിത്രം വായിക്കുമ്പോഴായിരുന്നു അത്. നാലുമണിക്കൂര്‍ കൊണ്ട് 200 പേജുള്ള പുസ്തകം വായിച്ചു തീര്‍ത്തു. ഇന്ത്യന്‍ സിനിമയുടെ പിതാവിനെ കുറിച്ചുള്ള ആദ്യ ചലച്ചിതം ഒരുക്കുമെന്ന് ശപഥം ചെയ്തു. (""അപ്പോള്‍ ഫാല്‍കെയും കഥാപാത്രങ്ങളും എനിക്കു ചുറ്റും നടക്കുന്നുണ്ടായിരുന്നു""-പരേഷിന്റെ വാക്കുകള്‍)

താരങ്ങളും പാട്ടുമില്ലാത്ത മറാത്തി സിനിമയുടെ തിരക്കഥയുമായി പരേഷ് മൂന്ന് വര്‍ഷം തെണ്ടി നടന്നു. ഒടുവില്‍ സ്വന്തമായി പടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതിന് ആദ്യമായി മുംബൈയിലെ കുടുംബവീട് പണയം വച്ചു. സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചൊന്നും ധാരണ ഇല്ലാതെ, എന്താണ് തനിക്ക് വേണ്ടതെന്ന ഒറ്റ ബോധ്യത്താല്‍ സംവിധാനം ആരംഭിച്ചു. 2009ല്‍ പുറത്തിറങ്ങിയ "ഹരിശ്ചന്ദ്രാചി ഫാക്ടറി" മറാത്തി അന്നോളം കണ്ടതില്‍വച്ച് ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രമായി. നാലുകോടി രൂപയായിരുന്നു മുടക്ക്മുതല്‍. ഇന്ത്യയുടെ അക്കൊല്ലത്തെ ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച സിനിമ സാംക്രമികമായ ഒരുതരം വശ്യശക്തിയോടെ പ്രേക്ഷകരെ കീഴ്പ്പെടുത്തി. കേരളത്തില്‍ നിന്നും ജോണ്‍എബ്രഹാം പുരസ്കാരവും അരവിന്ദന്‍ പുരസ്കാരവും നേടിയ ചിത്രം ദേശീയ അന്തര്‍ദേശീയ തലത്തിലും നേട്ടങ്ങള്‍ സ്വന്തമാക്കി. ഫാല്‍കെയെ പോലെ നിശ്ചയദാര്‍ഢ്യം മാത്രം കൈമുതലാക്കി ഒന്നുമില്ലായ്മയില്‍ നിന്നും ആദ്യസിനിമയൊരുക്കിയ പരേഷിന്റെ കഥ പ്രമുഖ എഴുത്തുകാരി രശ്മി ബന്‍സാല്‍ "കണക്ട് ദി ഡോട്ട്സ"് എന്ന പുസ്തകത്തില്‍ ഒരു അധ്യായമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍സിനിമയുടെ പിതാവിനെ അല്ല, ഇന്ത്യന്‍ സിനിമ ജനിച്ച കുടുംബത്തെയാണ് "ഹരിശ്ചന്ദ്രാചി ഫാക്ടറി" സരസമായി കാട്ടിത്തരുന്നത്. ഫാല്‍കെയുടെ നേട്ടത്തിന്റെ ഔന്നത്യം വെളിപ്പെടുത്തുന്ന നര്‍മ്മചിത്രം, പരിധിയില്ലാതെ ഭര്‍ത്താവിനെ പിന്തുണച്ച സരസ്വതി ഫാല്‍കെയെയും പുത്തന്‍ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ പകച്ചുപോയ കൊളോണിയല്‍കാലത്തെ ഇന്ത്യന്‍ സാമൂഹിക ജീവിതത്തേയും രേഖപ്പെടുത്തുന്നുണ്ട്, ഒപ്പം സിനിമക്ക് വേണ്ടി ഫാല്‍കെ കാട്ടിയ സാഹസത്തേയും.

ഫ്ളാഷ്ബാക്ക്


ആദ്യഭാര്യയും കുഞ്ഞും പ്ലേഗ് പിടിച്ച് മരിച്ചതോടെ ആകെ അറിയാവുന്ന ഫോട്ടോഗ്രാഫി പണി ഉപേക്ഷിച്ചാണ് ഗുജറാത്തിലെ ഗോദ്രയില്‍ നിന്നും ഫാല്‍കെ മഹാരാഷ്ട്രയിലേക്ക് മടങ്ങിയത്. ബറോഡയിലെ കലാഭവനില്‍ ചിത്രരചന പഠിച്ചിരുന്നെങ്കിലും പിന്നീട് ഉപജീവനമാര്‍ഗമായത് ഒരു ജര്‍മ്മന്‍കാരനില്‍ നിന്ന് പഠിച്ച മാജിക് ആയിരുന്നു. പിന്നീട് കുറേകാലം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ ഡ്രാഫ്റ്റ്മാനായി. മടുപ്പു തോന്നിയപ്പോള്‍ ആ ജോലി വിട്ട് പണം കടംവാങ്ങി പ്രിന്റിങ്പ്രസ് ആരംഭിച്ചു. (രാജാരവിവര്‍മയുടെ ചിത്രങ്ങളുടെ പ്രിന്റുകളില്‍ പലതിലും അക്കാലത്ത് ഫാല്‍കെയുടെ കൈപതിഞ്ഞിട്ടുണ്ട്) പ്രിന്റ്ങ് സാങ്കേതികവിദ്യ കൂടുതല്‍ വശത്താക്കാന്‍ ജര്‍മ്മനിയിലേക്ക് കപ്പല്‍ കയറി. മടങ്ങിയെത്തിയപ്പോഴേക്കും പ്രിന്റിങ്ങിലുള്ള താല്‍പര്യവും നശിച്ചു. മക്കളുമൊത്ത് മാജിക് പ്രകടനവുമായി വീണ്ടും തെരുവിലേക്ക്. പുതിയ പ്രസ് തുടങ്ങാന്‍ പണം കടംകൊടുക്കാന്‍ പുറകേ നടക്കുന്ന പലിശക്കാരനെ പറ്റിച്ച് മാജിക് വേദിയില്‍ നിന്നും മൂത്തമകനൊടൊപ്പം ഇറങ്ങിയോടവേയാണ് ഫാല്‍കെയുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവുണ്ടായത്. അന്ന് അവര്‍ ഓടിച്ചെന്നു കയറിയത് ചലിക്കുന്ന ചിത്രം അഥവാ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്കാണ്. പരേഷിന്റെ സിനിമ ഇവിടെയാണ് തുടങ്ങുന്നത്. ഫാല്‍കെ സിനിമകള്‍ ഒരുക്കിയ 1911 മുതല്‍ 1914 വരെയുള്ള കാലഘട്ടമാണ് സിനിമ പറയുന്നത്.
 
ഹരിശ്ചന്ദ്രന്റെ ഫാക്ടറി


"ലൈഫ് ഓഫ് ക്രൈസ്റ്റ്" എന്ന വിദേശ നിശബ്ദചിത്രം കുടുംബസമേതം കണ്ടിറങ്ങുമ്പോഴാണ് ഭ്രാന്തമായ ആ എടുത്തുചാട്ടത്തിന് ഫാല്‍ക്കെ തുനിഞ്ഞത്. സ്വന്തമായി സിനിമ എടുക്കണം. ഗുണദോഷിച്ച് തിരുത്താന്‍ മെനക്കെടാതെ ഭാര്യ സരസ്വതിയും മക്കളും അതിനൊപ്പംകൂടി. വാടകവീട്ടിലെ അലമാരിയും ചെമ്പുപാത്രങ്ങളും അടക്കം വിറ്റ് ഇംഗ്ലീഷ് സിനിമാ പുസ്തകങ്ങള്‍ വാങ്ങി പഠിച്ചു. സരസ്വതിയുടെ കുടുക്കയിലെ പണമെല്ലാം തീരുംവരെ വിദേശികളുടെ തിയേറ്ററില്‍ പോയി ചലന ചിത്രങ്ങള്‍ കണ്ട് കണ്ട് കണ്ണ് ചുമന്ന് തുടുത്തു. എന്നിട്ടും ഇരിക്കപ്പൊറുതിയില്ലാതെ, ഗര്‍ഭിണിയായ സരസ്വതിയെയും മക്കളെയും ഒറ്റയ്ക്കാക്കി കടംവാങ്ങിയ പണവുമായി അയാള്‍ ലണ്ടനിലേക്ക് കപ്പല്‍ കയറി. മൂന്നാമത്തെ കുഞ്ഞിന് ആറുമാസമായപ്പോള്‍ തിരിച്ചെത്തിയഅയാള്‍ക്കൊപ്പം വില്യംസണ്‍ മൂവി ക്യാമറയും ഉണ്ടായിരുന്നു.

വള്ളിച്ചെടി വളരുന്നതും പൂവിരിയുന്നതും ചിത്രീകരിച്ച് ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണിച്ച് അത്ഭുതപ്പെടുത്തി. ക്യാമറയിലൂടെ നോക്കിയാല്‍ അന്ധരാകുമെന്ന് വിശ്വസിച്ചവര്‍വരെ കാഴ്ചക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. വീട്ടുജോലിക്കിടെ സരസ്വതിയും ക്യാമറ ചലിപ്പിക്കാനും ഫിലിം ഡെവലപ് ചെയ്യാനും കൂടി. "സരസ്വതിയുടെ പണ്ടം വിറ്റിട്ടും പണം തികയാതെ വന്നപ്പോള്‍ സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസി പണയം വച്ച് "രാജഹരിശ്ചന്ദ്ര" സിനിമ നിര്‍മിക്കാനുള്ള പണം കണ്ടെത്തി.

ഹരിശ്ചന്ദ്രപത്നി താരാമതിയെ സരസ്വതി അവതരിപ്പിക്കണം എന്നായിരുന്നു ഫാല്‍കെയുടെ ആഗ്രഹം. സിനിമാക്കാര്‍ക്കെല്ലാംവെച്ചുവിളിമ്പുകയും തുണിയലക്കുകയും ചെയ്ത ശേഷം ക്യാമറ ചലിപ്പിക്കണം, ഫിലിം ഡെവലപ് ചെയ്യണം ഇതിനിടയില്‍ അഭിനയിക്കുന്നതെങ്ങനെ എന്നായിരുന്നു സരസ്വതിയുടെ പ്രതികരണം. സ്ത്രീകഥാപാത്രങ്ങളെ സ്ത്രീകള്‍ തന്നെ അവതരിപ്പിക്കണം എന്ന നിര്‍ബന്ധബുദ്ധി ഉള്ളതിനാല്‍ നടികളെ തേടി ഫാല്‍കെ വേശ്യാലയങ്ങള്‍ തോറും കയറി ഇറങ്ങി. സിനിമാഭിനയം അന്ന് വേശ്യാവൃത്തിയേക്കാള്‍ മോശമായി കരുപ്പെട്ടതിനാല്‍ ആ പിടിവാശി ഫാല്‍കെക്ക് ഒഴിവാക്കേണ്ടി വന്നു. പെണ്ണായി അഭിനയിക്കാം അച്ഛന്‍ ജീവിച്ചിരിക്കുന്നതിനാല്‍ മീശവടിക്കാനാകില്ല എന്നായിരുന്നു ചില അഭിനേതാക്കളുടെ നിലപാട്. മൂത്ത മകല്‍ ബാലചന്ദ്രനായിരുന്നു ഹരിശ്ചന്ദ്ര രാജാവിന്റെ പുത്രനായി വേഷമിട്ടത്. ഷൂട്ടിങ്ങിനിടെ അപകടമുണ്ടായി ബാലചന്ദ്രന്‍ ബോധരഹിതനായി.

ഹരിശ്ചന്ദ്ര രാജാവ് മകനെ പട്ടടയില്‍ വയ്ക്കുന്ന ദൃശ്യങ്ങള്‍ അന്ന് ചിത്രീകരിക്കേണ്ടതുണ്ട്. അബോധാവസ്ഥയിലുള്ള മകനെ വച്ച് തന്നെ ഫാല്‍കെ ആ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നത് പരേഷിന്റെ സിനിമയിലെ ദീപ്ത മുഹൂര്‍ത്തമാണ്.

കട്ട് ടു പരേഷ്

""ശാസ്ത്രബോധമുള്ള മനസിന്റെ ഉടമയായ പുരോഗമനവാദിയായിരുന്നു ഫാല്‍കെ. സ്ത്രീകള്‍ക്ക് വീട്ടിനുള്ളില്‍ പോലും വിലക്കുകള്‍ നിലനിന്ന കാലത്ത് അദ്ദേഹം ഭാര്യയെ അഭിനയിക്കാന്‍ ക്ഷണിച്ചു. അറിവു തേടാനായി വിദേശത്ത് പോയി. ഭ്രാന്തമായ സാഹസത്തിനു മുതിരുമ്പോള്‍ എല്ലാവരേയും പോലെ എന്റെ കുടുംബത്തിന് എന്തു സംഭവിക്കുമെന്ന് ചിന്തിച്ചു ഭയന്നില്ല. അങ്ങനെ ചിന്തിച്ചാല്‍ സിനിമാ പിടിത്തം മതിയാക്കി വീട്ടിലിരുന്നേനെ. ഫാല്‍കെ അങ്ങനെ ചെയ്തില്ല എന്നാണ് ചരിത്രം പറയുന്നത്.

പ്രതിസന്ധികളെ സ്വതസിദ്ധമായ നര്‍മബോധം കൊണ്ട് നേരിട്ടു. സിനിമയില്‍ ജോലിക്ക് വന്നാല്‍ പെണ്ണുകിട്ടില്ലെന്ന് ചിലര്‍ ഭയന്നപ്പോള്‍, ഷൂട്ടിങ്ങ് ജോലിക്ക് പകരം ഹരിശ്ചന്ദ്ര ഫാക്ടറയില്‍ ജോലിയുണ്ടെന്ന് പറയാന്‍ നിര്‍ദേശം നല്‍കിയാണ് ഫാല്‍കെ പ്രശ്നം പരിഹരിച്ചത്."" "രാജഹരിശ്ചന്ദ്ര"യുടെ വിജയത്തോടെ എട്ടുചിത്രങ്ങള്‍കൂടി അദ്ദേഹം ഒരുക്കി. സിനിമയില്‍ ഫാല്‍കെ ഒരുക്കിയ സ്പെഷ്യല്‍ എഫക്ട്സ് സാങ്കേതിക വിദ്യ അദ്ദേഹത്തെ സിനിമ പഠിപ്പിച്ച വിദേശികളെ പോലും ഞെട്ടിക്കുന്നതായിരുന്നു. ലണ്ടനില്‍ സിനിമ സംവിധാനം ചെയ്യാന്‍ ആയിരം പൗണ്ട് വീതം വാഗ്ദാനം ചെയ്തിട്ടും ഫാല്‍കെ വഴങ്ങിയില്ല. ഇന്ത്യയില്‍ സിനിമ എന്ന വ്യവസായം സൃഷ്ടിക്കുകയായിരുന്നു ഫാല്‍കെയുടെ ലക്ഷ്യം. "രാജഹരിചന്ദ്ര" 1912ല്‍ പൂര്‍ത്തിയാക്കിയെങ്കിലും 1913 മെയ് മൂന്നിനാണ് സിനിമ മുംബൈയില്‍ കൊറോണേഷന്‍ സിനിമാസില്‍ റിലീസ് ചെയ്യുന്നത്. അത് ഇന്ത്യന്‍ സിനിമയുടെ ഉദ്ഘാടന ദിവസമായി.

ഒരു വര്‍ഷം മുമ്പ് "പുണ്ഡലിക്” എന്ന ഇന്ത്യന്‍ സിനിമ റിലീസ് ചെയ്തെങ്കിലും അത് നാടകത്തിന്റെ ചിത്രീകരണമായതിനാല്‍ സിനിമ എന്ന ഗണത്തില്‍പെടുത്തിയിട്ടില്ല. മാത്രമല്ല ബ്രട്ടീഷ് ഛായാഗ്രഹന്മാരായിരുന്നു "പുണ്ഡലിക്" പകര്‍ത്തിയത്. ക്ലൈമാക്സ് ഇന്ത്യന്‍ സിനിമയുടെ തുടക്കകാരനായെങ്കിലും സാങ്കേതികവിദ്യയുടെ കുതിച്ചൊഴുക്കില്‍ സ്വയം കാലഹരണപ്പെടുമെന്ന് തോന്നിയപ്പോഴാണ് ഫാല്‍കെ സിനിമ ഉപേക്ഷിച്ചത്. സിനിമയില്‍ ശബ്ദം എത്തിയപ്പോഴേക്കും നിശബ്ദ ചിത്രങ്ങളുമായി തിയേറ്ററുകളില്‍ പിടിച്ചു നില്‍ക്കാന്‍ ഫാല്‍കെക്കായില്ല. നിശബ്ദചിത്രങ്ങളില്‍ ചിലതിന് ശബ്ദം നല്‍കി പുനരാവിഷ്കരിച്ചെങ്കിലും ക്രമേണ ഫാല്‍കെ സിനിമ ഉപേക്ഷിക്കുകയായിരുന്നു. "ഹരിശ്ചന്ദ്രാചി ഫാക്ടറി" നന്നായി സ്വീകരിക്കപ്പെട്ടെങ്കിലും നാലുകോടി മുടക്കിയതിന്റെ ക്ഷീണത്തില്‍ നിന്ന് പരേഷ് കരകയറി വരുന്നതേയുള്ളു.

""ഒരു മറാത്തി ചിത്രത്തിന് നാലുകോടിയോളം പണമിറക്കുന്നത് ശരിക്കും ഭ്രാന്തായിരുന്നു. ആ പണമെല്ലാം തിരിച്ചുകിട്ടിയെന്ന് പറയാനികില്ല. ഒന്നിനു പത്തായി തിരിച്ചുപിടിക്കാനല്ല ഞാന്‍ പണമിറക്കിയത്. എനിക്ക് സിനിമ ഉണ്ടാക്കണമായിരുന്നു. രണ്ടാമതൊരു ചിത്രമൊരുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പ്രതിസന്ധികളെ ഫാല്‍കെയെ പോലെ ചിരിച്ചുകൊണ്ട് നേരിടാനുള്ള ശ്രമത്തിലാണ് ഞാന്‍.""-പരേഷ് പറയുന്നു.

*
ഗിരീഷ് ബാലകൃഷ്ണന്‍ ദേശാഭിമാനി

തീവ്രവാദ പ്രവര്‍ത്തനത്തിന് അറുതി വരുത്തണം

കണ്ണൂര്‍ ജില്ലയിലെ നാറാത്ത് തീവ്രവാദപ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയ ക്യാമ്പില്‍നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്ത സംഭവം ജനങ്ങള്‍ക്കിടയില്‍ ഭയാശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. മഞ്ഞുമലയുടെ ഒരു ചെറിയ അറ്റം മാത്രമാണിത്. നാറാത്തെ ക്യാമ്പില്‍നിന്ന് 21 തീവ്രവാദികളെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചിരിക്കുകയാണ്. ഇവരില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ കാഴ്ചവസ്തുക്കളല്ല. സ്വന്തം നാട്ടുകാരെ കൊലപ്പെടുത്താനും മുറിവേല്‍പ്പിക്കാനുമുള്ളതാണെന്ന് വ്യക്തം. സ്ഥലത്തുനിന്ന് ഓടിയൊളിച്ച കമറുദീന്‍ എന്ന ആളുടെ വീട്ടില്‍ തെരച്ചില്‍ നടത്തി വീണ്ടും നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് സാധിച്ചു. വാടകയ്ക്ക് കൊടുത്ത ഒരു വീട്ടില്‍ സ്വന്തമായി ഉപയോഗിക്കാന്‍ മാറ്റിവച്ച മുറിയില്‍നിന്നാണ് മാരകായുധങ്ങള്‍ പിടിച്ചെടുത്തത്. പോപ്പുലര്‍ ഫ്രണ്ട്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നീ സംഘടനകളുടെ പ്രവര്‍ത്തകരില്‍നിന്നാണ് ആയുധം പിടിച്ചെടുത്തത്. തീവ്രവാദികള്‍ ഒരേ പേരിലല്ല അറിയപ്പെടുക. എന്‍ഡിഎഫ് (ദേശീയ വികസന മുന്നണി), എസ്ഡിപിഐ, പിഎഫ്ഐ എന്നീ വിവിധ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഫലത്തില്‍ എല്ലാം ഒന്നുതന്നെയാണ്. ആര്‍എസ്എസ്, ബജ്രംഗ്ദള്‍, ഹിന്ദുമുന്നണി, വിശ്വഹിന്ദു പരിഷത്ത് ഇതിന്റെയൊക്കെ രാഷ്ട്രീയമുഖമായ ബിജെപി എന്നിവ സംഘപരിവാര്‍ എന്ന പേരിലാണറിയപ്പെടുന്നത്. പല പേരുകളില്‍ അറിയപ്പെടുക എന്നത് തീവ്രവാദി ഫാസിസ്റ്റ് സംഘടനകളുടെ സമ്പ്രദായമാണ്. മുസ്ലിം തീവ്രവാദസംഘടനകളും ഹിന്ദു തീവ്രവാദ സംഘടനകളും ഒരുപോലെ ജനങ്ങളുടെ സൈ്വരജീവിതത്തിന് കടുത്ത ഭീഷണിയാണ.് അതുകൊണ്ടുതന്നെ ഇത്തരം ഭീകരവാദ തീവ്രവാദസംഘടനകളെ ദേശദ്രോഹസംഘടനകളായിത്തന്നെ കാണേണ്ടതുണ്ട്. അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇത്തരം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നുള്ളിക്കളയാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുകയും വേണം.

തീവ്രവാദപ്രവര്‍ത്തകരുടെ ആയുധ പരിശീലനത്തിന്റെ പല രൂപങ്ങളും ഇതിനകം പുറത്തുവന്നു. ഇക്കൂട്ടരെല്ലാം പരമരഹസ്യമായിട്ടാണ് ആയുധപരിശീലനം നടത്തിവരുന്നത്. മലപ്പുറം ജില്ലയില്‍ വിപുലമായ ഒരു ക്യാമ്പ് പ്രവര്‍ത്തനം നടത്തുന്നതായി എല്ലാവര്‍ക്കും വിവരമുള്ളതാണ്. പൊലീസധികാരികള്‍ക്ക് ഈ ആയുധ പരിശീലനകേന്ദ്രത്തില്‍ കടന്നുചെല്ലാന്‍പോലും ഭയമാണെന്നാണ് പറയുന്നത്. ക്യാമ്പിന്റെ വിവരം അറിയുന്നവര്‍തന്നെ ഭയംമൂലം പുറത്തുപറയാന്‍ ഭയപ്പെടുന്നു. എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആയുധപരിശീലനം ആരംഭിക്കുന്നത് മൃഗങ്ങളെ വെട്ടിയാണ്. റോഡരികില്‍ ഓടിപ്പോകുന്ന നായ്ക്കളെ ബൈക്കില്‍ സഞ്ചരിച്ച് വാളുകൊണ്ട് വെട്ടി പരിശീലനം നടത്തുന്ന വിവരം ഇതിനകം പുറത്തുവന്നു. ഇവരുടെ പരിശീലനകേന്ദ്രം സ്വന്തക്കാര്‍ക്കറിയാനുള്ള ചില സൂത്രവാക്കുകള്‍ എഴുതി കമ്പിക്കാലിലും മറ്റും പ്രദര്‍ശിപ്പിക്കുന്ന രീതി തുടരുന്നുണ്ട് എന്നാണറിയുന്നത്. കമ്പിവേലി എന്നെഴുതി അതില്‍ ഫോണ്‍ നമ്പരും രേഖപ്പെടുത്തിയതായി കാണാം. ഇത്രയധികം കമ്പിവേലിയുടെ ആവശ്യം നാട്ടിലില്ലെന്ന് ആര്‍ക്കും മനസിലാക്കാവുന്നതാണ്. ഇത്തരം സൂചനകളെല്ലാം സംശയത്തിന് ബലം നല്‍കുന്നതാണ്. എന്ത് ക്രൂരതയും കാണിക്കാന്‍ മടിയില്ലാത്ത മനുഷ്യത്വമില്ലാത്ത മനസ്സ് സൃഷ്ടിച്ചെടുത്താണ് പരിശീലനം പൂര്‍ത്തിയാക്കുന്നത്. സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം ഇത്തരം പരിശീലനകേന്ദ്രത്തിനു നേരെ കണ്ണടയ്ക്കുന്നതായാണ് കാണുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ആയുധപരിശീലനത്തിനും പഠനക്ലാസിനും സൗകര്യം ലഭിക്കുന്നു. പഠനക്ലാസ് എന്നത് തീവ്രവാദപ്രവര്‍ത്തനം നടത്താനുള്ള പഠനമാണ്.

പോപ്പുലര്‍ ഫ്രണ്ടുകാരുടെ രഹസ്യകേന്ദ്രങ്ങളില്‍ രണ്ടുമൂന്നു ദിവസമായി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ മാരകായുധങ്ങളുമായി പിടികൂടിയതില്‍ അതിന്റെ നേതൃത്വത്തിന് പ്രയാസമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍, അവരുടെ ന്യായവാദം അതിവിചിത്രമാണ്. ആരോഗ്യസംരക്ഷണത്തിനുള്ള വ്യായാമമാണ് ക്യാമ്പില്‍ നടക്കുന്നതെന്നാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇരുമ്പുദണ്ഡും വാളും ബോംബും കഠാരിയും മറ്റും യോഗപരിശീലനകേന്ദ്രത്തില്‍ ഉപയോഗിക്കാനുള്ളതാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ആളുണ്ടാകുമെന്ന് കരുതാനുള്ള മൗഢ്യം തീവ്രവാദികള്‍ക്കുണ്ടാകാനിടയില്ല. ആയുധങ്ങളോടെ പിടിയിലായപ്പോള്‍ എന്തുപറയണമെന്നറിയാതെ പരുങ്ങുകയാണ്.

ഇതേ എസ്ഡിപിഐക്കാരാണല്ലോ പള്ളിയില്‍ പോയി പ്രാര്‍ഥിച്ച് തിരിച്ചുവരികയായിരുന്ന കോളേജധ്യാപകന്റെ കൈവെട്ടി കാട്ടിലെറിഞ്ഞത്. വാഹനം തടഞ്ഞ് പുറത്തിറക്കിയാണ് നടുറോഡിലിട്ട് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ ചോദ്യം പ്രവാചകനിന്ദയാണെന്ന് വ്യാഖ്യാനിച്ചാണ് അധ്യാപകനെതിരെ കൊലപാതകശ്രമം നടത്തിയത്. പ്രവാചകനിന്ദയ്ക്ക് കൈപ്പത്തിവെട്ടലാണ് മതംകല്‍പ്പിക്കുന്ന ശിക്ഷ എന്നാണ് പ്രചരിപ്പിച്ചത്. കൈപ്പത്തി വെട്ടി മാറ്റിയ ക്രിമിനലുകളെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കിയതിന് വീടുവീടാന്തരം കയറി വര്‍ഗീയപ്രചാരണം നടത്തുകയുംചെയ്തു. വര്‍ഗീയതയും ഭീകരപ്രവര്‍ത്തനവും കൂടപ്പിറപ്പുകളാണ്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദപ്രവര്‍ത്തനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ പിന്‍തുണ ലഭിക്കുന്നു എന്നതാണ് ഗൗരവമായ വിഷയം. നാറാത്തുനിന്ന് പിടികൂടിയ തീവ്രവാദികള്‍ക്ക് ബംഗളൂരുവില്‍ നടന്ന സ്ഫോടനവുമായി ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിരിക്കുന്നു. യുഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിംലിഗ് ഇത്തരം തീവ്രവാദികളെ സംരക്ഷിക്കുന്നതായ ആക്ഷേപം വ്യാപകമായി നിലവിലുള്ളതാണ്. പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് മുസ്ലിംലീഗും തീവ്രവാദികളും ഒന്നിച്ചുപ്രവര്‍ത്തിക്കുന്നത്. നാദാപുരം മേഖലയിലെ ബോംബു നിര്‍മാണ ഫാക്ടറിയില്‍ ബോംബു സ്ഫോടനം നടന്നപ്പോള്‍ അഞ്ച് മുസ്ലിം ലീഗ് ചെറുപ്പക്കാരാണ് മരിച്ചത്. തുടര്‍ന്നും അവിടെ ബോംബുസ്ഫോടനം നടന്നു. കാസര്‍കോട് ജില്ലയിലും ഇത്തരം സംഭവങ്ങളുണ്ടായി. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളെപ്പറിയുള്ള അന്വേഷണം എവിടെയും എത്താതെ വഴിമുട്ടിപ്പോകുകയാണ്. നാദാപുരത്ത് ഒരു പള്ളിയില്‍നിന്ന് ബോംബ് ശേഖരം കണ്ടെത്തിയതിനു പോലും തെളിവില്ലാതെപോയി. തീവ്രവാദികള്‍ക്കുള്ള ഭരണസ്വാധീനമാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം നാറാത്തെ ആയുധശേഖരവും ആയുധപരിശീലനവും രാജ്യദ്രോഹപ്രവര്‍ത്തനവും കാണാന്‍. ഇക്കൂട്ടര്‍ക്ക് വിദേശബന്ധമുണ്ടെന്ന സംശയവും ബലപ്പെട്ടു വരുന്നുണ്ട്. അതുകൊണ്ടുതന്നെ പൊലീസ് ശുപാര്‍ശചെയ്തതിനനുസൃതം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ട വിഷയമായി ഇതിനെ കാണണം. ഈ വിഷയം വളര്‍ന്നാല്‍ നാട് നശിക്കും. നമ്മുടെ നാട് രക്ഷപ്പെടണമെങ്കില്‍ ഈ വിഷവൃക്ഷം പിഴുതെറിയണം. അതിന് ജനങ്ങള്‍ ഒറ്റക്കെട്ടായി തീവ്രവാദപ്രവര്‍ത്തനത്തിനെതിരെ അണിനിരക്കണം. തീവ്രവാദികളെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുകയും വേണം.

*
ദേശാഭിമാനി മുഖപ്രസംഗം 27 ഏപ്രില്‍ 2013

ഇന്ദിരാഗാന്ധി കുടുംബം: ഇടപാടുകളിലെ ഇടനിലക്കാര്‍

വിദേശ കമ്പനികളുമായുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇടപാടുകളില്‍ ഇന്ദിരാഗാന്ധിയുടെ കുടുംബത്തിലെ അംഗങ്ങള്‍ കാലാകാലങ്ങളില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നത് പുതിയ വാര്‍ത്തയൊന്നുമല്ല. ബൊഫോഴ്സ് അടക്കം നിരവധി ഇടപാടുകളില്‍ ഇന്ദിരാഗാന്ധിയുടെ കുടുംബാംഗങ്ങളോ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ പങ്കു വഹിച്ചു. ബൊഫോഴ്സ് കേസിലെ പ്രതിയായ ഒട്ടാവിയോ ക്വട്ട്റോച്ചിയെ രക്ഷപ്പെടുത്താന്‍ സോണിയാഗാന്ധിയും മറ്റും വഹിച്ച പങ്കും രഹസ്യമല്ല. ഈ ഇടപാടു പരമ്പരകള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ ഏറ്റവും ഒടുവിലത്തേതാണ് "കിസിഞ്ചര്‍ കേബിള്‍സ്" എന്ന അമേരിക്കന്‍ രഹസ്യരേഖകളില്‍ നിന്ന് ലഭിച്ചത്. വിക്കിലീക്ക്സ് ശേഖരിച്ച ഈ രേഖകള്‍ "ദി ഹിന്ദു" പത്രവുമായ അവര്‍ ഉണ്ടാക്കിയ ധാരണപ്രകാരം പത്രം അവ പ്രസിദ്ധീകരിച്ചതിലൂടെ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ മറ്റൊരു ഇടപാട് കൂടി പുറത്തുവന്നിരിക്കുന്നു.

1984ലാണ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. അതിനുമുമ്പ് അദ്ദേഹം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്നു. അധികാരസ്ഥാനങ്ങളില്‍ നിന്നെല്ലാം അകന്നുനിന്നാണ് രാജീവ്ഗാന്ധി തന്റെ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ഔദ്യോഗികജീവിതം പൂര്‍ത്തിയാക്കിയതെന്നാണ് കരുതപ്പെട്ടിരുന്നത്്. അഴിമതിക്കറ പുരളാത്ത വ്യക്തിത്വം എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ കേവലം യാത്രാവിമാന പൈലറ്റായ ഒരാള്‍ ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളില്‍ ഇടനിലക്കാരനായി സാങ്കേതിക ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. എഴുപതുകളില്‍ സ്വീഡിഷ് കമ്പനിയായ സബ്സ്കാനിയയില്‍ നിന്ന് വിഗ്ഗന്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് യാഥാര്‍ഥ്യമാക്കാന്‍ രാജീവ്ഗാന്ധിയായിരിക്കണം ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് വിക്കിലീക്ക്സ് ശേഖരിച്ച "കിസിഞ്ചര്‍ കേബിള്‍സി"ല്‍ നിന്ന് ലഭിക്കുന്ന വിവരം. ഒടുവില്‍ അമേരിക്കയുടെ ഇടപെടല്‍ കാരണം സബ്സ്കാനിയക്ക് ഓര്‍ഡര്‍ ലഭിച്ചില്ല. പകരം ബ്രിട്ടീഷ് കമ്പനിയായ സെപെകാറ്റിന്റെ ജാഗ്വാര്‍ പോര്‍ വിമാനങ്ങള്‍ വിജയിച്ചു. അധികാരത്തിലെത്തുന്നതിനു മുമ്പുണ്ടായിരുന്നുവെന്ന് കരുതിയ "സംശുദ്ധ പ്രതിഛായ" 1984ല്‍ പ്രധാനമന്ത്രിയായി അധികാരസ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹത്തിന് നഷ്ടമായി. സ്വീഡിഷ് കമ്പനിയായ ബൊഫോഴ്സിന് തോക്കിടപാട് ശരിയാക്കി കൊടുത്തതില്‍ അധികാരസ്ഥാനം ദുരുപയോഗിച്ചുവെന്ന വസ്തുത പുറത്തായി. വലിയ കോളിളക്കമുണ്ടാക്കിയ ബൊഫോഴ്ച് ഇടപാട് 1989ല്‍ രാജീവ്ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി.

1974 മുതല്‍ 1976 വരെയുള്ള കാലയളവില്‍ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് അമേരിക്കയിലേക്ക് അയച്ച 41 കേബിള്‍ സന്ദേശങ്ങളിലാണ് രാജീവ്ഗാന്ധി എഴുപതുകളില്‍ തന്നെ അഴിമതി ഇടപാടുകളില്‍ മുഖ്യ കാര്‍മികനായിരുന്നുവെന്ന വിവരമുള്ളത്. 1975 ഒക്ടോബര്‍ 21ന് അയച്ച കേബിള്‍ സന്ദേശത്തില്‍ പറയുന്നു-""വിഗ്ഗന്‍ വിമാനങ്ങളുടെ ഇടപാട് സംബന്ധിച്ച ചര്‍ച്ചകളില്‍ മുഖ്യ ഇടനിലക്കാരന്‍ മിസിസ് ഗാന്ധിയുടെ മൂത്ത മകന്‍ രാജീവ് ഗാന്ധിയാണെന്ന് സ്വീഡിഷ് എംബസി ഉദ്യോഗസ്ഥന്‍ ഞങ്ങളെ അറിയിച്ചു. ഞങ്ങളുടെ അറിവില്‍ ഇദ്ദേഹത്തിന് വ്യോമയാന വ്യവസായവുമായുള്ള ഏക ബന്ധം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റാണെന്നതു മാത്രമാണ്. അദ്ദേഹത്തെ ഒരു സംരംഭകനെന്ന നിലയില്‍ ആദ്യമായാണ് ഞങ്ങള്‍ അറിയുന്നത്. മിറാഷ് വിമാനത്തിനു വേണ്ടി ഇടനിലക്കാരനായി വ്യോമസേനാ മേധാവിയുടെ മരുമകനാണ് രംഗത്തുള്ളത്. ബ്രിട്ടീഷുകാരെ സംബന്ധിച്ചുള്ള മുന്‍വിധികള്‍ കാരണം ജാഗ്വാര്‍ വിമാനങ്ങള്‍ വാങ്ങേണ്ടെന്ന് ഇന്ദിരാഗാന്ധി വ്യക്തിപരമായ തീരുമാനമെടുത്തെന്നാണ് സ്വീഡിഷുകാര്‍ പറയുന്നത്. മിറാഷ്, വിഗ്ഗന്‍ വിമാനങ്ങള്‍ തമ്മിലായിരിക്കും മത്സരം. ലോക രാഷ്ട്രീയത്തില്‍ സ്വീഡന്റെ നിഷ്പക്ഷ നിലപാട് തങ്ങള്‍ക്ക് അനുകൂല ഘടകമാകുമെന്നും സ്വീഡിഷ് അധികൃതര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാതെ ഇന്ദിരാഗാന്ധി നേരിട്ട് ചര്‍ച്ചകളില്‍ ഇടപെടുന്നത് സ്വീഡിഷ് ഉദ്യോഗസ്ഥര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. വിമാനമൊന്നിന് 40-50 ലക്ഷം ഡോളര്‍ വച്ച് 50 വിഗ്ഗന്‍ വിമാനങ്ങള്‍ വില്‍ക്കുന്നതിനാണ് ഇടപാടെന്ന് സ്വീഡിഷ് എംബസി ഉദ്യോഗസ്ഥര്‍ പറയുന്നു. മേലില്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനമെടുത്തതായും സ്വീഡന്‍ വിശ്വസിക്കുന്നു"".

1976 ഫെബ്രുവരി ആറിന് അയച്ച മറ്റൊരു കേബിളില്‍ പറയുന്നു, "ഇന്ത്യന്‍ വ്യോമസേനക്ക് വിഗ്ഗന്‍ വിമാനങ്ങള്‍ വില്‍ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സ്വീഡിഷുകാര്‍ ഒരിക്കല്‍കൂടി പ്രതീക്ഷയിലാണ്. സബ്സ്കാനിയ കമ്പനിയുടെ സെയില്‍സ് മാനേജരും സ്വീഡിഷ് വ്യോമസേനയുടെ മുന്‍ ആക്ടിങ് കമാന്‍ഡര്‍ കൂടിയായ ചീഫ് ടെക്നിക്കല്‍ അഡൈ്വസറും ഇന്ത്യന്‍ മേധാവികളുമായി ചര്‍ച്ചക്ക് പത്ത് ദിവസം മുമ്പ് ഡല്‍ഹിയില്‍ എത്തി. പുതിയ ഇന്ത്യന്‍ പ്രതിരോധമന്ത്രിയെയും പുതിയ വ്യോമസേനാ മേധാവിയെയും ആവശ്യമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സബ്സ്കാനിയ മുഖ്യ സാങ്കേതിക ഉപദേഷ്ടാവ് ഇന്ത്യയില്‍ തങ്ങുകയാണ്. പുതിയ വിഗ്ഗന്‍ വിമാനങ്ങള്‍ പറത്തിനോക്കാനായി ഇന്ത്യന്‍ വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റിനെ സ്വീഡനിലേക്ക് അയക്കുമെന്ന് സ്വീഡിഷ് അധികൃതര്‍ പ്രതീക്ഷിക്കുന്നു. മുമ്പ് നിര്‍മിച്ച വിഗ്ഗന്‍ വിമാനങ്ങളുടെ ചിറകിന്റെ കുഴപ്പം മൂലം അവ പിന്‍വലിക്കേണ്ടിവന്നതിനെക്കുറിച്ച് നല്‍കിയ വിശദീകരണം ഇന്ത്യന്‍ അധികൃതര്‍ സ്വീകരിച്ചുവെന്നും സ്വീഡന്‍കാര്‍ പറഞ്ഞിട്ടുണ്ട്. വിമാനത്തിന്റെ ആയുസ്സിനെപ്പറ്റി ഇന്ത്യക്കാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. രണ്ടായിരാമാണ്ട് വരെ വിമാനം ഉപയോഗിക്കാന്‍ കഴിയും. ഇന്ത്യയില്‍ തന്നെ വിമാനത്തിന്റെ ചട്ടക്കൂട് നിര്‍മിക്കാനും എഞ്ചിന്റെ ചില ഭാഗങ്ങളും ഭാവിയില്‍ നിര്‍മിക്കാന്‍ കഴിയും. എന്നാല്‍ വിമാനത്തിന്റെ നിയന്ത്രണ സംവിധാനമായ ഇലക്ട്രോണിക്സ് പ്രയോഗമായ "ഏവിയോണിക്സ്" സ്വീഡന്‍ തന്നെയായിരിക്കും നല്‍കുക.

ബ്ലാക്ക്ബോക്സില്ലാതെ വിഗ്ഗന്‍ വിമാനങ്ങള്‍ വില്‍ക്കാനാവില്ലെന്നാണ് സ്വീഡന്റെ നിലപാട്. ഉയര്‍ന്ന വിലയാണ് മറ്റൊരു പ്രതികൂല ഘടകം. ഇന്ത്യയില്‍ നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ സ്വീഡനിലേക്ക് ഇറക്കുമതി ചെയ്യാനുള്ള സാധ്യതകളും പരിഗണിക്കുന്നു. സ്വീഡിഷ് വിദേശമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കയാണ്. വിമാനങ്ങള്‍ കടമായി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം നിലനില്‍ക്കുന്നുണ്ട്. അത് സ്വീഡന്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നാണ് തോന്നുന്നത്. എന്നാല്‍ സ്വീഡിഷ് വിദേശമന്ത്രിക്ക് ഏതു വിധേനയും വിമാന ഇടപാട് നടത്തണമെന്നുണ്ട്. അതിന് എന്തൊക്കെ സൗജന്യങ്ങളാണ് സ്വീഡന്‍ പരിഗണിക്കുന്നതെന്ന വിവരം അവര്‍ നല്‍കിയിട്ടില്ല". ഒരു യാത്രാ വിമാനത്തിന്റെ പൈലറ്റിനോട് പോര്‍വിമാനത്തിന്റെ സാങ്കേതികതകളെക്കുറിച്ച് വിശദീകരിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് സ്വീഡിഷ് അധികൃതര്‍ പറഞ്ഞതായും അമേരിക്കന്‍ കേബിളുകളില്‍ വിശദീകരിക്കുന്നുണ്ട്. ചര്‍ച്ചകള്‍ ഏറെ നടന്നെങ്കിലും വിഗ്ഗന്‍ വിമാന ഇടപാട് നടന്നില്ല. അമേരിക്ക ഇടപെട്ട് സ്വീഡനെ പിന്തിരിപ്പിക്കുകയായിരുന്നു. അമേരിക്കയുമായുള്ള സൈനിക സഹകരണത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്ന സ്വീഡന്‍ ഇന്ത്യയുമായുള്ള വിമാന ഇടപാടിന് പിന്നീട് താല്‍പര്യം കാട്ടിയില്ല. വിഗ്ഗന്‍ വിമാനത്തിലെ നിരവധി സാങ്കേതിക സംവിധാനങ്ങളും ഘടകങ്ങളും അമേരിക്ക നല്‍കിയിട്ടുള്ളതാണ്. അത് മൂന്നാമതൊരു രാജ്യത്തിന് ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് വിഗ്ഗന്‍ വിമാന ഇടപാട് അട്ടിമറിക്കാന്‍ അമേരിക്ക ഉപയോഗിച്ചത്. ഇന്ദിരാഗാന്ധി ആദ്യം വേണ്ടെന്നുവെച്ച ബ്രിട്ടീഷ് ജാഗ്വാര്‍ വിമാനങ്ങള്‍ തന്നെ പിന്നീട് ഇന്ത്യക്ക് വാങ്ങേണ്ടിവന്നു. സായുധസേനക്ക് ആവശ്യമായ ആയുധങ്ങളും വിമാനങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതില്‍ കേന്ദ്രഭരണത്തിന്റെ തലപ്പത്തിരിക്കുന്നവരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും എങ്ങനെയാണ് കൈകടത്തിയിരുന്നതെന്ന് ബോധ്യപ്പെടുത്തുന്ന മറ്റൊരു വസ്തുതയാണ് വിക്കിലീക്ക്സ് വെളിപ്പെടുത്തിയിരിക്കുന്നത്.

അഴിമതി ഇടപാടുകള്‍ ഇന്ദിരാഗാന്ധി കുടുംബത്തിന് പുത്തരിയല്ല. ബൊഫോഴ്സ് തോക്കിടപാട് ലോകത്തെ ഏറ്റവും വലിയ അഴിമതിക്കഥകളിലൊന്നാണ്. തുകയുടെ വലുപ്പത്തില്‍ അതിനേക്കാള്‍ വലിയ അഴിമതി കോണ്‍ഗ്രസ് ഭരണകാലത്തു തന്നെ നടന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന 2 ജി സ്പെക്ട്രം അഴിമതി 1.76 ലക്ഷം കോടിയുടേതായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ കല്‍ക്കരി വകുപ്പിന്റെ ചുമതല കയ്യാളിയിരുന്ന സമയത്ത് നടന്ന കല്‍ക്കരിപ്പാടം വിതരണം ചെയ്യലില്‍ ഖജനാവിന് നഷ്ടമായത് പത്ത് ലക്ഷം കോടിയിലധികം രൂപയാണ്. രാജീവ്ഗാന്ധി അമ്മയുടെ തണലിലിരുന്നും പിന്നീട് സ്വന്തം നിലയില്‍ അധികാരസ്ഥാനത്തിരുന്നും അഴിമതിക്ക് ശ്രമിച്ചു. പ്രധാനമന്ത്രിയായിരിക്കെ അഴിമതി ഇടപാട് നടത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. 1986 മാര്‍ച്ചിലാണ് 28.5 കോടി ഡോളറിന്റെ(ഏകദേശം 1500 കോടി രൂപ) ബൊഫോഴ്സ് തോക്കിടപാട് കരാറില്‍ ഇന്ത്യയും സ്വീഡിഷ് കമ്പനിയായ ബൊഫോഴ്സും ഒപ്പുവെച്ചത്.

1987 ഏപ്രിലില്‍ സ്വീഡിഷ് റേഡിയോ നടത്തിയ പ്രക്ഷേപണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ബൊഫോഴ്സ് ഇടപാടിനു വേണ്ടി ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതര്‍ക്കും 64 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു സ്വീഡിഷ് റേഡിയോയുടെ വെളിപ്പെടുത്തല്‍. രാജീവ്ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും കുടുംബസുഹൃത്തും ഇറ്റലിക്കാരനുമായ ഒട്ടാവിയോ ക്വട്ട്റോച്ചിയാണ് ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങളില്‍ നിത്യസന്ദര്‍ശകനായിരുന്നു ക്വട്ട്റോച്ചി. നീണ്ടുനിന്ന നിയമയുദ്ധത്തിനു ശേഷം കോഴ ഇടപാട് സംബന്ധിച്ച അഞ്ഞൂറിലധികം രേഖകള്‍ 1997ല്‍ ഇന്ത്യാ ഗവണ്‍മെന്റിന് ലഭിച്ചു. 1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. 1999ല്‍ ക്വട്ട്റോച്ചി, രാജീവ്ഗാന്ധി എന്നിവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ക്വട്ട്റോച്ചിയെ അറസ്റ്റുചെയ്ത് ഇന്ത്യയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ശ്രമിച്ചില്ല. 2007 ഫെബ്രുവരി ആറിന് അര്‍ജന്റീനയില്‍ ക്വട്ട്റോച്ചിയെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ സിബിഐ അറസ്റ്റുവാര്‍ത്ത പുറത്തുവിട്ടത് ഫെബ്രുവരി 23ന്. അര്‍ജന്റീനയില്‍ നിന്ന് ക്വട്ട്റോച്ചിയെ ഇന്ത്യയിലെത്തിക്കാനുള്ള നിയമ പോരാട്ടത്തില്‍ സോണിയാഗാന്ധി ഇടപെട്ട് ബോധപൂര്‍വം കാലതാമസം വരുത്തുകയും പിഴവുകളുണ്ടാക്കുകയും ചെയ്തു. മലേഷ്യയില്‍ വച്ച് ക്വട്ട്റോച്ചിയെ അറസ്റ്റുചെയ്യാന്‍ സിബിഐക്ക് ലഭിച്ച അവസരവും ബോധപൂര്‍വം പിഴവുകളുണ്ടാക്കി നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ പൂര്‍ണമായും തദ്ദേശീയമായി നിറവേറ്റണമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറയുന്നുണ്ട്. പക്ഷേ പറയുന്നതിനു വിപരീതമായാണ് അദ്ദേഹത്തിന്റെ കീഴിലും കാര്യങ്ങള്‍ നടക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ കാലത്തിനനുസരിച്ച് നിറവേറ്റാന്‍ ചുമതലപ്പെട്ട പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആര്‍ഡിഒ) നോക്കുകുത്തിയായിട്ട് കാലം ഏറെയായി.

വിദേശത്തുനിന്ന് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഇറക്കുമതി ചെയ്ത് കോടികളുടെ കമ്മീഷന്‍ തട്ടിയെടുക്കുന്ന സംഘം ഇന്ത്യയുടെ ഭരണത്തലപ്പത്തു തന്നെയിരിക്കുമ്പോള്‍ ഡിആര്‍ഡിഒ എങ്ങനെ അതിന്റെ ധര്‍മം നിറവേറ്റും? ഡിആര്‍ഡിഒയെ മരവിപ്പിച്ചു നിര്‍ത്തി വിദേശരാജ്യങ്ങളുമായി ഇടപാടുകള്‍ നടത്തി കോടികള്‍ കമ്മീഷന്‍ തട്ടുകയെന്നത് എ കെ ആന്റണിയുടെ കീഴിലും നടന്നുകൊണ്ടിരിക്കുന്നു. പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനു പകരം ദോശ, ഇഡ്ഡലി, ചപ്പാത്തി എന്നിവ മികച്ച രീതിയില്‍ ഉണ്ടാക്കിയെടുക്കാനുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് ഡിആര്‍ഡിഒ ചെയ്യുന്നത്. പ്രതിരോധ ആവശ്യത്തിന് ഡിആര്‍ഡിഒ തന്നെ മറ്റ് ഏജന്‍സികളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങിനല്‍കുന്നുമുണ്ട്. വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകളിലും രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങളല്ല പ്രധാന ഘടകം; കമ്മീഷനാണ്. അതിനുവേണ്ടി ഒരു സാധാരണ വാണിജ്യ സര്‍വീസിലെ പൈലറ്റായ രാജീവ്ഗാന്ധി പോര്‍വിമാനങ്ങള്‍ക്കായുള്ള ഇടപാടില്‍ പ്രധാന ചര്‍ച്ച നടത്തുന്നു. രാജ്യത്തിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇത്തരം ചര്‍ച്ചകളും അതിന് ചുക്കാന്‍പിടിക്കുന്ന ഇടനിലക്കാരും തടസ്സമാകുന്നു.
 
1948ല്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ജീപ്പ് ഇറക്കുമതി മുതല്‍ ബൊഫോഴ്സിലൂടെ ഏറ്റവുമൊടുവില്‍ എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ സംഭവിച്ച ടട്രാ ട്രക്ക് ഇടപാട്, അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടിനുള്ള നീക്കം എന്നിവയിലൊക്കെ ഉന്നത ഭരണാധികാരികളും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദല്ലാള്‍മാരുമായി നടത്തിയ ഒത്തുകളിയുടെ കഥകളാണ് പുറത്തുവന്നത്. പുറത്തുവന്ന കഥകളേക്കാള്‍ ഞെട്ടിക്കുന്നതായിരിക്കും ഇനിയും പുറത്തുവരാനുള്ള കഥകള്‍. ഒരു കാര്യം ഉറപ്പ്. ഇന്ത്യ നടത്തിയ എല്ലാ പ്രധാന പ്രതിരോധ ഇടപാടുകളിലും ഭരണനേതൃത്വത്തിലുള്ളവരോ അവരുമായി അടുപ്പമുള്ളവരോ നിയമവിരുദ്ധമായ ആനുകൂല്യവും കോഴയും കൈപ്പറ്റിയിട്ടുണ്ട്. ഇതുവരെ നടന്ന എല്ലാ പ്രതിരോധ ഇടപാടുകളും സംബന്ധിച്ച് വിശ്വസനീയമായ ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിച്ചാല്‍ മാത്രമേ എല്ലാ സത്യങ്ങളും വെളിപ്പെടുകയുള്ളൂ.

*
വി ജയിന്‍ ചിന്ത 28 ഏപ്രില്‍ 2013

അരാജകത്വം അഴിച്ചുവിടുന്ന മമതാ ബാനര്‍ജി

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ ഗവണ്‍മെന്‍റ് പിടിപ്പുകേടുകൊണ്ടും ജനങ്ങളുടെ മേല്‍ തുടര്‍ച്ചയായി നടത്തുന്ന കടന്നാക്രമണംകൊണ്ടും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിപിഐ എമ്മിെന്‍റ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്കെതിരെ കുത്തക വ്യവസായികളുടെയും സകല മാര്‍ക്സിസ്റ്റ് വിരുദ്ധരുടെയും പിന്തിരിപ്പന്‍ മാധ്യമ കൂട്ടായ്മകളുടെയും പിന്‍ബലത്തോടെ വന്‍വിജയമാണ് മമത 2011ലെ തിരഞ്ഞെടുപ്പില്‍ നേടിയത്. വോട്ടുകളുടെ കാര്യത്തിലുള്ള അന്തരം താരതമ്യേന കുറവായിരുന്നു. ഇടതുപക്ഷവിരുദ്ധ വോട്ടുകളെയെല്ലാം സമാഹരിച്ചെടുത്തായിരുന്നു ആ വിജയം. എന്നാല്‍, വിജയലഹരിയില്‍ തൃണമൂല്‍ പാര്‍ടിയും അതിലേറെ മമതാ ബാനര്‍ജിയും മതിമറന്നു.

ആരുടെയും മെക്കിട്ടു കയറുന്ന ശീലം മുറുകെപ്പിടിച്ചാണ് മമതാ ബാനര്‍ജി കോണ്‍ഗ്രസ്സിനകത്ത് ഒരു ഗ്രൂപ്പിെന്‍റ നായികയായത്. അവസാനം കോണ്‍ഗ്രസ്സിനെ ദുര്‍ബലമാക്കി പശ്ചിമബംഗാളിലെ മുഖ്യവലതുപക്ഷ ശക്തിയാക്കി തൃണമൂലിനെ മാറ്റിയതും അങ്ങനെ തന്നെ. മുഖ്യമന്ത്രിയായതോടെ തിരുവായ്ക്ക് ആരുടെയും എതിര്‍വാക്ക് അവര്‍ക്ക് അസഹനീയമായി. തനിക്കെതിരെ പ്രക്ഷോഭവും പ്രകടനവും നടത്തിയവരെ അവര്‍ പൊലീസിനെ വിട്ട് തല്ലിച്ചതച്ചു, വെടിവെച്ചു കൊന്നു. അവര്‍ക്കെതിരെ ഒരു കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് വഴി പ്രചരിപ്പിച്ചതിനു ഒരു സര്‍വകലാശാലാ പ്രൊഫസറെ അവര്‍ ജയിലില്‍ അടച്ചു. കോടതിക്ക് വരെ ആ പ്രശ്നത്തില്‍ നീതിയുടെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ ഇടപെടേണ്ടിവന്നു. അങ്ങനെ എത്രയെത്ര കയ്യേറ്റങ്ങള്‍, കടുംകൈകള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം പശ്ചിമ ബംഗാളില്‍ നടമാടി?

കൊല്‍ക്കത്ത നഗരഹൃദയത്തില്‍ ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍, അതില്‍ ഇടപെട്ട് നീതി ഉറപ്പുവരുത്തുന്നതിനു പകരം കുറ്റക്കാരെ രക്ഷിക്കാനും ഇരയായ സ്ത്രീയെ ഭീഷണിപ്പെടുത്താനുമൊക്കെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇടപെട്ടത്. അങ്ങനെ എന്തെല്ലാം സംഭവങ്ങള്‍! ഇവയ്ക്ക് മകുടം ചാര്‍ത്തുന്നതായിരുന്നു ഈയിടെ കൊല്‍ക്കത്തയില്‍ എസ്എഫ്ഐ നേതാവായ സുദീപ്ത ഗുപ്ത എന്ന വിദ്യാര്‍ഥി പൊലീസ് വാനില്‍ ഇരിക്കെ കൊല്ലപ്പെട്ടത്. ആ അരും കൊലയ്ക്ക് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ മേല്‍ നിയമപ്രകാരം നടപടിയെടുക്കുന്നതിനുപകരം ഈ പൊലീസ് കാട്ടാളത്തത്തില്‍ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, മറ്റ് ജനാധിപത്യവാദികള്‍ക്കുംനേരെ കടന്നാക്രമണത്തിനു മുതിരുകയാണ് മുഖ്യമന്ത്രി മമത മുതല്‍ക്കുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ ചെയ്തത്.

എസ്എഫ്ഐ നേതാവ് സുദീപ്ത ഗുപ്തയെ ഇത്തരത്തില്‍ മൃഗീയമായി കൊല ചെയ്തതിനോട് ഇടതുപക്ഷക്കാര്‍ക്ക് മാത്രമല്ല രോഷം ഉണ്ടായത്. അതാകട്ടെ, പശ്ചിമ ബംഗാളിനുള്ളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതുമായിരുന്നില്ല. അതിനാലാണ് പശ്ചിമ ബംഗാളിെന്‍റ വാര്‍ഷിക പദ്ധതി ആസൂത്രണ കമ്മീഷനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനു ദല്‍ഹിയില്‍ യോജനാഭവനിലേക്കു ചെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ധനമന്ത്രി അമിത് മിത്രക്കും സഹപ്രവര്‍ത്തകര്‍ക്കും എതിരായി എസ്എഫ്ഐ, സിപിഐ എം പ്രവര്‍ത്തകര്‍ മാത്രമല്ല, മറ്റ് പല സംഘടനകളില്‍ പെടുന്നവരും യോജനാഭവനുമുന്നില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇത് അപ്രതീക്ഷിതമായി അവരുടെ നേരെ നടത്തപ്പെട്ട പ്രതിഷേധ പ്രകടനമായിരുന്നില്ല. മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു. അതിനാല്‍ ദല്‍ഹി പൊലീസ് യോജനാഭവനുമുന്നില്‍ എല്ലാ ബന്തവസ്സുകളും ചെയ്തിരുന്നു.

യോജനാഭവനിലേക്ക് കയറുന്നതിനു പല ഗേറ്റുകളുമുണ്ട്. അതില്‍ ഒന്നിെന്‍റ മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. മറ്റൊരു ഗേറ്റിലൂടെ ഭവനു അകത്തു ചെല്ലുന്നതിനു പശ്ചിമബംഗാള്‍ സംഘത്തിനു പൊലീസ് നിര്‍ദേശം നല്‍കി. അതുവഴി മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരെ സുരക്ഷിതരായി അകത്തുകടത്താന്‍ ഏര്‍പ്പാട് ചെയ്തിരുന്നതായി പൊലീസ് പിന്നീട് പറഞ്ഞു. എന്നാല്‍, അങ്ങനെ ചെയ്യുന്നതിനു പകരം പ്രകടനക്കാര്‍ അണിനിരന്ന ഗേറ്റിലൂടെ അകത്തുകടക്കുന്നതിനു മുതിരുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ചെയ്തത്. പ്രതിഷേധ പ്രകടനക്കാരെ പ്രകോപിപ്പിച്ച്, അവരുടെ ആക്രമണത്തിന് ഇരയായി, ജനങ്ങളുടെ അനുകമ്പ നേടി, സുദീപ്ത ഗുപ്തയെ പച്ചക്ക് കൊന്നതിെന്‍റ പാപക്കറ കഴുകിക്കളയുക എന്ന കുറുക്കുവഴി തേടുകയായിരുന്നു മമതാ ബാനര്‍ജി. എന്നാല്‍, പ്രകടനക്കാര്‍ കാണിച്ച ആത്മസംയമനവും ദല്‍ഹി പൊലീസ് ഇടപെട്ടതുംമൂലം അതു നടന്നില്ല.

ധനമന്ത്രി അമിത് ഗുപ്ത ആ ഗേറ്റില്‍ ഉണ്ടായ ഉന്തിലും തള്ളലിലും പെട്ടുപോയി. ഈ സംഭവത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ പരസ്യമായി അപലപിച്ചു. വിവിധ സംഘടനകള്‍ ചേര്‍ന്നു നടത്തിയ സ്വാഭാവികമായ പ്രതിഷേധ പ്രകടനത്തെ ആരാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതെന്ന് കണ്ടുപിടിക്കുമെന്ന് പിബി പ്രഖ്യാപിച്ചു. ആരു ചെയ്തതായാലും, യോജനാഭവനു മുന്നിലുണ്ടായ കയ്യേറ്റത്തെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. ഈ സംഭവത്തെ മറയാക്കി പശ്ചിമ ബംഗാളിലാകെ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐ എമ്മിെന്‍റയും വര്‍ഗ - ബഹുജന സംഘടനകളുടെയും നിരവധി ഓഫീസുകള്‍ മാത്രമല്ല, മറ്റ് ഇടതുപക്ഷ കക്ഷികളുടെ ഓഫീസുകളും ആക്രമിച്ചു നശിപ്പിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ദിവസങ്ങളോളം അത് തുടര്‍ന്നു. അതിനെ തടയാനോ നിരുല്‍സാഹപ്പെടുത്താനോ തൃണമൂല്‍ നേതാക്കളോ ഭരണാധികാരികളോ ആരും തയ്യാറായില്ല. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാലയിലെ ക്ലാസ് മുറികളും ലാബറട്ടറികളും നശിപ്പിക്കുന്നതടക്കമുള്ള കാട്ടാളത്തത്തിലേക്ക് തൃണമൂലുകാരുടെ പ്രതിഷേധം അധഃപതിച്ചു. അതിനെതിരെ രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളുടെ പ്രതിഷേധവും രോഷവും പലേടങ്ങളിലും പതഞ്ഞുപൊങ്ങി.

ഇതിനിടെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ അദ്ദേഹത്തിെന്‍റ ഉന്നതമായ ഭരണഘടനാ പദവിക്കു നിരക്കാത്തവിധത്തില്‍, ദല്‍ഹിയില്‍ നടന്ന സംഭവത്തെ അപലപിച്ചുകൊണ്ട് ഒരു പ്രസ്താവന ചെയ്തു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംഘത്തിനുനേരെ ഉണ്ടായ കയ്യേറ്റത്തെ ഗവര്‍ണര്‍ അപലപിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, അത് പശ്ചിമബംഗാള്‍ മന്ത്രിമാരുടെ സംഘത്തിനുനേരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കയ്യേറ്റമാണ്, ഇന്ത്യയുടെ ആധുനിക ചരിത്രത്തില്‍ അഭൂതപൂര്‍വമാണ് ഈ കയ്യേറ്റം, ജനാധിപത്യ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശം ഈ കയ്യേറ്റം നടത്തിയവരും അതിനു പ്രേരിപ്പിച്ചവരും കളഞ്ഞുകുളിച്ചിരിക്കുന്നു, സിപിഐ എം പിബി പരസ്യമായി മാപ്പ് പറയണം എന്നെല്ലാമുള്ള അദ്ദേഹത്തിെന്‍റ പ്രലപനങ്ങള്‍ ഇതുവരെ ഒരു ഗവര്‍ണരും ചെയ്യാത്ത രൂപത്തിലുള്ളതാണ്.

എം കെ നാരായണെന്‍റ മാര്‍ക്സിസ്റ്റ് വിരോധവും താന്‍ ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ചുള്ള വിവരക്കേടും മമതാ ബാനര്‍ജിയോടുള്ള ഭയപ്പാടുമാണ് ആ പ്രസ്താവനയില്‍ ഓളം വെട്ടിക്കണ്ടത്. മമതാ ബാനര്‍ജിയാകട്ടെ, ഈ ആക്രമണത്തില്‍ "രക്തസാക്ഷി" ചമയാനായി പ്രധാനമന്ത്രിയും ധനമന്ത്രിയുമായുള്ള അവരുടെ കൂടിക്കാഴ്ച റദ്ദാക്കി. ദല്‍ഹി സുരക്ഷിത സ്ഥലമല്ല എന്ന് പ്രസ്താവനയിറക്കി അവര്‍ കൊല്‍ക്കത്തക്ക് മടങ്ങി. പശ്ചിമ ബംഗാളിലെ തൃണമൂല്‍ അക്രമപരമ്പര അവസാനമില്ലാതെ നീണ്ടതോടെ ദല്‍ഹിയില്‍ മമതാ ബാനര്‍ജി സംഘത്തിനുനേരെ പ്രതിഷേധ പ്രകടനക്കാര്‍ ചെയ്തത് അല്‍പം കടന്നുപോയി എന്ന് അഭിപ്രായമുള്ളവര്‍പോലും അവര്‍ക്ക് അനുകൂലമായി കൂടുതലൊന്നും പ്രതികരിച്ചില്ല. മമതാ ബാനര്‍ജി ജനാഭിപ്രായം, വിശേഷിച്ച് മാധ്യമാഭിപ്രായം, തനിക്ക് അനുകൂലമാക്കാന്‍ കാണിച്ച വിക്രിയകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രതികരണം തന്നെ പിന്നീട് ലഭിച്ചു. അടുത്തകാലം വരെ അവരുടെ സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസ്സിനുവരെ കൊല്‍ക്കത്തയിലും ബംഗാളിലാകെയും ഉണ്ടായ അതിക്രമങ്ങളെ ശക്തമായി അപലപിക്കേണ്ടിവന്നു, തങ്ങള്‍ തൃണമൂലിെന്‍റ കൂട്ടത്തിലില്ല എന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍. തൃണമൂലിെന്‍റ പിന്തുണ നേടാന്‍ പുതിയ സാഹചര്യത്തില്‍ നീക്കങ്ങള്‍ നടത്തുന്ന ബിജെപിക്കാരും പശ്ചിമബംഗാളിലെ ഇപ്പോഴത്തെ പൊതു അന്തരീക്ഷത്തില്‍ തൃണമൂലുമായി അടുക്കുന്നതില്‍നിന്ന് മാറിനിന്നു.

പശ്ചിമബംഗാളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു. സുദീപ്ത ഗുപ്തയെന്ന പ്രമുഖ എസ്എഫ്ഐ നേതാവിനെ തൃണമൂല്‍ ഗവണ്‍മെന്‍റിെന്‍റ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാനാണ് മമതാ ബാനര്‍ജിയും സഹപ്രവര്‍ത്തകരും ഇപ്പോഴും ശ്രമിക്കുന്നത്. അതുവഴി അവര്‍ ചെയ്യുന്നത് ജനാധിപത്യപരമായ പ്രക്ഷോഭത്തെയും പ്രതിഷേധത്തെയും അടിച്ചമര്‍ത്തുകയാണ്. ജനങ്ങളുടെ മേല്‍ ഒരു നിയന്ത്രണവുമില്ലാതെ കുതിര കയറുകയാണ്. ജനങ്ങള്‍ സമാധാനപരമായി നടത്തുന്ന പ്രതിഷേധത്തെ വരെ അതിനു ഉപാധിയാക്കുകയാണ്. ഇതിനിടെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണെന്‍റ സിപിഐ എമ്മിനുനേരെ ഉണ്ടായ വഴിവിട്ട കടന്നാക്രമണം, ആഗോളവല്‍ക്കരണ വാഴ്ചയില്‍ ഭരണകൂട ശക്തികള്‍ അധ്വാനിക്കുന്ന ജനങ്ങളുടെനേരെ ചെന്നായ്ക്കളെപ്പോലെ ചാടിവീഴുന്നതിനു തെളിവാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനസാമാന്യത്തെയും നീതിപൂര്‍വം ചിന്തിക്കുന്ന എല്ലാവരെയും അണിനിരത്തി ചെറുത്തു നില്‍ക്കേണ്ടതിെന്‍റ പ്രാധാന്യം അത് എടുത്തു കാണിക്കുന്നു.

*
സി പി നാരായണന്‍ ചിന്ത വാരിക 28 ഏപ്രില്‍ 2013

Saturday, April 27, 2013

ബംഗാളില്‍ തൃണമൂല്‍ അക്രമ താണ്ഡവം

എസ്എഫ്ഐ നേതാവ് സുദീപ്ത ഗുപ്തയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരില്‍ ബംഗാളില്‍ സിപിഐ എമ്മിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രൂക്ഷമായ അക്രമണമാണ് അഴിച്ചു വിട്ടത്. സംസ്ഥാന വ്യാപകമായി തൃണമൂല്‍ അക്രമി സംഘം ഒരാഴ്ചയോളം അരങ്ങേറിയ അഴിഞ്ഞാട്ടത്തിലും അക്രമ താണ്ഡവത്തിലും ആയിരത്തിലധികം പാര്‍ടി ആഫീസുകള്‍ തല്ലിത്തകര്‍ക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. നേതാക്കളുള്‍പ്പെടെ നൂറുകണക്കിന് ആളുകളെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. അതില്‍ ധാരാളം പേര്‍ ആശുപത്രികളിലാണ്. അക്രമം ഭയന്ന് ആയിരക്കണക്കിന് പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്ക് സ്വന്തം നാടും വീടും വിട്ട് ഓടി പോകേണ്ടി വന്നു. പാര്‍ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകള്‍ക്കു നേരെയും അക്രമം നടത്തുകയും നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകരുടെ കടകളും സ്ഥാപനങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്തു. വന്‍ നാശനഷ്ടമാണ് അതുമൂലം ഉണ്ടായത്. നിരവധി പാര്‍ടി ഓഫീസുകള്‍ ബലാല്‍ക്കാരമായി പിടിച്ചെടുത്തു. പാര്‍ടി ഹൂഗ്ലി, ഡാര്‍ജിലിംങ്, കൂച്ച് ബിഹാര്‍ ജില്ലാ കമ്മറ്റി ഓഫീസുകള്‍ എറിഞ്ഞു തകര്‍ത്തു.

ഹൂഗ്ലി ജില്ലാ സെക്രട്ടറിയേറ്റ് യോഗം നടന്നു കൊണ്ടിരുന്നപ്പോഴാണ് അവിടെ അക്രമണം നടന്നത്. മൂന്നു മണിക്കൂറോളം സെക്രട്ടറിയേറ്റ് അംഗങ്ങളെ ഓഫീസില്‍ ഘെരാവൊ ചെയ്തു വെച്ചു. ജില്ലാ സെക്രട്ടറിയും മുന്‍ സംസ്ഥാന മന്ത്രിയുമായ സുദര്‍ശന്‍ റായ് ചൗധരിയുടെ കാറ് അടിച്ചു പൊളിച്ചു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയില്‍ കാനിംഗില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗവും നിയമസഭയില്‍ ഇടതുമുന്നണി ചീഫ് വിപ്പുമായ അബ്ദുള്‍ റസ്സാക്ക് മൊള്ളയുടെ കാറും അക്രമികള്‍ തല്ലി തകര്‍ക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്തു. പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന അലുമുദ്ദിന്‍ സ്ട്രീറ്റിലേക്ക് തൃണമൂലുകാര്‍ സംഘടിതമായി മാര്‍ച്ചു നടത്തി. ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡില്‍ വെച്ച് പ്രകടനക്കാരെ പൊലീസ് തടഞ്ഞു. എന്നാല്‍, മറ്റു സ്ഥലങ്ങളിലൊന്നും പൊലീസ് അക്രമികള്‍ക്കെതിരെ കാര്യമായ ഒരു നടപടിയും എടുത്തില്ല.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്രയെ അക്രമികള്‍ തടഞ്ഞുവെയ്ക്കുകയും കൈയ്യേറ്റം നടത്താന്‍ ശ്രമിയ്ക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ബാങ്കുറ ജില്ലയില്‍ ഖാത്തഡ എന്ന സ്ഥലത്താണ് അക്രമ ശ്രമം നടന്നത്. തൃണമൂല്‍ അക്രമത്തിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളിലും യോഗങ്ങളിലും പങ്കെടുക്കാനെത്തിയ അദ്ദേഹം റാണിബാന്ദ്വ ജില്‍മില്‍ ഏരിയായില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ശേഷം ബാങ്കുറ പട്ടണത്തിലേക്ക് പോകുന്ന വഴിയാണ് തടഞ്ഞത്. തൃണമൂല്‍ ജില്ലാ സെക്രട്ടറി ശ്യാമല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നൂറിലധികം വരുന്ന സംഘം മിശ്രയുടെ വഴി തടഞ്ഞു നിര്‍ത്തി ഗോ ബാക്ക് വിളിച്ചു കൊണ്ട് വണ്ടിയില്‍ ഇടിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഏതാനും മിനിട്ടുകള്‍ അത് തുടര്‍ന്നു. മിശ്രയ്ക്ക് അകമ്പടി ഉണ്ടായിരുന്ന പൊലീസും വഴിയിലുണ്ടായിരുന്ന പൊലീസുകാരും പ്രക്ഷോഭകരെ അകറ്റാന്‍ ശ്രമിച്ചപ്പോള്‍ അവരുമായി ഉന്തും തള്ളുമുണ്ടായി. പൊലീസ് ഒരു വിധം അക്രമകാരികളെ അകറ്റി മിശ്രയെ രക്ഷപ്പെടുത്തി. സിപിഐ എമ്മിന് നേരെ മാത്രമല്ല ഇടതുമുന്നണി ഘടക കക്ഷികളുടേയും പ്രശസ്തമായ സ്ഥാപനങ്ങളുടേയും നേരെ അക്രമമുണ്ടായി. പലയിടത്തും ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് കക്ഷികളുടെ ആഫീസുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ഉപദ്രവിയ്ക്കുകയും ചെയ്തു. സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ പ്രസിഡന്‍സി സര്‍വകലാശാലയ്ക്ക് ഉള്ളിലേക്ക് തൃണമൂലുകാര്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ഉപദ്രവിച്ചു. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി. അവിടെ നടന്നു കൊണ്ടിരുന്ന പരീക്ഷ അലങ്കോലപ്പെടുത്തി. വിഖ്യാതമായ ബെക്കാര്‍ ലാബറട്ടറി തല്ലി തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് അവിടെ ഉണ്ടായത്. അക്രമ സമയത്ത് പൊലീസ് അവിടെ ഉണ്ടായിരുന്നിട്ടും കലാപകാരികളെ തടയാനും സംരക്ഷണം നല്‍കാനും ഒരു നടപടിയും എടുത്തില്ലെന്ന് െവൈസ് ചാന്‍സിലറും രജിസ്ട്രാറും പരാതി നല്‍കി.

സര്‍വകലാശാലയില്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ഉപദ്രവിയ്ക്കുകയും നാശനഷ്ടം സൃഷ്ടിയ്ക്കുകയും ചെയ്ത അരാജകത്വത്തിലേക്ക് നയിക്കുന്ന വ്യാപകമായ അക്രമം അരങ്ങേറിയിട്ടും അത് തടയാന്‍ ഭരണതലത്തില്‍ കാര്യമായ യാതൊരു നടപടിയും ഉണ്ടായില്ല. അക്രമത്തിനെതിരെ പ്രതിഷേധിച്ച നേതാക്കളേയും പ്രവര്‍ത്തകരേയും കള്ളകേസില്‍ കുടുക്കി അറസ്റ്റു ചെയ്തു. നൂറുകണക്കിന് പ്രവര്‍ത്തകരെയാണ് സംസ്ഥാനത്തൊട്ടാകെ കസ്റ്റഡിയിലെടുത്തത്. സിലിഗുരിയില്‍ പാര്‍ടി ജില്ലാ കമ്മറ്റി ആഫീസായ അനില്‍ ബിശ്വാസ് ഭവനിലേക്ക് പൊലീസ് അതിക്രമിച്ച് കടന്ന് അവിടെയുണ്ടായിരുന്ന പാര്‍ടി സംസ്ഥാന കമ്മറ്റിയംഗങ്ങളായ അശോക് ഭട്ടാചര്യ, ജീബേഷ് സര്‍ക്കാര്‍ എന്നിവരുള്‍പ്പടെ 46 പ്രവര്‍ത്തകരെ ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടു പോയി. ഡല്‍ഹിയില്‍ നിന്ന് മമതാ ബാനര്‍ജിയും തൃണമൂല്‍ ജനറല്‍ സെക്രട്ടറി മുകുള്‍ റോയും കൊല്‍ക്കത്തയില്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും അണികള്‍ക്കു അക്രമത്തിന് നിര്‍ദേശം നല്‍കിയതിനു ശേഷമാണ് വ്യാപകമായ അഴിഞ്ഞാട്ടം ആരംഭിച്ചത്. ഡല്‍ഹിയില്‍ പ്ലാനിംഗ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പോയ മമത ബാനര്‍ജിയും മന്ത്രിമാരും അവിടെ പ്രതിഷേധം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും പൊലീസ് വിലക്ക് ലംഘിച്ച് പ്രകോപനം സൃഷ്ടിക്കാനായി പ്രതിഷേധക്കാരുടെ ഇടയിലൂടെ കടന്നു പോകാനുള്ള പിടിവാശിയാണ് കാണിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാന കവാടം അടച്ചിരുന്നു. മറ്റൊരു കവാടത്തിലൂടെ ഓഫീസിലേക്ക് കടക്കാന്‍ മുഖ്യമന്ത്രിയോട് സുരക്ഷാ വിഭാഗം അപേക്ഷിച്ചെങ്കിലും അവര്‍ അത് തള്ളിക്കളഞ്ഞു. പൈലറ്റ് വാഹനം ഉപയോഗിക്കാതെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയതും. പ്രതിഷേധക്കാരുടെ ഇടയിലേക്ക് കടക്കരുതെന്ന് നിര്‍ദ്ദേശിച്ച പൊലീസുകാരുടെ നേരെയും തട്ടിക്കയറി.

കരുതിക്കൂട്ടി പ്രകോപനം സൃഷ്ടിയ്ക്കുകയെന്നതായിരുന്നു മമതയുടെ ലക്ഷ്യം. മന്ത്രിമാരുള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കളാണ് പലയിടത്തും അക്രമത്തിന് നേതൃത്വം നല്‍കിയത്. സിലിഗുരിയില്‍ സിപിഐ എം ഡാര്‍ജിലിങ് ജില്ലാ കമ്മറ്റി ആഫീസ് അക്രമിച്ചതും അവിടെ ഉണ്ടായിരുന്ന നേതാക്കളെ ഉപദ്രവിച്ചതും ഉത്തര ബംഗാള്‍ വികസന മന്ത്രി ഗൗതം ദേബിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ്. മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് ഓഫീസ് ജില്ലാ കമ്മറ്റി ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് നേതാക്കളെ അറസ്റ്റു ചെയ്തത്. ഡല്‍ഹിയില്‍ നടന്ന സംഭവം ഖേദകരമായിരുന്നെന്നും അതിനോട് യോജിക്കുന്നില്ലന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവും ഇടതുമുന്നണിയും പ്രഖ്യാപിച്ചതിനു ശേഷവും വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. തൃണമൂല്‍ അക്രമ താണ്ഡവത്തിനെതിരെ ബംഗാളിലൊട്ടാകെ വ്യാപകമായ പ്രതിഷേധം അലയടിച്ചു. രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങളും ഫാസിസ്റ്റ് മാതൃകയിലുള്ള അക്രമത്തിനെതിരെ അണിനിരന്നു. ഭരണ സംവിധാനത്തിന്റെ പിന്തുണയോടെ ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിച്ചു കൊണ്ട് തൃണമൂല്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തിനെ വിവിധ തലങ്ങളിലുള്ള പ്രമുഖര്‍ അധിക്ഷേപിച്ചു. കൊല്‍ക്കത്തയിലും സംസ്ഥാനത്തൊട്ടാകെയും വന്‍ പ്രതിഷേധ റാലികളും യോഗങ്ങളുമാണ് നടന്നത്. കൊല്‍ക്കത്തയില്‍ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. എസ്പ്ലനേഡ് ലെനിന്‍ പ്രതിമയുടെ മുമ്പില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ലെനിന്‍ സരണി, വെല്ലിംഗ്ടണ്‍ സ്ക്വയര്‍, ബിപിന്‍ ബിഹാരി ഗാംഗുലി സ്ട്രീറ്റ് എന്നിവിടങ്ങളില്‍ കൂടി സഞ്ചരിച്ച് കോളേജ് സ്ക്വയറില്‍ സമാപിച്ചു. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവും ഘടകകക്ഷി നേതാക്കളും പ്രകടനത്തിന് നേതൃത്വം നല്‍കി. തൃണമൂല്‍ സംസ്ഥാനത്ത് പ്രതിപക്ഷത്തെ അടിച്ചൊതുക്കി ക്രമസമാധാനം തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് റാലി ഉത്ഘാടനം ചെയ്തുകൊണ്ട് ബിമണ്‍ ബസു പറഞ്ഞു. തൃണമൂല്‍ നടത്തിയ വ്യാപകമായ അക്രമത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ശക്തമായി അപലപിച്ചു. പ്രസിഡന്‍സി സര്‍വകലാശാലയ്ക്കു നേരെ ഉണ്ടായ അക്രമത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അപലപിച്ചു. അക്രമത്തിനെതിരെ വന്‍ പ്രതിഷേധ റാലി നടന്നു. യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന കോളേജ് സ്ക്വയറില്‍ നിന്നും എസ്പ്ലനേഡ് വരെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ വന്‍ തോതില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സാമൂഹ്യ സാസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. യൂണിവേഴ്സിറ്റി അടിച്ചു തകര്‍ക്കുകയും പെണ്‍കുട്ടികളെ അപമാനിക്കുകയും ചെയ്ത നടപടി സംസ്കാര ശൂന്യവും ക്രിമിനല്‍ കുററവുമാണെന്ന് ഗവര്‍ണര്‍ എം കെ നാരായണന്‍ പറഞ്ഞു.

തൃണമൂല്‍ കൗണ്‍സിലര്‍ പാര്‍ത്ഥാ ദേബിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അവിടെ അക്രമം നടത്തിയത്. തൃണമൂല്‍ പതാകയുമേന്തി എത്തിയ ആളുകളാണ് യൂണിവേഴ്സിറ്റിയില്‍ അക്രമം നടത്തിയതെന്ന് താന്‍ കണ്ടതായി വൈസ് ചാന്‍സിലര്‍ മാളവികാ സര്‍ക്കാര്‍ പറഞ്ഞതിനെതിരെ മന്ത്രിമാരായ പാര്‍ത്ഥാ ചാറ്റര്‍ജിയും സുബ്രതാ മുഖര്‍ജിയും വൈസ് ചാന്‍സിലറെ കടുത്ത ഭാഷയില്‍ ശകാരിച്ചു. യൂണിവേഴ്സിറ്റിയ്ക്കു നേരെ തൃണമൂലുകാര്‍ നടത്തിയ അക്രമത്തില്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും മറ്റ് ജീവനക്കാരോടും ക്ഷമ ചോദിച്ചു. ചാന്‍സിലര്‍ എന്ന നിലയില്‍ നിങ്ങളെ സംരക്ഷിക്കേണ്ട ചുമതല തനിയ്ക്ക് നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി സന്ദര്‍ശിച്ച് അക്രമികള്‍ തല്ലിത്തകര്‍ത്ത ലാബും മറ്റും സ്ഥലങ്ങളും കണ്ടതിനു ശേഷമാണ് ഖേദം പ്രകടിപ്പിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത ഏറ്റവും സുരക്ഷിതവും സമാധാനം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന നഗരമായിരുന്നു. ഇപ്പോള്‍ അതിന് മാറ്റം സംഭവിക്കുന്നു. തങ്ങളെ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചുവെന്ന് ആരോപിച്ച് തൃണമൂല്‍ നല്‍കിയ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കള്ളക്കേസിന്റെ സ്വഭാവം എല്ലാവര്‍ക്കും അറിയാമെന്നും കള്ളക്കേസ് ആരു നല്‍കിയാലും അത് ഗൗരവമായി എടുക്കേണ്ടതില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ആക്രമണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ ഛത്രപരിഷത്ത് നേതാവ് ഉള്‍പ്പടെ അഞ്ചു പേരെ അറസ്റ്റു ചെയ്തു.

സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന അഴിഞ്ഞാട്ടവും അക്രമവും അവസാനിപ്പിക്കാന്‍ ഉടന്‍ ശക്തമായ നടപടിയെടുക്കണമെന്നും ക്രമസമാധാന നില സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഇടതുമുന്നണി ബംഗാള്‍ ആഭ്യന്തര സെക്രട്ടറി ബസുദേബ് ബാനര്‍ജിക്ക് കത്തു നല്‍കി. അക്രമം തടയാന്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ ഇടതുമുന്നണി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കി. ആക്രമിക്കപ്പെട്ടവരുടെ പേരില്‍ കള്ളക്കേസുകള്‍ ചാര്‍ത്തുമ്പോള്‍ അക്രമകാരികള്‍ എല്ലായിടത്തും സ്വതന്ത്രമായി വിലസുന്നു. അക്രമത്തെ അധിക്ഷേപിക്കാന്‍ ഇതുവരെ ഗവണ്മെന്റു ഭാഗത്തു നിന്നും ഒരു വാക്കും ഉരിയാടിയിട്ടില്ല. ഏപ്രില്‍ രണ്ടിന് വിദ്യാര്‍ത്ഥി നേതാവ് സുദീപ്ത ഗുപ്ത പൊലീസ് അക്രമത്തില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനെ കുറിച്ചും ഇതുവരെ ഒരു തീരുമാനവും അറിയിച്ചില്ലെന്നും കത്തില്‍ എടുത്തുകാട്ടി. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവിനെ കൂടാതെ പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്രയും ഇടതുമുന്നണി ഘടക കക്ഷി നേതാക്കളും ഒപ്പിട്ടാണ് കത്തു നല്‍കിയത്.

*
ഗോപി കൊല്‍ക്കത്ത ചിന്ത വാരിക

Friday, April 26, 2013

തൊഴിലുറപ്പു പദ്ധതിയിലെ അപാകതയും അഴിമതിയും

ഇടതുപക്ഷ പാര്‍ടികളും കര്‍ഷക തൊഴിലാളി യൂണിയന്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളും നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ഫലമായാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ 2005ല്‍ തൊഴിലുറപ്പുനിയമം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. കരടുനിയമത്തില്‍ നിരവധി മാറ്റംവരുത്തി നിയമത്തിന് അവസാനരൂപം നല്‍കി. അതൊരു മെച്ചപ്പെട്ട സാമൂഹ്യക്ഷേമ പദ്ധതിയായി മാറിയത്, ഇടതുപക്ഷ പാര്‍ടികള്‍ നല്‍കിയ ഭേദഗതികളുടെ ഫലമായാണ്. ആദ്യം 200 ജില്ലയിലാണ് പദ്ധതി നടപ്പാക്കിയത്. പിന്നീടത് എല്ലാ ജില്ലയ്ക്കും ബാധകമാക്കി. ഗ്രാമീണമേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പശ്ചാത്തലസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും തൊഴിലുറപ്പുനിയമത്തിന്റെ പ്രധാന ലക്ഷ്യമാണ്. പാര്‍ലമെന്റ് അംഗീകരിച്ച നിയമമാണെങ്കിലും ഇത് നടപ്പാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് പ്രധാനപ്പെട്ട ചുമതലയുണ്ട്. ഗ്രാമീണമേഖലയില്‍ പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക എന്നത് ഈ നിയമത്തിന്റെ പ്രത്യേകതയാണ്. ഏറ്റെടുക്കാവുന്ന ജോലികളെ സംബന്ധിച്ച് നിയമത്തില്‍ ഉള്‍പ്പെടുത്തിയ നിബന്ധനകളില്‍ മാറ്റങ്ങള്‍ പിന്നീടു വരുത്തിയിട്ടുണ്ട്. പദ്ധതികള്‍ ആവിഷ്കരിക്കലും അതിന്റെ നിര്‍വഹണവും തുടര്‍പരിശോധനയും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

2007 മുതല്‍ 12 വരെയുള്ള സിഎജി റിപ്പോര്‍ട്ടില്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ പാളിച്ചകളും പോരായ്മകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് വലിയതോതില്‍ തൊഴില്‍ ദിനങ്ങളുടെ നഷ്ടത്തിലേക്കും സാമ്പത്തിക ക്രമക്കേടുകളിലേക്കും ചെന്നെത്തിയിട്ടുണ്ടെന്നാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യത്തെ റിപ്പോര്‍ട്ട് 2007-2008ലായിരുന്നു. രാജ്യത്തെ 28 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണപ്രദേശങ്ങളും 182 ജില്ലയും 458 ബ്ലോക്കും 3848 ഗ്രാമപഞ്ചായത്തുമാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയത്. 2009-2010നെ അപേക്ഷിച്ച് 2011-2012ല്‍ തൊഴില്‍ ദിനങ്ങള്‍ 54ല്‍ നിന്ന് 43 ദിവസമായി കുറഞ്ഞു. പൂര്‍ത്തീകരിക്കപ്പെട്ട പ്രവൃത്തികളുടെ കാര്യത്തിലും കുറവുവന്നു. ഇന്ത്യയിലെ ഗ്രാമീണജനതയുടെ 46 ശതമാനവും നിവസിക്കുന്ന ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നീക്കിവച്ച ഫണ്ടിന്റെ 20 ശതമാനം മാത്രമാണ് ചെലവഴിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന ദാരിദ്ര്യവും മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയുടെ പ്രവര്‍ത്തനത്തിലെ വൈകല്യവുമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. നിയമത്തിലെ 16(3) വകുപ്പനുസരിച്ച് ഗ്രാമസഭകള്‍ തയ്യാറാക്കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തുകള്‍ വികസനപദ്ധതികള്‍ക്ക് രൂപംനല്‍കേണ്ടത്. 11 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 1201 ഗ്രാമപ്രഞ്ചാത്തുകളിലെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചപ്പോള്‍ വാര്‍ഷികപദ്ധതികള്‍ തയ്യാറാക്കാതിരിക്കുകയോ, അപൂര്‍ണമായി തയ്യാറാക്കുകയോ ചെയ്ത അനുഭവമാണ്. 14 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചതില്‍ 129.22 ലക്ഷം പ്രവൃത്തികള്‍ക്കായി 1,26,961.11 കോടിരൂപയാണ് വാര്‍ഷികപദ്ധതിയില്‍ വകയിരുത്തിയിട്ടുള്ളത്. എന്നാല്‍, ഇതില്‍ 38.65 ലക്ഷം പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. അതായത് 27,792.13 കോടി രൂപയുടെ പ്രവര്‍ത്തനം മാത്രം. പദ്ധതി നടത്തിപ്പിലെ കാര്യക്ഷമത ഇല്ലായ്മയാണ് ഇത് സൂചിപ്പിക്കുന്നത്. നിയമം പാസായിട്ട് 7 വര്‍ഷം കഴിഞ്ഞിട്ടും ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ 2012 വരെയും തയ്യാറാക്കിയിട്ടില്ല. 12 സംസ്ഥാനവും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും വിവരശേഖരണം, വിദ്യാഭ്യാസം, വാര്‍ത്താവിതരണസൗകര്യം ഉള്‍പ്പെടെയുളള വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടേയില്ല.

അരുണാചല്‍ പ്രദേശ്, കേരളം, മണിപ്പുര്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കേണ്ട ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 9 സംസ്ഥാനത്ത് 20 മുതല്‍ 93 ശതമാനം വരെയുളള ഒഴിവുകള്‍ നികത്തിയിട്ടില്ല. 1960.45 കോടിരൂപ 2011 മാര്‍ച്ചില്‍ നിബന്ധനകളില്‍ ഇളവുവരുത്തി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. 2008 മുതല്‍ 2012 വരെ ബജറ്റില്‍ ചൂണ്ടിക്കാണിച്ച സാമ്പത്തിക ചട്ടങ്ങള്‍ക്ക് വിരുദ്ധമായി 472.99 കോടി രൂപ അനുവദിച്ചതിനെയും 6 സംസ്ഥാനത്തിനായി 2374.86 കോടിരൂപ കൂടുതല്‍ കൊടുത്തതിനെയും സിഎജി വിമര്‍ശിച്ചു. ആറ് സംസ്ഥാനത്ത് 12,455 കുടുംബത്തിന് തൊഴില്‍ കാര്‍ഡ് നല്‍കിയിട്ടില്ല. ഏഴു സംസ്ഥാനത്തില്‍ 4.33 ലക്ഷം തൊഴില്‍ കാര്‍ഡുകളില്‍ ഫോട്ടോ പതിച്ചിട്ടില്ല. 18,325 തൊഴില്‍ കാര്‍ഡുകളില്‍ ഇരട്ടിപ്പുള്ളതായി കണ്ടെത്തി. 12,008 കേസില്‍ തൊഴില്‍ കാര്‍ഡുകള്‍ 51 മാസം കഴിഞ്ഞശേഷമാണ് നല്‍കിയത്. 8 സംസ്ഥാനത്ത് 128.23 കോടിരൂപയുടെ ഫണ്ട് കൈകാര്യം ചെയ്തതില്‍ സംശയങ്ങളുയര്‍ന്നു. അതിന് ആവശ്യമായ വൗച്ചറോ രേഖകളോ നല്‍കിയിട്ടില്ല. നിയമത്തിലെ ഷെഡ്യൂള്‍ ഒന്ന് അനുശാസിക്കുന്നത് 40 ശതമാനത്തിലധികം വേതനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുകൂടെന്നാണ്. 12 സംസ്ഥാനത്തിലും ഒരു കേന്ദ്രഭരണപ്രദേശത്തും ഇത് 40 ശതമാനത്തിലധികം വന്നു. 25 സംസ്ഥാനത്തിലെയും യൂണിയന്‍ പ്രദേശങ്ങളിലേയും പരിശോധനയില്‍ 2252.43 കോടിരൂപയുടെ 10,02,100 അംഗീകരിക്കാന്‍ കഴിയാത്ത ജോലികള്‍ ഏറ്റെടുത്തെന്ന് തെളിഞ്ഞു. നിയമത്തിലെ നിബന്ധനകളിലുള്‍പ്പെടാത്ത റോഡുണ്ടാക്കല്‍, കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കല്‍, പശുക്കള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും ഉയര്‍ന്ന പ്ലാറ്റ്ഫോം നിര്‍മിക്കല്‍ എന്നിവ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമയം കഴിഞ്ഞിട്ടും 4070.76 കോടിരൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. പത്തു സംസ്ഥാനത്തിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലും നിയമത്തില്‍ ചൂണ്ടിക്കാണിച്ച സോഷ്യല്‍ ഓഡിറ്റ് സമ്പ്രദായം നടപ്പാക്കിയിട്ടില്ല. കേന്ദ്രീകൃത പരിശോധനയും താഴോട്ടുള്ള പരിശോധനയും തുടര്‍നടപടികളും നിയമം പാസായിട്ട് ആറുവര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പേരിനുള്ള ഫീല്‍ഡ് വിസിറ്റ് മാത്രമാണ് നടക്കുന്നത്. 11 സംസ്ഥാനത്തില്‍ 82 മുതല്‍ 100 ശതമാനം വരെയാണ് പോരായ്മകള്‍. ആവശ്യമായ രേഖകള്‍ സൂക്ഷിക്കുന്നതില്‍ 18 മുതല്‍ 54 ശതമാനം വരെയുള്ള വീഴ്ചകള്‍ ഗ്രാമപഞ്ചായത്തുകളില്‍ കാണാം. കൃത്യമായി രേഖകള്‍ സൂക്ഷിക്കാത്തതിനാല്‍ പരിശോധന നടത്തുന്നതില്‍ പരിമിതികള്‍ വന്നിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റൊരു ഗുരുതരമായ പാളിച്ച കംപ്യൂട്ടറില്‍ ലഭിക്കുന്ന വസ്തുതകളും റെക്കോഡില്‍ എഴുതി തയ്യാറാക്കിയ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ്. ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിന്റെയും ജീവിതസുരക്ഷിതത്വത്തിന് വര്‍ഷത്തില്‍ 100 ദിവസം ജോലി കൊടുക്കുക എന്നുള്ളത് തൊഴിലുറപ്പുപദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ഇത് പ്രായോഗികമാക്കാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതി നടപ്പാക്കുന്നതില്‍ വന്ന പാളിച്ചകളും പോരായ്മകളുമാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. തൊഴിലുറപ്പുപദ്ധതി ഇന്ത്യയിലാകെ നടപ്പാക്കുന്നു. ഇതിന്റെ നിര്‍വഹണം പൂര്‍ണമായും ത്രിതല പഞ്ചായത്തുകളിലൂടെയാണ്. ഇത് ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

നയപരമായ തീരുമാനങ്ങളും സാങ്കേതികവും പ്രായോഗികവുമായ പ്രശ്നങ്ങളും ഇതില്‍ വരുന്നുണ്ട്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും സാമൂഹ്യവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകള്‍ വ്യത്യസ്തങ്ങളാണ്. വികസനരംഗത്തെ ആവശ്യങ്ങളും വിവിധങ്ങള്‍ തന്നെ. നൂറുശതമാനം സുതാര്യതയോടെ സംസ്ഥാനത്തെ അത്തരം പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കഴിയണം, അത് പൂര്‍ണമായും ഗ്രാമീണ ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതുമാകണം. കേരളത്തിലെ കാര്‍ഷികമേഖലയിലെ ജോലി പൂര്‍ണമായും ഈ പദ്ധതിയുടെ ഭാഗമായി വന്നിട്ടില്ല. മെച്ചപ്പെട്ട രീതിയിലുള്ള അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്തുകളുടെ സുതാര്യമായ പ്രവര്‍ത്തനവുമാണ് ഈ നിയമം പ്രായോഗികരംഗത്ത് വിജയിക്കാന്‍ അനിവാര്യമായ ഘടകങ്ങള്‍. കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്കും താഴോട്ട് പഞ്ചായത്തുതലംവരെയുള്ള സമിതികള്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ജനപങ്കാളിത്തം ഈ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണ്. പ്രവൃത്തികള്‍ കണ്ടെത്തുന്നതും രൂപംനല്‍കുന്നതും ഗ്രാമസഭകളും പഞ്ചായത്തുകളുമാണ്. ബ്ലോക്കുകള്‍ നോഡല്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കുകയും ജില്ലാ പഞ്ചായത്തുകള്‍ പൊതുവായ നേതൃത്വം ഏറ്റടുക്കുകയും ചെയ്യുമ്പോള്‍ ഇതിനാകെ ശക്തിയും കരുത്തും പകരാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉയരാന്‍ കഴിയണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വലിയരീതിയിലുള്ള ജനപങ്കാളിത്തം പ്രകടമായിരുന്നു. മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനം പഞ്ചായത്തുകളില്‍ അന്ന് ആരംഭിച്ചു. പഞ്ചായത്ത് ബ്ലോക്കുതലത്തില്‍ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കാനുള്ള ടെക്നിക്കല്‍ കമ്മിറ്റികള്‍ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. അതോടെ ഉദ്യോഗസ്ഥര്‍ക്ക് അധികാരം വിനിയോഗിക്കാനുള്ള വേദിയായി ഇതു മാറി. ഇത് അഴിമതിയിലേക്ക് ചെന്നെത്തി. സുതാര്യമായ സോഷ്യല്‍ ഓഡിറ്റിങ് വേണ്ടെന്നുവച്ചതോടെ കുറ്റം കണ്ടെത്താനോ നടപടിയെടുക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് ഭരണസമിതികള്‍ എത്തുകയാണ്. ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന പഞ്ചായത്തുകള്‍ക്ക് ഇത്തരം മെച്ചപ്പെട്ട പദ്ധതികള്‍നടപ്പാക്കുന്നതില്‍ കാര്യക്ഷമത ഇല്ലാതെ വരുന്നു. എല്ലാത്തിനുമുപരി സംസ്ഥാന സര്‍ക്കാരിന്റെ ചില രാഷ്ട്രീയ തീരുമാനങ്ങള്‍ ഈ രംഗത്തുണ്ടാകേണ്ട സുതാര്യതയെയും കാര്യക്ഷമതയെയും പിന്നോട്ടടിപ്പിക്കുന്നു. ഭരണത്തിലെ രാഷ്ട്രീയ പാര്‍ടികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഒരേ വകുപ്പില്‍ തന്നെ നിരവധി മന്ത്രിമാര്‍ അധികാരം കൈയാളുന്നു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തുടങ്ങിയവയൊക്കെ പഞ്ചായത്ത് ഭരണസംവിധാനത്തിന്റെ ഭാഗവും അധികാരവികേന്ദ്രീകരണം നടപ്പാക്കേണ്ട കേന്ദ്രങ്ങളുമാണ്. നമ്മുടെ സംസ്ഥാനങ്ങളിലാകട്ടെ ഒരു വകുപ്പില്‍ തന്നെ മൂന്നും നാലും മന്ത്രിമാര്‍ വന്നതോടെ ഏറ്റവുമധികം ക്ഷീണിച്ചിട്ടുള്ളത് പഞ്ചായത്ത് ഭരണസംവിധാനമാണ്. ഇവിടെ പഞ്ചായത്തിനും ബ്ലോക്കിനും ജില്ലയ്ക്കും ഓരോ മന്ത്രിമാര്‍ വരുമ്പോള്‍ ഒന്നിച്ച് ചര്‍ച്ചചെയ്ത് തീരുമാനമെടുത്തു പോകേണ്ട ഭരണസംവിധാനം എങ്ങനെ മെച്ചപ്പെടും.

അതുകൊണ്ടുതന്നെ സാങ്കേതികവും പ്രായോഗികവുമായ നടപടികള്‍ മാത്രമല്ല, യുഡിഎഫ് എടുക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളും കേരളത്തില്‍ തൊഴിലുറപ്പുപദ്ധതിയിലെ കാര്യക്ഷമതയ്ക്ക് ക്ഷീണം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ 353 കോടി പ്രവൃത്തിദിനങ്ങള്‍ നഷ്ടമായത്. ഇത് ഗ്രാമീണമേഖലയിലെ പാവപ്പെട്ട ആളുകള്‍ക്ക് ലഭിക്കേണ്ട ജോലി നഷ്ടമാണ്, അതുവഴി അവര്‍ക്ക് ലഭിക്കേണ്ട വരുമാനമാണ് നഷ്ടപ്പെടുത്തിയത്. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഡിപിസിയുടെ അധികാരം എടുത്തുകളഞ്ഞതോടെ പരിശോധനയോ വിലയിരുത്തലോ ഇല്ലാതായി. ദേശീയരംഗത്ത് പഞ്ചായത്തിരാജ് സംവിധാനത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ കേരളം തുടര്‍ച്ചയായി മൂന്നുതവണ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ഈ നയവൈകല്യത്തിന്റെ ഭാഗം തന്നെയാണ്.

*
പി കരുണാകരന്‍ ദേശാഭിമാനി 26 ഏപ്രില്‍ 2013

മൗനംകൊണ്ടുള്ള ഒറ്റുകൊടുക്കല്‍

നരേന്ദ്ര മോഡി വന്നു; പോയി. പക്ഷേ, ആ വരവ് ശിവഗിരിയുടെ യശസ്സിനും മഹത്വത്തിനും ഏല്‍പ്പിച്ച കളങ്കം അത്രവേഗം പോകുന്നതല്ല. അതു കളയാന്‍ ഒരു വഴിയേ ഉള്ളു. ആ തീര്‍ഥാടന കേന്ദ്രത്തിന്റെ മതാതീതമായ പ്രസക്തിക്ക് മുഴുവന്‍ മതനിരപേക്ഷ വാദികളും മനസ്സുകൊണ്ട് കാവല്‍ നില്‍ക്കുക എന്നതാണത്. ശിവഗിരിയെ ഒരു മതവര്‍ഗീയ കേന്ദ്രമാക്കി മാറ്റാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ ഉണ്ടായ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങള്‍ അപകടപ്പെടില്ലെന്ന് ഉറപ്പാക്കാനും ആ വിധത്തിലുള്ള ജാഗ്രത കൂടിയേ തീരു.

ശിവഗിരി സമൂഹനന്മ ആഗ്രഹിക്കുന്ന മുഴുവനാളുകള്‍ക്കും ഒരു പ്രതീകസ്ഥാനമാണ്. മതനിരപേക്ഷതയുടെ പ്രതീകം. സമുദായ സൗഹാര്‍ദത്തിന്റെ പ്രതീകം. മനുഷ്യരുടെയാകെ ഒരുമയുടെ പ്രതീകം. അത് അങ്ങനെയാണ് എന്നുള്ളതുകൊണ്ടുതന്നെയാണ് അതിനെ തങ്ങളുടെ ആധിപത്യത്തിന് കീഴിലാക്കാന്‍ സംഘപരിവാര്‍ ഇടവിട്ടിടവിട്ട് പ്രത്യേക വ്യഗ്രത കാട്ടിക്കൊണ്ടിരിക്കുന്നത്. ആ പ്രക്രിയയിലെ പുതിയ കണ്ണിയായിരുന്നു നരേന്ദ്രമോഡിയുടെ സന്ദര്‍ശനം. മോഡിയുടെ സന്ദര്‍ശനത്തെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ എതിര്‍ത്തത് മോഡി മുഖ്യമന്ത്രിയായതുകൊണ്ടല്ല. മറിച്ച് ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങളെ അത്രയേറെ ധ്വംസിച്ച ആളാണ് അദ്ദേഹം എന്നതുകൊണ്ടാണ്. "ഒരു പീഡ എറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പ"യെക്കുറിച്ച് ശ്രീനാരായണഗുരു പാടി. ഗുരു പറഞ്ഞ ആ അനുകമ്പയാണോ ഗുജറാത്തിന്റെ തെരുവുകളില്‍ ഭരണരക്ഷാകര്‍തൃത്വത്തോടെ നരേന്ദ്രമോഡി ആസൂത്രണംചെയ്ത് നടത്തിയ വംശഹത്യാപരമ്പരകളില്‍ കണ്ടത്?

"മനുഷ്യാണം മനുഷ്യത്വം ജാതി" എന്നു ഗുരു പഠിപ്പിച്ചു. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്നര്‍ഥം. ആ മനുഷ്യത്വമാണോ ഗുജറാത്തില്‍ വ്യാപകമായി ഇസ്ലാം മതവിശ്വാസികളെ തെരഞ്ഞെുപിടിച്ച് കൂട്ടക്കൊലചെയ്തതില്‍ കണ്ടത്? "നരജാതി ഇതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം" എന്ന ഗുരുസൂക്തത്തിന് അല്‍പ്പമെങ്കിലും വില കല്‍പ്പിച്ചിരുന്നെങ്കില്‍ തെരുവിലിട്ട് മനുഷ്യരെ പച്ചജീവനോടെ ചുട്ടുകൊല്ലാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കഴിയുമായിരുന്നോ? "കൊല പാപമാകുന്നു" എന്ന ഗുരുവചനത്തെ ആദരിക്കലാണോ ഗുജറാത്തിലെ വംശഹത്യാപരമ്പരകളില്‍ കണ്ടത്. "എല്ലാവരുമാത്മസഹോദരരെന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം" എന്ന് പഠിപ്പിക്കാനാണ് ഗുരു തന്റെ ജീവിതമാകെ വിനിയോഗിച്ചത്. എല്ലാവരും ആത്മസഹോദരരാണെന്നു കരുതുന്ന ഒരു മനസ്സിന് സാധിക്കുന്ന നിഷ്ഠുരതയാണോ ന്യൂനപക്ഷത്തിനു നേര്‍ക്ക് മോഡിയും കൂട്ടരും നടത്തിയത്? എല്ലാ മതങ്ങളും ഒരുപോലെ എന്നു ഗുരുപഠിപ്പിച്ചു. "പുരുഷാകൃത പൂണ്ട ദൈവമോ, നരദിവ്യാകൃതി പൂണ്ടധര്‍മമോ, പരമേശപവിത്ര പുത്രനോ, കരുണാവാന്‍ നബി മുത്തുരത്നമോ?" എന്ന വരികളില്‍ നമുക്കതു കാണാം. സ്നേഹവാനായ ക്രിസ്തുവും ദയാമയനായ നബിയും അനുകമ്പ ഉടലാര്‍ന്ന മഹാത്മാക്കളല്ലാതെ മറ്റാരാണെന്ന് ഗുരു ആ കവിതയില്‍ ചോദിച്ചു. ദയാമയന്‍ എന്നു ഗുരു വിശേഷിപ്പിച്ച നബിയുടെ പാത പിന്തുടരുന്നവരെ കൂട്ടക്കൊലചെയ്യുന്നതിന് സൂത്രധാരത്വം വഹിച്ച ആളെ ഗുരുവിന്റെ സ്മൃതിസന്നിധിയില്‍ വിളിച്ച് ആദരിക്കുന്നത് ഉചിതമാണോ? ആ അനൗചിത്യത്തേക്കാള്‍ വലിയ ഗുരുനിന്ദ വേറെയുണ്ടോ?

ആര്യപുരാതനരുടെ വംശ "മഹിമ" പുനഃസ്ഥാപിക്കാന്‍ ഹിറ്റ്ലര്‍ ശ്രമിച്ചതുപോലെ ജീര്‍ണമായ ബ്രാഹ്മണ്യത്തിന്റെ "മഹിമ"പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് സംഘപരിവാര്‍. സമൂഹത്തെ നാലു തട്ടായി തിരിക്കുക. അതില്‍ ഏറ്റവും മുകളിലായി ബ്രാഹ്മണരെ പ്രതിഷ്ഠിക്കുക. ഏറ്റവും താഴത്തെ തട്ടില്‍ ശൂദ്രരെ സ്ഥാപിക്കുക. "തന്മന്ത്രം ബ്രാഹ്മണാധീനം, ബ്രാഹ്മണോ മമദൈവതം" എന്ന് മുഴുവന്‍ ബ്രാഹ്മണേതരരെക്കൊണ്ടും അംഗീകരിപ്പിക്കുക. അതായത് ബ്രാഹ്മണനാണ് തന്റെ ദൈവമെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുക. ഇത്തരമൊരു ബ്രാഹ്മണാധിപത്യത്തില്‍ അധിഷ്ഠിതമായ പഴയ ചാതുര്‍വര്‍ണ്യക്രമത്തിന്റെ, വര്‍ണാശ്രമധര്‍മത്തിന്റെ ജീര്‍ണ സാമൂഹ്യഘടന പുനഃസ്ഥാപിക്കലാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഇത് ഇങ്ങനെയല്ല എന്നു വാദിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ സംഘപരിവാറിനെക്കൊണ്ട് "ചാതുര്‍വര്‍ണ്യം മയാസൃഷ്ടം, ഗുണകര്‍മവിഭാഗശഃ" എന്ന ഗീതാവാക്യത്തെ തള്ളിപ്പറയിക്കട്ടെ. ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ് എന്നാണിതിനര്‍ഥം. ഈ ഭാഗം സംഘപരിവാര്‍ എന്നും മാനിഫെസ്റ്റോപോലെ ഉയര്‍ത്തിപ്പിടിച്ചിട്ടേയുള്ളൂ. ഈ ചാതുര്‍വര്‍ണ്യക്രമം പൊളിച്ച് അടിമകള്‍ക്ക് തുല്യം സമൂഹഘടനയില്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിഞ്ഞിരുന്ന ജനകോടികളെ മനുഷ്യര്‍ എന്ന് അംഗീകരിപ്പിക്കാനാണ് ഗുരു ജീവിതംകൊണ്ട് ശ്രമിച്ചത്. ആ ഗുരുവിന്റെ സമാധിമന്ദിരത്തിലേക്കുതന്നെ വേണമായിരുന്നോ വര്‍ണാശ്രമധര്‍മത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യക്രമം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്ന സംഘപരിവാറിന്റെ നായകനെ; അതും നരഹത്യയുടെ ചോരപുരണ്ട കൈകളുമായി നില്‍ക്കുന്ന നേതാവിനെ ചുവപ്പു പരവതാനി വിരിച്ച് ആദരിച്ച് ആനയിക്കാന്‍? ഗുരുവിന്റെ സ്മൃതികളെപ്പോലും വേദനിപ്പിക്കുന്ന മറ്റെന്തുണ്ട് ഇനി ചെയ്യാന്‍? ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ സംഘപരിവാറിന്റെ സങ്കല്‍പ്പം യാഥാര്‍ഥ്യമായി വന്നാല്‍ സമൂഹഘടനയില്‍ തങ്ങളുടെ നില എവിടെയായിരിക്കുമെന്ന കാര്യമെങ്കിലും എസ്എന്‍ഡിപി യോഗം സെക്രട്ടറിയും ശിവഗിരിയിലെ സ്വാമിമാരും ഓര്‍ക്കേണ്ടിയിരുന്നില്ലേ? അവര്‍ അത് ഓര്‍ക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അവരെ അത് ഓര്‍മിപ്പിക്കുകയെന്ന ദൗത്യം ശ്രീനാരായണഗുരുവിന്റെ ചിന്തയുടെ വെളിച്ചം- സമഭാവനയുടെ വെളിച്ചം- ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന സാധാരണക്കാരായ കേരളീയ ജനലക്ഷങ്ങള്‍ ഏറ്റെടുക്കുകതന്നെ ചെയ്യും. ഓര്‍മകളുണ്ടായിരിക്കണം എന്നുമാത്രം യോഗം സെക്രട്ടറിയെയും സ്വാമിമാരെയും ഓര്‍മിപ്പിക്കട്ടെ. ശിവഗിരിയെ അധീനത്തിലാക്കിയാല്‍ അതിലൂടെ വലിയ ഒരു ജനവിഭാഗത്തെയും അവര്‍ സൃഷ്ടിച്ച സ്വത്തുവകകളെയും അധീനത്തിലാക്കാമെന്ന് സംഘപരിവാര്‍ കണക്കുകൂട്ടുന്നു. സംഘപരിവാറിന്റെ അധീശത്വത്തിന്‍ കീഴിലായാല്‍ ആ നിമിഷം ശിവഗിരിക്കും ശ്രീനാരായണ ധര്‍മപരിപാലനയോഗത്തിനും അതിന്റെ സ്വത്വം പൂര്‍ണമായി നഷ്ടപ്പെടും. ആ അവസ്ഥ ഉണ്ടാവാതിരിക്കാനും ഈ ഘട്ടത്തില്‍ ജാഗ്രതാപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ്.

"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്നുപറഞ്ഞ ശ്രീനാരായണ ഗുരുവിനെ ഒരു പ്രത്യേക മതത്തിന്റെ വരുതിക്കു കീഴിലാക്കണ്ട. എല്ലാ മതങ്ങളെയും ഒരുപോലെ കണ്ട ഗുരുവിനെ ഹിന്ദുസന്യാസിയാക്കി മുദ്രകുത്തുകയും വേണ്ട. മതനിരപേക്ഷതയുടെ, മതാതീതമായ മാനവികതയുടെ മഹാസന്ദേശത്തിന്റെ പ്രസരണകേന്ദ്രമായിത്തന്നെ ശിവഗിരി തുടരണം. ശിവഗിരിയുടെ ആ വിശിഷ്ട വ്യക്തിത്വം ഏതു ജീര്‍ണാനാചാരങ്ങള്‍ക്കെതിരെ, ഏതു ജീര്‍ണസാമൂഹ്യക്രമത്തിനെതിരെ ഗുരു പൊരുതിയോ അതേ ഇരുട്ടിന്റെ ശക്തികള്‍ക്ക് അടിയറവച്ചുകൂടാ. ഗുരുസൂക്തങ്ങളെ വികലപ്പെടുത്താനും ഗുരുവിന്റെ വ്യക്തിത്വത്തെ ഒരു പ്രത്യേക മതത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് പരിമിതപ്പെടുത്തി ഒതുക്കാനും ആരെയും അനുവദിക്കില്ലെന്ന് ഒറ്റക്കെട്ടായി കേരളം പറയണം. ആ ഒരുമ മാത്രമാണ് ശിവഗിരിയുടെ പൈതൃകം അന്യാധീനപ്പെടാതിരിക്കാനുള്ള ഏക മാര്‍ഗം.

എന്നാല്‍, ഇങ്ങനെ കേരളമാകെ ഒരേ സ്വരത്തില്‍ പറയേണ്ട സന്ദര്‍ഭത്തില്‍ തനിക്ക് "അഭിപ്രായമില്ല" എന്ന് പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കാനാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നോക്കുന്നത്. വര്‍ഗീയശക്തികളെ വിമര്‍ശിച്ച് അവരുടെ വോട്ടു കിട്ടാതാക്കേണ്ട എന്ന നിലയ്ക്കുള്ള ഈ അവസരവാദത്തെ ശിവഗിരിയുടെ സംസ്കൃതിയെ ആദരിക്കുന്ന ആരും കാണാതെപോകില്ല. മൗനംകൊണ്ടുള്ള ഒറ്റുകൊടുക്കലായി ചരിത്രം മുഖ്യമന്ത്രിയുടെ "നിശ്ശബ്ദത"യെ രേഖപ്പെടുത്തുകതന്നെചെയ്യും.

*
ദേശാഭിമാനി മുഖപ്രസംഗം 26 ഏപ്രില്‍ 2013

പാഠ്യപദ്ധതി പരിഷ്കരണവും യുഡിഎഫും

സംസ്ഥാനത്തെ സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനായി മുന്‍ അലിഗഡ് വൈസ് ചാന്‍സലര്‍ പ്രൊഫ:അബ്ദുള്‍ അസീസ് ചെയര്‍മാനായി സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. എസ്.സി.ഇ.ആര്‍.ടി ഇതിന്റെ ഭാഗമായി പ്രീപ്രൈമറി, സെക്കന്ററി, ഹയര്‍സെക്കന്ററി, എന്നീ മേഖലകള്‍ക്കായി പ്രത്യേകം ചോദ്യാവലി തയ്യാറാക്കി വിവര ശേഖരണം പൂര്‍ത്തിയാക്കി എന്നാണ് അറിയുന്നത്.

ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ വികസിപ്പിച്ച ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005-ന് അനുപൂരകമായി കേരളീയ സവിശേഷതകള്‍ ഉള്‍ക്കൊളളിച്ച് ജനപങ്കാളിത്തത്തോടെ വികസിപ്പിച്ചതാണ് കേരളപാഠ്യ പദ്ധതി ചട്ടക്കൂട് 2007. അതില്‍ പറഞ്ഞ പല ആശയങ്ങള്‍ പ്രയോഗവത്കരിക്കാനാവശ്യമായ നടപടികള്‍ക്ക് നേതൃത്വം നല്‍കേണ്ട എസ്.സി.ഇ.ആര്‍.ടി. അതൊന്നും ചെയ്യാതെ പ്രസ്തുത പാഠ്യപദ്ധതിയുടെ പൊതുസത്തക്കനുഗുണമല്ലാത്ത ചോദ്യാവലികള്‍ തയ്യാറാക്കി വിവരശേഖരണം നടത്തുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. 1996 മുതല്‍ വികസിച്ചു കൊണ്ടിരിക്കുന്ന പാഠ്യപദ്ധതിയെ യാതൊരു അക്കാദമിക കാഴ്ചപ്പാടുകളും ഇല്ലാതെ ഏകപക്ഷീയമായി 2001-ല്‍ അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ പിന്‍വലിച്ച അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.സി.ഇ.ആര്‍.ടി ഇപ്പോള്‍ നടത്തുന്ന "പഠന പ്രവര്‍ത്തനത്തെ" സംശയിക്കാതിരിക്കാന്‍ വയ്യ. പാഠ്യപദ്ധതി പരിഷ്ക്കരണം ഒരിക്കലും വിവാദമാക്കേണ്ട കാര്യമല്ല. നാളത്തെ സമൂഹത്തെ കുറിച്ചുളള സ്വപ്നങ്ങളും സങ്കല്പനങ്ങളും പ്രതിഫലിക്കുന്ന ഒന്നാണ് പാഠ്യപദ്ധതി.

നാളത്തെ സമൂഹ സൃഷ്ടിക്ക് വേണ്ടി സ്കൂള്‍ പ്രായത്തിലുളള കുട്ടികളെ സജ്ജമാക്കുക എന്ന പരമപ്രധാനമായ ധര്‍മ്മം പാഠ്യപദ്ധതിക്കുണ്ട്. മുന്‍പത്തെ സോവിയറ്റ് യൂനിയന്‍ ആദ്യമായി ബഹിരാകാശത്തേക്ക് സ്പുട്നിക്ക് വിക്ഷേപിച്ചപ്പോള്‍ സ്തബ്ദ്ധരായ അമേരിക്ക ആദ്യമായി ചെയ്തത് അവരുടെ സ്കൂള്‍ പാഠ്യപദ്ധതിയെ, അതും ശാസ്ത്രപാഠ്യപദ്ധതിയെ, സമൂലമായി പരിഷ്ക്കരിക്കുക എന്നതാണ്.സോവിയറ്റ് സമൂഹത്തിന്റെ എല്ലാവിധ മികവിനും കാരണം അവര്‍ അവലംബിച്ച സ്കൂള്‍ പാഠ്യപദ്ധതിയാണ് എന്നാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിലയിരുത്തിയത്. അതനുസരിച്ച് ഏതാണ്ടെല്ലാ രാജ്യങ്ങളും 1960-കളില്‍ അതത് രാജ്യങ്ങളിലെ പാഠ്യപദ്ധതികള്‍ പരിഷ്ക്കരിക്കുകയുണ്ടായി. അതിന്റെ അനുരണനങ്ങള്‍ ഇന്ത്യയിലും ഉണ്ടായി. സ്കൂള്‍ വിദ്യാഭ്യാസത്തെ കുറിച്ച് പഠിച്ച് മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 1964-ല്‍ കോത്താരി കമ്മീഷനെ നിയോഗിച്ചു. 1966-ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 1968-ല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുകയും അത് പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്തു. അതിന്‍പ്രകാരം സ്കൂള്‍ വിദ്യാഭ്യാസം എന്നത് 12-ാം ക്ലാസുവരെ എന്നായി മാറി. ഘടനാപരമായി ഉണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കപരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ദേശീയതലത്തില്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒട്ടേറെ മാറ്റങ്ങള്‍ ദ്രുതഗതിയില്‍ നടന്നു. എന്‍.സി.ഇ.ആര്‍.ടി 1988-ല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചു. സ്കൂള്‍ വിദ്യാഭ്യാസ രംഗത്തെ ഉള്ളടക്കത്തെ കുറിച്ചുളള ചില ധാരണകള്‍ പ്രസ്തുത രേഖയിലൂടെ മുന്നോട്ടു വെച്ചു. പിന്നീട് ദേശീയ പാഠ്യപദ്ധതിയെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ നടന്നത് 2000-ത്തിലാണ്. അന്ന് നിലവിലുണ്ടായിരുന്ന എന്‍.ഡി.എ.സര്‍ക്കാര്‍ സ്കൂള്‍ പാഠ്യപദ്ധതിയുടെ മതനിരപേക്ഷ അംശത്തെ മാറ്റി ഹിന്ദുത്വ അംശത്തെ പാഠ്യപദ്ധതിയില്‍ ഉള്‍ചേര്‍ത്തുകൊണ്ട് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2000 വികസിപ്പിച്ചു. ദേശീയ തലത്തില്‍തന്നെ പാഠ്യപദ്ധതിയെ കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നത് ഇതേ തുടര്‍ന്നാണ്.

മതനിരപേക്ഷ ചിന്താധാരയില്‍ വിശ്വസിക്കുന്ന വലിയൊരു സമൂഹം എന്‍.ഡി.എ വികസിപ്പിച്ച പാഠ്യപദ്ധതി ചട്ടക്കൂടിനെ വിമര്‍ശിക്കുകയുണ്ടായി. ഒന്നാം യു.പി.എ.സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മതാധിഷ്ഠിത കാഴ്ചപ്പാടോടെ എന്‍.ഡി.എ.സര്‍ക്കാര്‍ വികസിപ്പിച്ച പാഠ്യപദ്ധതി മാറ്റി ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന്നടിസ്ഥാനത്തില്‍ പുതിയ പാഠ്യപദ്ധതി വികസിപ്പിക്കുകയുണ്ടായി.അറിയപ്പെടുന്ന ശാസ്ത്രജ്ഞനും വിദ്യാഭ്യാസ ചിന്തകനുമായ പ്രൊഫ: യശ്പാലാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. അങ്ങിനെ വികസിപ്പിച്ച പാഠ്യപദ്ധതി ചട്ടക്കൂടാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005.(എന്‍.സി.എഫ് 2005). കേരളീയാനുഭവങ്ങള്‍ യാന്ത്രികമായി നടന്നു വന്ന പ്രക്രിയയായിരുന്നു പാഠപുസ്തക നിര്‍മ്മാണം. മുന്‍പ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്റെ നേതൃത്വത്തിലും പിന്നീട് അത് എസ്.സി.ഇ.ആര്‍.ടിയായി മാറിയപ്പോള്‍ എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലുമാണ് പാഠപുസ്തക നിര്‍മ്മാണം നടന്നത്. കൃത്യമായ ചട്ടക്കൂടുകളൊന്നും ഇല്ലാതെ വ്യക്തികള്‍ നടത്തി വന്ന പ്രവര്‍ത്തനമായിരുന്നു പാഠപുസ്തകം എഴുതുക എന്നത്. ഇതിനൊരു മാറ്റം വന്നത് 1996-ല്‍ ആണ്.

ലോവര്‍ പ്രൈമറി ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഡി.പി.ഇ.പിയുടെ സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു സംഘം വിദഗ്ധരുടേയും അധ്യാപകരുടേയും സംയുക്തമായ ശ്രമഫലമായി വികസിപ്പിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. 1997-ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ ഈ ശ്രമങ്ങളെ അട്ടിമറിക്കുകയല്ല ചെയ്തത്. പകരം ഇതു കൂടുതല്‍ ചിട്ടപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാനുളള പ്രോല്‍സാഹനം നല്‍കുകയാണ് ചെയ്തത്. ഭരണ മാറ്റം പാഠ്യപദ്ധതിയുടെ തുടര്‍ച്ചയെ ദോഷകരമായി മാറ്റരുത് എന്ന വ്യക്തമായ നിലപാടാണ് എല്‍.ഡി.എഫ് കൈക്കൊണ്ടത്. ദേശീയ തലത്തില്‍ 2000-ത്തില്‍ മതനിരപേക്ഷ കാഴ്ചപ്പാടില്‍ നിന്നും വ്യതിചലിച്ച് പാഠ്യപദ്ധതി ചട്ടക്കൂട് ഉണ്ടാക്കിയ അവസരത്തില്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് സ്കൂള്‍ പാഠ്യപദ്ധതി സമീപന രേഖ വികസിപ്പിക്കുകയുണ്ടായി. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സെക്കന്‍ഡറി ഘട്ടത്തിലേക്കുളള പാഠപുസ്തക രചന നടത്തുകയും അതിന്റെ ഭാഗമായി എട്ടാം ക്ലാസിലേക്കുളള പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണത്തിനായി സ്കൂളുകളില്‍ എത്തിച്ചു. ആ ഘട്ടത്തിലാണ് 2001 വേനലവധിക്കാലത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നതും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും. പ്രസ്തുത സര്‍ക്കാര്‍ ആദ്യം ചെയ്തത് ആധുനിക ബോധന തന്ത്രങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അനുഗുണമായി വികസിപ്പിച്ച എട്ടാം ക്ലാസ്സ് പാഠപുസ്തകങ്ങള്‍ നിഷ്ക്കരുണം പിന്‍വലിക്കുക എന്നതാണ്. ഏഴാം ക്ലാസ്സുവരെ തങ്ങള്‍ കടന്നു വന്ന പഠന രീതി, അധ്യാപന രീതി എന്നിവ എട്ടാം ക്ലാസിലെത്തുന്ന കുട്ടികള്‍ക്ക് നിഷേധിക്കുക എന്ന കൊടുംപാതകമാണ് യു.ഡി.എഫ്.സര്‍ക്കാര്‍ ചെയ്തത്. കടന്നു വന്ന പഠന രീതി വളരെപ്പെട്ടെന്ന് മാറ്റുമ്പോള്‍ ഈ പ്രായത്തിലുളള കുട്ടികള്‍ക്കുണ്ടാകുന്ന മാനസികാഘാതമൊന്നും പരിഗണിക്കാന്‍ പോലും യു.ഡി.എഫ് തയ്യാറായില്ല. 1996 ഇ.ടി.മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിവച്ച ഈ പാഠ്യപദ്ധതിയുടെ ആരംഭഘട്ടം മുതല്‍ എതിര്‍ത്തു പോന്ന ഗൈഡ് കമ്പനികളുടെയും അതിവിപ്ലവ വായാടികളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണ് യു.ഡി.എഫ്.ചെയ്തത്.വളരെ വലിയ ഭൂരിപക്ഷം നിയമസഭയിലുണ്ടെന്ന അഹന്തയില്‍ പാഠ്യപദ്ധതിയെ അട്ടിമറിച്ചതിനെതിരെ സംഘടിതമായി ജനസമൂഹം പ്രതികരിക്കുന്നതാണ് പിന്നീട് കേരളം കണ്ടത്. പഠന പ്രവര്‍ത്തനങ്ങളില്‍ വന്ന മാറ്റവും അത് കുട്ടികളിലുണ്ടാക്കിയ ആത്മവിശ്വാസവും അന്വേഷണ തൃഷ്ണയും കണ്ടറിഞ്ഞ കേരള സമൂഹം യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായിരുന്നില്ല. ഒരു പഠന സമിതിയെ നിയമിച്ചു കൊണ്ട് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ആധുനിക വിദ്യാഭ്യാസ ചിന്താധാരയുടെ പിന്‍ബലമുണ്ടായിരുന്നതിനാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പാഠ്യപദ്ധതി തുടരാന്‍ യു.ഡി.എഫ് നിര്‍ബന്ധിതരായി. 2001-ന് സമാനമായ ഒരവസ്ഥയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്നത്. പാഠ്യപദ്ധതി മാത്രമല്ല ദുര്‍ബലപ്പെടുത്തുന്നത്. പൊതുവിദ്യാഭ്യാസത്തെ തന്നെ അനാകര്‍ഷകമാക്കുവാനും അതുവഴി ദുര്‍ബലപ്പെടുത്തി ഇല്ലാതാക്കുവാനും ഉളള നടപടികള്‍ ഓരോ ദിവസവും കൈക്കൊളളുന്നു. കച്ചവട വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു മടിയും നിലവിലുളള ഭരണകൂടത്തിനില്ല. ഇതിന്റെ ഭാഗമായി എ സി.ബി.എസ്.ഇ സ്കൂള്‍ വ്യാപകമായി ആരംഭിച്ചു. എ അനംഗീകൃത വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്കാനുളള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ വന്നു കഴിഞ്ഞു.

* അധ്യാപക പരിശീലനങ്ങള്‍ ദുര്‍ബലപ്പെടുത്തി.
* സാമുദായിക ശക്തികളെ പ്രീണിപ്പിക്കാന്‍ പൊതു വിദ്യാലയങ്ങള്‍ക്ക് അവര്‍ പറയും പ്രകാരം അവധി നല്‍കുന്നു. കുട്ടികളുടെ പഠന ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുന്നു.
* പിന്നോക്ക വിദ്യാലയങ്ങളെ മുന്നോട്ട് കൊണ്ടുവരാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ ഇല്ലാതാക്കി.
* മികച്ച നിലയില്‍ നടന്നുവന്നിരുന്ന ഉച്ചഭക്ഷണ പദ്ധതി അലങ്കോലപ്പെടുന്ന അവസ്ഥാ വിശേഷം സംജാതമാക്കി.
* സ്കൂള്‍ വിദ്യാഭ്യാസത്തിന് അക്കാദമിക നേതൃത്വം നല്‍കേണ്ട എസ്.സി.ഇ.ആര്‍.ടി, സീ മാറ്റ് എന്നീ സ്ഥാപനങ്ങളെയും, ഐ.ടി. @ സ്കൂളിനേയും അതീവ ദുര്‍ബലമാക്കി.
* മെച്ചപ്പെട്ട അക്കാദമിക പ്രവര്‍ത്തനം വഴി കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കുന്ന പൊതു വിദ്യാലയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഫിക്സേഷന്‍ നടത്താത്തതിനാല്‍ അര്‍ഹതപ്പെട്ട അധ്യാപക തസ്തികകള്‍ നിഷേധിക്കപ്പെടുന്നു.

കൂടുതല്‍ കുട്ടികള്‍ ഇതുമൂലം ഓരോ ക്ലാസിലും ഇരിക്കേണ്ടി വരുന്നു. ഇങ്ങനെ പൊതുവിദ്യാലയ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് പാഠ്യപദ്ധതിയെ അട്ടിമറിക്കുക എന്നത്. മാനവരാശി പുത്തന്‍ അറിവുകള്‍ സൃഷ്ടിക്കുന്നതിനനുസരിച്ച് വളര്‍ന്നു കൊണ്ടിരിക്കേണ്ടുന്ന ഒന്നാണ് പാഠ്യപദ്ധതികള്‍. അതുകൊണ്ടുതന്നെ അവ കാലോചിതമായി പരിഷ്ക്കരിക്കുന്നതിനെ ആരും എതിര്‍ക്കില്ല. പക്ഷെ മാറ്റം മുന്നോട്ടുള്ളതാകണം. അതല്ലാതെ വരുമ്പോഴാണ് എതിര്‍പ്പുയരുന്നത്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് എന്‍.സി.എഫ്.2005 മുന്നോട്ട് വെച്ച മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍ താഴെ കൊടുക്കുന്നു. ച്ച അറിവിനെ സ്കൂളിന് പുറത്തുളള ജീവിതവുമായി ബന്ധപ്പെടുത്തുക. ച്ച വെറും കാണാപാഠമാക്കലല്ല പഠനം എന്നുറപ്പുവരുത്തുക. ച്ച പാഠപുസ്തക കേന്ദ്രീകൃതമായ സമീപനത്തില്‍ നിന്നും മാറി കുട്ടികളുടെ സര്‍വ്വതോമുഖമായ വികസനത്തെ സഹായിക്കും വിധം പാഠ്യപദ്ധതി ശേഷികള്‍ നിര്‍വചിക്കുക. ച്ച പരീക്ഷകള്‍ കൂടുതല്‍ അയവുള്ളതും പഠന പ്രവര്‍ത്തനങ്ങളോട് ഉദ്ഗ്രഥിക്കപ്പെടുന്നതും ആക്കുക. ച്ച രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയത്തിനുള്ളില്‍ പരസ്പരം താല്പര്യമെടുക്കുന്നതും വ്യത്യസ്തതകള്‍ക്കതീതവുമായ സ്വത്വം വളര്‍ത്തിക്കൊണ്ടുവരിക. ഈ പൊതു തത്വങ്ങള്‍ക്കനുസരിച്ച് വികസിപ്പിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007ന്റെയും വിശാല സമീപനങ്ങള്‍ എന്‍.സി.എഫ് 2005-ന് സമാനമാണ്. അവ താഴെ പറയുന്നു. ി ഉദ്ഗ്രഥിത പഠനം ി പ്രശ്നാധിഷ്ഠിത സമീപനം ി വിമര്‍ശനാത്മക സമീപനം ി സാമൂഹിക ജ്ഞാനനിര്‍മ്മിതി വാദം. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഈ പൊതുസമീപനത്തെ തമസ്ക്കരിക്കാനുളള നീക്കം എന്നും വലതുപക്ഷ ശക്തികള്‍ നടത്തിയിരുന്നു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005-ന് യു.പി.എ.സര്‍ക്കാര്‍ രൂപം നല്‍കിയെങ്കിലും ഇതിലെ പുരോഗമന നിലപാടുകള്‍ പ്രയോഗപഥത്തില്‍ കൊണ്ടുവരുന്നതിന് ദേശീയ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്.

അതുപോലെതന്നെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന പല സംസ്ഥാന സര്‍ക്കാറുകളും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005-ന് രൂപം നല്‍കിയതിന്റെ തുടര്‍ച്ചയായി നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങളില്‍ വിമുഖത കാട്ടിയിട്ടുണ്ട് എന്നതും ഇത്തരുണത്തില്‍ കൂട്ടി വായിക്കേണ്ടതുണ്ട്. കേരളത്തില്‍ വികസിപ്പിച്ച പുരോഗമനാത്മകമായ പാഠ്യപദ്ധതിയെ അട്ടിമറിക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത് എന്നതിന് പ്രത്യക്ഷ തെളിവുകളാണ് എസ്.സി.ഇ.ആര്‍.ടി ചോദ്യാവലി. ചില ഉദാഹരണങ്ങള്‍ മാത്രം പരാമര്‍ശിക്കാം.

1. എല്ലാ പാഠ്യവിഷയങ്ങളും പ്രശ്നാധിഷ്ഠിതമായി പാഠപുസ്തകത്തില്‍ അവതരിപ്പിക്കാന്‍ സാധ്യമാകുമെന്ന് കരുതുന്നുണ്ടോ?
2. വിമര്‍ശനാത്മക ബോധനശാസ്ത്രം (ക്രിട്ടിക്കല്‍ പെഡഗോഗി) ഔപചാരിക വിദ്യാഭ്യാസ പ്രക്രിയയ്ക്ക് യോജിച്ചതാണെന്ന് കരുതുന്നുണ്ടോ?
3. ഉദ്ഗ്രഥിത സമീപനം ഉള്ളടക്ക ചോര്‍ച്ചയ്ക്ക് ഇടവരുന്നുണ്ടോ?
4. ലോവര്‍ പ്രൈമറി ക്ലാസുകളില്‍ തുടര്‍ന്നു വരുന്ന ഉദ്ഗ്രഥിത സമീപനം ഫലപ്രദമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
5. ഭാഷയുടെ വ്യാകരണം മനസ്സിലാക്കാതെയുളള പഠനം മാതൃഭാഷയല്ലാത്തവയുടെ ആഴത്തിലുള്ള പഠനത്തിനും സ്വാംശീകരണത്തിനും സഹായകമാകുന്നുണ്ടോ?
6. സ്കൂള്‍ തലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിരന്തര വിലയിരുത്തല്‍ രീതി തൃപ്തികരമാണോ?

വളരെ കൃത്യമായ ലക്ഷ്യങ്ങളോടെയാണ് പഠനത്തിന് രൂപം നല്‍കിയിരിക്കുന്നത്. പുതിയ പാഠ്യ പദ്ധതിയെ അംഗീകരിക്കുന്ന അധ്യാപകരും ഇത് ഇനിയും മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്.പോരായ്മകളെ വിമര്‍ശന വിധേയമാക്കുന്നവരാണ്. അവരെയടക്കം കെണിയിലകപ്പെടുത്തും വിധമാണ് ചോദ്യങ്ങളെന്ന് വ്യക്തം. വളരെ സമഗ്രമായി അഭിപ്രായ രൂപീകരണം നടത്തേണ്ട കാര്യങ്ങളെ അതെ, അല്ല എന്ന രണ്ട് കോളങ്ങളിലേക്ക് വര്‍ഗ്ഗീകരിച്ച് വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത് അക്കാദമിക പഠനങ്ങളെ തന്നെ അവഹേളിക്കലാണ്. നിലവിലുളള പുരോഗമന പാഠ്യപദ്ധതിയെ അട്ടിമറിച്ച് ഫ്യൂഡല്‍ ക്രമത്തിന്റെ വിദ്യാഭ്യാസ രീതിയായ ചേഷ്ടാവാദത്തെ (ബിഹേവിയറിസം) തിരികെ കൊണ്ടുവരിക എന്ന കൃത്യമായ അജണ്ടക്കനുസരിച്ചാണ് ചോദ്യാവലിയും പഠന രീതിയും (മെത്തഡോളജി) പഠന ഉപാധിയും (ടൂള്‍) വികസിപ്പിച്ചിരിക്കുന്നത്. ഇനി അഭിപ്രായം രേഖപ്പെടുത്തുവാന്‍ തെരഞ്ഞെടുത്ത വിധവും തികച്ചും അശാസ്ത്രീയമാണ്. തങ്ങള്‍ക്ക് അനുകൂലമായി ഉത്തരമെഴുതും എന്ന് ഉറപ്പുളളവരായിരിക്കണം വരുന്നവരില്‍ ഭൂരിപക്ഷവും എന്നുറപ്പാക്കാനും പഠനം നടത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പാഠ്യപദ്ധതി വികസിപ്പിക്കുക എന്നത് ഏതാനും അധ്യാപകര്‍ മാത്രമായി നടത്തേണ്ടതല്ല, അതൊരു സാമൂഹിക പ്രക്രിയയാണ് എന്ന പ്രാഥമിക തത്വം പോലും ഉള്‍ക്കൊള്ളാതെയാണ് ഇപ്പോള്‍ പഠനം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

പാഠ്യപദ്ധതി സംബന്ധിച്ച് രണ്ട് സമീപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒന്ന് വിദ്യാഭ്യാസത്തിന്റെ വിമോചക ലക്ഷ്യം അംഗീകരിക്കുന്നു. അതിജീവനത്തിനും ഉപജീവനത്തിനുമുളള ഉപാധിയായി വിദ്യാഭ്യാസത്തെ കാണുന്നു. സമൂഹ സൃഷ്ടിക്കായി എല്ലാവിധ കഴിവുകളും അനിവാര്യമാണെന്നും ആയതിനാല്‍ കുട്ടികളിലെ എല്ലാവിധ കഴിവുകളേയും പരിപോഷിപ്പിക്കേണ്ടതാകണം പാഠ്യപദ്ധതി എന്നും അത് നിഷ്കര്‍ഷിക്കുന്നു. അറിവ് സാര്‍വജനീനമാണ്. അത് സാമൂഹികമായ അനുഭവങ്ങളിലൂടെ വികസിച്ചു വന്നതാണ്. പഠനം എന്നത് സാമൂഹിക ജീവിതാനുഭവത്തില്‍ നിന്നും സാംസ്കാരിക അന്തരീക്ഷത്തില്‍ നിന്നും വേറിട്ടു കാണാന്‍ കഴിയില്ല. മാത്രവുമല്ല പാഠപുസ്തകം, പഠന പ്രക്രിയ, ക്ലാസ് മുറി അന്തരീക്ഷം, മൂല്യനിര്‍ണ്ണയം, അധ്യാപക ശാക്തീകരണം, വിഭവ പിന്തുണ, വിദ്യാലയ സങ്കല്‍പ്പം, കുട്ടി അറിവ് സൃഷ്ടിക്കുന്നു എന്ന വസ്തുത അംഗീകരിക്കല്‍ ഇതെല്ലാം ഉള്‍ക്കൊളളുന്ന സമഗ്രമായ കാഴ്ചപ്പാടാണ് പാഠ്യപദ്ധതി.

വിദ്യാഭ്യാസം എന്നത് ഒരു സാമൂഹിക അന്വേഷണമാണ്. ഈ അന്വേഷണത്തില്‍ കൂട്ടായ്മയുടെ ഭാഗമായി തന്നെ ഓരോരുത്തരും അവരുടെ അറിവും നൈപുണിയും മാക്സിമീകരിക്കുന്നു എന്നത് പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാടാണ്. രണ്ടാമത്തെ കാഴ്ചപ്പാട് ഇതില്‍ നിന്നും തികച്ചും ഭിന്നമാണ്. അത് വിദ്യാഭ്യാസത്തിന്റെ വിമോചന ലക്ഷ്യത്തെ നിരാകരിക്കുകയും കച്ചവട ലക്ഷ്യത്തെ അംഗീകരിക്കുകയും ചെയ്യുന്നു. ലാഭമാണ് പ്രചോദനമാകുന്നത്. എല്ലാവിധ സാമൂഹിക അന്വേഷണങ്ങളെയും നിരാകരിക്കുകയും പ്രശ്നങ്ങളെ വ്യക്തിഗതമാക്കി ചുരുക്കിക്കൊണ്ടുവരികയും ചെയ്യുന്നു. വ്യക്തിക്കപ്പുറത്തേക്ക് സമൂഹത്തെ കാണാനുളള അവസരങ്ങള്‍ തന്നെ ഈ കാഴ്ചപ്പാട് ഇല്ലാതാക്കുന്നു. വിദ്യാഭ്യാസത്തെ കേവലം ഉപജീവനത്തിന്റെ ഉപാധിയായി പരിമിതപ്പെടുത്തുന്നു. വിദ്യാഭ്യാസത്തെ അതിന്റെ സമഗ്രതയില്‍ കാണാതെ കേവലമായി സമീപിക്കുന്നു. ഇവരും ആധുനിക വിദ്യാഭ്യാസ ചിന്താ ധാരകളെ തങ്ങള്‍ക്കനുഗുണമായ തരത്തില്‍ വ്യാഖ്യാനിക്കുന്നു.

പ്രയോജനപ്പെടുത്തുന്നു. ഈ രണ്ട് കാഴ്ചപ്പാടുകളുടെ ഏറ്റുമുട്ടല്‍ സ്വാഭാവികമാണ്. പുരോഗമന ആശയങ്ങള്‍ക്ക് ഇതില്‍ ആദ്യത്തെ പക്ഷത്തേ നിലകൊള്ളാന്‍ കഴിയൂ. എന്നാല്‍ വലതുപക്ഷ കാഴ്ചപ്പാടിന് പഥ്യം രണ്ടാമത്തെതാണ്. എന്നെല്ലാം പുരോഗമന ആശയങ്ങള്‍ക്ക് മേല്‍ക്കൈ ലഭിച്ചിട്ടുണ്ടോ അന്നെല്ലാം വിദ്യാഭ്യാസത്തിന്റെ വിമോചക ദൗത്യത്തെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വലതു പക്ഷ ശക്തികള്‍ എന്നെല്ലാം അധികാരത്തിലെത്തിയിട്ടുണ്ടോ അന്നെല്ലാം വിദ്യാഭ്യാസത്തെ വ്യക്തിവത്കരിക്കാനും അതുവഴി കച്ചവടവത്കരിക്കുവാനും ഉള്ള ശ്രമം നടത്തിയിട്ടുണ്ട്. ഈ കച്ചവടവല്‍ക്കരണ ശ്രമത്തെ ചെറുത്തു നിന്നതാണ് കേരളത്തിലെ സമൂഹ വികാസ ചരിത്രവും വിദ്യാഭ്യാസ വികാസ ചരിത്രവും. നിലവിലുളള പാഠ്യപദ്ധതിയെ അട്ടിമറിച്ച് കച്ചവട വിദ്യാഭ്യാസ ധാരയെ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഗൗരവത്തോടെ കേരളീയ സമൂഹം ചെറുക്കുകതന്നെ ചെയ്യും.

*
ഡോ. സി രാമകൃഷ്ണന്‍ ചിന്ത വാരിക 28 ഏപ്രില്‍ 2013