ഇ.എം.എസ്സും നവോത്ഥാനവും എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലൊന്ന് നവോത്ഥാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ പുനഃപരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഈ അന്വേഷണം എന്നതാണ്. യൂറോപ്പ് കേന്ദ്രീകൃതമായ ഒരു കാഴ്ചപ്പാടിലാണ് നവോത്ഥാനം നിര്‍വ്വചിക്കപ്പെട്ടത്. ഈ അര്‍ത്ഥത്തില്‍ തന്നെയാണ് കേരളത്തിലും നവോത്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെയും നടന്നതും നടന്നുകൊണ്ടിരിക്കുന്നതും. എന്നാൽ, ഇന്ന് നവോത്ഥാനത്തിന്റെ യൂറോപ്പ് കേന്ദ്രീകൃതമായ നിര്‍വ്വചനം തീര്‍ച്ചയായും ചോദ്യംചെയ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അതായത്, റോമില്‍ തുടങ്ങി, ഗ്രീസ്, യൂറോപ്പ് വഴി ലോകമാകെ വ്യാപിച്ച വൈജ്ഞാനിക വികാസത്തിന്റെ കഥയെന്ന അര്‍ത്ഥത്തിലാണ് ഇത് പൊതുവെ പറഞ്ഞുവരുന്നത്. മാര്ട്ടിന് ബെര്ണറിനെപ്പോലെയുള്ളവര് വ്യക്തമാക്കിയതുപോലെ നവോത്ഥാനത്തെ ഒരു യൂറോപ്യന്‍ പ്രതിഭാസം എന്ന രീതിയില്‍ വെട്ടിച്ചുരുക്കുന്നതിനു പകരം ആഫ്രിക്ക, ഈജിപ്ത്, അറേബ്യ, ഇന്ത്യ തുടങ്ങിയവിടങ്ങളിലെ സംസ്ക്കാരത്തിന് ഇതില്‍ ഏതുതരത്തിലുള്ള പങ്കാണുള്ളതെന്ന ചര്‍ച്ച അനിവാര്യമാണ്. ആ അര്‍ത്ഥത്തില്‍ നവോത്ഥാനത്തെക്കുറിച്ചുള്ള യൂറോപ്പ് കേന്ദ്രീകൃതമായ കാഴ്ചപ്പാട് പൊളിച്ചെഴുതേണ്ടതുണ്ട്.
ഇന്ത്യയിലെ ആഭ്യന്തര കൊളോണിയലിസത്തെക്കുറിച്ചും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. 1973-ലാണ് ജ്യോതിബാ ഫൂലെയുടെ നേതൃത്വത്തില്‍ 'സത്യ ശോധക് സമാജ് ' എന്ന നവോത്ഥാന പ്രസ്ഥാനം രൂപം കൊള്ളുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സാവിത്രി ഫൂലെയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം നവോത്ഥാനത്തിലെ കാര്യപരിപാടിയായി. ഈ പശ്ചാത്തലത്തില്‍ കീഴാള ജനത പ്രിയങ്കരമായ ഒരു മുദ്രാവാക്യം രൂപപ്പെടുത്തുകയുണ്ടായി. "ഞങ്ങളുടെ വിദ്യാദേവത സരസ്വതിയല്ല; സാവിത്രിയാണ് '' എന്നതാണത്. വെളുത്ത വിദ്യാദേവതക്ക് പകരം കറുത്ത വിദ്യാദേവതയെ സങ്കല്‍പ്പിക്കുന്നതുപോലെ.
യൂറോപ്പ് കേന്ദ്രീകൃതമായ നവോത്ഥാനത്തെ വിമര്‍ശിക്കാന്‍ വലിയ വീറ് കാട്ടുന്നവര്‍ പോലും ഇന്ത്യന്‍ പശ്ചാത്തലത്തിലെ ആഭ്യന്തര കൊളോണിയലിസത്തെയും അതിന്റെ സാംസ്ക്കാരിക മേല്‍ക്കോയ്മയെയും അതേ വീറോടെ വിമര്‍ശിക്കുന്നില്ല. ഇന്ത്യന്‍ നവോത്ഥാനത്തോടൊപ്പം കേരള നവോത്ഥാനത്തെയും സവര്‍ണ്ണ-അവര്‍ണ്ണ നവോത്ഥാനങ്ങളെന്ന കൃത്യമായ അതിര്വരമ്പോടെ അപഗ്രഥിക്കുന്നില്ല.
ഇതോടൊപ്പം പ്രധാനമായ കാര്യമാണ് നവോത്ഥാനത്തെക്കുറിച്ചുള്ള നിരവധി നിര്‍വ്വചനങ്ങളെ ഏതു സമഗ്രതയുമായി കണ്ണി ചേര്‍ക്കാമെന്നത്. ഫ്രാന്‍സിസ് മുൾഹേർൺ (Francis Mulhern)എഡിറ്റുചെയ്ത 'കണ്ടംപററി മാർക്സിസ്റ്റ് ലിറ്റററി ക്രിട്ടിസിസം' രണ്ടുതരം സന്ദര്‍ഭങ്ങളെക്കുറിച്ചു പറയുന്നു-ഒന്ന് ഹ്രസ്വമായ സന്ദര്‍ഭം- ഒരുതലമുറയിലും രാഷ്ട്രീയത്തിലും അവസാനിക്കുന്നത്. മറ്റൊന്ന് ഭാഷ, ഉല്‍പ്പാദനരീതി, ലിംഗപദവി, അധികാരം എന്നിവയില്‍ അവസാനിക്കുന്നത്. നവോത്ഥാനം രണ്ടാമതുപറഞ്ഞ ദീര്ഘസന്ദര്ഭവുമായി കണ്ണി ചേര്‍ക്കപ്പെടണം.
നാടുവാഴിത്തത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള സാമൂഹ്യ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന സാംസ്ക്കാരിക യുക്തി എന്ന അര്‍ത്ഥത്തിലാണ് നവോത്ഥാനം അടയാളപ്പെടുത്തപ്പെടേണ്ടത്. ആ അര്‍ത്ഥത്തില്‍ നാടുവാഴിത്ത സാമൂഹ്യ വ്യവസ്ഥക്കെതിരേ ഇ.എം.എസ് ഉള്‍പ്പെട്ടിട്ടുള്ള-ഇ.എം.എസ് സാമൂഹ്യ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ചുകൊണ്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് വന്നത്-യോഗക്ഷേമസഭ നടത്തിയ പ്രവര്‍ത്തനം പരിശോധിക്കപ്പെടണം. 1927-ല്‍ ഇ.എം.എസ് യോഗക്ഷേമത്തിലെഴുതിയ 'സാമുദായിക വിപ്ളവവും നമ്പൂതിരി സമുദായവും' എന്ന പ്രബന്ധത്തില്‍ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ മഹാ സാന്നിധ്യമായി, കീഴാള നവോത്ഥാനത്തിന്റെ ഊര്‍ജ്ജസ്രോതസ്സായി ശ്രീബുദ്ധനെ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
കേരളത്തില്‍ നവോത്ഥാനത്തിനുള്ള ശക്തമായ ചുവടുവെപ്പുകള്‍ നടന്നതിനുശേഷം 1908ല്‍ ചെറുമുക്ക് വൈദികന്റെ വീട്ടില്‍ വച്ചാണ് യോഗക്ഷേമസഭ രൂപീകരിക്കപ്പെടുന്നത്. 1822ലെ ചാന്നാര്‍ സമരവും, 1836ല്‍ വൈകുണ്ഠസ്വാമിയുടെ നേതൃത്വത്തിലുള്ള സമതാസമാജം രൂപീകരണവും, 1903ലെ എസ്.എൻ.ഡി.പി രൂപീകരണവും 1907ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തിലുള്ള സാധുജനപരിപാലന സമരവുമൊക്കെ സൃഷ്ടിച്ച പൊതു പശ്ചാത്തലത്തിലാണ് യോഗക്ഷേമസഭ രൂപം കൊണ്ടത്. മേല്സംഭവങ്ങളുമായി താരതമ്യം ചെയ്താല്‍ വളരെ ചെറിയ ചില അജണ്ടയ്ക്കകത്താണ് ഇതിന്റെ രൂപീകരണം. സാമൂഹ്യ ഘടന അഴിച്ചുപണിയുകയെന്ന കാഴ്ചപ്പാട് ആദ്യഘട്ടത്തില്‍ മുന്നോട്ടുവെക്കുന്നില്ല. എന്നാല്‍ ഒന്നാം ഘട്ടം പിന്നിട്ട് 1919ല്‍ നമ്പൂതിരി യുവജനസംഘം രൂപം കൊള്ളുന്നതോടെയാണ് സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി സംവദിക്കാന്‍ തുടങ്ങുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ഇ.എം.എസിന്റെ സാമൂഹ്യ നവോത്ഥാന ജീവിതം ആരംഭിക്കുന്നത്. കേരളത്തിലെ നവോത്ഥാനത്തിന്റെ പൊതു പശ്ചാത്തലവും ഈ പശ്ചാത്തലത്തില്‍ നമ്പൂതിരി സമുദായത്തിനകത്ത് രൂപം കൊണ്ടിട്ടുള്ള സാമൂഹ്യ പരിഷ്ക്കരണ സംഘടനയായ യോഗക്ഷേമ സഭയ്ക്കകത്ത് നടക്കുന്ന സംഘര്‍ഷങ്ങളും, ഇത് ത്വരിതപ്പെടുത്തുന്നതില്‍ എസ്.എൻ.ഡി.പിയുടെ പങ്കും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ സ്വാധീനവും പരിശോധിക്കപ്പെടണം.
1925ല്‍ രൂപീകരിച്ച ആഭിജാത്യ ധ്വംസന സഭയെ 1919ലെ നമ്പൂതിരി യുവജന സംഘടനയുടെ വളര്‍ച്ചയുടെ ഒരു ഘട്ടം എന്ന നിലയില്‍ കാണാം. അതിന്റെ തുടര്‍ച്ചയിലാണ് 1930കളില്‍ അന്തര്‍ജന സമാജം രൂപം കൊള്ളുന്നത്. 1930കളില്‍ നിരവധി കാരണങ്ങളാല്‍ നിര്‍ജീവാവസ്ഥയിലായ യോഗക്ഷേമസഭയെ സജീവമാക്കുന്നതിന് നേതൃത്വം നല്‍കുന്നത് ഇ.എം.എസ് ആണ്. 1944ലെ യോഗക്ഷേമസഭയുടെ 34-ആം സമ്മേളനത്തില്‍ ഇ.എം.എസ്സ് നടത്തിയ 'നമ്പൂതിരിയെ മനുഷ്യനാക്കാൻ' എന്ന ചരിത്ര പ്രസിദ്ധമായ പ്രസംഗം ഉണ്ണിനമ്പൂതിരിയുടെ എഡിറ്ററായിരിക്കേ അദ്ദേഹം ആവിഷ്ക്കരിച്ച ആശയങ്ങളുടെ തുടര്‍ച്ചയാണ്. യോഗക്ഷേമസഭയുടെ വിവിധ ഘട്ടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ ഒരര്‍ത്ഥത്തിലുള്ള പരിഹാരം എന്ന രീതിയില്‍ ഈ പ്രസംഗം പഠിക്കപ്പെടണം.
1927ല്‍ എഴുതിയ 'നമ്പൂതിരിയും വക്കീല്‍ പ്രവര്‍ത്തിയും' എന്ന പ്രബന്ധവും കൌതുകകരമാണ്. വക്കീലന്മാര് ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് നമ്പൂതിരിമാര്‍ നിര്‍ബ്ബന്ധമായും വക്കീല്‍ പ്രവൃത്തി ഏറ്റെടുക്കണം എന്നതാണത്. 1928ല്‍ എഴുതിയ 'നമ്പൂതിരി സമുദായവും പ്രത്യേകതകളും' യോഗക്ഷേമ സഭയ്ക്കകത്തെ ആശയ സമരത്തിന് തീവ്രത പകര്‍ന്ന മറ്റൊരു പ്രബന്ധമാണ്. ഇതിന്റെ തുടക്കം 'ആഢ്യത്വം വലിച്ചെറിയുക' എന്നാണ്. ഇതേ ആശയം തന്നെയാണ് പിന്നീട് മുത്തിരിങ്ങോട്ട് ഭവത്രാതന് നമ്പൂതിരിപ്പാടിന്റെ 'അപ്ഫന്റെ മകൾ' എന്ന കൃതിയില്‍ ഒരു വാചകമായി കത്തിക്കയറുന്നത്. ആഢ്യത്വമെന്നാല്‍ അധഃപതനമാണ് എന്നാണത്.
നമ്മുടെ സംസ്ക്കാരത്തില്‍ അദൃശ്യമായി ഒരധികാര സ്ഥാപനമായി ആഢ്യത്വം എങ്ങനെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും, അതിനെതിരെ ഒരു കീഴാള സമരം അനിവാര്യമാണെന്നും എന്തൊക്കെ മുട്ടാന്യായങ്ങള്‍ പറഞ്ഞാലും അതു സംഭവിക്കുകതന്നെ ചെയ്യുമെന്നുമുള്ള അഗാധമായ ചരിത്രജന്യ ശുഭാപ്തി വിശ്വാസത്തില്‍ നിന്നുകൊണ്ടാണ് ഞാനിത് ഉന്നയിക്കുന്നത്. ആഢ്യത്വമെന്നാല്‍ അധഃപതനമാണെന്ന് 1930കളില്‍ നമ്പൂതിരി യുവജനസംഘം പ്രവര്‍ത്തകര്‍ക്ക് നോവലായും കവിതയായും ലേഖനമായും മറ്റുംസ്വന്തം ജീവിതത്തെ പ്രകാശമാനമാക്കുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഈ 2010ലും പ്രച്ഛന്നമായ ആഢ്യതയുടെ വ്രണബാധിതമായ കാലുകള്‍ ചുംബിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യരാശി ചുരുങ്ങിപ്പോകുന്നതെന്തുകൊണ്ടെന്ന അസ്വസ്ഥജനകമായ ചോദ്യം നാം ചോദിക്കേണ്ടിയിരിക്കുന്നു.
ആഢ്യത്വം വലിച്ചെറിയുകയെന്ന ആശയത്തെ അല്ലെങ്കില്‍ ആ ചരിത്രഘട്ടത്തെ ഇ.എം.എസ്സ് എങ്ങനെയാണ് അടയാളപ്പെടുത്തുന്നതെന്ന് മനസ്സിലാക്കാന്‍ 1928ല്‍ എഴുതിയ 'നമ്പൂതിരി ഗൃഹസ്ഥന്മാരുടെ ചുമതല' എന്ന പ്രബന്ധം വായിച്ചാല്‍ മതി. അത്ഭുതകരമെന്നു പറയട്ടെ, നമ്പൂതിരി ഗൃഹസ്ഥന്മാരുടെ ഏറ്റവും വിപ്ളവകരമായ പ്രവര്‍ത്തനങ്ങളിലൊന്നായി ഇ.എം.എസ്സ് രേഖപ്പെടുത്തിയിരിക്കുന്നത് തന്റെ വധുവിന്റെ കയ്യിലെ ഓട്ടുവള ഒഴിവാക്കി സ്വര്‍ണവള അണിയിക്കുക എന്നതാണ്. ഓട്ടുവള ഒഴിവാക്കി വധുവിനെ സ്വര്‍ണവള അണിയിച്ച സോമയാജി കുടുംബത്തിലെ യുവാവിനെ അഭിവാദ്യം ചെയ്യുകയും മാതൃകയാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. 'അപ്ഫന്റെ മകൾ' എന്ന കൃതിക്കെഴുതിയ ആമുഖക്കുറിപ്പില്‍ വിധിപ്രകാരമുള്ള വിവാഹം നിഷേധിക്കപ്പെട്ട നമ്പൂതിരി സമുദായത്തിലെ മൂത്തയാളൊഴികെയുള്ള യുവാക്കളെ സ്വജാതീയ വിവാഹം കഴിക്കാന്‍ ആഹ്വാനം ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ അവയെല്ലാം നിലവിലുള്ള ആചാരത്തെ, കീഴ്നടപ്പിനെ ലംഘിക്കുകയാണ്.
'ഹിംസാപരമായ യാഗം അഥവാ പൈശാചിക യജ്ഞം' എന്ന പ്രബന്ധത്തിലൂടെ പൌരോഹിത്യത്തിനെതിരെ രൂക്ഷമായ കടന്നാക്രമണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. 1929ല്‍ ഉണ്ണിനമ്പൂതിരിയില്‍ എഴുതിയ 'വിപ്ളവകാഹളം' എന്ന പ്രബന്ധത്തില്‍ 'വൈദികത്വത്തെ അടിച്ചുടയ്ക്കുക, നമ്പൂതിരിമാരെ മനുഷ്യരാക്കുക' എന്ന ആശയം ഉന്നയിക്കുന്നു. 1944ലെ ഓങ്ങല്ലൂര്‍ പ്രസംഗത്തിലും ഈ ആശയം തന്നെയാണ് വിവക്ഷിക്കുന്നത്. ഇന്ന് നമ്മുടെ സാംസ്ക്കാരിക രംഗത്ത് അദൃശ്യ ശക്തിയായി, അധികാര കേന്ദ്രമായി നിലനില്‍ക്കുന്ന സവര്‍ണ്ണ സംസ്ക്കാരത്തെ ഒരു സവര്‍ണ്ണ നവോത്ഥാന പ്രസ്ഥാനം എങ്ങനെയാണ് സമരോത്സുകമായി അഭിമുഖീകരിച്ചതെന്നും അതിനുവേണ്ടി അവര്‍ സഹിച്ച പിടച്ചിലുകള്‍ എന്തൊക്കെയാണെന്നും ഇതില്‍ നിന്നും വ്യക്തമാവുന്നു.
ഇ.എം.എസ്സിനെ അനുസ്മരിക്കുമ്പോള്‍ നാം ഇന്നെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് ? 'മലയാള ഭാഷയുടെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തച്ഛന് മുതലുള്ളവരുടെ പങ്ക് പൊളിച്ചു പരിശോധിച്ചാല്‍ എന്തുസംഭവിക്കും? ഇ.എം.എസ് കൃതികളില്‍ ‘കേരളത്തിന്റെ പൊതു സംസ്ക്കാരം എന്നപേരില്‍ നാമെല്ലാം അഭിമാനം കൊള്ളുന്ന (എല്ലാവര്ക്കും ഒരേപോലെ അഭിമാനം കൊള്ളാവുന്ന ഒരു പൊതുസംസ്ക്കാരം രൂപപ്പെട്ടുവോ എന്ന ചോദ്യമുണ്ട്. ആദിവാസികൾ, ദലിതര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സാമൂഹ്യവിഭാഗങ്ങളേയും മൂലധന മേല്‍ക്കോയ്മ, സാമ്പത്തിക മേല്‍ക്കോയ്മ എന്നിവയെ ചെറുക്കുന്ന തൊഴിലാളികളുടെ ഇടപെടലിനേയും പ്രതിനിധീകരിക്കുന്ന വിധത്തിലുള്ള ജനാധിപത്യപരമായ ഒരു പൊതുസംസ്ക്കാരം കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ടോ?) പുരാതന നാടുവാഴി സംസ്ക്കാരത്തില്‍ നിന്നും, ആ സംസ്ക്കാരത്തിന് അടിസ്ഥാനമായിരുന്ന സാമൂഹ്യഘടനയില്‍ നിന്നും ആട്ടിയകറ്റപ്പെട്ടതും ആ കാരണത്താല്‍ തന്നെ ആ സംസ്ക്കാരത്തെ പുഷ്ടിപ്പെടുത്തത്തക്ക വിലയേറിയ യാതൊരു സംഭാവനയും നല്കാന് കഴിയാത്ത ഒരു സമുദായത്തിലാണ് ജനിച്ചതെങ്കിലും മൂന്ന് നാല് ഖണ്ഡകാവ്യങ്ങള്‍ എഴുതിക്കഴിഞ്ഞപ്പോഴേക്കും അദ്ദേഹം (കുമാരനാശാൻ) മഹാകവി പട്ടത്തിനര്‍ഹനായി’. ഈ നിരീക്ഷണത്തില്‍ കീഴാള ജീവിതത്തെ അദ്ദേഹം ശരിയായി ചിത്രീകരിച്ചിരിക്കുന്നു.
ഇ.എം.എസ്സും എ.കെ.ജിയും മാർക്സിസ്റ്റ് -ലെനിനിസ്റ്റ് കാഴ്ചപ്പാട് സ്വീകരിക്കുന്നവരും വെറുംജാതിയെന്ന് അലസമായി പറയുന്നതിന് പകരം മര്ദ്ദകജാതിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും നമ്മുടെ സംവാദങ്ങളില്‍ വെറും ജാതിയെന്ന് പറഞ്ഞ് മര്‍ദ്ദക ജാതിയെയും മര്‍ദ്ദിത ജാതിയെയും ഒരേ മാനദണ്ഡം വെച്ച് അപഗ്രഥിക്കുന്ന അരാഷ്ട്രീയ നിലപാട് സ്വീകരിച്ചുവരുന്നു. അത്തരം നിലപാട് ഇ.എം.എസ് സ്വീകരിച്ചില്ല. ചെറുശ്ശേരിയും എഴുത്തച്ഛനും മറ്റും ജനകീയ കവികളാണോ? അവരുടെ കൃതികള്‍ ശരിയായ അര്‍ത്ഥത്തില്‍ ജനകീയമാണോ? എന്നതു സബന്ധിച്ച് ഇ.എം.എസ് പറയുന്നത് അവരുടെ ഭാഷ ജനകീയമാണ് (ഭാഷ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ജനകീയമല്ലെന്ന വിയോജിപ്പ് എനിക്കുണ്ട് ) ഉള്ളടക്കവും ജനകീയമാണ്. (പണ്ഡിതന്മാര്ക്ക് മാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യം മലയാളമാക്കിയപ്പോള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു എന്ന അര്‍ത്ഥത്തിലാണ് ഇ.എം.എസ് ഉദ്ദേശിക്കുന്നത്. ആ ഒരു അര്‍ത്ഥത്തില്‍ ജനപ്രിയമാണ്. എല്ലാ ജനങ്ങളുടെയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നതും അക്കാരണത്താല്‍ അവര്‍ മനസ്സിലാക്കേണ്ടതുമാണെങ്കിലേ ജനകീയമാവൂ. ജനകീയതയെയും ജനപ്രിയതയെയും വേര്‍തിരിച്ച് കാണേണ്ടതുണ്ട്.)
എഴുത്തച്ഛന് കൃതികള്‍ സമൂഹത്തിന്റെ ഏത് അതിരുവരെ പോയിട്ടുണ്ട്? ഹിന്ദുക്കളല്ലാത്തവര്‍ക്കും സ്വന്തമെന്നു തോന്നാവുന്ന ഒരു സംസ്ക്കാരമാണോ അത് ? വളരെ മുമ്പ് ഇ.എം.എസ് ഉന്നയിച്ച ചോദ്യമാണിത്. എന്നാല്‍ 2010ല്‍ ഈ ആശയം ഒരു സാംസ്ക്കാരിക വിമര്ശകന് പറഞ്ഞാല്‍ അവന്റെ അവസ്ഥയെന്തായിരിക്കും? ഹിന്ദുക്കളില്‍ തന്നെ അധഃസ്ഥിതജാതിക്കാരില്ലേ? അവരുടെ ഇടയില്‍ എഴുത്തച്ഛന് രാമായണത്തിന് എന്തുമാത്രം പ്രചാരമുണ്ട് ? വേണമെങ്കില്‍ എന്തുമാത്രം പ്രസക്തിയുണ്ടെന്നും ഇന്നത്തെ സാംസ്ക്കാരിക വിമര്ശകൻ ചോദിക്കാന്‍ കഴിയും. എന്തുകൊണ്ട് ഈ ചോദ്യം ചോദിക്കപ്പെടാതെ പോവുന്നു? അദൃശ്യമായ അധികാരസ്ഥാപനത്തിന്റെ മുന്നിലെത്തുമ്പോള്‍ ഒരു തരം ഭീതി സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിത്തീരുന്നത്കൊണ്ടാണിത്.
നമ്മുടെ നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട രണ്ടുധാരയും-സവര്‍ണ്ണ ധാരയും അവര്ണ്ണധാരയും-വേറിട്ടുനില്‍ക്കുകയല്ല. മറിച്ച്, അവ പരസ്പരം ഹസ്തദാനം നടത്തിയിട്ടുണ്ട്. എങ്ങനെയാണിത് സാധ്യമാവുന്നത് ? രണ്ടും സമരം ചെയ്തുകൊണ്ടാണ്- സമരത്തില്‍വെച്ചാണ് സൌഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞത്. സമരത്തിന്റെ സ്വഭാവം ഇ.എം.എസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ ഇ.എം.എസ് ഡീക്ളാസിഫിക്കേഷന് എന്നാണ് വിളിച്ചത്. --ഞാനൊരു സവര്‍ണ്ണനാണ് എന്ന നിലയില്‍ അനുഭവിക്കുന്ന അവകാശങ്ങള്‍ ജനാധിപത്യവിരുദ്ധമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉപേക്ഷിക്കുകയാണ്. മേലാളസമൂഹത്തില് ജീവിക്കുന്ന ഒരാള്‍ക്ക് ആന്തരിക സമരത്തിലൂടെ കടന്നുപോവാതെ അത്തരമൊരൈക്യം ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. ദത്തുപുത്രന് എന്ന മറ്റൊരു പദവും അദ്ദേഹം പകരംവെച്ചു. ഒളിവു ജീവിതത്തിലൂടെ അതുവരെ തനിക്കന്യമായ കീഴാളജീവിതത്തിന്റെ അനുഭവങ്ങള്‍ അറിയാന്‍ കഴിഞ്ഞുവെന്നും അത് തന്റെ ജീവിത വീക്ഷണത്തെ വല്ലാതെ വികസിപ്പിച്ചുവെന്നും ഇ.എം.എസ് സൂചിപ്പിക്കുന്നു.
ഇ.എം.എസും ആ കാലഘട്ടത്തില്‍ യുവജനക്ഷേമ സഭയ്ക്കകത്തുനടന്ന സംഘര്‍ഷങ്ങളിലും സമരത്തിലും ജനാധിപത്യകാഴ്ചപ്പാട് മുന്നോട്ടുവെച്ച യുവജനക്ഷേമസംഘം പ്രവര്‍ത്തകരും പ്രത്യേകതകള്‍ ഉപേക്ഷിച്ചുകൊണ്ടാണ് ജനസമൂഹത്തിന്റെ ഭാഗമായി മാറിയത്. ഇന്ന് ഈ ആഢ്യത്വം ഏതൊക്കെ രീതിയിലാണ് കടന്നുവരുന്നതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ദേവകി നിലയങ്ങോട്ടിന്റെ ആത്മകഥയില്‍ അവരുടെ വിവാഹ ചടങ്ങില്‍ പാലക്കാട്ടെ വരന്റെ വീട്ടിലെത്തുമ്പോള്‍ നമ്പൂതിരി യുവാക്കള്‍ ചുവന്ന മാലയണിയിക്കുകയും ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1942ല്‍ നടന്ന ഈ വിവാഹത്തില്‍ പരമ്പരാഗതരീതിയില്‍ നിന്ന് വ്യത്യസ്തമായി ഇങ്ങനെ നടക്കാന്‍ കാരണമെന്താണ് ?
തങ്ങളുടെ മേല്‍ക്കോയ്മ മറിച്ചിടണമെങ്കില്‍ ഒരു കീഴാള സമൂഹം നടത്തുന്ന തരത്തിലുള്ള സമരങ്ങള്‍ പോരായെന്ന തിരിച്ചറിവാണിത്- കീഴാള സമൂഹം നേരിടുന്ന പ്രശ്നം അപഹരിക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചുപിടിക്കുക എന്നതാണ്. മേലാളസമൂഹം അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്ന് തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധമായ അവകാശങ്ങള്‍ ഉപേക്ഷിക്കുക എന്നതും. പിടിച്ചെടുക്കാനുള്ള സമരം ഏതുപ്രതിസന്ധിയിലും എത്രവളവു തിരിവുകളുണ്ടായാലും ചരിത്രത്തില്‍ സംഭവിച്ചേപറ്റൂ. എന്നാല്‍ ജനാധിപത്യവിരുദ്ധ അവകാശങ്ങള്‍ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവ അത്രയെളുപ്പം ഉപേക്ഷിക്കാന്‍ കഴിയില്ല. വലിയ സങ്കീര്‍ണ്ണതയാണ് അത് സൃഷ്ടിക്കുന്നത്. ഈ സങ്കീര്‍ണ്ണതയെയാണ് ഇ.എം.എസ് മറികടന്നത്.
*
കെ.ഇ.എൻ, കടപ്പാട് : യുവധാര മാസിക
Thursday, September 2, 2010
Subscribe to:
Post Comments (Atom)
2 comments:
ഇ.എം.എസ്സും നവോത്ഥാനവും എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലൊന്ന് നവോത്ഥാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ പുനഃപരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഈ അന്വേഷണം എന്നതാണ്. യൂറോപ്പ് കേന്ദ്രീകൃതമായ ഒരു കാഴ്ചപ്പാടിലാണ് നവോത്ഥാനം നിര്‍വ്വചിക്കപ്പെട്ടത്. ഈ അര്‍ത്ഥത്തില്‍ തന്നെയാണ് കേരളത്തിലും നവോത്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെയും നടന്നതും നടന്നുകൊണ്ടിരിക്കുന്നതും. എന്നാൽ, ഇന്ന് നവോത്ഥാനത്തിന്റെ യൂറോപ്പ് കേന്ദ്രീകൃതമായ നിര്‍വ്വചനം തീര്‍ച്ചയായും ചോദ്യംചെയ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അതായത്, റോമില്‍ തുടങ്ങി, ഗ്രീസ്, യൂറോപ്പ് വഴി ലോകമാകെ വ്യാപിച്ച വൈജ്ഞാനിക വികാസത്തിന്റെ കഥയെന്ന അര്‍ത്ഥത്തിലാണ് ഇത് പൊതുവെ പറഞ്ഞുവരുന്നത്. മാര്ട്ടിന് ബെര്ണറിനെപ്പോലെയുള്ളവര് വ്യക്തമാക്കിയതുപോലെ നവോത്ഥാനത്തെ ഒരു യൂറോപ്യന്‍ പ്രതിഭാസം എന്ന രീതിയില്‍ വെട്ടിച്ചുരുക്കുന്നതിനു പകരം ആഫ്രിക്ക, ഈജിപ്ത്, അറേബ്യ, ഇന്ത്യ തുടങ്ങിയവിടങ്ങളിലെ സംസ്ക്കാരത്തിന് ഇതില്‍ ഏതുതരത്തിലുള്ള പങ്കാണുള്ളതെന്ന ചര്‍ച്ച അനിവാര്യമാണ്. ആ അര്‍ത്ഥത്തില്‍ നവോത്ഥാനത്തെക്കുറിച്ചുള്ള യൂറോപ്പ് കേന്ദ്രീകൃതമായ കാഴ്ചപ്പാട് പൊളിച്ചെഴുതേണ്ടതുണ്ട്.
മുസ്ലിം, പര്‍ദ്ദ, ഇഫതാര്‍ പാര്‍ട്ടി, നിസകാരം, താടി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോഴും ചിലതൊക്കെ കാണുമ്പോഴും ചര്‍ദ്യതിസാരവും, മുസ്ലിം വിരുദ്ധ ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നവര്‍ വായിച്ചിരിക്ക്കേണ്ട ലേഖനം
Post a Comment