വിഭജനകാലത്ത് അതിര്‍ത്തിക്ക് അപ്പുറവുമിപ്പുറവും ചോരവാര്‍ന്നൊഴുകുമ്പോഴും ഒരൊറ്റ വര്‍ഗീയ സംഘട്ടനവും പൊട്ടിപ്പുറപ്പെടാത്ത കശ്മീര്‍. ഹിന്ദുവായ മഹാരാജാവ് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ പറ്റില്ലെന്ന് ശഠിച്ചപ്പോള്‍, പാകിസ്ഥാനിലല്ല ഇന്ത്യയിലാണ് തങ്ങളുടെ ഇടം എന്ന് തിരിച്ചറിഞ്ഞ കശ്മീര്‍. മതാടിസ്ഥാനത്തില്‍ ഇന്ത്യയെ രണ്ടായി വെട്ടിമുറിക്കണം എന്ന് ആവശ്യപ്പെട്ട ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ നിരാകരിച്ച കശ്മീര്‍. ഇന്ത്യയിലാദ്യം ഭൂപരിഷ്കരണം നടപ്പാക്കിയ കശ്മീര്‍.
ആ കശ്മീരല്ല ഇന്നത്തെ കശ്മീര്‍. അസമാധാനത്തിന്റെയും അശാന്തിയുടെയും പുകയുന്ന പകയുടെയും പര്യായമായി മാറിയിരിക്കുന്നു കശ്മീര്‍. എന്തുകൊണ്ടിങ്ങനെ? എന്താണിതിനൊരു പരിഹാരം? കശ്മീരി ഭീകരവാദികളുടെ തോക്കിനെയും ബോംബിനെയും എണ്ണമറ്റ സന്ദര്‍ഭങ്ങളില്‍ അതിജീവിച്ച മുഹമ്മദ് യൂസസ് തരിഗാമിയെ കോഴിക്കോട്ടേക്ക് ക്ഷണിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നേരിട്ടു ചോദിച്ചറിയുക എന്നതുകൂടി മനസ്സിലുണ്ടായിരുന്നു. മലബാര്‍ കയര്‍ ഫെസ്റ്റിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനായാണ് സ്വാതന്ത്യ്രദിനത്തലേന്ന് അദ്ദേഹം എത്തിച്ചേര്‍ന്നത്.
കഴിഞ്ഞ തവണ തരിഗാമി കോഴിക്കോട്ടെത്തിയതും ഒരു സ്വാതന്ത്ര്യദിനത്തലേന്നായിരുന്നു. വടകരയിലെ പൊതുയോഗത്തിന് മുമ്പ്, കശ്മീരിന്റെ പോരാട്ടവീര്യത്തിന്റെ ആ പ്രതീകത്തെയും ആനയിച്ചുകൊണ്ട് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം അക്ഷരാര്‍ഥത്തില്‍ പട്ടണത്തെ വീര്‍പ്പുമുട്ടിച്ചിരുന്നു. ഭാഷാഭേദം മറന്നുകൊണ്ട് ജനമനസ്സുകളോട് നേരിട്ട് സംസാരിക്കുന്ന തരിഗാമിയുടെ പ്രസംഗം തര്‍ജമക്കാരനായ എന്നെ ശരിക്കും വിഷമിപ്പിച്ചു. പറയാനുള്ള കാര്യം നേരിട്ട് ജനങ്ങളിലെത്തിക്കുന്ന ശരീരഭാഷ. അതിനപ്പുറം കേള്‍വിക്കാരെയും പ്രസംഗകനെയും ബന്ധിപ്പിക്കുന്ന അജ്ഞേയമായ ഒരാലക്തികതരംഗം. പിന്നെ തര്ജമക്കാരന് എന്ത് പ്രസക്തി?
പ്രസംഗം കഴിഞ്ഞശേഷം കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടയില്‍ അദ്ദേഹം തികച്ചും അസ്വസ്ഥനായിരുന്നു. "കശ്മീരിലേക്ക് ഒന്ന് ഫോണ്‍ ചെയ്യണം.'' മൊബൈല്‍ ഫോണുകള്‍ പ്രചാരത്തിലെത്തിയിട്ടില്ല. ഏതെങ്കിലും എസ്ടിഡി ബൂത്തില്‍ കയറാനുള്ള ധൈര്യമില്ല. നേരം വൈകിയതുകൊണ്ട് തിരിച്ച് വടകരയിലെ പാര്‍ടി ഓഫീസില്‍ ചെന്ന് ഫോണ്‍ചെയ്ത് മടങ്ങാനുംവയ്യ.
"മുക്കാല്‍ മണിക്കൂറിനകം വീട്ടിലെത്തും. അവിടെ എത്തിയിട്ട് പോരേ?'' ഞങ്ങളുടെ നിസ്സഹായതയോട് രാജിയാവാന്‍ തയ്യാറായ അദ്ദേഹത്തെയും കൂട്ടി കുതിച്ചു വീട്ടിലെത്തി. അപ്പോഴാണ് ബോധ്യമായത് തരിഗാമിയുടെ അസ്വസ്ഥതക്ക് പിറകിലുള്ള കാര്യം. സ്വാതന്ത്ര്യദിനത്തലേന്ന് ഭീകരവാദികള്‍ എന്തെങ്കിലും കുഴപ്പം കുത്തിപ്പൊക്കിയോ എന്നറിയാനുള്ള വേവലാതിയായിരുന്നു അത്. കശ്മീരിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള സഖാക്കളുമായി ബന്ധപ്പെട്ട് കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ല എന്നറിഞ്ഞശേഷമാണ് അദ്ദേഹത്തിന് ശ്വാസം നേരെവീണത്.
കശ്മീര്‍ അന്നത്തേതിലും ഏറെ മാറിപ്പോയിരിക്കുന്നു. സ്ത്രീകളും കുട്ടികളും നേരിട്ട് സൈനികരുമായി ഏറ്റുമുട്ടുകയാണ്. അന്യവല്ക്കരിക്കപ്പെട്ട ഒരു ജനതയായി മാറിത്തീരുകയാണോ മഹാരാജാ ഹരിസിങ്ങിന്റെ പ്രജകളുടെ പിന്മുറക്കാര്?
തരിഗാമി പറയുന്നു: "മഹാരാജാ ഹരിസിങ്ങല്ല. ഇന്ത്യന്‍ പട്ടാളമല്ല കശ്മീരിനെ ഇന്ത്യയോട് കൂട്ടിയോജിപ്പിച്ചത്. കശ്മീര്‍ ജനതയുടെ ഇച്ഛാശക്തിയാണ്.''
നാട്ടുരാജ്യങ്ങള്‍ എന്തു നിലപാടെടുക്കണം എന്ന കാര്യത്തില്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് വിടപറഞ്ഞ ബ്രിട്ടീഷുകാര്വെച്ച കെണിയില്‍ വീഴുകയായിരുന്നു കശ്മീര്‍ രാജാവ് ഹരിസിങ്. ഇന്ത്യയില്‍ ചേരാതെ സ്വിറ്റ്സര്‍ലാന്‍ഡിന്റെ മാതൃകയില്‍ സ്വതന്ത്രപദവി നിലനിര്‍ത്താനായിരുന്നു രാജാവിന്റെ മോഹം. മഹാരാജാവിന് പാകിസ്ഥാനോട് ചേരാനാണ് താല്പ്പര്യമെങ്കില് അതില്‍ ഇന്ത്യക്ക് എതിര്‍പ്പില്ലെന്ന് സര്‍ദാര്‍ പട്ടേല്‍പോലും സൂചിപ്പിച്ചിരുന്നു. എന്നിട്ടും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ സാഹചര്യമൊരുക്കിയ കശ്മീരിജനത എന്തുകൊണ്ട് ഇങ്ങനെ അന്യവല്‍ക്കരിക്കപ്പെടുന്നു? എന്തായിരുന്നു ആക്രമണങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ടതിന് പിന്നില്‍?
അനൌപചാരികമായ അഭിമുഖം കാറില്‍നിന്നുതന്നെ തുടങ്ങാനായി തയ്യാറാക്കിയ ആദ്യചോദ്യം അതായിരുന്നു. പക്ഷേ അദ്ദേഹത്തെ സ്വീകരിക്കാനായി കാറില്‍ വിമാനത്താവളത്തിലെത്തിയതോടെ സ്ഥിതിഗതികളാകെ നിയന്ത്രണാതീതമായപോലെ. രണ്ട് ഇടിവണ്ടി നിറയെ പൊലീസുകാര്‍ കാത്തുനില്ക്കുന്നു. മലപ്പുറത്തെ ഡിവൈ എഫ്ഐ സഖാക്കള്‍ കൊണ്ടുവന്ന മാലപോലും സുരക്ഷാവിഭാഗം അരിച്ചുപെറുക്കുന്നു. ഞങ്ങളുടെ ഡ്രൈവറുടെ ലൈസന്‍സ് ഒറിജിനല്‍ അല്ല എന്ന് സംശയം തോന്നിയ പൊലീസ് വിമാനത്താവളത്തിന് മുന്നിലൂടെ അയാളെക്കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്തിച്ചുകളഞ്ഞു. സ്വാതന്ത്ര്യദിനത്തലേന്നായതുകൊണ്ട് പതിവില്‍ക്കവിഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍. അതിനിടയിലാണ് സെഡ് പ്ളസ് സുരക്ഷാസംവിധാനമുള്ള ഒരാളുടെ വരവ്. അതീവ ജാഗ്രതയില്‍ കാര്‍-ഇന്‍-ഇന്റര്‍വ്യൂ നടക്കാതെ പോവും എന്നു തോന്നി. നിര്‍ഗമന കവാടത്തില്‍ തരിഗാമി എത്തിയതും മുന്‍ സീറ്റിലിരുന്ന് ക്യാമറ റെഡിയാക്കുകയായിരുന്ന ഫോട്ടോഗ്രാഫറെ തട്ടി പൊലീസുകാര്‍ പറഞ്ഞു. "സീറ്റൊഴിവാക്ക്. മുന്‍സീറ്റ് പിഎസ്ഓവിനുള്ളതാണ്''. രണ്ട് പൈലറ്റ് ജീപ്പുകളിലെ പൊലീസുകാര്‍ കൈയും കാലും കാട്ടി എതിരേവരുന്ന വാഹനങ്ങളെ ആട്ടിയകറ്റുന്നു. അതിനിടയില്‍ അതൊന്നും ശ്രദ്ധിക്കാതെ പൊലീസ് സാന്നിധ്യത്തില്‍ ഒരഭിമുഖത്തിന് തയ്യാര്‍തന്നെ ഈ പോരാളി.
ഇടവേളയിലെ ശാന്തതക്ക് ശേഷം വീണ്ടും കശ്മീര്‍ കലാപഭൂമിയാവുകയാണ്. ആക്രമണങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്ന് ഇടയാക്കിയ സംഭവമെന്തായിരുന്നു.?
= ഞങ്ങളുടെ അഭിപ്രായത്തില്‍, ഇത് സാധാരണ ജനങ്ങള്‍ വന്‍തോതില്‍ അന്യവല്‍ക്കരിക്കപ്പെട്ടതിന്റെ പ്രതിഫലനമാണ്. കുറച്ചുവര്‍ഷംമുമ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സമാധാനചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ പറ്റിയ പല നടപടികളും കൈക്കൊണ്ടിരുന്നു. മുസാറഫാബാദ്-ശ്രീനഗര്‍ റോഡും പുഞ്ച്-റാവലക്കോട്ട് റോഡും തുറന്നുകൊടുത്തത് ജനങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ത്താന്‍ സഹായിച്ചു. നിയന്ത്രണരേഖാ പ്രദേശത്ത് വാണിജ്യബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ശ്രമങ്ങള്‍ നടന്നു. സിയാച്ചിന്‍, സര്‍ക്രീക് പ്രദേശങ്ങളില്‍ ചില മുന്‍കൈ പ്രതീക്ഷിച്ചതാണ്. കശ്മീരിനെക്കുറിച്ചുള്ള അവശിഷ്ടപ്രശ്നങ്ങള് പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടക്കുകയായിരുന്നു. കേന്ദ്രം മുന്നോട്ടുവെച്ച ഒരു ഓഫര്‍, അതിര്‍ത്തിക്കപ്പുറവും ഇപ്പുറവുമുള്ള വാണിജ്യവും ജനങ്ങളുടെ വരവുപോക്കും ഉറപ്പാക്കാം എന്നുള്ളതായിരുന്നു. പാകിസ്ഥാന്റെ ഭാഗത്തുനിന്നും ചില നീക്കുപോക്കുകള്‍ക്കുള്ള സന്നദ്ധത പ്രകടമായിരുന്നു. ജനറല്‍ മുഷറഫിന്റെ നാലിന ഫോര്‍മുല എന്നറിയപ്പെട്ടിരുന്ന ചില മയപ്പെടുത്തലുകള് ഉദാഹരണം.
അതോടെ കശ്മീര്‍ പ്രദേശത്താകെ പ്രതീക്ഷയുടെ അന്തരീക്ഷമായി. ദൌര്‍ഭാഗ്യവശാല്‍ പാകിസ്ഥാനിലെ ആഭ്യന്തരപ്രശ്നങ്ങളും മുംബൈ ഭീകരാക്രമണവും കാരണം ഇതാകെ തകര്‍ക്കപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ അപ്പാടെ തകിടം മറിഞ്ഞു.
കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി ശ്രീനഗറില്‍ വിളിച്ചുചേര്‍ത്ത വട്ടമേശസമ്മേളനം ഇന്ത്യയുടെ മുന്‍കൈയില്‍ നടന്നതാണ്. അവിടെ വെച്ച് വിവിധ പ്രവര്‍ത്തകസമിതികള്‍ (working groups) രൂപവല്‍ക്കരിക്കപ്പെട്ടതാണ്. ഇതെല്ലാം പ്രതീക്ഷയുടെ അന്തരീക്ഷമൊരുക്കിയിരുന്നു. പക്ഷേ സമാധാനചര്‍ച്ചകള്‍ തകിടം മറിഞ്ഞു. ആഭ്യന്തരമായി പ്രശ്നപരിഹാരത്തിനുള്ള ഒരു ശ്രമവും ഇല്ലാതായി. ഇതോടെ ജനങ്ങള്‍ വിശേഷിച്ചും യുവാക്കള്‍ നിരാശരായി. പ്രതീക്ഷയില്‍നിന്ന് നിരാശയിലേക്കുള്ള ഒരു വന്‍ പതനം.
ഈ അന്തരീക്ഷത്തില്‍, വന്‍തോതിലുള്ള തൊഴിലില്ലായ്മ പെരുകുമ്പോള്‍, സംസ്ഥാന ഗവണ്മെന്റ് പ്രകടിപ്പിച്ച നിഷ്ക്രിയത്വം കടുത്ത രോഷത്തിനിടയാക്കി. ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്കുള്ള അടിയന്തര കാരണം നിരപരാധികളായ മൂന്നു ചെറുപ്പക്കാരെ പിടികൂടി ഭീകരവാദികള്‍ എന്ന് മുദ്രകുത്തി കൊലപ്പെടുത്തിയ സംഭവമാണ്. ഈ യുവാക്കള്‍ ഒരു കുറ്റവും ചെയ്തിരുന്നില്ല എന്ന വസ്തുത പുറത്തായതോടെ താഴ്വരയിലാകെ ക്ഷോഭത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ഈ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ ശ്രീനഗറില്‍ ഒരു ബാലന് കൊല്ലപ്പെട്ടു. രോഷം അതോടെ പതിന്മടങ്ങ് വര്‍ധിച്ചു. വീണ്ടും പ്രക്ഷോഭങ്ങള്‍, വെടിവെപ്പ്, ആക്രമണത്തിന്റെ തുടര്‍ച്ചകള്‍, ഇതാണ് ഇന്നത്തെ അവസ്ഥയിലെത്തിച്ചത്.
കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ഇതിനോട് രാഷ്ട്രീയമായി പ്രതികരിച്ചില്ല. പകരം അതിരുകടന്ന ഭരണനടപടികളെ ആശ്രയിച്ചു.
പ്രധാനമന്ത്രി ഇതിനുമുമ്പും താഴ്വരയില് സന്ദര്‍ശനം നടത്തിയിരുന്നല്ലോ. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളെ അത് ഒട്ടും സഹായിച്ചില്ലെന്നോ?
= ശരിയാണ്, പ്രധാനമന്ത്രി മെയ് മാസത്തില്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. സിപിഐ എം പ്രതിനിധിസംഘം അദ്ദേഹത്തെ കണ്ടിരുന്നു. ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അസംതൃപ്തിയിലും നിരാശയിലും ഞങ്ങള്‍ക്കുള്ള വേവലാതി അദ്ദേഹത്തെ അറിയിച്ചു. അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ വിദേശകാര്യ തലത്തിലും ആഭ്യന്തരമായുംനടത്തണം എന്ന കാര്യം ഞങ്ങള്‍അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ജനാധിപത്യപ്രക്രിയക്ക് പുറത്തുള്ളവരുമായിപ്പോലും സംഭാഷണം ആരംഭിക്കണമെന്നാണ് ഞങ്ങള്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടത്. ജനങ്ങളുടെ വികാരം പ്രധാനമന്ത്രിയെ നന്നായി ധരിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍നിന്നുള്ള പ്രകോപനം എന്തുതന്നെയായാലും ഇന്ത്യക്ക് മുന്നിലുള്ള ഏക പോംവഴി സംഭാഷണപ്രകിയ മാത്രമാണെന്നും ഞങ്ങള്‍ ചൂണ്ടിക്കാട്ടി. ഭീകരവാദികളെയും ആക്രമണം പ്രോത്സാഹിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്താന്‍ ആവണമെങ്കില്‍ പാകിസ്ഥാനുമായുള്ള കൂടിയാലോചനകള്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പട്ടാളക്കാര്‍ നിരപരാധികളായ മൂന്നു ചെറുപ്പക്കാരെ കൊന്നുതള്ളി ഭീകരവാദികളാണ് എന്ന് ചിത്രീകരിച്ചതുപോലുള്ള സംഭവങ്ങള്‍ നാടിന് തന്നെ നാണക്കേടാണ്. ആ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും അവര്‍ ശിക്ഷിക്കപ്പെടുകയും വേണമെന്ന് ഞങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കശ്മീരിന് വ്യാവസായികാടിത്തറ ഇല്ലെന്നും അതുകൊണ്ടുതന്നെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാനുള്ള സാധ്യതയില്ലെന്നും ഞങ്ങള്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ജമ്മുകശ്മീരിന്റെ സമ്പദ്വ്യവസ്ഥയെ പുനഃസൃഷ്ടിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്വരശ്രദ്ധ പതിയണമെന്നും ഞങ്ങളാവശ്യപ്പെട്ടു. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ക്ക് അര്‍ഥപൂര്‍ണമായ തൊഴില്‍ കിട്ടുമെന്നുറപ്പാക്കുന്ന തരത്തിലുള്ള മുന്‍കൈ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാവണം. പക്ഷേ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ല.
യഥാര്‍ഥത്തില്‍ കശ്മീരിലെ ഇന്നത്തെ കുഴപ്പങ്ങളുടെ വേരുകള്സ്വാതന്ത്ര്യസമര ചരിത്രവുമായിത്തന്നെ കെട്ടുപിണഞ്ഞുകിടക്കുകയല്ലേ. അതിനെ എങ്ങനെ നോക്കിക്കാണുന്നു?
= ഇന്ന് കശ്മീരില്‍ നടക്കുന്നത് തീര്‍ച്ചയായും ജീവിക്കണോ മരിക്കണോ എന്നതുമായി ബന്ധപ്പെട്ട പ്രശ്നം തന്നെയാണ്. ദ്വിരാഷ്ട്രവാദത്തിന്റെ പരീക്ഷണഭൂമികൂടിയാണത്. ജിന്ന മുന്നോട്ടുവെച്ച ദ്വിരാഷ്ട്രവാദമാകട്ടെ, വിഭജനകാലത്തെ കൂട്ടക്കുരുതികളുമായി ബന്ധപ്പെട്ടതാണുതാനും. ഈ വാദമനുസരിച്ച് ഹിന്ദുക്കളും മുസ്ളിങ്ങളും തമ്മിലുള്ള വൈരമില്ലാതാകണമെങ്കില്, രണ്ടു കൂട്ടര്‍ക്കും വെവ്വേറെ രാജ്യങ്ങള്‍ കിട്ടണം. നേരെമറിച്ച് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം അവകാശപ്പെട്ടതാകട്ടെ എല്ലാ മതവിഭാഗങ്ങളിലുംപെട്ട ജനങ്ങളെ ഉള്‍ക്കൊള്ളാവുന്ന ഒരുമതേതരസമൂഹവും. മതപരമായ വൈജാത്യങ്ങള്‍ ഒരു രാഷ്ട്രീയബാധ്യതയല്ല, മറിച്ച് ഒരു സാംസ്കാരിക ആസ്തിയാണ് എന്നാണ്. ഈ രണ്ടു വാദങ്ങളുടെയും പരീക്ഷണവേദിയായിത്തീര്ന്നു കശ്മീര്‍. അതിര്‍ത്തിയെയും വിശ്വാസത്തെയും സംബന്ധിച്ച് പരസ്പരം മത്സരിക്കുന്ന അവകാശവാദങ്ങളാണ് കശ്മീരില്‍ ഉയര്‍ന്നത്.
ഇവിടെ വ്യക്തമായും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയുമായി കശ്മീര്‍ സംയോജിച്ചത് ഒരു സവിശേഷ സാഹചര്യത്തിലാണ്. കശ്മീരിനെ വശത്താക്കാന്‍ പാകിസ്ഥാന് എല്ലാ ശ്രമങ്ങളും നടത്തുകയായിരുന്നു. കശ്മീര്‍ രാജാവായ ഹരിസിങ്ങാകട്ടെ ഇന്ത്യയോട് ചേരാന്‍ വിമുഖനായി നില്‍ക്കുകയുമായിരുന്നു. സ്വാതന്ത്യ്രസമരത്തിന്റെ പൊതു മൂല്യങ്ങള്‍ പങ്കുവെക്കുന്നതിലുള്ള പൊതുധാരണയാണ് ഇന്ത്യയുടെ ഇതരവിഭാഗങ്ങളുമായി കശ്മീരിനെ ഒന്നിപ്പിച്ച മുഖ്യഘടകം. ഇന്ത്യയുടെ കാഴ്ചപ്പാടും കശ്മീരിന്റെ കാഴ്ചപ്പാടും ഇക്കാര്യത്തില്‍ ഒന്നായിരുന്നു.
കശ്മീരിന്റെ ഈ പ്രത്യേക സാഹചര്യവും പ്രത്യേക വ്യക്തിത്വവും മനസ്സിലാക്കിക്കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നല്‍കിയത്. ഭരണഘടനയുടെ 370-ാം വകുപ്പിനെ ഈയൊരു ദിശയില്‍ വേണം പരിശോധിക്കാന്‍. പക്ഷേ ഈ വകുപ്പിനുണ്ടായ ശോഷണം ഇന്ത്യന്‍ മുഖ്യധാരയില്‍നിന്ന് കശ്മീരിനെ ഏറെ അകറ്റിക്കളഞ്ഞു.
അതൊന്നുകൂടി വിശദീകരിക്കാമോ?
=1953ല്‍ ഷെയ്ക് അബ്ദുള്ളയുടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇന്ത്യാഗവണ്മെന്റ് പുറത്താക്കി. ഭരണഘടനയുടെ 370-ാം വകുപ്പിന്റെ ലംഘനമായിരുന്നു അത്. ഷെയ്ക് അബ്ദുള്ളയെ ദീര്‍ഘകാലം തടവിലടയ്ക്കുകയും ചെയ്തു. പിന്നീട് തെരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടി ജനാധിപത്യത്തെത്തന്നെ കശാപ്പ്ചെയ്തു. സംസ്ഥാന അസംബ്ളിയുടെ പ്രത്യേകാധികാരങ്ങളും അവകാശങ്ങളും കവര്‍ന്നെടുത്തത് നിരാശയിലേക്കും മോഹഭംഗത്തിലേക്കും നയിച്ചു എന്നതാണ് വാസ്തവം.
ഇന്നിപ്പോള്‍ കശ്മീരി ജനതയുടെ മനസ്സില്‍ അവിശ്വാസം വന്‍തോതില്‍ പടര്‍ന്നുകയറിയിരിക്കുന്നു. അഥവാ അവിശ്വാസം കശ്മീരി മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഈയൊരവസ്ഥയെയാണ് വിഘടനവാദികളും മുസ്ളിം മൌലികവാദികളും മുതലെടുക്കുന്നത്. അതുവഴി കശ്മീരിനെ ഇന്ത്യയില്‍നിന്ന് പിഴുതെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മറുഭാഗത്ത് ഹിന്ദുവര്ഗീയവാദികളാകട്ടെ, ഈ അവസരം മുതലെടുത്ത് ഇന്ത്യന്‍ ജനതയുടെ കലര്‍പ്പറ്റ ജനാധിപത്യപരമായ അഭിലാഷങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്.
വര്‍ഗീയവാദികളും സാമ്രാജ്യത്വശക്തികളും ഇങ്ങനെ കൊത്തിവലിക്കുന്ന കശ്മീരിന് പിന്നെ എന്താണൊരു രക്ഷാമാര്‍ഗം?
= ആവര്‍ത്തിച്ചുള്ള ഹിംസയും ഭീകരതയും മറുഭീകരതയും ചേര്‍ന്ന് കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി കശ്മീരി ജനതയുടെ ജീവിതത്തിനുമേല്‍ ഏറെ വിനാശമാണ് വിതച്ചത്. കശ്മീരിന്റെ മഹത്തായ സാമുദായിക സൌഹാര്ദ പാരമ്പര്യത്തെ തകര്‍ത്തെറിയാനും അതിന് കഴിഞ്ഞു. ആട്ടിയോടിക്കപ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും, വിശേഷിച്ച് കശ്മീരി പണ്ഡിറ്റുകള്‍ക്ക് സുരക്ഷിതവും മാന്യവുമായ ഒരു തിരിച്ചുവരവിന് പറ്റിയ അന്തരീക്ഷം സൃഷ്ടിക്കപ്പെടാത്തിടത്തോളം കശ്മീരി വ്യക്തിത്വത്തിന്റെ ജീവന് നിലനില്‍ക്കില്ല.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മാറ്റുരച്ചുനോക്കുന്ന പരീക്ഷണവേദിയായി മാറുകയാണ് കശ്മീര്‍. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ കശ്മീരിന്റെ ഹൃദയവും മനസ്സും കീഴടക്കാവുന്ന വിധത്തിലുള്ള മുന്‍കൈ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അതിര്‍ത്തി സംബന്ധിച്ചുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനപ്പുറം, കശ്മീരിലെ ജനങ്ങളും ഇന്ത്യന്‍ ഭരണകൂടവും തമ്മിലുള്ള വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന വിടവ് എങ്ങനെ കുറച്ചുകൊണ്ടുവരാനാവും എന്നതാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് മുന്നിലുള്ള അടിസ്ഥാനപരമായ വെല്ലുവിളി. ഞങ്ങളുടെ അഭിപ്രായത്തില്‍, പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതോടൊപ്പം കശ്മീര്‍ സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുടെ അഭിപ്രായഗതികളുമായി യോജിപ്പുണ്ടാക്കുന്നതുമായിരിക്കണം ആ ദിശയിലുള്ള പ്രഥമ നീക്കം.
ശരിയായ പ്രശ്നപരിഹാരത്തിനായി ഇത്തരം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന താങ്കളുടെ പാര്‍ടിയുടെ യശസ്സ് വര്‍ധിക്കുന്നുവെന്നത് നേരുതന്നെ. ഇക്കഴിഞ്ഞ ആഗസ്ത് 10 ന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തില്‍ പ്രസംഗം നിര്‍ത്തിയ ഉടനെ അദ്ദേഹം താങ്കളുടെ അഭിപ്രായം എന്തെന്നറിയാന്‍ പ്രത്യേക താല്പര്യമെടുത്തതും ആദ്യം സംസാരിക്കാന്‍ ക്ഷണിച്ചതും രാജ്യം മുഴുവന്‍ ടി വിയിലൂടെ കണ്ടു. പക്ഷേ എത്രയ്ക്കുണ്ട് കശ്മീരില്‍ താങ്കളുടെ പാര്‍ടിയുടെ സ്വാധീനം?
= ഞങ്ങള്‍ ഒരു വലിയ ശക്തിയല്ല. ചെറിയൊരു പാര്‍ടിയാണ് ഞങ്ങളുടേത്. പക്ഷേ ഞങ്ങള്‍ പതറാതെ, മുട്ടുമടക്കാതെ നില്ക്കുന്നു. കശ്മീര്‍ ജനതയുടെ ദുരിതങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് എന്ന് ഞങ്ങള്‍ സ്വയം തിരിച്ചറിയുന്നു. മറ്റു പല കക്ഷികളും അപ്രസക്തമാവുമ്പോള്‍, ഞങ്ങള്‍ക്ക് അല്പമെങ്കിലും ഇടം കിട്ടുന്നത് സഖാക്കളുടെ അശ്രാന്തപരിശ്രമത്തിന്റെ ഭാഗമായാണ്. ജനങ്ങളുമായി അവര്‍ക്കുള്ള അടുത്തബന്ധം കാരണമാണ്. അത്തരം സുദൃഢബന്ധങ്ങള്‍ ഇല്ലെങ്കില്‍, ശത്രുവിന്റെ വിജയം സുനിശ്ചിതമാണ്.
പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെ കാര്യമാണെങ്കില്‍ അദ്ദേഹം നടത്തിയ അവതരണത്തില്‍ അടിയന്തരശ്രദ്ധ പതിയേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചശേഷം എന്നോട് സംസാരിക്കാന്‍ പറയുകയാണുണ്ടായത്. ഈ യോഗത്തില്‍ കാശ്മീരിന്റെ സ്വയംഭരണകാര്യത്തില്‍ ഹുറിയത് കോണ്‍ഫ്രന്‍സും ബിജെപിയും കൈക്കൊണ്ട നിലപാടുകളില്‍ സമാനതകളുണ്ടായിരുന്നു. കാശ്മീരിന് സ്വയംഭരണം ആവശ്യമില്ലെന്ന സമീപനമാണ് ഇരുവിഭാഗത്തില്‍പ്പെട്ട മൌലികവാദികള്‍ക്കും.
സ്വയംഭരണാവകാശമെന്നത് മന്‍മോഹന്‍സിങ്ങിന്റെ പുതിയ കണ്ടുപിടുത്തമല്ല. 2000ല്‍ ജമ്മു കശ്മീര്‍ അസംബ്ളയില് പാസാക്കി അന്നത്തെ എന്‍ഡിഎ സര്‍ക്കാരിന് അയച്ചുകൊടുത്ത പ്രമേയത്തിലെ ആവശ്യമായിരുന്നു അത്. വാജ്പേയി അത് കണ്ടില്ലെന്ന് നടിച്ചു. സ്വയംഭരണാവകാശം നിഷേധിക്കുന്നു എന്നതിനര്‍ഥം ഭരണഘടനയുടെ 370-ാം വകുപ്പിനെ നിഷേധിക്കുന്നു എന്നതാണ്. ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂണിയനുമായി ബന്ധിപ്പിക്കുന്ന കണ്ണിയെത്തന്നെ നിരാകരിക്കുന്ന എന്നാണര്‍ഥം.
വാസ്തവത്തില്‍ സ്വയംഭരണാവകാശം ആരെങ്കിലും വച്ചുനീട്ടുന്ന ഔദാര്യമല്ല. ഇന്ത്യന്‍ ഭരണഘടന കശ്മീരിനനുവദിച്ച പ്രത്യേകപദവി വഴി വന്നുചേരുന്ന അവകാശമാണത്. കശ്മീര്‍ രാജ്യം ഇന്ത്യയുമായി കൂടിച്ചേരുന്നതിനുള്ള മുന്നുപാധിയായിരുന്നു അത്. കഴിഞ്ഞ കാലങ്ങളില്‍ തെറ്റായി, ഭരണഘടനാവിരുദ്ധമായി ജനാധിപത്യവിരുദ്ധമായി 370-ാം വകുപ്പിനെ ദുര്‍ബലപ്പെടുത്തുകയായിരുന്നു. അത് പുനഃസ്ഥാപിക്കണമെന്നാണ് ജമ്മു കശ്മീര്‍ അസംബ്ളി പത്തുകൊല്ലം മുമ്പ് ആവശ്യപ്പെട്ടത്. അതിനോടിണങ്ങുന്ന സമീപനമായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ പ്രഖ്യാപനത്തില്‍. ദൌര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ നിന്ന് വിഘടിച്ചുപോവാന് ശ്രമിക്കുന്ന ശക്തികളും അഖണ്ഡഭാരതത്തെപ്പറ്റി വാചകമടിക്കുന്ന ബിജെപിയും ഒരേപോലെ സ്വയംഭരണാവകാശത്തെ എതിര്‍ക്കുകയാണ്. രണ്ടു കൂട്ടരും ജനാഭിലാഷമല്ല, സമുദായ താല്പര്യമാണ് പ്രതിഫലിപ്പിക്കുന്നത്.
സിപിഐ എം നിലപാടുകളുടെ പ്രായോഗികത പ്രധാനമന്ത്രിപോലും അംഗീകരിക്കുന്നതിനു പിന്നിലുള്ള പ്രധാനകാര്യം ജനങ്ങള്‍ക്കിടയില്‍ ക്ഷമാപൂര്‍വം പ്രവര്‍ത്തിച്ചുകൊണ്ട് അവരുടെ കണ്ണീരൊപ്പാനുള്ള ആത്മാര്‍ഥശ്രമം നടത്തുന്ന കക്ഷിയാണ് താങ്കളുടേത് എന്ന തിരിച്ചറിവാണല്ലോ. അത്തരമൊരു പാര്‍ടിക്ക് നേതൃത്വം നല്കുന്നതിനിടയില് അനേകതവണ താങ്കള്‍ ശത്രുക്കളുടെ ആക്രമണ ലക്ഷ്യമായിരുന്നു. വ്യക്തിപരമായ ചില അനുഭവങ്ങള്‍കൂടി പങ്കുവയ്ക്കാമോ?
= പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ ലക്ഷ്യപ്രാപ്തിക്കായി വേണ്ടത്ര ചുമതലകള്‍ നിര്‍വഹിക്കാന്‍ എനിക്കായിട്ടില്ല എന്നുതന്നെയാണ് എന്റെ തോന്നല്‍. ഇന്നത്തെ സാഹചര്യം ഏറെ വിഷമകരമാണ്. അനേകം സഖാക്കള്‍ക്ക് അവരുടെ ജീവന്‍തന്നെ ബലിയര്‍പ്പിക്കേണ്ടിവന്നിട്ടുണ്ട്. എത്രമേല്‍ കടുത്ത സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവന്നാലും, ഞങ്ങളുടെ ചുമതലകള്‍ നിറവേറ്റാന്‍ ആവുംവിധം ഞങ്ങള്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തിപരമായി എന്റെ സംഭാവന വേണ്ടത്ര ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.
ശരിയായിരിക്കാം, പക്ഷേ പ്രസ്ഥാനത്തിന്റെ ഭാഗമായി ചുമതലകള്‍ നിറവേറ്റുന്നതിനിടയില് നേരിടേണ്ടിവന്ന വ്യക്തിപരമായ ആക്രമണങ്ങളെക്കുറിച്ച് വായനക്കാര്‍ അറിയേണ്ടതുണ്ട് എന്നു തോന്നുന്നു. എണ്ണമറ്റ ആക്രമണങ്ങള്‍ താങ്കള്‍ക്കുനേരെ ഉണ്ടായിട്ടുണ്ട് എന്നറിയാം. ചുരുക്കിപ്പറയാമോ?
= 89ല്‍തന്നെ എനിക്ക് അഭയാര്‍ഥിയായി ജമ്മുവിലേക്ക് കുടിയേറേണ്ടിവന്നിട്ടുണ്ട്. ജമ്മുവിലേക്കുള്ള ആദ്യ കുടിയേറ്റക്കാരന് ഞാനാണ് എന്നു തോന്നുന്നു. ഒരിക്കല്‍ രോഗബാധിതനായി ഗ്രാമത്തിലെ വീട്ടില്‍ കഴിയുമ്പോള്‍, തീവ്രവാദികള്‍ വീടുവളഞ്ഞു. അവര്‍ക്ക് വേണ്ടത് എന്റെ ജീവനായിരുന്നു. പക്ഷേ അവരെ വിജയിക്കാന്‍ അനുവദിച്ചുകൂടല്ലോ.
1996ലെ തെരഞ്ഞെടുപ്പില്‍ കുല്‍ഗാമില്‍നിന്ന് ഞാന്‍ ജയിച്ചപ്പോള്‍ നടന്ന റാലിക്കുനേരെ ഗ്രനേഡ് ആക്രമണമാണ് എതിരാളികള്‍ നടത്തിയത്. എട്ടുപേര്‍ സംഭവസ്ഥലത്ത് മരിച്ചുവീണു. ഡസന്‍കണക്കിന് സഖാക്കള്‍ക്ക് പരിക്കേറ്റു. എന്റെ തൊട്ടടുത്ത സീറ്റിലിരുന്ന സ്ത്രീയും കൊല്ലപ്പെട്ടു. എന്നിട്ടും ഞാന്‍ അതിജീവിച്ചു.
2005ലെ ഭീകരാക്രമണം ഒരു ചാവേറിന്റെതായിരുന്നു. എന്റെ സെക്യൂരിറ്റി ഓഫീസര്‍ കൊല്ലപ്പെട്ടു. ഒരു മന്ത്രിക്കും ജീവന് നഷ്ടപ്പെട്ടു. യഥാര്‍ഥത്തില്‍ എന്നെയും കുടുംബത്തെയും വകവരുത്താനായിരുന്നു ആക്രമണം എന്നാണ് അന്വേഷണക്കമീഷന് കണ്ടെത്തിയത്. എന്റെ ഭാര്യാപിതാവ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു -ഇളയ സഹോദരനും. അതിക്രമത്തിനും നാനാതരത്തിലുള്ള ആക്രമണത്തിനും എതിരായി നില്‍ക്കുന്നതുകൊണ്ടാണ് അവര്‍ ഞങ്ങള്‍ക്കുനേരെ തിരിയുന്നത്.
പക്ഷേ ഒന്ന് ഞങ്ങള്‍ക്ക് പറയാനാവും. കശ്മീര്‍ ജനത കൂടുതല്‍ നീതി അര്‍ഹിക്കുന്നുവെങ്കിലും ആക്രമണങ്ങളെ ആശ്രയിക്കുന്നത് വിഫലം മാത്രമല്ല, വിനാശകരം കൂടിയായിരിക്കും. കശ്മീര്‍ പ്രശ്നത്തെ വെറുമൊരു ക്രമസമാധാന പ്രശ്നമായി കണ്ടുകൂടാ എന്നതാണ് ഞങ്ങളുടെ പാര്‍ടിയുടെ വിലയിരുത്തല്‍. പ്രാദേശികമായ നേട്ടങ്ങള്‍ക്കായി അതിനെ ഉപയോഗപ്പെടുത്തുകയുമരുത്. കശ്മീര്‍ പ്രശ്നം മൌലികമായി ഒരു വന്‍ മാനുഷിക ദുരന്തമാണ്.
ഈ കണ്ണീര്‍ക്കയങ്ങളില്‍ നിന്നുള്ള മോചനത്തിനായി മുന്നോട്ടുവയ്ക്കാനുള്ള നിര്‍ദേശങ്ങള്‍?
= നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത ലക്ഷ്യങ്ങളിലൊന്നായി അവശേഷിക്കുകയാണ് ഈ ഉപഭൂഖണ്ഡത്തിലെ സമാധാനം. ഇന്നത്തെ വര്‍ത്തമാനകാല സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, നമ്മുടെ വിഭവങ്ങളാകെ പാഴാക്കപ്പെടുകയാണ്- ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി. പക്ഷേ സത്വരശ്രദ്ധ പതിയേണ്ട മേഖലകള്‍ ജനങ്ങളെയാകെ ബാധിക്കുന്ന പട്ടിണി, വിലക്കയറ്റം, തൊഴിലില്ലായ്മ, അനാരോഗ്യം എന്നിവയാണ്. ഈ പ്രശ്നങ്ങളാകട്ടെ, ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോവുകയുമാണ്.
മാത്രവുമല്ല, പാകിസ്ഥാനുമായുള്ള സംഘര്‍ഷം തുടരുന്നത് ഒഴിവാക്കാനാവാത്ത സാമ്രാജ്യത്വ ഇടപെടലിലേക്കാണ് നയിക്കുക. ഈ പ്രതിസന്ധി കാരണമാണ് പാകിസ്ഥാന് അമേരിക്കയില്‍നിന്ന് വന്‍ സൌജന്യങ്ങള്‍ ലഭിക്കുന്നത്. ഇന്ത്യയെയും അതേ ചതിക്കുഴിയിലേക്ക് നയിക്കുവാന്‍ അമേരിക്കക്ക് കഴിയുന്നതും. അതുകൊണ്ടുതന്നെ കശ്മീര്‍ പ്രശ്നത്തെ ഒറ്റതിരിച്ചു കാണാനാവില്ല. അതിനെ ഒരു പ്രാദേശിക പ്രശ്നമായി നോക്കിക്കാണാനുമാവില്ല. അതിന് ദൂരവ്യാപകമായ വിവക്ഷകളുണ്ട്. മതനിരപേക്ഷ ജനാധിപത്യത്തിന് വിജയിക്കാന്‍ ആവണമെങ്കില്‍, ജനങ്ങളുടെ മനസ്സും ഹൃദയവും കവരുന്ന തരത്തിലുള്ള മുന്‍കൈ ഉണ്ടാവേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ചെറുതെങ്കിലും പതറാതെ പൊരുതുന്ന സിപിഐ എം.
*
എ കെ രമേശ് കടപ്പാട്: ദേശാഭിമാനി വാരിക 04-09-2010
Subscribe to:
Post Comments (Atom)
2 comments:
വിഭജനകാലത്ത് അതിര്‍ത്തിക്ക് അപ്പുറവുമിപ്പുറവും ചോരവാര്‍ന്നൊഴുകുമ്പോഴും ഒരൊറ്റ വര്‍ഗീയ സംഘട്ടനവും പൊട്ടിപ്പുറപ്പെടാത്ത കശ്മീര്‍. ഹിന്ദുവായ മഹാരാജാവ് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ പറ്റില്ലെന്ന് ശഠിച്ചപ്പോള്‍, പാകിസ്ഥാനിലല്ല ഇന്ത്യയിലാണ് തങ്ങളുടെ ഇടം എന്ന് തിരിച്ചറിഞ്ഞ കശ്മീര്‍. മതാടിസ്ഥാനത്തില്‍ ഇന്ത്യയെ രണ്ടായി വെട്ടിമുറിക്കണം എന്ന് ആവശ്യപ്പെട്ട ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ നിരാകരിച്ച കശ്മീര്‍. ഇന്ത്യയിലാദ്യം ഭൂപരിഷ്കരണം നടപ്പാക്കിയ കശ്മീര്‍.
ആ കശ്മീരല്ല ഇന്നത്തെ കശ്മീര്‍. അസമാധാനത്തിന്റെയും അശാന്തിയുടെയും പുകയുന്ന പകയുടെയും പര്യായമായി മാറിയിരിക്കുന്നു കശ്മീര്‍. എന്തുകൊണ്ടിങ്ങനെ? എന്താണിതിനൊരു പരിഹാരം? കശ്മീരി ഭീകരവാദികളുടെ തോക്കിനെയും ബോംബിനെയും എണ്ണമറ്റ സന്ദര്‍ഭങ്ങളില്‍ അതിജീവിച്ച മുഹമ്മദ് യൂസസ് തരിഗാമിയെ കോഴിക്കോട്ടേക്ക് ക്ഷണിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നേരിട്ടു ചോദിച്ചറിയുക എന്നതുകൂടി മനസ്സിലുണ്ടായിരുന്നു. മലബാര്‍ കയര്‍ ഫെസ്റ്റിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനായാണ് സ്വാതന്ത്യ്രദിനത്തലേന്ന് അദ്ദേഹം എത്തിച്ചേര്‍ന്നത്.
തരിഗാമിയുമായി എ.കെ.രമേശ് നടത്തുന്ന അഭിമുഖവും കുറിപ്പും.
This is a typical example Indian communists anti national stand. They take side with secessionists. They now want to give strength to China's plans in POK.
Nationalists in India! Beware of communists! They are hoping for a Chinese invasion of India.
Years ago they brought another seccessionist to Keral for collecting funds for their terrorist activities. Kerala has been made another breeding ground for anti-India activities by the LDF-UDF five year programms.
Post a Comment