Wednesday, September 1, 2010

ലീഗിന്റെ മതനിരപേക്ഷ കാപട്യം

വലതുപക്ഷം പൂവിട്ടുപൂജിക്കുന്ന ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ മുസ്ളിംലീഗിന് മതേതരത്വത്തിന്റെ വിശുദ്ധപദവി ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. മുസ്ളിംലീഗിന്റെ സാമുദായിക രാഷ്‌ട്രീയത്തിനു പിന്നില്‍ വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും ദംഷ്‌ട്രകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന സത്യം ബോധപൂര്‍വം മറച്ചുപിടിക്കുകയാണ് എം ജി എസ്. അദ്ദേഹത്തിന്റെ അമ്മാവനായ ഡോ. കെ എം ഗംഗാധരനും ലീഗിന് മതനിരപേക്ഷതയുടെ മേലങ്കിയണിയിക്കുന്ന തിരക്കിലാണ്.

മതഭീകരവാദവും തീവ്രവാദവും സജീവചര്‍ച്ചാവിഷയമായ കേരളത്തില്‍ ലീഗിന്റെ സാമുദായിക രാഷ്‌ട്രീയം മതഭീകരതയ്‌ക്ക് എപ്രകാരമാണ് സഹായകമായി വര്‍ത്തിച്ചതെന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. മതഭീകരശക്തികളുമായി ഒരു ബന്ധവുമില്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ പെടാപ്പാട് പെടുന്ന ലീഗിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ ഭീകരശക്തികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാകാത്ത വസ്‌തുതയാണ്.

സാമുദായിക വാദത്തെ വര്‍ഗീയതയോളം നിഗൂഢമായി പിന്തുടരുന്ന ഒരു രാഷ്‌ട്രീയപ്രസ്ഥാനം മതേതര ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ് മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ വിലപേശല്‍ശക്തിയായി വര്‍ത്തിക്കുന്ന സാഹചര്യം കേരളത്തിലുള്ളത് ഭീകരവാദത്തെ സഹായിച്ചിട്ടുണ്ട്. രാഷ്‌ട്രീയ പരിപാടികളില്‍ മതം പറയുകയും മലബാര്‍ മുസ്ളിങ്ങളുടെ വോട്ട് പിടിക്കാനായി ലീഗിന് വോട്ട് ചെയ്യല്‍ മതപരമായ ബാധ്യതയാണെന്ന് പ്രചരിപ്പിക്കുകയുംചെയ്‌ത പാര്‍ടി എങ്ങനെയാണ് മതേതര പാര്‍ടിയാകുന്നത് ? സാമുദായിക വികാരം ജ്വലിപ്പിക്കുന്ന കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയും യാഥാസ്ഥിതിക വിഭാഗത്തിന്റെ പിന്തുണ കിട്ടാനായി മതനേതാവായ തങ്ങള്‍മാരെ പാര്‍ടി അധ്യക്ഷസ്ഥാനത്ത് പ്രതിഷ്‌ഠിക്കുകയും ചെയ്യുന്ന സങ്കുചിത പ്രസ്ഥാനത്തിന് എങ്ങനെ മതേതരത്തിന്റെ കുപ്പായമണിയാന്‍ കഴിയും?

കേരള മുസ്ളിം സമൂഹത്തില്‍ ലീഗ് രൂപപ്പെടുത്തിയെടുത്ത അനവധി സങ്കീര്‍ണതകളുടെ പിന്‍ബലമാണ് ഭീകരപ്രസ്ഥാനങ്ങള്‍ക്ക് വളമായത്. ഇടതുപക്ഷ മതനിരപേക്ഷത പൊതുസമൂഹത്തിന് ഉറപ്പുനല്‍കുന്ന സ്വാസ്ഥ്യവും മതേതര കൂട്ടായ്‌മയും ശിഥിലീകരിക്കാനായി മതഭീകരതയും മതരാഷ്‌ട്രവാദവും മുഖ്യഅജന്‍ഡയാക്കിയ ശക്തികളുടെ കൈപിടിച്ചാണ് ലീഗ് വളര്‍ന്നത്. ലീഗിന്റെ ന്യൂനപക്ഷ രാഷ്‌ട്രീയത്തെ തകര്‍ക്കാന്‍ ഇടതുപക്ഷ മുഖ്യധാരാപ്രസ്ഥാനമായ സിപിഐ എം മതഭീകരവാദപ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു എന്ന കുഞ്ഞാലിക്കുട്ടിയുടെയും മറ്റും പ്രസ്‌താവനകള്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമുള്ളതാണ്. ഭീകരതയ്‌ക്ക് അനുകൂലമായ വിധത്തില്‍ ലീഗിന്റെ സാമുദായിക രാഷ്‌ട്രീയ പ്രതിലോമ വശങ്ങള്‍ വിനിയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന യാഥാര്‍ഥ്യം പൊതുസമൂഹത്തില്‍നിന്ന് മറച്ചുപിടിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ഇത് കേരളീയ സമൂഹം മനസിലാക്കാന്‍ വൈകിക്കൂടാ.

എന്‍ഡിഎഫ് കേരളത്തില്‍ ചര്‍ച്ചാവിഷയമായിത്തുടങ്ങിയപ്പോള്‍ തന്നെ അവര്‍ക്ക് ലീഗുമായി പരസ്യമായും രഹസ്യമായും ഉള്ള ബന്ധത്തെക്കുറിച്ച് ഏറിയും കുറഞ്ഞുമുള്ള വസ്‌തുതകള്‍ പുറത്തുവന്നിട്ടുണ്ട്. മലബാര്‍ മേഖലയില്‍ എന്‍ഡിഎഫിന്റെ സജീവ അംഗങ്ങള്‍ പ്രതികളാക്കപ്പെടുന്ന കേസുകളില്‍ ലീഗിന്റെ പ്രാദേശിക നേതാക്കള്‍ ഇടപെട്ട് അവരെ രക്ഷിക്കുന്നതും മാറാട് കലാപത്തില്‍ എന്‍ഡിഎഫിന്റെ പങ്കിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത് പ്രതിരോധിച്ചതും ലീഗ്-എന്‍ഡിഎഫ് അവിശുദ്ധ ബാന്ധവത്തിന് തെളിവുകളാണ്. യൂത്ത് ലീഗിലും എന്‍ഡിഎഫിലും ഒരേ പോലെ പ്രവര്‍ത്തിക്കുന്ന നിരവധി യുവാക്കളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വേണ്ടി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്‌ക്വാഡ് പ്രവര്‍ത്തനത്തിനിറങ്ങിയതും ഈ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഉദാഹരണമാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ലീഗും പോപ്പുലര്‍ ഫ്രണ്ടും ഒന്നിച്ച് വിജയാഹ്ളാദ പ്രകടനം നടത്തിയത് കേരളം കണ്ടതാണ്.

ലീഗിന് എന്‍ഡിഎഫിനോടുള്ള വിധേയത്വത്തിന് മറ്റൊരു ആന്തരിക കാരണം കൂടിയുണ്ട്. ലീഗിന്റെ കൊള്ളരുതായ്‌മകളും സാമുദായിക വിരുദ്ധമായ പ്രവര്‍ത്തനങ്ങളും പോപ്പുലര്‍ ഫ്രണ്ടിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഇതിന് ഉദാഹരണമാണ്. സമുദായത്തിന്റെ പേരുപറഞ്ഞ് അധികാരസ്ഥാനങ്ങളില്‍ വിലപേശല്‍ നടത്തുകയും പണച്ചാക്കുകളുടെയും വരേണ്യവര്‍ഗത്തിന്റെയും താല്‍പ്പര്യം മാത്രം സംരക്ഷിക്കുകയുംചെയ്യുന്നത് ആ പാര്‍ടിയിലെ സാധാരണക്കാര്‍ എന്‍ഡിഎഫിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അണികള്‍ കൊഴിഞ്ഞുപോകുന്നുവെന്ന് മനസിലാക്കിയ നേതൃത്വം അത് തടയാനല്ല ശ്രമിച്ചത്, മറിച്ച് പോപ്പുലര്‍ ഫ്രണ്ടുമായി ചങ്ങാത്തം സ്ഥാപിക്കാനാണ്. ഇത് ഗുണമായത് പോപ്പുലര്‍ ഫ്രണ്ടിനാണ്.

ഇങ്ങനെ പ്രത്യക്ഷവും പരോക്ഷവുമായ നിരവധി മാര്‍ഗങ്ങളിലൂടെ ലീഗ് തന്നെയാണ് എന്‍ഡിഎഫിന് വളരാന്‍ അവസരമൊരുക്കിയത്. എന്നിട്ടും എം ജിഎസിനെപ്പോലുള്ളവര്‍ ലീഗിനെ മതനിരപേക്ഷതയുടെ വക്താക്കളായി ഉയര്‍ത്തിക്കാട്ടുന്നത് സങ്കുചിത താല്‍പ്പര്യവും അന്ധമായ ഇടതുപക്ഷ വിരോധവുംകൊണ്ട് മാത്രമാണ്. രണ്ടാം മാറാട് കലാപത്തില്‍ എന്‍ഡിഎഫിനെതിരെ നടപടിയെടുക്കാന്‍ അന്ന് യുഡിഎഫ് സര്‍ക്കാര്‍ മടിച്ചതിനു പിന്നില്‍ ലീഗിന്റെ സമ്മര്‍ദമായിരുന്നു.

എന്‍ഡിഎഫിന് വളരാനും അവര്‍ക്ക് തണല്‍വിരിക്കാനും ലീഗ് തയ്യാറായതിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. തൊടുപുഴയില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് തീവ്രവാദികള്‍ക്കെതിരെ കര്‍ശന നിലപാടെടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. എന്നാൽ‍, സര്‍ക്കാര്‍ എടുക്കുന്ന നിയമനടപടികള്‍ സമുദായ പീഡനമായി ചിത്രീകരിക്കുകയാണ് ലീഗ്.

കേരളരാഷ്‌ട്രീയത്തിലെ സമ്മര്‍ദശക്തിയായി തീവ്രവാദസംഘടനകളെ വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ലീഗ് ജമാഅത്തെ ഇസ്ളാമിയുമായി ചര്‍ച്ച നടത്തിയത്. കേരളത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള ഇടതുപക്ഷ മതേതര പ്രസ്ഥാനത്തെ തകര്‍ത്ത് അധികാരം കൈവശപ്പെടുത്താന്‍ ഏത് ഹീനമാര്‍ഗവും സ്വീകരിക്കാനും ആരുമായും കൂട്ടുകൂടാനും ലീഗിന് മടിയില്ലെന്നതിന്റെ തെളിവായിരുന്നു ജമാഅത്തെയുമായി നടത്തിയ കൂടിക്കാഴ്‌ച. ഈ കൂടിക്കാഴ്‌ചയുടെ സമയത്തുതന്നെ എം കെ മുനീറും കെ എം ഷാജിയും ജമാഅത്തെക്കെതിരെ പ്രസ്‌താവനയുമായി രംഗത്തെത്തി. ഇതൊരു തന്ത്രത്തിന്റെ ഭാഗമാണ്. ഒരുഭാഗത്ത് പോപ്പുലര്‍ ഫ്രണ്ടുമായും ജമാഅത്തെ ഇസ്ളാമിയുമായും സഖ്യമുണ്ടാക്കുക. മറുഭാഗത്ത് പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനായി അവരെ എതിര്‍ക്കുക.

അറുപതുകളില്‍ ലീഗിന്റെ സാമുദായിക രാഷ്‌ട്രീയം മുസ്ളിങ്ങളില്‍ സൃഷ്‌ടിച്ച അവ്യക്തതകളാണ് ജമാഅത്തെ ഇസ്ളാമിക്ക് മലബാറിലെ ചില കേന്ദ്രങ്ങളില്‍ ആധിപത്യം നേടാന്‍ സഹായകമായത്. ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികള്‍ ലീഗ് ഉള്‍പ്പെടെയുള്ള മുസ്ളിം സംഘടനകളാണെന്ന ഹിന്ദുത്വവാദികളുടെ ആരോപണങ്ങള്‍ മറികടക്കാനാണ് ചില സാമുദായിക നേതാക്കള്‍ മതരാഷ്‌ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെയിലേക്ക് ചേക്കേറിയത്. സാമുദായിക രാഷ്‌ട്രീയം നിലനില്‍ക്കണമെങ്കില്‍ മതരാഷ്‌ട്രവാദം ആവശ്യമാണെന്നും അത് സാധ്യമാണെന്നും കരുതി ജമാഅത്തെ ഇസ്ളാമിയിലേക്ക് പോയവരുമുണ്ട്. ഇതുകൊണ്ടുതന്നെ മതരാഷ്‌ട്രവാദത്തിലേക്ക് മുസ്ളിങ്ങളെ വഴിതിരിച്ചുവിട്ടുവെന്ന ആരോപണത്തില്‍ നിന്ന് ലീഗിന് കരകയറാനാകില്ല.

ഏറ്റവും പ്രബുദ്ധരായ മുസ്ളിങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളം. നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ് ഈ പ്രബുദ്ധതയും മതനിരപേക്ഷതയും രൂപപ്പെടുത്തിയെടുത്തത്. മതത്തെ മതമായും രാഷ്‌ട്രീയത്തെ രാഷ്‌ട്രീയമായും കാണാന്‍ കേരളത്തിലെ മതസംഘടനകള്‍ക്ക് കഴിഞ്ഞു. വര്‍ഗീയത തൊട്ടുതീണ്ടാത്തവിധം മതസംഘടനകള്‍ക്ക് പ്രവര്‍ത്തനം നടത്താനാവശ്യമായ മണ്ണൊരുക്കിയതും ഇടതുപക്ഷമാണ്. ഇത് കാണാതിരിക്കുകയോ ബോധപൂര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നവര്‍ ചരിത്രത്തെ തിരസ്കരിക്കുകയാണ്.

സ്വാതന്ത്ര്യാനന്തരം മുസ്ളിങ്ങള്‍ ഒന്നടങ്കം ഇടതുപക്ഷത്ത് അണിചേരുന്നത് തടയാനായി ലീഗ് ഉപയോഗിച്ച തന്ത്രങ്ങളുടെ ഉല്‍പ്പന്നമാണ് തീവ്രവാദ സംഘടനകൾ‍. മുസ്ളിം മതസംഘടനകള്‍ ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്നെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ ഒരിക്കലും തലപൊക്കാന്‍ കഴിയുമായിരുന്നില്ല. ഈ യാഥാര്‍ഥ്യത്തിന്റെ വെളിച്ചത്തിലാവണം മതനിരപേക്ഷ മുസ്ളിം സംഘടനകള്‍ നിലപാടെടുക്കേണ്ടത്.

രണ്ടാം മാറാട് കലാപത്തിന്റെ തുടര്‍ച്ചയായി കേരളത്തില്‍ സാമുദായിക ധ്രുവീകരണവും വര്‍ഗീയ ചേരിതിരിവും ഉണ്ടാകാത്തതിന് കാരണം മുസ്ളിംലീഗിന്റെ സാന്നിധ്യമായിരുന്നുവെന്നാണ് ചിലരുടെ കണ്ടെത്തൽ‍. വാസ്‌തവവിരുദ്ധവും ഭാവനാത്മകവുമാണ് ഇത്. ഇടതുപക്ഷ മുഖ്യധാരാ രാഷ്‌ട്രീയത്തിന്റെ സ്വാധീനം മാത്രമാണ് മതനിരപേക്ഷ കേരളത്തിന്റെ രക്ഷാകവചമായി പ്രവര്‍ത്തിച്ചിട്ടുള്ളത്. വര്‍ഗീയ ചേരിതിരിവ് വളര്‍ത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് അതിന് കഴിയാത്തതും ഇടതുപക്ഷത്തിന്റെ ജാഗ്രത കൊണ്ടുമാത്രമാണ്.

കേരളത്തിലെ മുസ്ളിം സംഘടനകളെയൊക്കെ ധൃതരാഷ്‌ട്രാലിംഗനത്തില്‍ നിര്‍ത്തി സാമൂഹിക നവോത്ഥാനത്തിന് തടസ്സം സൃഷ്‌ടിച്ചതും ലീഗ് തന്നെയാണ്. കേരളത്തിലെ സവിശേഷമായ സാമൂഹ്യ സാഹചര്യങ്ങളില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുള്ള മുസ്ളിം സാമുദായികതയുടെ ഭൂതകാല ചരിത്രം വിശകലനംചെയ്യുമ്പോള്‍ നവോത്ഥാന പാതയില്‍ ഏറെ ദൂരം മുന്നോട്ടുപോകാന്‍ കഴിയേണ്ടതായിരുന്നു. എന്നാൽ‍, ലീഗിന്റെ ഉപജാപക രാഷ്‌ട്രീയം ഇതിന് തടസ്സമായി. സുന്നി, മുജാഹിദ് പ്രസ്ഥാനങ്ങളിലുണ്ടാകുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ലീഗിന്റെ പങ്ക് തള്ളിക്കളയാന്‍ കഴിയുന്നതല്ല.

ഇത്തരം സംഘര്‍ഷങ്ങള്‍ നവോത്ഥാനത്തെ തകിടംമറിച്ചു. നവോത്ഥാന പ്രസ്ഥാനത്തെ അര്‍ഥവത്തായി മുന്നോട്ടുനയിക്കാന്‍ ശേഷിയും പ്രാപ്തിയുമുള്ള നിരവധി പണ്ഡിതന്‍മാര്‍ കേരളത്തിലെ മുസ്ളിം സംഘടനകളിലുണ്ടായിരുന്നു. എന്നാൽ‍, ഉപരിപ്ളവമായ സമുദായവാദം ഉന്നയിക്കുകയും ആ വാദത്തിന്റെ മറവില്‍ സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താനും ലീഗ് ശ്രമിച്ചു. നവോത്ഥാന ശ്രമങ്ങള്‍ സാമുദായിക രാഷ്‌ട്രീയത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കുമെന്ന് ഭയന്നാണ് ലീഗ് ഇത്തരം ഉപജാപകശ്രമങ്ങള്‍ക്ക് തുനിഞ്ഞത്.

*
എ വി ഫിര്‍ദൌസ്, കടപ്പാട് : ദേശാഭിമാനി 01-09-2010

7 comments:

വര്‍ക്കേഴ്സ് ഫോറം said...

വലതുപക്ഷം പൂവിട്ടുപൂജിക്കുന്ന ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ മുസ്ളിംലീഗിന് മതേതരത്വത്തിന്റെ വിശുദ്ധപദവി ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. മുസ്ളിംലീഗിന്റെ സാമുദായിക രാഷ്‌ട്രീയത്തിനു പിന്നില്‍ വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും ദംഷ്‌ട്രകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന സത്യം ബോധപൂര്‍വം മറച്ചുപിടിക്കുകയാണ് എം ജി എസ്. അദ്ദേഹത്തിന്റെ അമ്മാവനായ ഡോ. കെ എം ഗംഗാധരനും ലീഗിന് മതനിരപേക്ഷതയുടെ മേലങ്കിയണിയിക്കുന്ന തിരക്കിലാണ്.

മലമൂട്ടില്‍ മത്തായി said...

The muslim league is never secular. The left does not have to explain that part. Instead, please explain why you folks went after the same votes in the same manner as the League. It is your own fault that you are trying to white wash here.

ഒറ്റമൈന said...

മുസ്ലിംലീഗ് - അനിവാര്യതയുടെ രസതന്ത്രം (Part 1)
============================
ഏറെക്കുറെ നൂറു ശതമാനവും മതവിശ്വാസികളായ ഒരു പൊതുസമൂഹത്തില്‍ രാഷ്ട്രനിര്‍മ്മാണത്തിനിറങ്ങുന്ന ഏതൊരു രാഷ്ട്രീയ കൂട്ടായ്മയും അവരുടെ പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങള്‍ക്കപ്പുറം സമരസപ്പെട്ടു പോകേണ്ട ചില യാഥാര്‍ത്ഥ്യംങ്ങള്‍ ഉണ്ട്. അത് തങ്ങളുടെ നിലപാടുകളുടെ പിന്നോട്ട് പോക്കായിട്ടു വ്യാഖ്യാനിച്ചു കുണ്ഠിതപ്പെടേണ്ടതില്ല. കാരണം നിലപാടുകള്‍ രൂപപ്പെടേണ്ടത് പ്രയോഗിക്കപ്പെടാന്‍ പോകുന്ന പ്ലാറ്റ്ഫോമിന്‍റെ രീതിശാസ്ത്രത്തിനനുസരിച്ചാണ്. ഒരു മതകീയ സമൂഹത്തില്‍ ഇടപെടുമ്പോള്‍, വിശിഷ്യാ കേരളം പോലെ ധൈഷണികമായി മുന്നിട്ടു നില്‍ക്കുന്ന ഒരു പൊതുമണ്ഡലത്തില്‍, ആളുകള്‍ വിശ്വാസികളാകുന്നത് ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ യുക്തിഭദ്രമല്ലാത്ത നിഗമനങ്ങളിലെത്തിയോ അല്ല. മറിച്ച്, ആത്മനിഷ്ഠമായ പഠനങ്ങളുടെ ഒരു നൈരന്തര്യം ഏതൊരു ഇസത്തിലുമെത്തിപ്പെടാനുള്ളത് പോലെത്തന്നെ വിശ്വാസത്തിലെത്തിപ്പെടാനും ആളുകളില്‍ സംഭവിക്കുന്നുണ്ട്. അതിനാല്‍ ഏതളവില്‍ നോക്കിയാലും മതവും രാഷ്ട്രീയവും ഒരു വ്യക്തിയുടെ മുന്നില്‍ രണ്ടു വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തുമ്പോള്‍ മതത്തോടു കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാനാണ് കേരളസമൂഹം സാധാരണനിലയില്‍ ശ്രമിക്കാറുള്ളത്. അതൊരു അപരാധമായിട്ടോ അപകടമായിട്ടോ കാണുന്നത് അല്പത്തമോ യാഥാര്‍തഥ്യത്തോടുള്ള മുഖം തിരിക്കലോ ആണ്.
(തുടരും....)

ഒറ്റമൈന said...

മുസ്ലിംലീഗ് - അനിവാര്യതയുടെ രസതന്ത്രം (Part 2)
============================
(Continues...) കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ക്രിയാത്മകവും വ്യതിരക്തവുമായ ഒരിടം മുസ്ലിം സാമുദായിക രാഷ്ട്രീയം സംസ്ഥാന പിറവി തൊട്ടേ കണ്ടെത്തിയിട്ടുണ്ട്. അത്തരമൊരു മുസ്ലിം സ്വത്വരാഷ്ട്രീയത്തിന് സ്പേസ് കണ്ടെത്തിയത് ക്രാന്തദര്‍ശികളും സാത്വികരുമായിരുന്ന മുന്‍കാല മുസ്ലിം നേതാക്കളുടെ ഔന്നിത്യത്തിനു തെളിവായി വേണം കാണാന്‍. കാരണം സ്വതന്ത്രപൂര്‍വ ഇന്ത്യയില്‍ അവസാന കാലത്ത് ദിശ തെറ്റി പേരുദോഷമുണ്ടാക്കിയ ഒരു സംവിധാനത്തെ അതിന്‍റെ ഉത്ഭവത്തിനും ആദ്യകാല പ്രവര്‍ത്തനവിജയത്തിനും ഹേതുവായ "അഭിമാനകരമായ അസ്ഥിത്വം" എന്ന അങ്ങേയറ്റം പ്രസക്തമായ ആശയത്തെ ഒരു മുദ്രാവാക്യമായി മുന്നില്‍ വെച്ച് നൂതനവും വ്യതിരക്തവുമായ ഒരു രീതിയിലേക്ക് രൂപപ്പെടുത്തിയെടുക്കാന്‍ മുഹമ്മദ്‌ ഇസ്മയില്‍ സാഹിബിനെപ്പോലുള്ള ദീര്‍ഘ വീക്ഷണമുള്ള ഒരു രാഷ്ട്രീയക്കാരന്‍ കാണിച്ച ധൈര്യം എത്രത്തോളം വലുതാണെന്ന് കാണാന്‍ ഒരു ചെറിയ താരതമ്യം നടത്തിയാല്‍ മാത്രം മതി. വിഭജനതിന്നുത്തരവാദിയായി മുദ്രകുത്തപ്പെട്ട ഒരു രാഷ്ട്രീയ പരീക്ഷണത്തെ സ്വാതന്ത്രലബ്ധിയോടെ ഉത്തരേന്ത്യ മുഴുവന്‍ പിരിച്ചു വിട്ടു. അതൊരു അനിവാര്യവും സ്വാഭാവികവും ആയ പരിണാമമായിരുന്നു. എന്നാല്‍ ആ രാഷ്ട്രീയപരീക്ഷണം നേര്‍ദിശയിലേക്കു പരിവര്‍ത്തിപ്പിച്ചു ഒരു പുതിയ മുഖത്തോടെയും ശക്തമായ ഒരു മുദ്രാവാക്യത്തോടെയും അവതരിപ്പിച്ചപ്പോള്‍ കേരളം മാത്രമേ ഏറ്റെടുക്കാനുണ്ടായുള്ളൂ. പക്ഷെ ആ ഏറ്റെടുക്കലിന് കേരളമുസ്ലിം ജനസാമാന്യം കാണിച്ച ധൈര്യത്തിന്‍റെ ഫലക്കൊയ്ത്താണ് കേരളീയ പൊതുമണ്ഡലം ഇന്നനുഭവിക്കുന്ന സാമൂദായിക സ്വാസ്ഥ്യത്തിന്‍റെ കാതല്‍. ഈ വാദം ഒരതിശയോക്തിയായി തോന്നുന്നവരുണ്ടാവാം. എന്നാല്‍ അല്‍പജ്ഞാനികളായ, മതാധ്യാപനത്തിന്‍റെ ആത്മാവനുഭവിച്ചറിയാത്ത ഒരു പറ്റം പുരോഹിത വര്‍ഗത്താല്‍ നയിക്കപ്പെടുന്ന ഒരു മതസമൂഹം അതിസ്ഫോടന സ്വഭാവമുള്ള ഒരു രാസവസ്തു പോലെ മാരകമാണ്. അതിന്‍റെ അനുരണനങ്ങളാണ് തൊണ്ണൂറുകളില്‍ അബ്ദുന്നാസര്‍ മഅദനിയുടെ ഇസ്ലാമിക്‌ സേവക് സംഘത്തിന്‍റെ (ഐ.എസ്. എസ്) ആവിര്‍ഭാവത്തോടെ കണ്ടത്. അതിനു മുമ്പ് സിമിയുടെ പ്രവര്‍ത്തനങ്ങളും ഇതേ വഴിക്കായിരുന്നു. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന ചിന്താഹീനമായ ഏതാനും തലകളില്‍ നിന്നുദിച്ച ഒരു അപകടകരമായ മുദ്രാവാക്യമാണ് കേരളത്തില്‍ ആര്‍.എസ്.എസ്സിന് സവര്‍ണ്ണ ഫാസിസത്തിന്‍റെ ശൂലം വരക്കാന്‍ ചുവരുണ്ടാക്കി കൊടുത്തത്.
(തുടരും....)

ഒറ്റമൈന said...

മുസ്ലിംലീഗ് - അനിവാര്യതയുടെ രസതന്ത്രം (Part 3)
============================
(Continues...) കേരളത്തിന്‍റെ ഇതുവരെയുള്ള ചരിത്രവഴികളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ജമാഅത്തെ ഇസ്ലാമിയുടെ കൈപൊള്ളിച്ചു പിടിയില്‍ നിന്നും വഴുതിപ്പോയ വിദ്യാര്‍ഥി രാഷ്ട്രീയോല്‍പ്പന്നമായ സിമിയുടെ ആദ്യകാലത്തെ നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന ഒരു തലമുറയെ നിങ്ങള്‍ ഒന്നുകൂടെ അന്വേഷിച്ചു ചെന്ന് നോക്കുക; അവര്‍ക്കെന്തു പറ്റിയെന്നും കേരള മുസ്ലിം പൊതുധാരയില്‍ അവര്‍ എവിടെ അവരുടെ സാന്നിധ്യം അറിയിക്കുന്നുവെന്നും ഒരു അന്വേഷണം നടത്തി നോക്കുക; അത്ഭുതകരമായ ഒരു സത്യം നിങ്ങള്‍ക്ക് ബോധ്യപ്പെടും: ഇവരൊക്കെയും തന്നെയാണ് സിമിക്ക് ശേഷം വന്ന തീവ്രസ്വഭാവമുള്ള എല്ലാ മുസ്ലിം സംഘടിത പരീക്ഷണങ്ങളുടെയും തിരശീലക്കു പിന്നില്‍ ചരട് വലിക്കുന്നത്. സമകാലികമായി കേരളത്തിലെ സെകുലര്‍ മനസ്സിനെ ഏറെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന പോപ്പുലര്‍ ഫ്രെണ്ടിന്‍റെ ധൈഷണികമണ്ഡലത്തിലും പ്രസിദ്ധീകരണങ്ങളിലും നിങ്ങള്‍ക്ക് ഇവരുടെ സാന്നിധ്യം കാണാം. പറഞ്ഞു വന്നത്, എന്നും പൊതുധാരയില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്ന ഒരു തീവ്രചേരി കേരളമുസ്ലിം വഴികളിലുണ്ട്. ഇവര്‍ ഒരു ന്യൂനപക്ഷമാണെന്ന് കരുതി സമാധാനിക്കാന്‍ ശ്രമിക്കുന്നവര്‍ ഇവരുടെ സര്‍ഗാത്മകമായ ഇടപെടലുകള്‍ക്കുള്ള കഴിവുകളെക്കുറിച്ച് അജ്ഞരോ അജ്ഞത നടിക്കുന്നവരോ ആണ്. ഒരു ജനാവലിയെ മുഴുവന്‍ ഭ്രമിപ്പിക്കുന്ന തരത്തില്‍ എഴുതാനും സംസാരിക്കാനും കഴിവുള്ള ചില കരിസ്മാറ്റിക് പടപ്പുകള്‍ ഇവരിലുണ്ട്. ഇത്തരമൊരു സംഭ്രമജനകമായ തലത്തില്‍ നിന്നാണ് കഴിഞ്ഞ അമ്പതു വര്‍ഷമായി കേരളത്തിലെ സംഘടിത മുസ്ലിംരാഷ്ട്രീയം ഈ മണ്ണിനെ മതനിരപേക്ഷമായി നിലനിര്‍ത്തുന്നതില്‍ എത്രത്തോളം ക്രിയാത്മകമായി സഹായിച്ചിട്ടുണ്ട് എന്ന കാര്യം അന്വേഷിച്ചു നോക്കേണ്ടത്. ഡോ. എം ഗംഗാധരനെപ്പോലുള്ളവര്‍ ഈ വിഷയത്തില്‍ സത്യസന്ധമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന കാര്യം സ്മരണീയമാണ്.
(തുടരും....)

ഒറ്റമൈന said...

മുസ്ലിംലീഗ് - അനിവാര്യതയുടെ രസതന്ത്രം (Part 4)
============================
(Continues....) ഒരു മതേതരരാജ്യത്ത് സാമുദായിക രാഷ്ട്രീയം അഭിലഷണീയമാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇത്തരം ഐക്യപ്പെടലുകള്‍ മുഖ്യധാരാ മതേതരപാര്‍ട്ടികള്‍ക്ക് ക്ഷീണമുണ്ടാക്കുകയും സവര്‍ണ്ണ ഫാഷിസ്റ്റു ശക്തികള്‍ക്കു ഫലത്തില്‍ അനുകൂലമാവുകയും ചെയ്യുമെന്നുള്ള ഒരു നിരീക്ഷണം നിലവിലുണ്ട്. ഒരു പരിധി വരെ ഈയൊരു വാദം ശരിയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിക്കതും കുറച്ചു കാലത്തേക്ക് ബി ജെ പി യുടെ കയ്യിലേക്ക് വന്നതില്‍ ഒരു കാരണം മതന്യൂനപക്ഷ വോട്ടുകള്‍ മുഖ്യ മതേതര പാര്‍ട്ടികള്‍ക്ക് പോകാതെ സ്വന്തം നിലക്ക് ഒരുമിക്കപ്പെട്ടതായിരുന്നു. എന്നാല്‍ സാമുദായിക സ്വത്വരാഷ്ട്രീയം എങ്ങനെയാണ് ഗോദയില്‍ പ്രയോഗിക്കേണ്ടത് എന്ന് വിജയകരമായി കാട്ടിത്തന്നിട്ടുള്ളത്‌ കേരളമാണ്. സ്വന്തം വോട്ടുകള്‍ സ്വന്തം പാര്‍ട്ടിയുടെ വോട്ടുപെട്ടിയില്‍ നിക്ഷേപിപ്പിക്കുകയും രാജ്യത്തെ പാരമ്പര്യമുള്ള, താരതമ്യേന മൈല്‍ഡ് ആയിട്ടുള്ള മതേതരപാര്‍ട്ടിയുമായി മുന്നണിയുണ്ടാക്കി അധികാരത്തിന്‍റെ ഇടനാഴിയിലേക്ക്‌ നടന്നു കയറുകയും ചെയ്യുന്ന ബുദ്ധിപൂര്‍വമായ ഒരു രീതി. ഈയൊരു വഴിയാണ് ഇന്ത്യ പോലുള്ള വൈവിധ്യങ്ങളുടെ പറുദീസയായ ഒരു മതേതര രാജ്യത്തിന് നിലനില്‍ക്കാന്‍ ഏറ്റവും നല്ലതെന്ന് കാണാം. കാരണം ഇന്ത്യയിലെ ഏറ്റവും മതേതരമായ വലിയ പാര്‍ട്ടിയായ കോണ്ഗ്രസ് അതിന്‍റെ സ്വാശ്രയമായ പ്രതാപമുണ്ടായിരുന്ന കാലത്ത് പലപ്പോഴും ഏകാധിപത്യപരവും മതേതരവചസ്സിനു മുറിവേല്പ്പിക്കുന്നതുമായ ചില നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധി നേടിയിട്ടുള്ള കാര്യം നമുക്കറിയാം. അടിയന്തിരാവസ്ഥയും സിഖു കൂട്ടക്കൊലയും അയോധ്യപ്രശ്നവുമായി ബന്ധപ്പെട്ട ഇടപെടലുകളും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. എന്നാല്‍ സാമുദായികവും അല്ലാത്തതുമായി സംഘടിച്ച കൊച്ചു രാഷ്ട്രീയ പാര്‍ട്ടികളുമായി മുന്നണി കൂടി ഭരിക്കേണ്ടി വന്നപ്പോള്‍ കോണ്ഗ്രസ് കൂടുതല്‍ മതേതരവും ജനാധിപത്യപരവുമായി മാറുന്ന കാഴ്ച നാം കാണുന്നു. പഴയ ദുഷ്ചെയ്തികളിലെ വേട്ടക്കാരെയും പുതിയ കാലത്തെ അഴിമതിയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പെട്ടുപോകുന്നവരെയും അപ്പപ്പോള്‍ തന്നെ കൈകാര്യം ചെയ്യേണ്ടി വരുന്നത് ഇത് കൊണ്ടാണ്. സജ്ജന്‍ കുമാറും ശശി തരൂരും തുടങ്ങി എസ് ബി ചവാന്‍ വരെയെത്തിയിരിക്കുന്ന ഈ മാറ്റം കാണാതിരുന്നു കൂടാ. അധികാരത്തിനുള്ള ആര്‍ത്തിയുടെ അച്ചുതണ്ടിലാണ് സാമുദായിക രാഷ്ട്രീയത്തിന്‍റെ താല്പര്യങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് എന്നൊരു ആക്ഷേപം സ്ഥിരമായി കേള്‍ക്കുന്നതാണ്. ഇത് അധികാരം കയ്യാളുന്നത് ഒരു സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിനു എത്രത്തോളം പ്രധാനമാണെന്ന് നന്നായറിയാവുന്ന താല്‍പരകക്ഷികളുടെ ഒരു സ്ഥിരം തന്ത്രമാണ്. പോരാട്ടങ്ങള്‍ക്ക് മാത്രം ശാശ്വതമായി ഒരു മാറ്റവും കൊണ്ട് വരാനാവില്ല. പ്രാര്‍ത്ഥന കൊണ്ട് മാത്രം വയറു നിറയില്ല എന്നത് പോലെ തന്നെ. അധികാരം മുഖ്യമാണ്. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ എന്തെങ്കിലുമൊക്കെ നേടിയിട്ടുണ്ടെങ്കില്‍ അത് അവരുടെ പ്രവാസത്തിലൂടെ അധ്വാനിച്ചു നേടിയ സാമ്പത്തിക ഭദ്രതയോടൊപ്പം തങ്ങളുടെ രാഷ്ട്രീയമായ സ്വത്വമുഖം മുസ്ലിംലീഗിലൂടെ അധികാര രാഷ്ട്രീയത്തില്‍ കടത്തിവിട്ടത് കൊണ്ട്കൂടി തന്നെയാണ്.(തുടരും....)

ഒറ്റമൈന said...

മുസ്ലിംലീഗ് - അനിവാര്യതയുടെ രസതന്ത്രം (Part 5)
============================
(Continues...) ഇന്ത്യയിലെ ഇദംപര്യന്തമുള്ള രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ എത്രവലിയ മതേതരമുഖവും പുരോഗമന മുദ്രാവാക്യങ്ങളുമുള്ള പാര്‍ട്ടികളും ഒറ്റയ്ക്ക് അധികാരത്തിലിരിക്കുമ്പോള്‍ ഫാഷിസ്റ്റ്‌ നിറം കാണിക്കുന്നു എന്ന് കാണാം. ഇതില്‍ ഏറ്റവും പ്രകടമായിട്ടുള്ളതാണ് കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ രക്ഷക മിശിഹയായി പ്രച്ഛന്ന വേഷമാടിയ ഇടതുപക്ഷം. കണ്കെട്ട് വിദ്യകള്‍ കൊണ്ട് ഒരു സമൂഹത്തെ കാലാകാലവും പറ്റിക്കാനാവില്ല എന്ന് ഇപ്പോള്‍ അവര്‍ക്ക് ഏറെക്കുറെ ബോധ്യപ്പെട്ടു കാണണം. മലബാറില്‍ യാസിര്‍ അരാഫതും സദ്ദാം ഹുസൈനും പ്രചാരണ ചിത്രങ്ങളായപ്പോള്‍ തെക്കോട്ട്‌ പോകുംതോറും സ്റ്റാലിന്‍ ചിത്രങ്ങള്‍ തന്നെ തുടരുന്നത് ഈയൊരു രീതിയുടെ പ്രകടമായ ഉദാഹരണമായിരുന്നു. സദ്ദാം ഹുസൈന്‍ തൂക്കിലേറിയപ്പോള്‍ ഉത്തര മലബാറില്‍ ഓരോ ഗ്രാമത്തിലും പന്തം കത്തിച്ചു പ്രകടനം നടത്തിയവര്‍ ത്രിശൂരിനപ്പുറം നിശബ്ദമായതും നമ്മള്‍ കണ്ടു. സാമ്രാജ്യത്വ ഭീകരതയോടു വാചോടാപത്തിനപ്പുറം ആത്മാര്‍ഥമായി പ്രതിഷേധമുള്ളവര്‍ അത് ലോകം ശ്രദ്ധിക്കാന്‍ മലപ്പുറം കുന്നുമ്മലിനൊപ്പം കല്‍ക്കത്തയുടെ തെരുവിലൂടെയും ഒരു പ്രതിഷേധ ജാഥ നടത്തുകയായിരുന്നു വേണ്ടത്. അങ്ങനെയൊരു ജാഥ നമ്മളാരും കണ്ടില്ല. ഏറ്റവും കുറഞ്ഞത്‌ കോഴിക്കോട്ടെ പ്രകടനത്തിന്‍റെ ചിത്രത്തിനൊപ്പം കല്‍ക്കത്ത തെരുവിലൂടെ ഒരു ജാഥ നടക്കുന്ന ചിത്രം കൂടി ഹിന്ദുവിലെ എന്‍. റാം കൊടുക്കേണ്ടതായിരുന്നു. അങ്ങനെയൊരു സംഗതി നടക്കാത്തത് കൊണ്ട് അതുണ്ടായില്ല. എതിരാളികള്‍ ബലഹീനരാകുന്നിടത്തു മതകീയ ഐടെന്റിറ്റിയോടെ തുടരാന്‍ ആഗ്രഹിക്കുന്ന ജനസമൂഹത്തിന് ഇടതുപക്ഷം ഒട്ടും ഭൂഷണമല്ല എന്നതിന് ബംഗാള്‍ ഏറ്റവും നല്ല ഉദാഹരണമാണ്. രണ്ടായിരത്തി അഞ്ചിലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ മുസ്ലിം രക്ഷകരായി അവതരിപ്പിക്കാന്‍ പൊതു സമ്മതിയുള്ള തങ്ങളുടെ മീഡിയയെ പരമാവധി ഉപയോഗിപ്പെടുത്തിയ ജമാഅത്തെ ഇസ്ലാമി, വോട്ടെടുപ്പ് കഴിഞ്ഞു എണ്ണുന്നതിനു മുമ്പ് തങ്ങളുടെ വാരികയില്‍ ബംഗാളിലെ മുസ്ലിങ്ങളുടെ കദനകഥ പ്രസിദ്ധീകരിച്ചു ഇരുപക്ഷത്തിന്‍റെയും കയ്യടി നേടാന്‍ ശ്രമിച്ചത് ഇത്തരുണത്തില്‍ ഓര്‍മിക്കുന്നത്‌ നല്ലതാണ്. അധികാര രാഷ്ട്രീയത്തിന്‍റെ ജീര്‍ണതകള്‍ മുഴുവനും എല്ലാ രാഷ്ട്രീയ കക്ഷികളെയും ഗ്രസിച്ചത് പോലെ മുസ്ലിം രാഷ്ട്രീയ രംഗത്തെയും പിടികൂടിയിട്ടുണ്ട്. എന്നാല്‍ അതിനെ കൂടെ നിന്ന് തിരുത്തുന്നതിനു പകരം ഈ മതില് തന്നെ പൊളിക്കാന്‍ വന്നവന്‍റെ കയ്യിലെ കോടാലിയാകാന്‍ മത്സരിച്ചവര്‍ക്ക് വൈകിയാണെങ്കിലും വിവേകമുദിച്ചതില്‍ മതസൗഹാര്‍ദ്ദം ആഗ്രഹിക്കുന്ന മലയാള മനസ്സിന് ആശ്വസിക്കാം. ഒരു ചുവര്‍ പൊളിച്ചു നീക്കാന്‍ എളുപ്പമാണ്. അത് പൊക്കികൊണ്ടു വരാന്‍ അങ്ങേയറ്റം ആയാസകരവും. താരതമ്യേന മതേതര മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്ന മുഖ്യധാരാ മുസ്ലിം രാഷ്ട്രീയത്തെ പാടെ ഇല്ലായ്മ ചെയ്യാന്‍ കേരളത്തിലെ ഇടതുപക്ഷം ആയുധമാക്കിയ കക്ഷികളെക്കുറിച്ച് ചരിത്രമറിയുന്ന പ്രബുദ്ധജനം ആ പരീക്ഷണങ്ങളെ കൈകാര്യം ചെയ്തു വിട്ടിരിക്കുന്നു എന്നുള്ളതാണ് ആശ്വാസകരമായ വാര്‍ത്തകള്‍. കേരളത്തിലെ മതന്യൂനപക്ഷ മനസ്സിനെ ബദലില്ലാത്ത വിധം മതേതരമായി നിലനിര്‍ത്തുന്ന ഈ സാമുദായിക രാഷ്ട്രീയപച്ചപ്പിന്‍റെ ഭൂമികയുടെ ചുറ്റുമതിലുകളില്‍ ജീര്‍ണതകള്‍ തിരുത്തുന്നതിനു വേണ്ടി നിങ്ങള്‍ കല്ലെടുത്ത്‌ എറിഞ്ഞോളുക, അതില്‍ കല്ലെടുത്ത് കോറി വരഞ്ഞേക്കുക, അതില്‍ ചായം തേച്ചു വെടിപ്പാക്കാന്‍ ശ്രമിക്കുക, പക്ഷെ ആ മതില് തന്നെ പൊളിച്ചു കളഞ്ഞു മതഭീകരതയുടെ ദംഷ്ട്രങ്ങളുമായി നമ്മുടെ സ്വാസ്ഥ്യത്തിന് മേല്‍ മുറിവേല്‍പ്പിക്കാന്‍ അപ്പുറത്ത് കാത്തു നില്‍ക്കുന്നവരെ അകത്തേക്ക് കടത്തിവിടാന്‍ ഇടയാക്കാതിരിക്കുക.

സസ്നേഹം ‍
ISMAIL K
ismailpsmo@gmail.com
http://www.ottamyna.blogspot.com/