Saturday, September 4, 2010

അമേരിക്ക ഇറാഖില്‍നിന്ന് ഒളിച്ചോടുമ്പോള്‍

ഇറാഖ് ജനതയെ ദുരിതത്തിന്റെ നടുക്കയത്തില്‍ തള്ളിയശേഷം ഒളിച്ചോടുന്ന അമേരിക്കയും സഖ്യകക്ഷികളും ലോകത്തോട് പലതിനും സമാധാനം പറയാന്‍ ബാധ്യസ്ഥരാണ്. സദ്ദാം ഹുസൈന്‍ ഭരണകൂടം കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങള്‍ സമാഹരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് ജോര്‍ജ് ബുഷ് ജൂനിയറിന്റെ നേതൃത്വത്തില്‍ 2003ല്‍ അധിനിവേശയുദ്ധം ആരംഭിച്ചത്.

ഏഴരവര്‍ഷത്തിനുശേഷം ദൌത്യം അവസാനിച്ചതായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് ബറാക് ഒബാമ പ്രഖ്യാപിച്ചപ്പോഴും കാര്യമായ ഒരു ആയുധംപോലും ഇറാഖില്‍നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, സദ്ദാമിന്റെ കാലത്ത് ആധുനികഭരണസംവിധാനം നിലനിന്നിരുന്ന ഇറാഖ് ഇപ്പോള്‍ തികഞ്ഞ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരിക്കുന്നു. അമേരിക്കയാണ് ആധുനിക ഇറാഖിനെ തകര്‍ച്ചയുടെ പടുകുഴിയിലെത്തിച്ചത്. ഉറച്ച ഭരണം നിലനിന്ന ഒരു രാജ്യത്തെ ആക്രമിച്ച്, ഭരണാധികാരിയെ വധിച്ച്, ജനങ്ങളെ വറുതിയില്‍ തള്ളിയശേഷം ദൌത്യം അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകജനതയെ മുഴുവന്‍ വിഡ്ഢികളാക്കുന്ന മട്ടിലുള്ള പ്രഖ്യാപനമാണിത്.

യുദ്ധത്തിന് മുന്നോടിയായി യുഎന്‍ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലും ഇറാഖില്‍നിന്ന് കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറിന്റെ ഒത്താശയോടെ ജോര്‍ജ് ബുഷ് യുദ്ധത്തിന് സന്നാഹമൊരുക്കി. യുഎന്‍ രക്ഷാസമിതിയുടെയും ലോകമെമ്പാടുമുള്ള സമാധാനപ്രേമികളുടെയും അഭ്യര്‍ഥനകള്‍ വകവയ്ക്കാതെ 2003 മാര്‍ച്ച് 20ന് ആക്രമണം ആരംഭിക്കുകയുംചെയ്തു. ചതിയിലൂടെ സദ്ദാമിനെ സ്ഥാനഭ്രഷ്ടനും തടവുകാരനുമാക്കി. പിന്നീട് നിഷ്ഠുരമായി വധിച്ചു. പകരം പാവസര്‍ക്കാരിനെ അവരോധിച്ചു.

ഇറാഖില്‍ ഇപ്പോള്‍ പൂര്‍ണഅധികാരമുള്ള സര്‍ക്കാര്‍പോലുമില്ല. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാണ്. രാജ്യത്തിന്റെ പലഭാഗത്തും കുടിവെള്ളം ദുര്‍ലഭമാണ്. ആരോഗ്യപരിരക്ഷാസംവിധാനം പാടേ തകര്‍ന്നു. അധിനിവേശകാലത്ത് സാധാരണക്കാരായ ഒരുലക്ഷത്തോളം ഇറാഖുകാരാണ് കൊല്ലപ്പെട്ടത്. സദ്ദാം സര്‍ക്കാരിന്റെ പതനത്തെതുടര്‍ന്ന് തലപൊക്കിയ വിഘടനവാദികളും ഭീകരസംഘടനകളും ദൈനംദിനം സ്ഫോടനങ്ങള്‍ നടത്തുന്നു. ഷിയ, സുന്നി, ഖുര്‍ദ് വിഭാഗങ്ങളിലെ തീവ്രവാദികള്‍ മത്സരിച്ച് ചോരപ്പുഴ ഒഴുക്കുകയാണ്. തീര്‍ഥാടനങ്ങള്‍പോലും രക്തപങ്കിലമാകുന്നു. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള ആക്രമണങ്ങളാണ് ആഗസ്തില്‍ ഉണ്ടായത്.

യഥാര്‍ഥത്തില്‍, ഇറാഖ് യുദ്ധം എങ്ങുമെത്താതെ നീളുകയും അഫ്ഗാനില്‍ അതിലേറെ അത്യാഹിതം നേരിടുകയുംചെയ്യുന്ന സാഹചര്യത്തിലാണ് അമേരിക്ക ഇറാഖില്‍നിന്ന് പിന്‍മാറിയത്്. 4,400ല്‍പരം അമേരിക്കന്‍ സൈനികരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്. ഇത് അമേരിക്കന്‍ ജനതയ്ക്ക് താങ്ങാന്‍ കഴിയുന്നതല്ല. ഒരു ലക്ഷം കോടിയില്‍പരം ഡോളര്‍ അമേരിക്ക ചെലവിടുകയുംചെയ്തു. സാമ്പത്തികമാന്ദ്യം രൂക്ഷമായ അമേരിക്കയില്‍ തൊഴിലില്ലായ്മ രണ്ടക്കനിരക്കില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ജനസംഖ്യയില്‍ 72 ശതമാനവും യുദ്ധം നീട്ടിക്കൊണ്ടുപ്പോകുന്നതിന് എതിരാണെന്ന് ഈയിടെ നടന്ന സര്‍വേയില്‍ വ്യക്തമായി. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി ശക്തമായ വെല്ലുവിളി നേരിടുകയാണ്. തല്‍ക്കാലം ആഭ്യന്തരകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനി ഒബാമ ആഗ്രഹിക്കുന്നത്. സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇതിനെ എതിര്‍ക്കാന്‍ കഴിയില്ല.

എന്നാല്‍, ഇറാഖിനെ ആര് രക്ഷിക്കും?

അവിടെ ക്രമസമാധാനപാലനത്തിന് പൊലീസിനെ സഹായിക്കാനെന്ന പേരില്‍ അരലക്ഷത്തോളം സൈനികരെ അമേരിക്ക നിലനിര്‍ത്തിയിട്ടുണ്ട്. ഇറാഖില്‍ കരാര്‍ജോലികള്‍ ഏറ്റെടുത്തിട്ടുള്ള അമേരിക്കന്‍കമ്പനികള്‍ക്ക് സംരക്ഷണം നല്‍കാനാണ് ഇവരെ നിയോഗിക്കുകയെന്ന് വ്യക്തം. ഏഴായിരത്തോളം അമേരിക്കന്‍ സ്വകാര്യസെക്യൂരിറ്റി കരാറുകാരും ഇറാഖിലുണ്ട്. ഇവിടെനിന്ന് ശേഷിക്കുന്ന സമ്പത്ത് പോലും ഊറ്റിയെടുക്കാന്‍ അമേരിക്കയ്ക്ക് ലവലേശം മനഃസാക്ഷിക്കുത്തില്ല.

ഇറാനെയും മറ്റും ആക്രമിക്കാന്‍ അമേരിക്ക ഒരുങ്ങുമ്പോള്‍ ഇറാഖിന്റെ അനുഭവപാഠം ലോകത്തിന് മുന്നിലുണ്ട്. യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങള്‍ മതനിരപേക്ഷതയ്ക്ക് വളക്കൂറുള്ള മണ്ണായിരുന്നു. ഇവിടങ്ങള്‍ ഇന്ന് ഭീകരതയുടെ വിളഭൂമിയാണ്. സംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന ജനതയെ അരാജകത്വത്തില്‍ എത്തിച്ചശേഷം സാമ്രാജ്യത്വം മറ്റൊരു പരിഷ്കൃതസമൂഹത്തിനുനേരെ ഭീഷണി മുഴക്കുകയാണ്. ലോകം കരുതിയിരുന്നേ തീരൂ.

*
സാജന്‍ എവുജിന്‍ കടപ്പാട്: ദേശാഭിമാനി 04-09-2010

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇറാഖ് ജനതയെ ദുരിതത്തിന്റെ നടുക്കയത്തില്‍ തള്ളിയശേഷം ഒളിച്ചോടുന്ന അമേരിക്കയും സഖ്യകക്ഷികളും ലോകത്തോട് പലതിനും സമാധാനം പറയാന്‍ ബാധ്യസ്ഥരാണ്. സദ്ദാം ഹുസൈന്‍ ഭരണകൂടം കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങള്‍ സമാഹരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് ജോര്‍ജ് ബുഷ് ജൂനിയറിന്റെ നേതൃത്വത്തില്‍ 2003ല്‍ അധിനിവേശയുദ്ധം ആരംഭിച്ചത്.

ഏഴരവര്‍ഷത്തിനുശേഷം ദൌത്യം അവസാനിച്ചതായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് ബറാക് ഒബാമ പ്രഖ്യാപിച്ചപ്പോഴും കാര്യമായ ഒരു ആയുധംപോലും ഇറാഖില്‍നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, സദ്ദാമിന്റെ കാലത്ത് ആധുനികഭരണസംവിധാനം നിലനിന്നിരുന്ന ഇറാഖ് ഇപ്പോള്‍ തികഞ്ഞ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരിക്കുന്നു. അമേരിക്കയാണ് ആധുനിക ഇറാഖിനെ തകര്‍ച്ചയുടെ പടുകുഴിയിലെത്തിച്ചത്.

Mohamed Rafeeque parackoden said...

ഇല്ലാത്ത ആയുധത്തിന്റെ പേരും പറഞ്ഞു ഇറാഖില്‍ കയറിവന്ന ബുഷും കൂട്ടരും സദ്ദാമിനെയും ലക്ഷക്കണക്കിന്‌ ജനങ്ങളെയും കൂട്ടകൊല നടത്തി അവശേഷിക്കുന്ന ജനങ്ങളെ തമ്മിലടിപ്പിക്കയും ചെയ്തു
ഇറാഖിന്റെ സമ്പാദ്യവും കൊള്ളയടിച്ചാണ് ലോക പൊലീസായ അമേരിക്ക ഇറങ്ങിപോയത്. ഇവരുടെ അക്രമങ്ങള്‍ക്ക് എതിര് പറയാന്‍ ഇന്ത്യ അടക്കം ഒരു രാജ്യത്തിന്നും ധൈര്യവുമില്ല