ധനമന്ത്രി പ്രണബ് മുഖര്‍ജി രാഷ്ട്രത്തെ വ്യാമോഹിപ്പിക്കാന്‍ ശ്രമിച്ചു; പക്ഷേ പരാജയപ്പെട്ടു. ബാലിശമായ വിശദീകരണങ്ങളിലൂടെ ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗംവഴി പ്രേക്ഷകരെ ക്ഷീണിപ്പിക്കുമ്പോള്‍ത്തന്നെ സമഗ്രവളര്‍ച്ചയെന്ന പേരില്‍ ജനങ്ങളെ സ്വാധീനിക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍, ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ നല്‍കാന്‍ തന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ മറച്ചുവച്ചതിലൂടെ അദ്ദേഹം വ്യക്തമാക്കി. പ്രതികരണം ഉയര്‍ത്താന്‍ ശേഷിയുള്ള ഇടത്തരക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും നേരിട്ടുള്ള ചില സൌജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിടാമെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകാം.
സബ്‌സിഡികളുടെ കാര്യത്തില്‍ ബജറ്റില്‍ സ്വീകരിച്ച നിലപാട് സൂചനയായി എടുത്താല്‍ ദരിദ്രരെ വീണ്ടും ഒഴിവാക്കുകയെന്ന നയമാണ് പിന്തുടരുന്നതെന്ന് വ്യക്തമാകും. മന്ത്രി ഇങ്ങനെ പ്രഖ്യാപിച്ചു: " മണ്ണെണ്ണയുടെയും വളങ്ങളുടെയും വിതരണത്തില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കാനും ചെലവ് കുറയ്ക്കാനും ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള ജനവിഭാഗങ്ങള്‍ക്ക് സബ്‌സിഡി നേരിട്ട് പണമായി നല്‍കുന്ന സംവിധാനത്തിലേക്ക് സര്‍ക്കാര്‍ ഘട്ടംഘട്ടമായി നീങ്ങും''.
പണം പകരം നല്‍കുന്നത് സബ്‌സിഡികള്‍ക്ക് ന്യായമായ ബദലല്ല, അതുകൊണ്ടുതന്നെ ഈ നീക്കം വിവാദപരവുമാണ്; മാത്രവുമല്ല, വിനാശകരമായ ഈ പരിഷ്കരണംവഴി സബ്‌സിഡിയുടെ തോതിന്റെ കാര്യത്തില്‍ എന്തുചെയ്യാന്‍ പോകുന്നുവെന്നും വ്യക്തമല്ല. മൊത്തം കണക്ക് പരിശോധിച്ചാല്‍ ബോധ്യമാകുന്നത് 2009-10ല്‍ 1,41,351 കോടി രൂപയായിരുന്ന സബ്‌സിഡികള്‍ 2010-11ല്‍ 1,64,153 കോടിയായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നത് 1,43,570 കോടിയായി ഇടിയുമെന്നാണ്. ഇത് രണ്ടുരീതിയില്‍ നേടാന്‍ കഴിയുമെന്നാണ് പ്രണബ് മുഖര്‍ജി പ്രതീക്ഷിക്കുന്നത്. ഒന്ന്, വളം സബ്‌സിഡികളില്‍ 5000 കോടിയോളം രൂപയുടെയും പെട്രോളിയം സബ്‌സിഡികളില്‍ 15,000 കോടിയുടെയും വെട്ടിക്കുറവുകള്‍ വരുത്തി. സബ്‌സിഡികള്‍ പണമായി നേരിട്ട് നല്‍കുന്ന സംവിധാനത്തിലേക്ക് മാറുന്നതുവഴി ഇത് യാഥാര്‍ഥ്യമാക്കാം. എണ്ണവില ഭയാനകമായി ഉയരുമെന്ന് കരുതുന്ന വര്‍ഷത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്, പണപ്പെരുപ്പംമൂലം ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ വളത്തിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നതിലൂടെ വര്‍ധിക്കുകയും ചെയ്യും.
സബ്‌സിഡികള്‍ ചുരുക്കുന്ന രണ്ടാമത്തെ മാര്‍ഗം, ഭക്ഷ്യസുരക്ഷാനിയമം പാസാക്കുകയും നടപ്പാക്കുകയും ചെയ്യുമെന്ന് കരുതുന്ന ഇക്കൊല്ലം ഭക്ഷ്യസബ്‌സിഡിക്കായി അനുവദിച്ച വിഹിതം കഴിഞ്ഞവര്‍ഷത്തെ തോതായ 60,500 കോടി രൂപയില്‍തന്നെ നിലനിര്‍ത്തിയതിലൂടെയാണ്. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും പൊതുവിതരണസമ്പ്രദായം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് യുപിഎ സര്‍ക്കാര്‍ വാഗ്ദാനം നല്‍കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഇത് സംഭവിക്കുന്നത്. നിലവില്‍ അനുഭവപ്പെടുന്ന പണപ്പെരുപ്പപ്രവണതകള്‍ കൂടുതല്‍ രൂക്ഷമാകാന്‍ സബ്‌സിഡികളില്‍ വരുത്തുന്ന വെട്ടിക്കുറവ് ഇടയാക്കും. പ്രത്യക്ഷനികുതി സൌജന്യങ്ങള്‍വഴിയുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ ധനമന്ത്രി പരോക്ഷനികുതികള്‍ ഉയര്‍ത്തിയത് പണപ്പെരുപ്പത്തിന് കൂടുതല്‍ സംഭാവന നല്‍കും.
പണപ്പെരുപ്പത്തിന് അനുസൃതമായി ദേശീയ തൊഴിലുറപ്പുപദ്ധതി വേതനം പരിഷ്കരിക്കുമെന്ന് മുഖര്‍ജി തീര്‍ച്ചയായും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, 100 രൂപയാണ് തൊഴിലുറപ്പുപദ്ധതിയില്‍ പ്രതിദിന വേതനം, നിയമപരമായ കുറഞ്ഞ കൂലിയേക്കാള്‍ കുറവ്. അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി തൊഴിലുറപ്പുപദ്ധതിയില്‍ നല്‍കുന്ന വേതനം മിനിമം കൂലിയേക്കാള്‍ കുറഞ്ഞതാണെന്ന് സമ്മതിച്ചിരിക്കുകയാണ്. ദരിദ്രരെ 'സമഗ്രവളര്‍ച്ചയിലേക്ക്' കൊണ്ടുവരാനുള്ള ശ്രമങ്ങളായാണ് അപര്യാപ്തമായ ഈ നടപടികളെ വിശേഷിപ്പിക്കുന്നത്.
അവകാശവാദങ്ങളും വാഗ്ദാനങ്ങളും തമ്മിലുള്ള പൊരുത്തക്കേട് മറ്റു പലയിടത്തും കാണാം. ഉദാഹരണത്തിന്, സാമൂഹികമേഖലകള്‍ക്കുള്ള വിഹിതം വന്‍തോതില്‍ ഉയര്‍ത്തിയെന്ന് ധനമന്ത്രി അവകാശപ്പെടുന്നു. സത്യത്തില്‍, ആരോഗ്യവും വിദ്യാഭ്യാസവുംപോലുള്ള സാമൂഹികമേഖലകളിലെ കേന്ദ്രപദ്ധതി വിഹിതം 2010-11ലെ 1,36,941 കോടി രൂപയില്‍നിന്ന് 2011-12ല്‍ 1,53,182 കോടി രൂപയായിമാത്രമാണ് വര്‍ധിക്കുക. ഇതിനായി കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ സെസ് വഴിയാണ് ഈ വര്‍ധന. മാത്രമല്ല, ഈ മേഖലയിലെ പദ്ധതിയിതര ചെലവ് വിഭാവനചെയ്ത 35,085 കോടി രൂപയില്‍നിന്ന് 20,862 കോടിയായി കുറയുകയും ചെയ്തു. അവസാനമായി, മൊത്തം ചെലവില്‍ കാര്യമായ വര്‍ധന വരുത്താനും ധനമന്ത്രിക്ക് കഴിഞ്ഞില്ല.
പദ്ധതിച്ചെലവും ആഭ്യന്തര മൊത്തവരുമാനവും തമ്മിലുള്ള അനുപാതം 2009-10ലെ 4.6 ശതമാനത്തില്‍നിന്ന് 2010-11ല്‍ അഞ്ച് ശതമാനമായി ഉയരുമെന്ന് കണക്കാക്കിയിരുന്നത് 4.9 ശതമാനമായി താഴ്ന്നു. 2009-10ല്‍, പദ്ധതിയിതര ചെലവ് ആഭ്യന്തര മൊത്തവരുമാനത്തിന്റെ 11 ശതമാനത്തില്‍നിന്ന് 10.4 ശതമാനമായി ഇടിഞ്ഞു, വീണ്ടും താഴ്ന്ന് 9.1 ശതമാനമാകുമെന്നാണ് കരുതുന്നത്. ഈ ചുരുക്കം തുടര്‍ന്നേക്കാം.
3ജിയുടെയും വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സ്പെക്ട്രത്തിന്റെയും വില്‍പ്പന കാരണം, നികുതിയിതര സ്രോതസ്സുകളില്‍നിന്ന് ധനമന്ത്രി പ്രതീക്ഷിച്ച 72,000 കോടി രൂപയുടെ വരുമാനം കിട്ടാതെ പോയതിനാല്‍ മേല്‍പ്പറഞ്ഞ ചുരുക്കം കൂടുതല്‍ വര്‍ധിക്കും. നികുതിയിതര വരുമാനം 2010-11ല്‍ 2,20,148 കോടിയായിരുന്നത് 2011-12ല്‍ 1,25,435 കോടി രൂപയായി ഇടിയുമെന്ന് കണക്കാക്കുന്നു. പക്ഷേ, അത്ഭുതമെന്തെന്നാല്‍, നികുതിയിതര വരുമാനം ഇത്രത്തോളം ഇടിഞ്ഞിട്ടും മൊത്തം വരുമാനം 2010-11ലെ 7,83,833 കോടി രൂപയില്‍നിന്ന് 2011-12ല്‍ 7,89,892 കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നികുതിവരുമാനം ലക്ഷം കോടി രൂപ വര്‍ധിച്ച് 5,63,658 കോടിയില്‍നിന്ന് 6,64,457 കോടിയായി മാറുമെന്ന് കണക്കാക്കുന്നതുവഴിയാണ് ഇത് ഉറപ്പാക്കുന്നത്. അധികവിഭവ സമാഹരണംവഴിയല്ല ഇത് സാധ്യമാക്കുന്നത്. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കുന്നതുപ്രകാരം പരോക്ഷനികുതികളില്‍നിന്ന് ലഭിക്കുന്ന 11,300 കോടി രൂപയുടെ അധികവരുമാനനേട്ടം പ്രത്യക്ഷനികുതികളുടെ ഇളവുവഴി നഷ്ടമാകുന്ന 11,500 കോടി രൂപയിലൂടെ ഇല്ലാതാകും. അതുകൊണ്ട്, ഈ വരവ് കണക്ക് തികച്ചും അതിശയോക്തിയാണ്. വരുമാനവര്‍ധന യാഥാര്‍ഥ്യമാകാതിരിക്കാനും ചെലവുകളില്‍ വീണ്ടും വെട്ടിക്കുറവ് ഉണ്ടാകാനുമാണ് എല്ലാ സാധ്യതയും.
പാവപ്പെട്ടവരെ ലക്ഷ്യമിട്ട് അടിച്ചേല്‍പ്പിക്കുന്ന ഇത്തരത്തിലുള്ള ചെലവുചുരുക്കല്‍ തീര്‍ച്ചയായും അതിശയമാണ്. കാരണം, പൊതുമേഖലയില്‍ ജനങ്ങളുടെ ഉടമസ്ഥത ഉറപ്പാക്കാനെന്ന പേരില്‍ പൊതുസ്വത്ത് വിറ്റഴിച്ച് 40,000 കോടി രൂപ സമാഹരിക്കാമെന്ന് ധനമന്ത്രി പ്രതീക്ഷിക്കുന്നു. ദരിദ്രരും പട്ടിണിക്കാരുമായ 'ജനങ്ങള്‍' പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങിക്കൂട്ടാന്‍ ആഗ്രഹിക്കുന്നുവെന്ന് വാദിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ ആഭ്യന്തരമൂലധനത്തിന്റെയും വിദേശനിക്ഷേപകരുടെയും താല്‍പ്പര്യങ്ങള്‍ എത്രമാത്രം സംരക്ഷിക്കുന്നുവെന്ന് തെളിയിക്കുന്നു (ധന ഉദാരവല്‍ക്കരണവും കുറഞ്ഞ തീരുവകളും ചേര്‍ന്ന് വിദേശനിക്ഷേപകര്‍ക്ക് സ്വതന്ത്രമായ പ്രവേശം സാധ്യമാക്കിയിട്ടുണ്ട്). ഇങ്ങനെ, രണ്ട് ശബ്ദത്തില്‍ സംസാരിക്കാതെ, വരുമാനവര്‍ധന വഴിയുണ്ടാകുന്ന നേട്ടങ്ങള്‍ ധനമന്ത്രി പണപ്പെരുപ്പത്തിന് കാരണമാകുന്ന വ്യവസ്ഥാപിത ദൌര്‍ബല്യങ്ങള്‍ പരിഹരിക്കാനും ഭൂരിഭാഗം ജനങ്ങളുടെ വളര്‍ച്ച സാധ്യമാക്കാനുമാണ് ശ്രമിക്കേണ്ടത്.
*****
സി പി ചന്ദ്രശേഖര്‍, കടപ്പാട് : ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
ധനമന്ത്രി പ്രണബ് മുഖര്‍ജി രാഷ്ട്രത്തെ വ്യാമോഹിപ്പിക്കാന്‍ ശ്രമിച്ചു; പക്ഷേ പരാജയപ്പെട്ടു. ബാലിശമായ വിശദീകരണങ്ങളിലൂടെ ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗംവഴി പ്രേക്ഷകരെ ക്ഷീണിപ്പിക്കുമ്പോള്‍ത്തന്നെ സമഗ്രവളര്‍ച്ചയെന്ന പേരില്‍ ജനങ്ങളെ സ്വാധീനിക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍, ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ നല്‍കാന്‍ തന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ മറച്ചുവച്ചതിലൂടെ അദ്ദേഹം വ്യക്തമാക്കി. പ്രതികരണം ഉയര്‍ത്താന്‍ ശേഷിയുള്ള ഇടത്തരക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും നേരിട്ടുള്ള ചില സൌജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിടാമെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകാം.
Post a Comment