Tuesday, March 1, 2011

കാര്യം നിസ്സാരം; ചോദ്യം കടുകട്ടി

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഒരു പ്രഖ്യാപനത്തോട് നമുക്കെല്ലാം യോജിക്കേണ്ടിവരും. തന്റെ സര്‍ക്കാര്‍ "ചക്കടാവണ്ടി''യല്ല എന്ന പ്രസ്താവനയോട്. "ചത്തകുതിര'' എന്നാവും കൂടുതല്‍ യോജിച്ച പരിഹാസപ്പേര്. അതെന്തായാലും ഒരു ലക്ഷം കോടി രൂപയിലധികം തുക ഉള്‍പ്പെടുന്ന അഴിമതിയൊന്നും കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ ഉയര്‍ന്നുവന്നിട്ടില്ല. കാര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നു എന്നാവാം അതിനര്‍ഥം. എന്നിരുന്നാലും തന്റെ സ്വന്തക്കാരായ ഏതാനും 'വിദ്യാര്‍ത്ഥി'കളുമായുള്ള സംഭാഷണത്തില്‍ 'പ്രൊഫസര്‍' അത്ര സംതൃപ്തനല്ല എന്ന് അദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍പോലും മനസ്സിലാക്കിയിട്ടുണ്ട്. അതായത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി ഡോക്ടര്‍ സിങ്ങിനെ ഏറെ ആരാധിച്ചുവന്നിരുന്ന ഇലക്ട്രോണിക് മാധ്യമങ്ങളുടെ അധിപന്മാരും പത്രാധിപന്മാരും സ്വതന്ത്രമായി പറയാന്‍ അദ്ദേഹത്തെ അനുവദിച്ചിട്ടുപോലും അദ്ദേഹം നിര്‍വീര്യനായും പ്രതിരോധാവസ്ഥയിലും കാണപ്പെട്ടുവെങ്കില്‍, കാര്യങ്ങള്‍ എത്രത്തോളം മാറിയിരിക്കുന്നുവെന്നാണത് കാണിക്കുന്നത്. പത്രാധിപന്മാര്‍ കൂടുതല്‍ മെച്ചപ്പെട്ടവരായി കാണപ്പെട്ടുവെന്നല്ല അതിനര്‍ത്ഥം. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് പത്രപ്രവര്‍ത്തനത്തിന്റെ മര്‍മ്മമെങ്കില്‍ അവര്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറി. അഴിമതിയെക്കുറിച്ച് അവര്‍ അദ്ദേഹത്തോട് ഉത്സാഹത്തോടെ ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും തങ്ങള്‍ വര്‍ഷങ്ങളായി ആരാധിച്ചുകൊണ്ടിരിക്കുന്ന നയപരമായ അള്‍ത്താരയില്‍ നിന്നും (സര്‍ക്കാര്‍) നയങ്ങളില്‍നിന്നുമാണ് ഈ അഴിമതി ഒഴുകിപ്പരന്നുകൊണ്ടിരിക്കുന്നത് എന്ന കാര്യം അവര്‍ക്ക് ഒരിക്കലും തോന്നിയതേയില്ല.

അതേ നയങ്ങള്‍തന്നെ തുടരും എന്ന് വീണ്ടും ഉറപ്പുലഭിക്കാന്‍ തങ്ങള്‍ക്ക് അത്യാഗ്രഹമുണ്ട് എന്ന് സൂചിപ്പിക്കുന്നവിധത്തിലാണ് പത്രാധിപന്മാര്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍. ഉദാഹരണത്തിന് ഒരാളുടെ ഭയം ഇങ്ങനെയായിരുന്നു: "രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്ന് വലിയ പരിഷ്‌കരണ വേലിയേറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലല്ലോ. ദൃഢമായ പരിഷ്‌കരണ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ടുവെന്നാണോ കരുതേണ്ടത്''!

പ്രധാനമന്ത്രിയില്‍നിന്നുള്ള പ്രതികരണം ഇങ്ങനെയായിരുന്നു; "അങ്ങനെയല്ല. ഞങ്ങള്‍ക്ക് ഇച്ഛാശക്തി നഷ്ടപ്പെട്ടിട്ടില്ല; ഞങ്ങള്‍ അത് വാശിയോടെ തുടരുകതന്നെ ചെയ്യും.'' താനും പത്രാധിപന്മാരും വിഭാവനംചെയ്യുന്ന "പരിഷ്‌കരണങ്ങള്‍'' നടന്നുകൊണ്ടിരിക്കുകതന്നെയാണെന്ന് തറപ്പിച്ചു പറഞ്ഞ ഡോക്ടര്‍ മന്‍മോഹന്‍സിങ്ങ്, സത്യം പറയുകയാണ്. എന്നാല്‍ ഈ പത്രാധിപന്മാര്‍ കാര്യങ്ങള്‍ ശരിയായവിധത്തില്‍ കാണാന്‍ തയ്യാറായിരുന്നുവെങ്കില്‍ തങ്ങളെ ഉല്‍ക്കണ്ഠാകുലരാക്കുന്ന അഴിമതിയും കുഴപ്പവും ഇതേ പരിഷ്‌കരണങ്ങളുടെ ഉല്‍പന്നങ്ങളാണെന്ന് അവര്‍ക്ക് മനസ്സിലാകുമായിരുന്നു. അഴിമതിയെ സംബന്ധിച്ചാണെങ്കില്‍പോലും ചില മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ളതോ അഥവാ പ്രധാനമന്ത്രിയുടെ ഓഫീസിലോ മന്ത്രിസഭയിലോ ഉള്ള ചിലരുടെ തെറ്റായ നടപടികളെ സംബന്ധിച്ചുള്ളതോ ആയിരുന്നു ചോദ്യങ്ങള്‍. പ്രൊഫസ്സര്‍ മന്‍മോഹന്‍സിങ്ങിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍കീഴില്‍ നടപ്പാക്കപ്പെടുന്ന രാജ്യത്തിന്റെ അടിസ്ഥാനപരമായ നയങ്ങള്‍ അപകടകരമാണെന്നോ വിനാശകരമാണെന്നോ സൂചിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നുംതന്നെ ഉയര്‍ന്നുവന്നില്ല. എന്നാല്‍ 1991ല്‍ എഴുതിത്തയ്യാറാക്കിയ പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തിക ചട്ടക്കൂട് അത്ഭുതകരവും കുറ്റമറ്റതും ആണെന്ന് ആദ്യമേ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ, ആ നാടകത്തില്‍ ആരാണ് തെറ്റായി അഭിനയിക്കുന്നത് എന്ന തരത്തിലേക്ക് ചോദ്യങ്ങള്‍ പരിമിതപ്പെട്ടുപോകുന്നു. കോര്‍പ്പറേറ്റുകളുടെ ക്രൂരകൃത്യങ്ങളെ സംബന്ധിച്ചാണെങ്കില്‍, മറ്റ് ചോദ്യങ്ങള്‍ക്കൊന്നും സാധ്യതയില്ലെങ്കിലേ പത്രാധിപന്മാര്‍ ആ മേഖലയിലേക്ക് കടക്കുകയുള്ളു - അതും സ്വന്തം അപകടസാധ്യത നോക്കി മാത്രം.

2 ജി സ്‌പെക്‌ട്രത്തെയും അതിന്റെ വില്‍പനയില്‍ ലേല വ്യവസ്ഥ ഉണ്ടാവാത്തതിനേയും സംബന്ധിച്ചായിരുന്നു ആദ്യത്തെ ചോദ്യം. അത് ന്യായംതന്നെ. എന്നാല്‍ ഇവിടെ എന്തോ ഒന്ന് നാം കാണാതെ പോകുന്നുണ്ടല്ലോ. യഥാര്‍ത്ഥത്തില്‍ സ്‌പെക്‌ട്രത്തിന്റെ കാര്യത്തില്‍ ലേലം നടന്നിട്ടുണ്ട്-വളരെ വിജയകരമായ ഒരു ലേലം. എന്നാല്‍ അത് നടത്തിയത് ഗവണ്മെന്റല്ല എന്നുമാത്രം, മറിച്ച് കോര്‍പ്പറേറ്റ് മേഖലയിലെ ചങ്ങാതികളാണ് തുച്ഛമായ വിലയ്ക്ക് ലേലംകൊണ്ടത്. വളരെ ദുര്‍ലഭമായ ഈ പൊതുമേഖലാ വിഭവം ദാനംപോലെ കൈപ്പറ്റിയ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍, പിന്നീടത് സ്വകാര്യമായി വളരെ വളരെ വലിയ വിലയ്ക്ക് ലേലം വിളിച്ച് വിറ്റു. സ്വകാര്യ കച്ചവടക്കാര്‍ക്ക് സ്‌പെക്‌ട്രം വില കുറച്ചു കിട്ടിയതുകൊണ്ടാണ് ഇന്ന് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ മൊബൈല്‍ സൌകര്യം ലഭിക്കുന്നതെന്ന വാദം പച്ചക്കള്ളമാണ്. വളരെ വലിയ തുകയ്ക്ക് സ്‌പെക്‌ട്രം രണ്ടാമതും വില്‍പന നടത്തപ്പെട്ടതിനുശേഷംപോലും ഉപഭോക്താവിന് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാകുന്നുണ്ട്. ഈ കൊള്ളസംഘം തങ്ങളുടെ ഈ സ്വകാര്യ ലേലത്തിലൂടെ വളരെ വലിയ ലാഭം കറന്നെടുത്തതിനുശേഷംപോലും അത് സാധിക്കുന്നു. ഇങ്ങനെയുള്ള ഇരട്ട ലേലം ഒഴിവാക്കപ്പെട്ടിരുന്നുവെങ്കില്‍, ഉപഭോക്താവിനുണ്ടാകുമായിരുന്ന മെച്ചം, ഇതിനേക്കാളൊക്കെ എത്രയോ വലുതാകുമായിരുന്നു. ഇതോടൊപ്പംതന്നെ, ഗവണ്‍മെന്റിന്റെ മന്ത്രിമാരും മന്ത്രിപദവികളും ഐക്യം തന്നെയും ലേലംചെയ്തു വില്‍ക്കപ്പെട്ടു! ഒരേ സമയം രണ്ടു ലേലം! അതും ഒരൊറ്റ പൈസയും കിട്ടാതെ!


അമൂര്‍ത്തവും അവ്യക്തവുമായ ചോദ്യം

"കള്ളപ്പണ''ത്തെ സംബന്ധിച്ച്, വളരെ അമൂര്‍ത്തവും അവ്യക്തവുമായ ചോദ്യവും അത്രതന്നെ അമൂര്‍ത്തവും അവ്യക്തവുമായ ഉത്തരവുമാണ് പത്രസമ്മേളനത്തിലുണ്ടായത്. കടലിനക്കരെ സ്വിസ്‌ബാങ്കുകളിലും മറ്റ് ബാങ്കുകളിലും രഹസ്യമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ നിയമവിരുദ്ധമായ ഫണ്ടുകളെക്കുറിച്ച് ഒരൊറ്റ ചോദ്യവും ഉണ്ടായില്ല. ഇതു സംബന്ധിച്ച് ഗവണ്‍മെന്റിന്റെ പക്കലുള്ള വ്യക്തികളുടെ പേരുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നുവന്നില്ല. ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ഇത്തരം നിയമവിരുദ്ധമായ ഫണ്ടുകളുടെ ഒഴുക്ക്, ദിവസത്തില്‍ ശരാശരി 240 കോടി രൂപ എന്ന നിരക്കിലാണ്. 2004നും 2009നും ഇടയ്ക്കുള്ള അഞ്ചുവര്‍ഷക്കാലത്ത് 4.3 ലക്ഷം കോടി രൂപയാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. (2 ജി സ്‌പെക്‌ട്രം അഴിമതിയിലൂടെ നഷ്ടപ്പെട്ട തുകയുടെ രണ്ടിരട്ടിയിലധികം!) ഇതില്‍ ആരാണ് പ്രധാന പ്രതികള്‍? ഉന്നതരായ വ്യക്തികളും സ്വകാര്യ കമ്പനികളും ആണ് ഇങ്ങനെ ഇന്ത്യയില്‍നിന്ന് നിയമവിരുദ്ധമായി വിദേശത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പറ്റിയ വിഷയംതന്നെയാണിത്. എന്നാല്‍ ഒരൊറ്റ ചോദ്യവും ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്നില്ല.

ഇത്തരം ക്രിമിനലുകള്‍ക്ക് മാപ്പുനല്‍കുന്നതിനുവേണ്ടി മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളെക്കുറിച്ചും ചോദ്യങ്ങളൊന്നുമുണ്ടായില്ല; അവര്‍ക്ക് മാപ്പുനല്‍കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ സാധാരണക്കാരെ പിടിക്കാന്‍ കൂടുതല്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാക്കുന്നു; തൊഴില്‍ നഷ്ടപ്പെട്ടവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; പൊതുവിതരണവ്യവസ്ഥ കൂടുതല്‍ കൂടുതല്‍ പരിമിതപ്പെടുത്തുന്നു; അസഹ്യമായ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ്ചെയ്ത് ജയിലില്‍ അടയ്ക്കുന്നു!

വിലാസ്റാവു ദേശ്‌മുഖിനെ കേന്ദ്ര ഗ്രാമീണ വികസന വകുപ്പുമന്ത്രിയാക്കി പ്രധാനമന്ത്രി നിയമിച്ചതിനെ സംബന്ധിച്ച്, പത്രാധിപന്മാരില്‍നിന്ന്, ധാര്‍മ്മികതയെ സംബന്ധിച്ചോ അഴിമതിയെ സംബന്ധിച്ചോ ഉള്ള യാതൊരു ചോദ്യവും ഉയര്‍ന്നുവന്നില്ല. മഹാരാഷ്‌ട്ര ഗവണ്‍മെന്റില്‍ ഗ്രാമീണ വികസനമന്ത്രിയായിരിക്കുമ്പോള്‍ സ്വകാര്യ പണമിടപാടുകാരായ ഹുണ്ടിക വ്യാപാരികളെ സംരക്ഷിച്ചതിന് സുപ്രീംകോടതിയുടെ നിശിതമായ കുറ്റാരോപണത്തിന് വിധേയനായ ആളെയാണ് പ്രധാനമന്ത്രി ഇപ്പോള്‍ കേന്ദ്ര ഗ്രാമീണ വികസനവകുപ്പു മന്ത്രിയാക്കി വാഴിച്ചിരിക്കുന്നത്. അന്ന് വിലാസ്റാവുവിനുമേല്‍ കോടതി ചുമത്തിയ 10 ലക്ഷം രൂപയുടെ പിഴ ഒടുക്കിയത് മഹാരാഷ്‌ട്ര ഗവണ്‍മെന്റാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ചെയ്തത് തെറ്റായിരുന്നു എന്ന് അംഗീകരിക്കുന്നതിന്റെ സൂചനയാണല്ലോ അത്. ഇക്കാര്യത്തില്‍ "സഖ്യകക്ഷിക''ളുടെ നിര്‍ബന്ധത്തെക്കുറിച്ചു പറഞ്ഞ് പ്രധാനമന്ത്രിക്ക് രക്ഷപ്പെടാന്‍ കഴിയില്ല. ദേശ്‌മുഖ്, മന്‍മോഹന്‍സിങ്ങിന്റെ അതേ പാര്‍ടിക്കാരന്‍തന്നെയാണ്. സുപ്രീംകോടതിയില്‍നിന്ന് കനത്ത അടി ഏറ്റുവാങ്ങിയതിനുശേഷവും വിലാസ്റാവു ദേശ്‌മുഖ് കേന്ദ്ര മന്ത്രിസഭയില്‍ തുടരുന്നുവെങ്കില്‍ അതിനര്‍ത്ഥം ദേശ്‌മുഖ് അവിടെ തുടരണം എന്ന് മന്‍മോഹന്‍സിങ് ആഗ്രഹിക്കുന്നുവെന്നാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കൈകാര്യംചെയ്യുന്ന കാര്യത്തിലും "സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തി''ന്റെ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അക്കാര്യത്തെക്കുറിച്ചും ചോദ്യത്തില്‍ ആരും സ്പര്‍ശിക്കുകയുണ്ടായില്ല.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ 1995നുശേഷം ഏതാണ്ട് 2,50,000 കൃഷിക്കാര്‍ ആത്മഹത്യചെയ്തിട്ടുണ്ട്. എന്നാല്‍ അവരെക്കുറിച്ച് പത്രാധിപന്മാര്‍ പ്രധാനമന്ത്രിയോട് എന്തെങ്കിലും ചോദിക്കും എന്ന് പ്രതീക്ഷിക്കുന്നതുതന്നെ ബുദ്ധിമോശമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഗ്രാമങ്ങളില്‍നിന്ന് പലായനം ചെയ്യുന്നവരെക്കുറിച്ചും അവര്‍ ചോദിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മൂര്‍ച്ഛിച്ചുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അവര്‍ ചോദിക്കുകയില്ല. പട്ടിണിയെക്കുറിച്ചും ഉണ്ടായില്ല ഒരൊറ്റ ചോദ്യവും.

ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ച്, 8.5 ശതമാനം വളര്‍ച്ചാനിരക്കുള്ള ഒരു രാജ്യത്ത് ദരിദ്രരെ സംബന്ധിച്ച് അതുണ്ടാക്കുന്ന ആഘാതവുമായി ബന്ധപ്പെടുത്തിക്കൊണ്ട്, ഒരു ചോദ്യം വന്നത് ഒരു വിദേശിയില്‍നിന്നാണ്. തങ്ങളുടെ മധ്യവര്‍ഗ്ഗ ശ്രോതാക്കളെ സംബന്ധിച്ചുപോലും വിലക്കയറ്റം ഒരു നീറുന്ന പ്രശ്നമാണെന്ന് അവിടെയെത്തിയ പത്രാധിപന്മാര്‍ക്ക് അറിയാത്തതല്ല. എന്നിട്ടും ആ പ്രശ്നം ഉന്നയിക്കാന്‍ സിഎന്‍എന്നിലെ സാറാ സിഡ്‌നര്‍ മാത്രമേ ഉണ്ടായുള്ളൂ. വിലക്കയറ്റവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട രണ്ടാമത്തെ ചോദ്യം, "കാര്‍ഷിക മേഖലയില്‍ നടപ്പാക്കേണ്ട ഘടനാപരമായ രണ്ടാംഘട്ട പരിഷ്‌കരണങ്ങളുടെ ആവശ്യകതയെ'' സംബന്ധിച്ചതായിരുന്നു. വിലക്കയറ്റത്തെ സംബന്ധിച്ച മറ്റൊരു ചോദ്യത്തിന് ഉത്തരമേയുണ്ടായില്ല. അത് ദരിദ്രരെ സംബന്ധിച്ചതായിരുന്നില്ല; പട്ടിണിയെ സംബന്ധിച്ചതും ആയിരുന്നില്ല. 2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ നഷ്ടപ്പെട്ട തുകയും ദരിദ്രര്‍ക്കുള്ള സബ്‌സിഡിത്തുകയും ഫലത്തില്‍ തുല്യമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചപ്പോള്‍, അതിനെ ആരും എതിര്‍ത്തതേയില്ല. "ലേലം നടക്കുന്നില്ലെങ്കില്‍ പിന്നെ, നിങ്ങള്‍ നഷ്ടം കണക്കാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്'' എന്ന് പ്രധാനമന്ത്രി ചോദിക്കുന്നു. "നിങ്ങള്‍ എവിടെനിന്നാണോ ആരംഭിക്കുന്നത് എന്നതിനെ ആശ്രയിച്ചുള്ള ഒരു പ്രവര്‍ത്തനമാണത്. നിങ്ങളുടെ അഭിപ്രായത്തേയും ആശ്രയിച്ചുകൊണ്ടുള്ളതാണത്. വര്‍ഷത്തില്‍ 80,000 കോടി രൂപയുടെ ഭക്ഷ്യ സബ്‌സിഡി അനുവദിക്കുന്ന ഒരു ബജറ്റാണ് നമുക്കുള്ളത്. ഈ ഭക്ഷ്യധാന്യമെല്ലാം വിപണിവിലയ്ക്ക് വില്‍ക്കണം എന്ന് ചിലര്‍ പറഞ്ഞേയ്ക്കാം. അവ വിപണിവിലയ്ക്ക് വില്‍ക്കാത്തതുകൊണ്ട്, അവയ്ക്ക് സബ്‌സിഡി നല്‍കുന്നതുകൊണ്ട്, 80,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നു എന്ന് നിങ്ങള്‍ പറയുമോ?''

കൊള്ളയും സബ്‌സിഡിയും

ലോകത്തിലെ ഏറ്റവും വലിയ പട്ടിണിക്കാരായ ജനങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന സബ്‌സിഡിയേയും കോര്‍പ്പറേറ്റുകളുടെ കൊള്ളയേയും പ്രധാനമന്ത്രി ഒരേപോലെ കാണുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. ഗ്ളോബല്‍ ഹങ്കര്‍ ഇന്‍ഡക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 84 രാജ്യങ്ങളില്‍ 67-ാമത്തേതാണ് നമ്മുടെ സ്ഥാനം. അതിസമ്പന്നര്‍ക്കുള്ള സബ്‌സിഡികള്‍ വര്‍ഷംപ്രതി കുതിച്ചുയരുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. അതേ അവസരത്തില്‍ത്തന്നെ, ശതകോടിക്കണക്കിനുള്ള ദരിദ്രര്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ കഴിഞ്ഞ ബജറ്റില്‍ 450 കോടി രൂപ കണ്ട് വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഇങ്ങനെ സബ്‌സിഡി നല്‍കുന്നതിനെ ചുമ്മാ വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്നവര്‍, കാണാത്ത ഒരു കാര്യമുണ്ട്: കോര്‍പ്പറേറ്റ് ലോകത്തിന്, അവസരം കിട്ടുമ്പോഴെല്ലാം, പ്രത്യക്ഷമായും പരോക്ഷമായും സര്‍ക്കാര്‍ ശതകോടിക്കണക്കിന് രൂപ പതിവായി കൈമാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ബജറ്റില്‍, പ്രത്യക്ഷ കോര്‍പ്പറേറ്റ് ആദായനികുതി, കസ്റ്റംസ് ഡ്യൂട്ടി, എക്സൈസ് ഡ്യൂട്ടി എന്നീ മൂന്നിനങ്ങളില്‍ മാത്രമായി 5 ലക്ഷം കോടി രൂപ സര്‍ക്കാര്‍ അവര്‍ക്ക് ഇഷ്ടദാനം അനുവദിക്കുകയുണ്ടായി. 2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ ഉള്‍പ്പെട്ട തുകയുടെ രണ്ടര ഇരട്ടി വരും അത്. ഓരോ ബജറ്റിലും ഈ സൌജന്യങ്ങള്‍ കൂടിക്കൂടി വരുന്നു. പൊതുമുതല്‍ ഇങ്ങനെ കോര്‍പ്പറേറ്റ് മേഖല കൊള്ളയടിക്കുന്നതിലേക്ക് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒരിക്കല്‍പ്പോലും പ്രതിഷേധ രൂപത്തില്‍ ഒന്നെത്തിനോക്കുന്നതുപോലുമില്ല. ഡോക്ടര്‍ മന്‍മോഹന്‍സിങ്ങാണല്ലോ ഭരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ പത്രസമ്മേളനത്തിലും അവരങ്ങനെ ചെയ്തില്ല; അതുകൊണ്ട് 2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ ഒരു പിടി വഴിവാണിഭക്കാര്‍ക്ക് നിസ്സാരമായ പണം കൈമാറിയതിനെക്കുറിച്ച് പത്രാധിപന്മാര്‍ ചോദിച്ചപ്പോള്‍, ഡോക്ടര്‍സിങ് വെറിപിടിച്ചത് മനസ്സിലാക്കാവുന്നതേയുള്ളൂ. തന്റെ ഗവണ്‍മെന്റ് ഭക്ഷ്യ സബ്‌സിഡിക്കായി നീക്കിവെയ്ക്കുന്ന 80,000 കോടി രൂപ "നഷ്ടമായി'' പത്രാധിപന്മാര്‍ കരുതുന്നുണ്ടോ എന്നാണ് മന്‍മോഹന്‍സിങ്ങിന് അറിയേണ്ടിയിരുന്നത്. യഥാര്‍ത്ഥത്തില്‍ അവരില്‍ മിക്കവരും അങ്ങനെയാണ് കരുതുന്നത്. ദരിദ്രര്‍ക്കായി നീക്കിവെയ്ക്കുന്ന സബ്‌സിഡികളെല്ലാം ഉപേക്ഷിക്കണം എന്ന് അവരില്‍ നിരവധിപേര്‍ ആഗ്രഹിക്കുന്നുമുണ്ടാവും. രാഷ്‌ട്രീയമായി ശരിയായ തലത്തില്‍ ഇക്കാര്യം നടപ്പാക്കുന്നതിനെ "കാര്യക്ഷമത'', " ശരിയായ ടാര്‍ജറ്റിങ്,'' "വ്യവസ്ഥയെ സുഗമമാക്കിത്തീര്‍ക്കുക'' എന്നൊക്കെയാണ് അവര്‍ വിളിക്കുക. എന്നാല്‍ അതിസമ്പന്നരായ ഒരുപിടി ആളുകളിലേക്ക് കുത്തിയൊലിച്ച് എത്തുന്ന സബ്‌സിഡികളുടെ കാര്യത്തില്‍ അവര്‍ ഒരിക്കലും അങ്ങനെ ആവശ്യപ്പെടുകയുമില്ല. (അക്കൂട്ടത്തില്‍ മാധ്യമ ഉടമകളുമുണ്ടല്ലോ)

പത്രാധിപന്മാരുമായുള്ള ഈ കൂടിക്കാഴ്ചയ്ക്കിടയില്‍ ഡോക്ടര്‍ സിങ് പുതിയ ഒരു മന്ത്രിതല സമിതിയുടെ കാര്യം പ്രസ്താവിക്കുകയുണ്ടായില്ല എന്നത് ആശ്വാസകരമായ സംഗതിതന്നെ. മന്ത്രിതല സമിതികളുടെ എണ്ണമെടുക്കാന്‍ ഒരു സെന്‍സസ് തന്നെ വേണ്ടിവരും. താന്‍ എത്ര മന്ത്രിതല സമിതികളുടെ അധ്യക്ഷനാണ് എന്ന് കണ്ടെത്താന്‍, ഒരുപക്ഷേ, പ്രണാബ് കുമാര്‍ മുഖര്‍ജിക്ക് അത് സഹായകമായെന്നിരിക്കും. യോഗം ചേരുമ്പോള്‍ "ക്ഷമിക്കണം, ഇത് ഏത് മന്ത്രിതല സമിതിയാണ്'' എന്ന് അദ്ദേഹത്തിന് ക്ളേശത്തോടെ ചോദിക്കേണ്ടിവരില്ലല്ലോ. ഇതൊരു ചത്ത കുതിരയോ? അല്ല. ഇത് വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മരത്തലയന്‍ തന്നെ.


*****


പി സായിനാഥ്, കടപ്പാട് : ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഒരു പ്രഖ്യാപനത്തോട് നമുക്കെല്ലാം യോജിക്കേണ്ടിവരും. തന്റെ സര്‍ക്കാര്‍ "ചക്കടാവണ്ടി''യല്ല എന്ന പ്രസ്താവനയോട്. "ചത്തകുതിര'' എന്നാവും കൂടുതല്‍ യോജിച്ച പരിഹാസപ്പേര്. അതെന്തായാലും ഒരു ലക്ഷം കോടി രൂപയിലധികം തുക ഉള്‍പ്പെടുന്ന അഴിമതിയൊന്നും കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ ഉയര്‍ന്നുവന്നിട്ടില്ല. കാര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നു എന്നാവാം അതിനര്‍ഥം. എന്നിരുന്നാലും തന്റെ സ്വന്തക്കാരായ ഏതാനും 'വിദ്യാര്‍ത്ഥി'കളുമായുള്ള സംഭാഷണത്തില്‍ 'പ്രൊഫസര്‍' അത്ര സംതൃപ്തനല്ല എന്ന് അദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍പോലും മനസ്സിലാക്കിയിട്ടുണ്ട്. അതായത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി ഡോക്ടര്‍ സിങ്ങിനെ ഏറെ ആരാധിച്ചുവന്നിരുന്ന ഇലക്ട്രോണിക് മാധ്യമങ്ങളുടെ അധിപന്മാരും പത്രാധിപന്മാരും സ്വതന്ത്രമായി പറയാന്‍ അദ്ദേഹത്തെ അനുവദിച്ചിട്ടുപോലും അദ്ദേഹം നിര്‍വീര്യനായും പ്രതിരോധാവസ്ഥയിലും കാണപ്പെട്ടുവെങ്കില്‍, കാര്യങ്ങള്‍ എത്രത്തോളം മാറിയിരിക്കുന്നുവെന്നാണത് കാണിക്കുന്നത്. പത്രാധിപന്മാര്‍ കൂടുതല്‍ മെച്ചപ്പെട്ടവരായി കാണപ്പെട്ടുവെന്നല്ല അതിനര്‍ത്ഥം. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് പത്രപ്രവര്‍ത്തനത്തിന്റെ മര്‍മ്മമെങ്കില്‍ അവര്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറി. അഴിമതിയെക്കുറിച്ച് അവര്‍ അദ്ദേഹത്തോട് ഉത്സാഹത്തോടെ ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും തങ്ങള്‍ വര്‍ഷങ്ങളായി ആരാധിച്ചുകൊണ്ടിരിക്കുന്ന നയപരമായ അള്‍ത്താരയില്‍ നിന്നും (സര്‍ക്കാര്‍) നയങ്ങളില്‍നിന്നുമാണ് ഈ അഴിമതി ഒഴുകിപ്പരന്നുകൊണ്ടിരിക്കുന്നത് എന്ന കാര്യം അവര്‍ക്ക് ഒരിക്കലും തോന്നിയതേയില്ല