Tuesday, October 1, 2013

സാമുദായികതയും ജനാധിപത്യ സങ്കല്‍പങ്ങളുടെ തകര്‍ച്ചയും

നമ്മില്‍ ചിലര്‍ എന്നാണ് സമുദായങ്ങളായി സ്വയം കരുതിത്തുടങ്ങിയതെന്ന് അന്വേഷിക്കേണ്ടതാണ്. ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നതിനു മുമ്പും ബ്രിട്ടീഷ് ഭരണകാലത്തും നമുക്ക് ജാതികളാണ് ഉണ്ടായിരുന്നത്. മതങ്ങള്‍ എന്ന് പിന്നീട് വിളിക്കപ്പെട്ട വിശ്വാസരൂപങ്ങളും അവയെ ആധാരമാക്കിയ നിയമസംഹിതകളും ഉണ്ടായിരുന്നു. ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍, ജൂതന്മാര്‍, ബ്രാഹ്മണര്‍ എന്നിവര്‍ക്കാണ് വ്യക്തമായ നിയമസംഹിതകള്‍ ഉണ്ടായിരുന്നത്.മറ്റു സമൂഹവിഭാഗങ്ങള്‍ക്ക് ബ്രാഹ്മണനിയമസംഹിതകളുടെ അടിസ്ഥാനത്തിലും അല്ലാതെയുമുള്ള ജാതിമര്യാദകളാണുണ്ടായിരുന്നത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനതയെ കൂട്ടങ്ങള്‍, ജനങ്ങള്‍, ആളുകള്‍, ളോകര്‍, പരിഷകള്‍ എന്നൊക്കെയല്ലാതെ സമുദായങ്ങള്‍ എന്നാരും വിളിച്ചിരുന്നില്ല. ക്ഷേത്രങ്ങളിലെ പൊതുവാള്‍ എന്ന വാക്കിനു തുല്യമായാണ് സമുദായം എന്ന പദം നിലവില്‍വന്നത്. ക്ഷേത്രങ്ങളിലെ സമുദായം പൊതുഭരണകര്‍ത്താവാണ്. പൊതുകാര്യകര്‍ത്താക്കളുടെ കൂട്ടം എന്ന നിലയില്‍ മാത്രമാണ് സമുദായത്തിന് അര്‍ഥമുണ്ടായിരുന്നതും.

സമുദായം എന്ന വാക്കിന് അര്‍ഥാന്തരമുണ്ടാകുന്നത് ബ്രിട്ടീഷുകാരുടെ കാലത്താണ്. ബ്രിട്ടീഷ്ഭരണകര്‍ത്താക്കള്‍ ഗ്രാമങ്ങളിലെ ജാതികളെല്ലാമടങ്ങുന്ന ഒരു ഗ്രാമസമുദായത്തെ നിര്‍വചിച്ചു. മദ്രാസ് ഗവര്‍ണറായിരുന്ന തോമസ് മണ്‍റോ ഇങ്ങനെ ഗ്രാമസമുദായസങ്കല്‍പം ആവിഷ്കരിച്ച ആദ്യത്തെ ആളുകളില്‍പെടുന്നു. മറ്റൊരു ഭരണകര്‍ത്താവായിരുന്ന ചാള്‍സ് മെറ്റ്കാഫ് ഇന്ത്യന്‍ ഗ്രാമങ്ങളെ "റിപ്പബ്ലിക്കു"കളായി നിര്‍വചിച്ചു. സ്വയം ഭരണക്ഷമതയുള്ള പ്രദേശങ്ങള്‍ എന്ന അര്‍ഥത്തിലായിരുന്നു ഈ പ്രയോഗം. പാശ്ചാത്യ സാമൂഹ്യശാസ്ത്രജ്ഞര്‍ "സമൂഹം", "സമുദായം" എന്ന പ്രയോഗങ്ങള്‍ക്ക് വ്യത്യസ്ത നിര്‍വചനങ്ങള്‍ നല്‍കി. ഉല്‍പാദനം, വാണിജ്യം, പൊതുപ്രവര്‍ത്തനങ്ങള്‍, നിയമാവലികള്‍ മുതലായവ സൃഷ്ടിക്കുന്ന ഔപചാരികബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള പൊതുബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹം നിര്‍വചിക്കപ്പെട്ടു. പൗരസമൂഹം, പൊതുസമൂഹം മുതലായ പദങ്ങള്‍ വളര്‍ന്നുവരുകയും സാമൂഹ്യസംഘടനകള്‍ വ്യാപിക്കുകയും ചെയ്തതിനെ ഇത്തരത്തിലാണ് വിശദീകരിച്ചത്. രക്തബന്ധങ്ങളുടെയും ജാതിബന്ധങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും അടിസ്ഥാനത്തിലുള്ള കൂട്ടങ്ങള്‍ സമുദായങ്ങളായി.

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും സങ്കല്പങ്ങള്‍ വേരൂന്നിയ ആധുനികകാലഘട്ടത്തില്‍ സമൂഹവും സമുദായവും തമ്മിലുള്ള വേര്‍തിരിവ് വളരെ നേരിയതായിരുന്നു.മനുഷ്യര്‍ തമ്മിലുള്ള ഔപചാരിക ബന്ധങ്ങളെ സമൂഹം സൂചിപ്പിച്ചപ്പോള്‍, ജൈവബന്ധങ്ങളായിരുന്നു സമുദായങ്ങളുടെ കാതല്‍. സമൂഹമെന്നാല്‍ മുതലാളിത്ത പൗരസമൂഹമായിരുന്നു. മനുഷ്യര്‍ തമ്മിലുള്ള ജൈവബന്ധങ്ങള്‍ മുതലാളിത്തം സൃഷ്ടിക്കുന്ന യാന്ത്രികബന്ധങ്ങളെയും ചൂഷണരൂപങ്ങളെയും അതിജീവിച്ച് ഒരു പുതിയ ക്രമമായി വികസിക്കുമെന്ന് ചിലര്‍ വാദിച്ചു. അവരെയാണ് കമ്യൂണിസ്റ്റുകള്‍ എന്നു വിളിച്ചത്. സ്നേഹവും സൗഹാര്‍ദവും തുല്യപങ്കാളിത്തവും അവസരസമത്വവും മാനവികതയും കളിയാടുന്ന ജൈവ മനുഷ്യസഞ്ചയത്തെയായിരുന്നു കമ്യൂണിസ്റ്റ് സമൂഹമായി അവര്‍ കണ്ടത്. ഈ ആശയത്തെ ശാസ്ത്രീയമായി നിര്‍വചിക്കുന്നതിനും അതിലേക്കുള്ള പാത നിര്‍ണയിക്കുന്നതിനുമായിരുന്നു മാര്‍ക്സും എംഗല്‍സും അടക്കമുള്ള വിപ്ലവകാരികള്‍ ശ്രമിച്ചത്.

ഇത്തരം ആശയങ്ങള്‍ കേരള നവോത്ഥാനത്തെയും സ്വാധീനിച്ചു. ""അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായിവരേണം"" എന്ന നാരായണഗുരുവിന്റെ വാക്യവും കുമാരനാശന്റെ സ്നേഹഗാഥകളും മുതല്‍ ഇ മാധവന്റെ സ്വതന്ത്രസമുദായം പോലുള്ള രചനകള്‍ വരെ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇത്തരം ആശയങ്ങളിലെ കാല്പനികത പ്രകടമാണ്. എങ്കിലും ഇവരാരുംതന്നെ ഇന്നു നാം വ്യവഹരിക്കുന്ന സാമുദായികതയുടെ വക്താക്കളായിരുന്നില്ല. ജാതിമത നിരപേക്ഷമായ മാനവികതയെക്കുറിച്ചുള്ള ആശയങ്ങള്‍ ആയിരുന്നു അത്. ആശാന്‍ ചണ്ഡാലഭിക്ഷുകിയില്‍ ആനന്ദനെക്കൊണ്ട് ""ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി"" എന്നു പറയിക്കുമ്പോള്‍ ഈ ആശയം നമുക്ക് കാണാം. പിന്നീട് ഉപ്പു സത്യഗ്രഹകാലത്ത് മുഴങ്ങിക്കേട്ട ""വരിക വരിക സഹജരേ, സഹനസമര സമയമായ്"" എന്ന മുദ്രാഗീതത്തിലെ സഹജര്‍ എന്ന പ്രയോഗം "സഹോദരര്‍" എന്ന പദത്തെക്കാള്‍ വ്യക്തമായി ജാതിമതനിരപേക്ഷതയെ ധ്വനിപ്പിക്കുന്നതിനായിരുന്നു. സഹോദരര്‍ ഒരേ കുടുംബത്തിലും, അതുകൊണ്ട് ജാതിയിലും മതത്തിലും പെടും. സഹജര്‍ അങ്ങനെയല്ല. സഹജര്‍ എന്ന വാക്കില്‍നിന്ന് "സഖാവ്", "സഖി" മുതലായ വാക്കുകളിലേക്കുള്ള മാറ്റവും ജൈവമനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള സങ്കല്പത്തിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. കുടുംബബന്ധങ്ങള്‍ സഖാക്കള്‍ തമ്മിലുള്ള ബന്ധമാണ് എന്ന അലക്സാണ്ട്രാ കൊളോന്‍തായുടെ ആശയം കുറേക്കാലത്തേക്കെങ്കിലും കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു.

ഇവയെല്ലാം ജാതിമതസങ്കല്പങ്ങള്‍ക്കതീതമായി വളരുന്ന മനുഷ്യസമുദായ സങ്കല്പത്തെയാണ് കാണിച്ചത്. ഇവയെല്ലാം നമുക്ക് നഷ്ടപ്പെട്ടുപോയതെങ്ങനെ എന്നും പരിശോധിക്കണം. ഇന്ന് നമുക്ക് കുമാരനാശാന്‍ സ്നേഹഗായകനല്ല. "ലിംഗശരീര"ത്തിന്റെ വക്താവാണ്. വള്ളത്തോള്‍ പുരോഗമനചിന്തകളുമായി ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ശ്രമിച്ച കവിയല്ല, സവര്‍ണസംസ്കാരത്തിന്റെ ആഖ്യാതാവാണ്. ജയിലിന്റെ മതില്‍ക്കെട്ടുകള്‍പ്പുറത്തുള്ള സ്ത്രീപുരുഷസ്നേഹത്തിന്റെ ഓര്‍മകള്‍ ആഖ്യാനം ചെയ്യുന്ന കാഥികനല്ല ബഷീര്‍, മുസ്ലീം സമുദായത്തിന്റെ ആവിഷ്കര്‍ത്താവാണ്. കേശവദേവിനെയും തകഴിയെയും പൊന്‍കുന്നം വര്‍ക്കിയെയുമെല്ലാം വ്യത്യസ്ത സമുദായങ്ങള്‍ സ്വാംശീകരിക്കുന്നു. മുലൂര്‍ പത്മനാഭപ്പണിക്കരെയും ""സഹോദരന്‍"" അയ്യപ്പനെയും കെ പി കറുപ്പനെയുമെല്ലാം ഇതേ കണ്ണുകളിലൂടെയാണ് കാണുന്നത്. ഈ മാറ്റം കേവലമായ ""സമുദായവല്‍ക്കരണമായി മാത്രം കാണാനാവില്ല. ഇതിന്റെ ഉപജ്ഞാതാക്കള്‍ ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പാണക്കാട് തങ്ങന്മാരും കെസിബിസിയുമല്ല. കേരളത്തിലെ മാനവിക സമുദായങ്ങളുടെ തകര്‍ച്ചയില്‍നിന്ന് മുതലെടുക്കുന്ന കഴുകന്മാരാണവര്‍. എന്തുകൊണ്ടാണീ സങ്കല്പങ്ങള്‍ തകര്‍ന്നതെന്നതിന് കൂടുതല്‍ ആഴത്തില്‍ പോകേണ്ടയിരിക്കുന്നു.

ഐക്യകേരളവും അതിനുശേഷവും

കേരളത്തിലെ ജനങ്ങള്‍ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഉന്നയിച്ച അവസാനത്തെ ആവശ്യം ഐക്യകേരളത്തിനുവേണ്ടിയുള്ളതായിരിക്കും. ജാതിമത ഭിന്നതകളും വര്‍ഗവൈരുധ്യങ്ങളും നിലനില്‍ക്കുന്ന പ്രദേശമാണെന്ന് അറിയാതെയല്ല ജനങ്ങള്‍ ഈ ആവശ്യത്തിനു പിന്തുണ നല്‍കിയത്. അതിലപ്പുറം ഭാഷാപരവും സാംസ്കാരികമായ ഐക്യം നിലനില്‍ക്കുന്ന പ്രദേശത്തിനുവേണ്ടി അവര്‍ നിലകൊണ്ടു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും നാടുവാഴിത്തവും മലബാറിലെ കൊളോണിയല്‍ ഭരണാവശിഷ്ടങ്ങളും ഇല്ലാതാക്കാന്‍ കേരളജനതയ്ക്ക് സാധിച്ചു. ഈ നേട്ടംതന്നെയാണ് ജന്മിത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് നടത്താനുള്ള ഊര്‍ജം പകര്‍ന്നത്. നവോത്ഥാനഘട്ടം മുതലാരംഭിച്ച മലയാളിയുടെ സാമൂഹ്യപരിവര്‍ത്തനാശയങ്ങള്‍ക്ക് ജീവന്‍വെച്ചത് അപ്പോഴാണ്. 1957 ലെ കമ്യൂണിസ്റ്റ്പാര്‍ടിയുടെ വിജയം കേവലം ഒരു രാഷ്ട്രീയപാര്‍ടിയുടെ വിജയം മാത്രമായിരുന്നില്ല. ഒരു പുതിയ കേരളത്തിന്റെ ഭാവി നെയ്തെടുക്കാനുള്ള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളുടെ തുടക്കംകൂടിയായിരുന്നു. കുടിയൊഴിപ്പിക്കല്‍ തടയുന്ന ഓര്‍ഡിനന്‍സ് മുതല്‍ കാര്‍ഷികബന്ധബില്ലും വിദ്യാഭ്യാസനിയമവുമടക്കമുള്ള നടപടികള്‍ ഈ ശ്രമങ്ങള്‍ ഫലം കാണുന്നതിനെ വിളിച്ചറിയിച്ചു.

കേരളജനതയിലെ വര്‍ഗവൈരുധ്യങ്ങള്‍ മുര്‍ത്ത രൂപത്തില്‍ വന്നതും അപ്പോഴാണ്. ജാതിമതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടത്തെ ശക്തമായെതിര്‍ത്ത ശക്തികള്‍ നേരത്തെതന്നെയുണ്ടായിരുന്നു. എന്നാല്‍, ദേശീയ മോചനത്തിനും ഐക്യകേരളത്തിനുംവേണ്ടിയുള്ള സമരത്തില്‍ പുരോഗമനശക്തികള്‍ വഹിച്ച നേതൃത്വപരമായ പങ്കു മൂലം അവരെ ആശയപരമായെതിര്‍ക്കുക പ്രയാസമായിരുന്നു. കെ കേളപ്പന്റെ ""കോണ്‍ഗ്രസ്സും കമ്യൂണിസവും"" പോലുള്ള വിമര്‍ശനങ്ങളും സഞ്ജയന്റെ പരിഹാസരചനകളും പിന്നീട് സോവിയറ്റ് അനുഭവങ്ങളെ മുന്‍നിര്‍ത്തി സി ജെ തോമസിന്റെയും കൂട്ടരുടെയും പ്രചാരണവുമായിരുന്നു അന്നത്തെ പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധായുധങ്ങള്‍. ദേശീയനേതാക്കളില്‍ ഗാന്ധിക്കു ലഭിച്ച വന്‍ ജനപ്രീതിപോലും ഖാദിയുടെ പ്രചാരണത്തിലും മദ്യവര്‍ജനത്തിലും അയിത്തോച്ചാടനത്തിലും ഒതുങ്ങി. ഇതില്‍ ഖാദിയുടെ പ്രചാരണമൊഴികെ മറ്റൊന്നും പൂര്‍ണവിജയങ്ങളായില്ല. വിനോഭാജിയുടെ ഭൂദാനപ്രസ്ഥാനത്തിന് ഭൂപരിഷ്കരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ബദലാകാന്‍ കഴിഞ്ഞില്ല. ചുരുക്കത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ധാരാളമുണ്ടായിരുന്നെങ്കിലും അവരുടെ പ്രചാരണത്തിന് ശക്തമായ വേദികളോ കൃത്യമായ ലക്ഷ്യമോ ഉണ്ടായിരുന്നില്ല. 1957-ലെ കമ്യൂണിസ്റ്റ്പാര്‍ടിയുടെ വിജയം ഈ വസ്തുതയെക്കൂടി വിളിച്ചറിയിച്ചു. 1959-ല്‍ ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ട നടപടി രണ്ടു കാര്യങ്ങളാണ് ഒറ്റയടിക്ക് സാധിച്ചത്. ഒന്ന് കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭൂപരിഷ്കാരങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് തടയിടുക. പിന്നീട് ഭൂപരിഷ്കാരം നിലവില്‍വന്നുവെങ്കിലും ജന്മിമാരുടെ ഭൂമികള്‍ മുഴുവനും മണ്ണില്‍ പണിയെടുന്നവര്‍ക്കും പാട്ടക്കുടിയാനും നീതിയുക്തമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തില്‍ വെള്ളംചേര്‍ക്കാന്‍ വലതുപക്ഷത്തിനു കഴിഞ്ഞു. ഇഷ്ടദാനത്തിനു ലഭിച്ച നിയമപരമായ സാധ്യത ഉദാഹരണമാണ്. അറുപതുകളുടെ അവസാനത്തിലെ മിച്ചഭൂമി സമരം അനിവാര്യമാക്കിയതും ഈ ഇടപെടലാണ്. രണ്ട്, കമ്യൂണിസ്റ്റ് പാര്‍ടി രൂപം കൊണ്ടതിനുശേഷം ആദ്യമായി വലതുപക്ഷത്തിന് ഒരു കമ്യൂണിസ്റ്റ് വിരുദ്ധ സന്നദ്ധസേനയെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. അവരാണ് വിമോചനസമരത്തിലൂടെ വളര്‍ന്നുവന്നത്. അവര്‍ നല്‍കിയ സാമുദായികതയുടെ പുതിയ നിര്‍വചനം കേരളത്തില്‍ ഒരു പുതിയ ആശയസമരത്തിനു മാത്രമല്ല, കേരളസമൂഹത്തെ മുഴുവന്‍ മാറ്റിമറിക്കുന്ന പുതിയ പ്രവണതകള്‍ക്ക് വിത്തുപാകി. പുതിയ സാമുദായികത കേരളത്തില്‍ രൂപംകൊണ്ട മാനവമോചനസങ്കല്പങ്ങള്‍ക്കും സാഹോദര്യത്തിലും സഹജത്വത്തിലും ഉറച്ച സ്വതന്ത്രസമുദായം എന്ന ആശയത്തിനും എതിരായാണ് പുതിയ സാമുദായികത വളര്‍ന്നുവന്നത്. ജാതീയതക്കും ജന്മിത്വത്തിനുമെതിരെ നിലകൊണ്ട ചിന്തകരും സാമൂഹ്യപ്രവര്‍ത്തകരുമായിരുന്നില്ല പുതിയ സാമുദായികതയുടെ പിന്നില്‍. കൊളോണിയലിസവും ആധുനികരാഷ്ട്രം സൃഷ്ടിച്ച സ്ഥാപനങ്ങളും നല്‍കിയ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമമായിരുന്നു സാമുദായികതയ്ക്കു വഴിതെളിയിച്ചത്. കൊളോണിയല്‍ ഭരണകൂടം നടത്തിയ കാനേഷ്മാരി (സെന്‍സസ്) പ്രവര്‍ത്തനങ്ങളും സര്‍വേകളും ഇന്ത്യയിലെയും കേരളത്തിലെയും ജാതികളുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ തസ്തികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോടതികള്‍ മുതലായവയിലേക്കുള്ള പ്രവേശനം ചര്‍ച്ചാവിഷയമായി. 1891-ലെ മലയാളി മെമ്മോറിയലും 1896-ലെ ഈഴവ മെമ്മോറിയലും ഈ സൗകര്യങ്ങള്‍ അബ്രാഹ്മണര്‍ക്കും അവശവിഭാഗങ്ങള്‍ക്കും ലഭിക്കണമെന്ന ആവശ്യത്തെ സൂചിപ്പിച്ചു. 1920-കളോടെ പുലയരടക്കമുള്ള ദളിതവിഭാഗങ്ങളില്‍നിന്നും ഈ ആവശ്യം ഉയര്‍ന്നുവന്നു. 1930-കളോടെ നിയമസഭയിലേക്കടക്കമുള്ള സംവരണം പ്രധാനവിഷയമായി മാറി. സര്‍ക്കാര്‍ തസ്തികകള്‍ക്കും സംവരണത്തിനുംവേണ്ടിയുള്ള മുന്നേറ്റം പുതിയ സാമുദായികതയുടെ ഒരു പ്രധാന അടിത്തറയായിരുന്നു.

ഈ മുന്നേറ്റം നയിച്ചത് കൊളോണിയല്‍ പശ്ചാത്തലത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു പുതിയ മധ്യവര്‍ഗമായിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ വാണിജ്യവിളകളുടെ വളര്‍ച്ചയും അതിനെ ആധാരമാക്കി ഇടത്തരം ധനികകര്‍ഷകരുടെ രൂപീകരണവും, കയര്‍, കശുവണ്ടി, നെയ്ത്ത്, ഓട് മുതലായ മേഖലകളില്‍ വളര്‍ന്നുവന്ന കാര്‍ഷികാനുബന്ധ വ്യവസായങ്ങള്‍, മധ്യവര്‍ഗ സര്‍ക്കാര്‍ തൊഴിലുകളുടെയും വിദ്യാഭ്യാസത്തിന്റെയും വളര്‍ച്ച തുടങ്ങിയവ ചേര്‍ന്നാണ് ഈ മധ്യവര്‍ഗത്തെ സൃഷ്ടിച്ചത്. കേരളത്തിനകത്തും മുതലാളിത്തം സൃഷ്ടിച്ച തൊഴില്‍മേഖലകളില്‍ പണിയെടുത്തവര്‍ ഈ മധ്യവര്‍ഗത്തിന്റെ ഭാഗമായി. ഇന്ന് സവര്‍ണമേധാവിത്വം എന്നു വിളിക്കപ്പെടുന്ന ഈ മധ്യവര്‍ഗത്തില്‍ സവര്‍ണര്‍ മാത്രമല്ല ഉണ്ടായിരുന്നത്. ക്രിസ്ത്യാനികളും ഈഴവരില്‍ ഒരു വിഭാഗവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ദളിതരും മുസ്ലിങ്ങളില്‍ ബഹുഭൂരിപക്ഷവും ഇതിനുപുറത്തുമായിരുന്നു. ഈ മധ്യവര്‍ഗത്തിന് കൊളോണിയല്‍ വിരുദ്ധസ്വഭാവം ഉണ്ടായിരുന്നില്ല. പുതിയ സൗകര്യങ്ങളും സാധ്യതകളും സൃഷ്ടിച്ച ഒരു ഘടകമായിരുന്നു അവര്‍ക്ക് കൊളോണിയലിസം.

മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയ്ക്ക് മറ്റൊരു സവിശേഷതയുമുണ്ട്. എഴുത്തിലും വായനയിലും സംവേദനത്തിലുമെല്ലാം കുതിച്ചുചാട്ടമുണ്ടായ നവോത്ഥാനകാലം കേരളത്തിലുണ്ടായി. 18-ാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായതുപോലെ വിശ്വാസത്തിനെതിരെ യുക്തിപരതയ്ക്കും അജ്ഞതയ്ക്കെതിരെ അറിവിനും സ്വാതന്ത്രത്തിനും സമത്വത്തിനും സാഹോദര്യത്തിനും പ്രധാന്യം നല്‍കുന്ന ഒരു പ്രസ്ഥാനം കേരളത്തില്‍ സൃഷ്ടിക്കാന്‍ മധ്യവര്‍ഗം തയാറായിരുന്നില്ല. അത്തരത്തിലുള്ള മുന്നേറ്റം വളര്‍ന്നുവന്നത് മുമ്പ് സൂചിപ്പിച്ച കാല്പനികരില്‍നിന്നും സഹോദരന്‍ അയ്യപ്പന്‍ മുതല്‍ യുക്തിവാദിപ്രസ്ഥാനം, ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളില്‍നിന്നും മാത്രമാണ്. രാഷ്ട്രീയ സാംസ്കാരിക തലങ്ങളില്‍ ജ്ഞാനോദയ പ്രസ്ഥാനമായി കേരളത്തില്‍ പ്രവര്‍ത്തിച്ചത് മധ്യവര്‍ഗമായിരുന്നില്ല, ഇടതുപക്ഷമായിരുന്നു. കേരളത്തിലെ സാംസ്കാരിക മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ധിച്ചത് ജ്ഞാനോദയനിര്‍മാണത്തിന്റെയും യുക്തിപരതയുടെയും ഭാഗമായി കലയെയും സംസ്കാരത്തെയും മാറ്റിയതുകൊണ്ടുകൂടിയാണ്. കാല്‍പനികതയില്‍നിന്ന് യാഥാര്‍ഥ്യവാദത്തിലേക്കും വ്യക്തിഗതകലാപങ്ങളില്‍നിന്ന് സംഘടിത പ്രസ്ഥാനങ്ങളിലേക്കുമുള്ള മാറ്റം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ ഫലമാണ്.

മധ്യവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രം എങ്ങനെ രൂപപ്പെട്ടുവെന്നും പരിശോധിക്കണം. ""കൊളോണിയല്‍ ആധുനികത"" എന്നും മറ്റുംവ്യവഹരിക്കപ്പെടുന്ന മുതലാളിത്ത ആശയസംഹിതതന്നെയായിരുന്നു അതിന്റെ കാതല്‍. വ്യക്തിനിഷ്ഠത, സ്വന്തം കുടുംബത്തിന്റെയും ജ്ഞാതികളുടെയും ഉന്നമനം, ധനാര്‍ജനവും അതില്‍നിന്നു ലഭിക്കുന്ന സുഖഭോഗങ്ങളും തുടങ്ങിയവയാണ് ഇതിലൂടെ വളര്‍ന്നുവന്നത്. പ്രായോഗികതലത്തില്‍ ഇവയ്ക്കെല്ലാം പ്രസക്തിയുണ്ടെങ്കിലും കമ്യൂണിസം, സോഷ്യലിസം, സ്വാതന്ത്ര്യം, സഹജത്വം മുതലായ ഉദാത്ത ആശയങ്ങളോടു നേരിടാനുള്ള ആശയ സംഹിത സൃഷ്ടിക്കാന്‍ ഇതിനു കഴിയില്ല. ആശയതലത്തിലല്ല, പ്രയോഗതലത്തിലാണ് അതിന് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുക. കേരളത്തില്‍ ഇന്നു വ്യാപകമായ സുഖലോലുപതയും "ആനന്ദ" സംസ്കാരവും അതിന്റെ ഭാഗമാണ്. പക്ഷെ, അതിലപ്പുറം പോയി ഒരു പൊതു മൂല്യസംഹിത സൃഷ്ടിക്കാന്‍ അതിനാവില്ല. ഈ സാഹചര്യത്തിലാണ് സാമുദായികത ആശയസംഹിതയും സമൂഹസംഘടനാരൂപവുമായി പ്രത്യക്ഷപ്പെടുന്നത്.

കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത് ജാതി-ജന്മി-നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ്. ഈ പോരാട്ടത്തെ മുതലാളിത്തവ്യവസ്ഥയ്ക്കും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടവുമായി സംയോജിപ്പിക്കുകയാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ ചെയ്തത്. എന്നാല്‍ മറ്റൊരു പ്രവണതയും വളര്‍ന്നുവരുന്നുണ്ടായിരുന്നു. ജാതിക്കെതിരായ പോരാട്ടത്തെ ജാത്യനാചാരങ്ങള്‍ക്കെതിരായ പോരാട്ടമായി മാറ്റുന്നത് ഇതിന്റെ ഭാഗമായിരുന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അയിത്തമടക്കമുള്ള സാമൂഹ്യവേര്‍തിരിവുകളും നിരാകരിക്കുകയും അതേസമയം ജാതിയെ ഇന്ത്യന്‍ സമൂഹത്തിന്റെ അനിവാര്യതയായി നിലനിര്‍ത്തുകയുമാണ് ഈ പ്രവണത ലക്ഷ്യമിട്ടത്. കൊളോണിയല്‍ ഭരണകൂടം വളര്‍ത്തിക്കൊണ്ടുവന്ന ജാതിമതസംവരണം ഇതിനെ നിലനിര്‍ത്താന്‍ സഹായിച്ചു. ജാതിയെ നിരാകരിച്ചുകൊണ്ടുള്ള തൊഴില്‍മേഖലയുടെയും സര്‍ക്കാര്‍ തസ്തികകളുടെയും വികാസത്തിനുപകരം ജാതിയെതന്നെ തൊഴില്‍മേഖലയുടെ സംഘാടനത്തിന് ഉപയോഗിക്കുകയാണ് കൊളോണിയല്‍ ഭരണകൂടം ചെയ്തത്.

ഇതിനോടൊപ്പം ജാതിവ്യവസ്ഥ ഒരു പൊതു ഹിന്ദു സമുദായത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടു. ബ്രാഹ്മണര്‍ സൃഷ്ടിച്ച വര്‍ണാശ്രമധര്‍മംതന്നെയാണ് ജാതികളെ ക്രമീകരിക്കുന്ന ആശയസംഹിതയായതെന്ന വസ്തുത നിരാകരിക്കപ്പെട്ടു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇതേ ധര്‍മസംഹിതകളുടെ സൃഷ്ടിയാണെന്നതും അവഗണിച്ചു. ജാതി സൃഷ്ടിച്ച അനാചരങ്ങളെ നിരാകരിക്കുന്നതിനോടൊപ്പം ഹിന്ദുമതത്തെ ഇന്ത്യന്‍ ദേശീയതയുടെ അന്തര്‍ധാരയായി പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇതുകൊണ്ട് ദളിതരും ആദിവാസികളുമടക്കമുള്ള "ഇന്ത്യക്കാര്‍" ഹിന്ദുക്കളായി അംഗീകരിക്കപ്പെടുകയും സെന്‍സസടക്കമുള്ള രേഖകളിലെല്ലാം ഹിന്ദുക്കളായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ക്ഷേത്രപ്രവേശനം മുതലായ രീതികളിലൂടെ ഹിന്ദുത്വം ഒരു ക്ഷേത്ര മതമായി പുനര്‍ജനിച്ചു. ഭഗവദ്ഗീതയെയും വേദങ്ങളും പോലുള്ള മതഗ്രന്ഥങ്ങള്‍, ക്ഷേത്രങ്ങള്‍, ഇതിഹാസപുരാണങ്ങള്‍, പുരോഹിതരും ആധ്യാത്മിക ഗുരുക്കന്മാരും, തീര്‍ഥാടനകേന്ദ്രങ്ങള്‍ തുടങ്ങി ക്രിസ്തുമതത്തിനോടും ഇസ്ലാംമതത്തിനോടും സാമ്യമുള്ള മതമായി ഹിന്ദുമതം മാറി.

ഇതിനുസമാനമായ "മതനവീകരണ" പ്രസ്ഥാനങ്ങള്‍ മറ്റു മതങ്ങളിലും വളര്‍ന്നുവരുന്നുണ്ടായിരുന്നു. മിഷനറിമാരുടെ സ്വാധീനത്തില്‍ ക്രിസ്തുമതം കൂടുതല്‍ വ്യക്തമായി മതപുരോഹിതന്മാരുടെയും പിതാക്കളുടെയും നിയന്ത്രണത്തിന്‍ കീഴില്‍വന്നു. ജനനം മുതല്‍ മരണം വരെയുള്ള ചടങ്ങുകളും വിവാഹം, വിവാഹമോചനം മുതലായവയും പള്ളി നിയന്ത്രിച്ചു. അതുകൂടാതെ കുമ്പസാരം, പാപങ്ങള്‍ ഏറ്റുപറച്ചില്‍, ധ്യാനവും തീര്‍ഥാടനവും മുതലായ നിരവധി പ്രായശ്ചിത്തരൂപങ്ങള്‍ സഭയുടെ നിയന്ത്രണരൂപങ്ങളായി. ചരിത്രത്തിലാദ്യമായി കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് സ്വന്തമായി വാഴ്ത്തപ്പെട്ടവരുണ്ടായി. കാറ്റക്കിസവും സണ്‍ഡേസ്കൂളുകളും കൂടാതെ പൊതുവിദ്യാഭ്യാസരംഗത്തുള്ള ക്രൈസ്തവസഭകളുടെ സംഘടിതമായ ഇടപെടല്‍ മതസമുദായ രൂപികരണത്തിന്റെ ശക്തമായ ഉപാധിയായി. തിരുവിതാംകൂര്‍ സര്‍ക്കാരുമായും തിരു-കൊച്ചി മന്ത്രിസഭയുമായും പിന്നീട് വിവിധ കമ്യൂണിസ്റ്റ്- ഇടതുപക്ഷ ഗവണ്‍മെന്റുകളുമായും സഭകള്‍ ഏറ്റുമുട്ടിയത് വിദ്യാഭ്യാസത്തിന്റെ പ്രശ്നത്തിലായിരുന്നു. തുടര്‍ന്ന് ആരോഗ്യം, ആസ്പത്രികള്‍, സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എന്‍ജിഒ സംഘടനകള്‍വരെ നിരവധി മേഖലകളില്‍ സഭ ഇടപ്പെട്ടു.

ഇതുപോലെയാണ് ഇസ്ലാംമതത്തിലും പരിവര്‍ത്തന പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. സനാഉല്ലാ മക്തി തങ്ങള്‍ ക്രൈസ്തവ മിഷനറിമാര്‍ക്കെതിരായ സംവാദത്തിന്റെ പശ്ചാത്തലത്തിലാണ് മതനവീകരണത്തിന്റെ ആദ്യരൂപങ്ങള്‍ ആവിഷ്കരിച്ചത്. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തുമുള്ള മതവിദ്യാലയങ്ങളില്‍ പരിശീലനം നേടിയ മൗലവിമാരും പണ്ഡിതരും മതപരിഷ്കരണരൂപങ്ങളുമായി മുന്നോട്ടുപോയി. യത്തീംഖാനകളും മദ്രസകളും വളര്‍ന്നുവന്നു. മതപരിഷ്കരണ പ്രസ്ഥാനങ്ങള്‍ അതുവരെ നിലനിന്നിരുന്ന ജനകീയ ഇസ്ലാമിന്റെ പല ആചാരങ്ങളെയും അനിസ്ലാമികമായി നിരാകരിച്ചു. ഖുര്‍ആന്റെയും ഹാദിത്തുകളുടെ അടിസ്ഥാനത്തിലുള്ള ""വൈദിക"" ഇസ്ലാമിനു പ്രാമുഖ്യം ലഭിക്കുകയും നദ്വത്തൂല്‍ മുജാഹിദീനെപ്പോലുള്ള നവീകരന സംഘങ്ങള്‍ക്ക് വേരൂന്നാന്‍ സാധിക്കുകയും ചെയ്തു. ഈ രണ്ടു മതങ്ങളിലും നടന്ന നവീകരണം ഒരു വിധത്തിലും വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള പോരാട്ടമായി പരിണമിച്ചില്ല. യൂറോപ്പില്‍ ജ്ഞാനോദയകാലഘട്ടത്തില്‍ സംഭവിച്ചതുപോലെ ശാസ്ത്രചിന്തയ്ക്ക് പ്രാധാന്യം നല്‍കാനും മതത്തെ യുക്തിപരമായി വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നില്ല. യുക്തിചിന്തക്കുവേണ്ടി നിലകൊണ്ട അപൂര്‍വം ആളുകള്‍ മതത്തില്‍നിന്ന് ഒറ്റപ്പെട്ടു. അവര്‍ പലരും കമ്യൂണിസ്റ്റുകാരായി. അതേസമയം പ്രായോഗികജീവിതത്തിന്റെ ഭാഗമായി ശാസ്ത്രസാങ്കേതികവിദ്യകളെ ഉള്‍ക്കൊള്ളാനും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും അവര്‍ക്ക് പ്രയാസമുണ്ടായില്ല. ശാസ്ത്രചിന്തയെ നിരാകരിക്കുകയും ശാസ്ത്രപ്രവര്‍ത്തനങ്ങളെയും സാങ്കേതികവിദ്യകളെയും അംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് അവര്‍ തുടര്‍ന്നത്. ഹിന്ദുക്കള്‍ ശാസ്ത്രസാങ്കേതികവിദ്യകളെ അതേപടി അംഗീകരിച്ചു. സാങ്കേതികവിദ്യകള്‍ പുതിയതാണെങ്കിലും ശാസ്ത്രസത്യങ്ങള്‍ വേദോപനിഷത്തുകളില്‍ തന്നെയുണ്ടെന്ന ശാഠ്യം ചിലര്‍ക്കുണ്ടായെന്നു മാത്രം. ശാസ്ത്രചിന്തയും ആചാരനുഷ്ഠാനങ്ങളും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ ഹിന്ദുക്കള്‍ക്ക് ഒരു തടസ്സമുണ്ടായില്ല.

സാമുദായികതയും മുതലാളിത്തവും


കേരളത്തിലെ വലതുപക്ഷ മുതലാളിത്ത ശക്തികളുടെ ആശയസംഹിതയായാണ് സാമുദായികത വളര്‍ന്നുവന്നത്. ദേവലായങ്ങളും ധര്‍മസ്ഥാപനങ്ങളും വിദ്യാലയങ്ങളും വഴിയായുള്ള ആസ്തികള്‍, വഴിപാടുകളായും കാണിക്കയായും നേര്‍ച്ചയായും കുമിഞ്ഞുകൂടുന്ന സമ്പത്ത്, സന്നദ്ധസംഘടനകള്‍ക്കും സുവിശേഷസംഘടനകള്‍ക്കും രോഗശാന്തി ദൈവശുശ്രൂഷാസംഘങ്ങള്‍ക്കും ലഭിക്കുന്ന വമ്പിച്ച വിദേശസഹായം, ഇവരെല്ലാവരും സ്വരൂപിക്കുന്ന ഭൂസ്വത്ത് എന്നിങ്ങനെ ഫൈനാന്‍സ് മൂലധനത്തിന്റെ വലിയ ചംക്രമണച്ചാലുകളായാണ് ഇന്നത്തെ സാമുദായികത പ്രവര്‍ത്തിക്കുന്നത്. മത ഏജന്‍സികള്‍ക്കാണ് കേരളത്തില്‍ ഏറ്റവുമധികം വിദേശ ഫണ്ടിങ് ലഭിക്കുന്നത്. ക്ഷേത്രങ്ങളുടെ കൈവശം കണക്കറ്റ സ്വത്തുണ്ടെന്നത് തിരുവനന്തപുരം പത്മനാഭക്ഷേത്രത്തിന്റെ "നിലവറ" പ്രശ്നത്തിലൂടെ പുറത്തുവന്നതുമാണ്. ഇവയെല്ലാം നിലനിര്‍ത്തുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുമാണ്. ദൈവികമായ ആസ്തികള്‍ കൂടാതെ ഭൗതിക ആസ്തികളുടെ വികാസത്തിലും സാമുദായികത ശക്തമായ പങ്കുവഹിക്കുന്നുണ്ട്. വിശ്വാസികളായ മുതലാളിമാര്‍ക്ക് മതധാര്‍മികസ്ഥാപനങ്ങള്‍ നല്‍കുന്ന ശക്തമായ പിന്തുണ അതിന്റെ ഒരു വശമാണ്. മതസമുദായികതയെ ഉപയോഗിച്ച് തൊഴിലാളികളെ ഭിന്നിപ്പിക്കാമെന്നത് ഇതിന്റെ മറു വശമാണ്. കത്തോലിക്കാസഭ ട്രേഡ്യൂണിയന്‍ തുടങ്ങാന്‍ തീരുമാനിച്ചത് ഈ തന്ത്രത്തിന്റെ ഭാഗവുമാണ്. സ്വയം സഹായസംഘങ്ങളും സന്നദ്ധസംഘങ്ങളും ആരംഭിക്കുന്നതിലും എല്ലാ സമുദായങ്ങളും മത്സരിക്കുന്നുമുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നിയമസഭാംഗങ്ങളെ നേരിട്ടു സ്വാധീനിക്കാനുള്ള സ്വാതന്ത്ര്യം ക്രൈസ്തവ മേലധ്യക്ഷന്മാര്‍ എടുക്കുന്നുണ്ട്.

ഇത്തരത്തില്‍ വളര്‍ന്നുവന്ന സാമുദായികതയ്ക്ക് നവലിബറല്‍ഉദാരവല്‍ക്കവരണത്തിന്റെ ഭാഗമായി നടക്കുന്ന "ഉത്തരാധുനിക" വികസനത്തില്‍ പുതിയ വേരുകള്‍ ഉണ്ടാകുന്നു. ജിം, എമര്‍ജിങ് കേരള മുതലായ "ഉത്തരാധുനിക" വികസനരൂപങ്ങള്‍ പ്രധാനമായും ഊന്നുന്നത് സര്‍വീസ്് വ്യവസായങ്ങളിലും വാണിജ്യമേഖലയിലുമാണ്. വിദ്യാഭ്യാസം, ആരോഗ്യം മുതല്‍ ടൂറിസം വരെയുള്ള സര്‍വീസ് വ്യവസായങ്ങള്‍ പലതും നേരത്തെതന്നെ സാമുദായികസംഘടനകള്‍ക്ക് ഇടപാടുകളുള്ളവയാണ്. കേരളത്തിന്റെ സാമുദായിക സാഹചര്യങ്ങളില്‍ ഒരു "സെക്കുലര്‍" സ്വകാര്യ വ്യവസായിയെക്കാള്‍ പിന്തുണ കൂടുതല്‍ ലഭിക്കുന്നത് കൃത്യമായ സാമുദായികവേരുകളുള്ള വ്യവസായികള്‍ക്കാണ്. അത്തരം വ്യവസായികള്‍ വേണ്ടിവന്നാല്‍ സാമുദായികലേബലുകള്‍ ഉപയോഗിക്കാനും സന്നദ്ധരാണ്. വിദ്യാഭ്യാസം, ആശുപത്രികള്‍, ധര്‍മസ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ മുതല്‍മുടക്കില്‍ ഭൂരിഭാഗവും സാമുദായികത വഴിതന്നെയാണ് നടക്കുന്നത്. ഈയിടെയായി നേരിട്ട് മതസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമ്പത്തിക പിന്തുണയോടെ നടക്കുന്ന ചാനലുകളുടെ എണ്ണവും വര്‍ധിക്കുന്നു. ഇവയെല്ലാം കൂടാതെ പണമിടപാടുകാര്‍, ദല്ലാളുകള്‍, കരാര്‍പണിക്കാര്‍ മുതലായ ഇടനിലക്കാരുടെ വന്‍തോതിലുള്ള വികാസവും ഊഹക്കച്ചവടത്തിന്റെയും മോഹക്കച്ചവടത്തിന്റെയും വന്‍തോതിലുള്ള വളര്‍ച്ചയും സൃഷ്ടിക്കുന്ന അരാജക സമ്പദ്വ്യവസ്ഥ അതിന്റേതായ മതവിശ്വാസസംഹിതകളെ സൃഷ്ടിക്കുന്നുണ്ട്. ജ്യോതിഷം, മന്ത്രവാദം, രോഗശാന്തിശുശ്രൂഷകള്‍, നേര്‍ച്ചകള്‍, വഴിപാടുകള്‍ അവക്കുവേണ്ടി ചെലവാക്കുന്ന പണം എന്നിവ ചേര്‍ന്ന് അന്ധവിശ്വാസങ്ങളുടെ ശക്തമായ പുനരുത്ഥാനത്തിലേക്കു നയിക്കുന്നു. ഇതേ അനിശ്ചിതത്വംതന്നെ വിവാഹപ്രായം കുറഞ്ഞുവരുന്നതിലെത്തിക്കുന്നു. ഈയിടെയായി മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സിനു മേലായിരിക്കുമെന്ന് "സ്പഷ്ടീകരിക്കുന്ന" ഉത്തരവും അതിന് മുസ്ലിം മതനേതാക്കന്മാര്‍ മുതല്‍ മന്ത്രിമാര്‍വരെ നല്‍കിയ വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങളും ഇതിനു തെളിവാണ്. വിവാഹപ്രായം കുറയുന്നുവെന്ന വസ്തുതക്ക് നിയമപരമായ പരിവേഷം നല്‍കാന്‍ മന്ത്രിമാര്‍ കൂട്ടത്തോടെ പെടാപ്പാടുപെടുന്ന അവസ്ഥയാണിത്. ശൈശവവിഭാഗത്തിനെതിരാണ് എന്ന് ഇപ്പോള്‍ മന്ത്രിമാര്‍ "ഉച്ചൈസ്തരം" പ്രഖ്യാപിക്കുന്നുണ്ടെങ്കിലും "ശൈശവം" എന്നാല്‍ ആര്‍ത്തവം ആരംഭിക്കുന്നതിനു മുമ്പുള്ള അവസ്ഥയാണെന്നുള്ള നിയമ "വ്യാഖ്യാനം" വന്നാല്‍ വിവാഹപ്രായം 12 വയസ്സാക്കുന്നതിനും ഈ പണ്ഡിതന്മാര്‍ക്കും മന്ത്രിമാര്‍ക്കും വിരോധമുണ്ടാകില്ല. മതതത്വസംഹിതകളുടെ പിന്‍ബലവും അതിനുണ്ടാക്കാം.

ഈ അവസ്ഥയില്‍ സാമുദായികത കേരളത്തിലെ വലതുപക്ഷത്തിന്റെ ആശയസംഹിതയും പ്രായോഗിക പ്രവര്‍ത്തനശൈലിയുമാകുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇപ്പോഴത്തെ മന്ത്രിസഭയിലെ മന്ത്രിമാരെ നിശ്ചയിക്കുന്നതിലും അവര്‍ക്ക് രാജിവയ്ക്കേണ്ടിവരുമ്പോള്‍ സ്വസമുദായക്കാര്‍തന്നെ മന്ത്രിയാകണമെന്ന് ആവശ്യപ്പെടാനും സമുദായങ്ങള്‍ക്ക് ഒരു മടിയുമില്ല. ഓരോ സമുദായങ്ങളുടെയും കീഴിലുള്ള (അല്ലെങ്കില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന) ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പരസ്പരം മല്ലടിക്കുന്നതിലും പ്രശ്നമില്ല. മുസ്ലിംലീഗിന് അഞ്ചുപേര്‍ മന്ത്രിമാരാകണമെന്ന ആവശ്യം ജനസംഖ്യയുടെ അനുപാതത്തിലായിരുന്നു. ഇതുതന്നെയാണ് മറ്റു സമുദായങ്ങളും സമ്മര്‍ദത്തിനുവേണ്ടി ഉപയോഗിച്ചതും. ഇതേ തന്ത്രംതന്നെ സര്‍വകാലശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഭരണസമിതികള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവ വിഭജിച്ചെടുക്കാനും പരസ്യമായി ഉപയോഗിക്കുന്നു. കോണ്‍ഗ്രസ് അടക്കമുള്ള കമ്യൂണിസ്റ്റ് ഇതരരായ സെക്കുലര്‍ രാഷ്ട്രീയ കക്ഷികള്‍ സാമുദായികതക്ക് പൂര്‍ണമായി കീഴടങ്ങിയ സ്ഥിതിയിലാണ്. പല ഘടകകക്ഷികളും പരസ്യമായിത്തന്നെ ഭരണത്തെ സ്വസമുദായ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുമ്പോള്‍ ചെറുവിരലനക്കാന്‍ പോലും കോണ്‍ഗ്രസ്സിനു സാധിക്കുന്നില്ല. സമുദായവും "ആനന്ദ" രാഷ്ട്രീയവുമല്ലാത്ത പൊതുമൂല്യസംഹിത സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നതാണ് ഇതിനു കാരണം.

സാമുദായികതയുടെ പ്രഭാവം സൃഷ്ടിക്കുന്ന സാമൂഹ്യമനഃശാസ്ത്രഘടകങ്ങളും പരിശോധിക്കണം. അതിവേഗം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. സെക്കുലര്‍ ജനാധിപത്യസംസ്കാരവും ചര്‍ച്ചയും സംവാദങ്ങളും നടക്കുന്ന പൊതുഇടങ്ങള്‍ അതിവേഗം അപ്രത്യക്ഷമാകുകയാണ്. സോഷ്യലിസവും കമ്യൂണിസവും പോലുള്ള സങ്കല്പങ്ങളും അവയെപ്പറ്റിയുള്ള ജൈവസംവാദങ്ങളും ഇന്നത്തെ പൊതുഇടങ്ങളില്‍ നടക്കുന്നില്ല. അവയെല്ലാം കമ്യൂണിസ്റ്റ് പാര്‍ടിയുടെ പാര്‍ടിപരിപാടിയിലും പ്രമേയങ്ങളിലും വരുന്ന ഏതോ ഒരു പല്ലവി മാത്രമാണ് എന്ന ധാരണ പരക്കുന്നു. ഏതെങ്കിലും കമ്യൂണിസ്റ്റുകാര്‍ അത്തരത്തിലുള്ള ധാരണകള്‍ അവതരിപ്പിച്ചാല്‍ പോലും വ്യക്തിപരമായും അല്ലാതെയും അവയെ കീറിമുറിക്കാന്‍ സദാ ജാഗരൂകരായ വലതുപക്ഷസൈദ്ധാന്തികരുണ്ട്. അവരില്‍ മുന്‍ ഇടതുപക്ഷക്കാരും പെടും. കമ്യൂണിസം മാത്രമല്ല മതനിരപേക്ഷതയും ജനാധിപത്യവും സമൂഹപരിവര്‍ത്തനത്തെ സംബന്ധിച്ച സങ്കല്പങ്ങളുമെല്ലാം അപ്രത്യക്ഷമാകുന്നു. ഭാവിയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ കാല്പനികമായാലും, യാഥാര്‍ഥ്യബോധത്തോടെയാണെങ്കിലും ചര്‍ച്ചചെയ്യാതാകുന്നു. ഇന്നത്തെ സാമുഹ്യാവസ്ഥയെക്കുറിച്ചുള്ള ആകുലതകള്‍ കഥയിലോ കവിതയിലോ സിനിമയിലോ പ്രത്യക്ഷപ്പെടുന്നുമില്ല. അപ്പോള്‍ ബാക്കിവരുന്നത് "ആധുനികോത്തരവാദി"കളുടെ ചിരന്തന വര്‍ത്തമാനകാലമാണ്. അതില്‍ റിയല്‍ എസ്റ്റേറ്റുകാരുടെയും ചൂതാട്ടക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും തടിപ്പുകളെയും കസര്‍ത്തുകളെയും മാറ്റിനിര്‍ത്തിയാല്‍ ശേഷിക്കുന്നത് പൊതുഇടങ്ങളുടെ ഓരോ പങ്കിനുംവേണ്ടി തമ്മിലടിക്കുന്ന സമുദായങ്ങളാണ്. അതില്‍ മതസമുദായങ്ങളും ശക്തരായ (അതായത് ജനസംഖ്യയും ആസ്തികളും അധികമുള്ള) ജാതിസമുദായങ്ങളും വിജയിക്കുമ്പോള്‍ ദളിതരും ആദിവാസികളും പിന്നോട്ടുപോകുന്നു. അവരും വര്‍ഗമെന്ന നിലയില്‍ മോചനപ്പോരാട്ടങ്ങള്‍ നടത്തുന്നതിനു പകരം സമുദായങ്ങളായി സംഘടിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു. (നവ) ലിബറല്‍ ജനാധിപത്യവ്യവസ്ഥക്കുള്ളില്‍ അധികാരം കൈവശപ്പെടുത്തുകയാണ് സ്വന്തം ലക്ഷ്യമെന്നു പ്രഖ്യാപിക്കാനും അവര്‍ക്ക് മടിയില്ല. പുതിയ സമൂഹത്തിന്റെ സൃഷ്ടിക്കല്ല, ഇന്നത്തെ ജാതിസമുദായങ്ങള്‍ പൊതുഇടങ്ങളില്‍ ഏറ്റവുമധികം സ്ഥലം നേടാന്‍ ശ്രമിക്കുമ്പോള്‍ മതസമുദായങ്ങള്‍ക്ക് ഒരു ലക്ഷ്യം കൂടിയുണ്ട്. കമ്യൂണിസത്തിനും സോഷ്യലിസത്തിനും രാമരാജ്യത്തിനും പകരം അവര്‍ നല്‍കുന്നത് സ്വര്‍ഗരാജ്യമാണ്, അല്ലെങ്കില്‍ ആധ്യാത്മികതയുടെ ആനന്ദമാണ്. സ്വര്‍ഗവും ആനന്ദവും നവലിബറലിസം മുന്നോട്ടുവെക്കുന്ന ആനന്ദോത്സവങ്ങളും (ക്രിക്കറ്റര്‍ ശ്രീശാന്ത് തികഞ്ഞ ദൈവവിശ്വാസിയും ആനന്ദോത്സവങ്ങളില്‍ അഭിരമിക്കുന്നയാളുമാണ്) തമ്മില്‍ ഉള്‍ച്ചേരാന്‍ പ്രയാസമില്ല. ഉത്സവദിവസങ്ങളിലും പുതുവത്സരത്തിലും എല്ലാവിധത്തിലുമുള്ള കൂടിച്ചേരലുകളിലും നടക്കുന്ന മദ്യോത്സവങ്ങള്‍ ഇതിന്റെ ഒന്നാന്തരം സൂചനയാണ്. മലയാളിയുടെ ലിബിഡിനല്‍ ഫാന്റസികളുടെ വളര്‍ച്ച ലൈംഗികതയെ സംബന്ധിച്ച ഓരോ ചര്‍ച്ചകള്‍ക്കും അയാള്‍ നല്‍കുന്ന പ്രാധാന്യത്തില്‍നിന്നു വ്യക്തമാകും. ഗൗരവമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍പോലും ലൈംഗികതയുമായി ബന്ധപ്പെടുത്തുന്നത് പുതിയ ഭോഗസംസ്കാരത്തിന്റെ വളര്‍ച്ചയുടെ തെളിവാണ്.

ഇവിടെനിന്ന് ഒരുപടികൂടി മുന്നോട്ടുപോയാല്‍ സാമുദായികതയ്ക്ക് ഫാസിസ്റ്റ് ആയിത്തീരാം. ഫാസിസം ഒരു രാഷ്ട്രരൂപമാണ്. അതേസമയം ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യത്തിന് കീഴടങ്ങുന്നതുമായ മനഃശാസ്ത്രവുമാണ്. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനസമൂഹത്തെ, രാഷ്ട്രീയത്തെ പൂര്‍ണമായി അകറ്റുന്നതിനുള്ള തന്ത്രം രാഷ്ട്രീയത്തെ ക്ഷുദ്രവല്‍ക്കരിക്കുകയാണ്. അത് മാധ്യമങ്ങള്‍ ഭംഗിയായി ചെയ്യുന്നുണ്ട്. പിന്നെ വേണ്ടത് ഒന്നുകില്‍ മതസാമുദായിക പരിവേഷമുള്ള രാഷ്ട്രസങ്കല്പമാണ്. അത് ബിജെപി യുടെയും മുസ്ലിം സംഘടനകളുടെയും ലക്ഷ്യമാണ്. അല്ലെങ്കില്‍ അമാനുഷിക പരിവേഷമുള്ള ഒരു നേതാവാണ്. കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയിലൂടെയും ബിജെപി നരേന്ദ്രമോഡിയിലൂടെയും വളര്‍ത്താന്‍ ശ്രമിക്കുന്നത് അത്തരത്തിലുള്ള പരിവേഷമാണ്. ഇവ രണ്ടിലൊന്നു വിജയിച്ചാല്‍ നാം നിലനിര്‍ത്തിപ്പോന്ന സെക്കുലര്‍ ജനാധിപത്യ സങ്കല്പം തകരും. രാഷ്ട്രീയം ഒരു ഇവന്റ് മാനേജ്മെന്റ് ആകുകയും ഫാസിസം നമ്മുടെ പ്രധാന രാഷ്ട്രീയരൂപമാകുകയും ചെയ്യും. ഇന്നത്തെ വലതുപക്ഷരാഷ്ട്രീയം ലക്ഷ്യമിടുന്നത് ആ വഴിക്കുള്ള പ്രയാണമാണ്. .

*
കെ എന്‍ ഗണേശ് ദേശാഭിമാനി ഓണപ്പതിപ്പ്

No comments: