Tuesday, October 1, 2013

കാര്‍ഷികകേരളത്തെ സംരക്ഷിക്കാന്‍

കാര്‍ഷിക സമ്പദ്ഘടനയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വികസനമാണ് കേരളത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനം. കൃഷിഭൂമി കൃഷിചെയ്യാനുള്ളതാണ്. എങ്കില്‍മാത്രമേ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സാധിക്കൂ. അതിനാവശ്യമായ നിക്ഷേപം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കൃഷിക്കാര്‍ക്കുവേണ്ട സഹായം നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതിന് കാര്‍ഷികമേഖലയില്‍ പൊതുനിക്ഷേപം വര്‍ധിപ്പിച്ച് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കണം. അപ്പോള്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും, ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ കഴിയും, വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും. ഇത്തരത്തിലുള്ള നടപടികളൊന്നും യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

മണ്ണില്‍ പണിയെടുക്കുന്നവരെയും ആദിവാസികളും ദളിതുകളും അടക്കമുള്ള ദുര്‍ബലജനവിഭാഗങ്ങളെയും മനുഷ്യരായി പരിഗണിക്കാത്ത ഭരണാധികാരികളും മുന്നണിയും സംസ്ഥാനം ഭരിക്കുമ്പോള്‍ സമരത്തിന്റെ പാതയിലേക്ക് പോകാതിരിക്കാന്‍ കര്‍ഷകത്തൊഴിലാളി യൂണിയന് സാധിക്കില്ല. ഭരണത്തിന്റെ നിറം നോക്കിയല്ല യൂണിയന്റെ സമരങ്ങള്‍; നിലപാട് നോക്കിയാണ്. ഇടതുഭരണകാലത്തും യൂണിയന്‍ സമരമുഖത്ത് ഉണ്ടായിരുന്നു. ഇടതുസര്‍ക്കാരിനെ കൊണ്ട് കെഎസ്കെടിയുവിന്റെ പല മുദ്രാവാക്യങ്ങളും നടപ്പാക്കാന്‍ സാധിച്ചിട്ടുമുണ്ട്. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തൊഴിലാളിവര്‍ഗത്തിന്റെ ജീവിതത്തെ പരിഗണിക്കാതെ മുന്നോട്ടുപോകുകയാണ്.

കര്‍ഷകത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞ് നില്‍ക്കുന്നു. ഇതിന്റെ ഉദാഹരണമാണ് കൊട്ടിഘോഷിച്ചുനടത്തിയ ഭൂമിവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി ഉദ്ഘാടനം ചെയ്യിപ്പിച്ചതില്‍ത്തന്നെ സങ്കുചിത രാഷ്ട്രീയ അജന്‍ഡയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഗിമ്മിക്ക് എന്നതിനപ്പുറം ഈ ഭൂവിതരണം യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനാണ് ഭൂപരിഷ്കരണനിയമമടക്കമുള്ള കാര്യങ്ങള്‍ ആദ്യത്തെ ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചത്. കുടികിടപ്പ് ഒഴിപ്പിക്കുന്നത് നിരോധിച്ചുള്ള ഓര്‍ഡിനന്‍സും തുടര്‍ന്ന് ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണനിയമങ്ങളും ആ ദിശയിലുള്ളതായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും ഇത്തരത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ലക്ഷക്കണക്കിന് ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യാന്‍ തയ്യാറായി. എന്നാല്‍, 2011ല്‍ അധികാരത്തില്‍വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ പദ്ധതി പാടേ ഉപേക്ഷിക്കുകയാണുണ്ടായത്. ആ സാഹചര്യത്തിലാണ് കര്‍ഷകത്തൊഴിലാളി- കര്‍ഷക പ്രസ്ഥാനത്തിന്റെയും പട്ടികജാതി- ആദിവാസി ക്ഷേമസമിതികളുടെയും ആഭിമുഖ്യത്തില്‍ 2013 ജനുവരി മുതല്‍ ഭൂസംരക്ഷണസമരം ആരംഭിച്ചത്. കേരളത്തില്‍ നാലുലക്ഷത്തോളം ഭൂരഹിതരുണ്ടെന്നത് റവന്യൂമന്ത്രിതന്നെ സമ്മതിച്ച കാര്യമാണ്. അവര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള സമരമായിരുന്നു സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം റവന്യൂമന്ത്രി ഒരു പത്രത്തിലെഴുതിയ ലേഖനത്തില്‍ ഭൂരഹിതരുടെ എണ്ണംതന്നെ വെട്ടിക്കുറച്ചു. ആ ലേഖനത്തില്‍ വന്‍കിട കൈയേറ്റഭൂമികളെ കുറിച്ച് പറയുന്നില്ല. പുറമ്പോക്ക് ഭൂമിയെയാണ് മന്ത്രിയും സര്‍ക്കാരും നോട്ടമിട്ടിരിക്കുന്നത്. കൂടാതെ, വന്‍കിട കമ്പനികളുടെയും കോര്‍പറേറ്റ് സെക്ടറുകളുടെയും നേര്‍ക്ക് ഭൂമിപിച്ചയ്ക്ക് കൈനീട്ടുകയാണ് റവന്യൂമന്ത്രി. ഇച്ഛാശക്തിയില്ലാത്ത ഒരു സര്‍ക്കാരിന്റെ മന്ത്രിക്ക് ഇങ്ങനെയേ എഴുതാന്‍ സാധിക്കൂ. ഇത്തരത്തിലുള്ളൊരു സര്‍ക്കാര്‍ ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കും എന്ന് കരുതാന്‍ കഴിയില്ല. നിലവില്‍ ഭൂമി വിതരണം ചെയ്യുന്നതിലും നീതിയില്ല. അതത് ജില്ലകളില്‍ അതേ താലൂക്കുകളിലെങ്കിലും ഭൂമി കണ്ടെത്തി നല്‍കാതെ ജില്ലവിട്ടാണ് ഭൂമി വിതരണം. തിരുവനന്തപുരത്തുകാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നത് കാസര്‍കോട്ടാണ്. ഭൂമി വിതരണം ചെയ്യുന്നതിലുള്ള മുന്‍ഗണനയിലും അപാകമുണ്ട്.

അഗതികള്‍, അംഗവൈകല്യമുള്ളവര്‍, വിധവകള്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഇവര്‍ക്കാണ് മുന്‍ഗണന. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത സാധുക്കളെ ആ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു. അവരെ ജില്ലവിട്ട് പുനരധിവാസത്തിനുള്ള ഭൂമി വിതരണത്തിന് തെരഞ്ഞെടുത്തത് കൊടുംപാതകമാണ്. ഇത്തരത്തില്‍ ആത്മാര്‍ഥത തൊട്ടുതീണ്ടാത്ത പരിപാടികളുമായാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിനിടയില്‍ മണ്ണില്‍ പണിയെടുക്കുന്ന പട്ടിണിപ്പാവങ്ങളെ ആവുംപോലെ ഉപദ്രവിക്കുന്നുമുണ്ട്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ആ മനോഭാവം കൊണ്ടാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം ക്ഷേമനിധിയെ തകര്‍ക്കാനുള്ള നടപടികളാണുണ്ടായത്. ഭൂവുടമകളുടെ വിഹിതം പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പ്രശ്നം ഇപ്പോഴുമുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ അകപ്പെട്ട ക്ഷേമനിധി ബോര്‍ഡിന് 100 കോടി രൂപ യുദ്ധകാലാടിസ്ഥാനത്തില്‍ അനുവദിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ട് എടുത്താല്‍ മാത്രമേ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ കര്‍ഷകത്തൊഴിലാളിക്ക് ലഭ്യമാകൂ എന്നതാണ് സ്ഥിതി. അക്കൗണ്ട് എടുക്കാനുള്ള ചെലവ് പാവങ്ങള്‍ കണ്ടെത്തണം. സീറോബാലന്‍സ് അക്കൗണ്ട് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അത് സാധിക്കില്ല എന്നാണ് ബാങ്കുകള്‍ പറയുന്നത്. പരിഷ്കാരങ്ങള്‍ക്കും വിവരസാങ്കേതിക വിദ്യയ്ക്കും എതിരല്ല കെഎസ്കെടിയു. പക്ഷേ, അവ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം. ആധാര്‍കാര്‍ഡില്ലെങ്കില്‍ കര്‍ഷകത്തൊഴിലാളിയുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നയവും അംഗീകരിക്കാന്‍ കഴിയില്ല. ആധാര്‍കാര്‍ഡിനെ പറ്റി നിരവധി പരാതികളും സംശയങ്ങളും ഉയരുന്നുണ്ട്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഈ വിധിക്കെതിരെ അപ്പീല്‍പോകാന്‍ പോകുകയാണ് കേന്ദ്രസര്‍ക്കാര്‍. പരമോന്നത കോടതിക്കുവരെ ഈ സംവിധാനം ശരിയല്ല എന്ന് തോന്നുമ്പോഴും സര്‍ക്കാര്‍ ആധാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗത്വം സംബന്ധിച്ചുള്ള അധിക വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ വഴി ശേഖരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് കെല്‍ട്രോണിനെയാണ്. കെല്‍ട്രോണ്‍ ആ ജോലി അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് നടപ്പാക്കുന്നത്. നിലവിലുള്ള വിശദാംശത്തിന്റെ കൂടെ കര്‍ഷകത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും കൂട്ടിച്ചേര്‍ക്കണം. ഈ രണ്ട് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് 40 രൂപയാണ് ഫീസ്. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 21,86,613 കര്‍ഷകത്തൊഴിലാളികളില്‍നിന്ന് ഈ ഫീസ് പിരിച്ചെടുക്കുമ്പോള്‍ 8.74 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുന്നത്. സര്‍ക്കാര്‍ വിലാസം തട്ടിപ്പാണ് അക്ഷയകേന്ദ്രങ്ങള്‍ വഴി നടക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്യപ്പെട്ടതിന്റെ ഫലമായി കേരളത്തില്‍ നെല്‍വയലുകള്‍ മൂന്നിലൊന്നായി ചുരുങ്ങി, 2.25 ലക്ഷം ഹെക്ടറായി. അവശേഷിക്കുന്ന നെല്‍വയലുകളെങ്കിലും സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ കേരളം നെല്‍വയലുകള്‍ ഇല്ലാത്ത സംസ്ഥാനമായി മാറും. കേരളത്തിലെ കാര്‍ഷികവ്യവസ്ഥിതിയെ തിരിച്ചുപിടിക്കാനും നിലനിര്‍ത്താനും കര്‍ഷകത്തൊഴിലാളികള്‍ അവിഭാജ്യഘടകമാണ്. ഇനിയെങ്കിലും ആ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ അത് വലിയ വീഴ്ചയാകും. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ കൈക്കൊള്ളാനും നടപ്പാക്കാനുമുള്ള ആര്‍ജവം കാണിക്കേണ്ടതുണ്ട്. കര്‍ഷകത്തൊഴിലാളികള്‍ക്ക് ജോലിസുരക്ഷ ഉറപ്പ് വരുത്തണം. മാസത്തില്‍ കുറഞ്ഞത് 10,000 രൂപ ശമ്പളമായി ലഭിക്കണം. ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ, വിദ്യാഭ്യാസ സംവരണം, ഉയര്‍ന്ന തലത്തിലുള്ള പെന്‍ഷന്‍, സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം, ശമ്പളത്തോടുകൂടി പ്രസവാവധി തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പില്‍വരുത്തണം. യൂണിഫോമും നല്‍കണം. ഇത്തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമ്പോള്‍ തീര്‍ച്ചയായും കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ മാറ്റം സംഭവിക്കുമെന്നത് ഉറപ്പാണ്. കാര്‍ഷികമേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ നിലവിലുള്ള രീതികള്‍ ഉടച്ചുവാര്‍ക്കണം. കാര്‍ഷികമേഖലയില്‍ തൊഴിലാളികളുടെ ജോലി നഷ്ടമുണ്ടാക്കാത്ത നിലയില്‍ യന്ത്രവല്‍ക്കരണം കൊണ്ടുവരണം. സ്ഥിരം തൊഴിലും യന്ത്രവല്‍ക്കരണത്തിലൂടെ ബ്ലൂകോളര്‍ രീതിയിലേക്ക് തൊഴില്‍ മാറ്റപ്പെടുകയും ചെയ്യുമ്പോള്‍ തൊഴിലാളികളെ കിട്ടാത്ത പ്രശ്നം ഉണ്ടാകില്ല.

പരമ്പരാഗത അറിവുകളെ സ്വാംശീകരിച്ച് ശാസ്ത്ര-സാങ്കേതികരംഗത്തുള്ള പുതിയ വികാസത്തെ പ്രയോഗിക്കുന്നതിന് സാധിക്കുന്ന രീതിയിലുള്ള കാര്‍ഷികരീതികള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ, മറ്റ് രാജ്യങ്ങളിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിരക്ഷയെ കുറിച്ച് പഠിക്കുകയും തൊഴില്‍ അവബോധത്തില്‍ മാറ്റംവരുത്തി ജോലിസ്ഥിരത ഉറപ്പാക്കേണ്ടതുമുണ്ട്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തൊഴില്‍സേനകള്‍ ഉണ്ടാക്കുകയും അവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കി കൃഷി ചെയ്യിക്കാനുള്ള പുതിയ രീതി ആവിഷ്കരിക്കുകയുംവേണം. തൊഴിലാളികള്‍ക്ക് ജോലിക്കുള്ള കൂലി കര്‍ഷകരില്‍നിന്ന് ശേഖരിക്കുകയും കാര്‍ഷികമേഖലയ്ക്കായി സര്‍ക്കാര്‍ നീക്കിവയ്ക്കുന്ന തുകയില്‍നിന്ന് കൃഷിനടത്താനുള്ള സബ്സിഡി കര്‍ഷകര്‍ക്ക് നല്‍കുകയും വേണം. ഇത്തരം ഇടപെടലുകളിലൂടെ ജോലി, വരുമാനം, സാമൂഹ്യസുരക്ഷ എന്നതായിരിക്കണം ലക്ഷ്യം വയ്ക്കേണ്ടത്. ഇതൊക്കെ നടപ്പാക്കുന്നതിന് മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാരാണ്.

*
എം വി ഗോവിന്ദന്‍

1 comment:

Jomy Jose said...


ചില നിർദേശങ്ങൾ
ഭൂമിയുടെ കൈവശ പരിധി വിസ്തീര്‍ണ്ണം ഒരു ഹെക്ടർ ആക്കി നിശ്ചയിക്കുക, മിച്ചഭൂമി മണ്ണില്‍ പണിയെടുക്കുന്നവർ, ആദിവാസികൾ ദളിതുകൾ അടക്കമുള്ള ദുര്‍ബലജനവിഭാഗങ്ങൾക്കും സാധാരണക്കാർക്കും വിതരണം ചെയ്യുക .ഭൂവിതരണം പുനഃക്രമീകരിക്കുക, കൈമാറ്റം നിയന്ത്രിക്കുക.തോട്ട ഭൂമി റോഡ്‌ ,റെയിൽ വേ ,വിവിധ വികസന പദ്ധതികളിൽ ഭൂമി വിട്ടു നൽകിയവർക്ക് ഒരു ഹെക്ടർ ആക്കി നിശ്ചയിചു നല്കി ബാക്കി സ്ഥലം സർക്കാർ ഏറ്റെടുക്കുക.കൃഷി ചെയ്യാനുള്ള നിലങ്ങൾ ചെറിയ ചെറിയ ഭാഗങ്ങളാക്കി കുടുംബങ്ങൾക്ക് ഏൽപ്പിച്ച് കൊടുക്കുക.തരിശായ ഇട്ടിരിക്കുന്ന കൃഷി യോഗ്യമായ ഭൂമി കൃഷി ചെയ്യാൻ 3 മാസം സമയം കൊടുക്കുക .എന്നിട്ടും കൃഷി ചെയ്യുന്നില്ലെങ്കിൽ കണ്ടു കെട്ടി തൊഴിൽ ഉറപ്പു പദ്ധതിയിൽ ഉൾപെടുത്തി കൃഷി ചെയ്യിപ്പിക്കുക .ഒരിഞ്ചു ഭൂമി പോലും തരിശായി കിടക്കാൻ അനുവദിക്കരുത് .