Tuesday, October 1, 2013

സ്വാശ്രയം: സുപ്രീംകോടതി വിധിയുടെ മാനങ്ങള്‍

ഇന്ത്യയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച, ഏറ്റവും ശ്രദ്ധേയമായ വിധിന്യായമാണ് സെപ്തംബര്‍ എട്ടിന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. മെഡിക്കല്‍ കോളേജുകളില്‍ നേരത്തെ അനുവദിച്ചതിലധികം വിദ്യാര്‍ത്ഥികളെ പുതിയവര്‍ഷം (2013-2014) പ്രവേശിപ്പിക്കാനുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളുടെ നീക്കത്തെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തടഞ്ഞിരുന്നു. ഈ തീരുമാനം ഉള്‍ക്കൊള്ളിച്ച കത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റോഹില്‍ഖണ്ഡ് മെഡിക്കല്‍കോളേജ് (യുപി) സമര്‍പ്പിച്ച ഹര്‍ജി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, എ കെ സിക്രി എന്നിവരുടെ ബഞ്ച് നടത്തിയ നിരീക്ഷണങ്ങളെല്ലാം വര്‍ത്തമാനകാലത്ത് ഏറെ പ്രാധാന്യമുള്ളവയാണ്.

മെഡിക്കല്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ കോടികളാണ് വിദ്യാര്‍ത്ഥികളില്‍നിന്ന് ഈടാക്കുന്നത്. ഫീസ്, സംഭാവന എന്നീ പേരുകളിലാണ് വന്‍ തുക കൈപ്പറ്റുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനോ സാമൂഹ്യസേവനത്തിനോ അല്ല, സ്വന്തം നേട്ടത്തിനുവേണ്ടിയാണ്. കേന്ദ്രസര്‍ക്കാരും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ഇന്റലിജന്‍സ് വിഭാഗവും സിബിഐയും സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലൂടെയുള്ള തലവരിപ്പണം തടയാതിരുന്നാല്‍ ഇവയെല്ലാം വമ്പന്‍ ധനകാര്യ സ്ഥാപനങ്ങളായി മാറുമെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി. രണ്ടാം യുപിഎ സര്‍ക്കാരിനുകീഴില്‍ ഉന്നത വിദ്യാഭ്യാസം എത്രമാത്രം കമ്പോളവത്കരിക്കപ്പെട്ടു എന്നതിന്റെ തെളിവുകളാണ് സുപ്രീംകോടതിയുടെ ഈ വിധിയെന്ന് നമുക്ക് മനസ്സിലാക്കാനാവും. സ്വാശ്രയ ലോബിയുടെ താല്‍പര്യം കച്ചവടംതന്നെയെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന എസ്എഫ്ഐയുടെ വാദങ്ങള്‍ ശരിയാണെന്ന് ഇനിയെങ്കിലും ഞങ്ങളുടെ വിമര്‍ശകര്‍ക്ക് അംഗീകരിക്കേണ്ടിവരും. സ്വാശ്രയ കോളേജുകളെ സംബന്ധിച്ച സുപ്രീംകോടതിയുടെ മുന്‍ വിധിന്യായങ്ങളില്‍ പലതും വിദ്യാഭ്യാസരംഗത്ത് അനഭിലഷണീയമായ പ്രവണതകളെ ക്ഷണിച്ചുവരുത്തി. സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങളെക്കുറിച്ചുള്ള; ടിഎംഎ പൈ ഫൗണ്ടേഷന്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് കര്‍ണാടക കേസിന്റെ വിധിയില്‍ ഉന്നത വിദ്യാഭ്യാസം ആര്‍ജിക്കാനുള്ള ചെലവ് വിദ്യാര്‍ത്ഥിതന്നെ നല്‍കണമെന്ന് പതിനൊന്നംഗ ഭരണഘടനാബഞ്ച് പറഞ്ഞു. അക്കാദമികനേട്ടം സാമൂഹ്യനേട്ടം അല്ലെന്ന ആശയമായിരുന്നു ഈ വിധി ന്യായത്തിന്റെ പൊരുള്‍. വിദ്യാര്‍ത്ഥി പ്രവേശനം, ഫീസ് ഘടന നിശ്ചയിക്കല്‍ എന്നിവയ്ക്കെല്ലാം മാനേജ്മെന്റുകള്‍ക്ക് അത് അവകാശം നല്‍കുന്നു. ഒപ്പം പ്രൊഫഷണല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഏതൊരാളും അതിന്റെ വില നല്‍കണമെന്ന കാഴ്ചപ്പാട് ലോകത്താകെ ദൃഢീകരിക്കപ്പെട്ടിട്ടുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി. വാസ്തവത്തില്‍ ഈ സിദ്ധാന്തം ആഗോള-ധനകാര്യ-വ്യാപാര സംവിധാനങ്ങളുടേത് മാത്രമാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഉണ്ണിക്കൃഷ്ണന്‍ കെ പി വേഴ്സസ് സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശ് കേസിനെതുടര്‍ന്ന് (1993) സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍നിന്നുള്ള മലക്കംമറിച്ചിലായിരുന്നു 2002ല്‍ ടിഎംഎ പൈകേസില്‍ പുറത്തുവന്ന സുപ്രീംകോടതിയുടെ വിധി. ആഗോളവല്‍ക്കരണ രാഷ്ട്രീയം എങ്ങനെയാണ് നീതിപീഠത്തെ സ്വാധീനിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. വിദ്യാഭ്യാസം ഒരു വ്യാപാരമോ ബിസിനസോ തൊഴിലോ അല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള അവകാശം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യാനുള്ള ഭരണഘടനയിലെ 19 (1) (ജി) പരിധിയില്‍ വരുന്നില്ലെന്നും ഉണ്ണിക്കൃഷ്ണന്‍ കേസിനെതുടര്‍ന്ന് കോടതി പറഞ്ഞു. ഒപ്പം ഉന്നത വിദ്യാഭ്യാസം നല്‍കുക എന്നത് ഒരു വ്യാപാരമോ ബിസിനസോ അല്ലെന്ന പ്രഖ്യാപനവും വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം അനുവദിക്കാന്‍ പാടില്ലെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്. പക്ഷേ ഭരണഘടനയിലെ 19(1) (ജി) പ്രകാരമുള്ള അവകാശങ്ങളുടെ പരിധിയില്‍ ഉന്നതവിദ്യാഭ്യാസം നല്‍കല്‍ ഉള്‍പ്പെടുമെന്ന് ടിഎംഎ പൈ കേസിനെതുടര്‍ന്നാണ് സുപ്രീംകോടതി പറഞ്ഞത്. സ്വാശ്രയ കോളേജുകളും സംസ്ഥാന സര്‍ക്കാരുകളും തങ്ങള്‍ക്കാവുംവിധം ഈ വിധിയെ ഉപയോഗിച്ചു. ടിഎംഎ പൈ കേസിലെ (2002) വിചിത്രമായൊരു കണ്ടെത്തല്‍ വിദ്യാഭ്യാസ നടത്തിപ്പ് മൗലികാവകാശം ആകയാല്‍ ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത് ഭരണഘടനാ ലംഘനമായിരിക്കും എന്നായിരുന്നു. ഇന്ത്യയില്‍ വിശേഷിച്ച്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ കച്ചവടത്തിന് ഈ വിധി കരുത്തുപകര്‍ന്നു. ഇതിനുശേഷവും നിരവധി വിധിന്യായങ്ങള്‍ ഈ മേഖലയിലുണ്ടായി. സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കുന്ന വലതുപക്ഷ സര്‍ക്കാരുകള്‍ വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാനുള്ള ആ സ്ഥാപനങ്ങളുടെ നീക്കത്തിന് പ്രചോദനവുമായി. ന്യൂനപക്ഷ അവകാശങ്ങളെ ദുര്‍വ്യാഖ്യാനംചെയ്തും ദുരുപയോഗപ്പെടുത്തിയും കേരളത്തിലും വന്‍ ലാഭമുണ്ടാക്കാന്‍ വിദ്യാഭ്യാസ മാഫിയയ്ക്ക് കഴിഞ്ഞു. 2006ല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയനിയമം വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് പ്രഹരമായി മാറി. ഫീസ് ഘടന, പ്രവേശനം, സംവരണം എന്നിവയിലെല്ലാം സാമൂഹ്യ നിയന്ത്രണം വരുന്നതോടെ തങ്ങളുടെ കമ്പോള താല്‍പര്യങ്ങള്‍ അട്ടിമറിക്കപ്പെടുമോ എന്ന് അവര്‍ ഭയന്നു.

കേരളത്തിലെ വലതുപക്ഷത്തിന്റെ പിന്തുണയോടെ, തങ്ങള്‍ക്കനുകൂലമായ വിധി സമ്പാദനത്തിനുവേണ്ടി അവര്‍ കോടതി കയറിയിറങ്ങി. എങ്കിലും ഒരു പരിധിവരെ വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വീണ്ടും കച്ചവടലോബികള്‍ മാളത്തില്‍നിന്ന് പുറത്തുവന്നു. കോഴയും തലവരിയും അങ്ങാടിപ്പാട്ടായി. 50 ലക്ഷം വരെ മെഡിക്കല്‍ പ്രവേശനത്തിന് തലവരി ഈടാക്കല്‍ വ്യാപകമായി. 2013 ജൂലൈ 4ന് (കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നടത്തിയ പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട്) കേരള ഹൈക്കോടതി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്കെതിരെ പുറപ്പെടുവിച്ച വിധിന്യായം പരിശോധിച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നതെന്താണെന്ന് വ്യക്തമാവും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചുള്ള അവസാന തീയതി തിരഞ്ഞെടുത്ത് പ്രവേശന പരീക്ഷ നടത്തുന്നത് തട്ടിപ്പിനാണെന്നും പരീക്ഷയില്‍ ക്രമക്കേട് നടത്തിയശേഷം സമയപരിധിയെപ്പറ്റി പറയുന്നതില്‍ വസ്തുതയില്ലെന്നും നിരീക്ഷിക്കപ്പെട്ടു. സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് സുതാര്യതയില്ലെങ്കില്‍ സര്‍ക്കാരിന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്നും ഇനാംദാര്‍ കേസില്‍ പരമോന്നത നീതിന്യായ പീഠം വ്യക്തമാക്കിയതായും ഹൈക്കോടതി പറഞ്ഞു. ഈ ഹൈക്കോടതിവിധിയെ പിന്നീട് സുപ്രീംകോടതിയും അംഗീകരിച്ചു. ഈ പശ്ചാത്തലത്തില്‍ വേണം പുതിയ സാഹചര്യത്തെ വിലയിരുത്താന്‍. വ്യാപകമായ അഴിമതിയും തലവരി പിരിച്ചെടുക്കലും തടയാന്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സ്വയംഭരണം നല്‍കി സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കുന്ന കേന്ദ്ര നയം നീതിരഹിതമായ കീഴ്വഴക്കങ്ങളും നിയമലംഘനവും തഴച്ചുവളരാനിടയാക്കി. തലവരി നിരോധന നിയമമുള്ള കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഡെല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ സാഹചര്യത്തെയും പേരെടുത്ത് സുപ്രീംകോടതി വിലയിരുത്തി. ഈ നിയമങ്ങളെ ലംഘിക്കുന്നുണ്ടെന്നും അവയെല്ലാം ദുര്‍ബലമാണെന്നും സൂചിപ്പിച്ചു. തുച്ഛമായ പിഴ ഒടുക്കി രക്ഷപ്പെടുകയാണ് നിയമലംഘകര്‍. പാവപ്പെട്ടവരും മിടുക്കരുമായ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ പ്രവേശനം നിഷേധിക്കുന്ന സ്ഥാപനങ്ങള്‍, ആ നിലപാട് അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വാശ്രയ സ്ഥാപനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളായി മാറിയെന്നും വിദ്യാഭ്യാസ നിലവാരം തകര്‍ന്നുവെന്നും കോടതി പറഞ്ഞു. കേന്ദ്ര നിയമനിര്‍മ്മാണം ഉണ്ടാവണം. തലവരിപ്പണം സ്വീകരിക്കാനോ അതുവഴി ലാഭമുണ്ടാക്കാനോ പാടില്ലെന്ന സുപ്രീംകോടതി വിധി ലംഘിക്കപ്പെടുന്നു. ഇതിനുമുന്നില്‍ കണ്ണടയ്ക്കാനാവില്ല. സിബിഐ വെളിപ്പെടുത്തലുകള്‍ സ്വാശ്രയരംഗത്തെ ദയനീയ സാഹചര്യം പുറത്തുകൊണ്ടുവന്നു. ഇതില്‍ അടിയന്തിര പരിഹാരമുണ്ടാവണം. മുന്‍ ആരോഗ്യമന്ത്രി അന്‍പുമണി രാംദാസിനെതിരെയുള്ള സിബിഐയുടെ കുറ്റപ്പെടുത്തലുകള്‍ വിദ്യാഭ്യാസരംഗം ദുഷിച്ചതിന് തെളിവാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ഡോക്ടര്‍മാരും കൂടുതല്‍ സൗകര്യവും ഉണ്ടാകുമെന്ന വ്യാമോഹം നല്‍കിയാണ് രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസരംഗം സ്വകാര്യലോബിക്ക് തുറന്നുകൊടുത്തത്. ആഗോളവത്കരണകാലത്തെ പുതിയ കാഴ്ചപ്പാടുകള്‍ വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും സ്വാധീനിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മികവേറിയ അധ്യാപന - പഠന സൗകര്യങ്ങളില്ലാത്തതുമായ പുതിയ സ്ഥാപനങ്ങള്‍ മുളച്ചുവന്നു. നിയമവിരുദ്ധ ചെയ്തികള്‍ക്കെതിരെ നടപടിയുണ്ടായില്ല. തുടര്‍ന്ന് കോടികളുടെ "വ്യവസായമാക്കി" ഇതിനെ മാറ്റിത്തീര്‍ക്കാന്‍ മത്സരമുണ്ടായി. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയില്ലായ്മ, അയോഗ്യരെ പ്രവേശിപ്പിക്കല്‍, സംവരണ അട്ടിമറി തുടങ്ങിയവ വ്യാപകമായിട്ടും നടപടിയുണ്ടായില്ല. തങ്ങള്‍ക്ക് സ്വാധീനിക്കാവുന്നതിനപ്പുറമല്ല സ്ഥിതിഗതികളെന്ന് അവര്‍ക്കറിയാമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അവരെ നിലയ്ക്കുനിര്‍ത്തിയതുമില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന സുപ്രീംകോടതി വിധിയിലെ നിരീക്ഷണങ്ങളെല്ലാംതന്നെ കച്ചവട ലോബിയുടെ ചങ്ക് കലക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തണം. എസ്എഫ്ഐ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഈ മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നാണ് സുപ്രീംകോടതി വിധിയോടെ തെളിയിക്കപ്പെട്ടിരിക്കുന്നത്.

*
ഷിജൂഖാന്‍

No comments: