Tuesday, October 1, 2013

ലീഗ് വര്‍ഗീയതയുടെ ചായം പൂശുമ്പോള്‍

കണ്ണൂര്‍ ജില്ലയിലെ പട്ടുവം പഞ്ചായത്തില്‍പ്പെട്ട ചെറിയ പ്രദേശമാണ് അരിയില്‍. പഞ്ചായത്ത് ഭരണം സിപിഐ എമ്മിനാണ്. ആകെയുള്ള 13 വാര്‍ഡില്‍ പത്തിലും സിപിഐ എം അംഗങ്ങളാണ്. രണ്ടു വാര്‍ഡില്‍ കോണ്‍ഗ്രസും ഒരിടത്ത് മുസ്ലിംലീഗും. ലീഗ് ജയിച്ച അരിയില്‍ പ്രദേശത്ത് ലീഗ് പോക്കറ്റുണ്ട്. ഈ പ്രദേശമാണ് 2012 ഫെബ്രുവരിക്കുശേഷം ജില്ലയിലും പിന്നീട് സംസ്ഥാനവ്യാപകമായും ചര്‍ച്ചചെയ്യപ്പെട്ട പ്രക്ഷുബ്ധമായ നിരവധി സംഭവങ്ങളുടെ തുടക്കസ്ഥാനം.

2012 ഫെബ്രുവരി 19ന് പുലര്‍ച്ചെ അഞ്ചിനാണ് സിപിഐ എം മുതലപ്പാറ ബ്രാഞ്ച് സെക്രട്ടറി രാജന്‍ ദേശാഭിമാനി പത്രവിതരണത്തിനിടയില്‍ ലീഗുകാരാല്‍ ആക്രമിക്കപ്പെട്ടത്. ചെത്തുതൊഴിലാളിയായ അദ്ദേഹത്തിന്റെ രണ്ടുകാലുകളും അടിച്ചുതകര്‍ത്തു. എന്തായിരുന്നു പ്രകോപനം എന്ന ചോദ്യത്തിന് ഇതേവരെ മറുപടി ലഭിച്ചിട്ടില്ല. നിഗമനത്തിലെത്താവുന്നത് ഒന്നുമാത്രമാണ്-തങ്ങളുടെ പോക്കറ്റില്‍ മറ്റ് രാഷ്ട്രീയപാര്‍ടികളുടെ പ്രവര്‍ത്തനം അനുവദനീയമല്ല, മറ്റ് പത്രങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല എന്ന ഫാസിസ്റ്റ് സമീപനമാണ് ഇവിടെ ലീഗ് ഉയര്‍ത്തിയത്. രാജനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് അന്നുവൈകിട്ട് പ്രദേശത്ത് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പ്രകടനംനടന്നു. പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ലതയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ആ പ്രകടനത്തെയും ലീഗുകാര്‍ ആക്രമിച്ചു. അതിലും അരിശമടങ്ങാതെ ഗോപാലന്‍ എന്നയാളുടെ ചായക്കടയും വീടും ആക്രമിച്ചു. ഇതേത്തുടര്‍ന്നാണ് പിറ്റേദിവസം സിപിഐ എം നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുന്നത്. പാര്‍ടി ജില്ലാകമ്മിറ്റിയുടെ വാഹനത്തില്‍ അവിടെയെത്തിയ നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ചതും മറ്റും വലിയ വാര്‍ത്താപ്രാധാന്യം നേടിയതാണ്.

പിന്നീടാണ് പട്ടുവം പഞ്ചായത്തിന്റെ മറുകരയിലുള്ള കണ്ണപുരം പഞ്ചായത്തിലെ കീഴറയില്‍ ഷുക്കൂര്‍ എന്ന ലീഗ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം അരിയില്‍ പ്രദേശത്ത് ലീഗ് ക്രിമിനലുകളുടെ താണ്ഡവമാണരങ്ങേറിയത്. നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. പ്രദേശത്തെ മുഴുവന്‍ വീടുകളിലെയും ലീഗ് അനുഭാവികളല്ലാത്ത പുരുഷന്മാര്‍ സ്ഥലംവിടേണ്ടിവന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിലൊന്നും ഇടപെടാറില്ലാത്ത വള്ളിയേരി മോഹനന്‍ എന്ന കാര്‍പ്പന്ററി തൊഴിലാളി സ്വന്തം വീട്ടിലിരിക്കെയാണ് ലീഗുകാരാല്‍ ആക്രമിക്കപ്പെട്ടത്. അക്രമികള്‍ മോഹനനെ വീട്ടില്‍നിന്ന് വലിച്ചിറക്കി തൊട്ടരികിലെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി തലയോട്ടി അടിച്ചുതകര്‍ത്തു. സംഭവം നടന്ന് ഒരുവര്‍ഷവും എട്ടുമാസവും കഴിഞ്ഞിട്ടും ഓര്‍മപോലും തിരിച്ചുകിട്ടാതെ ജീവച്ഛമായി കഴിയുന്ന മോഹനന്‍ ലീഗ് അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. അരിയില്‍ പ്രദേശത്തെ തീവ്രവാദികളായ ഒരുപറ്റം ലീഗുകാര്‍ ലീഗിതരരായ മുസ്ലിങ്ങളോടും ഹിന്ദുസമുദായത്തില്‍പ്പെട്ടവരോടും സ്ഥലംവിറ്റ് പൊയ്ക്കൊള്ളാനാണ് കല്‍പ്പന പുറപ്പെടുവിച്ചത് എന്ന കാര്യം സിപിഐ എം തുറന്നുപറഞ്ഞെങ്കിലും മുഖ്യധാരാമാധ്യമങ്ങള്‍ അതൊക്കെ തമസ്കരിച്ചു. മരണപ്പെട്ട ലീഗ് പ്രവര്‍ത്തകന്റെ പേരുമാത്രം പ്രചരിപ്പിച്ച ഈ മാധ്യമങ്ങള്‍ അവിടെ ലീഗ് നടത്തുന്ന വര്‍ഗീയ-തീവ്രവാദപ്രവര്‍ത്തനങ്ങളും ആയുധപരിശീലനങ്ങളും കണ്ടില്ലെന്നുനടിച്ചു. സെപ്തംബര്‍ 24ന് പുലര്‍ച്ചെ അരിയില്‍ ഉണ്ടായ മറ്റൊരു സംഭവം മാധ്യമങ്ങളാകെ ഒരു കൗതുകവാര്‍ത്തയായി പ്രസിദ്ധീകരിച്ചു. സിപിഐ എം ബ്രാഞ്ച് ഓഫീസ് പച്ച പെയിന്റ് അടിച്ച് വികൃതമാക്കിയതായിരുന്നു ആ വാര്‍ത്ത. പ്രകോപനപരമായ ഈ കൃത്യംചെയ്തത് ലീഗിലെ തീവ്രവാദികളായ ക്രിമിനലുകളാണ്. പുലര്‍ച്ചെയാണ് സംഭവം നടന്നതെങ്കിലും ദൃക്സാക്ഷി ഉള്ളതിനാല്‍ ലീഗ് ക്രിമിനലുകളുടെ പങ്കാളിത്തം ഒരു മാധ്യമത്തിനും മറച്ചുവയ്ക്കാനായില്ല. സംസ്ഥാനഭരണത്തില്‍ പങ്കാളിത്തം വഹിച്ച് ലീഗ് നടത്തുന്ന അഹന്ത നിറഞ്ഞ അക്രമം ഒറ്റപ്പെട്ടതായിരുന്നില്ല. ഈ സംഭവം അറിഞ്ഞാണ് സിപിഐ എം നേതാക്കള്‍ അരിയില്‍ പ്രദേശത്ത് വീണ്ടുമെത്തുന്നത്. അവിടെയെത്തിയപ്പോള്‍ ജനങ്ങളുടെ പ്രതിഷേധപ്രകടനം കാണാനായി. അക്രമത്തിന് ദൃക്സാക്ഷിയായ നാസര്‍ അതിനിടയിലാണ് ഞങ്ങളുടെ അടുത്തുവന്നത്. നാസര്‍ ചെമ്മീന്‍കൃഷി നടത്തുന്ന യുവാവാണ്. അതോടൊപ്പം മത്സ്യവില്‍പ്പനയുമുണ്ട്. ഈ യുവാവിനെ കഴിഞ്ഞ വിഷുക്കാലത്ത് ലീഗുകാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. അതിന്റെ കാരണമാണ് നാസര്‍ ഞങ്ങളോട് വെളിപ്പെടുത്തിയത്. നീ ഹിന്ദുക്കള്‍ക്ക് മത്സ്യംവിറ്റില്ലേ എന്നു ചോദിച്ചാണ് നാസറിനെ മര്‍ദിച്ചത്. ഈ പ്രദേശത്ത് ലീഗുകാരാണ് വര്‍ഗീയത നടപ്പാക്കുന്നതെന്നും നാസര്‍ തുറന്നുപറഞ്ഞു. ഇക്കാര്യം സ്ഥലത്തെത്തിയ മാധ്യമങ്ങളോടും നാസര്‍ വെളിപ്പെടുത്തി. മുസ്ലിംലീഗ് എന്ന രാഷ്ട്രീയപാര്‍ടിയുടെ തണലില്‍ എന്താണ് പല പ്രദേശങ്ങളിലും നടക്കുന്നത് എന്നതിന്റെ ഒരുദാഹരണമാണിത്. തങ്ങള്‍ മതനിരപേക്ഷതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന ലീഗ് നേതാക്കളുടെ അവകാശവാദം പൊള്ളയാണെന്നുമാത്രമല്ല, അസഹിഷ്ണുതയുടെ ആള്‍രൂപമാണ് ലീഗെന്ന് ഇതടക്കമുള്ള നിരവധി സംഭവങ്ങളിലൂടെ ആവര്‍ത്തിച്ച് സ്ഥാപിക്കപ്പെടുകയാണ്.

പട്ടുവത്തിന്റെ തൊട്ടപ്പുറമാണ് പരിയാരം പഞ്ചായത്ത്. അവിടെ ഓണപ്പറമ്പില്‍ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്റെ രാത്രി പള്ളിയും മദ്രസയും ആക്രമിക്കപ്പെട്ടു. ആളുകള്‍ കാണ്‍കെ മുസ്ലിം ആരാധനാലയവും മതവിദ്യാഭ്യാസ സ്ഥാപനവും ആക്രമിച്ചത് ഹിന്ദുവര്‍ഗീയവാദികളായിരുന്നില്ല; മറിച്ച് ലീഗ് ക്രിമിനലുകളായിരുന്നു എന്നത് ഇസ്ലാംമത വിശ്വാസികളെ ഞെട്ടിച്ചു. ലീഗ് പോക്കറ്റിനകത്ത് തങ്ങള്‍ അംഗീകരിക്കാത്ത വിഭാഗത്തിന്റെ ആരാധനാലയംപോലും സഹിക്കാനാകില്ല എന്ന നിലപാടാണ് ലീഗുകാര്‍ സ്വീകരിച്ചത്. ഇതും ഒറ്റപ്പെട്ടതായിരുന്നില്ല. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ പെരുവയല്‍കരിയില്‍ കാന്തപുരം വിഭാഗം നടത്തുന്ന മറ്റൊരു മദ്രസയും ലീഗുകാര്‍ ആക്രമിച്ചു. ഈ ആക്രമണങ്ങള്‍ക്ക് ലീഗ് നേതാക്കളുടെ പൂര്‍ണപിന്തുണയും പങ്കാളിത്തവുമുണ്ട്. സിപിഐ എം ഓഫീസിന് പച്ച പെയിന്റ് അടിച്ചതും കാന്തപുരം വിഭാഗത്തിന്റെ പള്ളിയും മദ്രസയും ആക്രമിച്ചതും സംബന്ധിച്ച് ഒരു ലീഗ് നേതാവും പ്രതികരിക്കാത്തത് ആ പങ്കാളിത്തംകൊണ്ടാണ്.

ഇത്തരം ആക്രമണങ്ങളില്‍ പൊലീസ് സ്വീകരിക്കുന്ന നിലപാടും വിമര്‍ശനവിധേയമാണ്. അക്രമംനടന്നാല്‍ പ്രതികള്‍ ലീഗുകാരാണെങ്കില്‍ ദുര്‍ബലവകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ്ചെയ്യുന്നു; കേസുകള്‍ കോടതിയിലെത്തിയാല്‍ സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ ലീഗുകാര്‍ പ്രതികളായ 136 കേസുകളാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിന്‍വലിച്ചത്. സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ കള്ളക്കേസ് എടുക്കാനും പൊലീസിന് നിര്‍ബന്ധബുദ്ധിയാണ്. ഒരു മാസം മുമ്പ് അരിയില്‍ പ്രദേശത്ത്, ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിനെ യാത്രയയച്ച് ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാക്കളെ ലീഗുകാര്‍ തടഞ്ഞ് ആക്രമിച്ചു. തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയ ഈ യുവാക്കളുടെ പേരില്‍ മതസ്പര്‍ധ ഉണ്ടാക്കിയെന്ന കുറ്റംചുമത്തി കേസെടുക്കുകയാണുണ്ടായത്. അരിയില്‍ സംഘര്‍ഷത്തിന്റെപേരിലാണ് സിപിഐ എം നേതാക്കളെ അടക്കം പ്രതിചേര്‍ത്ത കൊലക്കേസ് ചാര്‍ജ് ചെയ്തത്. രാഷ്ട്രീയപ്രേരിതമായ ഈ നടപടിക്കെതിരെ സംസ്ഥാനവ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നു. ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെപേരില്‍ സംസ്ഥാനത്തുടനീളം ആയിരത്തിലധികം കേസുകളാണ് ചാര്‍ജ്ചെയ്യപ്പെട്ടത്, പതിനായിരക്കണക്കിന് "പ്രതി"കളും. യഥാര്‍ഥത്തില്‍ ലീഗ് ഒരു പ്രദേശത്ത് നടത്തുന്ന വര്‍ഗീയ-തീവ്രവാദപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തുടനീളം സംഘര്‍ഷം വിതച്ചത്. ഇത്തരം വര്‍ഗീയ-തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പൊലീസ് ഫലപ്രദമായ നടപടി തുടക്കത്തില്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഒട്ടേറെ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു.

അരിയില്‍ സംഘര്‍ഷത്തിന്റെ യഥാര്‍ഥ കാരണമാണ് നാസറിന്റെ വെളിപ്പെടുത്തലിലുള്ളത്. ലീഗിലെ ഒരുവിഭാഗം തീവ്രവാദികളാണ് അക്രമങ്ങളിലൂടെ സംഘര്‍ഷത്തിന്റെ കാരണക്കാരാകുന്നത്. ഇത് മനസ്സിലാക്കിയാണ് നാടിന്റെ സമാധാനത്തോട് പ്രതിബദ്ധതയുള്ള സിപിഐ എം ഒടുവിലത്തെ സംഭവങ്ങളെ തുടര്‍ന്ന് അരിയില്‍ പ്രദേശത്തെ ജനങ്ങളെ നേരിട്ട് സമീപിക്കാന്‍ തീരുമാനിച്ചത്. അരിയില്‍ പ്രദേശത്തെ സംഘര്‍ഷങ്ങളുടെപേരില്‍ ഒന്നരവര്‍ഷമായി അവിടത്തെ ജനങ്ങളുമായി ഇടപഴകാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. അന്യോന്യം സംശയത്തിന്റെ നിഴലിലായിരുന്നു പ്രദേശത്തെ ജനങ്ങള്‍. അവര്‍ക്കിടയിലാണ് തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു ഉള്‍പ്പെടെയുള്ള പാര്‍ടി സഖാക്കള്‍ കടന്നുചെന്നത്. തീവ്രവാദികളെ ഒറ്റപ്പെടുത്തി സമാധാനം പുനഃസ്ഥാപിക്കാനുള്ള അഭ്യര്‍ഥനയടങ്ങിയ ലഘുലേഖയുമായി പ്രദേശത്തെ മുഴുവന്‍ വീടുകളിലും കടന്നുചെല്ലാനാണ് പാര്‍ടി തീരുമാനിച്ചത്. ഇങ്ങനെ വീടുകളില്‍ പാര്‍ടി സ്ക്വാഡ് പോകുന്നത് തടയാന്‍ ലീഗിലെ തീവ്രവാദികള്‍ പൊലീസിനെയാണ് ആശ്രയിച്ചത്. ജയിംസ് മാത്യുവിന് തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അയച്ച നോട്ടീസില്‍ സെപ്തംബര്‍ 27ന് അരിയില്‍ പ്രദേശത്ത് എത്തിയാല്‍ സംഘര്‍ഷമുണ്ടാകും എന്ന മുന്നറിയിപ്പാണ് നല്‍കിയത്. അത് വകവയ്ക്കാതെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സ്ക്വാഡ് മുഴുവന്‍ വീടുകളും കയറി ലഘുലേഖ നല്‍കി. കക്ഷിഭേദമെന്യേ നല്ല സ്വീകരണമാണ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ലീഗിന്റെ ക്രിമിനലുകള്‍ക്കൊപ്പമല്ല തങ്ങളെന്നാണ് അതിലൂടെ ജനങ്ങള്‍ പ്രഖ്യാപിച്ചത്. അവിടത്തെ മുസ്ലിംപള്ളിയിലെ ഖത്തീഫ് അടക്കമുള്ള ആളുകളുമായി പാര്‍ടി പ്രവര്‍ത്തകര്‍ സംവദിച്ചപ്പോഴും ഇതുതന്നെയാണ് തെളിഞ്ഞത്.

മുസ്ലിംവിരുദ്ധരായി അക്രമം നടത്തുകയാണ് സിപിഐ എം എന്നായിരുന്നു പ്രദേശത്ത് ലീഗുകാര്‍ പ്രചരിപ്പിച്ചിരുന്നത്. ഇതാണ് പൊളിഞ്ഞത്. അരിയിലെ പുതിയ സംഭവങ്ങളുടെ വെളിച്ചത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ ഇതേക്കുറിച്ച് പ്രതികരിക്കണം. അനുയായികളെ തെറ്റിദ്ധരിപ്പിച്ച് സിപിഐ എം വിരോധം വളര്‍ത്താനുള്ള ശ്രമമാണ് ഇവിടെ ഉണ്ടായത്. അരിയില്‍ പ്രദേശത്ത് മാത്രമല്ല, എല്ലായിടത്തും ലീഗ് ചെയ്യുന്നത് അതുതന്നെയാണ്. അത് തിരിച്ചറിഞ്ഞ് യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങളും തയ്യാറാകണം.

*
പി ജയരാജന്‍

No comments: