Tuesday, October 1, 2013

"മോഡിയോഗം"

സമസ്ത ആസനങ്ങളും പരീക്ഷിച്ച് സ്വാമി ശീര്‍ഷാനന്ദന്‍ പട്ടുമെത്തയില്‍ ഉപവിഷ്ടനായപ്പോഴാണ് നാണുക്കുട്ടന്‍ എത്തിയത്. സ്വാമിയുടെ ഒന്നാം പ്രൈവറ്റ് സെക്രട്ടറി ചോദിച്ചു. "വിശേഷിച്ച്?"

"ഒന്ന് മുഖം കാണിക്കണം."

"മുഖം മാത്രായിട്ടാണോ?"

"ഒരു ശൈലി പറഞ്ഞതാണ്. മുഖം കൂടിച്ചേരുമ്പ്ളാണല്ലൊ ശരീരം പൂര്‍ണമാവുക. പൂര്‍ണത്തില്‍ നിന്ന് പൂര്‍ണം എന്നല്ലെ? "ഓം പൂര്‍ണമദഃ പൂര്‍ണമിദം പൂര്‍ണാത് പൂര്‍ണമുദച്യതേ എന്നല്ലെ ഈശാവാസ്യം?"

"ഓ! ഗൃഹപാഠം ചെയ്താണ് വരവ്. ഉദ്ധരണികള്‍ എത്രണ്ണമുണ്ടാവോ?"

"കഴിഞ്ഞുകൂടണം. അത്രേള്ളു. വാ കീറിയ ദൈവം വായ്ത്താരി തരാതിരിക്ക്വോ?"

"അറിവുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് അല്ലെ?"

"അല്‍പ്പനായ മനുഷ്യന്‍ എന്തു തീരുമാനിച്ചാലും സാക്ഷാല്‍ ജഗദീശ്വരന്റെ ഇഷ്ടങ്ങളാണല്ലൊ ഭൂമിയില്‍ കളിയാടുക. നാം വെറും കീടങ്ങള്‍."

" ചില കീടങ്ങള്‍ കിരീടവും വയ്ക്കാറുണ്ട്."

"എല്ലാം ക്ഷണികം."

"കിരീടം താഴെ വീഴുമ്പ്ളാ സാധാരണ ഇത് പറയ്യാ. കിട്ടാത്തവരുടെ കെറുവായും ചിലപ്പോള്‍ ഈ ദര്‍ശനം പുറത്തുവരാറുണ്ട്."

"നിസ്സാരനായ അടിയന് അത്തരം കൊതികളില്ല. വെറും പുഴു."

"പുഴുവിന് ദര്‍ശനത്തിന് എത്ര സമയം വേണം?"

"എന്താണാവോ അങ്ങനെ?"

"ആശ്രമത്തില്‍ ചില നിബന്ധനകളുണ്ട്."

"അറിയില്ലായിരുന്നു?"

"അറിയണം. സത്വരജസ്തമോഗുണങ്ങളാല്‍ മറയ്ക്കപ്പെട്ടിരിക്കുന്ന പ്രകാശമാനമായ പരമാത്മശക്തിയെ ധ്യാനയോഗത്താല്‍ സാക്ഷാത്കരിച്ചിരിക്കുന്നവരാണ് യോഗികള്‍. അല്ലാതെ പ്രൈവറ്റ് ബസിലെ കിളികളെപ്പോലെ ആളെ വിളിച്ചു കയറ്റുന്നവരല്ല."

"അറിയാം. ബ്രഹ്മജിജ്ഞാസുക്കള്‍..."

പ്രൈവറ്റ് സെക്രട്ടറി ഒന്ന് ഇരുത്തിനോക്കി. ആ വാക്ക് കുറിച്ചുവച്ചു. എന്നിട്ട് പറഞ്ഞു.

" ദര്‍ശനത്തിന് എത്ര സമയം വേണ്ടിവരും?" ആംഗ്യംകൊണ്ട് നാണു ഒരു ചോദ്യചിഹ്നമായി. "ദര്‍ശനത്തിന് ചാര്‍ജുണ്ട്."

"എല്ലാം അനാദിയിലല്ലേ ലയിക്കുന്നത്?"

"അനാദിയില്‍ കളഞ്ഞാലും അളന്നു കളയണം എന്നാ ചൊല്ല്. ചൊല്ലുവിളി കേട്ടല്ല വളര്‍ന്നത് അല്ലെ?"

"അറിവിനെ നേരിട്ട് കാണുന്നവരാണല്ലൊ ഋഷികള്‍. അവരെ നേരിട്ട് കാണാന്‍ തടുക്കാനാവാത്ത അഭിവാഞ്ഛ." നാണു വിനയത്തിലായി.

വിനയം പ്രൈവറ്റ് സെക്രട്ടറി കണ്ടതായി ഭാവിച്ചശേഷം തള്ളിക്കളഞ്ഞു. "പരമാത്മാവായാലും പരേതാത്മാവായാലും കാര്യം നടക്കണമെങ്കില്‍ കാശു ചെലവുണ്ട് കുഞ്ഞേ... സ്വാമികളെ കാണാന്‍ അഡ്വാന്‍സ്ഡ് ബുക്കിങ്ങാണെന്ന് കുഞ്ഞിന് അറിയില്ല അല്ലേ. കുഞ്ഞേ... കൊറേ കാശെറിഞ്ഞിട്ടാ ഈ കച്ചോടം ഒന്ന് ക്ലച്ചുപിടിച്ചത്. സ്വാമികളുടെ നഗ്നപാദങ്ങളുടെ ചവിട്ട് ശിരസ്സിലേല്‍ക്കാന്‍ 2020 വരെ ഇനി ഡേറ്റില്ല." "അപ്പ്ളാ കുഞ്ഞിന്റെ ഒരു മാതിരി ഡയലോഗ്. വേം പറ. മിനിറ്റിനാണ് കാശ്. ക്രെഡിറ്റ് കാര്‍ഡും സ്വീകരിക്കും. അനുഗ്രഹമാണോ, പാദപൂജയാണോ, ആലിംഗനമാണോ?"
"അതൊന്നുമല്ല."

"പിന്നെന്ത് കേസ്? അഭീഷ്ടസിദ്ധി, സന്താനലബ്ധി, സന്തുഷ്ടകുടുംബം, ഉദ്യോഗക്കയറ്റം, ലാഭക്കച്ചവടം.... ഇതിലേതാണ്..?"

"അതുമല്ല...."

"ഇനി വല്ല വിജിലന്‍സുകാരനുമാണോ."

നാണു ഗീത പാടി തടുത്തു. "മൂകം കരോതി വാചാലം പങ്ഗും ലംഘയതേ ഗിരിം യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം"

പ്രൈവറ്റ് സെക്രട്ടറി ചോദിച്ചു. "ഇതിന് മലയാളമുണ്ടോ?"

"ഉണ്ട്."

"പറയൂ, അറിയാമെന്ന് നോക്കട്ടെ."

"ഏതൊരു കൃപ മൂകനെ വാചാലമാക്കുന്നുവോ, മുടന്തനെ മല കടത്തുന്നുവോ, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു."

പ്രൈവറ്റ് സെക്രട്ടറി തൃപ്തനായി. "അപ്പ്ളെന്തിനാ വന്നത്?"

"കാണുക, വണങ്ങുക, സംശയ നിവൃത്തി വരുത്തുക അത്രേള്ളൂ."

"എന്തിലാ സന്ദേഹം?"

"സമകാലിക സന്ദേഹങ്ങളാണ്"

"രാഷ്ട്രീയം, സാമ്പത്തികം, സാംസ്ക്കാരികം, സാഹിത്യം...."

"എന്തും....!"

"എന്തും. നിറകുടമല്ലെ തുളുമ്പാന്‍ പറ്റില്ലല്ലോ. അലമ്പാതിരുന്നാ മതി."

"സംശയത്തിന് അങ്ങനെ വിഷയമില്ലല്ലോ. ജിജ്ഞാസയാണ് വരവിന് ഹേതു. നചികേതസ്സിനോടാണ് മനസ്സുകൊണ്ട് ഒരിഷ്ടം."

പ്രൈവറ്റ് സെക്രട്ടറി രശീതെടുത്തു. "തല്‍ക്കാലം അരമണിക്കൂറിനുള്ള ബില്ലെഴുതിയിട്ടുണ്ട്. സമയം കൂടിയാല്‍ അഡീഷണല്‍ തന്നാ മതി. കുറവാണെങ്കില്‍ വിധിയാണെന്ന് വയ്ക്കുക. റീപേയ്മെന്റില്ല."

നാണു ബില്ല് നോക്കി. ഒരു കോര്‍പറേറ്റ് തുക. താഴെ "ഓം ശാന്തി" എന്ന് മൂന്നു വട്ടം എഴുതിയിട്ടുമുണ്ട്. നാണു സ്വാമി ശീര്‍ഷാനന്ദതൃപ്പാദങ്ങള്‍ക്കടുത്തേക്ക് കൊണ്ടുവരപ്പെട്ടു. നാണു നമസ്ക്കരിച്ചു. ഹരി ഓം....!

ഓങ്കാരപ്പൊരുളേ.... നമസ്ക്കാരം. ഭൂതവും ഭാവിയും വര്‍ത്തമാനവുമായ ഓങ്കാരമേ.... നമസ്ക്കാരം. മൂന്നു കാലത്തേയും അതിക്രമിച്ച് നില്‍ക്കുന്ന ഓങ്കാരമേ.... നമസ്ക്കാരം. അനാദിയായ കാലത്തെയും നാണുവിനെയും നോക്കി ശീര്‍ഷം ചിരിച്ചെന്നു വരുത്തി. നാണു പാദാരവിന്ദങ്ങളില്‍ ചാടി വീണു. "മകനെ.... എന്താണ് നിന്റെ ഖേദത്തിന് മൂലം?"

"സ്വാമികളെ, അടിയന്റെ അഹങ്കാരത്തിന് മാപ്പു തരണം...."

"വല്‍സാ.... നമ്മോട് നീ ഒരഹങ്കാരവും കാണിച്ചില്ലല്ലോ. വഴിയില്‍ നായ കുരച്ചുവന്നാല്‍ പമ്പ കടക്കുന്നതാണല്ലൊ മനുഷ്യകുലത്തിന്റെ അഹങ്കാരം. സര്‍വ വസ്തുക്കള്‍ക്കും അന്തര്‍യാമിയായിരിക്കുന്ന പരമാത്മാവ് മാത്രമെ നിത്യവും സത്യവും ആയിട്ടുള്ളൂ. പ്രപഞ്ചത്തില്‍ കാണുന്ന മറ്റെല്ലാ വസ്തുക്കളും അനിത്യവും മിഥ്യയുമാണെന്ന് അറിയുക."

"ആത്മജ്ഞാനം നേടി സ്വസ്വരൂപം അറിയുവാനുള്ള കഴിവില്ലാതെ, മനുഷ്യനാണെന്ന് മാത്രം അഭിമാനിച്ചുകൊണ്ട് ജീവിക്കുന്നതില്‍ എന്താണ് കാര്യം, ഗുരോ?"

"നാം നിന്നില്‍ സംപ്രീതനായി.... വല്‍സാ. ബില്ലടച്ചല്ലോ അല്ലെ. ഇവിടെ കടം ഇല്ല."

"കര്‍മം ചെയ്തു. ഇനി ഫലം അനുഭവിച്ചാല്‍ മതി."

"പറയൂ വല്‍സാ നിന്നെ അലട്ടുന്നന്തൊണ്. സമയത്തില്‍ ഒതുങ്ങിനിന്ന് സംസാരിക്കുന്നതാവും സാമ്പത്തിക സ്വയംപര്യാപ്തതക്ക് നല്ലത്."

"സ്വാമികളെ ഇന്ത്യ ആരുടേതാണ്?"

"അതിസാധാരണമായ ഈ ചോദ്യത്തിനു വേണ്ടിയാണോ വല്‍സാ നീ ഭാരിച്ച ബില്ലടച്ചത്?"

"ചോദ്യങ്ങള്‍ എപ്പോഴും ലളിതമായിരിക്കുമല്ലൊ. ഉത്തരങ്ങളാണല്ലൊ കഠിനമാവുന്നത്? നചികേതസ്സിന്റെ ചോദ്യം വളരെ സിമ്പിളായിരുന്നല്ലൊ ഗുരോ?"

"യെസ്... യെസ്... ദാറ്റീസ് റൈറ്റ്. അപ്പോള്‍ വല്‍സന് അറിയേണ്ടത് ഇന്ത്യ ആരുടേതാണെന്നാണ് അല്ലെ?"

"അതെ."

"ചോദ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവോ?"

"അടിയന്‍. ഉറച്ചുതന്നെ"

"സംശയമെന്ത്? രാജ്യം ആ രാജ്യത്തിന്റെ പ്രജകളുടേത്."

"അപ്പോള്‍ ഇന്ത്യ?"

"ഇന്ത്യക്കാരുടേത്."

"ഇന്ത്യക്കാര്‍ എന്നു പറഞ്ഞാല്‍?"

"ഇന്ത്യ എന്നു പറഞ്ഞാല്‍ ഹിന്ദുക്കുഷ്."

"ഹിന്ദുക്കുഷ് എന്നു പറഞ്ഞാല്‍?"

"ഹിന്ദുക്കളുടേത്."

"അപ്പോള്‍ ഇന്ത്യ ഹിന്ദുക്കളുടേത് അല്ലെ സ്വാമീ?"

"അതെ വല്‍സാ...." "മറ്റുള്ളവര്‍." "വിരുന്നുകാര്‍, നമ്മുടെ ആതിഥ്യം ഭുജിച്ചവര്‍. നാം അഥവാ നമ്മുടെ രാജ്യം നിര്‍വചിക്കപ്പെടുന്നത് അങ്ങനെയല്ലെ വല്‍സാ...."

" എന്താണ് ഗുരോ ഇതിന്റെ മൂലക്കല്ല്?"

"മൂലക്കല്ല് നമ്മുടെ സംസ്കാരമാണ് വല്‍സാ...."

"നമ്മുടെ സംസ്കാരം എന്താണ് സ്വാമീ....?"

"അത് ഹൈന്ദവസംസ്ക്കാരമാണ് വല്‍സാ...."

"ആ സംസ്കാരത്തിന് വല്ല പ്രശ്നവുമുണ്ടോ സ്വാമീ?"

" വല്‍സാ അത് പ്രതിസന്ധിയിലാണ്."

"എന്താണ് പ്രതിസന്ധി സ്വാമീ?"

"മുറിവ് കാലിലും, മരുന്ന് കൈയിലും എന്നതാണ് വല്‍സാ ഇപ്പോഴത്തെ സ്ഥിതി."

"അടിയന്‍ അജ്ഞനാണ് സ്വാമി." മനസ്സിലായില്ല."

"നാം ഭദ്രമായിരിക്കുന്നത് ഹൈന്ദവസംസ്ക്കാരത്തിന്റെ അടിത്തറയിലാണ്. അതിന്റെ നേര്‍ക്കാണ് ആക്രമണം. കരുതിയിരിക്കേണ്ട സമയമാണ്."

"എന്താണ് സ്വാമികളെ ഈ സംസ്കാരം?"

"ശ്രേഷ്ഠന്‍ എന്താചരിക്കുന്നുവോ അത് മറ്റുള്ളവര്‍ ആചരിക്കണം. നീചമായ ആത്മാവിനെ ദിവ്യപ്രകൃതി കൊണ്ട് ജയിച്ച്, ഈശ്വരനെ സര്‍വഭൂതങ്ങളിലും ദര്‍ശിച്ച്, ഈശ്വരനില്‍ ജീവിക്കാന്‍ ഹൈന്ദവസംസ്കാരം ഉദ്ബോധിപ്പിക്കുന്നു. ഋഷിമാര്‍ യുഗങ്ങള്‍ക്ക് മുന്നെ പ്രപഞ്ചത്തിന്റെ അര്‍ഥം തേടിയത് വല്‍സാ അറിയുന്നില്ലേ...? നിഷ്ക്കാമകര്‍മിയാവുക. ദിവ്യജീവിതം, യോഗം, സമ്പൂര്‍ണമായ ഈശ്വരൈക്യം എന്നതായിരിക്കണം മനുഷ്യജീവിതത്തിന്റെ ലക്ഷ്യം...."

"സ്വാമികളെ അതിന് ഐ ടി ഉപയോഗിക്കാമോ....?"

"വല്‍സാ എന്താണ് നീ ഉദ്ദേശിക്കുന്നത്?"

"സ്വാമികള്‍ മേല്‍പ്പറഞ്ഞ സാധനങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഉപയോഗിച്ച് നേടാനാവുമോ എന്നാണ് അടിയന്‍ ഉദ്ദേശിച്ചത്. അധികപ്രസംഗം ആവുമോ എന്തോ?"

"ആത്മജ്ഞാനവും ബ്രഹ്മജ്ഞാനവും പറയുമ്പോള്‍ നീ എന്തിന് ഐ ടി ഫീല്‍ഡ് കൊണ്ടുവരുന്നു?"

"ഇപ്പോള്‍ ഡെവലപ്മെന്റ് കൊണ്ടുവരുന്നവനാണല്ലൊ നമ്മുടെ ആത്മീയഗുരു."

"വല്‍സാ നീ വഴിതെറ്റുന്നു. നീ നാസ്തികനാവാന്‍ ശ്രമിക്കുന്നു."

"സ്വാമികളെ ഒരു സംശയം കൂടി."

ശീര്‍ഷാനന്ദന് അസ്കിത. "നിനക്ക് അനുവദിച്ച സമയം തീരാറായി എന്ന് തോന്നുന്നു."

"സമയത്തേക്കാള്‍ വലുതല്ലെ സ്വാമികളെ സംശയം. അടിയന്‍ അഡീഷണല്‍ പേ ചെയ്തോളാം."

"ഇരട്ടിയാവും. ദരിദ്രന് താങ്ങാനാവില്ല."

"സാരമില്ല. സ്വാമികളെ. ചോദിച്ചോട്ടെ?"

"ങ്ഹും... ചോദിക്കൂ...."

"നമ്മുടെ സംസ്കാരത്തിന് നേരെ നടക്കുന്ന ഈ ആക്രമണം എങ്ങനെ തടുക്കാം?"

"സംശയമെന്ത്? നാം ഹിന്ദുക്കള്‍ ഒന്നിക്കണം. ഹിന്ദു അപകടത്തിലായാല്‍ രാജ്യം അപകടത്തിലാണ് വല്‍സാ...."

"ഹിന്ദു ഒന്നിക്കലല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലേ.... സ്വാമികളെ....?"

"നമ്മുടെ ദിവ്യദൃഷ്ടിയില്‍ മറ്റൊന്നും തെളിയുന്നില്ല വല്‍സാ...."

"അപ്പോള്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കേണ്ട സമയമായി അല്ലേ.... സ്വാമികളെ?"

"തീര്‍ച്ചയായും. സത്യത്തില്‍ സമയം അതിക്രമിച്ചു. ഇനിയും വൈകിയാല്‍ സര്‍വ നാശം."

"അപ്പോള്‍ ഒരു സംശയം സ്വാമികളേ...."

"ചോദിക്കൂ വല്‍സാ...."

"എന്നിട്ടെന്താ ലാല്‍ കൃഷ്ണ അദ്വാനിയും നരേന്ദ്രസിങ് മോഡിയും യോജിക്കാത്തത്?"

"വല്‍സാ... നമുക്ക് ധ്യാനത്തിനുള്ള സമയമായി...." ശീര്‍ഷം എഴുന്നേറ്റു.

*
 എം എം പൗലോസ്

No comments: