Wednesday, February 9, 2011

സ്മാര്‍ട്ട്സിറ്റി: ഉമ്മന്‍ചാണ്ടിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി

സ്മാര്‍ട്ട്സിറ്റി വരാത്തത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് പ്രതിപക്ഷം നടത്തിവന്ന പ്രചാരണ കുമിളകള്‍ പെട്ടെന്ന് പൊട്ടിപ്പോയതിന്റെ വൈക്ളബ്യം മറച്ചുവയ്ക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണ്. യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനും സങ്കീര്‍ണമായ വിഷയങ്ങളെ കഠിനമായി അവതരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനുമാണ് അദ്ദേഹത്തിന്റെ ശ്രമം.

എന്താണ് വസ്തുത?

246 ഏക്കര്‍ ഭൂമിയിലാണ് സ്മാര്‍ട്ട്സിറ്റി നിര്‍മ്മിക്കുന്നത്. ഇത് പൂര്‍ണമായും സെസ് ഏരിയ ആക്കാനാണ് തീരുമാനം. 136 ഏക്കറിന് ഇതിനകം സെസ് പദവി ലഭ്യമായിക്കഴിഞ്ഞു. ബാക്കി സ്ഥലത്തിന് സെസ് ലഭിക്കാനുള്ള നടപടികളുമായി സ്മാര്‍ട്ട്സിറ്റി കമ്പനിയും സര്‍ക്കാരും മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. ഉമ്മന്‍ചാണ്ടി പ്രധാനമായും നാല് കാര്യങ്ങളിലാണ് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്.

246 ഏക്കറിനും സെസ് കിട്ടുമെന്ന് ഉറപ്പുണ്ടോ? കിട്ടിയില്ലെങ്കില്‍ 12 ശതമാനം ഫ്രീഹോള്‍ഡ് സെസ് ഏരിയയ്ക്ക് പുറത്ത് കൊടുക്കേണ്ടി വരില്ലേ, അങ്ങനെവന്നാല്‍ അത് അവര്‍ക്ക് വില്ക്കാനാകില്ലേ?

246 ഏക്കറും സെസ് ആക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടു പോകുകയാണ്. 10 ഏക്കര്‍ ഭൂമി കിന്‍ഫ്രയില്‍ നിന്ന് ഏറ്റെടുത്തതാണ്. അതിന് സെസ് കിട്ടില്ലെന്നും സെസ് പദവി കിട്ടാന്‍ ചുരുങ്ങിയത് 25 ഏക്കര്‍ വേണമെന്നും സെസ് നിയമം ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി വാദിക്കുന്നു. എന്നാല്‍ ഭൂമികളെ തമ്മില്‍ ടണല്‍ മാര്‍ഗമോ പാലം നിര്‍മ്മിച്ചോ ബന്ധിപ്പിച്ചാല്‍ സെസിന് അര്‍ഹതയുണ്ടെന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ച് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയാണദ്ദേഹം. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ സെസ് പദവി ലഭ്യമാകാതിരിക്കാന്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്താതെ നാടിന്റെ താത്പര്യത്തിനായി സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് അദ്ദേഹവും യു.ഡി.എഫും ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ഫ്രീഹോള്‍ഡ് സെസ് ഏരിയയ്ക്ക് അകത്തായിരിക്കും. സെസ് ഭൂമി വില്ക്കാനാകില്ല എന്നതാണ് നിയമം. കൂടാതെ ഫെബ്രുവരി രണ്ടിന് ഉണ്ടാക്കിയ തീര്‍പ്പില്‍ ഒന്‍പതാമത്തെ ഇനമായി ഫ്രീഹോള്‍ഡിന് വില്പനാവകാശം ഉണ്ടാകില്ലെന്ന് വ്യക്തമായി ചേര്‍ത്തിട്ടുള്ളതുമാണ്. ഉമ്മന്‍ചാണ്ടിയുടെ കരാര്‍ പ്രകാരം ഭൂമി മൂന്ന് തരത്തിലാണ് നല്‍കാന്‍ കരാറുണ്ടാക്കിയത്. ഇന്‍ഫോപാര്‍ക്കിന്റെ 90 ഏക്കര്‍ സ്ഥലം വിറ്റുകൊണ്ടുള്ളതാണ് ഒന്ന്. മറ്റൊന്ന് അധികഭൂമി 136 ഏക്കറാണ്. 100 ഏക്കര്‍ പാട്ടഭൂമിയാണ് മറ്റൊന്ന്. 136 ഏക്കര്‍ അധികഭൂമി സെന്റിന് 26000 രൂപ വില നിശ്ചയിച്ച് 38 കോടി രൂപയ്ക്ക് വില്ക്കാനായിരുന്നു കരാര്‍. ഫലത്തില്‍ 100 ഏക്കര്‍ മാത്രമായിരുന്നു പാട്ടഭൂമി. പാട്ടഭൂമി തന്നെ 10 വര്‍ഷംകൊണ്ട് 33000 തൊഴിലവസരം നല്‍കുമ്പോള്‍ ഫ്രീ ഹോള്‍ഡായി നല്‍കിക്കൊള്ളാമെന്നായിരുന്നു കരാര്‍. എന്നാല്‍ എല്‍.ഡി.എഫ് കരാറില്‍ വില്പനയില്ല. മുഴുവന്‍ ഭൂമിയും പാട്ടത്തിനാണ് നല്‍കുന്നത്.

ഭാവി വികസനത്തിനുള്ള ഭൂമി (ഫ്യൂച്ചര്‍ ലാന്റ്) 167 ഏക്കര്‍ ഏത് നിലയിലാണ് കൈകാര്യം ചെയ്യുന്നത്? അതിന് സെസ് പദവി നേടാന്‍ ശ്രമിക്കുമോ? അത് ടീകോമിന് വില്ക്കാന്‍ കഴിയുമോ?

ഇതുസംബന്ധിച്ച് ഫ്രെയിം വര്‍ക്ക് എഗ്രിമെന്റില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഫ്യൂച്ചര്‍ ലാന്‍ഡ് ലഭ്യമാക്കേണ്ട ഘട്ടത്തില്‍ കേരള സര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കും ഭൂമി നല്‍കുന്നത്.

യു.ഡി.എഫ് കാലത്തുണ്ടാക്കിയ കരാറായിരുന്നു മെച്ചം. പുതിയ കരാറുണ്ടാക്കിയത് നാടിന് നഷ്ടമേ ഉണ്ടാക്കിയിട്ടുള്ളൂ. അതിന്റെ വിശദീകരണം തരുമോ?

യു.ഡി.എഫ് കാലത്തെ കരാര്‍ പ്രകാരം ഇന്‍ഫോ പാര്‍ക്ക് 109 കോടി രൂപയ്ക്ക് ടീകോമിന് വില്ക്കാനും അതിന്റെ ബ്രാന്‍ഡ് നെയിം ടീകോമിന് നല്‍കാനും നിശ്ചയിച്ചിരുന്നു. ഇന്‍ഫോ പാര്‍ക്ക് നല്‍കിക്കൊണ്ട് 33,000 തൊഴിലവസരം 10 വര്‍ഷത്തിനകം സ്മാര്‍ട്ട്സിറ്റിയില്‍ ഉണ്ടാക്കണമെന്നതായിരുന്നു യു.ഡി.എഫ് കരാര്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇന്‍ഫോ പാര്‍ക്ക് പൊതുമേഖലയില്‍ നിലനിറുത്തി വികസിപ്പിക്കാനാണ് ശ്രമിച്ചത്. എല്‍.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ 3200 പേര്‍ക്കായിരുന്നു തൊഴില്‍. ഇന്നവിടെ 13,500 പേര്‍ ജോലിചെയ്യുന്നു. രണ്ടുമാസത്തിനകം പുതുതായി 5000 പേര്‍ക്ക് ജോലി ലഭ്യമാകും. അങ്ങനെ വരുമ്പോള്‍ ഈ സര്‍ക്കാര്‍ അഞ്ചുകൊല്ലത്തിനിടെ ഇന്‍ഫോ പാര്‍ക്കില്‍ മാത്രം പുതുതായി 18,000 പേര്‍ക്ക് ജോലി നല്‍കിക്കഴിഞ്ഞു. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മൊത്തം ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുന്ന വികസന പദ്ധതിയാണ് നടപ്പാക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ കരാറില്‍ 10 വര്‍ഷംകൊണ്ട് 33,000 തൊഴിലവസരമെന്നത് ഇന്‍ഫോപാര്‍ക്കില്‍ മാത്രം 10 വര്‍ഷംകൊണ്ട് ഒരു ലക്ഷം തൊഴിലവസരം നല്‍കാന്‍ വി.എസ് സര്‍ക്കാരിന് കഴിയുന്നു.

പദ്ധതി ഇത്രയും വൈകിച്ചതിന് ഉത്തരവാദി സര്‍ക്കാര്‍ മാത്രമല്ലേ?

വൈകി എന്നത് യാഥാര്‍ത്ഥ്യം. 246 ഏക്കര്‍ ഭൂമിയും സെസ് ആക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് 12 ശതമാനം ഫ്രീഹോള്‍ഡ് വില്പനാവകാശത്തോടെ സെസിന് പുറത്ത് വേണമെന്ന് ടീകോം ആവശ്യപ്പെടുന്നത്. അവരത് രേഖാമൂലം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഫ്രെയിം വര്‍ക്ക് എഗ്രിമെന്റില്‍ ഫ്രീഹോള്‍ഡ് സെസ് ഏരിയയ്ക്ക് അകത്തായിരിക്കുമെന്നും മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിയതിനുശേഷം നല്‍കുമെന്നുമാണ് പറഞ്ഞിരുന്നത്. ടീകോം പുതുതായി ഉന്നയിച്ച ആവശ്യത്തില്‍ തട്ടിയാണ് ഇത് നീണ്ടുപോയത്. സര്‍ക്കാര്‍ മദ്ധ്യസ്ഥനായി എം.എ. യൂസഫലിയെ നിശ്ചയിക്കുകയും അദ്ദേഹം ദുബായ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുകയും ദുബായ് സര്‍ക്കാര്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ധാരണയുണ്ടാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തടസങ്ങള്‍ നീങ്ങിയത്


*****

എസ്. ശര്‍മ്മ, ചെയര്‍മാന്‍, സ്മാര്‍ട്ട്സിറ്റി, കൊച്ചി

4 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്മാര്‍ട്ട്സിറ്റി വരാത്തത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് പ്രതിപക്ഷം നടത്തിവന്ന പ്രചാരണ കുമിളകള്‍ പെട്ടെന്ന് പൊട്ടിപ്പോയതിന്റെ വൈക്ളബ്യം മറച്ചുവയ്ക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണ്. യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനും സങ്കീര്‍ണമായ വിഷയങ്ങളെ കഠിനമായി അവതരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനുമാണ് അദ്ദേഹത്തിന്റെ ശ്രമം.

ഉമ്മൻ ചാണ്ടിയുടെ ചോദ്യങ്ങൾക്ക് മറുപടി

kARNOr(കാര്‍ന്നോര്) said...

ഇനി എന്നാണാവോ നമ്മുടെ യുഡി‌എഫും എല്‍ഡി‌എഫും പരസ്പര മത്സരമില്ലാതെ കേരളത്തിന്റെ ഉന്നമനത്തിനായി ചിന്തിക്കുക. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ച യുഡി‌എഫും കേരളത്തിന്റെ താല്പര്യങ്ങള്‍ അത്യധികം സംരക്ഷിച്ച് ഒരു ഉടമ്പടി ഉണ്ടാക്കാന്‍ സാധിച്ച എല്‍ഡി‌എഫും ഒരുപോലെ അഭിനന്ദനം അര്‍ഹിക്കുന്നു. ബാലിശമായ ‘അണ്ടിയോ മൂത്തത് മാങ്ങയോ?’ തര്‍ക്കങ്ങള്‍ മാറ്റിവച്ച് ഇതെങ്ങനെ കൂടുതല്‍ പ്രയോജനകരമാക്കാം എന്നതിനെ പറ്റി ഒന്നിച്ചു ചിന്തിക്കൂ ..

jokrebel said...

സഖാവെ,

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍,

കഴിഞ്ഞ യു ഡി എഫ് ഭരണവും എല്‍ ഡി എഫ് ഭരണവും തമ്മിലുള്ള ഒരു താരതമ്യം

എന്നിവ പോസ്റ്റ്‌ ചെയ്താല്‍ നന്നായിരിക്കും.....

അഭിവാദ്യങ്ങള്‍

jokrebel said...

സഖാവെ,

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍,

കഴിഞ്ഞ യു ഡി എഫ് ഭരണവും എല്‍ ഡി എഫ് ഭരണവും തമ്മിലുള്ള ഒരു താരതമ്യം

എന്നിവ പോസ്റ്റ്‌ ചെയ്താല്‍ നന്നായിരിക്കും.....

അഭിവാദ്യങ്ങള്‍