ഇന്ത്യന്‍ ഭൌതികവാദം വികാസത്തിന്റെ നാലു ഘട്ടങ്ങള്‍ കടന്നിട്ടുണ്ട്. കേവലനിഷേധത്തിന്റെ ഒന്നാംഘട്ടം സത്വരവും ധ്യാനാത്മകവുമായ സമസ്ത വിജ്ഞാനങ്ങളെയും ചോദ്യം ചെയ്തു. എല്ലാ തെളിവുകളും കാഴ്ചപ്പാടുകളും സൂചനകളും വെല്ലുവിളിക്കപ്പെട്ടു. വേദപ്രാമാണ്യത്തെ പിടിച്ചുലച്ചു, നിഷേധിച്ചു. രണ്ടാംഘട്ടത്തില്‍ പ്രത്യക്ഷ പ്രമാണത്തെ അറിവിന്റെ പ്രഭവമായും ആത്മാവും ശരീരവും തമ്മിലുള്ള പാരസ്പര്യത്തിന്റെ സിദ്ധാന്തമായും കണ്ടു; സ്വഭാവ വാദത്തെ സ്വീകരിച്ചു. ഈ ഘട്ടത്തിലാണ് തത്വചിന്താപദ്ധതിയായി ഭൌതികവാദം വികസിക്കാന്‍ തുടങ്ങുന്നത്. അജിതകേശകമ്പലിന്‍ (Ajita Kesakambalin), കമ്പലാശ്വതാര (Kambalaswatara), പുരാണകശ്യപ (PurnaKasyapa) തുടങ്ങിയ പ്രമുഖ ഭൌതികവാദികള്‍ അക്കാലത്തു വളര്‍ന്നുവന്നവരാണ്. ലോകായതമെന്ന പേര് ഈ ശാഖയ്ക്കു പതിയാന്‍ തുടങ്ങുന്നതും ഇക്കാലത്തുതന്നെ.
മൂന്നാംഘട്ടത്തില്‍ ഇന്ദ്രിയാനന്ദവാദം (Hedonism) ഇതിന്റെ തീവ്രമുഖങ്ങളിലൊന്നായി മാറി. സാമൂഹികവും മതപരവും രാഷ്ട്രീയവുമായ മേഖലകളിലെ ചിന്താസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗത്തിനെതിരെ രൂപപ്പെട്ടതാണ് ഈ ആനന്ദവാദം. ഇന്ദ്രിയാസക്തി സ്വാതന്ത്ര്യത്തെ പുറന്തള്ളി. മാലാഖമാരുടെ ഇരിപ്പിടങ്ങള്‍ ചെകുത്താന് കൈയടക്കി. ദുര്‍നടപ്പിന്റെയും തെറ്റിദ്ധാരണകളുടെയും പ്രപാതഫലങ്ങളുടെ സന്ദര്‍ഭത്തില്‍ അതിനോടുള്ള കലാപമായാണ് ചാര്‍വാകം ഉരുവംകൊണ്ടത്. അവര്‍ ഇങ്ങനെ ഉപദേശിച്ചു. തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്തെന്നാല്‍ ഒരുനാള്‍ ഏവരും മരിക്കും. തീവ്രമായ ഈ ആനന്ദാത്മകതയിലുള്ള ഊന്നല്‍ ചാര്‍വാകത്തിന്റെ ആന്തരചൈതന്യം തന്നെ തകര്‍ക്കുംവിധം തീവ്രമായിരുന്നു.
ആശയവാദത്തിനുനേരെ തിരിഞ്ഞ ഈ ഭൌതികവാദധാര ശരീരം തന്നെയാണ് ആത്മാവെന്നു സമര്‍ഥിച്ചു. ആത്മീയവാദികളുടെ കടുത്ത ആക്രമണത്തിന്റെ സന്ദര്‍ഭത്തില്‍, ലോകായതര്‍, ശരീരത്തില്‍നിന്ന് ഭിന്നമായി ആത്മാവില്ലെന്ന സിദ്ധാന്തത്തിലേക്കുണര്ന്നു. ആത്മാവിനൊപ്പം ഇന്ദ്രിയങ്ങള്‍, ശ്വാസം, മസ്തിഷ്കം എന്നിവയെക്കുറിച്ചും പഠിക്കാന്‍ തുനിഞ്ഞു. അനുമാനം അറിവിന്റെ മാര്‍ഗമല്ലെന്ന് ഭൌതികവാദികള്‍ നേരത്തെതന്നെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍, ആദ്യം സാധ്യതയെയും ചുരുങ്ങിയ അര്‍ഥത്തിലെങ്കിലും അനുമാനത്തെയും അറിവിന്റെ സ്രോതസ്സായി സ്വീകരിച്ചു. ഇന്ത്യന്‍ ഭൌതികവാദത്തില്‍ ഈ മുഖത്തിന്റെ വക്താക്കളാണ് പുരന്ദരന്‍ തുടങ്ങിയ ചിന്തകര്‍.
നാലാം ഘട്ടം, വേദാന്തികളെ എതിര്‍ക്കുന്നിടത്ത്, ഈ ധാര ബുദ്ധജൈനചിന്തകളോട് ഒത്തുനിന്നു. അതോടെ നാസ്തികം എന്ന പൊതുപേരില്‍ അറിയപ്പെടാനും തുടങ്ങി. വേദപ്രാമാണ്യം തിരസ്കരിക്കുന്നവരാണ് (nastiko veda-nindaka) നാസ്തികര്‍.
ലോകായതം സംബന്ധിച്ച പ്രമാണ ഗ്രന്ഥങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. എതിരാളികള്‍ ഖണ്ഡനാര്ഥം ഉദ്ധരിച്ചുചേര്‍ത്ത പൂര്‍വപക്ഷ രൂപത്തിലുള്ള ഖണ്ഡങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ ഭിന്നമുഖങ്ങളെയും കാഴ്ചകളെയും പ്രതിനിധീകരിക്കുന്ന മൌലികസൂത്രങ്ങള് സമാഹരിച്ചവതരിപ്പിക്കുക അസാധ്യമാണ്. ലോകായതത്തിന്റെ വിവിധഘട്ടങ്ങളെ രൂപപ്പെടുത്തുന്ന ആശയങ്ങള്‍ സൂത്രങ്ങളുടെയും ശ്ളോകങ്ങളുടെയും രൂപത്തില്‍ അവിടവിടെ ചിതറിക്കാണാം. ഈ സൂത്രങ്ങളും ശ്ളോകങ്ങളും യുക്തിബദ്ധമായി സമാഹരിക്കുകവഴി ഇന്ത്യന്‍ ഭൌതികവാദത്തിന്റെ സമഗ്രചിത്രം പുനരെഴുതാന്‍ കഴിയും.
ലോകായതത്തിന്റെ സ്ഥാപകന്‍ ബൃഹസ്പദിയാണെന്നു വിചാരിക്കാന്‍ വേണ്ടത്ര യുക്തികള്‍ ഉണ്ട്. ബൃഹസ്പദിയുടെ പേരില്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുള്ളതും ലഭിച്ചുവരുന്നതുമായ സൂത്രങ്ങള്‍ ബൃഹസ്പദി ഒരു മിത്തല്ലെന്നും ചരിത്രപുരുഷനാണെന്നും തെളിയിക്കുന്നു. ആരെന്നു കൃത്യമായി കണ്ടെത്തുക പക്ഷെ പ്രയാസകരമാണുതാനും. പ്രൊഫസര്‍ ബല്വാക്കറെ (Belvalker)പ്പോലുള്ള പണ്ഡിതര്‍ ബാര്ഹസ്പദ്യത്തിന്റെ സ്ഥാപകന്‍ ബൃഹസ്പദിയാണെന്നഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഒന്നിലേറെയാളുകളെ ഒരു തുടര്‍ച്ചയായി പരിഗണിക്കുമ്പോള്‍, അജിതകേശകംബലില്, ചര്‍വാകന്‍, പുരന്ദരന്‍ എന്നീ പേരുകള്‍ യഥാക്രമം ലോകായതം, ചാര്‍വാകം, നാസ്തികപദ്ധതികളുടെ സ്ഥാപകരായി പരിഗണിക്കപ്പെടും. ലോകായതത്തിന്റെ വക്താക്കളില്‍ പ്രധാനിയാണ് ഭാഗിരി (Bhagiri). എന്നാല്‍ ഇദ്ദേഹത്തിന്റെ പേരില്‍ സൂത്രങ്ങളൊന്നും കണ്ടുകിട്ടിയിട്ടില്ലാത്തതിനാല്‍ ഭൌതികവാദചരിത്രത്തില് അദ്ദേഹത്തിന് സ്ഥാനം ലഭിച്ചിട്ടില്ല.
ഇന്ത്യന്‍ ഭൌതികവാദത്തിന്റെ നാലുഘട്ടങ്ങള്‍ ഇനി വിശദമായി പരിശോധിക്കാം.
ഇന്ത്യന്‍ ഭൌതികവാദത്തിന്റെയും ഇന്ദ്രിയാനന്ദവാദത്തിന്റെയും ചരിത്രം
അനുകൂലസമ്പന്നമായ ജീവിതസാഹചര്യങ്ങളാല്‍ നിറഞ്ഞ പ്രകൃതിയായിരുന്നു പ്രാചീന ഇന്ത്യയിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ നിലനില്‍പ്പിനായുള്ള സമരം താരതമ്യേന നിസ്സാരവുമായിരുന്നു. ജനാഭിരുചി ചെത്തിമിനുക്കപ്പെട്ടിരുന്നില്ല. ധ്രുവസൂര്യന്റെ തീക്ഷ്ണപ്രകാശത്തില്നിന്ന് രക്ഷതേടി മനുഷ്യര്‍ ഗുഹകളിലും പര്‍വതസാനുക്കളിലും താമസിച്ചുവന്നു. രാഷ്ട്രീയാധികാരങ്ങളുടെ ഇടപെടലുകള്‍ അവരുടെ മനഃശാന്തിയെ തീരെ ബാധിച്ചില്ല. എഴുത്തുവിദ്യയുടെ അഭാവത്തില്‍, സാഹിതീയ താല്‍പ്പര്യങ്ങള്‍ അവരില്‍ ഉണര്ന്നിരുന്നേയില്ല. കലയോ ശാസ്ത്രമോ അവരുടെ ഊര്‍ജം വഴിമാറ്റിയൊഴുക്കിയിരുന്നുമില്ല. ഓര്‍മയില്‍ നിലനില്ക്കുന്നതുമാത്രമേ അവര്‍ സാഹിത്യമായി പരിഗണിച്ചുള്ളു. ദാര്‍ശനികവും മതപരവുമായ പ്രശ്നങ്ങള്‍ അവര്‍ക്ക് കേവലം ചിന്താവിഷയമായിരുന്നു. ജീവിക്കുന്ന കാലത്തെയും ഭൌതികലോകത്തെയും കുറിച്ചേ അവര്ക്കാലോചിക്കാനുണ്ടായിരുന്നുള്ളു. തങ്ങള്‍ എന്താണ്? എവിടുന്നാണ് വന്നത്? എവിടെ പോകുന്നു? എന്ത് ധര്‍മം? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സ്വന്തമായ ഉത്തരങ്ങള്‍ അവര്‍ കണ്ടെത്തി. ഇവിടെയാണ് ഇന്ത്യന്‍ തത്വചിന്തയുടെ തുടക്കം.
മനുഷ്യരചിത സാഹിത്യങ്ങളില്‍ ഏറ്റവും പഴക്കമേറിയ വേദങ്ങളില്‍ ഈ അന്വേഷണങ്ങള്‍ കാണാം. ഇവയെ പക്ഷെ, സൂക്ഷ്മ മാര്‍ഗത്തില്‍ തത്വചിന്തയെന്നു വിളിക്കുക സാധ്യമല്ല. അവ യുക്തിപൂര്‍ണമായ ആഖ്യാനങ്ങളല്ല. സമുദ്രത്തിലെ നാഴികകല്ലുകള്പോലെ അങ്ങിങ്ങ് ചിതറി ക്രമരഹിതമായി കാണുന്ന ചിന്താശകലങ്ങള്‍ മാത്രമാണവ. തത്വചിന്തയുടെ പ്രവണതകള്‍ അവയില്‍ അങ്ങിങ്ങ് കണ്ടെത്താമെന്നുമാത്രം. സാവധാനം ഇതു വികസിച്ചു. തത്വചിന്തയുടെ സൂക്ഷ്മതകളിലേക്കുള്ള വികാസവുമായിരുന്നു ഇതെന്നു പറയാം. വ്യവസ്ഥാപിതവും യുക്തിബദ്ധവുമായ ഈ പദ്ധതികള്‍ക്കിടയില്‍ ഭൌതികവാദം വളരെ പ്രാചീനമായി കരുതാം. ചിലര്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഇത് പ്രാചീനതമമാണെന്നഭിപ്രായപ്പെടുന്നുണ്ട്. മറ്റെല്ലാ ചിന്താശാഖകളും ഭൌതികവാദമുന്നയിച്ച സത്യത്തെ തിരസ്കരിക്കാന്‍ ശ്രമിക്കുന്നുവെന്നത് ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ദര്‍ശനമെന്ന വാക്ക് പ്രാഥമിക തലത്തില്‍ കാഴ്ചയെ സൂചിപ്പിക്കുന്നു. ശാസ്ത്രമെന്ന് രണ്ടാമത്തെ അര്‍ഥം. ഭൌതികവാദത്തെയാണ് ഈ പദം കൊണ്ടര്‍ഥമാക്കുന്നത്. ബൃഹസ്പദിയുടെ പിന്‍ഗാമികളാണ് ഈ വാക്കുപയോഗിച്ചത് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇവരില്‍ നിന്നായിരിക്കാം മറ്റു ചിന്താശാഖകള്‍ ഈ പദം കടംകൊണ്ടത്. ഭൌതികവാദ ദര്‍ശനത്തിന് ഇതര ദര്‍ശനങ്ങളെ അപേക്ഷിച്ചുള്ള പ്രാചീനത സൂചിപ്പിക്കുന്നു ഈ അഭിപ്രായം. ഭൌതികവാദമാണ് യഥാര്‍ഥ തത്വചിന്താപദ്ധതിയെന്നു പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യവംശത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്ന മറ്റു ചിലരാകട്ടെ, ഭൌതികവാദം മറ്റുള്ളവയോടൊപ്പം പ്രാചീനമാകാമെങ്കിലും അവയെക്കാള്‍ പ്രാചീനമാണെന്നു പറയുക വയ്യെന്നു വാദിക്കുന്നു. വികലീകൃത ആശയങ്ങളെയോ പ്രയോഗങ്ങളെയോ എതിര്‍ത്തു തോല്പ്പിക്കുവാനല്ലാതെ കേവലാര്‍ഥത്തില്‍ ഭൌതികവാദം പോലൊരു ദര്‍ശനം രൂപപ്പെടുകയില്ലെന്നാണ് അവരുടെ വാദം. ബൃഹസ്പദിയെപ്പോലുള്ള ഭൌതികവാദികള്‍ കേവലാര്‍ഥത്തില്‍ ദര്‍ശനത്തിന്റെ നിര്‍മാണാത്മക പദ്ധതി രൂപപ്പെടുത്തുകയില്ല. മറ്റു ദര്‍ശനങ്ങളുടെ അസംബന്ധാത്മകതയും യാഥാസ്ഥിതികത്വവും തകര്‍ക്കുവാനുള്ള ശ്രമമായിരുന്നു അവരുടേത്. അതുകൊണ്ടുതന്നെ ബ്രാഹസ്പദ്യം ഒന്നാമത്തേതല്ല, അവസാനത്തേതാവാനേ സാധ്യതയുള്ളുവെന്നും പറയാം.
ഈ പദ്ധതികള്‍ക്കെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. വിഭിന്ന സരണികളില്പ്പെട്ട-വിരുദ്ധങ്ങള്‍ പോലുമായ-ഈ ശാഖകള്‍ വ്യത്യസ്ത തലമുറകളില്‍പെടുന്ന ഒറ്റപ്പെട്ട ചിന്തകരിലെ ആശയങ്ങളുടെ അവസാന ക്രോഡീകരണമല്ല. വ്യവസ്ഥാപിതമായ ആദ്യ സമീപനവുമല്ല. ക്രമീകൃതവും വരമൊഴിരൂപിയുമായി ഇന്ത്യയില്‍ തത്വചിന്തയുടെ ബൃഹത് സംസ്കൃതി രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
ഈ വളര്‍ച്ച സുദീര്‍ഘ വിസ്തൃതമായ കാലത്താണ് സംഭവിച്ചതെന്നു മറന്നുകൂട. ഈ സഞ്ചാരത്തിനിടയില്‍ ഒരു ശാഖയ്ക്കുള്ളില്ത്തന്നെ അനേകം ചര്‍ച്ചകള്‍ നടന്നിരിക്കണം. കൊള്ളക്കൊടുക്കലുകള്‍ സുലഭമായി നടന്നിരിക്കും. കേവല പ്രവണതകളായി നിലനിന്നിരുന്ന മറ്റു ചിന്തകളോട് ഏറ്റുമുട്ടിക്കൊണ്ടു തന്നെയാണ് ലോകായതം ഇന്നറിയുന്ന അവസ്ഥയിലെത്തുന്നതിനുമുമ്പ് വളര്‍ന്നു വന്നിരിക്കുക. ഭിന്ന ചരിത്ര സന്ദര്ഭങ്ങളില്പ്പെട്ട പദ്ധതികളെന്ന നിലയില്‍ കേവല പ്രവണതകളായിനിന്ന തുടക്കകാലത്ത് ഇവ സമകാലികമായിരിക്കും. മറ്റു ചിന്തകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രാഹസ്പദ്യം അക്കാലത്ത് ദുര്‍ബലമാണ്. പരിണാമ നിയമപ്രകാരം ആദ്യശാഖ ഏറ്റവും ദുര്‍ബലവും അവസാനത്തേത് ബലിഷ്ഠവുമായിരിക്കും. അതായത് ഭൌതികവാദം ദുര്ബലമാണെന്നതിനര്ഥം ഏറ്റവും പ്രാചീനമാണെന്നുതന്നെ.
ഒന്നാംഘട്ടം
ബൃഹസ്പദിയുടെ ചിന്താപദ്ധതി മൌലികമായി വിതണ്ഡവാദമെന്ന് വിലയിരുത്തപ്പെടുന്നു. വിതണ്ഡവാദം ഇതില്‍ ഒഴിവാക്കാനാവാത്തതുതന്നെയാണ്. മറ്റു പദ്ധതികളോടുള്ള കടുത്ത അസഹിഷ്ണുത മൂലം അവയെ ഖണ്ഡിച്ചില്ലാതാക്കുന്നതിന് ഈ ശാഖ ശ്രമിച്ചു. മൌലികാവസ്ഥയില് വിപരീത സ്വഭാവിയും സംഹാരാത്മകവുമായ സമീപനമാണ് ഭൌതികവാദം സ്വീകരിച്ചത്. തത്വോപപ്ളവസിംഹകര്ത്താവായ ജയശ്രീ ഭട്ട ഇതുസംബന്ധിച്ച രേഖകള്‍ സൂക്ഷിച്ചിട്ടുണ്ട്.
ചിന്തയിലെ ഈ ഋണാത്മക(Negative) സമീപനം വേദങ്ങളില്തന്നെ പ്രകടമാണ്. വേദകാലത്ത് വൈദിക ദേവതകളില്‍ അവിശ്വസിക്കുന്നയാളുകളുണ്ടായിരുന്നു. അവിശ്വാസികളെയും നിന്ദകരെയും സൂചിപ്പിക്കുന്ന സ്തുതികള്‍ വേദങ്ങളില്‍ കാണാം. വേദങ്ങളുടെ വാച്യാര്‍ഥ പഠനത്തോടുള്ള എതിര്‍പ്പ് ബൃഹസ്പദിക്കു സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഋക്കുകളില്‍ കാണുന്നുണ്ട്. മഴയത്ത് ശബ്ദമുണ്ടാക്കുന്ന തവളകളോട് ഉപമിക്കുന്നു. അര്‍ഥമറിയാതെ വേദമന്ത്രങ്ങളുരുവിടുന്ന വൈദിക പൌരോഹിത്യത്തോടുള്ള കടുത്ത പരിഹാസമാണ് തവളക്കഥയുടെ ലാക്ഷണികാര്ഥമെന്ന് മാക്സ്മുള്ളര്‍ എഴുതുന്നുണ്ട്. അര്‍ഥമറിയാതെ മന്ത്രമുരുവിടുക മാത്രം ചെയ്യുന്നവര്‍ വേദത്തിന്റെ യഥാര്‍ഥ സത്യം/അര്‍ഥം മനസ്സിലാക്കുന്നില്ലെന്ന് യാസ്കന്‍ വ്യക്തമായി പറയുന്നു. ജ്ഞാനസഹിത പ്രയോഗം ജ്ഞാനരഹിത പ്രയോഗത്തേക്കാള്‍ പ്രയോജനകരമെന്ന് ചന്ദോഗ്യോപനിഷത്ത് വിശദീകരിക്കുന്നു. പൂര്‍വമീമാംസയില്‍ ജൈമിനിയും ഇതേ ആശയം വിശദീകരിച്ചുകാണാം. വേദങ്ങളിലെ മതവിരുദ്ധ പരമാര്‍ശങ്ങള്‍ പില്ക്കാല രചനകളിലും പിന്തുടരുന്നുണ്ട്. ഐതരേയ ആരണ്യകത്തില്‍ ഇങ്ങനെ വായിക്കാം.
നാം എന്തിന് വേദങ്ങള്‍ ആവര്‍ത്തിക്കണം? അഥവാ ഇത്തരം ത്യാഗങ്ങള്‍ വാഗ്ദാനം ചെയ്യണം? ബൃഹസ്പദിയുടെ പിന്‍ഗാമികളുടെ പ്രധാനകര്‍മം വേദപ്രാമാണ്യത്തെ എതിര്‍ത്തു തോല്‍പ്പിക്കുകയായിരുന്നു. തങ്ങളുടെ പ്രവൃത്തികളുടെ തുടക്കം മുതല്‍ തന്നെ അവര്‍ അത് തുടര്‍ന്നു. വേദങ്ങളും മന്ത്രങ്ങളും അര്‍ഥമറിയാതെ ഉരുവിടുന്നവരെയും ഇവര്‍ കഠിനമായെതിര്ത്തു, പരിഹസിച്ചു. ഇവയത്രയും ബൃഹസ്പദീശാഖയുടെ പിന്‍ഗാമികള്‍ ചിരേണ ഗുണാത്മകവശങ്ങള്‍ ഒന്നുമേയില്ലാത്ത കേവല നിഷേധികളായി പ്രചരിപ്പിക്കപ്പെട്ടു. ഗുണാത്മക ഘട്ടത്തിന്റെ അനിവാര്യതയിലേക്ക് ഇത് ചൂണ്ടി. ബൃഹസ്പദി ചിന്തയുടെ രണ്ടാം ഘട്ടത്തില്‍ എന്തുകൊണ്ട് എന്ന ചോദ്യമുയരുകയും വിശദീകരണാര്‍ഥം സ്വഭാവവാദത്തില് എത്തുകയും ചെയ്തു. സംഭവങ്ങളെല്ലാം സ്വാഭാവികമായുണ്ടാകുന്നുവെന്ന് സ്വഭാവവാദം വിശദമാക്കും. മയില്‍പ്പീലിയിലെ കണ്ണുകള്‍ക്കു സദൃശമായ ഭാഗത്തിനോ താമരയുടെ മൊട്ടിനോ സവിശേഷകാരണങ്ങള്‍ ഒന്നും ഇല്ല. അവ അവയുടെ പ്രകൃതിസ്വഭാവമാണ്. കാണാന്‍ കഴിയാത്തതിനാല്‍ കാരണങ്ങള്‍ ഇല്ല. വൈവിധ്യാത്മകതമായ ഈ ലോകത്തിനും കാരണം ഇതുതന്നെ. ആഹ്ളാദം, വേദന തുടങ്ങിയ വികാരങ്ങളുടെ അവസ്ഥയും ഇതാണ്. അവയ്ക്ക് കാരണങ്ങളില്ല. സവിശേഷ സന്ദര്‍ഭങ്ങളില്‍ മാത്രമാണവ ഉണ്ടാകുന്നത്. സ്വഭാവവാദത്തിന് സ്വതന്ത്രമായ രീതികള്‍ ഉണ്ട്. കാലക്രമത്തില്‍ സ്വഭാവവാദത്തിന്റെ സ്വതന്ത്രത ബ്രാഹസ്പദ്യത്തോടിണങ്ങി ഇല്ലാതായിത്തീരുന്നു. സ്വഭാവവാദത്തിന്റെ തീവ്രവാദകാലങ്ങളില് ബൃഹസ്പദിയുടെ പിന്‍ഗാമികള്‍ കൂടിക്കലര്‍ന്നു. അതോടെ, സ്വാഭാവികകാരണങ്ങളുടെ തിരസ്കാരം, പ്രവൃത്തികളുടെ നല്ലതും തീയതുമായ ചേരുവകളുടെ നിഷേധം എന്നിവ അതിന്റെ സര്‍വപ്രധാന മുഖമായി മാറി. കാരണങ്ങളൊന്നുമില്ലാതെതന്നെ വസ്തു സംഭവിക്കുമെന്നുവന്നു. വേദകാലത്തു തന്നെ ഭൌതികവാദപരമായ ഈ കാഴ്ചപ്പാട് ബൃഹസ്പദിയിലൂടെ ഉറച്ചിരുന്നു. ദൈവങ്ങളുടെ ആദ്യകാലത്ത് സത്ത് അസത്തില്നിന്നാണ് ഉത്ഭവിച്ചത്.
ലോകോല്പ്പത്തിയെക്കുറിച്ച് അക്കാലത്തു നിലനിന്നിരുന്ന പ്രശസ്തമായ സിദ്ധാന്തങ്ങളിലൊന്ന് ശ്വേതാശ്വതരോപനിഷത്തില്‍ കാണാം. പ്രകൃതിവാദം ഇത്തരത്തിലൊന്നാണ്. അക്കാലത്ത് ഇതു തികച്ചും സ്വതന്ത്രമായ സിദ്ധാന്തമായിരുന്നു. സമകാല അന്ധവിശ്വാസങ്ങളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സ്വതന്ത്ര ചിന്തകരായ അനേകം അനുയായികള്‍ ബൃഹസ്പദിക്കുണ്ടായിരുന്നു.
താമസിയാതെ ബ്രാഹസ്പദിയന് ചിന്താപദ്ധതിക്കെതിരായ ചിന്ത വളര്‍ന്നുവന്നു. ഒരു പക്ഷേ ബ്രഹസ്പദിയന് ചിന്തയിലെ നിഷേധാത്മക/ഹിംസാത്മക ഘടകമാവാം പ്രതിരോധത്തിന് എതിരാളികള്‍ക്ക് ഈ പ്രേരണയായത്. വൈദികചിന്തയില്നിന്നാണ് ഈ വിധം പ്രതിരോധം കടന്നുവന്നത്. ബൃഹസ്പദിയും അനുയായികളുമുള്‍പ്പെട്ട നാസ്തികചിന്തകരെ നീചരും സാമൂഹ്യദ്രോഹികളുമായി അവതരിപ്പിച്ചുകൊണ്ടാണ് ഈ ആക്രമണം തുടര്‍ന്നത്.
നിഷേധാത്മക ചിന്തയുടെ രീതിശാസ്ത്രം സ്വീകരിച്ച ഈ സ്വതന്ത്രചിന്തകരുടെ മേലെ കരിനിഴല്‍ വീഴ്ത്തപ്പെട്ടു. വിഭിന്നങ്ങളായ വേദാന്തപദ്ധതികളുടെ കടന്നാക്രമണത്തിന്കീഴില് എല്ലാ സ്വതന്ത്ര ചിന്താപദ്ധതികളും വഴിമുട്ടി എന്നു സാരം.
രണ്ടാംഘട്ടം
സ്വഭാവവാദ(Naturalism)ത്തിന്റെ സ്വാധീനത്തോടെ കാര്യങ്ങളുടെ അവസ്ഥ മാറി. യാഥാസ്ഥിതിക സമുദായത്തിന്റെ കടുത്ത എതിര്‍പ്പ്മൂലം ലോകായതം സ്വഭാവവാദത്തോടു ചേര്‍ന്ന് പിന്‍വാങ്ങി. പ്രവൃത്തികളുടെ അനന്തരഫലമായി നന്മതിന്മകളില് ഈ രണ്ടു ചിന്തകളും വിശ്വസിച്ചില്ല. ദീര്‍ഘകാലം സവിശേഷ പ്രവണതകളായി നിലനിന്ന ലോകായതം സ്വഭാവവാദത്തിന്റെ സ്വീകരണത്തോടെ സ്വതന്ത്രമായ തത്വചിന്താപദ്ധതിയായി വികസിച്ചു. അങ്ങനെ ആദ്യത്തെ ദര്‍ശനം-ലോകായത ദര്‍ശനം-ഉത്ഭവിച്ചു.
തികച്ചും പ്രത്യക്ഷ പ്രമാണത്തില്‍ ഊന്നുകയാണ് ഈ ദര്‍ശനം ചെയ്തത്. ബാര്ഹസ്പദ്യര് പ്രത്യക്ഷപ്രമാണം ഈ സന്ദര്‍ഭത്തില്‍ ആധികാരിക പ്രമാണമായി സ്വീകരിച്ചു. അസ്തിത്വത്തിന്റെ ഒരേയൊരു മാനദണ്ഡം പ്രത്യക്ഷ പ്രമാണമായി മാറി. പ്രത്യക്ഷ പ്രമാണത്തിനു നിരക്കാത്തവയുടെ അസ്തിത്വം പൂര്‍ണമായിതന്നെ തിരസ്കരിച്ചു. ഇന്ദ്രിയപ്രമാണംകൊണ്ട് സവിശേഷ സത്യങ്ങള്‍ മാത്രമേ വിശദീകരിക്കാനാവൂ. പ്രാപഞ്ചിക സത്യങ്ങള്‍ കണ്ടെത്തി വിശദീകരിക്കാന്‍ കഴിയില്ല. അനുമാനം കൊണ്ട് തീരെ സാധ്യമല്ല. അറിവിന്റെ പറയപ്പെടുന്ന സ്രോതസ്സുകള്‍ ഒന്നുകൊണ്ടും പ്രാപഞ്ചിക ബന്ധം കണ്ടെത്തി വിശദീകരിക്കുക സാധ്യമല്ല. പ്രാപഞ്ചിക ബന്ധങ്ങളുടെ അസാധ്യത്തില്‍ അനുമാനം അസാധ്യമായതിനാലും പ്രാപഞ്ചിക ബന്ധം അപ്രാപ്യവുമായതിനാലും അറിവിന്റെ സ്രോതസ്സായി ആദ്യകാലത്ത് പരിഗണിച്ചുവന്ന അനുമാനത്തെ ലോകായതം കൈയൊഴിഞ്ഞു.
ഭൂമി, ജലം, വായു, അഗ്നി എന്നീ ചതുര്‍ഭൂതങ്ങള്‍ ചേര്‍ന്നു ലോകമുണ്ടാകുന്നുവെന്ന് ലോകായതം സമര്‍ഥിച്ചു. പ്രത്യക്ഷ പ്രമാണമല്ലാത്തതിനാല്‍ ആകാശത്തെ അവര്‍ പരിഗണിച്ചില്ല. അതുകൊണ്ട് ചതുര്‍ഭൂതങ്ങള്‍ സവിശേഷ അനുപാതത്തില്‍, സ്വാഭാവികമായ അണുഘടനയില്‍ സവിശേഷ സന്ദര്‍ഭങ്ങളില്‍ ലയിച്ച് ജീവജാലമായി പരിണമിക്കുന്നു.
ശരീരത്തിന്റെ ധര്‍മങ്ങളിലൊന്നാണ് ബോധം. ബോധം പ്രകടമാവുന്നതിന് ശരീരം കൂടിയേ കഴിയൂ. പദാര്‍ഥത്തിലെ ഘടകങ്ങളിലൊന്നല്ല ബോധം. ഈ ഘടകങ്ങള്‍ സവിശേഷരീതിയില്‍ കൂടിക്കലരുമ്പോള്‍ ജീവലക്ഷണം പ്രകടിപ്പിക്കുന്നു. ജീവനും ബോധവും സമാനങ്ങളാണ്. നമ്മുടെ ശരീരത്തെ രൂപപ്പെടുത്തിയ ഘടകങ്ങള്‍ ശിഥിലമായി നശിക്കുന്നതോടെ ചിന്താശേഷിയും നശിക്കുന്നു. ഇന്ദ്രിയബോധമില്ലാതെ ചിന്ത സാധ്യമല്ല. ശരീരം നശിച്ചാല്‍ പിന്നെ ബോധം നിലനില്‍ക്കില്ല. അതും നശിക്കുന്നു. അതുകൊണ്ടുതന്നെ പുനര്‍ജന്മത്തിനോ ദേഹാന്തരത്തിനോ ഒന്നും അവശേഷിക്കുന്നില്ല. ശരീരം, ബോധം തുടങ്ങിയവ താല്‍ക്കാലിക (Momentary) ങ്ങളാണ്. രാസപ്രവര്‍ത്തനങ്ങള്‍ വഴിയുണ്ടാകുന്ന വീഞ്ഞ്, ലഹരിപദാര്‍ഥങ്ങള്‍ എന്നിവ പോലെ മനസ്സും സവിശേഷമൂലകങ്ങളുടെ ചേര്‍ച്ചയുടെ ഫലമാണ്. ചതുര്‍ഭൂതങ്ങള്‍ സവിശേഷ സന്ദര്‍ഭത്തില്‍ സംയോജിക്കുമ്പോള്‍ മനസ്സ് ഉണ്ടായിത്തീരുന്നു. ചതുര്‍ഭൂതങ്ങളാണ് ലോകത്തിലെ ഏക യാഥാര്‍ഥ്യം.
താമരയും മറ്റു പൂക്കളും സവിശേഷ സന്ദര്‍ഭങ്ങളില്‍ വിടരുകയും കൂമ്പുകയും ചെയ്യുന്നതുപോലെതന്നെ നവജാതശിശുക്കളുടെ സഹജ ചലനങ്ങള്‍ ബാഹ്യപ്രേരണകളുടെ സ്വാധീന ഫലമാണ്. ഇതേപോലെതന്നെ ചില സവിശേഷ ജീവജാതികളുടെ ഉത്ഭവം കാണപ്പെടുന്നു. അന്തരീക്ഷത്തിലും തൈര് തുടങ്ങിയ പദാര്ഥങ്ങളിലും കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ കാര്യം ഉദാഹരിക്കാം. ഇവ മഴ ഈര്‍പ്പം തുടങ്ങി അനുകൂല സന്ദര്‍ഭങ്ങളില്‍ വംശവര്‍ധനയുണ്ടായി വളരുന്നു. ശാരീരിക പ്രവര്‍ത്തനഫലമായി രൂപപ്പെടുന്നതാണ് ഇന്ദ്രിയങ്ങളും കാഴ്ചകളും. അതുകൊണ്ടുതന്നെ അവയ്ക്ക് ഏറ്റിറക്കങ്ങളും ഉണ്ടാവുക സ്വാഭാവികം. മേല്‍പ്പറഞ്ഞ സൂക്ഷ്മ പ്രാണികളുടെ സാന്നിധ്യം തിരിച്ചറിയാനാവാത്തത് അതുകൊണ്ടാണ്. ബോധത്തിന്റെ അധിഷ്ഠാനം ശരീരമല്ലെങ്കില്‍ മേല്‍സൂചിപ്പിച്ച ഏറ്റിറക്കം സംഭവിക്കില്ല. സവിശേഷമായി തയ്യാര്‍ ചെയ്യപ്പെട്ട ഭക്ഷണപാനീയങ്ങള്‍ ബൌദ്ധിക ശക്തി വര്‍ധിപ്പിക്കുന്നുവെന്നതും ബോധം ശാരീരിക പ്രവര്ത്തനഫലമാണെന്നതിനു തെളിവായി പറയാം.
മനസ്സും ശരീരവും തമ്മിലും ഭൌതികവും സിരകളും തമ്മിലും മനസ്സും ബുദ്ധിയും തമ്മിലും സന്ധിക്കുന്ന ബിന്ദുക്കളും അതിന്റെ പ്രമാണങ്ങളും മനസ്സിന്റെ ഇരിപ്പിടവും വ്യത്യസ്തങ്ങളല്ല. ഗുണം, പരിണതി, വളര്‍ച്ച, വികാസം, പാരമ്പര്യം, അളവ് എന്നിവയാണ് ഈ സന്ധിയുടെ പ്രധാന തലങ്ങള്‍.
ശരീരത്തിലെ ഏതെങ്കിലും ഭാഗത്തെ സിരകള്‍ തകര്‍ന്നാല്‍ ശരീരത്തിന്റെ ആ ഭാഗവും തലച്ചോറും തമ്മിലുള്ള സംവേദനബന്ധം ശിഥിലമാവുന്നു. ആ ഭാഗവുമായി ബന്ധമുള്ള എല്ലാ വികാരാനുഭവങ്ങളും അതോടെ നിലയ്ക്കുന്നു. ഉത്തേജനത്തിനും വികാരാനുഭവത്തിനുമിടയിലുള്ള സമയദൂരം മനഃശാസ്ത്ര പഠനത്തിലൂടെ തെളിയിക്കാനാവും. ദീര്‍ഘമായ ചിന്തയും തീവ്രമായ വികാരപ്രകടനവും തലച്ചോറില്‍ വൈകാരികമായ തളര്‍ച്ചയ്ക്കും നാശത്തിനും കാരണമായിത്തീരുന്നു. ഇതു തുടര്‍ന്നാല്‍ വേദനയും വിഭ്രാന്തിയും ഉണ്ടാകാം. മാനസികപ്രവര്‍ത്തനം വര്‍ധിക്കുമ്പോള്‍ തലച്ചോറിന്റെ പ്രവൃത്തിയും വര്‍ധിക്കും. വിഭിന്ന ജീവികളുടെയും ഭിന്ന വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരുടെയും ഭിന്ന വ്യക്തികളുടെയും ബുദ്ധി താരതമ്യം ചെയ്താല്‍ ബുദ്ധിയും തലച്ചോറിന്റെ വലിപ്പം, ഭാരം, സങ്കീര്‍ണത എന്നിവയുമായി സവിശേഷബന്ധം കാണാം. ശരീരത്തിന്റെ ബാക്കി ഭാഗത്തെ അപേക്ഷിച്ച് തലച്ചോറ് വലുതാണെങ്കില്‍ ബുദ്ധി ഏറിയിരിക്കും. അതുകൊണ്ടാണ് മനസ്സ് ശരീരത്തിന്റെ ഒരു ഉല്‍പ്പന്നം അഥവാ രൂപമാണെന്നു ലോകായതര്‍ പറയുന്നത്. പദാര്‍ഥം മാത്രമാണ് ആത്യന്തികയാഥാര്‍ഥ്യം. ബോധം അഥവാ ചിന്ത ശരീരത്തിന്റെ ഒരു പ്രവര്‍ത്തനമാണ്. സങ്കോച വികാസങ്ങള്‍ മസിലുകളുടെയും മൂത്ര രക്ത ശുദ്ധീകരണങ്ങള്‍ വൃക്കകളുടെയും ധര്‍മമാണ്. അതുപോലെ വികാരങ്ങള്‍, വിചാരങ്ങള്‍, ചലനങ്ങള്‍ എന്നിവ ഉണ്ടാക്കുകയാണ് മസ്തിഷ്കത്തിന്റെ ധര്‍മം. അതുകൊണ്ടുതന്നെ മനസ്സിന് അതിന്റേതുമാത്രമായ സത്താപരമായ യാഥാര്‍ഥ്യമില്ല. മസ്തിഷ്കത്തില്‍നിന്നുള്ള തന്മാത്രകളുടെ ത്രാസങ്ങളില്‍ നിന്നാണ് മനസ്സ് വിടര്‍ന്നുവരിക.
മസ്തിഷ്കത്തിന്റെ ഈ തന്മാത്രാ പ്രവൃത്തി നിശ്ചലതയോടടുക്കുമ്പോള്, ബോധം അപ്രത്യക്ഷമാവുകയും ഉറക്കത്തിലെന്നപോലെ മനസ്സ് ചലനരഹിതമാവുകയും ചെയ്യുന്നു. ഉണരുമ്പോള്‍ ഈ ബോധം വീണ്ടും ചലനാത്മകമായിമാറുന്നു. അതായത് ബോധം അല്ലെങ്കില്‍ മനസ്സ് അനുസ്യൂതമായ പ്രവാഹമല്ല. മനസ്സ് ഒരു ഉപോല്പ്പന്നമാണ്. ചുരുക്കത്തില്‍ മനസ്സ് തികച്ചും ഭൌതികമാണെന്നര്ഥം.
സ്വഭാവവാദമനുസരിച്ച് ബോധം ശരീരത്തിന്റെ ധര്‍മമാണ്. ഈ ശരീരം തന്നെയാണ് ആത്മാവും. പുനര്ജന്മം, പൂര്‍വജന്മം എന്നീ സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരലോക സിദ്ധാന്തം ലോകായതര്‍ നിഷേധിച്ചു. ജീവിതത്തിനുമുമ്പോ പിമ്പോ യാഥാര്‍ഥ്യം നിലനില്‍ക്കുന്നില്ലെന്ന് അവര്‍ വാദിച്ചു. ചതുര്‍ഭൂതങ്ങളാണ് മൌലിക യാഥാര്‍ഥ്യം. ഈ ഭൂതങ്ങളുടെ ഉല്‍പ്പന്നമാണ് മനസ്സ്. അതുകൊണ്ടുതന്നെ മരണശേഷം മനസ്സ് അഥവാ ആത്മാവ് മറ്റൊരു ശരീരത്തിലേക്ക് കൂടുമാറുക സാധ്യമല്ല. ഒരിക്കല്‍ നശിച്ച ശരീരം പിന്നീട് അതേ പടിയാകുകയില്ല. സര്‍വനാശത്തിനുശേഷം ഒരു മനസ്സിന് മറ്റൊരു മനസ്സിനെ നിര്‍മിക്കാനാവില്ല.
കര്‍മഫല നിരാസത്തോടെ വിധി, ദൈവം, അദൃഷ്ടം (A-dr-sta) തുടങ്ങിയ നിഗൂഢ പ്രപഞ്ചഘടകങ്ങള്‍ സംബന്ധിച്ച സിദ്ധാന്തങ്ങളും തകര്‍ന്നടിയുന്നു. പൂര്‍വജന്മത്തിന്റെ സദ്, ദുര് ഫലങ്ങള്‍ അവിടെ ഉണ്ടാവില്ല. പ്രാതിഭാസിക ലോകത്തിലെ അന്തരങ്ങള്‍ക്കും നിര്‍ണയനങ്ങള്‍ക്കും വിധിവാദംകൊണ്ട് വിശദീകരണം നല്കുന്ന ആശയവാദ ചിന്തയെ ബ്രാഹസ്പദ്യര് സ്വഭാവവാദംകൊണ്ട് ഖണ്ഡിക്കുന്നു. ഈ വാദമനുസരിക്കുമ്പോള് പാപപുണ്യാസ്പദ ജീവിതചര്യകള്‍ നിരര്ഥകങ്ങളായിത്തീരുന്നു. മതം മയക്കുമരുന്നുപോലെ വ്യാജ സംതൃപ്തിയും ഉത്തേജനവും നല്കുന്ന ലഹരിയാണവിടെ. ഇച്ഛാശക്തിയില്ലാത്ത, ദുര്‍ബലരും മഠയരുമായ മനുഷ്യരുടെ മാര്‍ഗമാണ് പ്രാര്‍ഥന. നരകത്തിന്റെ പീഡകളില്‍നിന്ന് സ്വയം രക്ഷനേടാനുള്ള കപടമായ അഹന്തയാണ് ആരാധന. അര്‍ഥമില്ലാത്ത മന്ത്രങ്ങളുടെ സമാഹാരമാണ് വേദങ്ങള്‍. ഈ മന്ത്രങ്ങള്‍ അധികവും അസംബന്ധങ്ങളും പരസ്പര വിരുദ്ധങ്ങളും സന്ദിഗ്ധങ്ങളുമാണ്.
ജീവനാശത്തിനുശേഷവും ഒരാളെ സ്വര്ഗലോകത്തെത്തിക്കുവാന് യജ്ഞത്തിന് കഴിയുമെങ്കില്‍ കാട്ടുതീയില്‍ വെന്തുകഴിഞ്ഞ വൃക്ഷത്തില്‍നിന്ന് ഫലസമൃദ്ധിയുണ്ടാകണം. അങ്ങനെ പക്ഷെ ഉണ്ടാകുന്നില്ല. ബുദ്ധിയും പൌരുഷവും കെട്ട മനുഷ്യരുടെ ഉപജീവന മാര്‍ഗങ്ങളാണ് മതവും സന്യാസവും. അതുകൊണ്ട് വിശുദ്ധ പുസ്തകങ്ങളെന്നറിയപ്പെടുന്ന മൂന്നുവേദങ്ങളും തെമ്മാടികളുടെ രചനകളാണ്. അവ ആധികാരികമേ അല്ല. പുത്രാര്‍ഥം നടത്തുന്ന പുത്രകാമേഷ്ടി സംശയാസ്പദമായ-അനുകൂലവും പ്രതികൂലവുമായ-രണ്ടുതരം ഫലമുണ്ടാക്കാം. പുത്രന് ജനിച്ചാല്‍ തങ്ങളുടെ മന്ത്രോഛാരണത്തിന്റെ ഫലമാണെന്നു പറയും. കുട്ടി ജനിക്കാതെ വന്നാലോ, യാഗത്തില്‍ പിഴവോ അപൂര്‍ണതയോ സംഭവിച്ചതുമൂലമാണെന്നായിരിക്കും വിശദീകരണം. യജ്ഞത്തില്‍ കൊല്ലപ്പെടുന്ന മൃഗം സ്വര്‍ഗം പ്രാപിക്കുമെന്ന് പുരോഹിതര്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ട് അവര്‍ അവരുടെ വൃദ്ധരായ പിതാക്കളെ യാഗത്തില്‍ കൊന്ന് നേരെ സ്വര്ഗത്തേക്കയക്കുന്നില്ല? ശ്രാദ്ധം കഴിച്ചാല്‍ മരിച്ചവരുടെ വിശപ്പ് മാറുമെങ്കില്‍ യാത്ര പോകുന്നവര്‍ക്കു വിശപ്പുമാറാന്‍ ബന്ധുക്കള്‍ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചാല്‍ മതിയല്ലോ. അതുകൊണ്ട് ഈ ചടങ്ങുകളെല്ലാം ബ്രാഹ്മണര്‍ ഉപജീവനാര്‍ഥം നടത്തുന്നതാണ്. അതിനപ്പുറം ഇവയ്ക്ക് അര്‍ഥമില്ല. അതുകൊണ്ട്, ദൈവങ്ങളെ പ്രാര്‍ഥനയും വാഗ്വാദങ്ങളുംകൊണ്ട് പ്രീതിപ്പെടുത്താനുള്ള മതപരമായ ചടങ്ങുകളെല്ലാം നിഷ്ഫലവും ആഭാസകരവുമാണ്. മതങ്ങളെല്ലാം സ്വാര്ഥപൂരണാര്ഥം സഹജീവികളായ മനുഷ്യര്‍ ഉണ്ടാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ഇത്തരം അന്ധവിശ്വാസങ്ങള്‍ ഉപേക്ഷിക്കുക. തിന്നുക, കുടിക്കുക, ആഹ്ളാദിക്കുക. കാരണം നാളെ എല്ലാവരും മരിക്കും.’
ഈ മട്ടിലുള്ള ചിന്താക്രമം, കാമതൃഷ്ണകളുടെ പൂരണമാണ് ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് കരുതുന്നു. സ്വാതന്ത്ര്യത്തില്‍ മാത്രം ലഭ്യമാകുന്ന ധ്യാനാത്മകമായ ആനന്ദത്തില്‍ മാത്രമായിരുന്നു അവരുടെ അന്വേഷണം.
അങ്ങനെ ലോകായതര്‍ പരമ്പരാഗത മതചിന്തയെ തള്ളിനീക്കി മനുഷ്യനെ ഭൌതികമായ ഊര്‍ജത്തിലേക്കും ഇച്ഛാശക്തിയിലേക്കും ഉണര്‍ത്തി. സ്വര്‍ഗത്തിനുവേണ്ടി ഐഹിക ജീവിതത്തെ തള്ളിക്കളയുന്ന സമീപനം തിരസ്കരിച്ച് ഭൌമജീവിതത്തിന്റെ സൌഭാഗ്യങ്ങളിലേക്ക് തിരിച്ചു ചിന്തിക്കാന്‍ മനുഷ്യനെ പ്രചോദിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ ഉണര്‍വാണ് ഈ പ്രസ്ഥാനത്തിന്റെ സ്വാഭാവികഫലം. ബൌദ്ധസംസ്കാരത്തിന്റെ ഉദയം ഈ സ്വാതന്ത്ര്യ പഥങ്ങളിലൂടെയാണ്. ലോകായതത്തിന്റെ സ്വാധീനം ബുദ്ധചിന്തയില്‍ പ്രകടമാണ്. ചര്‍വാകം എന്ന പേര് പലപ്പോഴും ബുദ്ധചിന്തയ്ക്കു വിശേഷണമായി പ്രയോഗിച്ചു കാണാം. കലകളുടെയും ശാസ്ത്രത്തിന്റെയും വികാസവും പ്രചാരവുമായിരുന്നു ഈ ചിന്താ പദ്ധതികളുടെ ഫലം. ഇന്ത്യന്‍ ഭൌതികവാദചിന്തയുടെ കാലത്ത് വികസിച്ചുവന്ന 64 കലകളെക്കുറിച്ച് വാത്സ്യായനന്‍ രേഖപ്പെടുത്തുന്നുണ്ട്. അജിതകേശകംബലിന്‍ തുടങ്ങിയവര്‍ ഭൌതികവാദചിന്തയെക്കുറിച്ച് ധാരാളം എഴുതി പ്രചരിപ്പിച്ചു. സാമന്തഫലസത്ത അജിതന്റെ കാഴ്ചകളെ ഇങ്ങനെ വിശദീകരിക്കുന്നു: യജ്ഞങ്ങള്‍, പ്രാര്‍ഥനകള്‍, നേര്‍ച്ചകള്‍ എന്നിവകൊണ്ട് ഫലമില്ല. നന്മതിന്മകളോ പാപപുണ്യങ്ങളോ ഈ ലോകത്തും പരലോകത്തും ഇല്ല. പരലോകങ്ങളെക്കുറിച്ച് ആധികാരികമായ അറിവുള്ള ബ്രാഹ്മണരോ പുരോഹിതരോ ഇല്ല. ചതുര്ഭൂതങ്ങളാലുണ്ടാക്കപ്പെട്ടതാണ് ഓരോ മനുഷ്യനും. മനുഷ്യന് മരിക്കുമ്പോള്‍ അവ മണ്ണോടു ചേരുന്നു. ദ്രാവകം ജലത്തിലേക്കും ചൂട് അഗ്നിയിലേക്കും കാറ്റ് വായുവിലേക്കും ലയിച്ചുചേരുന്നു. മരണാനന്തര കര്‍മങ്ങള്‍ അര്‍ഥശൂന്യവും വിഡ്ഢിത്തവുമാണ്. അജിതകേശകംബലിന്‍ ഭൌതികവാദം പ്രചരിപ്പിച്ചത് ബുദ്ധന്റെ കാലത്താണ്. രാഷ്ട്രീയം തത്വചിന്തയില്‍ കാണപ്പെടാതിരുന്ന കാലമായതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിചാരങ്ങളില്‍ രാഷ്ട്രീയ സൂചനകള്‍ കാണുന്നില്ല. അക്കാലത്തെ ലോകായതചിന്തയുടെ വിശദരൂപം കൃഷ്ണമിശ്രന്റെ ഗ്രന്ഥത്തില്‍ കാണാം. ലോകായതം മാത്രമാണ് ഒരേയൊരു ശാസ്ത്രം അഥവാ ദര്‍ശനം. പ്രത്യക്ഷപ്രമാണം മാത്രമാണ് അവിടെ ആധികാരികമാനദണ്ഡം. പ്രഥ്യപ്തേജോവായുക്കളാണ് ചതുര്‍ഭൂതങ്ങള്‍. സമ്പത്തും ആനന്ദവുമാണ് മനുഷ്യാസ്തിത്വത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ദ്രവ്യമാണ് ചിന്തിക്കുന്നത്. പരലോകമില്ല. മരണം എല്ലാറ്റിന്റെയും അവസാനമാണ്.
മൂന്നാംഘട്ടം
ലോകായതചിന്ത പില്ക്കാലത്ത് വലുതായ വശീകരണങ്ങള്‍ക്കും തെറ്റായ ബോധനത്തിനും പ്രയോഗത്തിനും വിധേയമായി. അതോടെ ലോകായതപദ്ധതിയുടെ സമ്പന്നതയും ഔന്നത്യവും അവസാനിക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ അതിരുവിട്ട ഉപയോഗം അനിയന്ത്രിതത്വത്തിനു വഴിവച്ചു. ആത്യന്തികാനന്ദം ഇന്ദ്രിയസുഖമായി തെറ്റി വ്യാഖ്യാനിക്കപ്പെട്ടു. മനുഷ്യന്റെ ഒരേയൊരു ലക്ഷ്യം ഇന്ദ്രിയസുഖമായി തെറ്റി വായിക്കപ്പെട്ടു. മനുഷ്യന് ഇന്ദ്രിയങ്ങളുടെ അടിമയായി. ബൃഹസ്പദിയുടെ ആശയങ്ങള്‍ അദ്ദേഹത്തിന്റെ വികൃതികളായ അനുയാത്രികരാല് വഷളാക്കപ്പെട്ടു. ജീവിതത്തിലെ ഒരേയൊരാനന്ദം ഇന്ദ്രിയസുഖം മാത്രമായിതീര്‍ന്നു. ഈ ആനന്ദം പക്ഷെ വേദനയില്‍നിന്നു സ്വതന്ത്രമായി നില്ക്കുന്ന ഒന്നല്ല. ആപേക്ഷികതയിലാണ് അതിന്റെ അസ്തിത്വം. അമിശ്രിതമായ ആനന്ദം ലോകത്ത് ഒരിടത്തും കണ്ടെത്താനാവില്ല. ആനന്ദത്തെ അതാക്കിതീര്‍ക്കുന്നത് ശാരീരികവും മാനസികവും സാന്ദര്‍ഭികവുമായ കാരണങ്ങളാണ് ഭൂമിശാസ്ത്ര സന്ദര്‍ഭങ്ങള്‍ ആനന്ദത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്.
ലോകത്ത് ദുഃഖത്തേക്കാള്‍ ആഹ്ളാദമാണ് ഏറിനില്‍ക്കുന്നത്. അല്ലെങ്കില്‍ മനുഷ്യര്‍ ജീവിതത്തോട് ഇത്രയധികം തൃഷ്ണ പ്രകടിപ്പിക്കുകയില്ല. ദുരിതവുമായി ചേര്ന്നുനില്ക്കുമ്പോള് ആഹ്ളാദത്തിന് മാറ്റേറുന്നു. അതുകൊണ്ട് ദുരിതങ്ങള്‍ക്ക് ലോകത്തില്‍ തനത് ധര്‍മങ്ങള്‍ ഉണ്ട്. നിത്യമായ ആഹ്ളാദം ആഗ്രഹചിന്ത അഥവാ ആശയം മാത്രമാണ്. പ്രയോഗത്തില്‍ അസാധ്യവും. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നന്മയാണ് ആഹ്ളാദം. വര്‍ത്തമാനകാലത്തെ അതുകൊണ്ട് നാം പൂര്‍ണമായി അനുഭവിക്കണം. നാളെയ്ക്കുവേണ്ടി ഇതിനെ ത്യജിക്കുന്നത് ബുദ്ധിശൂന്യതയാണ്. ഭൂതകാലം മൃതവും നശിച്ചതുമാണ്. വര്‍ത്തമാനമാണ് യാഥാര്‍ഥ്യം. അതുകൊണ്ട് നാമതുപയോഗിക്കണം. മനുഷ്യ ജീവിതത്തിന്റെ പാര്യന്തികവും ഏകവുമായ ലക്ഷ്യമായി ഇപ്രകാരം ആഹ്ളാദത്തെ വാഴ്ത്തുന്ന ആനന്ദവാദം (Hedonism) ലോകായതത്തിന്റെ കേന്ദ്രാശയമായിത്തീര്ന്നു. ഈ കാലത്താണ് ലോകായതത്തിന് ബാര്ഹസ്പദ്യം, ലോകായതം എന്നീ പേരുകള്‍ക്കുപുറമേ ചാര്‍വാകം എന്നു പേരുകൂടി ലഭിച്ചത്. ചവയ്ക്കുക, തിന്നുക എന്നൊക്കെയാണ് വാക്കിനര്‍ഥം. ജീവിച്ചിരിക്കുമ്പോള്‍ തിന്നുക, കുടിക്കുക, ആനന്ദിക്കുക. കാരണം ഒരുനാള്‍ എല്ലാവരും മരിക്കും. മരണശേഷം ആരും തിരികെ വരില്ല. തീവ്രമായ ഇന്ദ്രിയാനന്ദ വാദമാണ് ലോകത്തിലെ ഉന്നതമായ ഒരേയൊരു ദര്‍ശനമായിരുന്ന ലോകായതത്തിന്റെ പതനത്തിന് വഴിവച്ച കാരണങ്ങളില്‍ പ്രധാനം. ഈ സന്ദര്‍ഭത്തിലാണ്, ബൌദ്ധജൈനര് ആദ്ധ്യാത്മികവാദവുമായി കടന്നുവന്നത്. ബൃഹസ്പദിയുടെ അനുയാത്രികരെന്ന നാട്യത്തിലാണിവര് തുടങ്ങിയത്. വേദചിന്തയിലെ യജ്ഞം, ബലി തുടങ്ങിയവയ്ക്കെതിരെ ശബ്ദിക്കുകയായിരുന്നു അവരുടെ രീതി. ഭൌതികമായ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടരായിരുന്ന ജനങ്ങളുടെയിടയില്‍ ബൌദ്ധജൈന ചിന്തകര്‍ അങ്ങനെ പ്രസിദ്ധരായിത്തീര്‍ന്നു.
കാര്യങ്ങളുടെ അവസ്ഥ ക്രമേണ മാറി. ചാര്‍വാകര്‍ ബൌദ്ധജൈനരെ തിരിച്ചറിഞ്ഞ് എതിര്‍ക്കാന്‍ തുടങ്ങി. വേദാന്തത്തെയെന്നപോലെ ബൌദ്ധജൈനചിന്തയെയും അവര്‍ എതിര്‍ത്തു. ഫലമോ? ഒരു വശത്തുനിന്ന് ബൌദ്ധജൈനരും മറുവശത്ത് നിന്നും വേദാന്തികളും ചാര്‍വാകരെ എതിര്‍ത്തു. ചാര്‍വാകന്‍ ആദ്യമായി ഓരത്തേക്ക് ചവിട്ടിമാറ്റപ്പെട്ടു. വേദചിന്ത ഇതോടെ ബലിഷ്ഠമായി. ചാര്‍വാകരെ കഠിനമായി എതിര്‍ക്കാന്‍ അവര്‍ക്ക് ഈ അന്തരീക്ഷം കൂടുതല്‍ ഉചിതമായിത്തീര്ന്നു. ആധ്യാത്മവാദത്തെ പിന്തുണയ്ക്കുന്ന പൊതുപക്ഷം രൂപപ്പെടുകയായിരുന്നുവെന്നര്ഥം. ചാര്വാകത്തോടൊപ്പം ബൌദ്ധജൈനചിന്തകളെയും വേദാന്തികള്‍ ഒന്നൊന്നായി എതിര്‍ത്തു. ആത്മാവും ശരീരവും വിഭിന്നങ്ങളാണെന്ന ആശയം അവര്‍ വാദിച്ചുറപ്പിക്കുവാന്‍ തുടങ്ങി. അവിടെ അണുവാദിയായ കണാദന്‍ കടന്നുവന്നു. തുടര്‍ന്ന് കപിലനും. ഇവരെല്ലാം ചേര്‍ന്നതോടെ ജനമനസ്സ് മിക്കവാറും ആത്മവാദത്തിലേക്ക് തിരിഞ്ഞു പരകായബോധത്തെയും ആധ്യാത്മ ഗ്രന്ഥകൃതിയെയും കുറിച്ചുള്ള വിശ്വാസങ്ങള്‍ പൊതുബോധമെന്ന നിലയിലേക്ക് വ്യാപിച്ചുയര്‍ന്നു. വേദത്തിന്റെ ആധികാരികത ജൈമിനി വാദിച്ചുറപ്പിച്ചു. ദൈവികവിരുദ്ധചിന്ത ജനമനസ്സില്‍നിന്ന് മിക്കവാറും തുടച്ചുമാറ്റാനും ജൈമിനിക്കു കഴിഞ്ഞു. ഭൌതികവാദത്തിന്റെ പ്രബല ശത്രുക്കള്‍ ഒരുമിച്ചെതിര്‍ത്ത ചിന്താചരിത്രത്തില്‍ അതിരുകളിലേക്ക് ഇങ്ങനെ ചവിട്ടിയൊതുക്കപ്പെട്ടു. ഈ ഘട്ടത്തില്‍ ചാര്‍വാകം ആകാശത്തെ അടിസ്ഥാനഭൂതങ്ങളില് അഞ്ചാമത്തേതായി അംഗീകരിച്ചു.
നാലാംഘട്ടം
ഓരോ പ്രവര്‍ത്തനത്തിനും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ട്. വേദാന്തികളുടെ ഭൌതികവാദവിരുദ്ധതയ്ക്കും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. വേദത്തിലെ യജ്ഞാദികള്‍ക്കെതിരായ ആക്രമണത്തില്‍ ബുദ്ധജൈനചിന്തയുടെ സഹവര്‍ത്തിത്വം ചാര്‍വാകചിന്തയെ ബലപ്പെടുത്തി. നാസ്തികര്‍ എന്ന പൊതുനാമം അങ്ങനെ വന്നുറച്ചുവെങ്കിലും വൈദികചിന്തയുടെ സംസ്കാരം പിന്മാറിയിരുന്നില്ല. താന്ത്രികവും പൌരാണികവുമായ കൃതികള്‍ ഇക്കാലത്തിന്റെ അഭിരുചിയ്ക്കനുസരിച്ച് രൂപപ്പെട്ടുകൊണ്ടിരുന്നു. അക്കാലത്ത് നിലനിന്നിരുന്ന ഭൌതികവാദ സിദ്ധാന്തങ്ങളെ പൊതുവെ സ്വാംശീകരിച്ച് ആശയവാദപരമായി പുനരാഖ്യാനം ചെയ്യുകയെന്ന തന്ത്രം ആധ്യാത്മവാദികള്‍ സ്വീകരിച്ചു. ബുദ്ധിസത്തിന്റെ പതനശേഷം രൂപപ്പെട്ട ഹൈന്ദവ പിന്മടക്കത്തെ തുടര്‍ന്നുള്ള കാലം ഇന്ത്യ വൈദികചിന്തയുടെ ദേശമെന്ന നിലയിലാണ് പ്രചരിപ്പിക്കപ്പെട്ടത്; വിശാലമായ കാഴ്ചപ്പാടില്‍ പൌരാണികവും താന്ത്രികവുമായ സംസ്കാരത്തിന്റെ ഇടം. ഇക്കാരണംകൊണ്ടാവാം സ്വന്തം രചനകളില്‍ സിദ്ധാന്തങ്ങളെന്ന നിലയില്‍ രേഖപ്പെടുത്തി വിമര്‍ശിച്ച ഹരീന്ദ്രന്‍ തുടങ്ങിയവരുടെ കാലത്തുതന്നെ ചാര്‍വാകചിന്ത നിലനിന്നിരുന്നുവെങ്കിലും ചാര്‍വാകരില്‍ പലരുടെയും പേരുകള്‍ ക്രിസ്തുവിനുശേഷമുള്ള നൂറ്റാണ്ടുകളില്‍ കേള്‍ക്കുന്നില്ല. ശങ്കരനും അനുയായികളുമാണ് ചാര്‍വാകത്തെ തത്വചിന്തയായി പരിഗണിക്കാത്ത വിഭാഗം. എങ്കിലും സര്വസിദ്ധാന്തസംഗ്രഹത്തില് ചെറിയ ഭാഗം ഉദ്ധരിച്ചുചേര്‍ത്തു കാണാം. കൃഷി, കാലിവളര്‍ത്തല്‍, ഭരണം, രാഷ്ട്രീയം എന്നിങ്ങനെ. ബുദ്ധിമാനായ മനുഷ്യന് ജീവിതാനന്ദത്തിനായി ഈ ലോകത്ത് പ്രവര്ത്തിച്ചുകൊണ്ടിരിക്കുമെന്ന ഭാഗമാണ് ഉദ്ധരിച്ചുകാണുന്നത്. ഇന്ത്യന്‍ ഭൌതികവാദത്തിനെതിരെ ഏറ്റവും കടുത്ത പ്രതിരോധം പടുത്തുയര്‍ത്തിയത് ശങ്കരനും അനുയായികളുമാണ്. തത്വചിന്താപദ്ധതികളില്‍ ഏറ്റവും നീചചിന്തയായി ലോകായതത്തെ പരിഗണിച്ച മധ്വാനിലെത്തുമ്പോള് ആശയവാദികള്‍ ആഗ്രഹിച്ച വിജയം നേടുന്നു.
ഉപസംഹാരം
പാശ്ചാത്യ ഭൌതികവാദചിന്തയുടെ പിതാവായ ഡെമോക്രാറ്റിസിന്റെ കൃതികള്‍ തേടിപ്പിടിച്ച് തീയിലിടാനാഗ്രഹിച്ച ഭ്രാന്തന് ആശയവാദികളിലൊരാളായ പ്ളേറ്റോയെപ്പോലെ, വൈദികചിന്തകരും ഇന്ത്യയില്‍ ഭൌതികവാദത്തിന്റെ തീവ്രരൂപമായ ബൃഹസ്പദിശാഖയിലെ പ്രാമാണിക ഗ്രന്ഥങ്ങള്‍ തീയിട്ടു നശിപ്പിച്ചു. ബുദ്ധജൈനശാഖകള് ആധ്യാത്മിക സ്വഭാവം പുലര്‍ത്തുകയാല്‍ നാശത്തിനു വിധേയമായില്ല. അതായത് ചുരുങ്ങിയ കാലത്ത് ഈ ശാഖകള്‍ താരതമ്യേന ദുര്‍ബലവും അപ്രസിദ്ധവുമായിരുന്നു. പിന്നീട് സ്വതന്ത്രമായ അസ്തിത്വം നഷ്ടപ്പെടുകയും മറ്റ് ആധ്യാത്മിക പദ്ധതികളാല്‍ സ്വാംശീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ബൃഹസ്പദീശാഖയിലെ പ്രമാണകൃതികള് നശിപ്പിക്കപ്പെട്ടുവെങ്കിലും ഇതിന്റെ സ്വാധീനവും തുടര്‍ച്ചയും ഒരു കാലത്തും പൂര്‍ണമായി തകര്‍ക്കപ്പെട്ടില്ല.
ബുദ്ധിസത്തോട് ചേര്‍ന്നു നിലനില്ക്കാന് തുടങ്ങിയതോടെ നാസ്തികമെന്ന പേര് ലോകായതത്തിന് വന്നുചേര്‍ന്നുവല്ലോ. കുത്തഴിഞ്ഞ ലൈംഗിക സദാചാരം മുഖ്യസവിശേഷതയായിത്തീര്ന്ന ബൌദ്ധശാഖകളിലൊന്നിന്റെ പതിതരൂപം ചാര്‍വാകത്തെ ആഴത്തില്‍ സ്വാധീനിച്ചു. കാപാലികശാഖയാണിവയിലൊന്ന്. വളരെ പ്രാചീനമായ ശാഖയാണിത്. അവര്‍ മദ്യം കഴിച്ചു. മനുഷ്യബലി നടത്തി, സ്ത്രീസുഖം ആസ്വദിച്ചു. മനുഷ്യജന്മം, മദ്യം, സ്ത്രീ എന്നീ മാര്‍ഗങ്ങളിലൂടെയുള്ള ലക്ഷ്യസാക്ഷാത്ക്കാരമാണ് അവര്‍ സ്വീകരിച്ചത്. അമാനുഷമായ ക്രൂരതകള്‍കൊണ്ട് അവര്‍ ഭയം വിതച്ചു. മാലതീമാധവം, പ്രബോധചന്ദ്രോദയം, ചൈതന്യചന്ദ്രോദയം തുടങ്ങിയ കൃതികളില്‍ യഥാക്രമം ഭവഭൂതി, കൃഷ്ണമിശ്രന്‍, കവികര്ണപുരന് എന്നിവര്‍ കാപാലികരെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കാപാലികരുടേതു മാത്രമാണ് ആഹ്ളാദം ലക്ഷ്യമിട്ട ശാഖയെന്ന് അര്‍ഥശാസ്ത്ര പ്രസിദ്ധനായ ബൃഹസ്പദി പറയുന്നു.
തുടക്കത്തില്‍ ഈ കാപാലികശാഖ സ്വതന്ത്രചിന്താപദ്ധതിയായി വികസിച്ചു. ക്രമേണ അത് തകര്‍ന്നു. ഒരുപക്ഷെ, അമാനുഷമായ ക്രൂരതയും ഭയജനകത്വവുമായിരിക്കാം നാശത്തിനു വഴിവച്ചത്. കാമം അഥവാ ഇന്ദ്രിയാനന്ദം ലക്ഷ്യമായി സ്വീകരിച്ചതോടെ ഇത് നാസ്തിക ശാഖയിലേക്കു ചരിഞ്ഞു. അങ്ങനെ കൊലയാളികളെപ്പോലെ, കാപാലികര്‍, ഭൌതികവാദചിന്തയ്ക്ക്, ക്രൌര്യം, ആസക്തി, അലൌകികശക്തി, ചിട്ടപ്പെടുത്തിയ കുറ്റകൃത്യം തുടങ്ങിയവയുമായുള്ള കലര്‍പ്പിന്റെ ചരിത്രത്തിലെ ഏകാന്തമായ ഉദാഹരണമായിത്തീര്‍ന്നു. യാഥാസ്ഥിതിക ചിന്തകര്‍ കടുത്ത പുച്ഛം നിമിത്തം ലോകായതരെ കാപാലികരായവതരിപ്പിച്ചു. ലോകായതികരെ തെമ്മാടികള്‍, മൃഗം, വ്യഭിചാരികള്‍ എന്നെല്ലാം പരിഹസിക്കുന്നത് അതുകൊണ്ടാണ്. അര്‍ഥശാസ്ത്രത്തിന്റെ കാലമായപ്പോള്‍ കാപാലികര്‍ സവിശേഷശാഖ തന്നെയായിത്തീര്‍ന്നിരുന്നു. ഗുണരത്നന്റെ കാലത്ത് ഇവരെ ലോകായതികരോടു ചേര്‍ത്തുവിളിക്കാന്‍ തുടങ്ങി. ലോകായതം പില്ക്കാലത്ത് വെറുക്കപ്പെട്ട തത്വചിന്തയുടെ പേരായി നിലനില്ക്കാന് ഇതാവാം ഒരു കാരണം.
ആനന്ദത്തിന്റെ പ്രമാണസംഹിതയാണ് ലോകായതികം. ഇവരുടെ സ്വാധീനം, അക്കാലത്തെ ദേവാലയം, കൊട്ടാരം, കവിത, കല എന്നിവയെയെല്ലാം ഇന്ദ്രിയാനന്ദപരതകൊണ്ട് തിളക്കി. ഇന്ദ്രിയപരത രാജ്യത്തെ മൂടി. ബ്രാഹ്മണന് ചണ്ഡാലന്, രാജാവ്, യാചകന് എന്നിങ്ങനെ സകലരും മദനോത്സവത്തിന്റെ ആവേശത്തില്‍ പങ്കാളികളായി. കാളിദാസന്, വിശാഖദത്തന്, ശ്രീഹര്ഷന് എന്നിവരുടെ കൃതികളില്‍ ഈ ഉത്സവത്തിന്റെ സൂചനകള്‍ ധാരാളം കാണാം. ലൈംഗിക പ്രണയത്തിന്റെ ഘടകങ്ങള്‍ കാപാലികശാഖയുടെ സ്വാധീനഫലമായി രൂപപ്പെട്ടതാണ്. ഇന്ദ്രിയപരതയുടെ ഈ തീവ്രമുഖത്തിനെതിരെ വൈഷ്ണവചിന്ത രൂപപ്പെട്ടുവന്നു. ആനന്ദവാദത്തെ കഠിനമായെതിര്ക്കാതെതന്നെ ഔപനിഷദാശയങ്ങളുടെ ചേരുവകൊണ്ട് പുതിയ ലക്ഷ്യങ്ങള്‍ അവര്‍ തീര്‍ത്തു.
ഇന്ത്യന്‍ സംസ്കാരത്തില്‍ ലോകായതധാര പക്ഷേ പുറന്തള്ളപ്പെട്ടില്ല. എതിര്‍പ്പുകളെയെല്ലാം അതു ചെറുത്തുനിന്നു. ബ്രാഹ്മണീയ നവോത്ഥാനത്തിനുശേഷം ലോകായതം ഭിന്നരൂപങ്ങളില്‍ ഇന്ത്യയുടെ ഭിന്ന സ്ഥലങ്ങളില്‍ അഭയം തേടി. ബംഗാളില്‍, ലൈംഗികപ്രണയ(Hedoism) വാദത്തിന്റെ ഒരു ധാര തനതു സ്വഭാവങ്ങള്‍ വെടിഞ്ഞ്, സ്വഭാവവാദത്തോടും കാപാലിക മതത്തോടുമിണങ്ങി നാസ്തികലോകായതികരായി പരിണമിച്ചു. എന്നാല്‍ ലോകായതികര്‍ പക്ഷെ ഇതിനോട് മുഖംതിരിച്ചുകളഞ്ഞു. നാസ്തികരുടെ ആനന്ദവാദത്തിന്റെ അനുമതിപത്രമായ മദനോത്സവത്തിലെ ഐന്ദ്രികതയുടെ സാന്നിധ്യം ഈ ധാരയില്‍ ഗാഢമായി നിലനില്ക്കുന്നു. സഹജ്യ (Sahajya) എന്നറിയപ്പെടുന്ന ഈ ധാര സ്വഭാവവാദത്തെയും പഴയ മതനിഷേധത്തെയും ഓര്‍മിപ്പിക്കുന്നു. തിന്നുക, കുടിക്കുക, ഇണചേരുക എന്നിവയാണ് മനുഷ്യജീവിതത്തിലെ മൌലികലക്ഷ്യങ്ങളെന്ന് ഇവര്‍ വാദിച്ചു.
മനുഷ്യര്‍ സ്വാര്ഥലക്ഷ്യാര്ഥം നിര്‍മിച്ചവയാണ് വേദങ്ങളും മറ്റു വിശുദ്ധഗ്രന്ഥങ്ങളുമെന്നാണിവരുടെ വിശ്വാസം. ബ്രാഹ്മണരെ ഇവര്‍ പരിഗണിച്ചേയില്ല. പുരോഹിത വര്‍ഗത്തെയോ തങ്ങളേക്കാള്‍ ഉയര്‍ന്ന വര്‍ഗത്തെയോ അവര്‍ ബഹുമാനിച്ചില്ല. ബ്രാഹ്മണര്‍ക്കും വേദങ്ങള്‍ക്കും സമൂഹത്തിനുമെതിരെ അവര്‍ തുറന്ന കലാപംതന്നെ നടത്തി. ലോകായതരുടെ ആനന്ദാനുഭവങ്ങളാണ് സഹജ്യരുടെ പാട്ടുകള്‍ ആവിഷ്കരിക്കുന്നത്. ജാതി, സാമൂഹ്യപദവി, വ്യത്യാസങ്ങള്‍, യാഥാസ്ഥിതികത എന്നിവ ചോദ്യം ചെയ്യപ്പെടാത്ത സാമൂഹ്യയാഥാര്ഥ്യങ്ങളായിരുന്നു. ഇവരാകട്ടെ ഇവയില്‍നിന്നെല്ലാം ഭിന്നമായി മതപരവും ചിന്താപരവും സാമൂഹികവുമായ കാര്യങ്ങളില്‍ തികഞ്ഞ സ്വതന്ത്രബുദ്ധി പുലര്‍ത്തിവന്നു. സാധാരണജനത പുലര്‍ത്തിവന്ന മുന്‍വിധികളില്‍നിന്ന് ഇവര്‍ അകന്നുതന്നെ നിന്നു. ആണ് പെണ് ബന്ധങ്ങളില്‍ സര്വവിധനിയന്ത്രണങ്ങളും ഇവര്‍ ലംഘിച്ചു. സ്നേഹമാണ് സഹജ്യരുടെ മതം. ദേഹം അഥവാ ഭൌതികശരീരം മാത്രമാണ് പ്രധാനമെന്നവര്‍ കരുതി. അതുകൊണ്ടുതന്നെ ആണും പെണ്ണും തമ്മിലുള്ള ഒത്തുചേരല്‍ അവരുടെ മതത്തിന്റെ പ്രയോഗികരീതിയായിത്തീര്ന്നു. ബംഗാളികവി ചണ്ഡിദാസന് ഈ മതത്തിന്റെ വക്താവാണ്. അന്ധവിശ്വാസങ്ങള്‍ക്കും യാഥാസ്ഥിതികത്വത്തിനുമെതിരെ ഇങ്ങനെ കടുത്ത നിലപാടു സ്വീകരിച്ച ഈ ശാഖ തികഞ്ഞ അരാജകവാദം മുഖമുദ്രയായി നിലനിര്‍ത്തി.
മതനിഷേധികളായ പ്രാചീനചിന്തകരെ ഓര്മപ്പെടുത്തുന്നവയാണ് സഹജ്യലോകായതികരുടെ ആശയങ്ങള്‍. ചിരംജിബ് ഭട്ടാചാര്യയുടെ (Chiranjib Bhattacharya) വിദ്വന്മോദതരംഗിണിയില് ഈ ശാഖയെക്കുറിച്ച് സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബൃഹസ്പദ്യ, ബുദ്ധ, ജൈന, കാപാലിക എന്നീ വിപുലമായ സ്വതന്ത്ര ചിന്താധാരകള്‍ നാസ്തികസ്കൂളില്പ്പെടുന്നു. വികാസഘട്ടങ്ങളില്‍, ബുദ്ധ, ജൈന, ഹിന്ദുമതങ്ങളില്‍ യാഥാസ്ഥിതികപക്ഷം ഇവരോട് കടുത്ത ശത്രുത പ്രഖ്യാപിച്ചുകാണാം. ഇതുകൊണ്ടാവാം നാസ്തികര്‍ തങ്ങളുടേതു മാത്രമായ രഹസ്യഭാഷ സൃഷ്ടിച്ചതും യോഗങ്ങള്‍ രഹസ്യമായി ചേര്‍ന്നതും. പൊതുസമൂഹത്തില്‍നിന്ന് അവര്‍ സ്വയം വെളിപ്പെടുത്താതെ ഒഴിഞ്ഞുനിന്നു. എതിരാളികള്‍ ഇവരുടെ പ്രമാണഗ്രന്ഥങ്ങള്‍ ചുട്ടെരിച്ചു. അതുകൊണ്ടുതന്നെ സന്ധ്യാഭാഷ (Sandhya bhasha) എന്ന രഹസ്യഭാഷ തങ്ങള്‍ക്കിടയില്‍ അവര്‍ രൂപീകരിച്ചെടുത്തു. ഇങ്ങനെ പകല്‍വെളിച്ചത്തില്‍ വവ്വാലുകളെപ്പോലെ ഒളിഞ്ഞുനിന്ന് യാഥാസ്ഥിതികര്‍ക്കെതിരെ അധികകാലം പൊരുതി നില്ക്കാന് ഈ ബംഗാളിശാഖയ്ക്കു കഴിഞ്ഞില്ല.
*****
ഡി ആര് ശാസ്ത്രി/വിവ: കെ വി ശശി, കടപ്പാട് : ദേശാഭിമാനി വാരിക
Saturday, March 5, 2011
ഇന്ത്യന്‍ ഭൌതികവാദത്തിന്റെ വികാസ പരിണതികള്‍
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യന്‍ ഭൌതികവാദം വികാസത്തിന്റെ നാലു ഘട്ടങ്ങള്‍ കടന്നിട്ടുണ്ട്. കേവലനിഷേധത്തിന്റെ ഒന്നാംഘട്ടം സത്വരവും ധ്യാനാത്മകവുമായ സമസ്ത വിജ്ഞാനങ്ങളെയും ചോദ്യം ചെയ്തു. എല്ലാ തെളിവുകളും കാഴ്ചപ്പാടുകളും സൂചനകളും വെല്ലുവിളിക്കപ്പെട്ടു. വേദപ്രാമാണ്യത്തെ പിടിച്ചുലച്ചു, നിഷേധിച്ചു. രണ്ടാംഘട്ടത്തില്‍ പ്രത്യക്ഷ പ്രമാണത്തെ അറിവിന്റെ പ്രഭവമായും ആത്മാവും ശരീരവും തമ്മിലുള്ള പാരസ്പര്യത്തിന്റെ സിദ്ധാന്തമായും കണ്ടു; സ്വഭാവ വാദത്തെ സ്വീകരിച്ചു. ഈ ഘട്ടത്തിലാണ് തത്വചിന്താപദ്ധതിയായി ഭൌതികവാദം വികസിക്കാന്‍ തുടങ്ങുന്നത്. അജിതകേശകമ്പലിന്‍ (Ajita Kesakambalin), കമ്പലാശ്വതാര (Kambalaswatara), പുരാണകശ്യപ (PurnaKasyapa) തുടങ്ങിയ പ്രമുഖ ഭൌതികവാദികള്‍ അക്കാലത്തു വളര്‍ന്നുവന്നവരാണ്. ലോകായതമെന്ന പേര് ഈ ശാഖയ്ക്കു പതിയാന്‍ തുടങ്ങുന്നതും ഇക്കാലത്തുതന്നെ.
Post a Comment