കവിത മനുഷ്യവംശത്തിന്റെ മാതൃഭാഷയാണ് എന്നു പറഞ്ഞത് കാള്‍ മാര്‍ക്സാണ്. കവികൂടിയായിരുന്നു കാള്‍ മാര്‍ക്സ്. ലോകത്തെവിടെയുമുള്ള മനുഷ്യര്‍ക്ക് മാതൃഭാഷപോലെ മനസ്സിലാവുന്ന യഥാര്‍ഥ വിമോചനസ്വരം കേള്‍പ്പിക്കാന്‍ കവിതയ്ക്കു കഴിയുമെന്നാണ് അദ്ദേഹം സ്വപ്നം കണ്ടത്.
''എന്റെയാകാശം വെട്ടി-
പ്പിളര്‍ക്കാന്‍ നിനക്കാവ-
തെങ്ങനെ, മിന്നല്‍പ്പിണ-
രിന്റെ വാളിളക്കിക്കൊ-
ണ്ടണയും നിന്നോടൊരു
കിളി ചോദിച്ചു''
എന്നെഴുതുമ്പോള്‍ നമ്മുടെ കവി പ്രഭാവര്‍മ സ്വപ്നം കാണുന്നത് മനുഷ്യവംശത്തിന്റെ മാത്രമല്ല, കിളികുലത്തിന്റെയും പ്രകൃതിയുടെയും സമസ്ത പ്രാണികുലങ്ങളുടെയും മാതൃഭാഷയായി കവിതമാറിത്തീരുന്ന ഒരു കാലത്തെയാണ്.
ഇതൊരു വലിയ കിനാവാണ്. അതില്‍ ഒരു നിഷേധവും അടങ്ങിയിട്ടുണ്ട്. മനുഷ്യ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയെ മാത്രം കേന്ദ്രീകരിച്ച് ഇനിയൊരു ലോക വ്യവസ്ഥ സ്വപ്നം കാണുവാന്‍ സാധ്യമല്ല. മനുഷ്യനും ജീവജാലങ്ങളും പ്രകൃതിയും ആന്തരികമായ അന്തരീക്ഷവും ചേര്‍ന്ന ഒരു പുതുജൈവ നീതിക്കുവേണ്ടിയുള്ള വിപ്ലവചിന്ത വികസിക്കണമെങ്കില്‍ മനുഷ്യനെ കേന്ദ്രീകരിച്ചുള്ള പരമാധികാരങ്ങളെ നിഷേധിക്കുക തന്നെ വേണം.
അതൊരു ഇന്ത്യന്‍ ചിന്തയാണ്. അതിലെ പുരോഗതിയുടെ സങ്കല്പം ചാക്രികമാണ്. നമ്മള് ജീവിക്കുന്ന ഭൂമി, ദിനരാത്രങ്ങള്‍, ഋതുക്കള്‍, നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സഞ്ചാരപഥങ്ങള്‍, ജൈവപരിസ്ഥിതി, ജനനമരണങ്ങള്‍ എല്ലാം ആവര്‍ത്തിച്ചുവരുന്നു. ഓരോ ആവര്ത്തനവര്ഷത്തിലും മാലിന്യങ്ങളെയെല്ലാം പുറത്തുകളഞ്ഞ് ശുദ്ധീകരിച്ചുകൊണ്ട് ജീവിതത്വം പുതുക്കപ്പെടുന്നു. ഇടശ്ശേരി സങ്കല്പിച്ചതുപോലെ ''പൊട്ടീപുറത്ത് ശീവോതി അകത്ത് '' എന്ന മുദ്രാവാക്യമാവുന്നു അവിടെ പുരോഗതിയുടെ അടിസ്ഥാനം.
'മഞ്ഞിനോട് വെയില് എന്നപോലെയും' എന്ന ഏറ്റവും പുതിയ കാവ്യസമാഹാരത്തിലെ കവിതകളില്‍ പ്രഭാവര്‍മ പിന്തുടരുന്നത് നിരന്തര ചാക്രികവും സൂക്ഷ്മബോധത്തിലധിഷ്ഠിതവുമായ ഈ ജീവിത പുരോഗതിയുടെ ദര്‍ശനമാണ്.
'ജലമെന്ന മഹാസത്യം
അറിയാന്‍ കണമേ തുണ!
അതിനെസ്സാഗരം കണ്ട
കണ്കള് കാണ്മീലൊരിയ്ക്കലും'
സാഗരത്തെ മാത്രം കാണുകയും ജലകണത്തെ അറിയാതിരിക്കുകയും ചെയ്യുന്ന ഈ വൈരുദ്ധ്യം ആധുനികകാല മനുഷ്യന്റെ അടിസ്ഥാന വിപര്യയമാണ്. ഇത് ഒരു വലിയ ദാര്‍ശനിക പ്രശ്നമാണ്. ചെറുകണങ്ങളും മണല്‍ത്തരികളും ഹ്രസ്വനിമിഷങ്ങളും ചേര്‍ന്ന സമഗ്രതയെ അറിയണമെങ്കില്‍ ഓരോ സൂക്ഷ്മത്തിലും ജാഗ്രത്തായി നില്ക്കുന്ന അനുഭവം ആവശ്യമാണെന്ന് കവി നമ്മെ ഓര്‍മപ്പെടുത്തുന്നു.
വൈരുധ്യാത്മകമായ ഈ അനുഭവജ്ഞാനമാണ് പ്രഭാവര്‍മയുടെ കവിതകളുടെ സൗന്ദര്യമര്മസ്ഥലം. സ്ഥൂലമായ അര്‍ഥത്തില്‍ ഇവിടെ കവിത പുരോഗമനത്തെക്കുറിച്ച് വാചാടോപം ചെയ്യുന്നില്ല. പകരം വൈരുധ്യമില്ലെന്നു തോന്നിപ്പിക്കുന്ന അലസനിമിഷങ്ങളെയെല്ലാം നടക്കുന്ന യാഥാര്‍ഥ്യങ്ങളിലേയ്ക്കു വിളിച്ചുണര്‍ത്തുന്നു.
'ഭൂമിയില്‍ നിന്നു
പോകേണ്ടതുണ്ടീ-ഭൂമി
യാകെ നരച്ചു വയോവൃദ്ധയായ്'
മരണവുമായുള്ള ഈ സംവാദം കേവല മരണത്തിനപ്പുറം മനുഷ്യവംശത്തിന്റെ ആത്യന്തികനാശത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ദാര്‍ശനിക സംവാദമാവുന്നു. ഈ ദാര്‍ശനികതയെ ആധ്യാത്മിക എന്നൊന്നും വിശേഷിപ്പിച്ച് ദിശതെറ്റിക്കേണ്ടതില്ല. ഭൗതികമായ ദാര്‍ശനികത തന്നെയാണ് ഇതിന്റെ സത്ത. മൃഗങ്ങള്‍ക്ക് മരണഭയമില്ലല്ലോ. മനുഷ്യന് മാത്രമുള്ളതാണ് മരണചിന്തയിയില് നിന്നുളവാകുന്ന ദാര്‍ശനികത. ഭാഗവതവും കഠോപനിഷത്തുമെന്നല്ല വൈക്കം മുഹമ്മദ് ബഷീറിന്റെ അനര്ഘനിമിഷവും പിറന്നു വീഴുന്നത് ഈ ദാര്‍ശനികതയില്‍ നിന്നാണ്.
''അറിയാമൊരേയൊരു കാര്യം; ഇങ്ങനെ കരി-
ന്തിരിയാകിലും കെടാതെരിയാനല്ലോ വിധി''
ഇതൊരു ബുദ്ധദര്‍ശനമാണ്. എല്ലാ വെളിച്ചത്തോടൊപ്പവും നിഴലുണ്ടെന്നും എല്ലാ സുഖത്തിലും ദുഃഖമുണ്ടെന്നും അറിഞ്ഞുകഴിഞ്ഞാല്‍ കരിന്തിരിയായാല്പ്പോലും കെടാതെ എരിഞ്ഞുകൊണ്ടിരിക്കുലാണ് ധര്‍മം എന്ന ആത്യന്തിക ഭൗതിക സത്യത്തിലെത്തിച്ചേരുന്നു.
വളരെ അദ്ഭുതകരമായ വഴികളിലൂടെയാണ് പ്രഭാവര്മക്കവിത ഈയൊരു വിശിഷ്ട സത്യബോധത്തിലെത്തുന്നത്. ഇത് കവിത മാത്രമല്ല, ജീവിതവും നേരിടുന്ന അനശ്വരതയുടെ പ്രശ്നമാണ്. യാഥാര്‍ഥ്യത്തില്‍ നിന്നും സങ്കല്പത്തെ സൃഷ്ടിക്കാനും സങ്കല്പത്തില് നിന്നും യാഥാര്‍ഥ്യത്തെ സൃഷ്ടിക്കാനുമുള്ള കഴിവാണ് വൈരുദ്ധ്യാത്മക പുരോഗതിയുടെ അടിസ്ഥാനം എന്നു കവിയ്ക്കറിയാം. കവി സഞ്ചരിച്ച യഥാര്‍ഥ ലോകങ്ങളും പ്രത്യയശാസ്ത്രവും സ്വപ്നങ്ങളും ഭാവനകളും ഓര്‍മകളുമൊക്കെ ഒരു സമഗ്രാനുഭവത്തെ സൃഷ്ടിക്കുന്നുണ്ട്. അതാകട്ടെ 'മഞ്ഞിനോട് വെയിലെന്ന'പോലെ പാരമ്പര്യത്താല്‍ ഇല്ലാതാകുന്നതും എന്നാല്‍ ആത്യന്തികമായ ഉണ്മയായതുമായ കാലത്തില്‍ നിരന്തരം സത്തയുടെ അസ്തിത്വം രൂപപ്പെടുത്തിയെടുക്കുന്ന വലിയൊരു സര്‍ഗാത്മക രഹസ്യമാണ്. ജീവിതത്തിന്റെ അവസാനിക്കാത്ത നൈരന്തര്യമാണ്.
ഈ രഹസ്യമാണ് പ്രഭാവര്‍മയുടെ കവിതകള്‍, ജീവിതത്തോടു അഗാധമായി ചേര്‍ന്നുനിന്നുകൊണ്ടു വെളിപ്പെടുത്തുന്നത്. യമധര്‍മനോട് മരണത്തിന്റെ രഹസ്യം ചോദിക്കുന്ന നചികേതസ്സിനെപ്പോലെ ഈ കവി കാലത്തോട് തന്റെ ചോദ്യങ്ങളാവര്ത്തിച്ചുകൊണ്ടിരിക്കുന്നു.
സത്യമേതാണ്, പാട്ടിന്റെ ലോകമോ
വന്നുപാട്ടിലുയിര്ക്കുന്ന ലോകമോ?
'നിധി തേടുന്നതു സുഖമാണോ?' എന്ന ത്യാഗരാജസ്വാമികളുടെ പഴയ ചോദ്യത്തെ മുന്‍നിര്‍ത്തി കവി വീണ്ടും ചോദിക്കുന്നു.
''പാട്ടുപാടിയിട്ടിനിയെന്തുള്ളൂ കാര്യം;
പാട്ടുകൊണ്ടെന്തേ കാര്യം?
ആ ചോദ്യം പിന്നെ പ്രതിധ്വനിക്കുന്നത് പൗരാണികമായ, മാഘന്റെ ചോദ്യത്തില്ത്തട്ടിയാണ്.
'കാവ്യരസമുണ്ടെന്നാല്
ശമിച്ചീടുമോ പെരും ദാഹം?'
'പിതൃസന്ധ്യ' എന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ മറ്റൊരു കാവ്യത്തില്‍ നചികേതസ്സിന്റെ ഈ ഉത്തരംകിട്ടാത്ത ചോദ്യം വീണ്ടും മുഴങ്ങുന്നു.
''എയ്തുവിട്ട ശരത്തിനായീടുമോ
ചെന്നുകൊള്ളേണ്ടിടം നിശ്ചയിക്കുവാന്‍?''
വളരെ വൈപുല്യമുള്ളതാണ് പ്രഭാവര്‍മയുടെ കാവ്യലോകം.
കഷ്ടപിഷ്ടിക്കവികള് ഭാഷകൊണ്ടു നടത്തുന്ന ചെറുകിട സര്ക്കസുകളാല് ഗുരുത്വം നഷ്ടപ്പെട്ടുപോയ സമകാലീന കാവ്യലോകത്ത് മഹാകാശങ്ങളെ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന ആഴമേറിയ ഒരു സാഗരംപോലെയാണ് പ്രഭാവര്‍മയുടെ കവിതകള്‍. ബഹിര്ഭാഗത്തിലെ തിരയിളക്കങ്ങള്കണ്ട് നമുക്കു വേണമെങ്കില്‍ മടങ്ങാം. അതും നമ്മെ മടുപ്പിക്കില്ല. പക്ഷേ ആഴങ്ങളിലേയ്ക്കൊന്ന് മുങ്ങിയാലോ?
സൗന്ദര്യത്തിന്റെയും ദര്‍ശനത്തിന്റെയും അനര്‍ഘങ്ങളായ മുത്തുകള്‍ വാരിപ്പോരാം. കാലത്തെ കവിഞ്ഞുനില്ക്കുന്ന കാഴ്ച വര്‍മയുടെ കവിതകളിലെല്ലാമുണ്ട്. അതാകട്ടെ അജ്ഞേയമായ ആത്മീയതയേയോ ജീവിത നിഷേധിയായ മിസ്റ്റിസിസത്തേയോ ചെന്നുപുണരുന്നുമില്ല.
ജീവിതത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടു നില്ക്കുന്ന ഒരു നിഷ്കാമ കര്‍മബോധം ഈ കവിയുടെ ബോധോദയങ്ങളെയെല്ലാം സ്വാധീനിക്കുന്നുണ്ട്. എല്ലാം ഉപേക്ഷിക്കാനുള്ള മനസ്സുണ്ടായാല് മാത്രമേ ശാശ്വത സമത്വത്തിന്റെ സൃഷ്ടിബോധത്തെ സ്പര്‍ശിക്കാനാവൂ എന്നറിയുന്ന വിശിഷ്ടമായ വര്ഗാദൈ്വതം. ആകാശത്തു പറക്കുന്ന പക്ഷിപോലും സ്വന്തം ശരീരത്തിന്റെ ഭാഗമാണ് എന്നറിയുവാനുള്ള വര്ഗവിവേകം ഉണ്ടാവണം എന്ന് 'ഫിലോസഫിക്കല്‍' മാനുസ്ക്രിപ്റ്റ്സില്‍ കുറിച്ചുവെച്ച കവിയായ കാള്‍ മാര്‍ക്സ് തന്നെയാവണം കമ്മ്യൂണിസത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ഈ ഇന്ത്യന്‍ കവിയുടെ പൂര്‍വഗാമി.
*****
ആലങ്കോട് ലീലാകൃഷ്ണന്, കടപ്പാട് : ജനയുഗം
Saturday, March 12, 2011
കവിതയുടെ മഞ്ഞും വെയിലും
Subscribe to:
Post Comments (Atom)
1 comment:
കവിത മനുഷ്യവംശത്തിന്റെ മാതൃഭാഷയാണ് എന്നു പറഞ്ഞത് കാള്‍ മാര്‍ക്സാണ്. കവികൂടിയായിരുന്നു കാള്‍ മാര്‍ക്സ്. ലോകത്തെവിടെയുമുള്ള മനുഷ്യര്‍ക്ക് മാതൃഭാഷപോലെ മനസ്സിലാവുന്ന യഥാര്‍ഥ വിമോചനസ്വരം കേള്‍പ്പിക്കാന്‍ കവിതയ്ക്കു കഴിയുമെന്നാണ് അദ്ദേഹം സ്വപ്നം കണ്ടത്.
''എന്റെയാകാശം വെട്ടി-
പ്പിളര്‍ക്കാന്‍ നിനക്കാവ-
തെങ്ങനെ, മിന്നല്‍പ്പിണ-
രിന്റെ വാളിളക്കിക്കൊ-
ണ്ടണയും നിന്നോടൊരു
കിളി ചോദിച്ചു''
എന്നെഴുതുമ്പോള്‍ നമ്മുടെ കവി പ്രഭാവര്‍മ സ്വപ്നം കാണുന്നത് മനുഷ്യവംശത്തിന്റെ മാത്രമല്ല, കിളികുലത്തിന്റെയും പ്രകൃതിയുടെയും സമസ്ത പ്രാണികുലങ്ങളുടെയും മാതൃഭാഷയായി കവിതമാറിത്തീരുന്ന ഒരു കാലത്തെയാണ്.
Post a Comment