Friday, March 11, 2011

വര്‍ഗബോധത്തിലേക്ക് വളര്‍ന്ന സമുദായ നവീകരണബോധം

ചരിത്രം ഋജുരേഖയില്‍ സഞ്ചരിക്കുന്നില്ല. അത് മിക്കപ്പോഴും വക്രഗതിയില്‍ നീങ്ങുന്നു. വക്രഗതിയായ ചരിത്രത്തില്‍ ശരികളും തെറ്റുകളും മറയുകയോ മറയ്‌ക്കപ്പെടുകയോ ചെയ്യപ്പെടുന്നു. ചിലപ്പോഴെങ്കിലും ചരിത്രഗതിയില്‍ പ്രത്യക്ഷപ്പെടാനാകാത്ത ചില മിഥ്യാഭ്രമങ്ങളും അത് സൃഷ്‌ടിക്കാറുമുണ്ട്. ചരിത്രത്തിന്റെ വക്രഗതിക്കും മിഥ്യാഭ്രമങ്ങള്‍ക്കുമിടയില്‍ തമസ്‌കരിക്കപ്പെടുന്ന വ്യക്തികളും സംഭവങ്ങളും നിരവധിയാണ്. പക്ഷേ, ഇത്തരത്തില്‍ തമസ്‌കരിക്കപ്പെട്ടുപോകുന്നവ വീണ്ടെടുക്കപ്പെടുകതന്നെ ചെയ്യുമെന്നതും ചരിത്രപാഠം. വല്ലപ്പോഴുമെങ്കിലും പ്രത്യേക ദിശാബോധത്തോടുകൂടിയുണ്ടാകുന്ന അന്വേഷണങ്ങള്‍ ചരിത്രത്തിലെ ഇത്തരം വിടവുകളെ പൂരിപ്പിക്കാറുണ്ട്. അങ്ങനെയാണ് ചരിത്രത്തില്‍ വിസ്‌മൃതമാക്കപ്പെട്ട ഇന്ത്യന്‍ ദളിത് ജീവിതം വീണ്ടെടുക്കപ്പെടുന്ന ഒരു ചരിത്രമുഹൂര്‍ത്തത്തില്‍ നാമിന്ന് എത്തിനില്‍ക്കുന്നത്.

സവിശേഷമായ പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയോടെ, വ്യത്യസ്‌തപരിപ്രേക്ഷ്യത്തോടെ ചരിത്രത്തില്‍ ഖനനംചെയ്യുമ്പോള്‍ അവിസ്‌മരണീയരായ ഒട്ടേറെ ചരിത്രവ്യക്തിത്വങ്ങള്‍ നമ്മുടെ സംസ്‌കാരപാഠങ്ങളെ സമ്പന്നമാക്കി വീണ്ടെടുക്കപ്പെടുകയാണ്. അത്തരത്തിലുള്ള ഒരന്വേഷണം കേരളചരിത്രത്തില്‍ നിര്‍വഹിക്കുമ്പോഴാണ് അയ്യന്‍കാളിയും അയ്യാവൈകുണ്ഠനും ഡോ. വേലുക്കുട്ടി അരയനും മറ്റും നമ്മുടെ ചരിത്രനിര്‍മിതിയുടെ പ്രതിനിധാനങ്ങളായി പുനര്‍വിലയിരുത്തപ്പെടുന്നത്. ഇവരെല്ലാം അവരവരുടെ കര്‍തൃത്വം അതതു ചരിത്രസ്ഥലങ്ങളില്‍, സഫലമായ കര്‍മപഥങ്ങളില്‍ നിര്‍വഹിച്ചവരാണ്. എങ്കിലും ഇവര്‍ക്ക് നമ്മുടെ ലിഖിതചരിത്രപാഠങ്ങളിലോ ചരിത്രരചനാ വ്യവഹാരങ്ങളിലോ കൃത്യമായ ഇടം ലഭിക്കാതെപോയത്, നമ്മുടെ നവോത്ഥാനചരിത്രത്തെത്തന്നെ അപൂര്‍ണമാക്കുന്നു.

കേരള നവോത്ഥാനത്തിന്റെ ചരിത്രവഴിയില്‍ ശ്രീനാരായണഗുരുവിനും സഹോദരന്‍ അയ്യപ്പനും അയ്യന്‍കാളിക്കും അയ്യാവൈകുണ്ഠനുമൊപ്പം ഓര്‍മിക്കേണ്ട പേരുകളിലൊന്നാണ് ഡോ. വേലുക്കുട്ടി അരയന്റേത്. സാമൂഹ്യപരിഷ്‌കര്‍ത്താവും യുക്തിവാദിയും പത്രാധിപരും സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യപ്രവര്‍ത്തകനും ഒടുവില്‍ കമ്യൂണിസ്‌റ്റുമായ വേലുക്കുട്ടി അരയന്‍. ഗോത്രസംസ്‌കാരത്തിന്റെ സവിശേഷതകള്‍ സൂക്ഷിക്കുന്ന അരയസമുദായത്തിന്റെ നവോത്ഥാനം ഒരു കര്‍മപദ്ധതിയായി ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം.

ഇതരസമുദായ പരിഷ്‌കര്‍ത്താക്കളേക്കാള്‍ ക്ളേശപൂര്‍ണമായിരുന്നു അദ്ദേഹത്തിന്റെ ദൌത്യം. കാരണം, 'ധീവരസമുദായ'മെന്ന ഒറ്റപ്പേരില്‍ അറിയപ്പെടുമ്പോഴും പല ജാതികളായി, ആചാരവിശ്വാസത്തില്‍ വ്യത്യസ്‌തതപുലര്‍ത്തി ഭിന്നശ്രേണികളിലായി ചിതറിക്കിടന്ന- തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമായി- അരയസമുദായത്തെ ഏകീകരിക്കുക എന്ന ശ്രമകരമായ കര്‍മമായിരുന്നു അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്നത്. സ്വസ്വമുദായത്തിന്റെ പ്രശ്‌നങ്ങള്‍, ആ സമുദായത്തിന്റെ ചട്ടക്കൂടിനുള്ളിലൊതുക്കിയല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെടുകയും ചൂഷണംചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാവിഭാഗം ജനങ്ങളുടെയും പോരാട്ടത്തോട് കണ്ണിചേര്‍ത്താണ് പരിഹരിക്കേണ്ടത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

അന്യോന്യം വൈവാഹികബന്ധത്തിനുപോലും തയ്യാറല്ലാത്തവിധം പരസ്‌പരം പുറംതിരിഞ്ഞുനിന്ന ഒരു സമൂഹത്തെ സംഘടിത സമുദായഘടനയിലേക്ക് പരിവര്‍ത്തിപ്പിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. അവരെ സംഘടനകൊണ്ട് ശക്തരാക്കുകയും പിന്നീട് വിദ്യകൊണ്ട് പ്രബുദ്ധരാക്കുകയും തുടര്‍ന്ന് തൊഴിലുകൊണ്ട് ശക്തരാക്കുകയും ചെയ്‌ത കര്‍മപദ്ധതിക്കാണ് അദ്ദേഹം തുടക്കംകുറിച്ചത്. സാമുദായിക വിവേചനങ്ങള്‍ക്കെതിരായി തുടങ്ങിയ ആ പ്രക്രിയ ഒടുവില്‍ സാമ്പത്തികാസമത്വങ്ങള്‍ക്കെതിരായ പോരാട്ടമായും സമുദായ നവോത്ഥാനത്തില്‍ തുടങ്ങിയ ഐക്യപ്പെടുത്തല്‍ പിന്നീട് വര്‍ഗാടിസ്ഥാനത്തിലുള്ള ഐക്യപ്പെടുത്തലായും മാറി.

1894 മാര്‍ച്ച് 11ന് കരുനാഗപ്പള്ളി ആലപ്പാട്ട് അരയനാണ്ടിവിളാകത്ത് പണ്ഡിതനും ആയുര്‍വേദവൈദ്യനുമായ വേലായുധന്‍വൈദ്യന്റെയും വെളുത്തകുഞ്ഞു അമ്മയുടെയും മകനായി ജനിച്ച വേലുക്കുട്ടി ബാല്യത്തില്‍ത്തന്നെ ഇംഗ്ളീഷ്, സംസ്‌കൃതം ഭാഷകളില്‍ പ്രാവീണ്യം നേടി. 12-ാം വയസ്സില്‍ ആയുര്‍വേദഗുരുകുലമായ ചാവര്‍കോട്ട് വൈദ്യം പഠിക്കാനാരംഭിക്കുകയും അക്കാലത്തുതന്നെ സാഹിത്യാഭിരുചി പ്രകടിപ്പിക്കുകയും ചെയ്‌തു. വളരെ ചെറുപ്പത്തില്‍ത്തന്നെ അക്ഷരവെളിച്ചം തിരിച്ചറിഞ്ഞ വേലുക്കുട്ടി അരയന്‍ 1908ല്‍ അദ്ദേഹത്തിന്റെ 14-ാമത്തെ വയസ്സില്‍ 'വിജ്ഞാനസന്ദായനി' എന്ന വായനശാലയ്‌ക്ക് തുടക്കംകുറിച്ചു. പിന്നീട് സംസ്‌കൃതത്തില്‍ ഉപരിപഠനത്തിനായി പരവൂര്‍ കേശവനാശാന്റെ ഗുരുകുലത്തിലേക്കുള്ള സഞ്ചാരം വേലുക്കുട്ടി അരയന്റെ ഉജ്വലമായ കര്‍മപഥങ്ങളെ നിര്‍ണായകമായി സ്വാധീനിച്ചു. ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും സി വി കുഞ്ഞിരാമന്റെയും സി കേശവന്റെയും സി കൃഷ്ണന്‍വൈദ്യരുടെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനും ചര്‍ച്ചാസംവാദങ്ങളില്‍ പങ്കെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. പരവൂര്‍ കേശവനാശാന്റെ പാഠശാലയും അദ്ദേഹം നടത്തിവന്ന 'സുജനാനന്ദിനി'യും വേലുക്കുട്ടി അരയനിലെ പത്രപ്രവര്‍ത്തകനെയും സാഹിത്യകാരനെയും രൂപപ്പെടുത്തുകയായിരുന്നു.

1917ല്‍ 23-ാം വയസ്സില്‍ 'അരയന്‍' എന്ന പത്രം ആരംഭിച്ചുകൊണ്ട് നമ്മുടെ വാര്‍ത്താമാധ്യമചരിത്രത്തില്‍ കീഴാളന് നാവു നല്‍കുകയായിരുന്നു വേലുക്കുട്ടി അരയന്‍. മേല്‍മുണ്ടുസമരവും കല്ലുമാലാ പ്രക്ഷോഭവുമൊക്കെ കേരളത്തിലെ അവര്‍ണരെന്ന് മുദ്രയടിക്കപ്പെട്ട് മാറ്റിനിര്‍ത്തപ്പെട്ട ജനതയുടെ ശബ്‌ദത്തിന് അക്ഷരരൂപം നല്‍കിയാണ് വേലുക്കുട്ടി അരയന്റെ ധീരമായ പരീക്ഷണശ്രമങ്ങള്‍ ആരംഭിക്കുന്നത്. അതോടൊപ്പം സ്വസമുദായത്തിന്റെ പ്രാക്‌ചരിത്രത്തെയും ഭാഷയെയും ഗവേഷണസ്വഭാവത്തോടെ അന്വേഷിക്കാനും വീണ്ടെടുക്കാനും തന്റെ നേതൃത്വത്തിലുള്ള അരയന്‍, ധര്‍മപോഷിണി, ഫിഷറീസ് മാഗസിന്‍, കലാകേരളം, തീരദേശം, ഫിലിംഫാന്‍, സമാധാനം, രാജ്യാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. 1922ല്‍ അരയസമുദായത്തിലെ സ്‌ത്രീജനങ്ങള്‍ക്കായി 'അരയസ്‌ത്രീജന മാസിക'യും പ്രസിദ്ധീകരിച്ചു.

രാജഭരണത്തിനും ദിവാന്‍ ഭരണത്തിനുമെതിരെ അതിശക്തമായി അദ്ദേഹം തന്റെ പ്രസിദ്ധീകരണങ്ങളിലൂടെ ആഞ്ഞടിച്ചു. പത്രം കണ്ടുകെട്ടിയതോ പ്രജാസഭാ നോമിനേഷന്‍ റദ്ദാക്കിയതോ ഒന്നും അദ്ദേഹത്തിന്റെ പോരാട്ടവീര്യം തെല്ലും തളര്‍ത്തിയില്ല. ആ മുഖപ്രസംഗങ്ങളിലെ നിര്‍ഭയത്വം പത്രപ്രവര്‍ത്തനരംഗത്തെ പുതുതലമുറകള്‍ക്ക് മാതൃകയാണ്. ക്ഷേത്രപ്രവേശനത്തിനുവേണ്ടി അദ്ദേഹം ശബ്‌ദമുയര്‍ത്തി. അതാകട്ടെ വ്യക്തിപരമായി തനിക്ക് ക്ഷേത്രത്തില്‍ കടക്കാന്‍വേണ്ടിയല്ല, മറിച്ച് പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ അവകാശസംരക്ഷണത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗം എന്ന നിലയ്‌ക്കാണെന്ന് അദ്ദേഹം വിശദീകരിച്ചു. മതവും താനും തമ്മിലുള്ള അകല്‍ച്ച എടുത്തുപറഞ്ഞ് തന്നിലെ യുക്തിവാദിയെ സമൂഹമധ്യത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്‌തു.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലെ സമുദായ നവീകരണശ്രമങ്ങളില്‍നിന്ന് അതേ നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലെ തൊഴിലാളിവര്‍ഗ വിപ്ളവ രാഷ്‌ട്രീയത്തിലേക്ക് വേലുക്കുട്ടി അരയന്‍ വളര്‍ന്നതിന്റെ ചരിത്രം പുതുതലമുറ പഠിക്കേണ്ടതുണ്ട്. 1948ലെ പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്‌റ്റ് സ്ഥാനാര്‍ഥിയായി മത്സരിച്ചു എന്നതും ഓര്‍ക്കുക.

സാമുദായിക അസമത്വത്തിനെതിരായ പോരാട്ടങ്ങള്‍ സാമ്പത്തികാസമത്വത്തിനെതിരായ പോരാട്ടങ്ങളായി രാഷ്‌ട്രീയ ഉള്ളടക്കത്തോടെ വികസിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സവിശേഷ നിഷ്‌കര്‍ഷയുണ്ടായിരുന്നു. "ഇനി ജാതിയുടെ പേരില്‍ സംഘടന നിലനിര്‍ത്തുന്നതുകൊണ്ട് അവശവിഭാഗങ്ങള്‍ക്ക് പ്രയോജനമുണ്ടാകാന്‍ പോകുന്നില്ലെന്നും തൊഴിലടിസ്ഥാനത്തിലുള്ള സംഘടനകളാണിനി ആവശ്യമെന്നും ഒരു അഭിമുഖത്തില്‍ വേലുക്കുട്ടി അരയന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വര്‍ഗബോധത്തിലേക്കുള്ള വളര്‍ച്ചയുടെ പ്രക്രിയയെയാണ് സൂചിപ്പിക്കുന്നത്. ദേശീയസ്വാതന്ത്ര്യം, ജനാധിപത്യം, സാമൂഹ്യവും രാഷ്‌ട്രീയവുമായ പുരോഗതി എന്നിവയുടെ ഭാഗമായി മാത്രമേ പിന്നോക്ക ജാതിക്കാര്‍ക്ക് അവര്‍ അനുഭവിക്കുന്ന അവശതകളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയൂവെന്ന് അദ്ദേഹം മനസ്സിലാക്കിയതായി ഇ എം എസ് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നോക്ക ജാതികളില്‍പ്പെട്ട ദശലക്ഷക്കണക്കിനുള്ള ബഹുജനങ്ങളും മുന്നോക്ക ജാതികളില്‍പ്പെട്ട ദരിദ്രലക്ഷങ്ങളും ചേര്‍ന്ന ഐക്യത്തിലൂടെ മാത്രമേ രാജ്യത്തിന്റെ പുരോഗതിയും പിന്നോക്ക ജാതിക്കാരുടെ മോചനവും സാധിക്കുകയുള്ളൂവെന്ന സത്യം മനസ്സിലാക്കിയ ആദ്യ കേരള രാഷ്‌ട്രീയ നേതാക്കളിലൊരാളായാണ് വേലുക്കുട്ടി അരയനെ ഇ എം എസ് വിലയിരുത്തിയത്.

മറ്റേതൊരു പിന്നോക്ക സമുദായത്തെയുംപോലെ അരയസമുദായത്തിനും അവരനുഭവിച്ചുവരുന്ന അവശതകളില്‍നിന്ന് മോചനം ലഭിക്കണമെങ്കില്‍ തീര്‍ച്ചയായും ദേശീയസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും പൌരാധികാരവും രാഷ്‌ട്രീയാധികാരവും അതിലൂടെയുള്ള ജീവിതപുരോഗതിയും ഉണ്ടാകണമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അതിനായി പത്രമാധ്യമങ്ങളെയും തന്റെ സാഹിത്യപ്രവര്‍ത്തനത്തെയും ഭാഷാ പരിഷ്‌കരണശ്രമത്തെയുമൊക്കെ ബോധപൂര്‍വം അദ്ദേഹം പ്രയോജനപ്പെടുത്തി.

കടലിനോട് മല്ലിട്ടുജീവിക്കുന്ന ഒരു സമുദായത്തെ തൊഴില്‍സേനയെന്ന നിലയില്‍ അഭിസംബോധനചെയ്‌താണ്, മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങളിലേക്ക് അദ്ദേഹം പ്രവേശിച്ചത്. തികഞ്ഞ ഗാന്ധിയനായി കര്‍മജീവിതം ആരംഭിച്ച വേലുക്കുട്ടി അരയന്‍ കൃത്യമായ ദിശാബോധത്തോടുകൂടി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയുംചെയ്‌തു. ജീവിതത്തിന്റെ സായാഹ്നത്തില്‍ അദ്ദേഹം തികഞ്ഞ കമ്യൂണിസ്‌റ്റായി മാറിയത് സ്വാഭാവികം. തീരദേശവാസികള്‍ നേരിടുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രശ്‌നങ്ങളെ അധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരാനുള്ള നിരന്തരപരിശ്രമങ്ങള്‍ സഫലമായ കര്‍മപരിപാടികളുടെ സാക്ഷാല്‍ക്കാരമായി ഇന്ന് ആ സമുദായം അനുഭവിച്ചുപോരുന്നു. മത്സ്യവും കയറും കരിമണലും തീര്‍ക്കുന്ന കടലോരജീവിതത്തിന്റെ സാകല്യത്തെ തിരിച്ചറിഞ്ഞ ആ കര്‍മയോഗി ഈ മേഖലയിലെ സര്‍വപ്രശ്‌നങ്ങളിലേക്കും തന്റെ വിചാരജീവിതത്തെ വികസിപ്പിച്ചു.

ഒരു തൊഴില്‍സമൂഹത്തിന്റെ മുന്നേറ്റത്തെക്കുറിച്ച് ബോധ്യമുള്ള മറ്റേതൊരു പുരോഗമനവാദിയെയുംപോലെ വേലുക്കുട്ടി അരയനും മത്സ്യത്തൊഴിലാളിമേഖലയിലെ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനത്തെക്കുറിച്ച് ബോധവാനായിരുന്നു. വ്യത്യസ്‌ത ജാതി-മത ചിന്തകളില്‍ ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ജാതിമതഭേദമെന്യേ തൊഴിലടിസ്ഥാനത്തില്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 1966ല്‍ ഫിഷറീസ് മാഗസിനില്‍ അദ്ദേഹം എഴുതുന്നു.

വാസ്‌തവത്തില്‍ സമുദായപരിഷ്‌കരണ ശ്രമങ്ങളിലാരംഭിക്കുകയും പിന്നീട് കമ്യൂണിസത്തിലേക്ക് വികസിക്കുകയും ചെയ്‌ത ജീവിതമാണ് വേലുക്കുട്ടി അരയന്റേത്. അവശജാതിക്കാര്‍ ജാതീയ അവശതകള്‍ക്കെതിരായും അവശവര്‍ഗങ്ങള്‍ വര്‍ഗചൂഷണത്തിനെതിരായും നടത്തുന്ന പോരാട്ടങ്ങളുടെ സമന്വയമായ വിപ്ലവ തൊഴിലാളി പ്രസ്ഥാനത്തിന് രൂപം നൽകുകയായിരുന്നു വേലുക്കുട്ടി അരയനെന്ന് സഖാവ് ഇ എം എസ് എഴുതിയതോർക്കുക. സാമൂഹ്യാവശതയ്‌ക്കുള്ളിൽ ജീവിച്ചിരുന്ന ഒരു ജനതയെ അക്ഷരവും അറിവും പകർന്നു നൽകി, സംഘടിത തൊഴിൽ ശക്തിയായി, പൌരബോധമുള്ള ജനാധിപത്യശക്തിയായി, വർഗബോധമുള്ള തൊഴിലാളി പ്രസ്ഥാനമായി വളർത്തിയെടുക്കാനാണ് അദ്ദേഹം നിരന്തരം പരിശ്രമിച്ചത് . കേവലം പതിനാലു വയസ്സിൽ ആരംഭിച്ച ആ ശ്രമങ്ങൾക്ക് ആറു പതിറ്റാണ്ടു നീണ്ട ചരിത്രമാണ് പറയാനുള്ളത്. ആ ചരിത്രമാണ് ഇന്ന് വീണ്ടെടുക്കപ്പെടുന്നത്. കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച ഡോ. വള്ളിക്കാവ് മോഹന്ദാസ് രചിച്ച ‘അരയൻ ’ എന്ന പുസ്‌തകത്തിലൂടെ.

സാമ്പ്രദായിക ചരിത്ര രചനയുടെയും ചരിത്ര നിർമ്മിതിയുടെയും പരിമിതികളെ മുറിച്ചു കടന്നുകൊണ്ട്, മതാതീത യുക്തിവാദിയായ ഒരു മനുഷ്യൻ സമുദായത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് നടത്തിയ പരിഷ്‌കരണ ശ്രമങ്ങൾ ആ കൃതി ചരിത്ര പശ്ചാത്തലത്തിൽ വിലയിരുത്തുന്നുണ്ട്. ‘സമസ്‌ത കേരളീയ അരയമഹാജനയോഗ’ത്തിൽ നിന്ന് ‘തിരുവിതാകൂർ രാഷ്‌ട്രീയ മഹാസഭ’യിലേയ്‌ക്കുള്ള വികാസചരിത്രം വേലുക്കുട്ടി അരയനെന്ന സാമൂഹ്യപരിഷ്‌കർത്താവിന്റെ ചരിത്രാമായി ഈ കൃതിയിലൂടെ നമ്മുടെ മുന്നിലെത്തുന്നു.

ചരിത്രത്തിലെ അഭാവങ്ങളിൽ നിന്നും വിടവുകളിൽ നിന്നും വീണ്ടെടുക്കപ്പെടുന്ന ഇത്തരം ചരിത്രപുരുഷന്മാരെ സാമൂഹ്യചരിത്രത്തിൽ സ്ഥാപിക്കുക എന്ന ദൌത്യമാണ് നമ്മൾ ഏറ്റെടുക്കേണ്ടത്. സമീപഭൂതകാലത്തിന്റെ ചരിത്രസ്ഥലികളിൽ‌പ്പോലും വിസ്‌മൃതനായിപ്പോയ ഈ ചരിത്രപുരുഷന്റെ ഓർമ്മകൾ, മാഞ്ഞുപോയതും മറയ്‌ക്കപ്പെട്ടതുമായ ഒട്ടനവധി വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും വീണ്ടെടുക്കാനുള്ള പ്രേരണയാകട്ടെ. അപ്പോൾ മാത്രമേ നമ്മുടെ സാമൂഹ്യകരിത്രം പൂർത്തിയാവുകയുള്ളൂ.


*****


പ്രഭാവര്‍മ, കടപ്പാട് : ദേശാഭിമാനി 11032011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചരിത്രം ഋജുരേഖയില്‍ സഞ്ചരിക്കുന്നില്ല. അത് മിക്കപ്പോഴും വക്രഗതിയില്‍ നീങ്ങുന്നു. വക്രഗതിയായ ചരിത്രത്തില്‍ ശരികളും തെറ്റുകളും മറയുകയോ മറയ്‌ക്കപ്പെടുകയോ ചെയ്യപ്പെടുന്നു. ചിലപ്പോഴെങ്കിലും ചരിത്രഗതിയില്‍ പ്രത്യക്ഷപ്പെടാനാകാത്ത ചില മിഥ്യാഭ്രമങ്ങളും അത് സൃഷ്‌ടിക്കാറുമുണ്ട്. ചരിത്രത്തിന്റെ വക്രഗതിക്കും മിഥ്യാഭ്രമങ്ങള്‍ക്കുമിടയില്‍ തമസ്‌കരിക്കപ്പെടുന്ന വ്യക്തികളും സംഭവങ്ങളും നിരവധിയാണ്. പക്ഷേ, ഇത്തരത്തില്‍ തമസ്‌കരിക്കപ്പെട്ടുപോകുന്നവ വീണ്ടെടുക്കപ്പെടുകതന്നെ ചെയ്യുമെന്നതും ചരിത്രപാഠം. വല്ലപ്പോഴുമെങ്കിലും പ്രത്യേക ദിശാബോധത്തോടുകൂടിയുണ്ടാകുന്ന അന്വേഷണങ്ങള്‍ ചരിത്രത്തിലെ ഇത്തരം വിടവുകളെ പൂരിപ്പിക്കാറുണ്ട്. അങ്ങനെയാണ് ചരിത്രത്തില്‍ വിസ്‌മൃതമാക്കപ്പെട്ട ഇന്ത്യന്‍ ദളിത് ജീവിതം വീണ്ടെടുക്കപ്പെടുന്ന ഒരു ചരിത്രമുഹൂര്‍ത്തത്തില്‍ നാമിന്ന് എത്തിനില്‍ക്കുന്നത്