Monday, February 20, 2012

പോയ് മറഞ്ഞ വഴികള്‍

ഒന്നാം ഭാഗം അരികിലാണെങ്കിലും

ലാഹോറിലെ ഗോള്‍ഫ് ക്ലബ്ബിലായിരുന്നു ഉച്ചഭക്ഷണം. പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഒരു വന്‍നിരയുണ്ടായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ എന്തും നടക്കാമെന്നാണ് ഒരു വര്‍ത്തമാനം. കളിക്കളത്തില്‍മാത്രം ഒതുങ്ങാറില്ല പലപ്പോഴും യുദ്ധവീറ്. ഒരു കാലത്ത് ഹോക്കിയായിരുന്നു പ്രധാനം. ഇപ്പോള്‍ മറ്റു പല രാജ്യങ്ങളും അതില്‍ മുമ്പന്തിയിലായി. അല്ലെങ്കിലും ഇത് ക്രിക്കറ്റാണല്ലോ എന്നു പറയാന്‍ കഴിയാത്തവിധം വൈരം മുറുകി നിന്ന മത്സരനാളുകള്‍ . ക്രിക്കറ്റ് പാക് ജനതയുടെ ഹൃദയതാളമാണ്. ഇമ്രാന്‍ ഖാന്‍ നേടുന്ന ജനസ്വാധീനത്തിന് ഇതും ഒരു ഘടകമാണ്. ബോളിവുഡ് ഇന്ത്യയുടെ മാത്രമല്ല പാകിസ്ഥാന്റെ കൂടി സ്വന്തമാണ്. ഞങ്ങളുടെ സംഘത്തില്‍ ശത്രുഘ്നന്‍ സിന്‍ഹയുമുണ്ടായിരുന്നു. പോകുന്നിടങ്ങളിലെല്ലാം അദ്ദേഹത്തിനു നല്ല മാര്‍ക്കറ്റാണ്. സെക്യൂരിറ്റിക്കാരന്‍ തുടങ്ങി മാധ്യമപ്രതിനിധിയും മന്ത്രിയും വരെ ശത്രുവിന്റെ ഒപ്പം നിന്നു ഫോട്ടോയെടുക്കാന്‍ തിരിക്കുകൂട്ടി.

രസകരമായ സംഗതിയുണ്ടായത് പാര്‍ലമെന്റ് സന്ദര്‍ശനത്തിനുശേഷമുള്ള മീഡിയ ബ്രീഫിങ്ങിലാണ്. പാര്‍ലമെന്റിന്റെ പുറത്ത് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനായി പ്രത്യേക സംവിധാനമുണ്ട്. സ്റ്റേജിലേക്ക് കയറി തുടങ്ങിയപ്പോള്‍ത്തന്നെ ചെറുപ്പക്കാരനായ ഒരു ചാനല്‍ പ്രതിനിധി ശത്രുഘ്നന്‍ സിന്‍ഹയോട് മുമ്പിലേക്ക് വരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടിരിന്നു. അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മുമ്പില്‍ നിന്നു. മാധ്യമങ്ങളോട് സംസാരിച്ചത് സംഘത്തലവനായ യശ്വന്ത് സിന്‍ഹയാണ്. മുന്‍വിദേശമന്ത്രിയെന്ന നിലയില്‍ താന്‍ മുമ്പ് നടത്തിയ സന്ദര്‍ശനത്തിന്റെ കാര്യങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹം വിശദീകരിച്ചിരുന്നു. ബ്രീഫിങ് കഴിഞ്ഞ് സ്റ്റേജില്‍നിന്ന് താഴോട്ട് ഇറങ്ങിയപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ യശ്വന്ത്സിന്‍ഹയുടെ അടുത്തേക്ക് ഓടിയെത്തി. നേരത്തെ ശത്രുഘ്നന്‍ സിന്‍ഹയെ മുന്‍നിരയില്‍ നിര്‍ത്താന്‍ പേരെടുത്ത് വിളിച്ച് ബഹളമുണ്ടാക്കിയ ചെറുപ്പക്കാരനായിരുന്നു അത്. എന്തെങ്കിലും സംശയം ചോദിക്കാനായിരിക്കുമെന്ന് കരുതി. എന്നാല്‍ , യശ്വന്ത് സിന്‍ഹയോടുള്ള സ്വകാര്യചോദ്യം ഞെട്ടിക്കുന്നതായിരുന്നു. താങ്കളുടെ പേര് എന്താണെന്ന ചോദ്യത്തിനു മുമ്പില്‍ സിന്‍ഹയുമൊന്ന് ഞെട്ടിയെന്നു തോന്നുന്നു. പാകിസ്ഥാനിലെ പ്രമുഖ ചാനലിലെ രാഷ്ട്രീയ ലേഖകനും അറിയുന്ന സിന്‍ഹ ശത്രുഘ്നന്‍ തന്നെ. സിയ ഉള്‍ ഹക്ക് രാഷ്ട്രത്തലവനായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ചെല്ലാന്‍ അവകാശമുണ്ടായിരുന്നയാളായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ. രാജ്കുമാറിന്റെയും ദിലീപ്കുമാറിന്റെയും വീട് പാകിസ്ഥാനിലാണ്. പെഷവാറിലെ ദിലീപ് കുമാറിന്റെ വീട് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ച കാര്യം കഴിഞ്ഞ ദിവസം വാര്‍ത്തയായി മാധ്യമങ്ങളില്‍ കണ്ടിരുന്നു.

ഹിന്ദി സിനിമയ്ക്ക് ഇന്നും പാകിസ്ഥാനില്‍ നല്ല മാര്‍ക്കറ്റാണ്. എന്നാല്‍ , ടെലിവിഷനില്‍ ഇന്ത്യന്‍ ചാനലുകള്‍ കിട്ടില്ല, പ്രത്യേകിച്ചും വാര്‍ത്താചാനലുകള്‍ . എന്നിട്ടും സിനിമയ്ക്ക് കുറവില്ല. കലയും കായികവിനോദങ്ങളും രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിന് സഹായകരമായ ഉപകരണങ്ങളാണ്. ലാഹോറിലെ ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ കാറിലേക്ക് കയറി. ഇസ്ലാമാബാദിലേക്കുള്ള മോട്ടോര്‍ റോഡിലൂടെയുള്ള യാത്ര അതിവേഗത്തിലാണ്. യാത്ര സുഖകരമാണ്. പക്ഷേ, ഇരുവശവും മിക്കവാറും വിജനമാണ്. എക്സ്പ്രസ് വേകള്‍ വരണ്ട മരുഭൂമിയിലെ യാത്രപോലെയാണ്. പച്ചപ്പും പച്ചമനുഷ്യനെയും കാണാത്ത റോഡുകള്‍ നീണ്ടുകിടക്കുന്നു. എവിടെയും ചീറിപ്പായുന്ന വാഹനങ്ങള്‍ . വഴിയരികിലെ എക്സിറ്റ് ബോര്‍ഡുകള്‍ മനുഷ്യവാസത്തിലേക്കുള്ള എന്‍ട്രികളാണ്. ലാഹോറില്‍നിന്ന് ഇസ്ലാമാബാദിലേക്കുള്ള പഴയ റോഡിലൂടെയുള്ള യാത്ര പാകിസ്ഥാന്‍ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണെന്ന് മണിശങ്കരഅയ്യര്‍ പറഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് പാകിസ്ഥാനിലെ ഹൈക്കമ്മീഷണറായിരുന്നു. അതിനുശേഷമാണ് രാജീവ്ഗാന്ധിയുടെ ടീമിലേക്ക് വരുന്നത്.

ലാഹോറില്‍നിന്ന് റാവല്‍പിണ്ടിയിലേക്കും ഇസ്ലാമാബാദിലേക്കും മാത്രമല്ല കൊല്‍ക്കത്തയിലേക്കും അമൃത്സറിലേക്കും ശ്രീനഗറിലേക്കുമെല്ലാം റോഡുകളുണ്ടായിരുന്നു. എവിടെയാണ് ആ റോഡുകള്‍ അവസാനിച്ചുപോയത്. മുറിഞ്ഞുപോയത് വഴികള്‍ മാത്രമായിരുന്നില്ല, ഹൃദയബന്ധങ്ങള്‍കൂടിയായിരുന്നു. അനാഥമാകുംവിധം അതിര്‍ത്തിക്കടുത്ത് അവസാനിക്കുന്ന വഴികള്‍ ഒറ്റപ്പെടലിന്റെ പ്രതീകമായി അവശേഷിക്കുന്നു. വഴികള്‍ കമ്പിവേലികളില്‍ തട്ടി നില്‍ക്കുന്നു. ഇടവിട്ട നിറങ്ങളിലെ തൂണുകളില്‍ താങ്ങിനിര്‍ത്തപ്പെട്ട വേലികള്‍ അറുത്തുമാറ്റിയ ബന്ധങ്ങള്‍ . ഈ വഴികളിലൂടെ അരനൂറ്റാണ്ടിനപ്പുറം മനുഷ്യര്‍ കളിച്ചും ചിരിച്ചും സഞ്ചരിച്ചിരുന്നു. നെല്ലും ഗോതമ്പും കയറ്റിയ വണ്ടികള്‍ ഇടതടവില്ലാതെ ഓടിയിരുന്നു. ഒരു പക്ഷേ കറ്റ തലയില്‍വച്ച മനുഷ്യര്‍ നടന്നിരുന്ന വഴിച്ചാലുകളും കാണുമായിരിക്കും. എല്ലാം എവിടെയാണ് അവസാനിച്ചത്..........

രണ്ടുപേര്‍ക്ക് ഒരു കാറാണ്. ഹംദുള്ള സെയ്ദും ഞാനുമാണ് സഹയാത്രികര്‍ . ബിജെഡിയുടെ ഭര്‍തൃഹരി മേത്താബിനെ ഒറ്റയ്ക്ക് വിട്ട് അസറുദീന്‍ ഒവൈസി ഞങ്ങളുടെ കാറില്‍ കയറി. ഹംദുള്ള സെയ്ദ് പി എം സെയ്ദിന്റെ മകനാണ്. ഒരു കാലത്ത് ലക്ഷദ്വീപെന്നു പറഞ്ഞാല്‍ സെയ്ദായിരുന്നു. തുടര്‍വിജയങ്ങളുടെ യാത്രയ്ക്ക് ഒടുവില്‍ തോല്‍വി വിരാമമിട്ടപ്പോള്‍ ജനാധിപത്യം അതിന്റെ സാധ്യത തെളിയിച്ചു. ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം മകന്‍ ലക്ഷദ്വീപില്‍നിന്ന് തന്നെ പാര്‍ലമെന്റിലേക്ക് എത്തി. ലക്ഷദ്വീപില്‍ ജനിക്കുന്നവരെല്ലം എസ്ടി വിഭാഗത്തിലാണ് പെടുന്നത്. എന്നാല്‍ , ഡല്‍ഹിയില്‍ ജനിച്ച ഹംദ്ദുള്ളയ്ക്കു വേണ്ടി ഭരണഘടനതന്നെ ഭേദഗതിചെയ്തു. അങ്ങനെയാണ് കഴിഞ്ഞ തവണ ഹംദുള്ളയ്ക്ക് മത്സരിക്കാന്‍ കഴിഞ്ഞത്. ലോക്സഭയിലെ ബേബിയാണ് ഹംദുള്ള. പി എം സെയ്ദും ആദ്യവട്ടം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോക്സഭയിലെ ബേബിയായിരുന്നു. ഞങ്ങളുടെ സംഘത്തില്‍ പ്രമാണിമാരായ പിതാക്കളുടെ മക്കള്‍ രണ്ടുപേര്‍കൂടിയുണ്ട്. ശരദ്പവാറിന്റെ മകള്‍ സുപ്രിയ സുലേ നേരത്തെ രാജ്യസഭയിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. ഹരിയാന മുഖ്യമന്തി ഹുഡെയുടെ മകനായ ദീപേന്ദറാണ് മറ്റൊരാള്‍ . രണ്ടാംവട്ടമാണ് ദീപേന്ദര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയും എംപിയാണ്. മുപ്പതുവയസ്സിനു താഴെയുള്ള ലോക്സഭാംഗങ്ങളില്‍ മുഴുവന്‍ പേരും വരുന്നത് രാഷ്ട്രീയ കുടുംബങ്ങളില്‍നിന്നാണ്. നാല്‍പ്പതിനു താഴെയുള്ളവരില്‍ മൂന്നില്‍ രണ്ടും ഇതേ ഗണത്തിലാണ് പെടുന്നത്. രാഷ്ട്രീയം പതുക്കെ പതുക്കെ കുടംബങ്ങളുടെ തുടര്‍ച്ചയിലേക്ക് വഴിമാറുന്നുവോയെന്ന സംശയം ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഒവൈസിക്ക് നമസ്കാരത്തിന്റെ സമയമായി. വഴിയരികില്‍ കണ്ട പള്ളിക്കുമുമ്പില്‍ വാഹനം നിര്‍ത്തി. ഒവൈസി പള്ളിയിലേക്ക് പോയി. യാത്രികന് ചില ഇളവുകളുണ്ടെന്ന് ഹംദുള്ള പറഞ്ഞു. ഒന്നിനു പുറകെ ഒന്നായി വാഹനങ്ങള്‍ പള്ളിക്കു മുമ്പില്‍ നിരന്നു. ഞാനും ഹംദുള്ളയും ചെറിയ വഴികളിലൂടെ നടന്നു. കുറച്ച് അപ്പുറത്ത് ഓറഞ്ചുകള്‍ നിറഞ്ഞുനില്‍ക്കുന്നു.

പാകിസ്ഥാനിലെ ഓറഞ്ച് പ്രശസ്തമാണ്. ലോകത്തിലെ ആറാമത്തെ ഓറഞ്ച് ഉല്‍പ്പാദകരാണ് പാകിസ്ഥാന്‍ . അടുത്ത എക്സിറ്റില്‍നിന്ന് തന്റെ ഗ്രാമത്തിലേക്ക് പോകാമെന്നും അവിടെ ചന്തയില്‍ നല്ല ഓറഞ്ച് കിട്ടുമെന്നും ഡ്രൈവര്‍ നവാസ് പറഞ്ഞു. എന്നാല്‍ , അങ്ങോട്ട് വിടാമെന്നായി ഒവൈസി. കോട്ട് മൊയീനിലേക്കുള്ള എക്സിറ്റിലേക്ക് തിരിച്ചു. കിനു എന്ന വിഭാഗത്തില്‍പ്പെട്ട ഓറഞ്ചാണ് പാകിസ്ഥാന്റെ സ്പെഷ്യല്‍ . ലോകകമ്പോളത്തിലെ 95 ശതമാനം കിനുവം പാകിസ്ഥാനില്‍നിന്നാണ്. ചന്തയില്‍ നിരത്തിവച്ച ഓറഞ്ചുകള്‍ക്ക് പിറകിലെ കച്ചവടക്കാര്‍ കൈകൊട്ടി വിളിച്ചു. അപ്പോള്‍ പറിച്ചുകൊണ്ടുവന്നതുപോലെ പച്ച ഇലകളുമായി കൂടികിടക്കുന്ന ഓറഞ്ചുകള്‍ . ഞങ്ങള്‍ രണ്ടു കൂട വാങ്ങി. ഒരു രൂപ കൊടുത്താല്‍ 17 പാകിസ്ഥാന്‍ രൂപ കിട്ടും. അതിര്‍ത്തിയില്‍നിന്ന് മാറിയ നോട്ടുകള്‍ ചെലവഴിക്കണമല്ലോ. ഒരു ഓറഞ്ചിന്റെ തൊണ്ട്പൊളിച്ച് അല്ലി വായിലേക്ക് ഇട്ടു. നല്ല മധുരം. ഒരു മണിക്കുര്‍ കഴിയുമ്പോഴക്കും നല്ല വിശപ്പ് പിടിക്കുമെന്നായി നവാസ്. കിനു നല്ല അപ്പറ്റൈസറാണ്. ചന്തയില്‍ എല്ലാ തരത്തിലുള്ള പച്ചക്കറികളും മറ്റു സാധനങ്ങളും വില്‍ക്കാന്‍ വച്ചിട്ടുണ്ട്. ജീവിതച്ചെലവ് കൂടുതലാണ് പാകിസ്ഥാനില്‍ . കൊച്ചുകുട്ടികള്‍ കളിപ്പാട്ടം മുതല്‍ തുണി വരെ വില്‍ക്കാന്‍ വാഹനത്തിനടുത്തേക്ക് വരുന്നു. ഡല്‍ഹിയിലെ ഏറ്റവും ആധുനികമായ ടെര്‍മിനല്‍ ത്രീ വിമാനത്താവളത്തിലേക്കുള്ള യാത്രയിലെ സ്ഥിരം ദൃശ്യമാണത്. പാകിസ്ഥാനില്‍ ഗ്രാമത്തിലും നഗരത്തിലും പട്ടിണി വ്യാപകം. എത്ര വിറ്റാലും ജീവിക്കാനുള്ളത് കിട്ടില്ലെന്നാണ് ഓറഞ്ച് വില്‍പ്പനക്കാരനായ മുഹമ്മദിന്റെ സങ്കടം. കഷ്ടപ്പാടിനും കണ്ണീരിനും അതിര്‍ത്തികള്‍ ബാധകമല്ല. നയങ്ങള്‍ മാത്രമേ അതിരുകള്‍ സൃഷ്ടിക്കുന്നുള്ളു. (അവസാനിക്കുന്നില്ല)

*
പി രാജീവ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 19 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലാഹോറില്‍നിന്ന് റാവല്‍പിണ്ടിയിലേക്കും ഇസ്ലാമാബാദിലേക്കും മാത്രമല്ല കൊല്‍ക്കത്തയിലേക്കും അമൃത്സറിലേക്കും ശ്രീനഗറിലേക്കുമെല്ലാം റോഡുകളുണ്ടായിരുന്നു. എവിടെയാണ് ആ റോഡുകള്‍ അവസാനിച്ചുപോയത്. മുറിഞ്ഞുപോയത് വഴികള്‍ മാത്രമായിരുന്നില്ല, ഹൃദയബന്ധങ്ങള്‍കൂടിയായിരുന്നു. അനാഥമാകുംവിധം അതിര്‍ത്തിക്കടുത്ത് അവസാനിക്കുന്ന വഴികള്‍ ഒറ്റപ്പെടലിന്റെ പ്രതീകമായി അവശേഷിക്കുന്നു. വഴികള്‍ കമ്പിവേലികളില്‍ തട്ടി നില്‍ക്കുന്നു. ഇടവിട്ട നിറങ്ങളിലെ തൂണുകളില്‍ താങ്ങിനിര്‍ത്തപ്പെട്ട വേലികള്‍ അറുത്തുമാറ്റിയ ബന്ധങ്ങള്‍ . ഈ വഴികളിലൂടെ അരനൂറ്റാണ്ടിനപ്പുറം മനുഷ്യര്‍ കളിച്ചും ചിരിച്ചും സഞ്ചരിച്ചിരുന്നു. നെല്ലും ഗോതമ്പും കയറ്റിയ വണ്ടികള്‍ ഇടതടവില്ലാതെ ഓടിയിരുന്നു. ഒരു പക്ഷേ കറ്റ തലയില്‍വച്ച മനുഷ്യര്‍ നടന്നിരുന്ന വഴിച്ചാലുകളും കാണുമായിരിക്കും. എല്ലാം എവിടെയാണ് അവസാനിച്ചത്..........