കവിയായ എം എന്‍ പാലൂരിനെയും മനുഷ്യനായ എം എന്‍ പാലൂരിനെയും കുറെയൊക്കെ അറിയാം എന്ന തോന്നലുണ്ടായിരുന്നു എനിക്ക്. പാലൂരിന്റെ കഥയില്ലാത്തവന്റെ കഥ; വായിക്കുമ്പോഴാണ് എത്ര കുറച്ചേ അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നുള്ളൂ എന്ന് എനിക്കു മനസ്സിലായത്. പാലൂരിന്റെ ജീവിതം ഒരു സമരമായിരുന്നു. പാലൂരിന്റെ ഭഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ സമൃദ്ധമായ ദാരിദ്ര്യം കുടികൊണ്ടിരുന്ന ഇല്ലത്തെ കുട്ടിക്കാലം, അവിടെനിന്ന് പല ഇല്ലങ്ങളിലും താമസിച്ചുള്ള വേദാഭ്യസനം, വിവിധ അമ്പലങ്ങളിലെ ശാന്തി, പട്ടിക്കാംതൊടിയുടെ കീഴില്‍ കഥകളി അഭ്യസനം, പല വീടുകളിലേയും യജമാനന്മാരുടെയും ഡ്രൈവര്‍പ്പണി, പിന്നെ ബോംബേയ്ക്കുള്ള പലായനം, ഒടുവില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ഡ്രൈവര്‍പ്പണി.
ഇതിനിടയ്ക്ക് പാലൂര്‍ ചെറിയ ഇടവേളകളിലാണെങ്കിലും ഹോട്ടലില്‍ വിളമ്പാന്‍പോലും നിന്നിട്ടുണ്ട്. നാരായണപ്പിഷാരോടിയുടെ കീഴിലുള്ള സംസ്കൃതപഠനവും ടി എം പി നെടുങ്ങാടി(നാദിര്‍ഷ)യുടെ കീഴിലുള്ള ഇംഗ്ലീഷ് പഠനവും ജീവിതസമരത്തിന്റെ ഭാഗം തന്നെ. ഒറ്റ നോട്ടത്തില്‍ അത്ര സംഭവബഹുലമൊന്നും അല്ലെന്നു തോന്നുമെങ്കിലും തീ പിടിച്ച ജീവിതംതന്നെയായിരുന്നു പാലൂരിന്റേത്. ആത്മകഥ എഴുതുമ്പോള്‍ പാലൂര്‍ ഒരു കവിയല്ല. പുസ്തകത്തിന്റെ മുക്കാല്‍ ഭാഗത്തോളം തന്റെ കാവ്യജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നതേയില്ല. അദ്ദേഹത്തിന്റെ ഒപ്പം സഞ്ചരിക്കുമ്പോള്‍ ഞാനും കുറെ സമയം അദ്ദേഹത്തിന്റെ കവിതയെക്കുറിച്ച് മറന്നുപോയിരുന്നു.
പാലൂരിന്റെ കഥയിലൂടെ അദ്ദേഹത്തിന്റെ ജീവിതം മാത്രമല്ല സമൂഹത്തിലെ ചില പ്രഭുക്കളുടെയും പ്രഭ്വികളുടെയും ഇരുണ്ട ജീവിതംകൂടി വെളിപ്പെടുന്നുണ്ട്. അതേസമയം ഡോ. വി ആര്‍ മേനോനെപ്പോലെയുള്ള മഹദ്വ്യക്തികളുടെ ജീവിതവും. എഴുത്തുകാരന്റെ സത്യസന്ധതകൊണ്ട് അനല്‍പ്പമായ ദീപ്തി ഈ പുസ്തകത്തില്‍ ഉടനീളം നമുക്ക് അനുഭവപ്പെടും. ഈ അടുത്ത കാലത്ത് ആത്മകഥകള്‍ക്ക് നല്ല വിപണിമൂല്യമാണ്. പത്രാധിപന്മാര്‍ അതു മനസ്സിലാക്കിയിട്ടുമുണ്ട്. അതുകൊണ്ട് അവര്‍ മീശ തെളിയാത്ത കുരുന്നുകളെക്കൊണ്ടുപോലും ആത്മകഥ എഴുതിക്കാറുണ്ട്. അതോടെ അത്തരം ചെറിയ ജീവിതങ്ങളുടെ മുന്നേറ്റംപോലും നിലയ്ക്കുകയാണ് എന്ന സത്യം അവര്‍ മനസ്സിലാക്കുന്നില്ല. ഇത്തരം ഒരു കടുംവെട്ടല്ല പാലൂരിന്റെ കഥ. ഇത് കഥയില്ലാത്തവന്റെ കഥയല്ല തന്നെ. 2012ല്‍ ഏറ്റവുമധികം വായിക്കപ്പെട്ട മലയാളപുസ്തകമായതില്‍ എനിക്ക് ഒരത്ഭുതവും തോന്നുന്നില്ല.
അഷ്ടമൂര്‍ത്തി
അധിനിവേശങ്ങളില്‍ നഷ്ടമാകുന്നത്
അര്‍ഹിക്കുന്ന പലര്‍ക്കും ലഭിക്കാത്ത ഒരു പുരസ്കാരമാണ് സാഹിത്യനൊബേല്‍ എന്ന് വാദിക്കുമ്പോള്‍ വിമര്‍ശകര്‍ ഉദാഹരിക്കുന്ന രണ്ടു പേരുകളിലൊന്നാണ് ചിനുവ അചെബെ. മറ്റേയാള്‍ എല്ലാവര്‍ക്കുമറിയാവുന്നതുപോലെ ടോള്‍സ്റ്റോയിതന്നെ. അചെബെ ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവാണ്. അറുപതുകളുടെ തുടക്കത്തില്‍ത്തന്നെ ലോകം ആദരപൂര്‍വം ആ പദവി അദ്ദേഹത്തിന് നല്‍കിക്കഴിഞ്ഞിരുന്നു. കാല്‍നൂറ്റാണ്ട് നീണ്ട തടങ്കലില്‍ തനിക്ക് ആശ്വാസമായത് അചെബെ എന്ന എഴുത്തുകാരനാണെന്ന് നെല്‍സണ്‍ മണ്ടേല അഭിപ്രായപ്പെട്ടിട്ടുണ്ട്.
"അചെബെ കൂട്ടായിരിക്കുമ്പോള്‍ തടവറഭിത്തികള്‍ ഇടിഞ്ഞുവീഴുന്നതായി തോന്നു"മെന്ന മണ്ടേലയുടെ വാക്കുകള്‍ക്കപ്പുറം കൊളോണിയല്‍ അടിമത്തത്തിനും വംശീയതയ്ക്കും നേരെ സര്‍ഗാത്മകമായി പ്രതികരിച്ച ഒരെഴുത്തുകാരന്റെ കരുത്തിന് എന്തു സാക്ഷ്യപത്രമാണ് വേണ്ടത്. നോവലിസ്റ്റ്, കവി, ഉപന്യാസകാരന്‍ എന്നിങ്ങനെ പല നിലകളില്‍ "ആഫ്രിക്കയുടെ വിശ്വസാഹിത്യകാരന്‍" അരനൂറ്റാണ്ടിലേറെ സജീവമായിരുന്നു. ഇപ്പോള്‍ എണ്‍പത്തിരണ്ടാം വയസ്സില്‍ ജീവിതത്തില്‍നിന്ന് വിടപറയുമ്പോഴും മനുഷ്യദുഃഖങ്ങള്‍ക്ക് കാരണമായ സാമൂഹ്യ-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അദ്ദേഹമുയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമായിത്തന്നെ നില്‍ക്കുന്നു. തെക്കുകിഴക്കന്‍ നൈജീരിയയിലെ ഇബോ സംസ്കാരത്തിന്റെ നേരവകാശിയാണ് അചെബെ.
1958ല്‍ തന്റെ ഇരുപത്തെട്ടാം വയസ്സില്‍ എഴുതിയ "തിങ്സ് ഫാള്‍ എപ്പാര്‍ട്ട്" എന്ന പ്രഥമ നോവലില്‍ നായകനായ ഒക്വന്‍കോയും ഈ സംസ്കാരത്തെതന്നെയാണ് പ്രതിനിധാനംചെയ്യുന്നത്. മൂന്നു ഭാര്യമാരും എട്ട് കുട്ടികളുമായി പോരാളിയും ഗുസ്തിക്കാരനുമായ കഥാനായകന്‍ ജീവിക്കുന്നു. ആത്മഹത്യയിലൊടുങ്ങുന്ന ആ ജീവിതത്തിലൂടെ ബാഹ്യശക്തികളാല്‍ തുടച്ചുനീക്കപ്പെടുന്ന ആഫ്രിക്കയുടെ തനതുസംസ്കൃതിയുടെ ദുരന്തമാണ് അചെബെ ആവിഷ്കരിക്കുന്നത്. ഒരു വ്യക്തിയുടെ സാധാരണ ജീവിതത്തിനും വ്യത്യസ്തതകള്‍ നിറഞ്ഞ ഗ്രാമീണ ജീവിത ചിത്രീകരണത്തിനുമപ്പുറം നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു സംസ്കൃതിയുടെ മഹാഖ്യാനമായതുകൊണ്ട് "തിങ്സ് ഫാള്‍ എപ്പാര്‍ട്ട്" ക്ലാസിക്കുകളുടെ നിരയിലേക്കുയര്‍ത്തപ്പെടാന്‍ ഏറെ വൈകിയില്ല. കൊളോണിയലിസത്തിന്റെ രാഷ്ട്രീയ-സാമൂഹ്യമൂല്യങ്ങള്‍ തദ്ദേശീയ ഗ്രാമജീവിതത്തെ എങ്ങനെ ഇല്ലാതാക്കുന്നുവെന്ന് ഈ നോവല്‍ വിവരിക്കുന്നു.
ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ നമുക്ക് സമാനമായ ഒരു പുനര്‍വായന സാധ്യമാക്കുന്നുണ്ട് അചെബെയുടെ ആദ്യനോവല്‍. യഥാര്‍ഥത്തില്‍ ഒരു നോവല്‍ത്രിത്വത്തിലെ ആദ്യത്തേതുമാത്രമാണിത്. "നോ ലോങ്ങര്‍ അറ്റ് ഈസ്" എന്ന രണ്ടാമത്തെ നോവലില്‍ ആദ്യനോവലിലെ നായകനായ ഒക്വന്‍കോയുടെ രണ്ടാം തലമുറയാണ് കഥാപാത്രങ്ങളായി വരുന്നത്. കൊളോണിയല്‍ വിദ്യാഭ്യാസം കിട്ടുന്ന ഈ തലമുറ ആന്തരസംഘര്‍ഷങ്ങളില്‍ ആഴ്ന്നുപോകുന്നു. ത്രിത്വത്തിലെ അവസാന നോവല്‍ "ആരോ ഓഫ് ഗോഡ്" കൂടുതല്‍ രാഷ്ട്രീയമാണ്. ബയാഫ്ര സംഘര്‍ഷങ്ങളെയും പട്ടാള അട്ടിമറിയെയും പ്രമേയമാക്കുന്ന "എ മാന്‍ ഓഫ് ദ പീപ്പിള്‍" ഒരു സൈനികനൊപ്പം കഴിയേണ്ടിവരുന്ന മൂന്നു സുഹൃത്തുക്കളുടെ കഥപറയുന്ന "ആന്‍ഡ് ഹില്‍സ് ഓഫ് സാവന്ന" എന്നിങ്ങനെ രണ്ട് നോവലുകള്‍കൂടി അചെബെയുടേതായുണ്ട്.
വംശീയതയെക്കുറിച്ചുള്ള അചെബെയുടെ ഏറ്റവും ശക്തമായ വിമര്‍ശം മസാചുസെറ്റ്സ് റിവ്യൂവില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ്. കോണ്‍റാഡിന്റെ ഹാര്‍ട്ട് ഓഫ് ഡാര്‍ക്നെസ് എന്ന പുസ്തകത്തോടുള്ള വിമര്‍ശമാണത്. ആഫ്രിക്കന്‍ ജീവിതത്തെ അപമാനവീകരിക്കാനുള്ള ശ്രമമാണ് കോണ്‍റാഡിന്റേതെന്ന് അചെബെ തുറന്നടിച്ചു. അചെബെയുടെ ഓരോ വാക്കിലും രാഷ്ട്രീയമുണ്ട്. ഓര്‍മക്കുറിപ്പുകള്‍പോലും ചരിത്രത്തിന്റെ ഇതളുകളാണ്. നൈജീരിയന്‍ ആഭ്യന്തര കലാപത്തിന്റെ നേര്‍ചിത്രങ്ങളാണ് "ദെയര്‍ വാസ് എ കണ്‍ട്രി" എന്ന കുറിപ്പുകള്‍. തന്റേതായ ഭാഷയാണ് അചെബെയുടെ അടയാളം. നേര്‍വരപോലെ ലളിതമാണത്. പക്ഷേ, ഇബോ സംസ്കാരത്തിന്റെ ആത്മാവായ പഴഞ്ചൊല്ലുകളും പ്രയോഗങ്ങളും ആപ്തവാക്യങ്ങളുംകൊണ്ട് സമ്പന്നം. അചെബെ ഒരു വഴികാട്ടിയല്ല. പക്ഷേ, പുതിയ പാതകള്‍ വെട്ടിത്തുറന്ന് മുന്നേറിയ പോരാളിയാണ്.
ബി എ
നവോത്ഥാന സംവാദത്തിന് മാര്‍ഗരേഖ
ഭൂതകാലം നമുക്ക് നല്‍കിയ നവോത്ഥാനാശയങ്ങള്‍ സാധ്യമാക്കിയ സംവാദാത്മകതയെ ശിഥിലമാക്കാന്‍ വര്‍ഗീയത അടക്കമുള്ള വിദ്വേഷപ്രത്യയശാസ്ത്രങ്ങള്‍ ശ്രമിക്കുമ്പോള്‍ നവോത്ഥാനത്തെക്കുറിച്ച് ആവര്‍ത്തിച്ചുപറയേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും നവോത്ഥാനം നിരാകരിച്ച വൈദികാനുഷ്ഠാനങ്ങളില്‍ പലതും ഇന്നും നമ്മുടെ സാംസ്കാരികജീവിതത്തിന്റെ അടിത്തറയായി തുടരുന്ന പശ്ചാത്തലത്തില്‍. ആ ദൗത്യമാണ് കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന കൃതിയിലൂടെ കെ ഇ എന്‍ നിര്‍വഹിക്കുന്നത്. കേരളീയനവോത്ഥാനത്തിന്റെ ആദ്യകാല ചരിത്രം, കേരളീയ നവോത്ഥാനത്തിന്റെ വര്‍ത്തമാനം എന്നിങ്ങനെ രണ്ടു ഭാഗമായി പ്രൗഢമായ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം നമ്മുടെ സംസ്കാരപഠനത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.
വൈകുണ്ഠം സ്വാമികള്‍, ശ്രീനാരായണഗുരു, ശ്രീകുമാരഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി, ഡോ. വി വി വേലുക്കുട്ടി അരയന്‍ തുടങ്ങിയ നവോത്ഥാനപ്രതിഭകളുടെയും നവോത്ഥാനം കാരണമായി വധിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന തിരസ്കൃതപ്രതിഭയുടെയും സമരഭരിതമായ ജീവിതങ്ങളും ചിന്തകളുമാണ് പുസ്തകത്തിന്റെ ആദ്യഭാഗത്തില്‍ വിലയിരുത്തപ്പെടുന്നത്. ഒരു മതേതരസമൂഹത്തില്‍ നിലവിലുള്ള വിശ്വാസം, അന്ധവിശ്വാസം, ആചാരം, ഭാഷ, ഭക്ഷണം, വസ്ത്രം, സാമാന്യബോധം, ദേശീയത, സ്ത്രീവിരുദ്ധത, ബന്ധങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി സങ്കുചിതരാഷ്ട്രീയം കടന്നുവരുന്ന രീതികളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നു രണ്ടാം ഭാഗത്തില്‍. കേരളത്തിന്റെ സംസ്കാരപഠനത്തില്‍ തിരസ്കരിക്കപ്പെട്ട കീഴാള നവോത്ഥാനമെന്ന ആശയമാണ് നവോത്ഥാനപ്രതിഭകളുടെ ജീവിതത്തെയും ചിന്തയെയും അപഗ്രഥിച്ചുകൊണ്ട് ഗ്രന്ഥകര്‍ത്താവ് മുന്നോട്ടുവയ്ക്കുന്നത്. തൊഴിലാളി-കര്‍ഷകസംഘടനകള്‍ രൂപം കൊള്ളുംമുമ്പേ അധഃസ്ഥിതന്റെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി കേരളത്തിന്റെ സ്പാട്ടക്കസ് ആയ അയ്യന്‍കാളി (1863-1941)യും അദ്ദേഹത്തിന്റെ സാധുനജനപരിപാലനസംഘവും നടത്തിയ സമരത്തില്‍ നിന്ന് നാം വീര്യമാര്‍ജിക്കണമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.
"കേരളത്തിലെ ആദ്യ സമരവാഹനം അയ്യന്‍കാളിയുടെ വില്ലുവണ്ടിയാണ്. "കേരളത്തനിമ" ആവിഷ്കരിക്കാന്‍ ചുമരില്‍ തൂക്കിയിടേണ്ടത് കഥകളിത്തലയല്ല, ആ കാളവണ്ടിയുടെ കൊച്ചുരൂപമാണ്. പഴയപ്രതാപികളായ രാജാക്കന്മാരുടെ അധിനിവേശ യാഗാശ്വങ്ങളെയോര്‍ത്ത് കോരിത്തരിക്കുന്നതിനു പകരം ആ വില്ലുവണ്ടിയില്‍ നിന്ന് വീര്യമാര്‍ജിക്കുകയാണ് വേണ്ടത്." നാടുവാഴിത്ത കാലത്തെ സാമൂഹ്യമായ പീഡനങ്ങള്‍ക്ക് ഇരയായ അധഃസ്ഥിത ജനവിഭാഗങ്ങളില്‍ നിന്ന് ഉയിര്‍ത്തെണീറ്റ നവോത്ഥാനനായകരെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടില്ലെന്ന സത്യമാണ് ഈ പഠനങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നത്്.
നവോത്ഥാനമെന്ന ബൃഹത്തായ ആശയത്തിനുള്ളിലെ സവര്‍ണ നവോത്ഥാനം, കീഴാള നവോത്ഥാനം എന്നീ സംജ്ഞകളെ രണ്ടായിത്തന്നെ വിശദീകരിക്കുകയാണ് ഇവിടെ. സവര്‍ണ നവോത്ഥാനം വളരെക്കാലത്തെ ആശയപ്രചാരണത്തിലൂടെയാണ് പതുക്കെ പ്രയോഗത്തിലേക്ക് വന്നതെങ്കില്‍, അവര്‍ണ നവോത്ഥാനം പ്രയോഗത്തിലൂടെ ആശയലോകം തുറക്കുകയാണെന്ന് ഗ്രന്ഥകര്‍ത്താവ് സമര്‍ഥിക്കുന്നു.
എന്‍ എസ് സജിത്
*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 31 മാര്‍ച്ച് 2013