Monday, April 15, 2013

യയാതിയും ജ്ഞാനപ്പാനയും

മുറുക്കമില്ലാത്ത കണ്ണട ഇളകിപ്പോകാതെ ഒരു കൈകൊണ്ട് മുഖത്തോട് ചേര്‍ത്തുപിടിച്ച് മറുകൈയിലിരിക്കുന്ന സി വി രാമന്‍പിള്ളയുടെ നോവലുകള്‍ ഉച്ചത്തില്‍ വായിക്കുന്ന അച്ഛന്‍ ഏഴുവയസ്സിനുശേഷം എന്റെ മനസ്സില്‍ ഓര്‍മമാത്രമാണ്. ഞാന്‍ ബാല്യത്തിന്റെ പടികടക്കുംമുമ്പ് അദ്ദേഹം ഞങ്ങളെ വിട്ടുപോയി. അച്ഛനെക്കുറിച്ച് ഇപ്പോഴോര്‍ക്കുമ്പോള്‍ വിളക്കുവെട്ടത്തിരുന്നുള്ള ആ വായനയുടെ ദൃശ്യമാണ് എന്നില്‍ തെളിഞ്ഞുവരുന്നത്. മാര്‍ത്താണ്ഡവര്‍മയിലും രാമരാജ ബഹദൂറിലും ധര്‍മരാജയിലും നിറയുന്ന തെക്കന്‍ തിരുവിതാംകൂര്‍ ഭാഷയുടെ സൗന്ദര്യം കേട്ടുവളര്‍ന്നെങ്കിലും ചരിത്രാഖ്യായികകളിലായിരുന്നില്ല എനിക്ക് കമ്പം.

ഏത് സ്കൂള്‍വിദ്യാര്‍ഥിയെയുംപോലെ ഡിറ്റക്ടീവ് നോവലുകളുടെ ത്രസിപ്പിക്കുന്ന ലോകം എന്നെയും വായനയിലേക്ക് പിടിച്ചുകൊണ്ടുവന്നു. നെയ്യാറിനപ്പുറമാണ് എന്റെ വിദ്യാലയം- ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹൈസ്കൂള്‍. ആറ് മുറിച്ചുകടക്കുമ്പോള്‍ എങ്ങനെയായാലും അരനിക്കര്‍ നനയും. ഒറ്റയടിപ്പാതയിലൂടെ പുസ്തകക്കെട്ടും ചേര്‍ത്തുപിടിച്ച് നിക്കറിന്റെ നനവ് അസ്വസ്ഥതപ്പെടുത്തുന്ന മനസ്സുമായി നടന്നുപോകുമ്പോള്‍ തലേരാത്രി വായിച്ച ഡിറ്റക്ടീവ് കഥ ചെറുതായി പേടിപ്പിച്ചുതുടങ്ങും. അപ്പോഴാണ് രാമരാജ ബഹദൂറിന്റെ ഗുണം. അച്ഛന്‍ വായിച്ച നോവല്‍ഭാഗം അപ്പോള്‍ ഓര്‍ത്തെടുക്കും. അങ്ങനെ സി വി നമ്മളറിയാതെ ഉള്ളിലേക്ക് കടന്നു.

ഗൗരവമാര്‍ന്ന വായനയിലേക്കുള്ള ചുവടുവയ്പ്പായിരുന്നു അത്. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ എങ്ങനെയോ കൈയിലെത്തിയതാണ് "യയാതി". വി എസ് ഖാണ്ഡേക്കറുടെ ഇതിഹാസമാനങ്ങളുള്ള നോവല്‍. അതിന്റെ മലയാള പരിഭാഷയായിരുന്നു. ഗാഢമായ ബന്ധങ്ങളുടെ സങ്കീര്‍ണതകളെ അതിമനോഹരമായി ആവിഷ്കരിക്കുന്ന യയാതി ഇന്നും എന്റെ ഏറ്റവും ദീപ്തമായ വായനാനുഭവമാണ്. ഗഹനമായ ഒരു തത്വശാസ്ത്രമാണ് ആ പുസ്തകം മുന്നോട്ടുവയ്ക്കുന്നതെന്ന് പില്‍ക്കാലത്തെ പുനര്‍വായനകളിലാണ് വ്യക്തമായത്. അതുതന്നെ യയാതിയുടെ ഇതിഹാസമാനങ്ങളും ക്ലാസിക് സ്വഭാവവും വെളിപ്പെടുത്തുന്നു.

ഒരുവന്റെ അനുഭവങ്ങള്‍ വിപുലവും വ്യത്യസ്തവുമാകുന്ന വ്യത്യസ്ത ജീവിതഘട്ടങ്ങളില്‍ അതിനനുസൃതമായി സംവദിക്കാന്‍ കഴിയുക എന്നതാണ് മഹത്തായ രചനയുടെ ഒന്നാമത്തെ പ്രത്യേകത. യയാതി ഇത്തരത്തിലൊരു കൃതിയാണ്. ലളിതമായ ആഖ്യാനശൈലികൊണ്ട് യയാതി കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു. ലാളിത്യം വലിയ മുതല്‍ക്കൂട്ടാണ്. സാധാരണക്കാരിലേക്ക് നമ്മുടെ ആശയങ്ങള്‍ എത്തിക്കാന്‍ അനിവാര്യമാണത്. ദാര്‍ശനികതയുടെ ഔന്നത്യമാണല്ലോ ബുദ്ധന്‍. പക്ഷേ, ബുദ്ധനേക്കാള്‍ ക്രിസ്തുവിനെ കൂടുതല്‍ ആളുകള്‍ ഉള്‍ക്കൊള്ളുന്നതെന്തുകൊണ്ടാണ്? ചരിത്രപരമായ ഘടകങ്ങള്‍ക്കൊപ്പം ആശയങ്ങള്‍ ലളിതമായി അവതരിപ്പിക്കപ്പെട്ടതുകൊണ്ടുകൂടിയാണ് ക്രിസ്തുമതം ഇത്രയേറെ പ്രചരിപ്പിക്കപ്പെട്ടതെന്ന് ഞാന്‍ കരുതുന്നു. ബൈബിള്‍ ഒരു ബാലികേറാമലയല്ല. അഷ്ടമാര്‍ഗങ്ങളേക്കാള്‍ പത്തു കല്‍പ്പനകള്‍ ക്രിസ്ത്യാനികളല്ലാത്തവര്‍പോലും അറിയാനിടയായത് ലളിതമായ ആവിഷ്കാരംകൊണ്ടാണ്.

യയാതി കഴിഞ്ഞാല്‍ എന്നെ ഏറ്റവും സ്വാധീനിച്ചത് "ജ്ഞാനപ്പാന"യാണ്. വരേണ്യവല്‍ക്കൃതമായ ഒരു കാവ്യപരിസരത്ത് ഏതു മനുഷ്യനും എക്കാലവും ഉള്‍ക്കൊള്ളേണ്ട ആശയങ്ങളുടെ മഹാലോകം സൃഷ്ടിക്കാന്‍ പച്ചമലയാളത്തിന് സാധിക്കുമെന്ന് പൂന്താനം തെളിയിച്ചു. നാം ജ്ഞാനപ്പാനയെ ഭക്തിയുടെ ആധിക്യത്തില്‍ എഴുതിയ കൃഷ്ണസ്തുതിയാക്കി വ്യാഖ്യാനിച്ച് പൂന്താനത്തെ ഭക്തകവിയായി മാറ്റിനിര്‍ത്തുന്നു. എന്നാല്‍, മതേതരമായ ആശയലോകമല്ലേ അദ്ദേഹം സൃഷ്ടിച്ചത്! ലോകമുള്ള കാലത്തോളം നിലനില്‍ക്കുന്ന ദര്‍ശനഗാംഭീര്യമല്ലേ പൂന്താനത്തിന്റെ വരികള്‍ നമുക്ക് പകരുന്നത്. പി ലീല തന്റെ ഭക്തിയുടെ പാരമ്യത്തില്‍ ആലപിച്ചതുകൊണ്ടുമാത്രം ജ്ഞാനപ്പാന ഭക്തിഗാനമാകില്ല. ജ്ഞാനപ്പാനയെ നാം ഇനിയും പൂര്‍ണമായും തിരിച്ചറിയേണ്ടതായിട്ടുണ്ട്.

കൂടിയല്ല പിറക്കുന്ന നേരത്ത് കൂടിയല്ല ജനിക്കുന്ന നേരത്ത് മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ? ഇങ്ങനെയെല്ലാം എഴുതിയ പൂന്താനത്തെ വെറും ഭക്തകവിയായി കാണാന്‍ സാധിക്കുമോ?

അദ്ദേഹത്തിനെതിരെ അക്കാലത്തെ ആഢ്യകവികള്‍ വാളോങ്ങി. ആ ചരിത്രം വിവരിക്കേണ്ടതില്ല. വരേണ്യവല്‍ക്കരണത്തിന്റെ ഈ മേല്‍പ്പത്തൂര്‍ ഇഫക്ട് ഇപ്പോഴും നിലനില്‍ക്കുന്നു. ഓട്ടോറിക്ഷാത്തൊഴിലാളികള്‍ക്കും മത്സ്യച്ചന്തയിലെ വില്‍പ്പനക്കാരികളായ അമ്മമാര്‍ക്കും പൊരിവെയിലത്ത് റോഡുപണിചെയ്യുന്ന ചെറുപ്പക്കാര്‍ക്കും കവിത പ്രാപ്യമാകണമെന്നു പറഞ്ഞാല്‍ ഇന്നും കല്ലേറുകിട്ടുന്നു. ആ കല്ലേറുകള്‍ക്കപ്പുറം കവിത ഒഴുകിയൊഴുകി പോകുമെന്നത് സത്യം. യയാതിക്കും ജ്ഞാനപ്പാനയ്ക്കും പൊതുവായി എന്തുണ്ട് എന്ന അന്വേഷണത്തിന് ഞാന്‍ മുതിര്‍ന്നിട്ടില്ല. എങ്കിലും ലാളിത്യത്തോടും വിവരണാത്മകതയുടെ സൗന്ദര്യത്തോടുമുള്ള മനസ്സിന്റെ ഇഷ്ടമാകാം യയാതിയെയും ജ്ഞാനപ്പാനയെയും എന്റെ പ്രിയപുസ്തകങ്ങളാക്കിയതെന്നു തോന്നുന്നു.

*
മുരുകന്‍ കാട്ടാക്കട ദേശാഭിമാനി വാരാന്തപ്പതിപ്പ് 14 ഏപ്രില്‍ 2013

1 comment:

ajith said...

യയാതി പണ്ട് മാതൃഭൂമിയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന സമയത്ത് കുറച്ച് വായിച്ചിട്ടുണ്ട്. ജ്ഞാനപ്പാനയെപ്പറ്റി പറഞ്ഞത് അക്ഷരംപ്രതി ശരി