എന്റെ നാല്‍പ്പത്തിയൊമ്പതാം വയസ്സിലാണ്, വെല്ലിമ്മ-ഉമ്മയുടെ ഉമ്മ-മരിച്ചത് (2005). വെല്ലിമ്മയ്ക്ക് എണ്‍പത് വയസ്സെങ്കിലും കഴിഞ്ഞിരിക്കണമപ്പോള്‍. വെല്ലിമ്മയ്ക്കോ മറ്റുള്ളവര്‍ക്കോ വെല്ലിമ്മയുടെ വയസ്സ് കൃത്യമായറിയില്ലായിരുന്നു. എന്നാല്‍ മരിക്കുന്നതുവരെയും വെല്ലിമ്മയ്ക്ക് ഒരേയൊരു വേഷമായിരുന്നു; വെളുത്ത കാച്ചിയും വെള്ളക്കുപ്പായവും വെളുത്ത പുതപ്പും. പുറത്തുപോകുമ്പോള്‍ ഇതാണ് വേഷം. കാച്ചിയ്ക്ക് നീലയോ പച്ചയോ മെറൂണോ കരയുണ്ടാകും. കുപ്പായത്തിന്റെ കഴുത്തിലും കൈയറ്റത്തും വര്‍ണനൂലുകള്‍കൊണ്ട്, വെല്ലിമ്മതന്നെ നടത്തിയ തുന്നല്‍പ്പണികളുണ്ടാവും. മൂന്നു നാല് മീറ്ററോളം നീളമുള്ള നേര്‍ത്ത പുതപ്പുകൊണ്ട് തലയും മാറിടവും കൈയറ്റംവരെയും മറയ്ക്കുന്നു. പിന്‍ഭാഗവും പുതപ്പിനുള്ളില്‍ അത്ഭുതകരമായി മറഞ്ഞിരിക്കും. കേരളത്തില്‍ മറ്റൊരിടത്തും ഈ വേഷം കണ്ടിട്ടില്ല. കോഴിക്കോട്ടെ തീരപ്രദേശമായ കുറ്റിച്ചിറ, ഇടിയങ്ങര, കുണ്ടുങ്ങല്‍, എണ്ണപ്പാടം ദേശങ്ങള്‍ ചേര്‍ന്ന തെക്കേപ്പുറത്തെ സ്ത്രീകളുടെ പൊതുവേഷമായിരുന്നു ഇത്. വിവിധ ഭൂഖണ്ഡങ്ങളിലെ യാത്രകള്‍ക്കിടയില്‍ ഒരിടത്തും ഈ മുസ്ലിംവേഷം കണ്ടിട്ടില്ല. ഒരല്‍പ്പം സമാനതയുള്ള വേഷം കണ്ടത്, ഇന്തോനേഷ്യയിലെ മിനന്‍കാബാകു സമൂഹത്തിലാണ്. കോഴിക്കോട്ടെ മുസ്ലിം സ്ത്രീകളെപ്പോലെ വീടിനകത്ത് അവര്‍ ഒരു വെളുത്ത തട്ടമാണ് മടക്കിയിട്ട് തലയിലണിഞ്ഞിരുന്നത്. ആഘോഷവേളകളില്‍പ്പോലും വെല്ലിമ്മക്കോ കോഴിക്കോട്ടെ തെക്കേപ്പുറത്തെ മറ്റു സ്ത്രീകള്‍ക്കോ വേറൊരു വേഷം കണ്ടിട്ടില്ല. ഒരേയൊരു വേഷം. ലോകത്തൊരു മുസ്ലിം സമൂഹത്തിലുമില്ലാത്ത വേഷം.
കോഴിക്കോട്ടോ പരിസരങ്ങളിലോ കേരളത്തില്‍തന്നെയുമോ സ്ത്രീകള്‍ പര്‍ദയണിഞ്ഞിരുന്നില്ല. തങ്ങള്‍ (സയ്യിദ്) വംശത്തില്‍പ്പെട്ടവരിലെ സ്ത്രീകളില്‍ ചിലര്‍ പര്‍ദ ധരിക്കുന്നത് കണ്ടിരുന്നു. അതും വെളുത്ത പര്‍ദ. കറുത്ത പര്‍ദ മൂന്ന് ദശാബ്ദങ്ങള്‍കൊണ്ട് ഗള്‍ഫ് കുടിയേറ്റവും പര്‍ദക്കച്ചവടക്കാരും മുസ്ലിം സംഘടനകളും കേരളത്തിലെ ചില മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നടപ്പില്‍ വരുത്തിയ വേഷമാണ്. മുസ്ലിം മാനേജ്മെന്റുകള്‍ നടത്തുന്ന കോളേജുകളില്‍ മുപ്പതുവര്‍ഷം മുമ്പ് പര്‍ദയണിഞ്ഞ ഒരൊറ്റ വിദ്യാര്‍ഥിപോലും ഉണ്ടായിരുന്നില്ല. ഇന്നും അഞ്ചോ പത്തോ ശതമാനത്തിനപ്പുറം കറുത്ത പര്‍ദക്കാരെ കാണാനുമില്ല.
കോഴിക്കോട്ടെ തീരപ്രദേശത്തുനിന്നും ഏറെ വ്യത്യസ്തമായിരുന്നില്ല ഉള്‍പ്രദേശങ്ങളിലെ മുസ്ലിം സ്ത്രീവേഷം. കാച്ചിയുടെ നിറത്തിലോ, കുപ്പായത്തിന്റെ വലുപ്പത്തിലോ വ്യത്യാസം കണ്ടേക്കും. തലശ്ശേരിയിലും കണ്ണൂരിലുമുള്ള മുസ്ലിംസ്ത്രീകള്‍ ഇടുങ്ങിയ, ചിലപ്പോള്‍ മേലൊട്ടിയ വെള്ളക്കുപ്പായമാണ് ധരിച്ചിരുന്നത്. മലപ്പുറം ഭാഗങ്ങളില്‍ മേലൊട്ടിയ കുപ്പായവും വിവിധ നിറങ്ങളിലുള്ള കാച്ചിയും ഉടുത്തിരുന്നു. കേരള മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു പൊതുവേഷം ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.
ലോകത്തിലെ മുസ്ലിങ്ങള്‍ക്ക് ഒരുകാലത്തും ഒരൊറ്റ വേഷമായിരുന്നില്ല; ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും. നിര്‍ബന്ധമല്ലാത്ത, എന്നാല്‍ മതപരമായി പ്രതിഫലം കിട്ടിയേക്കാവുന്ന, താടിപോലും ലോകത്തെ എല്ലാ മുസ്ലിം പുരുഷന്മാരും ഏകതാനവേഷമായി സ്വീകരിച്ചിരുന്നില്ല. സ്വീകരിക്കാതെ പോയതിനെ വിമര്‍ശിക്കുകയോ വിലക്കുകയോ ചെയ്തിട്ടുമില്ല. ഇങ്ങനെ ഉസ്ബക്കിസ്ഥാനിലെയും സുഡാനിലെയും മലേഷ്യയിലെയും ഇന്ത്യയിലെയും സൌദി അറേബ്യയിലെയും മുസ്ലിങ്ങള്‍, സ്ത്രീ-പുരുഷന്മാര് വേഷംകൊണ്ട് മാത്രമല്ല ജീവിത രീതികള്‍കൊണ്ടും ഇണങ്ങിയും പിണങ്ങിയും കിടന്നു. ഏകദൈവത്തിലുള്ള വിശ്വാസം, അന്ത്യപ്രവാചകന് മുഹമ്മദിലുള്ള വിശ്വാസം, ഖുര്‍ആന്‍ വേദഗ്രന്ഥമാണെന്നതിലുള്ള വിശ്വാസം, അഞ്ചുനേര നമസ്കാരത്തിലുള്ള ആചരണം, ഹജ്ജ്കര്‍മത്തിലുള്ള വിശ്വാസം, റമദാന് വ്രതത്തിലും രണ്ടു പെരുന്നാളുകളിലുമുള്ള ആഘോഷം തുടങ്ങിയവയിലെ സമാനതകള്‍ക്കപ്പുറം, ലോകത്തുള്ള മുസ്ലിം സമൂഹങ്ങളൊക്കെയും സാമൂഹിക സാംസ്കാരിക തലങ്ങളില്‍ വേര്‍പെട്ടുകഴിഞ്ഞു. ഇപ്പോഴും അങ്ങനെതന്നെ കഴിഞ്ഞുപോരുന്നു.
മരുമക്കത്തായത്തോട് (Matriliny) ചേര്‍ന്ന പുതിയാപ്പിള സമ്പ്രദായം (Visiting Husband System) മറ്റൊരു ഉദാഹരണമാണ്. അടിസ്ഥാനപരമായി പുരുഷകേന്ദ്രീകൃത കുടുംബവ്യവസ്ഥയെയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. കുടുംബഘടന, ധര്‍മങ്ങള്‍ (structure and functions) എന്നിവയിലും പുരുഷകേന്ദ്രീകൃതമോ പുരുഷാധിപത്യപരമോ (patriarchal) ആയ സമ്പ്രദായങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ലോക മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷം ഈ വ്യവസ്ഥയും അതിനോടു ചേര്‍ന്ന സമ്പ്രദായങ്ങളെയുമാണ് പിന്തുടരുന്നതും. ഇന്ത്യയിലെ മുസ്ലിങ്ങളില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും മക്കത്തായ (Patriliny) സമ്പ്രദായം തന്നെയാണ് പിന്തുടരുന്നത്. കേരളത്തിലും ലക്ഷദ്വീപുകളിലും കര്‍ണാടകയിലെ നവായത്ത് മുസ്ലിങ്ങള്‍ക്കിടയിലും ഗുജറാത്തിലെ ചില തീരപ്രദേശ മുസ്ലിം സമൂഹങ്ങളിലുമാണ് മരുമക്കത്തായ സമ്പ്രദായം ആചരിച്ചിരുന്നത്. ഉത്തരകേരളത്തിലെ ഏതാനും ചില പ്രദേശങ്ങളിലും ലക്ഷദ്വീപുകളിലും മാത്രമേ മരുമക്കത്തായത്തിന്റെ ചില അരികുകള്‍ ഇപ്പോള്‍ പിന്തുടരുന്നുള്ളൂ. പുതിയാപ്പിള സമ്പ്രദായവും അതിനോടു ചേര്‍ന്ന ആചാരങ്ങളും ഇപ്പോഴും ലക്ഷദ്വീപ്, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട് തെക്കേപ്പുറം ഭാഗങ്ങളില്‍ പിന്തുടരുന്നുണ്ട്. വിവാഹാനന്തരം ഇവിടങ്ങളിലെ സ്ത്രീകള്‍ ഉമ്മയോടൊപ്പമാണ് കഴിയുന്നത്. മകള്‍ക്കും ഭര്‍ത്താവിനും രാപ്പാര്‍ക്കാന്‍ കഴിവതും ഭംഗിയും ചെലവേറിയതുമായ ഒരു അറ ഒരുക്കിക്കൊടുക്കുന്നുണ്ട്. ഭര്‍ത്താവ് രാത്രിസന്ദര്‍ശകനായി ഭാര്യവീട്ടിലെത്തുന്നു. രാവിലെ മടങ്ങുന്നു. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ ചിലര്‍ ഇസ്ലാമിക നിയമം പാലിക്കുമ്പോഴും, ഈ സമ്പ്രദായത്തോടു ചേര്‍ന്ന ആചാരാഘോഷങ്ങളൊക്കെയും വിടാതെ പിന്‍പറ്റുന്നുണ്ട്. പലതും അടുത്തകാലത്ത് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നിട്ടുപോലുമുണ്ട്.
സൂക്ഷ്മ വിശകലനത്തില്‍ കേരളത്തിലെ മുസ്ലിം ജീവിതത്തില്‍ പ്രാദേശികമോ പ്രാചീനമോ ആയ സാമൂഹികസത്തകളുടെ സ്വാധീനം കാണാനാകും. സാമൂഹിക സാംസ്കാരികതലങ്ങളിലെ കൊടുക്കലും വാങ്ങലും വേറിട്ട് നില്ക്കുന്ന ഒരു മുസ്ലിം സമൂഹമാക്കി മാറ്റാന്‍ കാരണമാക്കിയിട്ടുമുണ്ട്. കേരളീയ വാസ്തുശില്പ കലാരീതിയില്‍ പള്ളി പണിതതും, നേര്‍ച്ചകള്‍ക്ക് രൂപവും ഭാവവും നല്കിയതും, മുണ്ടും കുപ്പായവുമണിഞ്ഞതും, ചോറും കറിയും പ്രധാന ഭക്ഷണമാക്കിയതുമെല്ലാം ഈ ആദാനപ്രദാന പ്രക്രിയകൊണ്ടുതന്നെയാണ്. പുതുവിശ്വാസത്തെ ഏറ്റുവാങ്ങുമ്പോഴും ഒരു ജനതയ്ക്കും നൂറ്റാണ്ടുകളായി വേരോടിക്കിടക്കുന്ന സാമൂഹികതലങ്ങളെ പാടെ നിരാകരിക്കാന്‍ കഴിയുന്നില്ല. കേരളീയ ജീവിതത്തില്‍ നിന്നുള്ള ഈ സ്വാംശീകരണം ഇവിടെ ഉരുത്തിരിഞ്ഞുവന്ന മുസ്ലിങ്ങള്‍ നടത്തിയതുപോലെ അറേബ്യക്ക് പുറത്തുള്ള എല്ലാ മുസ്ലിം സമൂഹങ്ങളും നടത്തിയിട്ടുണ്ട്. നിരാകരിക്കാനാവാത്ത സാമൂഹികാവസ്ഥയില്‍നിന്നാണ് ബഹുസ്വരത ലോകത്തെവിടെയും ഒരു യാഥാര്‍ഥ്യമായി നിലകൊണ്ടത്. ഇപ്പോള്‍ നിലനില്ക്കുന്നതും.
കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലും ഈ ആദാനപ്രദാന പ്രക്രിയ ഉണ്ടാക്കിയ സാമൂഹികാവസ്ഥയെ പ്രകടമാക്കിയിട്ടുണ്ട്. ആദ്യകാല ക്രൈസ്തവ സമുദായങ്ങളുടെ വേറിട്ട അവസ്ഥ യൂറോപ്പില്‍നിന്നെത്തിയ ക്രൈസ്തവര്‍ക്ക്, പറങ്കികള്‍ക്ക് പ്രത്യേകിച്ചും, അനിഷ്ടം വരുത്തിയതും 'തെക്കും ഭാഗക്കാരും വടക്കും ഭാഗക്കാരു'മായ സിറിയന്‍ ക്രിസ്ത്യാനികളെ മാറ്റിയെടുക്കാന്‍ നടത്തിയ ശ്രമം കേരളചരിത്രത്തിലുണ്ട്. പോപ്പ് ഇന്ത്യയിലേക്ക് ആര്‍ച്ച് ബിഷപ്പായി അലക്സി മെനസിസിനെ നിയമിച്ചപ്പോള്‍, 1599 ല്‍ ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുചേര്‍ത്ത് പോര്‍ച്ചുഗീസ് മെത്രാന്മാരുടെ നേതൃത്വത്തില്‍ കുര്‍ബാന, പ്രാര്‍ഥന തുടങ്ങിയവക്ക് ഏകമുഖസ്വഭാവം നല്കാന് ശ്രമിച്ചതുമാണ്. 1653 ല്‍ മതാചാരങ്ങള്‍ക്ക് മീതെ നടത്താന്‍ ശ്രമിച്ച ആധിപത്യത്തെയും റോമന്‍ കത്തോലിക്കാസഭയുടെ മേധാവിത്വത്തെയും സുറിയാനികള്‍ ചോദ്യം ചെയ്യുകയുമുണ്ടായി. മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍കുരിശ് സംഭവം ബഹുസ്വരതക്കുവേണ്ടിയുള്ള മുറവിളികൂടിയായിരുന്നു. മലങ്കര സുറിയാനികള്‍ ഇന്നും റോമന്‍ കത്തോലിക്കരുമായി വേര്‍പിരിഞ്ഞ് നില്ക്കുന്നതും കത്തോലിക്കരില്‍തന്നെ ലാറ്റിന്‍ കത്തോലിക്കര്‍ പ്രത്യേക വിഭാഗമായി കഴിയുന്നതും സാമൂഹിക യാഥാര്‍ഥ്യമാണ്. ഇസ്രയേലിലേക്ക് കപ്പല്‍ കയറുന്നതുവരെയും കേരളത്തിലെ ജൂതന്മാര്ക്കിടയിലും വിഭാഗീയതയുടെ വൈജാത്യഭാവങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
കേരളീയ മുസ്ലിങ്ങള്‍ക്കിടയിലെ ഈ സാമൂഹികാവസ്ഥക്കെതിരെയാണ് പാന്‍ ഇസ്ലാമിസം ആക്രോശം മുഴക്കുന്നത്. പര്‍ദയിലും മീശയില്ലാതാടിയിലും നിര്‍ബന്ധം ചെലുത്തി കേരളീയ മുസ്ലിം സാമൂഹികതയെ ഏകമുഖമാക്കാന്‍ ശ്രമിക്കുന്നതിന് കാല്‍നൂറ്റാണ്ടിന്റെ ചരിത്രമേ കാണാനുള്ളൂ. മുസ്ലിം സ്ത്രീകള്‍ക്ക് ഒരാഗോളവേഷം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പാന്‍ ഇസ്ലാമിസം പുരുഷന്മാര്ക്ക് ഒരേകവേഷം നിര്‍ബന്ധിക്കുന്നില്ലെന്നത് കൌതുകകരമായ കാര്യമാണ്. പര്‍ദയെ ആഗോള മുസ്ലിം സ്ത്രീവേഷമാക്കാന്‍ ശ്രമിക്കുന്നവര്‍ അറബികളെപ്പോലെ നീളക്കുപ്പായവും ശിരോവസ്ത്രവുമിട്ട് നടക്കണമെന്നോ, പത്താന്‍കാരെപ്പോലെ വേഷംകെട്ടി കഴിയണമെന്നോ, മീശവെടിപ്പാക്കി വെട്ടിവെടിപ്പാക്കാത്ത താടിയും തലയില്‍ തൊപ്പിയുമായി ജീവിക്കണമെന്നോ വാശിപിടിക്കുന്നില്ല. ആഗോള മുസ്ലിം പുരുഷന് ഇക്കാര്യത്തില്‍ ചില ഇളവുകളനുവദിച്ചുകൊണ്ടുള്ള ഉദാരത പാന്‍ ഇസ്ലാമിസ്റ്റുകളും വച്ചുപുലര്‍ത്തുന്നുണ്ട്. കേരളീയ പുരുഷ മുസ്ലിങ്ങളുടെ മഹാഭാഗ്യം.
ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ പലതാണ്: പ്രവാചക കാലത്തുതന്നെ കേരളത്തില്‍ വേരോടിയ മുസ്ലിങ്ങള്‍ താടിയും തൊപ്പിയും വേഷത്തിന്റെ ഭാഗമാക്കാത്തതിന്റെ പേരില്‍ അനിസ്ലാമിക വേഷമാണോ ധരിച്ചിരുന്നത്? പര്‍ദയണിയാത്ത കേരളീയ മുസ്ലിം സ്ത്രീകള്‍ക്ക് സ്വര്‍ഗം നിരാകരിക്കപ്പെടുമെന്നാണോ മുസ്ലിം തീവ്രപക്ഷം കരുതുന്നത്? സന്ധ്യാനേരം ദീപംകത്തിച്ച് നഫീസത്തുമാല പാടിയതുകൊണ്ട് അത് നടന്ന മുസ്ലിം വീടുകളിലന്ന് രാപ്പാര്‍ത്തവരെല്ലാം നരകത്തിലേക്ക് പാസ്പോര്‍ട്ട് ലഭിച്ചവരാണെന്നാണോ തീവ്രപക്ഷം വിധിയെഴുതുന്നത്? ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ നിലനിന്ന കാലത്തും മുസ്ലിം പണ്ഡിതന്മാരും മതനേതാക്കന്മാരും ഉണ്ടായിരുന്നു. അവര്‍ എന്തുകൊണ്ട് കേരളീയ മുസ്ലിങ്ങളെ ഏകമുഖ സാമൂഹികതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചില്ല എന്ന കാര്യം അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. കടുത്ത വാദം പിന്പറ്റുന്നവര് ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ താല്‍പ്പര്യം കാണിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യ സാംസ്കാരിക തലങ്ങളെ വിശ്വാസ സംഹിതയുടെ പേരില്‍ ഏകമുഖതലത്തിലെത്തിച്ച് ജീവിതത്തെ രണ്ടറ്റങ്ങളില്‍ തളച്ചിടാനാണ് കേരളത്തില്‍ ഇപ്പോള്‍ ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്. സംവാദങ്ങളുടേയോ ആദാനപ്രദാന പ്രക്രിയയുടേയോ സാധ്യതകളെയും യാഥാര്‍ഥ്യങ്ങളെയും അക്കൂട്ടര്‍ നിരാകരിക്കുന്നു. വലിയ സാമൂഹിക ദുരന്തങ്ങളിലേക്കായിരിക്കും ഇത് കൊണ്ടുചെന്നെത്തിക്കുക. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ട്സംഭവം മറ്റൊന്നല്ല വ്യക്തമാക്കുന്നത്.
കേരളത്തിലെ മുസ്ലിങ്ങളുടെ ചരിത്രം മറ്റൊന്നാണ്. മുസ്ലിങ്ങളുടേത് മാത്രമല്ല, ക്രൈസ്തവരുടേയും.മതേതരത്വത്തിന്റെ വേരുകളില്‍നിന്നാണ് കേരളചരിത്രത്തെ പാകപ്പെടുത്തിയെടുത്തിട്ടുള്ളത്. മതമൈത്രിയുടെ വിളക്കിച്ചേര്‍ത്ത കണ്ണികളില്‍നിന്നാണ് ക്രൈസ്തവ സമുദായവും മുസ്ലിംസമുദായവുംകേരളത്തില്‍ നട്ടുവളര്‍ത്തപ്പെടുന്നത്. പരസ്പര ധാരണകളുടെയും ബഹുമാനത്തിന്റെയും അന്തരീക്ഷത്തില്‍നിന്നാണ് കേരളത്തിലെ മതങ്ങള്‍ സ്വസ്ഥപൂര്‍ണമായ പൊതുജീവിതത്തിന്റെ ഗോപുരങ്ങളുയര്‍ത്തിയത്. മതമൈത്രിയുടെ അടയാളങ്ങള്‍ സാമൂഹികജീവിതത്തില്‍ ഇന്നും വേരോടിക്കിടക്കുന്നത് വ്യക്തമായി കാണാനാവും. മതമൈത്രിയിലധിഷ്ഠിതമായ ഈ സാമൂഹികതയെ അടുത്തകാലത്ത് മതവാദികളും മതത്തെ നിരാകരിക്കുന്നവരും തിരസ്കരിച്ചു തുടങ്ങിയിട്ടുണ്ട്. (മതമൈത്രിയെ തകര്‍ക്കുന്നതിലിരുപക്ഷവും ഒരുപോലെ പങ്കാളികളാണെന്ന് പ്രസിദ്ധ ചലച്ചിത്ര സംവിധായകന് പി ടി കുഞ്ഞുമുഹമ്മദ് നിരീക്ഷിക്കുന്നു - അഭിമുഖം, ദേശാഭിമാനി വാരിക, ലക്കം: 8, ആഗസ്ത് 2010). കേരള മുസ്ലിം-ഹൈന്ദവ-ക്രൈസ്തവ തീവ്രപക്ഷങ്ങള്‍, ന്യൂനാല്‍ ന്യൂനപക്ഷമാണെങ്കില്‍പ്പോലും, അപകടകരമായ ഒരവസ്ഥയിലേക്കാണ് പൊതുജീവിതത്തെ തള്ളിനീക്കിയെത്തിക്കുന്നത്.
കേരളം അറിയാതെ ശത്രുതയും പ്രതികാരവും വിചാരങ്ങളിലേക്ക് സ്വാംശീകരിക്കപ്പെടുന്നുണ്ട്. വികാരപരമായ ഒരു തള്ളിപ്പറച്ചിലോ, എടുത്തുചാട്ടമോ, ആക്രമണമോ നടത്തുംമുമ്പെ മതസമൂഹങ്ങളിലെ ചിലരുടെയെങ്കിലും വിചാരമണ്ഡലത്തില്‍ വിഷബീജങ്ങള്‍ പെരുത്തുപെരുകിയിട്ടുണ്ട്. ശത്രുതയ്ക്ക് ചരിത്രത്തിന്റെയും സിദ്ധാന്തങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും അടിത്തറ നല്കാന് ഈ തീവ്രപക്ഷം ശ്രമിക്കുന്നു. മതബന്ധങ്ങളിലെ സ്വസ്ഥതയുടെ കെട്ടുപാടുകളാണ് അവ അഴിച്ചുമാറ്റപ്പെടുന്നത്. അകല്‍ച്ചയും സംശയവും ശത്രുതയും മതസമുദായങ്ങള്‍ക്കിടയില്‍ സുസ്ഥിരപ്പെടുന്നവിധം ചിലര്‍ ശ്രമിക്കുകയും കുറേയൊക്കെ ഫലം കണ്ടെത്തുകയും ചെയ്യുന്നുവെന്നതാണ് വര്‍ത്തമാനകാല കേരളത്തിലെ കൊടിയ ദുരന്തം. മാധ്യമകഥകളും പൊലീസ് സ്റ്റോറികളും വിചാരതലങ്ങളിലെ പുതുധാരണകളെ നട്ടുപിടിപ്പിക്കുന്നതിന് മാത്രം ഉതകുന്നതായിത്തീരുന്നു. കേരളത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പൊതുസ്വഭാവം പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകും: മൊറാദാബാദിലോ അഹമ്മദ്ബാദിലോ മുംബൈയിലോ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയെടുക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും കേരളത്തേക്കാള്‍ കുറഞ്ഞ രീതിയിലേ ബാഹ്യതലങ്ങളില്‍നിന്ന് ആന്തരികവല്‍ക്കരിക്കപ്പെടുന്നുള്ളൂ. അഹമ്മദാബാദിലെ തെരുവിലെ മുസ്ലിം ഹോട്ടലിന് മുന്നില്‍ ഇടവേളകളില്‍ ഭക്ഷണം നല്കുന്ന ഉദാരതക്ക് നന്ദിയോടെ കാത്തിരിക്കുന്ന ഹിന്ദുസഹോദരങ്ങളും അത് നല്കുന്ന മുസ്ലിങ്ങളും , കഴിഞ്ഞുപോയ ദുരന്തങ്ങളെ തലച്ചോറില്‍ ഏറ്റിനടക്കുന്നില്ലെന്നതിന്റെ അടയാളങ്ങളാണ്. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലേക്കും നൈവേദ്യമായര്‍പ്പിക്കുന്ന പുഷ്പഹാരങ്ങള്‍ മുസ്ലിം കരങ്ങളാല്‍ നിര്‍മിക്കപ്പെടുന്നവയാണെന്ന് അയോധ്യ വ്യക്തമാക്കിയതാണ്. കലാപാനന്തരം ഉത്തരേന്ത്യയിലെ നഗരങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ വൈകാരികാനിവാര്യതകളിലേക്ക് വൈകാതെ മടങ്ങുമ്പോള്‍, തലശേരിയുടെ ഷോക്ക് ഇന്നും ഉത്തര കേരളത്തില്‍നിന്ന് വിട്ടുപോയിട്ടില്ല. നാദാപുരത്തെ എരിയുന്ന തീക്കനലുകളെ കെടുത്തുന്നില്ല. ഫാറൂഖ്കോളേജിലെ സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കൊപ്പം, സംഘര്‍ഷത്തിനുശേഷം പലവട്ടം ഫീല്‍ഡ്വര്‍ക്ക് നടത്തിയപ്പോള്‍ മാറാട് മൌനം പറഞ്ഞുകൊണ്ടിരുന്നതും വിചാരതലങ്ങളിലേക്ക് കടന്നുകേറി കുടിയിരിപ്പ് നടത്തിയ സമുദായങ്ങള്‍ തമ്മിലെ അകല്ച്ചയെയാണ്. ബസ്സപകടമുണ്ടാകുമ്പോള്‍ സ്വന്തം സമുദായത്തില്‍പ്പെട്ട എത്രപേര്‍ മരിച്ചുവെന്നും എത്രപേര്‍ക്ക് പരിക്കുപറ്റിയെന്നും ചികയുന്ന വിചാരച്ചുഴികളാണ് കേരള പൊതുജീവിതത്തിലേക്ക് കൊണ്ടു വന്നെത്തിച്ചിരിക്കുന്നത്. വിവിധ സമുദായങ്ങളുടെ അംഗങ്ങളില്‍ ഏതാനും ചിലരുടെയെങ്കിലും ധാരണകളിലും വിചാരങ്ങളിലും മലിനീകരണം നടത്താനും, സമുദായ സൌഹൃദം തകര്‍ക്കാനുതകുംവിധം വളര്‍ത്തിയെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. വിവിധ സമുദായങ്ങളുടെ നേതാക്കളില്‍ പലരും ഇതിനുത്തരവാദികളാണ്. രാഷ്ട്രീയ സംഘടനകള്‍ അധികാര താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കഴിഞ്ഞ നാലഞ്ച് ദശകങ്ങളില്‍ നടത്തിയ നീക്കങ്ങളും ഈ സാമൂഹിക ദുരന്തത്തിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്. വില നല്കാനാവാത്ത ദുരന്തങ്ങളിലേക്കാണ് ഇക്കൂട്ടര്‍ കേരളത്തെ കൊണ്ടുചെന്നെത്തിക്കുന്നത്.
ക്രൈസ്തവ മതാധ്യക്ഷന്മാര് സമുദായത്തിലെ കുട്ടികള്‍ ക്രൈസ്തവ വിദ്യാലയത്തിലേ പഠിക്കാവൂ എന്ന് പ്രസ്താവനയിറക്കിയത് സമീപകാലത്താണ്. മുസ്ലിം മാനേജ്മെന്റ് നടത്തുന്ന സ്കൂളിലാണ് മുസ്ലിങ്ങള്‍ പഠിക്കേണ്ടതെന്നും, ഹൈന്ദവ സംഘടനകളുടെ സ്കൂളിലാണ് ഹിന്ദുക്കള്‍ പഠിക്കേണ്ടതെന്നുമുള്ള താല്‍പ്പര്യം വിദ്യാസമ്പന്നരിലാണ് വേരോടിക്കഴിഞ്ഞിരിക്കുന്നത്. സ്കൂളിലെ വേഷങ്ങളുടെ കാര്യത്തിലെ നിഷ്കര്‍ഷകളും വിലക്കുകളും സമീപകാല വാര്‍ത്തകളാണ്. പര്‍ദയണിഞ്ഞ് വരണമെന്ന നിബന്ധനപോലെ അപകടകരമാണ്, മഫ്ത്ത (തലമറയ്ക്കാനുള്ള വസ്ത്രം) യണിഞ്ഞ് സ്കൂളില്‍ വന്നുകൂടാ എന്ന നിരോധനവും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ കടന്നുകയറ്റം കേരളീയ പൊതുജീവിതത്തില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്ന പലവിധ അസഹിഷ്ണുതകളേയാണ് വിളംബരം ചെയ്യുന്നത്. ഇത് ഉത്തരേന്ത്യന്‍ കലാപങ്ങളേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും കേരളീയ പൊതുജീവിതത്തിലുണ്ടാക്കിത്തീര്‍ക്കുക.
വിലക്കുകള്‍കൊണ്ട് മാത്രം ഒരു സമുദായത്തിനും കാലത്തെ അതിജീവിക്കാനാവില്ല. ആധുനിക വിദ്യാഭ്യാസവും ഇംഗ്ളീഷ് പഠനവും വിലക്കിയ മതനേതൃത്വം കേരള മുസ്ലിങ്ങള്‍ക്കിടയിലുണ്ടായിരുന്നു. കര്‍ശനമായ ആ വിലക്കുകള്‍ കാലംതന്നെ തട്ടിത്തകര്‍ത്തപ്പോള്‍, വന്നുകഴിഞ്ഞ മാറ്റങ്ങള്‍ ശ്രദ്ധിക്കുക: മുസ്ലിം സമുദായ സംഘടനകള്‍ ഇംഗ്ളീഷ് മീഡിയം/സിബിഎസ്സി സ്കൂളുകള്‍ ഗ്രാമങ്ങളില്‍പോലും തുടങ്ങാനും വളര്‍ത്താനും ഇന്ന് ശ്രമിക്കുന്നു. ഇരുപത്തഞ്ച് കൊല്ലത്തിനിടയ്ക്ക് രൂപംകൊണ്ട് വേരുപിടിച്ച ഒരു മുസ്ലിം സംഘടനക്ക് കീഴെ നേരിട്ട് നടത്തുന്ന നൂറ്റമ്പതോളം സ്കൂളുകളുണ്ട്. ഇവയില്‍ മലയാളം മീഡിയം സ്കൂളുകള്‍ വിരലിലെണ്ണാവുന്നവ മാത്രം. ഒരിക്കല്‍ വിലക്കുകയോ നിരാകരിക്കുകയോ ചെയ്ത വളര്‍ച്ചയുടെ പടവുകള്‍ മുസ്ലിം സമുദായം വൈകി സ്വീകരിച്ചുതുടങ്ങിയത് മറ്റ് ചില മേഖലകളിലും കാണാം. ചലച്ചിത്രത്തോടുള്ള സമീപനം മറ്റൊന്നല്ല വ്യക്തമാക്കുന്നത്. പുതിയ കാലത്തിന്റെ ശക്തമായ മാധ്യമത്തെ ഏതുവിധം പ്രയോജനപ്പെടുത്താം എന്ന് സമുദായം ചിന്തിക്കുമ്പോഴേക്ക്, കാല്ക്കീഴില്നിന്ന് കാലം കുത്തിയൊഴുകിപ്പോയിരിക്കുന്നു. അതിനിടയില്‍ വിവേകപൂര്‍വം ഇടപെടല്‍ നടത്താത്ത കാരണം, ശാസ്ത്രീയമായ സമീപനം വെച്ചുപുലര്‍ത്താത്ത കാരണം, മുസ്ലിം മതനേതാക്കള്‍ തിരസ്കരിക്കാനാഹ്വാനംചെയ്ത ചലച്ചിത്രം അവരുടെ കണ്‍മുമ്പില്‍വച്ച്തന്നെ ഇഴഞ്ഞിഴഞ്ഞ് വന്ന് മുസ്ലിം വീടുകളില്‍ കൂട്കൂട്ടി വിഷപ്പാമ്പുകളെ പെറ്റുപെരുപ്പിക്കുന്നു. ഒരു മാധ്യമത്തെ ഫലവത്തായി ഉപയോഗിക്കാനായില്ല എന്നതു മാത്രമല്ല, അതിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാനാവുന്നുമില്ല എന്നതാണ് വസ്തുത.
മുസ്ലിമായതുകൊണ്ട് ഒരു ചലച്ചിത്ര സംവിധായകനോട് താങ്കള്‍ എന്തുകൊണ്ട് മുസ്ലിം പ്രമേയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തില്‍ വിഷബീജങ്ങളുണ്ട്. മതനിരപേക്ഷ പ്രമേയങ്ങള്‍ അമുസ്ലിം കഥകളാണെന്ന തെറ്റിദ്ധാരണ പരത്താനുള്ള ശ്രമംകൂടിയാണത്. സ്വസമുദായത്തിലെ പോരായ്മകളും തെറ്റുകുറ്റങ്ങളും എന്തിന് പൊതുസമക്ഷമര്‍പ്പിക്കുന്നുവെന്ന താക്കീതും അതിലടങ്ങിയിട്ടുണ്ട്. വിവാഹമോചനം ചെയ്യപ്പെട്ട ഒരു മുസ്ലിംയുവതിയെ അഭ്യുദയകാംക്ഷികള്‍തന്നെ ചൂഷണം ചെയ്യുന്നത് കഥയാക്കിയപ്പോള്‍ (ഈ നില്ക്കുന്ന സ്ത്രീ) എന്തിനാണ് നമ്മുടെതന്നെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നതെന്ന ചോദ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. പരിചിത മണ്ഡലത്തില്‍നിന്നാണ് കലാസാഹിത്യ രചനകളുടെ വിളഭൂമി കണ്ടെത്തേണ്ടതെന്ന മര്‍മം ഈ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവര്‍ക്കറിയില്ല. സുപരിചിതമായ സാധാരണ ജീവിതത്തില്‍നിന്നാണ് അസാധാരണമായ ലോകം പണിയാനാവുക എന്ന ബഷീറിന്റെ രചനാസാഫല്യം തിരിച്ചറിഞ്ഞാല്‍ പി ടി കുഞ്ഞുമുഹമ്മദിനോട് നിങ്ങള്‍ എന്തുകൊണ്ട് മുസ്ലിം പ്രമേയം മാത്രം ചലച്ചിത്രമാക്കുന്നു എന്ന ചോദ്യം ചോദിക്കില്ല. ഹമീദ് ചേന്ദമംഗലൂരിനോടോ എന്‍ പി ഹാഫിസ് മുഹമ്മദിനോടോ എന്തിന് മലര്‍ന്നു കിടന്ന് തുപ്പുന്നു എന്ന വേവലാതി പ്രകടിപ്പിക്കില്ല. വൈക്കം മുഹമ്മദ് ബഷീര്‍, എന്‍ പി മുഹമ്മദ്, വി പി മുഹമ്മദ്, കെ ടി മുഹമ്മദ് തുടങ്ങിയ മുഹമ്മദുമാര്‍ ചെയ്തതുതന്നെയാണ് കുഞ്ഞുമുഹമ്മദും ഹാഫിസ് മുഹമ്മദും ചെയ്യാന്‍ ശ്രമിക്കുന്നത്. ഇത് സമുദായ ദ്രോഹമല്ല, എന്ന് തിരിച്ചറിയാനുള്ള വിവേകം പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു. കൈവെട്ടിലെത്തിച്ചേര്‍ന്ന യഥാര്‍ഥ സമുദായ ദ്രോഹങ്ങളെ കാണാനാവാതെ പോവുകയും ചെയ്തിരിക്കുന്നു.
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന വേദവാക്യം ഉദ്ധരിക്കുന്നവര്‍തന്നെ സമുദായത്തിലെ അംഗങ്ങളെ ചിന്തിക്കാനനുവദിക്കാതെ പോകുന്നു. സമുദായം അഭിമുഖീകരിക്കുന്ന ഇത്തരം പുതിയ പ്രശ്നങ്ങളെ പഠിക്കാനോ വിശകലനം ചെയ്യാനോ ഉള്ള ശ്രമങ്ങള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ വിരളമാണ്. ഇപ്പോഴും ഇസ്ലാമില്‍ സ്ത്രീകളുടെ ഉന്നതപദവി, ഇസ്ലാമില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം, ഇസ്ലാം ശാന്തിയുടെ മാര്‍ഗം തുടങ്ങിയ ആന്തരികവല്‍ക്കരിക്കാനുതകാത്ത വിഷയങ്ങളില്‍ പ്രസംഗങ്ങള്‍ നടത്താനാണ് സമുദായ സംഘടനകള്‍ക്ക് താല്‍പ്പര്യം. വര്‍ത്തമാനകാല സാഹചര്യങ്ങളെ വിശകലനം ചെയ്തു ബോധ്യപ്പെടുത്താനുള്ള തയാറെടുപ്പുകളുടെ അഭാവവും ഇത് വ്യക്തമാക്കുന്നു. ഇസ്ലാമാണ് മദ്യവും മയക്കുമരുന്നും പൂര്‍ണമായും നിരോധിച്ച മതമെന്ന് ഉച്ചത്തില്‍ പ്രഭാഷണം നടത്തുമ്പോള്‍, കേരളത്തിലെ മുസ്ലിങ്ങളില്‍ പലരും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന കാര്യത്തില്‍ റോക്കറ്റ്വേഗത്തില്‍ മുന്നോട്ടു പോകുന്നുവെന്നതും മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമെന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍, അകല്ച്ചയുടെയും ശത്രുതയുടെയും തീവ്രധ്രുവങ്ങളിലേക്കുള്ള സഞ്ചാരം, ചിലര്‍ക്കിടയിലെങ്കിലും, ത്വരിതഗതിയിലായിത്തീരുന്നുവോ എന്ന് ആത്മപരിശോധന നടത്തേണ്ടതുമുണ്ട്. സംഘടനകള്‍ ഇന്നലെകളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, സമകാലീന സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശാസ്ത്രീയമായ കാഴ്ചപ്പാടും ഫലപ്രദമായ മാര്‍ഗങ്ങളും നേടിയെടുക്കേണ്ടതാണ് ഇന്നിന്റെ ആവശ്യം. ഇന്നലെയെ പുറംകാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചാല്‍ നഷ്ടക്കാര്‍ മറ്റൊരു കൂട്ടരായിരിക്കില്ല. വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ കെല്പ്പു നേടാതിരുന്നാല്‍ വരാനിരിക്കുന്ന നഷ്ടം താങ്ങാനാവുന്നതുമാവില്ല.
*
എന്‍ പി ഹാഫിസ് മുഹമ്മദ് കടപ്പാട്: ദേശാഭിമാനി വാരിക
Wednesday, September 1, 2010
കാച്ചിയില്‍നിന്ന് പര്‍ദയിലേക്കുള്ള ദൂരം
Subscribe to:
Post Comments (Atom)
12 comments:
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന വേദവാക്യം ഉദ്ധരിക്കുന്നവര്‍തന്നെ സമുദായത്തിലെ അംഗങ്ങളെ ചിന്തിക്കാനനുവദിക്കാതെ പോകുന്നു. സമുദായം അഭിമുഖീകരിക്കുന്ന ഇത്തരം പുതിയ പ്രശ്നങ്ങളെ പഠിക്കാനോ വിശകലനം ചെയ്യാനോ ഉള്ള ശ്രമങ്ങള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ വിരളമാണ്. ഇപ്പോഴും ഇസ്ലാമില്‍ സ്ത്രീകളുടെ ഉന്നതപദവി, ഇസ്ലാമില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം, ഇസ്ലാം ശാന്തിയുടെ മാര്‍ഗം തുടങ്ങിയ ആന്തരികവല്‍ക്കരിക്കാനുതകാത്ത വിഷയങ്ങളില്‍ പ്രസംഗങ്ങള്‍ നടത്താനാണ് സമുദായ സംഘടനകള്‍ക്ക് താല്‍പ്പര്യം. വര്‍ത്തമാനകാല സാഹചര്യങ്ങളെ വിശകലനം ചെയ്തു ബോധ്യപ്പെടുത്താനുള്ള തയാറെടുപ്പുകളുടെ അഭാവവും ഇത് വ്യക്തമാക്കുന്നു. ഇസ്ലാമാണ് മദ്യവും മയക്കുമരുന്നും പൂര്‍ണമായും നിരോധിച്ച മതമെന്ന് ഉച്ചത്തില്‍ പ്രഭാഷണം നടത്തുമ്പോള്‍, കേരളത്തിലെ മുസ്ലിങ്ങളില്‍ പലരും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന കാര്യത്തില്‍ റോക്കറ്റ്വേഗത്തില്‍ മുന്നോട്ടു പോകുന്നുവെന്നതും മനസ്സിലാക്കേണ്ടതുണ്ട്.
ഒരു V.T.ഭട്ടതിരിപ്പടിനെയും,പ്രേന്ജിയെയും,ഇഎംഎസ്സിനെയും ,നാരായണഗുരുവിന്യും,ചട്ടമ്പി സ്വമികളെയും വിവേകനന്തെന്യും മറ്റും സൃഷ്ടിക്കാനാണ് കാലം മുസ്ലിം സമുദായതോടവശ്യപ്പെടുന്നുനത്,നവോധനതിന്റെ,സ്ത്രീ സ്വതന്ത്രിയതിന്റെ, കലയുടെ,സംഗീതത്തിന്റെ,സാഹിതിയതിന്റെ, ആധുനിക ചിന്തയുടെ തുറന്ന ആകാശം. മനുഷിയനെഎല്ലാ അര്‍ത്ഥത്തിലും മനുഷിയനായി കാണുന്ന സമത്വ സുന്ദര സമുദായം.. ! തിന്നുവാനും കുടിക്കുവാനും രമിക്കുവാനും മാത്രവുമുല്ലതാണ് ജീവിതം എന്ന് നിര്‍വചിക്കുന്ന മതമേധവിത്യ്തെ ചവറ്റുകൊട്ടയില്‍ എറിഞ്ഞു കൊണ്ട്, സങ്കുചിത ചിന്തകളുടെ ശവപ്പരംബായ സമകാലിക മത തിട്ടുരങ്ങളെ വിശാല മാനവികതയുടെ സുതാരിയ ചിന്തകല്കൊണ്ട് വെല്ലുവിളിക്കാന്‍ കഴിയുന്ന ക്ഷുഭിത യൌവനംങ്ങള് മുഷ്ടി ചുരുട്ട്ടി മുന്നോട്ടു വര്തിടത്തോളം കാലം സമുദായം ഇരുട്ടില്‍ തന്നെ കഴിയും...
Very nice post
ഈ വേദ വാക്യം അനുസരിച്ചു ചിന്തിക്കുന്ന മുസ്ലിമാനെങ്കില്‍ ലേഖനത്തിലെ അബദ്ധങ്ങള്‍ മനസിലാക്കാനും അതിന്റെ ഉദ്ദേശ ശുദ്ധിയെ മനസിലാക്കാനും കഴിയും. പിന്നെ കടപ്പാട് ദേശാഭിമാനി വാരികയോടല്ലേ? മദ്യം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും ഒളിച്ചും പാത്തുമുള്ള ബീവരെജ് സന്ദര്‍ശനം മാറാന്‍ അത് ആവശ്യമാനെന്നും പ്രസ്തവനയിരക്കിയ ജയരജന്മാറുള്ള നാട്ടില്‍ കുളിപ്പിച്ചു കിടത്തും വരെ കുടിപ്പിച്ചു കിടത്താന്‍ എല്ലാരും കിണഞ്ഞു പരിശ്രമിക്കുമ്പോ ചിന്താശേഷി നഷ്ടപ്പെട്ട മുസ്ലിംകളും അതില്‍ വീണു പോവുമ്പോള്‍ ഇത് വലിയ കടപ്പാടിന്റെ കഥ തന്നെയല്ലേ സ്നേഹിതാ? പിന്നെ സായിപ്പിന്റെയും പണക്കാരന്റെയും വേഷമായി കേരളിയര് കണ്ടിരുന്ന 3 / 4 th (ഒരു ഫിലിം ല്‍ ജഗതി അതിനെ അവതരിപ്പിക്ക്ന്നുമുണ്ട് തുണിയുടുത് വന്നപ്പോ അകത്തു കേറാന്‍ സമ്മതിക്കാതിരുന്ന സ്റ്റാര്‍ ഹോട്ടല്‍ ല്‍ തുണിയഴിച്ച് കളഞ്ഞു ട്രൌസര്‍ മാത്രമായി വന്നു കേറുന്നത് )... പിന്നെ പിന്നെ അതെല്ലാം നമ്മുടെ വേഷമായി...പിന്നെ മുസ്ലിം സ്ത്രീ പര്‍ദ ധരിക്കുന്നതു മാത്രം വലിയ ചര്‍ച്ച വിഷയമാക്കുന്നതിന്റെ ഉദ്ദേശം വേദ വാക്യം ഉള്‍ക്കൊണ്ട് ചിന്തിക്കുന്നവര്‍ക്ക് മനസിലാക്കവുന്നതാണെന്ന് മനസിലാക്കാത്ത കടപ്പടൊരു സംഭവം തന്നെ...
നല്ല ലേഘനം- ഹഫിസിന്നു അഭിനന്തനങ്ങള്
ഹാഫിസിണ്റ്റെ കൈ വെട്ടുമോ എന്തോ?
വിദ്യാഭ്യാസമുള്ള മുസ്ളീങ്ങള്‍ ആണിപ്പോള്‍ ഭാര്യമാരെ നിറ്ബന്ധിച്ചു പറ്ദ ഇടീക്കുന്നത് പണ്ട് തെക്കോട്ടില്ലായിരുന്ന പറ്ദ ഇപ്പോള്‍ വ്യാപകമായി വരുന്നു, പലരും വലിയ അഭിമാനത്തോടെ ആണൂ പറയുന്നത് എണ്റ്റെ ഭാര്യ പറ്ദ ഇടുമെന്നു, ഇതൊക്കെ പുരുഷനു സ്ത്റീയെ അടിമയാക്കാനുള്ള ഓരോ അടവാണു
ചിലപ്പോള്‍ ജീ പീ രാമചന്ദ്രന് ഹാഫിസിനു ബദല്‍ എഴുതുമായിരിക്കും
"ചിലപ്പോള്‍ ജീ പീ രാമചന്ദ്രന് ഹാഫിസിനു ബദല്‍ എഴുതുമായിരിക്കും" :)
allenkil, k p ramanunni ennoru sadhanavum undallo...?!
നല്ല ലേഖനം. മുസ്ലീം സമുദായത്തിലെ വിവരവും ചിന്താശേഷിയും സ്വാതന്ത്ര്യ ബോധവും ഉള്ള ചങ്ങാതിമാര്‍ തന്നെയാണ് ഇമ്മാതിരി കോമാളിത്തരങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത്. ഇത് എല്ലാ സമുദായത്തിനും ബാധകമാണ്. സ്വന്തം സമുദായത്തെ പരിഷ്കരിക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും നല്ല സമുദായ പ്രവര്‍ത്തനം.
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന വേദവാക്യം ഉദ്ധരിക്കുന്നവര്‍തന്നെ സമുദായത്തിലെ അംഗങ്ങളെ ചിന്തിക്കാനനുവദിക്കാതെ പോകുന്നു. സമുദായം അഭിമുഖീകരിക്കുന്ന ഇത്തരം പുതിയ പ്രശ്നങ്ങളെ പഠിക്കാനോ വിശകലനം ചെയ്യാനോ ഉള്ള ശ്രമങ്ങള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ വിരളമാണ്. ഇപ്പോഴും ഇസ്ലാമില്‍ സ്ത്രീകളുടെ ഉന്നതപദവി, ഇസ്ലാമില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം, ഇസ്ലാം ശാന്തിയുടെ മാര്‍ഗം തുടങ്ങിയ ആന്തരികവല്‍ക്കരിക്കാനുതകാത്ത വിഷയങ്ങളില്‍ പ്രസംഗങ്ങള്‍ നടത്താനാണ് സമുദായ സംഘടനകള്‍ക്ക് താല്‍പ്പര്യം.
പ്രസ്ക്തമായ നിരീക്ഷണം.
പക്ഷെ ഹാഫിസ് മുഹമ്മദ്മാരെ മുസ്ലിങ്ങള്‍ കേള്‍ക്കാനിഷ്ടപ്പെടുന്നില്ല.
"പ്രസ്ക്തമായ നിരീക്ഷണം.
പക്ഷെ ഹാഫിസ് മുഹമ്മദ്മാരെ മുസ്ലിങ്ങള്‍ കേള്‍ക്കാനിഷ്ടപ്പെടുന്നില്ല."
Post a Comment