Sunday, September 5, 2010

“രക്തസാക്ഷി...നീ മഹാസാഗരം...”

കാട്ടാക്കട മുരുകനുമായി എം.സ്വരാജ് നടത്തിയ അഭിമുഖം

രക്തസാക്ഷി എന്ന കവിത ഏതെങ്കിലും രക്തസാക്ഷിയെക്കുറിച്ചല്ല, രക്തസാക്ഷിത്വത്തെക്കുറിച്ചാണ്. ‘രക്തസാക്ഷിത്വം’ കവിതയായതിനെക്കുറിച്ച്?

ഉള്ളിന്റെയുള്ളില്‍ വളരെയധികം പേടിയുള്ള ആളാണ് ഞാന്‍. എല്ലാ കാര്യത്തോടുമുള്ള ഒരു തരം പേടി. അതുകൊണ്ടുകൂടിയാവാം രക്തസാക്ഷി എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ വലിയ ചില സങ്കല്പങ്ങളുണ്ട്. ഒരു ഡഫനിഷനാണ്. ആരാണ് രക്തസാക്ഷി എന്നതിനെപ്പറ്റി എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന്റെ നിര്‍വചനമാണ് ആ കവിത. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ പ്രശസ്ത കാഥികന്‍ പ്രൊഫ.ഹര്‍ഷകുമാര്‍ എന്റെ നാട്ടില്‍ വന്ന് ‘സ്പാര്‍ട്ടക്കസ്’ എന്ന കഥാപ്രസംഗം അവതരിപ്പിക്കുകയുണ്ടായി. അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരായി നടന്ന മഹത്തായ പോരാട്ടം, ത്യാഗം, രക്തസാക്ഷിത്വം ഇതൊക്കെ എന്റെ ഹൃദയത്തില്‍ ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് വായനയിലും ചിന്തയിലുമൊക്കെ രക്തസാക്ഷിത്വമെന്നത് എന്നെ വല്ലാതെ സ്വാധീനിക്കും വിധം നിറഞ്ഞുനിന്നു.

രക്തസാക്ഷി നീ മഹാസാഗരം
എന്‍ ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ

എന്നെഴുതുന്നത് അങ്ങനെയാണ്.

താങ്കള്‍ ഈണത്തില്‍ കവിത ചൊല്ലുന്ന ആളാണ്. എന്നാല്‍ കവിത വായിക്കാനുള്ളതാണെന്ന അഭിപ്രായവും പാട്ടുകവി എന്നും മറ്റുമുള്ള വിമര്‍ശനങ്ങളും കേള്‍ക്കുന്നു...?

ഞാന്‍ വിമര്‍ശനങ്ങളെയെല്ലാം പോസിറ്റീവായി കാണുന്നു. ഇതു വളരെ പഴയൊരു ചര്‍ച്ചയാണ്. പുതിയ കാര്യമേ അല്ല. ഇതൊക്കെ നമ്മുടെ കാവ്യ-സാഹിത്യ ശാഖയെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ. കവിത ചൊല്ലാനുള്ള ശേഷി എനിക്കുള്ളിടത്തോളം മറ്റൊരു മാധ്യമത്തെ ഡിപ്പന്റ് ചെയ്യേണ്ടതില്ല എന്ന ഒരു തോന്നല്‍ - ഒരു അമിത ആത്മവിശ്വാസമെന്നുവേണമെങ്കില്‍ പറയാം - അത് എന്നിലുണ്ട്. അവിടെ നിന്നാണ് ഈ കവിത ചൊല്ലല്‍ എന്റെ മാധ്യമമാക്കാന്‍ ഞാന്‍ തീരുമാനിച്ചത്.

എന്റെ മനസ്സില്‍ കവിതയ്ക്കൊരു ഒഴുക്കുണ്ട്. ഒരു താളാത്മകത. അങ്ങനെ ഒഴുക്കുള്ള കവിതയാണ് എനിക്കിഷ്ടം. ഒഴുക്കുള്ള കവിതയ്ക്ക് പെട്ടെന്ന് സംവദിയ്ക്കാന്‍ കഴിയും. അതാണ് എനിക്ക് വഴങ്ങുന്നത്. കേരളത്തിലെ ക്യാമ്പസുകളിലേക്കുപോകുമ്പോള്‍, പ്രത്യേകിച്ച് പ്രൊഫഷണല്‍ ക്യാമ്പസില്‍ചെല്ലുമ്പോള്‍ അവരുടെ മനസ്സിലൊന്നു കവിതയില്ല. കവിതയില്ല എന്നല്ല അതിനുള്ള സാഹചര്യവും സന്ദര്‍ഭവും അവര്‍ക്കില്ല. മലയാളഭാഷ അവര്‍ക്ക് അന്യമാണ്. അത്തരം കുട്ടികളുടെ മനസ്സില്‍പോലും കവിതയുണ്ട് എന്ന് കാണിച്ചുകൊടുക്കാനുള്ള ഒന്നാമത്തെ ചവിട്ടുപടിയാണ് എന്റെ കവിത. മലയാളകവിതയുടെ അത്യുന്നതിയിലാണ് എന്റെ കവിത എന്ന ചിന്ത എനിക്കില്ല. എന്നാല്‍ ഒരു സ്റ്റെപ്പിട്ടുകൊടുത്താല്‍ അതിങ്ങനെ കയറികയറി ഇനിയുമുണ്ട് മലയാളത്തില്‍ ആസ്വദിയ്ക്കപ്പെടേണ്ടവ, നമ്മുടെ ഹൃദയത്തില്‍ വല്ലാതെ ഇടംനേടേണ്ടവ എന്ന തോന്നല്‍ ഉണ്ടാക്കിക്കൊടുക്കുന്നതിന് വലിയ പരിധിവരെ എനിക്ക് കഴിഞ്ഞുവെന്നുള്ളതാണ് എന്റെ സംതൃപ്തി.

ഈ വാദപ്രതിവാദങ്ങള്‍ വളരെ നല്ലതാണ്. വൈവിധ്യങ്ങളില്‍നിന്നാണ് സൌന്ദര്യമുണ്ടാകുന്നത്. മലയാളകവിതയിലും വൈവിധ്യമുണ്ടാകണം. ഗദ്യവും പദ്യവുമുണ്ട്. രണ്ടിലും നല്ലതും ചീത്തയുമുണ്ട്. കുഞ്ഞുണ്ണിമാഷു പറഞ്ഞതുപോലെ വിതയുള്ളത് അതിജീവിയ്ക്കും. എഴുത്തിനും വായനയ്ക്കും ചൊല്ലലിനുംശേഷം അതിജീവിക്കുന്നത് വിതയുള്ള വാക്കുകളായിരിക്കും. അതിപ്പോള്‍ എന്റേതാകണമെന്നോ മറ്റുള്ളവരുടേതാകണമെന്നോ ഗദ്യമാകണമെന്നോ പദ്യമാകണമെന്നോ ഇല്ല.

താങ്കളുടെ കവിത കാവ്യലോകവുമായി അടുപ്പിക്കാന്‍ സഹായിക്കുന്നുണ്ട് എന്ന് പറഞ്ഞല്ലോ. എന്നാല്‍ ഇത് ഗൌരവമായ കവിതാവായനയെ തടസ്സപ്പെടുത്തുന്നു എന്ന വാദം നിലനില്‍ക്കുന്നുണ്ട്?

ഒരിക്കലുമില്ല, ഞാനീ കവിത ചൊല്ലിയില്ല എന്നുണ്ടെങ്കില്‍ എല്ലാ ആഴ്ചയിലുമിറങ്ങുന്ന കവിതകള്‍ വായിക്കണമെന്നില്ല. വായിക്കണമെന്നുള്ളവര്‍ മുമ്പും വായിക്കും ഇപ്പോഴും വായിക്കും. കവിത കേട്ടാസ്വദിക്കുക എന്നുപറയുന്നത് ഒരു തലവും, വായിച്ചാസ്വദിക്കുക എന്നുപറയുന്നത് മറ്റൊരു തലവുമാണ്. ഇത് രണ്ടും രണ്ടാണ്. വായനാശീലമുള്ളവര്‍ വായിക്കും. കേട്ടതുകൊണ്ട് വായിക്കാതിരിക്കണമെന്നില്ല. മലയാളത്തില്‍ ഇപ്പോള്‍ ഏകദേശം 50, 60 ഓളം ആഴ്ചപ്പതിപ്പുകള്‍ ഇറങ്ങുന്നുണ്ട്. ഇതിലെല്ലാംതന്നെ ശരാശരി മൂന്ന് കവിതവച്ചാണെങ്കില്‍ 150-160 കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഇതിലെത്ര കവിത, എത്രവരി അല്ലെങ്കില്‍ എത്ര വാക്ക് ഒരു മനുഷ്യന്റെ ഹൃദയത്തിലേക്ക് കടന്ന് ചെല്ലുന്നുണ്ട്? ഞാന്‍ കവിത ചൊല്ലുന്നത് നിര്‍ത്തിക്കഴിഞ്ഞാല്‍ ഈ കവിതകളൊക്കെ വായിക്കുമെന്ന ചിന്ത എനിക്കൊരിക്കലുമില്ല.

കൈരളി ചാനല്‍ ഇപ്പോള്‍ ചെയ്തിരിക്കുന്ന വലിയ നന്മയുണ്ട്. റിയാലിറ്റിഷോയ്ക്കും നന്മയുണ്ട് എന്ന് കാണിച്ചുകൊടുക്കുകയാണ്. 'മാമ്പഴം' എന്ന കവിത റിയാലിറ്റിഷോയിലൂടെ. എല്ലാത്തിലും നന്മയുണ്ട് 'ചന്ത' വാക്ക് (കമ്പോളം) ഒരു വൃത്തികേടാണ് കാരണം അവിടെ വാങ്ങുന്നവരും വില്ക്കുന്നവനുംമാത്രമേയുള്ളൂ. വെറുതെ ചന്ത കാണാന്‍ ചെന്നിട്ട് ഒരു ഉപയുക്തതയും ഉണ്ടാകില്ല. കമ്പോളത്തിന്റെ (ചന്ത)യുടെ നന്മയാണ് 'പുസ്തകച്ചന്ത' എന്നത്. മാമ്പഴമെന്ന കവിതാ റിയാലിറ്റിഷോ ചെയ്യുന്നത്. റിയാലിറ്റിഷോയുടെ സ്ട്രക്ച്ചറില്‍ നിന്നുകൊണ്ട് കവിതാസ്വാദനത്തെ ശക്തിപ്പെടുത്തുക എന്നുള്ളതാണ്. ഞാന്‍ ചൊല്ലിയതുകൊണ്ട് എന്റെ കവിതകള്‍ ആള്‍ക്കാര്‍ക്ക് അറിയാം. എന്നാല്‍ എത്രയോ ഉദാത്തമായ കവിതകള്‍ ചൊല്ലപ്പെടാത്തതുകൊണ്ട് ആളുകളുടെ ഹൃദയത്തിലേയ്ക്കെത്താതെ മലയാളഭാഷയില്‍ കിടക്കുകയാണ്. ബുദ്ധിജീവികളുടേയും, മലയാളം പഠിക്കുന്നവരുടേയും ഹൃദയത്തില്‍ അഭിരമിച്ചുകൊണ്ട് അത് അവിടെത്തന്നെ നില്ക്കുകയാണ്. മനോഹരമായരീതിയില്‍ കുട്ടികള്‍ കവിത ചൊല്ലി സാധാരണക്കാരന്റെ ഹൃദയത്തിലേയ്ക്കെത്തുകയാണ്. എന്നെ പലരും വിളിച്ചുപറഞ്ഞു. പണ്ട് ഈ കവിതകള്‍ വായിച്ചപ്പോള്‍ തോന്നാത്തൊരു സൌന്ദര്യം ഈ കുട്ടികള്‍ചൊല്ലുമ്പോള്‍ കിട്ടുന്നുണ്ട് മാഷേയെന്ന്.

എല്ലാവര്‍ക്കും തിമിരം
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം. (കണ്ണട)

എന്നത് ഒരു ഗദ്യരൂപത്തില്‍ വേണമെങ്കില്‍ എനിക്കെഴുതാം. നാലും അഞ്ചുമായി മുറിച്ച് അത് ഗദ്യമാക്കാമായിരുന്നു. 'എല്ലാവര്‍ക്കും തിമിരം'..... (കവിത നീട്ടിച്ചൊല്ലുന്നു) ഇങ്ങനെ ചൊല്ലുമ്പോള്‍ അത് പെട്ടെന്ന് സാധാരണക്കാരന്റെ ഹൃദയത്തിലെത്തും. കവികളെല്ലാവരും കവിതചൊല്ലണമെന്നില്ല. നല്ല കവിതയാണെങ്കില്‍ കവി തന്നെ ചൊല്ലണമെന്നുമില്ല. ഇന്നല്ലെങ്കില്‍ നാളെ വേറെയാരെങ്കിലും ചൊല്ലിക്കോളും. ചങ്ങമ്പുഴ ചൊല്ലുന്നതുകേള്‍ക്കാന്‍ വൃത്തികേടായിരുന്നുവെന്നാണ് പറയുന്നത്. സഹിക്കാന്‍ കഴിയില്ലത്രേ. അതുപോലെത്തന്നെയായിരുന്നുവത്രെ വൈലോപ്പിള്ളിയും. എന്നാല്‍ അദ്ദേഹത്തിന്റെ കവിത നമ്മുടെ കുഞ്ഞുങ്ങള്‍ മനോഹരമായി ചൊല്ലി അവതരിപ്പിക്കുന്നു. കവി തന്നെ ചൊല്ലണമെന്നില്ലല്ലോ. ആരെങ്കിലും ചൊല്ലിക്കോളും. ചൊല്ലുന്നത് വലിയ അപരാധമായി കാണാതിരുന്നാല്‍ മതി.

അടുത്തകാലത്ത് കവിയായ നിരൂപകന്‍ എന്നെക്കുറിച്ചെഴുതി. ഡി.വൈ.എഫ്.ഐക്കാരുടെയും എസ്.എഫ്.ഐക്കാരുടെയും വേദികളില്‍ കവിയെന്ന് വിശേഷിപ്പിക്കുന്നയാള്‍ എന്ന്. അദ്ദേഹമത് നെഗറ്റീവായിട്ടാണ് പറഞ്ഞതെങ്കിലും ഞാനത് പോസിറ്റീവായിട്ടാണെടുത്തത്. കേരളത്തിലെ ചിന്തിക്കുന്നവരുടെ, പ്രതികരിക്കുന്നവരുടെ, പ്രബുദ്ധ യുവത്വത്തിന്റെ വേദിയാണത്. അവിടെ കവിത ചൊല്ലുന്നതും വര്‍ത്തമാനം പറയുന്നതും ഞാന്‍ അഭിമാനത്തോടെയാണ് കാണുന്നത്. ഇത്തരം കെല്‍പ്പില്ലാത്ത ‘കെല്‍പ്പറ്റ‘ നാരായണന്മാരുടെ വിടുവായത്തത്തിന്റെ ഒരു മേഖലയായി സാഹിത്യം അധഃപതിക്കുകയാണ്.

ചാതുര്‍വണ്യം നിലനില്‍ക്കുന്ന മലയാളകവിതയിലെ ശൂദ്രനാണ് താനെന്ന് മുന്‍പൊരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതായി ഓര്‍ക്കുന്നു. അങ്ങനെയൊരു ചാതുര്‍വണ്യമുണ്ടോ മലയാളകവിതയില്‍?

തീര്‍ച്ചയായും ഉണ്ട്. അതെങ്ങനെയാണെന്നുപറഞ്ഞാല്‍, ഏതെങ്കിലും മേഖലയിലുണ്ടാകുന്ന തരംതിരിവിനെയാണ് ചാതുര്‍വണ്യമായി നമ്മുടെ മുന്നില്‍ സിമ്പലൈസ് ചെയ്യുന്നത്. അതുപോലെ മലയാളസാഹത്യലോകത്ത് പൊതുവേയും കാവ്യലോകത്ത് പ്രത്യേകിച്ചും ഈ ചാതുര്‍വണ്യമനസ്സുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഏറ്റവും മോശമായി കവിത എഴുതുന്നവരുടെ സംഘമുണ്ടിവിടെ. അതിന്റെ മുകളില്‍ ഒരുവിധം നല്ലകവിതയെഴുതുന്ന ആളുകളുമുണ്ട്. മലയാളകാവ്യലോകത്ത് സജീവമായി നില്ക്കുന്ന (എല്ലാവരേയും ഞാന്‍ പറയുന്നില്ല) വേദികളിലൊക്കെ സജീവമായി നില്ക്കുന്ന കവികള്‍ കഴിയുന്ന ഈണത്തില്‍ ചൊല്ലാന്‍ ശ്രമിക്കുകയും എന്നാല്‍ ചൊല്ല് കവിതകളെക്കുറിച്ച് വര്‍ത്തമാനം പറയുകയും ചെയ്യും. ആത്യന്തികമായി അവരെകൊണ്ട് കഴിയുന്ന പരമാവധി ഈണത്തില്‍ അവര്‍ ശ്രമിക്കുകയും ചെയ്യും. ഇത്തരക്കാരോട് നിങ്ങള്‍ ഏറ്റവും നല്ല കവിത എങ്ങനെയെഴുതണമെന്ന് ചോദിച്ചുനോക്കൂ അപ്പോളവര്‍ പറയും ഞാന്‍ എഴുതുംപോലെ എഴുതണമെന്ന്. ആത്യന്തികമായി മലയാളകവിത അവനവനിലേക്ക് ചുരുങ്ങുന്നുണ്ട് കവികളുടെ ഇടയില്‍. അവനവന്റെ വാക്കിന്റെ പരിമിതിയിലും ശബ്ദത്തിന്റെ പരിമിതിയിലും അഭിരമിയ്ക്കുന്നവരായി മലയാളകവികള്‍ മാറുമ്പോള്‍ മനസ്സിലൊരു പിരമിഡുണ്ടാകുകയാണ്. ആ അര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ ഏറ്റവും താഴെ സാധാരണക്കാരന്റെയിടയില്‍ വര്‍ത്തമാനം പറയുകയും കവലയില്‍ ഉറക്കെ കവിതചൊല്ലുകയും ചെയ്യുന്ന ശൂദ്രനായ കവിയാണുഞാന്‍. അപ്പോള്‍ ചില ആളുകള്‍ പറയുകയാണ് ‘നിങ്ങളെന്തിനാണ് കവിതയെ കവലയിലേക്കുകൊണ്ടുപോകുന്നത്. കവിതയ്ക്കൊരു പവിത്രതയില്ലേ‘ എന്ന്. എന്താണ് പവിത്രതയെന്ന് എനിക്ക് മനസ്സിലായില്ല.

പേട്ടയിലാണെന്നുതോന്നുന്നു. പു ക സാ സംഘടിപ്പിച്ച യോഗത്തില്‍ ഞാന്‍ കവിത ചൊല്ലുന്ന സമയത്ത് കുറേ മത്സ്യതൊഴിലാളി അമ്മമാരും കച്ചവടക്കാരും നാട്ടുകാരുമൊക്കെ അവിടെയുണ്ട്. ഞാന്‍ കവിത ചൊല്ലുന്നസമയത്ത് ശ്രദ്ധിച്ച ഒരു കാര്യം മീന്‍ വില്ക്കുന്ന അമ്മമാര്‍ കവിത ശ്രദ്ധിയ്ക്കുന്നുണ്ട്. അവരുടെ മുഖത്ത് ഒരു ചെമ്പരുത്തിപൂവ് വിരിയുന്നുമുണ്ട്. അത് കേരളത്തിലെ ഏത് കവിയ്ക്കുകിട്ടും. ഈ ബഹളങ്ങളുടെയിടയില്‍നിന്നും കവിത ആസ്വദിയ്ക്കുന്ന ഈ മീന്‍കാരി അമ്മയ്ക്ക് കവിതയുടെ രസം പകര്‍ന്നുകൊടുക്കുന്നത് മഹാ അപരാധമാണെന്നു പറയുന്നതാണ് ചാതുര്‍വണ്യം. എനിക്ക് കവിത ചൊല്ലാനുള്ള ഊര്‍ജ്ജം തന്നുകൊണ്ടിരിക്കുന്നത് ഈ അമ്മമാരുടെ മുഖമാണ്. കവിത വിളിച്ചുപറയാനുമുള്ളതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒളിച്ചുവെയ്ക്കാനുള്ളതാണെന്ന് വിചാരിക്കുന്നവരുമുണ്ട്. ബുദ്ധിജീവികള്‍ക്കുമാത്രം മനസ്സിലാക്കുന്ന കവിതയും വരട്ടെ. എന്നാല്‍ സാധാരണക്കാരനോട് സംവദിയ്ക്കുന്ന 'പൊട്ടിയ താലിച്ചരടുകളെക്കുറിച്ച്........... പൊട്ടാമദ്യകുപ്പികളെക്കുറിച്ച്.... പലിശപ്പട്ടിണിപടികയറുമ്പോള്‍ പിറകിലെ മാവില്‍കാണുന്ന കയറുകളെക്കുറിച്ച്' ഉറക്കെയൊന്നുവിളിച്ചുപറഞ്ഞ് പോകുന്നു എന്നതുകൊണ്ട് മലയാളകവിതകളുടെ ചാരിത്ര്യം നഷ്ടമായിപ്പോകുകയാണെങ്കില്‍ അതങ്ങ് നഷ്ടപ്പെട്ടുപോകട്ടെയെന്ന് വിചാരിക്കുന്നയാളാണു ഞാന്‍.

മുരുകന്‍ കാട്ടാക്കട എന്ന കവിയ്ക്ക് കവിത എന്താണ്?

കവിത എനിക്ക് പ്രതികരണായുധമാണ്. എന്തെങ്കിലും കാണുമ്പോള്‍ പ്രതികരിയ്ക്കാന്‍ എനിക്ക് വേറൊരു മാര്‍ഗ്ഗവുമില്ല. അത് ചെയ്യുന്നത് ഫലപ്രദമായാണോ എന്ന് എനിക്കറിയില്ല. ദുര്‍ബ്ബലമാണെങ്കിലും പ്രതികരിക്കാനുള്ള ശക്തമായൊരായുധം.

എന്നെ സംബന്ധിച്ച് എന്റെ ബെയ്സ് ദു:ഖമാണ്. ബാല്യകാലത്തെ ദു:ഖസ്മരണകള്‍ എന്റെ അങ്ങനെയാക്കിയിരിക്കുന്നു. ഞാന്‍ ഒരു ഇടതുപക്ഷചിന്താഗതിക്കാരനാണ്. എന്റെ ജീവിതമാണ് എന്നെ അങ്ങനെയാക്കിയത്. അടിച്ചമര്‍ത്തപ്പെട്ട വേദനകളിലൂടെ മാത്രം സഞ്ചരിക്കപ്പെട്ടവന്റെ അപകര്‍ഷതയാണ എന്റെ ജീവിതം.'അവഗണന അടിമത്ത അപകര്‍ഷജീവിതം' എന്നുപറയുന്നതെല്ലാം ബാല്യത്തില്‍ അനുഭവിച്ച ഒരാളാണു ഞാന്‍. ശോകം എന്റെ ബെയ്സിക്കായിട്ടുള്ള ധാരയാണ്. അതിനെയിങ്ങനെ പ്രതിഫലിപ്പിച്ചുവയ്ക്കാനുള്ള മേഖലയാണോ കവിത എന്നൊക്കെ ചോദിച്ചാല്‍ എനിക്കുത്തരമില്ല. അവിടെനിന്നാണ് എന്റെ പ്രതിരോധവും പ്രതികരണങ്ങളുമുണ്ടാകുന്നത്. ഞാനുള്‍പ്പെടെയുള്ള സമൂഹത്തിലുണ്ടാകുന്ന അരുതായ്മയില്‍ മനസ്സിലുണ്ടാകുന്ന വേദന. അത് വിളിച്ചുപറഞ്ഞിട്ടില്ലെങ്കില്‍ എനിക്ക് വലിയ വിഷമമാണ്.

'ഓര്‍മ്മയില്‍ വീഴും വിശപ്പിന്റെ കാറ്റേറ്റു വാടിവീഴും നിറംകെട്ട ചെമ്പകം'.......... എന്ന് ഞാന്‍ എന്റെ കവിതയില്‍ എഴുതുന്നു. ആ ഒരു വേദന ഞാന്‍ നന്നായി അനുഭവിച്ചിട്ടുണ്ട്. അതെനിക്ക് പില്ക്കാലത്ത് ഊര്‍ജ്ജമായി മാറിയിട്ടുണ്ട്.

ബാല്യകാലാനുഭവങ്ങള്‍?

70 കളിലാണ് എന്റെ ബാല്യം. അന്നത്തെ സമൂഹത്തിന്റെ ബഹുഭൂരിപക്ഷം മലയാളികളും അനുഭവിച്ചുപോകുന്നത് അത്ര സുഖകരമായ അവസ്ഥയാണെന്നെനിക്ക് തോന്നുന്നില്ല. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഉച്ചയ്ക്ക് ആഹാരം കഴിച്ചിട്ടില്ല. പക്ഷെ അഭിമാനം കാരണം മറ്റുകുട്ടികളൊക്കെ ഉച്ചസമയത്ത് ഭക്ഷണം കഴിയ്ക്കാന്‍ പോകുമ്പോള്‍ ഞാന്‍ ദൂരെയുള്ള ഏതെങ്കിലും ടാപ്പില്‍ നിന്നും പച്ചവെള്ളം കുടിച്ചിട്ട് തിരിച്ചുവരും. ഉച്ചയ്ക്ക് ആഹാരം കഴിയ്ക്കുന്നില്ലെന്ന കാര്യം മറ്റാരെയും അറിയിച്ചിരുന്നില്ല. അതൊക്കെ എന്റെ കവിതയില്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്. എന്റെ കളിവാക്ക് എന്ന കവിതയില്‍ (ചൊല്ലുന്നു)

എട്ടാംക്ളാസിലെ
ഒന്നാംബഞ്ചിന്റെ അറ്റത്തിരിക്കും
പൊതിച്ചോറിന്
ആ പൊതിച്ചോറിനെ ആര്‍ത്തിയാല്‍
നോക്കുന്ന ഓട്ടയുടുപ്പുള്ള കാക്കക്കറുമ്പനെ
കവിതേ പ്രിയപ്പെട്ട ശൈലപുത്രി
ഒപ്പിയെടുക്കു നീ പിന്നെയും പിന്നെയും

പറയാനുള്ള കാര്യങ്ങള്‍ ചിലസമയത്ത് പറയേണ്ടതായി വരും. എല്ലാത്തിലും ആത്മാംശം കൂടുതലാണ്. ഞാന്‍ വളര്‍ന്നുവന്ന, അനുഭവിച്ച കാര്യങ്ങളാണ് എന്റെ കവിതയിലുള്ളത്. രക്തസാക്ഷി എന്ന കവിതയില്‍ ഞാന്‍ ബഹുമാനിക്കുന്ന വലിയ ജീവിതങ്ങളെക്കുറിച്ചാണുള്ളത്. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ ഏറ്റ അനുഭവങ്ങള്‍ എനിക്കുകിട്ടിയ ഏറ്റവും വലിയ അസംസ്കൃതവസ്തുവാണ്.

പിന്നെ എന്റെ കവിതയില്‍ സ്വാധീനിക്കുന്നത് നെയ്യാറാണ്. അറിഞ്ഞോ അറിയാതെയോ കവിതയിലേക്ക് നെയ്യാറ് കടന്നുവരും. കാരണം വിശപ്പും ദു:ഖവുമൊക്കെയുണ്ടാവുമ്പോള്‍ നെയ്യാറിലേക്ക് ചാടും. അവിടെ ബഹളംവെച്ചും കുളിച്ചും തലയൊന്നും തോര്‍ത്താതെ കയറി പോവുമായിരുന്നു. അമ്മയുടെ വാത്സല്യമാണ് നെയ്യാറിന്. ഇന്നും നെയ്യാറ്റിലിറങ്ങാറുണ്ട്. ഇപ്പോള്‍ നെയ്യാറ് കാണുമ്പോള്‍ സങ്കടം വരും. വൃദ്ധസദനത്തില്‍ അനങ്ങാതെ ഒതുങ്ങിയിരിക്കുന്ന അമ്മയെപ്പോലെയാണിന്നത്.

അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചുപോയി. ഒരു കല്പണിക്കാരനായിരുന്നു അച്ഛന്‍. മനോഹരമായി വായിക്കുമായിരുന്നു. ഞാന്‍ ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിയ്ക്കുന്നത്. അച്ഛന്‍ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ തുടങ്ങിയപുസ്തകങ്ങള്‍ പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന സമയത്ത് വായിക്കുമായിരുന്നു. വേറെ ജോലിയൊന്നുമില്ലാതെ വായിച്ചിരിക്കുന്ന അച്ഛനെ ഞാന്‍ അത്ഭുതത്തോടുകൂടി നോക്കിനില്ക്കുമായിരുന്നു. ആ വായന സംബന്ധിച്ച കരുതലായിരിക്കണം. എന്നേയും വായനക്കാരനായി മാറ്റിയിരിക്കുക. അല്ലാതെ അച്ഛന്‍ എന്റെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല.

‘മുരുകന്‍’ പേരിനൊരു തമിഴ് ചുവയുണ്ട്.

എന്റെ നാട്ടില്‍ എനിക്കുമാത്രമേ മുരുകന്‍ എന്ന് പേരുള്ളൂ. അതിനുകാരണം കാട്ടാക്കടയിലെ ആമച്ചം എന്ന കൊച്ചുഗ്രാമത്തിലാണ് എന്റെ വീട്. അതിനടുത്ത് വലിയൊരു കുന്നിന്റെ മുകളില്‍ ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ട്. സുബ്രഹ്മണ്യനെ ഉദ്ദ്യേശിച്ചുകൊണ്ടായിരിക്കണം എനിക്ക് ആ പേരിട്ടിരിക്കുന്നത്.

'ഭ്രമമാണ് പ്രണയം. വെറും ഭ്രമം.
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന
സ്ഫടിക സൌധം
എപ്പഴോ തട്ടിത്തകര്‍ന്നുവീഴുന്നുനാം
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം'.... (രേണുക) യഥാര്‍ത്ഥത്തില്‍ ഭ്രമമാണോ പ്രണയം?

ചാറ്റിങ്ങാണല്ലോ ഇപ്പോഴത്തെ പ്രണയം. വാക്കിന്റെ വിരുതുകൊണ്ടാണല്ലോ പ്രണയം ഉണ്ടാകുന്നത്. പ്രണയം ഉദാത്തമായൊരു സങ്കല്പമാണ്. രേണുക എന്ന കവിത മൊത്തത്തിലെടുത്തുനോക്കിയാല്‍ ഉദാത്തമായ പ്രണയത്തെക്കുറിച്ചുള്ള കവിതയാണത്. പക്ഷെ അതിനകത്ത് ക്യാമ്പസിനകത്തെ കുട്ടികളെ കൃത്യമായും നാം ഓര്‍മ്മപ്പെടുത്തേണ്ട ചില സംഗതികളുണ്ട്. വാക്കിന്റെ വിരുതുകൊണ്ടുണ്ടാകുന്ന പ്രണയത്തെ പ്രത്യേകിച്ചും പേടിയ്ക്കണം. വാക്കിന്റെ വിരുതുകൊണ്ട് പ്രണയം ഉണ്ടാവുകയും ഇല്ലാതാകുകയും ചെയ്യുന്നുണ്ട്. ഞാന്‍ ഇവിടെ പണ്ടൊരു ട്യൂഷന്‍ സെന്ററില്‍ പഠിപ്പിച്ചിരുന്നു. അവിടെ ഫിസിക്സ് പഠിപ്പിച്ചിരുന്ന ഒരു മാഷുണ്ടായിരുന്നു. അയാള്‍ ഇങ്ങനെ ചാറ്റുചെയ്ത് ചാറ്റുചെയ്ത് പാലക്കാടുള്ളൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി ഗാഢമായപ്രണയം കണ്ടിട്ടേയില്ല. അങ്ങനെയൊരു സുപ്രഭാതത്തില്‍ അവള്‍ക്ക് വീട്ടില്‍ വലിയപ്രശ്നമായി. ഒരു വലിയ തറവാട്ടിലെ കുട്ടിയാണ്. കല്യാണാലോചനകള്‍ വന്നുതുടങ്ങിയപ്പോള്‍ അവളോട് ചാടാന്‍ പറഞ്ഞു. അവളൊരുദിവസം പെട്ടിയും മറ്റുമായി തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങി. ഇയാളിവിടെ കാത്തിരിക്കുകയാണ്. ഇയാളെ കണ്ടപ്പോള്‍ അവള്‍ വല്ലാതെയായി. വിരൂപനായിരുന്നു. പക്ഷെ സുന്ദരമായ ഹൃദയമുള്ളയാളായിരുന്നു അയാള്‍. അവള്‍ അപ്പോള്‍ത്തന്നെ നാട്ടിലേയ്ക്കുവണ്ടികയറി അടുത്തദിവസം തന്നെ ആത്മഹത്യചെയ്യുകയും ചെയ്തു. അപ്പോള്‍ ആ പ്രണയം വാക്കിന്റെ വിരുതുകൊണ്ടുതീര്‍ക്കുന്ന സ്ഫടികമായി മാറിയില്ലേ. വാക്കിന്റെ വിരുതുകൊണ്ട് ഞങ്ങളൊക്കെ പ്രണയിച്ചിട്ടുണ്ട്. വാക്കുകൊണ്ട് ചുമ്മാത് ഒരു സാമ്രാജ്യമുണ്ടാക്കിയെടുത്ത് നമ്മള്‍ എന്തോ ആണെന്ന് കാണിക്കുന്ന രീതി. കേവലപ്രണയങ്ങളൊക്കെ അങ്ങനെയാണ്. പോസറ്റീവ് സൈഡ് പ്രൊജക്ട് ചെയ്തുകൊണ്ടുള്ള പ്രണയമാണല്ലോ നമുക്കിടയിലുണ്ടാകുന്നത്.

'എന്നെങ്കിലും വീണ്ടുമെവിടെവച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കുമാത്രം
നാളേ പ്രതീക്ഷതന്‍ കുങ്കുമപൂവായ്
നാം കടംകൊള്ളുന്നതിത്രമാത്രം'....

രേണുകയില്‍ പ്രതീക്ഷയെക്കുറിച്ചുപറയുന്നുണ്ട്. ....?

നമുക്ക് മറ്റൊരാള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വിലപ്പെട്ട കാര്യം വീണ്ടും കാണാമെന്ന വാക്കാണ്. കുങ്കുമപ്പൂവെന്നുപറയുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പൂവാണ്. കാണാമെന്നുപറയുന്നതും, പ്രതീക്ഷയെന്നു പറയുന്നതും കുങ്കുമപ്പൂപോലെ കാണേണ്ടകാര്യമാണ്.

മുരുകന്‍ കാട്ടാക്കട എന്ന കവിയെ എന്നുമുതലാണ് സ്വയം തിരിച്ചറിയുന്നത്?

മുമ്പേ ഞാന്‍ കവിതയെഴുതുമായിരുന്നു. ആരുടെ മുന്നിലും അത് പ്രകടിപ്പിക്കില്ല. പ്രീഡിഗ്രിയ്ക്കുപഠിക്കുന്ന സമയത്ത് കേരളസര്‍വ്വകലാശാലയുടെ യുവജനോത്സവത്തില്‍ പങ്കെടുത്ത് രണ്ടാംസ്ഥാനം കിട്ടി എന്റെ ആത്മസംതൃപ്തിയ്ക്കുവേണ്ടി രഹസ്യമായും പരസ്യമായും കവിതയെഴുതുകയും അതിനെ ഇടയ്ക്കിടെ ചെക്കുചെയ്യുകയും ചെയ്യും. പിന്നെ കവിതയെ കൃത്യമായി വിളിച്ചുപറയുവാനുള്ള ഇടംതേടി നടന്നിട്ടുണ്ട്. എനിക്കുതോന്നുന്നു ജീവിതമാണ് ഏറ്റവും വലിയ കവിത. ആഹാരവും വിശപ്പും കവിതയാണ്. കോളേജില്‍ പഠിയ്ക്കുന്ന കാലത്തുതന്നെ തൊഴിലിനെസംബന്ധിച്ചും വലിയ കരുതലിലായിരുന്നു ഞാന്‍. ട്യൂഷന്‍ എടുക്കാന്‍ പോകുമായിരുന്നു. കാശായിരുന്നു മുഖ്യപ്രശ്നം. സാമ്പത്തികമായ നിലനില്പ്പിനെപ്പറ്റി കൃത്യമായ ഒരു അവബോധമെനിക്കുണ്ടായരുന്നു. അപ്പോഴും കവിത എന്റെയുള്ളിലുണ്ടായിരുന്നു. കാസര്‍ഗോഡ് എല്‍ ഡി ക്ളര്‍ക്കായിരിക്കുമ്പോള്‍ അവിടെ വച്ച്
എന്റെ പ്രണയാനുഭവങ്ങളെ കാത്തിരിപ്പ് എന്ന കവിതയിലൂടെ (ചൊല്ലുന്നു) ചിത്രീകരിച്ചിട്ടുണ്ട്.

'ആസുരതാളം തിമര്‍ത്തുന്നു
ഹൃദയത്തില്‍
ആരോ നിശബ്ദമൊരു നോവായി
നിറയുന്നു'.....}

ഞാനും എന്റെ ഭാര്യയും തമ്മില്‍ പ്രണയത്തിലുള്ള കാലമാണത്. ഈ കവിതയാണ് ആദ്യമായി ചൊല്ലിത്തുടങ്ങിയത്. അപ്പോഴൊക്കെ ആളുകളുടെ മുന്നില്‍ ഇത് പ്രകടിപ്പിയ്ക്കാന്‍ ഒരു സങ്കോചമുണ്ടായിരുന്നു. പക്ഷെ പത്മനാഭസ്വാമിക്ഷേത്രത്തിലെ സംഭവം. അന്നെനിക്കൊരു കവിത ചൊല്ലിയേ പറ്റൂ എന്ന അവസ്ഥവന്നു. ചാനലില്‍ ഇതുകാണുമ്പോള്‍ വല്ലാതെ സങ്കടപ്പെട്ടുപോയി. സ്കൂട്ടറും മറ്റും നിര്‍ത്തി ആളുകള്‍ തിങ്ങിക്കൂടി ഈ രംഗം കണ്ടുകൊണ്ടിരിക്കുകയാണ്. ചിലര്‍ ആര്‍ത്തുവിളിയ്ക്കുകയും ചിരിയ്ക്കുകയുമൊക്കെചെയ്യുന്നുണ്ട്. ചാനലുകാര്‍ ഒരു സങ്കോചവുംകൂടാതെ ലൈവായി ഇത് പകര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ ഈ ക്രൂരമായ ഈ നിസ്സംഗത എങ്ങനെയാണ് വിളിച്ചുപറയാതിരിക്കുക. അതുകൊണ്ട് കിട്ടുന്ന സ്ഥലത്തൊക്കെ കേറി ശക്തമായി ഞാനതുചൊല്ലി. ഒരു കവിയെന്ന നിലയില്‍ പണ്ടേ ഞാന്‍ എന്നെ തിരിച്ചറിഞ്ഞിരുന്നു. എന്റെ ജീവിതത്തില്‍ രണ്ട് നഷ്ടങ്ങളുണ്ട്. ഒന്ന് മലയാളം ഐച്ഛികമായി പഠിക്കാന്‍ കഴിഞ്ഞില്ല. രണ്ട്. സംഗീതം പഠിക്കാന്‍ കഴിഞ്ഞില്ല. ഇതു രണ്ടും എനിക്കു ഭയങ്കര ആഗ്രഹമായിരുന്നു. മലയാളം ഐച്ഛികമായി പഠിയ്ക്കുവാന്‍ തിരുവനന്തപുരത്ത് വരണമായിരുന്നു. അതേപോലെതന്നെയാണ് സംഗീതകോളേജിന്റേയും കാര്യം. രണ്ടിനും തിരുവനന്തപുരത്തെ ആശ്രയിക്കേണ്ടിയിരുന്നതിനാല്‍, സാമ്പത്തികമായ ചുറ്റുപാടില്ലാത്തതുകൊണ്ട് അതുനടന്നില്ല.

ഇടതുപക്ഷം, കവിത, സമൂഹം എന്നിവയെക്കുറിച്ച്?

മനുഷ്യനെ സ്നേഹിക്കുന്ന ആര്‍ക്കും ഇടതുപക്ഷം ആകാതിരിക്കാനാവില്ലല്ലോ. മാര്‍ക്സിനെ ഞാന്‍ കാണുന്നത് പട്ടിണികിടക്കുന്ന മനുഷ്യനെകണ്ടിട്ട് വല്ലാതെ കരഞ്ഞ ഒരാളായിട്ടാണ്. പട്ടിണിയെ അതിജീവിക്കാനാവശ്യമായ മഹത്തായ ആശയത്തെക്കുറിച്ചുള്ള ചിന്തയുണ്ടായിരുന്ന ആളാണ് മാര്‍ക്സ്. മാനവികതയുള്ള ആര്‍ക്കും ഇടതുപക്ഷമാവാനെ പറ്റൂ. എനിക്കും അങ്ങനെപറ്റൂ. ഇടതുപക്ഷക്കാരല്ലായെന്നുപറയുന്ന സാഹിത്യകാരും, എഴുത്തുകാരും ഉള്ളിന്റെയുള്ളില്‍ ഇടതുപക്ഷക്കാരാണ്. ഇടതുപക്ഷത്തെ എതിര്‍ക്കുന്നുവെന്നുവരുമ്പോള്‍ നല്ല പബ്ളിസിറ്റികിട്ടും. അതുകൊണ്ടാണ് ഇക്കൂട്ടര്‍ അങ്ങനെ നില്‍ക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ് മെയിന്‍കാംഫ്. പക്ഷെ അത് ആരും വായിക്കുന്നില്ല. എന്നാല്‍ ജര്‍മ്മനിയില്‍ അന്നത് നിര്‍ബന്ധമായും വാങ്ങേണ്ടിയിരുന്നു. എന്നെങ്കിലുമൊരു നാസി പോലീസുകാരന്‍ വീട്ടില്‍ കയറിവന്നുപരിശോധിച്ചാല്‍, അത് ഇല്ലെന്നുകണ്ടാല്‍ അവരുടെ തലപോകുമായിന്നു. ഹൃദയമില്ലാത്തിടത്തെ വര്‍ത്തമാനവും എഴുത്തും ആരേയും സ്വാധീനിക്കില്ല. അപ്പോള്‍ എഴുത്തുകാരുടെ ചിന്ത ഇടതുപക്ഷചിന്തയാണ് ലോകത്തെവിടെയും അങ്ങനെയാണ്. നെഹ്റുപോലും ബെയ്സിക്കായി ഉള്ളിന്റെയുള്ളില്‍ ഇടതുപക്ഷക്കാരാനായിരുന്നു.

മലയാളത്തില്‍ ഉരസ്സലുള്ള എഴുത്തുണ്ടാകുന്നത് ഇടതുപക്ഷധാരയിലൂടെയാണ്.എന്റെ കവിതകള്‍ചൊല്ലി ഞാന്‍ മുന്നോട്ടുവന്നത് എന്റെ മാത്രം കഴിവുകൊണ്ടല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഇടതുപക്ഷകൂട്ടായ്മകളാണ് മുരുകന്‍ കാട്ടാക്കട എന്ന കവിയുടെ വാക്കുകള്‍ക്ക് കൃത്യമായ ഇടം സമൂഹത്തിലുണ്ടാക്കിയത്. അത്തരം ഇടങ്ങള്‍ ബോധപൂര്‍വ്വമുണ്ടാക്കാനുള്ള ആശയപരമായ വ്യക്തത ഇടതുപക്ഷത്തിനേയുള്ളു. സമൂഹത്തിന്റെ സാംസ്കാരികമായ അടിത്തറ ഇടതുപക്ഷമാണ്.

മുമ്പ് മമ്മൂട്ടിപറഞ്ഞത് വളരെ കൃത്യമായിരുന്നില്ലേ? നമ്മുടെ വേദികള്‍പോലും അത് ഗൌരവപരമായി ചര്‍ച്ച ചെയ്തില്ല. 'ഗുജറാത്തില്‍ ഇത്രയും മൃഗീയമായ വര്‍ഗ്ഗീയകലാപമുണ്ടായി. അവിടെ ഡിവൈഎഫ്ഐ ശക്തമായിരുന്നെങ്കില്‍ ഇങ്ങനെയൊരു കലാപമുണ്ടാവില്ലായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ധ്യാപകന്റെ കൈവെട്ടിയസംഭവം കേരളത്തില്‍ തികച്ചും ഒറ്റപ്പെട്ട സംഭവമാണ്. ഇതുമൂലം കേരളം നാളെയോ മറ്റെന്നാളോ ഗുജറാത്താക്കി മാറ്റപ്പെടുമെന്ന ഭയമൊന്നും എനിക്കില്ല. അത്രയും ശക്തമായ ഇടതുപക്ഷ അടിത്തറ കേരളത്തിലുണ്ട്. എന്റെ കടമയെന്നത് എന്റെ പക്ഷത്തെസംബന്ധിച്ച് ബോധവാനാകുകയും എന്റെ പക്ഷത്തിനുവേണ്ടി പറയുകയും ചെയ്യുക എന്നുള്ളതാണ്. എനിക്കുകിട്ടുന്ന വേദികളിലൂടെയും ചൊല്ലലിലൂടെയും അത് ഞാന്‍ നിര്‍വ്വഹിച്ചുപോകുന്നുണ്ട്.

പരിപാടികളില്‍ പങ്കെടുക്കുന്നതിന് കൃത്യമായ പ്രതിഫലം വേണമെന്ന നിലയില്‍ താങ്കളുടേതായ ഒരഭിപ്രായം കണ്ടു ?

എന്റെ അവസരങ്ങള്‍് ത്യജിച്ചുകൊണ്ടാണ് ഞാന്‍ പരിപാടികളില്‍ പങ്കെടുക്കുന്നത്. അതെന്റെ കുട്ടികളെ പഠിപ്പിയ്ക്കേണ്ട സമയമോ, ഭാര്യയുടെയും കുട്ടികളുടെയും കൂടെ ചിലവഴിക്കേണ്ട സമയമോ ആയിരിക്കും. ഇതിലേതെങ്കിലുമൊന്നിനെ ഡിസ്കാര്‍ഡ് ചെയ്തിട്ടാണ് ഞാന്‍ ഈ അണ്‍എയ്ഡഡ് സ്കൂളിന്റേയും മറ്റും പരിപാടിയ്ക്കു പോകുന്നത്. അപ്പോള്‍ സ്വാഭാവികമായും എനിക്ക് റോയല്‍റ്റി തരേണ്ടത് അവരാണ്. തന്നില്ലെങ്കില്‍ കൃത്യമായും ചോദിച്ചുവാങ്ങേണ്ട ഒരു ബാദ്ധ്യത എനിക്കുണ്ട്. അതെന്റെ അവസരച്ചെലവിന് കിട്ടുന്ന റോയല്‍റ്റിയാണ്. മറിച്ച് കവിതയുടെ റോയല്‍റ്റിയല്ല. അതേസമയം പുരോഗമനവേദിയില്‍ കവിത ചൊല്ലുക എന്നത് എന്റെ കടമയാണ്, അവകാശമാണ്. അത് ഞാന്‍ കൃത്യമായും ചെയ്യും.

അക്ബര്‍ കക്കട്ടില്‍ മുന്‍പെഴുതിയ ഒരു സംഭവം ഓര്‍മ്മ വരുന്നു. ഒരിക്കല്‍ ഒരു പരിപാടിയുടെ സംഘാടകര്‍ അദ്ദേഹത്തെ വന്നുകണ്ട് പറഞ്ഞു. മാഷേ ഒരു ആര്‍ട്സ് ക്ളബിന്റെ വാര്‍ഷികമാണ്, മാഷ് ഉദ്ഘാടനം ചെയ്യണം. അദ്ദേഹത്തിനു സുഖമില്ലെന്ന് പറഞ്ഞിട്ടും സംഘാടകര്‍ വിടുന്നില്ല. കാര്‍കൊണ്ടുവരാം എന്നൊക്കെ അവര്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ അദ്ദേഹം പറഞ്ഞു. പുനത്തില്‍ സ്ഥലത്തുണ്ട് ഞാന്‍ അദ്ദേഹത്തോട് പറയാം. കുറച്ചുപൈസ അദ്ദേഹത്തിന് കൊടുക്കണം. 500രൂപാ കൊടുക്കാമെന്നവര്‍ പറഞ്ഞു. അദ്ദേഹത്തെ അപമാനിയ്ക്കുന്നതിനു തുല്യമാണിത്. ഇത്രയും വലിയ എഴുത്തുകാരന്‍ അദ്ദേഹം വായിക്കുന്ന സമയവും കളഞ്ഞിട്ടാണ് നിങ്ങളുടെ കൂടെ വരുന്നത്. അപ്പോള്‍ കക്കട്ടില്‍ പറഞ്ഞുവത്രെ. വേറെ ഒരു സഹൃത്തുണ്ട്. കാവ്യാമാധവന്‍ പക്ഷെ അവര്‍ക്ക് 25000 രൂപയെങ്കിലും കൊടുക്കണം. അതവര്‍ക്ക് സമ്മതമാണ്. അപ്പോള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് 500 ഉം കാവ്യാമാധവന് 25000 ഉം. ഇതാണ് അവസ്ഥ.

കവിയായ മുരുകന്‍ കാട്ടാക്കട സിനിമാപ്പാട്ടെഴുത്തുകാരനായി മാറുന്നു?

സിനിമയില്‍ പാട്ടെഴുതാന്‍ വലിയ ഇഷ്ടമാണ്. ആരോടെങ്കിലും ഇങ്ങനെ ചോദിച്ചാല്‍ ഏയ് അങ്ങനെയൊന്നുമില്ലെന്നുപറയുന്നവരുണ്ട്. എനിക്ക് ഭയങ്കരയിഷ്ടമാണ്. ജനകീയമായി സംവദിയ്ക്കുന്ന മാധ്യമമാണ് സിനിമ. ലോഹിതദാസിനെ പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. അറിയാം മുരുകന്‍ കാട്ടാക്കടയല്ലേ. ഞാന്‍ പറഞ്ഞു ഒരു ദിവസം താങ്കളെ കാണാന്‍ വരുന്നുണ്ട്. പോകാന്‍ കഴിഞ്ഞില്ല സംസാരിയ്ക്കാനുമായില്ല. മണിയന്‍പിള്ളരാജുസാര്‍ വിളിച്ചുപറഞ്ഞു ഞാന്‍ ഒരു സിനിമയെടുക്കുന്നുണ്ട് അതില്‍ പാട്ടെഴുതുന്നത് നിങ്ങളാണ് എനിക്ക് വലിയ സന്തോഷം. ടി കെ രാജീവ്കുമാര്‍ സാറുണ്ട്. എല്ലാവരുമുണ്ട് ഒരു കവിയെന്ന നിലയില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടാണ് അവര്‍ എന്നെ വിളിച്ചത്. എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു തന്നിട്ടുണ്ട്. എന്നാല്‍ സിറ്റുവേഷന്‍ അനുസരിച്ചല്ലേ എഴുതാന്‍ പറ്റൂ. ശ്രീനിവാസനെപ്പോലുള്ള എല്ലാ പ്രതിഭകളുമുണ്ട്. അതില്‍ 'പാടാന്‍ നിനക്കൊരു പാട്ടുതന്നെങ്കിലും പാടാത്തതെന്തേ നീ സന്ധ്യ'............... പ്രണയത്തിന്റെ കമ്യൂണിക്കേഷനുള്ളൊരു പാട്ടാണിത്. പിന്നെ ബാല്യത്തെക്കുറിച്ച് മാവിന്‍ച്ചോട്ടില്‍‍.......എന്ന് തുടങ്ങുന്ന പാട്ട്. ആളുകള്‍ വളരെപെട്ടന്ന് ഈ പാട്ടുകള്‍ രണ്ടും സ്വീകരിച്ചു.

പുതിയ ചില ഓഫറുകളുണ്ടായിരുന്നു. എന്നാല്‍ അതില്‍ കാതലാ എന്ന വാക്കൊക്കെ വേണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാനതുവേണ്ടെന്നു വെച്ചു. ചട്ടമ്പിനാട് എന്ന സിനിമയ്ക്കുവേണ്ടി 'ഒരു കഥപറയാം' എന്നുതുടങ്ങുന്ന ടൈറ്റില്‍സോംഗെഴുതി. ഡോ. സി ജെ കുട്ടപ്പനാണ് അത് പാടിയത്. പറയാന്‍ മറന്നത് എന്ന സിനിമയില്‍ ഒരു കവിതയെഴുതി ചൊല്ലി. അമിതമായ രീതിയില്‍ സിനിമയില്‍ സജീവമായി നിന്നുകൊണ്ട് തൊഴില്‍ നഷ്ടപ്പെടുത്തുക എന്ന ചിന്തയൊന്നുമെനിക്കില്ല. നല്ല പ്രോജക്ട് വരുകയാണെങ്കില്‍ മലയാളത്തില്‍ എന്റേതായ നല്ല പാട്ടുണ്ടാകണമെന്ന ആഗ്രഹമുണ്ട്.

കവി എന്ന നിലയിലെ സംതൃപ്തി പാട്ടെഴുതുമ്പോള്‍ കിട്ടുന്നുണ്ടോ? രണ്ടിനെയും ഒരുമിച്ചു കൊണ്ടുപോകും..?!

രണ്ടിനേയും രണ്ടായി കണ്ടാല്‍മതി. ഒ എന്‍ വി സാറിനെ അക്കാര്യത്തില്‍ സമ്മതിക്കണം. നമ്മള്‍ പാട്ടെഴുത്തുകാരനെന്ന് നിലയില്‍തന്നെ കൃത്യമായി അടയാളപ്പെടുത്തിയപ്പോള്‍ മറുഭാഗത്ത് കവിയെന്ന നിലയില്‍ശക്തമായി നിലകൊണ്ടു. സിനിമയില്‍ പാട്ടെഴുതുന്ന സമയത്തുതന്നെ ഗാംഭീര്യമുള്ള കവിതകളും അദ്ദേഹത്തില്‍നിന്നുണ്ടായി. ഇതൊക്കെ എല്ലാവര്‍ക്കും ചെയ്യാന്‍കഴിയുന്ന കാര്യമല്ല. അങ്ങനെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഒന്നുകില്‍ വെറും പാട്ടെഴുത്തുകാരനായോ അല്ലെങ്കില്‍ കവിതയെഴുതുന്ന കവിയായി മാത്രമേ നില്ക്കാന്‍ പറ്റൂ. ഉദാ: കൈതപ്രം മനോഹരമായി കവിതയെഴുതുന്ന ആളാണ്. പക്ഷെ അദ്ദേഹത്തിനതു കഴിയുന്നില്ല. പാട്ടെഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതുകൊണ്ടാണ്. ഇതുരണ്ടും പൊരുത്തപ്പെടുത്തികൊണ്ടുപോകാനുള്ള ശ്രമമാണ് ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

രണ്ടുമൊരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കാതെ വന്നാല്‍?

സംശയം വേണ്ട. നിശ്ചയമായും ഞാന്‍ കവിതയോടൊപ്പം നില്‍ക്കും.

*
കടപ്പാട്: യുവധാര ആഗസ്റ്റ് 2010 ലക്കം.

3 comments:

വര്‍ക്കേഴ്സ് ഫോറം said...

പേട്ടയിലാണെന്നുതോന്നുന്നു. പു ക സാ സംഘടിപ്പിച്ച യോഗത്തില്‍ ഞാന്‍ കവിത ചൊല്ലുന്ന സമയത്ത് കുറേ മത്സ്യതൊഴിലാളി അമ്മമാരും കച്ചവടക്കാരും നാട്ടുകാരുമൊക്കെ അവിടെയുണ്ട്. ഞാന്‍ കവിത ചൊല്ലുന്നസമയത്ത് ശ്രദ്ധിച്ച ഒരു കാര്യം മീന്‍ വില്ക്കുന്ന അമ്മമാര്‍ കവിത ശ്രദ്ധിയ്ക്കുന്നുണ്ട്. അവരുടെ മുഖത്ത് ഒരു ചെമ്പരുത്തിപൂവ് വിരിയുന്നുമുണ്ട്. അത് കേരളത്തിലെ ഏത് കവിയ്ക്കുകിട്ടും. ഈ ബഹളങ്ങളുടെയിടയില്‍നിന്നും കവിത ആസ്വദിയ്ക്കുന്ന ഈ മീന്‍കാരി അമ്മയ്ക്ക് കവിതയുടെ രസം പകര്‍ന്നുകൊടുക്കുന്നത് മഹാ അപരാധമാണെന്നു പറയുന്നതാണ് ചാതുര്‍വണ്യം. എനിക്ക് കവിത ചൊല്ലാനുള്ള ഊര്‍ജ്ജം തന്നുകൊണ്ടിരിക്കുന്നത് ഈ അമ്മമാരുടെ മുഖമാണ്. കവിത വിളിച്ചുപറയാനുമുള്ളതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒളിച്ചുവെയ്ക്കാനുള്ളതാണെന്ന് വിചാരിക്കുന്നവരുമുണ്ട്. ബുദ്ധിജീവികള്‍ക്കുമാത്രം മനസ്സിലാക്കുന്ന കവിതയും വരട്ടെ. എന്നാല്‍ സാധാരണക്കാരനോട് സംവദിയ്ക്കുന്ന 'പൊട്ടിയ താലിച്ചരടുകളെക്കുറിച്ച്........... പൊട്ടാമദ്യകുപ്പികളെക്കുറിച്ച്.... പലിശപ്പട്ടിണിപടികയറുമ്പോള്‍ പിറകിലെ മാവില്‍കാണുന്ന കയറുകളെക്കുറിച്ച്' ഉറക്കെയൊന്നുവിളിച്ചുപറഞ്ഞ് പോകുന്നു എന്നതുകൊണ്ട് മലയാളകവിതകളുടെ ചാരിത്ര്യം നഷ്ടമായിപ്പോകുകയാണെങ്കില്‍ അതങ്ങ് നഷ്ടപ്പെട്ടുപോകട്ടെയെന്ന് വിചാരിക്കുന്നയാളാണു ഞാന്‍.
മുരുകന്‍ കാട്ടാക്കടയുമായി എം സ്വരാജ് നടത്തിയ അഭിമുഖം

ശ്രീജിത് കൊണ്ടോട്ടി. said...

മുരുഗന്‍ കാട്ടാക്കട എന്ന കവിയുടെ മിക്ക കവിതകളും സാമൂഹ്യ പ്രസക്തങ്ങള്‍ ആണ്. ആലാപനവും വാക്കുകളുടെ തീവ്രവായ അര്‍ത്ഥതലങ്ങളും അദ്ധേഹത്തിന്റെ കവിതകള്‍ക്ക്‌ വായനക്കാരെക്കള്‍ അധികം കേള്‍വിക്കാരെയാണ് സൃഷ്ട്ടിക്കുന്നത്!!

Sabu Hariharan said...

കേൾക്കുവാൻ താത്പര്യമുള്ളവർ കേൾക്കട്ടേ.

എല്ലാവരും എഴുതട്ടെ.
മലയാളം ഭാഷയ്ക്ക് ഗുണമാകട്ടേ നല്ല രചനകൾ