അര്‍ജുന്‍സെന്‍ ഗുപ്ത ഞായറാഴ്ച കഥാവശേഷനായി. അക്കാഡമിഷ്യന്‍, നയതന്ത്രജ്ഞന്, പാര്ലമെന്റേറിയന് തുടങ്ങി പല വിശേഷണങ്ങളും അദ്ദേഹത്തിനു ഇണങ്ങൂം. അതെക്കുറിച്ചെല്ലാം അദ്ദേഹം സരസമായി എഴുതിയിട്ടമുണ്ട്. അദ്ദേഹത്തെ അടുത്തറിയാന്‍ എനിക്ക് കഴിഞ്ഞത് 2004 മുതലുള്ള ആറ് ഏഴു വര്‍ഷങ്ങളിലാണ്.
അസംഘടിതമേഖലയിലെ സംരംഭങ്ങള്‍ക്കുവേണ്ടി പുതുതായി രൂപീകരിച്ച ദേശീയ കമ്മിഷന്റെ അധ്യക്ഷനായി പ്രധാനമന്ത്രി അദ്ദേഹത്തെ നിയോഗിച്ചു. കമ്മിറ്റിയിലെ ഒരു പൂര്‍ണസമയ അംഗമായി ഗവൺമെന്റ് എന്നെ നാമനിര്‍ദേശം ചെയ്യുകയും 2004 അവസാനത്തോടെ ഞാന്‍ അത് ഏറ്റെടുക്കുകയും ചെയ്തു. കമ്മിഷനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരിക്കല്‍ അദ്ദേഹം പ്രമുഖരായ ചില സുഹൃത്തുക്കള്‍ പറഞ്ഞ ഒരു കാര്യം അനുസ്മരിക്കുകയുണ്ടായി. 'വേശ്യകളുടെയും യാചകരുടെയും എന്തും വാണിഭം ചെയ്യുന്നവരുടെയും' കാര്യങ്ങള്‍ നോക്കാനുള്ള ഒരു കമ്മിഷന്റെ തലവനായാണ് അവര്‍ തന്നെ വിശേഷിപ്പിച്ചതെന്നായിരുന്നു
അദ്ദേഹം പറഞ്ഞത്. എത്ര ശരി? കാരണം ഇന്ത്യയുടെ 4570 ലക്ഷം വരുന്ന (2005 ല്‍) തൊഴില്‍ശക്തിയുടെ 92 ശതമാനവും ഒരു തരത്തിലുള്ള തൊഴില്‍ സുരക്ഷിതത്വമോ സാമൂഹ്യ സുരക്ഷയോ ഇല്ലാത്ത അനൗപചാരിക തൊഴിലാളികളാണെന്ന് ഞങ്ങള്‍ പിന്നിട് കണ്ടെത്തി. അവരില്‍ 80 ശതമാനവും ദരിദ്രരവും ആലംബഹീനവുമായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് പ്രതിദിനം 20 രൂപയില്‍ കൂടുതല്‍ ലഭിക്കാത്തവരാണിവര്‍. ഈ ഒറ്റ സ്ഥിതിവിവര കണക്കാണ് പൊതുജനങ്ങളുടെ മനസ് പിടിച്ചടക്കിയത്. ഇന്ത്യയുടെ തിളങ്ങുന്ന വളര്‍ച്ചാപാതയുടെ അര്‍ഥത്തെ കുറിച്ച് പാര്‍ലമെന്റിനകത്തും പുറത്തും ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഈ ഒറ്റ സ്ഥിതിവിവര കണക്കിന് പിന്നില്‍ ആം ആദ്മിയുടെയും അവരുടെ ജീവിതസമരങ്ങളുടെയും നിലപാടില്‍ നിന്ന് ഇന്ത്യയുടെ വ്യാപകമായ അനൗപചാരിക സമ്പദ്ഘടനയെ ലോകത്തിനു മുമ്പില്‍ തുറന്നുകാണിക്കാനുള്ള വിശദവും സൂക്ഷ്മവുമായ വമ്പിച്ച യത്നവുമുണ്ടായിരുന്നു. വിപുലമായ ഈ ജോലിക്ക് അര്‍ജുന്‍സെന്‍ ഗുപ്ത മഹത്തായ ബൗദ്ധിക-സംഘടനാ നേതൃത്വം നല്കി. കമ്മിഷന് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി പത്തു പ്രധാന റിപ്പോര്‍ട്ടുകള്‍ക്ക് രൂപം നല്കി. ''ഇന്ത്യയില്‍ തൊഴിലിന്റെ വെല്ലുവിളി: ഒരു അനൗപചാരിക സമ്പദ്ഘടനാപരിപ്രേഷ്യം'' എന്ന ശീര്‍ഷകത്തിലുള്ള അവസാനത്തെ സംക്ഷിപ്ത റിപ്പോര്‍ട്ടും ഇവയില്‍ ഉള്‍പ്പെടും.
അദ്ദേഹത്തോടൊത്ത് ദിവസവും പ്രവര്‍ത്തിക്കുമ്പോള്‍ നിഗമനങ്ങള്‍ അന്തിമമായി അംഗീകരിക്കുന്നതിനു മുമ്പ് ഞങ്ങളുടെ വിശകലനത്തെ ഓരോ ഘട്ടത്തിലും നിശിതമായി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അക്കാദമിക് പ്രാവീണ്യം പുറത്തുവരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു. ഞങ്ങള്‍ ശരിയായ പാതയിലാണെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി അദ്ദേഹം പലപ്പോഴും “ചെകുത്താന്റെ വക്കീലാ”വുന്നതും കാണാമായിരുന്നു. നിഗമനങ്ങള്‍ക്ക് അന്തിമരൂപം നല്കികഴിഞ്ഞാല്, തന്റെ സ്വതസിദ്ധമായ അനുനയശൈലിയില് പരസ്യമായി അവരെ ന്യായീകരിക്കുന്നതിന് അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായിരുന്നില്ല. എന്നാല്‍ കമ്മിഷനകത്ത് ഒരു അക്കാദമിക്കിന്റെ പങ്കുകൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടില്ല.
അതുല്യനായ ഒരു നയരൂപീകരണവിദഗ്ധനായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നതിനായി നയപരമായ പ്രത്യേക നിര്േദശങ്ങള്ക്കുവേണ്ടി അദ്ദേഹം വാദിക്കും. അതേസമയം, ഞങ്ങള്‍ക്ക് നല്കിയ പരിഗണനാ വിഷയങ്ങള്ക്കിണങ്ങുന്നവയാണ് നയപരമായ നിര്‍ദേശങ്ങളെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ''ഉദ്ധാരണത്തിന്റെ തന്ത്രം'' എന്ന് ഞങ്ങള്‍ വിശേഷിപ്പിച്ച നയപരമായ ഒരു ചട്ടക്കൂടിന് അങ്ങനെയാണ് ഞങ്ങള്‍ രൂപം നല്‍കിയത്. സാമൂഹ്യ സുരക്ഷ, ദേശീയ മിനിമം വേതനം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി പണിയെടുക്കുന്ന പാവപ്പെട്ടവര്‍ക്കായി ''സാമൂഹ്യ അടിത്തറ'' സൃഷ്ടിക്കുന്ന മൗലിക പ്രശ്നങ്ങള്‍ ഇത് കൈകാര്യം ചെയ്തു. നിലവിലുള്ള വളരെയേറെ വ്യവസായ സംഘങ്ങളെ വികസിപ്പിക്കുകയും പിന്നീട് അവയെ വളര്‍ച്ചയുടെ ധ്രുവങ്ങളാക്കി മാറ്റുകയും ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുകൊണ്ട് ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
ചെറുകിട നാമമാത്ര കൃഷിക്കാരുടെ ദുരിത സ്ഥിതിയും കമ്മീഷന് പരിശോധിച്ചു കൃഷിക്കാരില്‍ 84 ശതമാനം വരുന്ന ഈ ജനവിഭാഗത്തില്‍ ശ്രദ്ധ ഊന്നുന്ന പ്രധാന പരിപാടികളോ പദ്ധതികളോ ഇല്ലെന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതം തോന്നി. കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകളില്‍ പകുതിയോളം ഇവരാണ്. ചെറുകിട ഉല്പാദകര്ക്ക് വൈദഗ്ധ്യ വികസനത്തിനും സാങ്കേതിക വിദ്യ ലഭ്യമാക്കാനുമുളള ദൗര്‍ലഭ്യതയാണ് കമ്മീഷന് പരിഗണിച്ച മറ്റൊരു വിഷയം. വായ്പാ ലഭ്യത കുറവാണ് മറ്റൊരു പ്രശ്നം. മൊത്ത ബാങ്ക് വായ്പയില്‍ ചെറുകിട മേഖലയ്ക്കുള്ള വിഹിതം കുറഞ്ഞുവരുന്നത് വലിയ ഉത്ക്കണ്ഠക്ക് ഇടനല്കുന്നുണ്ട്. ഇതെല്ലാം മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്കാന് സഹായിച്ചു. ദേശീയ മിനിമം സാമൂഹ്യ സുരക്ഷ, അസംഘടിത മേഖലയ്ക്കുവേണ്ടിയുള്ള ഒരു ദേശീയ നിധി രൂപീകരിക്കല്‍, വൈദഗ്ധ്യ വികസനത്തിനായുള്ള സമിതി തുടങ്ങിയവ ഈ നിര്‍ദേശങ്ങളില്‍ ചിലവയാണ്.
അര്‍ജുന്‍സെന്‍ ഗുപ്തയുടെ സംഭാവനയും നേതൃത്വവും ഊന്നിപറയാനാണ് ഈ കാര്യങ്ങളെല്ലാം പരാമര്‍ശിച്ചത്. ചില ശുപാര്‍ശകള്‍ ഭാഗികമായി നടപ്പാക്കാന്‍ ഏറ്റെടുത്തെങ്കിലും കൂടുതല്‍ തുല്യതയോടും വിശാലാടിസ്ഥാനത്തിലുമുള്ള വളര്‍ച്ചാ പ്രക്രിയകള്‍ക്ക് സംഭാവന നല്കുന്ന മൊത്തത്തിലുള്ള യുക്തിസഹവും ഉദ്ഗ്രഥിതവുമായ സമീപനത്തിന്റെ അഭാവം ഞങ്ങളില്‍ പലരേയും എന്നതുപോലെ അദ്ദേഹത്തെയും നിരാശനാക്കി. നമ്മുടെ സമൂഹത്തിന്റെ ഘടനയില്‍ അനൗപചാരിക സമ്പദ്ഘടന നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സാമൂഹ്യമായ മാനമുണ്ടെന്ന ഒട്ടും സന്തോഷകരമല്ലാത്ത കണ്ടെത്തലുകളിലേക്ക് ഞങ്ങളുടെ പ്രവര്‍ത്തനം നയിച്ചതാണ് ഇതിന്റെ കാരണം.
അര്‍ജുന്‍സെന്‍ ഗുപ്ത അദ്ദേഹത്തിന്റെ സേവനത്തിന്റെ നല്ലൊരു പങ്ക് ധനകാര്യം, വ്യാപാരം, വാണിജ്യം, നയതന്ത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവണ്മെന്റിനെ ഉപദേശിക്കാനാണ് ചെലവഴിച്ചത്. എങ്കിലും അവസാനകാലത്തും മനുഷ്യാവകാശങ്ങളുടെ രംഗത്തെ പ്രവര്‍ത്തനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള യു എന്‍ കമ്മീഷന്റെ വിദഗ്ധാംഗം എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധേയമായ സംഭാവന നല്കി. വികസനത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ഒട്ടനവധി പ്രബന്ധങ്ങള്‍ പുറത്തുവന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന ദശകത്തില്‍ വികസനത്തിനുള്ള അവകാശത്തിന്റെ വക്താവായിരുന്നു അദ്ദേഹം. വികസനത്തിനുള്ള അവകാശത്തിലുള്ള അദ്ദേഹത്തിന്റെ താല്പര്യവും നമ്മുടെ രാജ്യത്തെ അനൗപചാരിക സമ്പദ്ഘടനയുടെ വികസനത്തിനു വേണ്ടിയുളള തന്ത്രം ആവിഷ്കരിക്കുന്നതില്‍ കാണിച്ച താല്പര്യവും തമ്മില്‍ ഒരു ജൈവ ബന്ധം കാണാം.
വ്യക്തിപരമായ തലത്തില്‍ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ തികച്ചും ശ്രദ്ധേയമാണ്. പ്രശസ്തമായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും അറുപതുകളുടെ ആദ്യത്തില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലും പിന്നീട് 1971 വരെ ഡല്‍ഹി സ്കൂള്‍ ഓഫ് എക്കണോമിക്സിലും സേവനമനുഷ്ടിച്ചു. അവിടെ നിന്നാണ് ഇന്ത്യാ ഗവണ്മെന്റിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പോയത്. പി എന്‍ ഹക്സര്‍ തന്നെ പ്രലോഭിപ്പിച്ചുകൊണ്ട് പോവുകയായിരുന്നൂവെന്നാണ് ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴില്‍ സാമ്പത്തികോപദേഷ്ടാവായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഐ എം എഫില്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസിഡര്‍, ആസൂത്രണ കമ്മീഷന് മെമ്പര്‍ സെക്രട്ടറി തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. എന്നാല്‍ അക്കാദമിക് താല്പര്യം ഇടക്കാലത്ത് ഓക്സ്ഫോര്‍ഡിലും ഗവണ്മെന്റ് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തശേഷം ജെ എന്‍ യുവിലും അധ്യാപകനാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
2005 ഓഗസ്റ്റില്‍ അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ''ആം ആദ്മി'' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും മൂര്‍ത്തമായ നയപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനും താല്പര്യം കാണിച്ച ചുരുക്കം ചിലരില്‍ ഒരാളായതുകൊണ്ട് അര്‍ജുന്‍സെന്‍ ഗുപ്തയുടെ വേര്‍പാട് വലിയൊരു ശൂന്യതയാണ് എന്നില്‍ സൃഷ്ടിച്ചത്. ജയശ്രീയാണ് അദ്ദേഹത്തിന്റെ ഭാര്യ. മിട്ടു മകളും.
ഡോ. അര്‍ജുന്‍സെന്‍ ഗുപ്തയുടെ നിര്യാണത്തിൽ വർക്കേഴ്സ് ഫോറം അനുശോചനം രേഖപ്പെടുത്തുന്നു.
*****
കെ പി കണ്ണന്, കടപ്പാട് : ജനയുഗം
അധിക വായനയ്ക്ക് :
1. The humane economist
2. Economist Arjun Sengupta cremated
Tuesday, September 28, 2010
ക്രാന്തദര്‍ശിയായ അര്‍ജുന്‍സെന്‍ ഗുപ്ത
Subscribe to:
Post Comments (Atom)
1 comment:
ഡോ. അര്‍ജുന്‍സെന്‍ ഗുപ്തയുടെ നിര്യാണത്തില്‍ വര്‍ക്കേഴ്സ് ഫോറം അനുശോചനം രേഖപ്പെടുത്തുന്നു.
Post a Comment