Wednesday, November 3, 2010

ആരാണു ജനങ്ങളെ മണ്ടന്മാരാക്കുന്നത് ?

സദാ കള്ളംപറയുന്ന മാധ്യമങ്ങളെ തിരുത്താനെത്തിയവരാണ് കൌണ്ടര്‍മീഡിയ.ഇന്‍ എന്നാണ് ഖ്യാതി. പത്രമാധ്യമങ്ങളില്‍ പണികിട്ടാത്തവരും കിട്ടിയ ശേഷം 'പണി' കിട്ടിയവരുമായ 'വാര്‍ത്തറപ്പായി'മാരാണ് ഇവിടെ ഒഴിവുസമയവിനോദമെന്ന നിലയില്‍ മാധ്യമവിചാരം ചെയ്യുന്നത്. തങ്ങള്‍ എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന അതേ അധമ മാധ്യമസംസ്‌കാരത്തെ പിന്‍പറ്റിക്കൊണ്ടും ഏറെക്കുറെ സ്വാംശീകരിച്ചുകൊണ്ടുമാണ് ഇവര്‍ വാര്‍ത്ത ആഹരിക്കുകയും വിരേചിക്കുകയും ചെയ്യുന്നത്. ഡേറ്റയില്ലാതെ വാര്‍ത്തയെഴുതുക, വാര്‍ത്തയെന്ന ലേബലില്‍ കഥയെഴുതുക, കഥ നിലനിര്‍ത്താന്‍ കൃത്രിമമായി ഡേറ്റ സൃഷ്‌ടിക്കുക, ലഭ്യമായ ഡേറ്റ വളച്ചൊടിക്കുക തുടങ്ങിയ പണികളാണ് പത്രങ്ങള്‍ ചെയ്യുന്നതെന്നാണ് ഇവരുടെ അഭിപ്രായം. അതേ പണിതന്നെയാണ് തങ്ങളും ചെയ്യുന്നതെന്ന് മാത്രം ഇവര്‍ സമ്മതിച്ചുതരില്ല. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചാലിച്ച് ലേഖനങ്ങളെഴുതുകയും അത് പലയിടങ്ങളിലും പകര്‍ത്തിയൊട്ടിച്ച് സായൂജ്യമടയുകയുമാണ് സാര്‍ത്ഥവാഹകസംഘം.

"ദേശാഭിമാനീ, സഖാക്കളെ മണ്ടന്മാരാക്കല്ലേ..." എന്ന തലക്കെട്ടില്‍ സുദീപ് കെഎസ് എഴുതിയ ലേഖനമാണ് സിന്‍ഡിക്കേറ്റ് മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള ഇവരുടെ ഗംഭീരന്‍ ചുവടുവയ്പ്പ്. എസ്‌ഡിപിഐ, ബിജെപി എന്നീ വര്‍ഗ്ഗീയകക്ഷികള്‍ക്ക് ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് സിപിഎമ്മിന്റെ സഹായത്താലാണെന്ന് വായിക്കുന്നവര്‍ക്കു തോന്നണം എന്ന ലക്ഷ്യത്തോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്. ഇത്തരം സജസ്റ്റീവ് വാര്‍ത്തകളെ ലീഡാക്കിയാണ് മംഗളം മുതല്‍ മനോരമ വരെ പിടിച്ചുനില്‍ക്കുന്നതെന്ന് പുരപ്പുറത്തുകയറി വിളിച്ചുകൂവുന്ന ഇവര്‍ തന്നെവേണം ഇങ്ങനെ ചെയ്യാന്‍!

എസ്‌ഡിപിഐക്കും ബിജെപിക്കും മാത്രമല്ല, യുഡിഎഫിനും സിപിഎം വോട്ടുമറിച്ചുവെന്നും സുദീപ് ദിവാസ്വപ്‌നം കാണുന്നു. സുദീപിന്റെ താപ്പുപയോഗിച്ച് മരംകയറാന്‍ പരിശീലിക്കുന്ന നിഷ്‌പക്ഷമതികളെ മുട്ടിയിട്ട് ബ്ലോഗിലും ബസിലും ഫേസ്‌ബുക്കിലും ഓര്‍ക്കുട്ടിലുമൊന്നും വേറെയൊന്നും വായിക്കാന്‍ കിട്ടാത്ത അവസ്ഥ.

പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നിക്കുന്ന തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചില വാര്‍ഡുകളിലെയും ബ്ലോക്കുകളിലെയും കണക്കുകള്‍ ഉദ്ധരിച്ച് ഇവിടെയൊക്കെ സിപിഎമ്മും ഇടതുമുന്നണിയും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ഈ പ്രചരണം. മതത്തിനു രാഷ്‌ട്രീയത്തില്‍ ഇടപെടാമെന്നും അതവരുടെ ദൈവശാസ്‌ത്രപരമായ അവകാശമാണെന്നുമൊക്കെയുള്ള യുഡിഎഫ് വായ്‌ത്താരിയോ, ആരുടെയും വോട്ട് വേണ്ടെന്ന് ഞങ്ങള്‍ പറയില്ല എന്ന വിശാലാര്‍ത്ഥത്തിലുള്ള പ്രസ്‌താവനകളോ, വല്ലച്ചിറയിലും, പുത്തിഗൈയിലും, കണ്ണാടിയിലും, പുതുശ്ശേരിയിലും, ഇടുക്കിയിലെ ചില ഭാഗങ്ങളിലും ഒക്കെ നടന്നതും കേരളത്തിലെ പല വാര്‍ഡുകളിലും ആവര്‍ത്തിച്ചതും ആയ കോ ലീ ബീ പരീക്ഷണങ്ങളെപ്പറ്റിയോ, ആപ്പിള്‍-മാങ്ങ ഫലിതങ്ങളെപ്പറ്റിയോ, പൌരമുന്നണി ഇടപാടുകളെപ്പറ്റിയോ ഒന്നും ഈ ലേഖനം ഒന്നും പറയുന്നില്ല. ഓരോ കക്ഷിയോടും ഇടതുപക്ഷവും വലതുപക്ഷവും എടുത്തിട്ടുള്ള നിലപാടുകളെപ്പറ്റിയും ഇതിനൊന്നും പറയാനില്ല. ആകെ ഉള്ളത് ചില കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള വിഷലിപ്‌തമായ സൂചനകളും മാത്രം.

കേരളത്തില്‍ അങ്ങോളമിങ്ങോളം ബിജെപി, എസ്‌ഡിപിഐ (പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയപാര്‍ട്ടി) എന്നീ കക്ഷികളുമായി യുഡിഎഫ് ഒളിഞ്ഞും തെളിഞ്ഞുമുണ്ടാക്കിയ അപകടകരമായ സഖ്യങ്ങളും ഒത്തുകളികളും തെരഞ്ഞെടുപ്പിനു ശേഷമുള്ള വിശദമായ വിശകലനത്തില്‍ കൂടുതല്‍ വ്യക്തമാകും എന്നറിയാവുന്നവര്‍ ഒരു പ്രീഎം‌പ്റ്റീവ് സ്‌ട്രൈക്ക് എന്ന നിലയിലാണ് ചെറി പിക്ക് ചെയ്‌ത ഈ കണക്കുകള്‍ പുറത്ത് വിട്ടിട്ടുള്ളത് എന്ന് സംശയം തോന്നിപ്പിക്കുംവിധമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് മുതല്‍ തന്നെ ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ഡുകളിലെയും ബ്ലോക്കുകളിലെയും പഴയകാല ചരിത്രം പരിശോധിക്കുന്നതിലൂടെ ഈ പ്രചരണത്തിന്റെ പൊള്ളത്തരം വെളിവാകുന്നുണ്ട്. ഇടതുപക്ഷത്തിനു തദ്ദേശതെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച വിജയം ലഭിച്ച 2005ല്‍ ഈ ലേഖനത്തില്‍ പറയുന്ന ഇടങ്ങളില്‍ ലഭിച്ച വോട്ടും ആരൊക്കെയായിരുന്നു അന്ന് മത്സരിച്ചിരുന്നത്, അവരില്‍ ചിലര്‍ ഇന്ന് ഏത് പക്ഷത്താണ് എന്നൊക്കെ പരിശോധിക്കാം.

1. ബിജെപി ജയിച്ച വാര്‍ഡുകള്‍

പാലക്കാട് ജില്ല

പാലക്കാട്ടെ പട്ടിക്കര, ശ്രീരാമപാളയം, വടക്കന്തറ, വടക്കന്തറ ഈസ്റ്റ്‌ , മേലാമുറി എന്നിവിടങ്ങളിലെ കണക്ക് നോക്കാം. ബി.ജെ.പിക്ക് വേണ്ടി ഇടതുപക്ഷം വോട്ടുമറിച്ചു എന്ന് ആരോപിക്കപ്പെടുന്ന ഇടങ്ങള്‍.

പട്ടിക്കര

ഇടതുപക്ഷത്തിന് തീരെ സ്വാധീനമില്ലാത്ത ഇവിടെ നിന്ന് കഴിഞ്ഞ തവണയും ജയിച്ചത് ബിജെപി തന്നെയായിരുന്നു. ഇടതുമുന്നണിക്ക് വേണ്ടി കഴിഞ്ഞ തവണ ഈ വാര്‍ഡില്‍ മത്സരിച്ചത് ഡിഐസി ആയിരുന്നു. ഡിഐസി ഇത്തവണ നില്‍ക്കുന്നത് യുഡിഎഫ് പക്ഷത്താണ്. സ്വാഭാവികമായും ഇടതുപക്ഷത്തിനു ഇന്നത്തെ നിലയില്‍ വോട്ട് കുറയുമെന്നത് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല.

ശ്രീരാമപാളയം

കഴിഞ്ഞ തവണ ബിജെപി ജയിച്ച വാര്‍ഡ്. ഇടതുപക്ഷത്തിനു സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. കഴിഞ്ഞ തവണ 900 വോട്ട് നേടിയ ബിജെപി ഇത്തവണ 600ല്പരം വോട്ടുകളില്‍ ഒതുങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ 300 വോട്ട് ബിജെപിക്ക് കുറഞ്ഞ ഇവിടെയും വോട്ട് മറിച്ചെന്ന് പറയണമെങ്കില്‍ സാമാന്യത്തില്‍ കുറഞ്ഞ വിവരദോഷം വേണ്ടിവരും.

വടക്കന്തറ

കഴിഞ്ഞ തവണയും ബിജെപി ജയിച്ച വാര്‍ഡ്. ഇത്തവണയും ബിജെപി തന്നെ ജയിച്ചിരിക്കുന്നു. കഴിഞ്ഞ തവണയും ഇത്തവണയും യുഡിഎഫിനും വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രം.

വടക്കന്തറ ഈസ്റ്റ്

കഴിഞ്ഞ തവണയും ബിജെപി ജയിച്ചിരുന്ന വാര്‍ഡ്. ഇത്തവണ അവര്‍ക്ക് 56 വോട്ട് ഇവിടെ കുറഞ്ഞിട്ടുണ്ട്.

മേലാമുറി

കഴിഞ്ഞ തവണയും ബിജെപി വന്‍ ഭൂരിപക്ഷത്തിനു ജയിച്ച വാര്‍ഡ്. സ്വതന്ത്രന്മാരായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസിനാണ് ഈ മണ്ഡലത്തില്‍ വോട്ട് കൂടി എന്നു പറയാവുന്നത്. അതും ബിജെപിക്ക് ഇടതുപക്ഷം വോട്ട് മറിച്ചതിനാല്‍ ആയിരിക്കുമോ?

ഇനി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലേക്ക് വരാം

ശ്രീരാമകൃഷ്ണാശ്രമം

എല്‍ഡിഎഫ് ജയിച്ചിരുന്ന മണ്ഡലം. കഴിഞ്ഞ തവണ ബിജെപി നേടിയത് 216 ഉം ഇത്തവണ 269 ഉം വോട്ടുകള്‍. കോണ്‍ഗ്രസ് 58ല്‍ നിന്ന് 234ലേക്ക് എത്തിയിരിക്കുന്നു. ഡിഐസിക്കും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനും സ്വാധീനമുള്ള മേഖല. അവര്‍ ഇപ്പോള്‍ യുഡിഎഫില്‍.

ശ്രീവല്ലഭ

കഴിഞ്ഞ തവണയും ബിജെപി വന്‍ ഭൂരിപക്ഷത്തിനു ജയിച്ച വാര്‍ഡ്. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയും ഒരു സ്വതന്ത്രനും മാത്രം മത്സരരംഗത്ത്. ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന വാര്‍ഡാണിത്.

മതില്‍ഭാഗം

ബിജെപി നല്ല ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ ജയിച്ച മറ്റൊരു വാര്‍ഡ്. ഇത്തവണ അവര്‍ക്ക് 41 വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിനു 154 വോട്ട് കൂടി. ഇടതുപക്ഷത്തിനു കൂട്ടത്തിലെ കക്ഷികള്‍ വിട്ടുപോയിട്ടും കുറഞ്ഞത് 66 വോട്ട് മാത്രം. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ഒന്ന്.

അഴിയിടത്ത് ചിറ

കഴിഞ്ഞ തവണ ഇടതുപക്ഷം 3 വോട്ടിനു ജയിച്ച വാര്‍ഡ്. കോണ്‍ഗ്രസിനു കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. അത്തവണ നിന്ന സ്വതന്ത്രന്‍ പിടിച്ച 90 വോട്ട് യുഡിഎഫിന്റേതാണെങ്കില്‍ ഇത്തവണ ഇവിടെ അവര്‍ക്ക് 210 വോട്ട് കിട്ടിയിട്ടുണ്ട്. ഇടതുപക്ഷമുന്നണിയില്‍ നിന്ന് യുഡിഎഫിലേക്ക് ഡിഐസി വന്നതിന്റെ ഇഫക്ട്. ഇടതുപക്ഷത്തിനു കുറഞ്ഞത് ഡിഐസി മുഖേനയും മറ്റും യുഡിഎഫിനു ലഭിച്ച വോട്ടുകള്‍.

പത്തനംതിട്ടയിലേക്ക് വരാം

കൊടുംതറ

കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച മണ്ഡലം. ഇത്തവണ ബിജെപി. കഴിഞ്ഞ തവണ 167 വോട്ട് പിടിച്ച സ്വതന്ത്രന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കണക്കാക്കിയാല്‍ ഇടതുപക്ഷത്തിനു വോട്ട് നഷ്ടം 30നടുത്ത്. അല്ലെങ്കില്‍ ഇടത് സ്വതന്ത്രന്‍ ഇത്തവണ 132 വോട്ട് നേടിയിരിക്കുന്നു. ബിജെപിക്ക് കൂടിയത് ഏതാണ്ട് 190നടുത്ത് വോട്ട്. ഇടതുപക്ഷത്തു നിന്നല്ല ഈ വോട്ടെന്ന് വ്യക്തം.

അഴൂര്‍

കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിച്ച വാര്‍ഡ്. ഇത്തവണ അവര്‍ക്ക് വന്ന നഷ്‌ടം 266 വോട്ടുകള്‍. ബിജെപിക്ക് നേട്ടം 181 വോട്ടുകള്‍. ഇടതുപക്ഷത്തിനു 115 വോട്ടുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൊത്തം പോള്‍ ചെയ്‌ത വോട്ടുകളില്‍ ഇത്തവണ കുറവ് കാണുന്ന ഒരു വാര്‍ഡ്.

കാസര്‍കോട് ജില്ലയിലെ കണക്കൊന്ന് നോക്കാം

കുമ്പള ബ്ലോക്ക്

കഴിഞ്ഞ തവണ യുഡിഎഫ് ആയിരത്തില്‍പരം വോട്ടുകള്‍ക്ക് ജയിച്ച ഇവിടെ ഇത്തവണ ബിജെപി ജയിച്ചു. യുഡിഎഫിനു കുറവ് വന്ന വോട്ട് 1200നടുത്ത്. ബിജെപി നേടിയത് 1400 വോട്ടിനടുത്ത്. ഇടതുപക്ഷത്തിനു കുറവ് വന്ന വോട്ട് ഏതാണ്ട് 400നടുത്ത്. ഡിഐസിക്ക് സ്വാധീനമുള്ള പ്രദേശമാണിതെന്ന് സമീപപ്രദേശങ്ങളില്‍ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിവിന്യാസം പരിശോധിച്ചാല്‍ വ്യക്തമാകുന്നുണ്ട്.

നീര്‍ച്ചാല്‍

കഴിഞ്ഞ തവണയും ബിജെപി തന്നെ ജയിച്ചിരുന്ന സ്ഥലം. ഇത്തവണ അവര്‍ക്ക് 413 വോട്ട് കുറഞ്ഞു. കോണ്‍ഗ്രസിനു നിസ്സാരമായ കുറവ് വന്ന ഇടം. പക്ഷേ, കഴിഞ്ഞ തവണ ഡിഐസി സ്ഥാനാര്‍ത്ഥിയായിരുന്നു ഇടതുപക്ഷത്തു നിന്ന് ഇവിടെ മത്സരിച്ചിരുന്നത്. ഏതാണ്ട് 500 വോട്ട് കുറഞ്ഞു ഡിഐസി പോയ ഇടതുപക്ഷത്തിന്. ആ വോട്ടത്രയും യുഡിഎഫ് പെട്ടിയില്‍ വീണിട്ടുമില്ല. എല്ലാവര്‍ക്കും വോട്ട് കുറഞ്ഞ ഈ ബ്ലോക്കിന്റെ കണക്കും ഇടതുപക്ഷം വോട്ടുമറിച്ചു എന്നതിനു തെളിവായി ഉയര്‍ത്തിക്കാട്ടുന്ന വിദ്യ ഗംഭീരം തന്നെ അല്ലേ?

രാംദാസ് നഗര്‍

കഴിഞ്ഞ തവണ ബിജെപി ഏതാണ്ട് 4800 വോട്ടുകള്‍ക്ക് ജയിച്ച ഇടം. ഇത്തവണയും അവര്‍ അത്ര തന്നെ വോട്ടുകള്‍ക്ക് ജയിച്ചിരിക്കുന്നു. കഴിഞ്ഞ തവണയും ഇടതുപക്ഷം മൂന്നാം സ്ഥാനത്തു തന്നെ ആയിരുന്നു. എല്ലാവര്‍ക്കും വോട്ട് കുറഞ്ഞ മറ്റൊരു ഇടം. ഇതും ഇടതുപക്ഷത്തിനെതിരായ പ്രചരണത്തിനുപയോഗിക്കപ്പെടുന്നു.

ഒളിയതടുക്ക

കഴിഞ്ഞ തവണ ഏതാണ്ട് 1000 വോട്ടുകള്‍ക്ക് ബിജെപി ജയിച്ച സ്ഥലം. ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ ബിജെപി 168 വോട്ടുകള്‍ക്ക് വിജയിച്ചു. ഇടതുപക്ഷം ഇത്തവണയും മൂന്നാം സ്ഥാനത്ത് തന്നെ.

കാസര്‍കോട് ജില്ലാപഞ്ചായത്ത്

കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ലഭിച്ച വോട്ട് നോക്കാം എന്ന പേരില്‍ അവര്‍ കൊടുത്തിരിക്കുന്ന ഡാറ്റയില്‍ കാര്യങ്ങള്‍ വ്യക്തമല്ല. ഒരു പക്ഷെ എത്രയും പെട്ടെന്ന് പുറത്തിറക്കേണ്ടതിന്റെ തിരക്കില്‍ വസ്‌തുതാപരമായ കാര്യങ്ങളും ക്രോസ് ചെക്ക് ചെയ്യാതിരുന്നതാവാം. EDANEER ആണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് ഇലക്ഷന്‍ കമീഷന്‍ വെബ് സൈറ്റ് വിശദമായി നോക്കിയതില്‍ നിന്ന് മനസ്സിലാകുന്നു. സ്ഥാനാര്‍ഥികളുടെ പേരുകള്‍ EDANEERല്‍ ആണ് കാണുന്നത്.

ഇവിടെ കഴിഞ്ഞതവണ 800നടുത്ത് വോട്ടുകള്‍ക്ക് യുഡിഎഫ് ജയിച്ച സ്ഥലം. അന്ന് ഇടതുപക്ഷത്തു നിന്ന് മത്സരിച്ചത് ഡിഐസി. ഇത്തവണ ഡിഐസി യുഡിഎഫിന്റെ കൂടെ. കഴിഞ്ഞ തവണത്തെ മൊത്തം വോട്ടും ഇത്തവണത്തെ മൊത്തം വോട്ടും തമ്മില്‍ വലിയ അന്തരം ഉള്ളതിനാല്‍ ആ രീതിയിലൊരു താരതമ്യം ശരിയാകുമെന്ന് തോന്നുന്നില്ല. എല്ലാവര്‍ക്കും നല്ല രീതിയില്‍ വോട്ടുകള്‍ ഇതുമൂലം വര്‍ദ്ധിച്ചിട്ടുണ്ട്. എങ്കിലും ഇത് ഇടതുപക്ഷത്തിനെതിരായി ഉപയോഗിക്കപ്പെടുന്നു.

കാരടുക്ക ബ്ലോക്ക്

അധൂര്‍

ഇത്തവണ ഇലക്ഷന്‍ കമ്മീഷന്റെ വെബ് സൈറ്റില്‍ അദൂരും അധൂരും കാണുന്നു. ലേഖനത്തില്‍ പരാമര്‍ശിക്കുന്നത് Adhur ആണെന്ന് ഇലക്ഷന്‍ കമ്മീഷന്റെ വെബ് സൈറ്റിലെ ഫലം പരിശോധിച്ചതില്‍ നിന്ന് മനസ്സിലാകുന്നു. ആ പേരില്‍ കഴിഞ്ഞ തവണ ഒന്നും കാണുന്നില്ലാത്തതിനാല്‍ താരതമ്യം സാധ്യമല്ല.

കുമ്പടാജെ

കഴിഞ്ഞ തവണയും ബിജെപി ജയിച്ച ഇടം. ഇടതുപക്ഷം 2005ല്‍‌പോലും മൂന്നാം സ്ഥാനത്തായിരുന്ന ഇടം. എല്ലാവര്‍ക്കും വോട്ട് കുറഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും അധികം കുറഞ്ഞത് ബിജെപിക്കും യുഡിഎഫിനും. ഇതും ഇടതുവിരുദ്ധപ്രചരണത്തിനുപയോഗിക്കപ്പെടുന്നു.

മൊവ്വാര്‍

കഴിഞ്ഞ തവണ ഈ പേരില്‍ ഒരു വാര്‍ഡോ ബ്ലോക്കോ കാണാത്തതിനാല്‍ താരതമ്യം സാധ്യമല്ല.

2. എസ്‌ഡിപിഐ ജയിച്ച വാര്‍ഡുകള്‍

ഇനി എസ്‌ഡിപിഐ ജയിച്ചുകയറിയ ഇടങ്ങളിലെ പാറ്റേണ്‍ നോക്കാം

കാസര്‍കോട് നഗരസഭ

കൊല്ലമ്പാടി

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഇടം. ഇടതുപക്ഷത്തിനു ഇവിടെ ഉള്ള സ്വാധീനം ഊഹിക്കാവുന്നതേ ഉള്ളൂ. ഇത്തവണത്തെ കുറഞ്ഞ വോട്ടും അത് തന്നെ സൂചിപ്പിക്കുന്നു. ബിജെപിക്കും സ്വാധീനമില്ലെന്ന് ലഭിച്ച വോട്ടില്‍ നിന്ന് മനസ്സിലാകുന്നു. എസ്‌ഡിപിഐക്ക് ലഭിച്ച വോട്ടിന് ഉത്തരം പറയേണ്ടത് മുസ്ലീം ലീഗാണ്.

കണ്ണൂര്‍ നഗരസഭ

കസാനക്കോട്ട സൌത്ത്

കഴിഞ്ഞ തവണ ഇടതുപക്ഷത്തു നിന്ന് ഐഎന്‍എല്‍ നേരിയ ഭൂരിപക്ഷത്തിന് മത്സരിച്ച് ജയിച്ച വാര്‍ഡാണിത്. ഐഎന്‍എല്‍ അന്ന് 560 വോട്ട് നേടിയിരുന്നു. ഇത്തവണ അവര്‍ യുഡിഎഫിനൊപ്പം പോയിട്ടും യുഡിഎഫിന്റെ വോട്ടില്‍ നാമമാത്രമായ വര്‍ദ്ധന മാത്രമേ വന്നിട്ടുള്ളൂ. ബാക്കി വോട്ട് എവിടെപ്പോയി എന്നതിന് ഉത്തരം പറയേണ്ടത് ഐഎന്‍എല്‍ ആണ്.

ഈ വാര്‍ഡിന് സമീപസ്ഥമായ വാര്‍ഡുകളില്‍ (ആറക്കല്‍, നീര്‍ച്ചാല്‍, മുഴത്തടം മുതലായവ) ലീഗ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതിന്റെ കണക്കുനോക്കിയാല്‍ ഈ പ്രദേശത്തെ രാഷ്‌ട്രീയത്തെക്കുറിച്ച് ഏകദേശധാരണകിട്ടും. എസ്‌ഡിപിഐ മത്സരിക്കാത്ത നീര്‍ച്ചാല്‍ വെസ്റ്റ് വാര്‍ഡിലെ റിസല്‍ട്ട് പ്രത്യേകം നോക്കുക. നീര്‍ച്ചാല്‍ വെസ്റ്റില്‍ കോണിചിഹ്നത്തില്‍ മത്സരിച്ച മുസ്ലീംലീഗിന്റെ പി താഹിറ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നേടിയത് 820 വോട്ട്. അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിച്ച സിപിഎമ്മിന്റെ സി പി ഖദീജയ്ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആകെ നേടാനായത് 69 വോട്ട്. ഇവിടെ എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥിയില്ല എന്ന് വീണ്ടും പറയട്ടെ. ഇതില്‍പ്പരം കാര്യങ്ങള്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

തൊടുപുഴ നഗരസഭ

കീരിക്കോട്

കഴിഞ്ഞ തവണ എല്‍ഡിഎഫ് പാനലില്‍ ഡിഐസി ജയിച്ച വാര്‍ഡാണിത്. ഇത്തവണ അവര്‍ യുഡിഎഫില്‍ ചേക്കേറിയിട്ടും യുഡിഎഫിന് 64 വോട്ട് കുറയുകയാണ് ചെയ്തിട്ടുള്ളത്. ഇടതുപക്ഷത്തിനു ലഭിച്ച 230 വോട്ട് ഇടതുപക്ഷത്തിനുള്ള വോട്ടാണ്. തങ്ങള്‍ക്ക് വോട്ട് കുറവു വന്നതിനും ഡിഐസി വോട്ട് എവിടെപ്പോയി എന്നതിനും ഉത്തരം പറയേണ്ടത് യുഡിഎഫ് ആണ്. ആ ഉത്തരത്തില്‍ എസ്‌ഡിപിഐക്ക് ലഭിച്ച വോട്ട് ആരുടേത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഉണ്ട്.

ഷൊറണൂര്‍ നഗരസഭ


മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ്

കഴിഞ്ഞ തവണ യുഡിഎഫ് 480 വോട്ട് നേടി ജയിച്ച ഇടം. ഇടതുപക്ഷത്തിനു ലഭിച്ച വോട്ട് 295. വിമതശല്യം, സഖ്യകക്ഷികളുടെ കൊഴിഞ്ഞ് പോക്ക് എന്നിവയാല്‍ ദുര്‍ബലരും അവശരുമായി എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ഇടതുപക്ഷത്തിനു ഇവിടെ ഉണ്ടായ വോട്ട് നഷ്ട്രം 121 മാത്രം. യുഡിഎഫിനു വന്ന നഷ്‌ടം 290! ഇടതുപക്ഷത്തു നിന്ന് കൊഴിഞ്ഞ കക്ഷികളെ കൂടെച്ചേര്‍ത്തത് കൂടെ കൂട്ടി വായിച്ചാല്‍ എസ്‌ഡിപിഐക്ക് കിട്ടിയ വോട്ട് എവിടെ നിന്ന് എന്ന് വ്യക്തമാകും.

വഞ്ചിനാട് ഡിവിഷന്‍ (വാഴക്കുളം ബ്ലോക്ക്)

ഇനി കൈവെട്ട് കേസിലെ പ്രതി മത്സരിച്ച വാര്‍ഡിന്റെ കാര്യം നോക്കാം. വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് ഡിവിഷനിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പ്രൊഫ. എ അനസ് തടവില്‍കിടന്നു മത്സരിച്ചുജയിച്ചത്. ദേശാഭിമാനി പ്രസിദ്ധീകരിച്ച ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം'നല്‍കുന്ന വാഴക്കുളം എന്ന ലേഖനത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഉണ്ട്.

കഴിഞ്ഞ തവണ വഞ്ചിനാട് എന്നൊരു ഡിവിഷന്‍ ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ കാണുന്നില്ല. അതിനാല്‍ അത്തരത്തിലുള്ള താരതമ്യം സാധ്യമല്ല. സമീപപ്രദേശങ്ങളായ ചെറുവേലിക്കുന്ന്, ഒട്ടിക്കല്‍, പള്ളിപ്പുറം തുടങ്ങിയ പല ഇടങ്ങളിലും കഴിഞ്ഞ പ്രാവശ്യം ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നത് ഡിഐസി ആയിരുന്നു. സ്വാഭാവികമായും സിപിഎമ്മിന് സ്വാധീനം കുറവുള്ള പ്രദേശമാണിതെന്ന് മനസ്സിലാക്കാം.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായ വാഴക്കുളം കുന്നത്തുനാട് നിയമസഭാ നിയോജകമണ്ഡലത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എംഎം മോനായി നിസ്സാരവോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുന്നത്തുനാട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന് സഹായമായതാവട്ടെ, കുന്നത്തുനാടിന്റെ തെക്കന്‍ മേഖലയായ തിരുവാനിയൂര്‍, ആയിക്കരനാട്, പൂത്രിക്ക, പുത്തന്‍കുരിശ് തുടങ്ങിയ പഞ്ചായത്തുകളാണ്.

1982 മുതല്‍ നാലുതവണ കുന്നത്തുനാട് മണ്ഡലത്തില്‍നിന്നും ജയിച്ചത്‌ കോണ്‍ഗ്രസിന്റെ അതികായനായ സാക്ഷാല്‍ ടി.എച്ച്. മുസ്‌തഫയാണ്. ഈ പറഞ്ഞ വാഴക്കുളത്തുതന്നെയാണ് അദ്ദേഹം താമസിക്കുന്നത്. കരുണാകരനെയും മകന്‍ മുരളീധരനെയും പിറകെ നടന്ന് കുറ്റംപറയുന്ന മുസ്‌തഫയെ തോല്‍പ്പിക്കുക എന്നത് കരുണാകരനെ പിന്തുണയ്ക്കുന്നവരുടെയും ആവശ്യമായിരുന്നു.

കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡിഐസി സഹായത്താല്‍ എല്‍ഡിഎഫ് ആണ് ഈ പഞ്ചായത്ത് പിടിച്ചത്. ഡിഐസിയിലെ ബാബു സെയ്താലി അവിടെ വൈസ് പ്രസിഡന്റും ആയിരുന്നു. ബാബു സെയ്താലി ഇത്തവണയും ജയിച്ചിട്ടുണ്ട്. വാഴക്കുളം പ്രദേശം ഒരിക്കലും എല്‍ഡിഎഫ് മേല്‍ക്കോയ്മയുള്ള സ്ഥലം അല്ല.

വാഴക്കുളം പഞ്ചായത്തിലെ ചെറുവേലിക്കുന്ന്, വഞ്ചിനാട്, മുടിക്കല്‍, പള്ളിപ്രം, പള്ളിക്കവല, മൗലൂദ്പുര എന്നീ വാര്‍ഡുകളും വെങ്ങോല പഞ്ചായത്തിലെ കണ്ടന്തറ, പാത്തിപ്പാലം വാര്‍ഡുകളും ചേര്‍ന്നതാണ് വഞ്ചിനാട് ഡിവിഷന്‍. വാര്‍ഡ് തലത്തില്‍ ലഭിച്ച വോട്ടുകള്‍ കൂട്ടിനോക്കിയാല്‍ എല്‍ഡിഎഫിന് 2829 വോട്ടു ലഭിച്ചിട്ടുണ്ട്. യുഡിഎഫിനാകട്ടെ, 4369 വോട്ടും. എസ്‌ഡിപിഐ രണ്ടുവാര്‍ഡുകളില്‍ മാത്രമേ മത്സരിച്ചിട്ടുള്ളൂ. അതില്‍ തന്നെ ഒരിടത്ത് തീരെ കുറവുവോട്ട് മാത്രമേ സമാഹരിച്ചിട്ടുള്ളൂ. മത്സരിച്ച രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുംകൂടെ എസ്‌ഡിപിഐ നേടിയത് 365 വോട്ടാണ്.

അതേ സമയം വഞ്ചിനാട് ബ്ലോക്ക് ഡിവിഷനില്‍ 3992 വോട്ടുപിടിക്കാന്‍ എസ്‌ഡിപിഐക്കായി. അതായത്, എസ്‌ഡിപിഐ മത്സരിക്കാത്ത ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍നിന്നും അവര്‍ക്ക് ബ്ലോക്ക് ഡിവിഷനിലേക്ക് വോട്ടുകിട്ടി. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ലഭിച്ച വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ യുഡിഎഫിന് ബ്ലോക്ക് ഡിവിഷനില്‍ 2280 വോട്ട് കുറവുവന്നു. 2089 വോട്ടാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിനാവട്ടെ, 1163 വോട്ടു നഷ്ടത്തില്‍ 1666 വോട്ടും ലഭിച്ചും. ഇവിടെ കോണ്‍ഗ്രസ് എസിന്റെ പ്രതിനിധിയായിരുന്നു എല്‍ഡിഎഫ് പാനലില്‍ ബ്ലോക്കിലേക്ക് മത്സരിച്ചത്.

ഈ ഡിവിഷനിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നാലിടത്തുമാത്രമെ സിപിഎം മത്സരിച്ചൂള്ളൂ. നാലിടത്തുംകൂടി കിട്ടിയത് 1606 വോട്ടാണ്. ഒരിടത്ത് കോണ്‍ഗ്രസ് എസും ബാക്കി മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരുമായിരുന്നു, എല്‍ഡിഎഫിനുവേണ്ടി അങ്കത്തിനിറങ്ങിയത്. ഈ നാലുവാര്‍ഡുകളില്‍ എല്‍ഡിഎഫ് 1223 വോട്ടുകള്‍ ഗ്രാമപഞ്ചായത്തിലേക്ക് സമാഹരിച്ചിട്ടുണ്ട്. അതില്‍ സിപിഎം വോട്ടുകളും പെടും. ആ വോട്ടുകള്‍ എല്‍ഡിഎഫ് പെട്ടിയില്‍ തന്നെ വീണതുകൊണ്ടാണ് ബ്ലോക്ക് ഡിവിഷനിലെ കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിക്ക് 1666 വോട്ടുലഭിച്ചത്. ചുരുക്കത്തില്‍ ഒറ്റയ്ക്കെടുത്താല്‍ സിപിഎമ്മിന് ഇവിടെ വോട്ടുചോര്‍ച്ച ഉണ്ടായിട്ടില്ല എന്ന് വ്യക്തമാണ്. എന്നാല്‍ എല്‍ഡിഎഫ് വോട്ട് ചോര്‍ന്നിട്ടുമുണ്ട്.

ഇവിടെ സംഭവിച്ചിരിക്കുന്നത്, അനസിനനുകൂലമായ ഒരു പ്രാദേശിക ചായ്‌വാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്കു മൂന്നുവോട്ടുള്ളതിനാല്‍ പൊതുവെ കഴിവുള്ളതോ അറിയപ്പെടുന്നതോ ആയ ഒരാള്‍ക്കു് "ഒരു വോട്ടെനിക്കു്, ബാക്കി രണ്ടും നിങ്ങളുടെ പാര്‍ട്ടിക്ക്" എന്നുപറഞ്ഞ് വോട്ടുപിടിക്കുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട്. ഉറച്ച രാഷ്ട്രീയബോധ്യമില്ലാത്തവരുടെയിടയില്‍ പെട്ടെന്ന് വിലപ്പോവുന്ന ഒരു അഭ്യര്‍ത്ഥനയാണിത്. അതിലൂടെ അവര്‍ കൂടുതല്‍ വോട്ടുനേടുകയും ജയിക്കുകയും ചെയ്യും. ഇതാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നു് മാത്രമേ പറയാന്‍ കഴിയൂ. ഈ കണക്ക് സൂചിപ്പിക്കുന്നത് എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥിയ്ക്ക് യു‍ഡിഎഫ്, എല്‍ഡിഎഫ് ഭേദമെന്യേ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട് എന്നു തന്നെയാണ്. എന്നാല്‍ സിപിഎം വോട്ടുകള്‍ നഷ്ടമായതായി പറയാനുമാവില്ല.

എങ്കിലും ഈ ഡിവിഷനിലെ ഫലം ഒരു സൂചന നല്‍കുന്നുണ്ട്. കേരളത്തില്‍ വര്‍ഗീയധ്രുവീകരണം ഉണ്ടാകുന്നത് ഇടതുപക്ഷത്തിന് പൊതുവില്‍ ക്ഷതമേല്‍പ്പിക്കുന്നു എന്നതാണത്. ഇവിടെ നടന്ന വര്‍ഗീയധ്രുവീകരണത്തിലൂടെ കൂടുതല്‍ വോട്ട് നഷ്ടമായത് യുഡിഎഫിനാണെങ്കിലും ഫലത്തില്‍ ഇടതുപക്ഷം മൂന്നാമതാവുകയും തീവ്രവലതുപക്ഷം വിജയംനേടുകയുമാണ് ചെയ്തിരിക്കുന്നത്. ഒന്നാംസ്ഥാനത്തും രണ്ടാംസ്ഥാനത്തും എത്തിയിരിക്കുന്നത് വലതുപക്ഷം തന്നെയാണ്. എസ്‌ഡിപിഐക്ക് കാര്യമായ ശേഷിയുള്ളതുകൊണ്ടാണ് അവര്‍ ഒറ്റയ്ക്കു മത്സരിച്ചത്. ശേഷികുറഞ്ഞ പലയിടങ്ങളിലും അവര്‍ യുഡിഎഫിനെ സഹായിക്കുകയായിരുന്നു എന്നതും കാണാതിരുന്നുകൂടാ.

ഉപസംഹാരം

മുകളിലെ വിശദീകരണങ്ങളില്‍ നിന്ന് വ്യക്തമാകുന്ന ചില കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. പരാമര്‍ശിക്കപ്പെടുന്ന മണ്ഡലങ്ങളൊക്കെ

  1. ഇടതുപക്ഷത്തിനു സ്വാധീനം കുറവുള്ളതോ രാഷ്ട്രീയ പരിതസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ മൂലം സ്വാധീനം കുറവായതോ ആയ ഇടങ്ങള്‍
  2. ഇത്തവണ ഇടതുപക്ഷത്തിന്റെ കൂടെ ഇല്ലാത്തതും വലതുപക്ഷത്തിന്റെ കൂടെപ്പോയവരും ആയവര്‍ മുന്‍പ് മത്സരിച്ചിരുന്ന ഇടങ്ങള്‍
  3. എല്ലാവര്‍ക്കും വോട്ട് കുറഞ്ഞ മണ്ഡലങ്ങള്‍
  4. എല്ലാവര്‍ക്കും നല്ല രീതിയില്‍ വോട്ട് കൂടിയ മണ്ഡലങ്ങള്‍
  5. ഇടതുപക്ഷത്തിനു കുറഞ്ഞതിനേക്കാള്‍ എത്രയോ അധികം വോട്ട് വലതുപക്ഷത്തിനു കുറഞ്ഞ മണ്ഡലങ്ങള്‍
  6. ഇടതുപക്ഷം മുന്‍പും മൂന്നാം സ്ഥാനത്തു തന്നെ വന്നിരുന്ന മണ്ഡലങ്ങള്‍
ഇത്തരത്തില്‍ "വസ്തുതാപരമായി ശരി" ആയ കാര്യങ്ങള്‍ എങ്ങിനെ അവയുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഇപ്പോഴത്തെ സാഹചര്യങ്ങളിലും നിന്നും മണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും അവ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെയും പൊതുരാഷ്ട്രീയ പരിതസ്ഥിതി പരിഗണിക്കാതെയും പഴയ ചരിത്രം പരിഗണിക്കാതെയും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തരത്തില്‍ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കപ്പെടുന്നു എന്നതിനു ഉത്തമ ഉദാഹരണമാണ് കെഎസ് സുദീപിന്റെ ഈ പോസ്റ്റ്.

ഇതൊരു ഒറ്റപ്പെട്ട സംഭവവും അല്ല. ട്വിറ്ററിലും, ബസ്സിലും, ഫേസ്‌ബുക്കിലുമൊക്കെ കോട്ട് ചെയ്യപ്പെടുകയും ഒന്നിനു പത്തായി പെരുപ്പിച്ച് കാണിക്കപ്പെടുകയും ചെയ്യുന്ന പല തരം കമന്റുകളുടെയും അടിസ്ഥാനം ഇത്തരത്തിലുള്ള വ്യാജമായ നിര്‍മിതികളാണ്. പ്രൊപ്പഗാന്‍ഡ എന്ന് തീര്‍ത്തും വിളിക്കാവുന്ന ഇത്തരം ലേഖനങ്ങള്‍ നിഷ്‌പക്ഷരെന്ന് കരുതപ്പെടുന്ന മാധ്യമപ്രമുഖകരുടെ വെബ്‌സൈറ്റിലും ബ്ലോഗിലുമൊക്കെ ഇടം തേടുക കൂടി ചെയ്യുമ്പോള്‍ അവയ്ക്ക് അരുതാത്ത വിശ്വാസ്യത കൈവരിക കൂടി ചെയ്യുന്നുണ്ട്.

ഇടതുപക്ഷത്തിനെതിരെയുള്ള തെറ്റായ പ്രചരണം എന്നതുമാത്രമല്ല ഇതിന്റെ പ്രശ്‌നം. ഈ പ്രചരണത്തിന്റെയൊക്കെ മറവിലൂടെ യഥാര്‍ത്ഥപ്രതികള്‍ രക്ഷപ്പെടുക കൂടി ചെയ്യുന്നുണ്ട്. ഈയൊരു വശം തീര്‍ച്ചയായും തുറന്നുകാട്ടപ്പെട്ടേ മതിയാകൂ. നമ്മുടെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനിയും വര്‍ദ്ധിച്ചേക്കാവുന്നതും ആയ അപകടകരമായ ധ്രുവീകരണങ്ങളെ മുളയില്‍ തന്നെ നുള്ളുന്നതിനു യഥാര്‍ത്ഥ പ്രതികളെ വെളിച്ചത്തു കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞതല്ലാത്ത ചില "വസ്തുതകളും" മറ്റു പലയിടങ്ങളിലും കാണാന്‍ ഇടയുണ്ട്. എങ്കിലും അവയുടെയെല്ലാം അടിസ്ഥാനപരമായ ദൌര്‍ബല്യം മുകളിലെ വിശദീകരണങ്ങളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നവയില്‍ ഏതെങ്കിലും ഒന്നായിരിക്കും എന്നത് സ്വയം പരിശോധിച്ച് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സിപിഎമ്മിന് വിപ്ലവംപോര എന്നുപറഞ്ഞ് ഇറങ്ങിപ്പുറപ്പെടുന്ന അതിവിപ്ലവകാരികള്‍ക്ക് എപ്പോഴും പറ്റാറുള്ള അപചയമാണ് സുദീപിനും സംഭവിച്ചിരിക്കുന്നത്.

പ്രശ്‌നങ്ങളെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുന്നതിനുപകരം വ്യക്തിഗതമായ വെറും സംശയത്തിന്റെ ചെലവില്‍ മുന്‍കൂട്ടിയുണ്ടാക്കിയ ഒരു സിദ്ധാന്തം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയുള്ള അസംസ്‌കൃതവസ്‌തുവായി അതിനെ രൂപാന്തരപ്പെടുത്തുന്നിടത്താണ് പ്രശ്‌നം രൂക്ഷമാവുന്നത്. ഇന്ത്യയിലെ ഇടതുപക്ഷത്തെ പൊതുവില്‍ ദുര്‍ബലപ്പെടുത്താനല്ലാതെ പ്രാദേശിക കൂട്ടായ്‌മകളില്‍ രക്ഷകനെകാത്തിരിക്കുന്ന ഈ റൊമാന്റിക്‍ രക്തപുഷ്പങ്ങള്‍ക്ക് മറ്റൊന്നുമാവില്ല. ഇനിയെങ്കിലും സ്വപ്‌നലോകത്തുള്ള സഞ്ചാരം നിര്‍ത്തി ശാസ്‌ത്രീയചിന്തയുടെ വെളിച്ചത്തില്‍ കാര്യങ്ങളെ വിലയിരുത്താന്‍ സുദീപിനെപ്പോലെയുള്ളവര്‍ തയ്യാറാവുമെന്ന് വെറുതെ കിനാവുകണ്ടോട്ടെ. സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്കുമാത്രമുള്ളതല്ലല്ലോ...

*****

പൊളിച്ചെഴുത്ത് ബ്ലോഗില്‍ വന്ആരാണു ജനങ്ങളെ മണ്ടന്മാരാക്കുന്നത്? എന്ന പോസ്റ്റ് പുന: പ്രസിദ്ധീകരിക്കുന്നത്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

സദാ കള്ളംപറയുന്ന മാധ്യമങ്ങളെ തിരുത്താനെത്തിയവരാണ് കൌണ്ടര്‍മീഡിയ.ഇന്‍ എന്നാണ് ഖ്യാതി. പത്രമാധ്യമങ്ങളില്‍ പണികിട്ടാത്തവരും കിട്ടിയ ശേഷം 'പണി' കിട്ടിയവരുമായ 'വാര്‍ത്തറപ്പായി'മാരാണ് ഇവിടെ ഒഴിവുസമയവിനോദമെന്ന നിലയില്‍ മാധ്യമവിചാരം ചെയ്യുന്നത്. തങ്ങള്‍ എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന അതേ അധമ മാധ്യമസംസ്‌കാരത്തെ പിന്‍പറ്റിക്കൊണ്ടും ഏറെക്കുറെ സ്വാംശീകരിച്ചുകൊണ്ടുമാണ് ഇവര്‍ വാര്‍ത്ത ആഹരിക്കുകയും വിരേചിക്കുകയും ചെയ്യുന്നത്. ഡേറ്റയില്ലാതെ വാര്‍ത്തയെഴുതുക, വാര്‍ത്തയെന്ന ലേബലില്‍ കഥയെഴുതുക, കഥ നിലനിര്‍ത്താന്‍ കൃത്രിമമായി ഡേറ്റ സൃഷ്‌ടിക്കുക, ലഭ്യമായ ഡേറ്റ വളച്ചൊടിക്കുക തുടങ്ങിയ പണികളാണ് പത്രങ്ങള്‍ ചെയ്യുന്നതെന്നാണ് ഇവരുടെ അഭിപ്രായം. അതേ പണിതന്നെയാണ് തങ്ങളും ചെയ്യുന്നതെന്ന് മാത്രം ഇവര്‍ സമ്മതിച്ചുതരില്ല. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചാലിച്ച് ലേഖനങ്ങളെഴുതുകയും അത് പലയിടങ്ങളിലും പകര്‍ത്തിയൊട്ടിച്ച് സായൂജ്യമടയുകയുമാണ് സാര്‍ത്ഥവാഹകസംഘം.

"ദേശാഭിമാനീ, സഖാക്കളെ മണ്ടന്മാരാക്കല്ലേ..." എന്ന തലക്കെട്ടില്‍ സുദീപ് കെഎസ് എഴുതിയ ലേഖനമാണ് സിന്‍ഡിക്കേറ്റ് മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള ഇവരുടെ ഗംഭീരന്‍ ചുവടുവയ്പ്പ്. എസ്‌ഡിപിഐ, ബിജെപി എന്നീ വര്‍ഗ്ഗീയകക്ഷികള്‍ക്ക് ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് സിപിഎമ്മിന്റെ സഹായത്താലാണെന്ന് വായിക്കുന്നവര്‍ക്കു തോന്നണം എന്ന ലക്ഷ്യത്തോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്. ഇത്തരം സജസ്റ്റീവ് വാര്‍ത്തകളെ ലീഡാക്കിയാണ് മംഗളം മുതല്‍ മനോരമ വരെ പിടിച്ചുനില്‍ക്കുന്നതെന്ന് പുരപ്പുറത്തുകയറി വിളിച്ചുകൂവുന്ന ഇവര്‍ തന്നെവേണം ഇങ്ങനെ ചെയ്യാന്‍!

Sudeep said...

നന്ദി സഖാവേ ചിലയിടങ്ങളിലെങ്കിലും എല്‍ ഡി എഫ് വോട്ടും കൂടി എസ് ഡി പി ഐക്കും ബി ജെ പിക്കും കിട്ടി എന്ന് സമ്മതിച്ചല്ലോ! അതുതന്നെ ധാരാളം. പിന്നെ ഈ "എല്‍ ഡി എഫ് വോട്ട്", "യു ഡി എഫ് വോട്ട്" എന്ന് പറയുന്ന സാധനങ്ങള്‍ തന്നെ എത്രത്തോളം പ്രസക്തമാണ് ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ എന്നും നമുക്ക് കാത്തിരുന്നു കാണാം. എല്‍ ഡി എഫിനെ സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ചെയ്യുന്നത് യു ഡി എഫ് വോട്ട് (തിരിച്ചും) എന്ന സ്ഥിതി മാറിവരികയാണ്. അത് അംഗീകരിക്കാതെ, തങ്ങളുടെ നേതാക്കളുടെ മുസ്ലീം വിരുദ്ധ പ്രഖ്യാപനങ്ങള്‍ എങ്ങനെ എസ് ഡി പി ഐക്കും ബി ജെ പിക്കും വോട്ട് നേടിക്കൊടുത്തു എന്ന് മനസ്സിലാക്കാതെ ഈ സഖാക്കള്‍ മായാലോകത്ത് ജീവിക്കുന്ന കാലത്തോളം സി പി ഐ എമ്മും എല്‍ ഡി എഫും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പേടിക്കേണ്ട.

ജനശക്തി said...

കൊള്ളാം സുധീഷ്. വിതണ്ഡവാദം എന്നുപറയുന്നത് താങ്കളുടെ വാദങ്ങളെയാണ്. ഒറിജിനല്‍ ലേഖനത്തിലെ പ്രചരണം മൊത്തം കപടമാണെന്ന് തെളിഞ്ഞാലും അതിനെപ്പറ്റി മിണ്ടരുത്. മറുപടിയിലെ ഏതെങ്കിലും വരിയോ വാക്കോ പൊക്കി വല്ലതും പറയണം. കൊള്ളാം.

Sudeep said...

ജനശക്തീ, "ഒറിജിനല്‍" ദേശാഭിമാനിയുടെതാണ്. എന്റേത് വെറും ഡ്യൂപ്ലിക്കേറ്റ്‌. ആ ലേഖനത്തില്‍ ഞാന്‍ വെച്ചത് വെറും കുറച്ചു കണക്കുകള്‍ മാത്രം. അത് കണ്ടിട്ട് സഖാക്കള്‍ക്ക് ഇത്രയൊക്കെ പ്രതികരിക്കാന്‍ മാത്രം ഉണ്ടെന്നു തോന്നിയെങ്കില്‍, സന്തോഷം. -സുദീപ് (സുധീഷല്ല)

മുക്കുവന്‍ said...

അപ്പോള്‍ പറഞ്ഞുവന്നത്, കൂടുതല്‍ വോട്ട് കിട്ടിയപ്പോള്‍ ഞമ്മളു പലയിടത്തും കുത്തുപാളയെടുത്തു അല്ലേ...

J M Siyad said...

സുദീപിനെപ്പോലെ ഉള്ളവര്‍ സദാ വാഴുമെന്നാണു അവര്‍ കരുതുന്നതു. ഒഞിയത്തെയും വഴക്കുള്ത്തെയും ഒക്കെ വോട്ടിന്റെ രീതി നോക്കിയാല്‍ ജയിച്ച ആള്‍ക്കാര്‍ എങ്ങിനെയാണ് അവിടെ കൂടുതല്‍ വോട്ട് നേടിയതെന്നു മനസ്സിലാക്കാം.
സി പി എം വിരോധവും കോണ്‍ഗ്രസ്സ് പ്രേമവും തലക്കു പിടിച്ചാല്‍ പിന്നെ ഒന്നും കാണാന്‍ പറ്റില്ല.
സിയാദ്