Wednesday, October 2, 2013

ജ്ഞാനിയായ നടന്‍

ജീവിതവുമായി ബന്ധമുള്ള ഇരിഞ്ഞാലക്കുട പട്ടണത്തെക്കുറിച്ച് ഞാന്‍ വല്ലപ്പോഴും എഴുതാറുണ്ട്. അങ്ങനെ എഴുതുമ്പോള്‍ ഉണ്ണായിവാര്യരും, കെ വി കെ വാര്യരും, അമ്മന്നൂര്‍ ചാക്യാന്മാരും, ഗായകന്‍ ജയചന്ദ്രനും കെ വി രാമനാഥന്‍മാഷുമെല്ലാം പരാമര്‍ശിക്കപ്പെടും. പിന്നെ നടന്‍ ഇന്നസെന്റും. അടുത്ത കാലത്ത് ഞാന്‍ എഴുതിയ ഒരു കുറിപ്പില്‍ "ജ്ഞാനിയായ നടന്‍ ഇന്നസെന്റ്" എന്ന് എഴുതി. പത്രത്തില്‍ ലേഖനം അച്ചടിച്ചുവന്നാല്‍ ചൂടോടെ ഒന്നു വായിച്ചു നോക്കുമല്ലോ. വായിച്ചു. അതില്‍ "ജ്ഞാനിയായ" എന്ന വാക്ക് ഇല്ല. "നടന്‍ ഇന്നസെന്റ്" എന്നു മാത്രം. ജ്ഞാനിയെ പത്രാധിപര്‍ വെട്ടി വീശിയിരിക്കുന്നു.

ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പത്രാധിപന്മാരുടെ പേന എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട്. ഒട്ടും ഭാഷാ വൈദഗ്ധ്യം ഇല്ലാത്തതുകൊണ്ട് ചിലപ്പോഴൊക്കെ പ്രമാദമായ വ്യാകരണപ്പിശകുകള്‍ വന്നുപെടും. പത്രാധിപര്‍ എന്നു പറയുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുട്ടേട്ടനായി പ്രവര്‍ത്തിച്ചിരുന്ന കുഞ്ഞുണ്ണിമാഷെ്ടെ പച്ചമഷിയാണ് ആദ്യം ഓര്‍മ വരുന്നത്. ബാലപംക്തിയിലേക്ക് അയക്കുന്ന കഥകള്‍ അദ്ദേഹം വെട്ടിത്തിരുത്തി വെടിപ്പാക്കിയാണ് പ്രസിദ്ധീകരിക്കുക. പ്രസിദ്ധീകരിക്കാത്തവ തിരുത്തിയും അടിവരയിട്ടും കമന്റെഴുതിയും തിരികെ അയച്ചുതരും. ദേശാഭിമാനിയിലെ എം എന്‍ കുറുപ്പും, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടും ഇങ്ങനെ പേനകൊണ്ട് എന്നെ അനുഗ്രഹിച്ചവരാണ്. ഇന്നസെന്റിന്റെ മുന്നിലെ ജ്ഞാനിയെ വെട്ടിയ പത്രാധിപരോട് എനിക്ക് യാതൊരു വിദ്വേഷവും തോന്നിയില്ല. അദ്ദേഹത്തിനും കേരളത്തിലെ തൊണ്ണൂറു ശതമാനം ജനങ്ങള്‍ക്കും അറിയാവുന്നത് സിനിമയില്‍ തമാശാ വേഷത്തില്‍ എത്തുന്ന ഇന്നസെന്റിനെയാണല്ലോ. ഒരു തമാശക്കാരന്‍ എങ്ങനെ ജ്ഞാനിയാകും? മറ്റൊരു നിലയ്ക്ക് മനസ്സിലാകണമെങ്കില്‍ ഈ നടനെ വ്യക്തിപരമായി അടുത്തറിയണം. അല്ലെങ്കില്‍ ഇരിഞ്ഞാലക്കുടക്കാരനായിരിക്കണം. ഞാന്‍ അദ്ദേഹത്തെ അത്ര അടുത്തറിയുന്ന ഒരാളല്ല. പക്ഷേ ഇരിഞ്ഞാലക്കുടക്കാരനാണ്. സിനിമയിലെ നടനും നാടകത്തിലെ നടനും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് കലയെ ഉള്ളറിഞ്ഞു പരിശോധിച്ച ചിലരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. രചയിതാവും സംവിധായകനും കര്‍ട്ടന്‍ വലിക്കുന്നവനും ഉള്‍പ്പെടെ വലിയൊരു സംഘം കൂടെയുണ്ടാകുമെങ്കിലും നാടകം നടന്റെ കലയാണെന്നാണ് അവര്‍ പറയുന്നത്. സിനിമയാകട്ടെ തികച്ചും സംവിധായകന്റെ കലയും. സംവിധായകന്റെ ആത്മാവിഷ്ക്കാരങ്ങളാണ് നടന്റെ, നടിയുടേയും രൂപത്തില്‍ നാം കാണുന്നത്. സംവിധായകന് യഥേഷ്ടം ശില്പമുണ്ടാക്കാന്‍ പാകത്തിനുള്ള കളിമണ്ണായിരിക്കുക എന്നതാണ് അവിടെ നടന്റെ പ്രതിഭ. ഒരു ദൃശ്യം പ്രേക്ഷകര്‍ എങ്ങനെ കാണണമെന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. തീരെ ചെറിയ കുട്ടികള്‍ തകര്‍ത്തഭിനയിച്ചിട്ടുള്ള പല സിനിമകളും ഉണ്ട്. ബൈസിക്കള്‍ തീവ്സും പഥേര്‍ പഞ്ചാലിയും ഓര്‍മ വരുന്നു. സംവിധായകന്റെ യുക്തിക്കനുസരിച്ച് പാകപ്പെടുത്താന്‍ കഴിയുംവിധം നിഷ്ക്കളങ്കരാണ് എന്നതാവാം കുട്ടികളുടെ സൗഭാഗ്യം. സിനിമയോ നാടകമോ ഒന്നും കണ്ടു ശീലമില്ലാത്ത മൃഗങ്ങള്‍ പോലും സിനിമയില്‍ നന്നായി പെര്‍ഫോം ചെയ്യപ്പെട്ടിട്ടുണ്ട്. ഓര്‍മ വരുന്നത് അരവിന്ദന്റെ "കുമ്മാട്ടി" ആണ്. അതിലെ വികൃതിക്കുട്ടിയായ നായകന്‍ ഇടയ്ക്കുവച്ച് ഒരു നായയായി രൂപാന്തരപ്പെടുന്നു. പിന്നീടുള്ള പകുതി മുഴുവന്‍ ഒരു നായയാണ് അഭിനയിച്ചിട്ടുള്ളത്. വീട്ടില്‍ വരുന്ന അവനെ വളര്‍ത്തു തത്ത തിരിച്ചറിയുന്നു. അച്ഛനമ്മമാര്‍ അവനെ മകനെപ്പോലെ പരിചരിക്കുന്നു. മറ്റു കുട്ടികള്‍ക്കൊപ്പം ഒന്നിച്ചിരുത്തി ഭക്ഷണം കൊടുക്കുന്നു. ഉറക്കുന്നു. ആ സമയത്തൊക്കെ എന്തൊരു ഭാവാഭിനയമാണ് ആ നായ പ്രകടിപ്പിച്ചിട്ടുള്ളതെന്ന് വിസ്മയിക്കാതിരിക്കാന്‍ നിവൃത്തിയില്ല. എന്നുവച്ച് എല്ലാവര്‍ക്കും സിനിമാനടനായി ശോഭിക്കാന്‍ കഴിയുമോ? കഴിയുമെന്നായിരുന്നു അടുത്തകാലം വരെ എന്റെ അന്ധവിശ്വാസം. അതു തീര്‍ന്നത് സ്ക്രീനില്‍ നമ്മുടെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കാണാന്‍ തുടങ്ങിയതോടെയാണ്.

വൈലോപ്പിള്ളിക്കുശേഷം എഴുതിയവരില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കവിയാണ് ബാലചന്ദ്രന്‍. അദ്ദേഹത്തിന്റെ സമകാലികനായി ജീവിക്കുക എന്നത് എന്റെ വലിയ അഭിമാനമാണ്. പക്ഷേ ആ അഭിനയമുണ്ടല്ലോ. അതൊരു വക ദുരന്തമാണ്. നടന്‍ എന്ന നിലയില്‍ ബാലചന്ദ്രന്റെ ആരാധകര്‍ എന്റെ ഈ പംക്തി വായിക്കാനിടയില്ല എന്ന ധൈര്യത്തിലാണ് ഞാന്‍ ഇതെഴുതുന്നത്. ഏത് കൊലകൊമ്പന്‍ സംവിധായകന്‍ വന്ന് പരിശ്രമിച്ചാലും ഇതെഴുതുന്നയാളെ ഒരു നടനാക്കാന്‍ കഴിയുകയില്ല എന്ന കാര്യത്തിലും എനിക്ക് ഉറപ്പുണ്ട്. ഞാന്‍ പറയുന്നത് ഇന്നസെന്റിന്റെ മുന്നിലെ "ജ്ഞാനി"യെ വെട്ടിക്കളഞ്ഞതിന് പത്രാധിപരെ കുറ്റപ്പെടുത്താന്‍ കഴിയില്ല എന്നാണ്. സ്ക്രീനില്‍ മുന്നിലിരിക്കുന്ന പ്രേക്ഷകരെ ഉല്ലാസത്തിന്റെ പരകോടിയില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നത് സത്യം. പക്ഷേ അതെല്ലാം തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആയിരുന്നുവല്ലോ. അതുകൊണ്ടൊന്നും ഒരാളെ ജ്ഞാനി എന്നു വിളിക്കാന്‍ കഴിയില്ല. ഒരുപക്ഷേ അമ്മന്നൂര്‍ മാധവചാക്യാരെ ജ്ഞാനി എന്നു വിശേഷിപ്പിച്ചാല്‍ വായനക്കാര്‍ സഹിക്കുമായിരിക്കും. അമ്മന്നൂര്‍ മാധവചാക്യാരെയും ഇന്നസെന്റിനെയും സാദൃശ്യപ്പെടുത്തുന്നത് കലാ മര്‍മജ്ഞര്‍ പൊറുക്കുമോ എന്ന് അറിയില്ല. എങ്കിലും രണ്ടുപേരും ഇരിഞ്ഞാലക്കുടക്കാരാണല്ലോ. രണ്ടുപേര്‍ക്കും ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. മാധവചാക്യാര്‍ പണ്ടുണ്ടായിരുന്ന നായര്‍സമാജം സംസ്കൃത സ്കൂളില്‍ പോയിട്ടുണ്ടെന്നറിയാം. പിന്നെ കൊടുങ്ങല്ലൂര്‍ കളരിയിലും അഭ്യസിച്ചിട്ടുണ്ട്. എന്നാലും അദ്ദേഹത്തിന്റെ ഔപചാരിക വിദ്യാഭ്യാസം ഇന്നസെന്റിന്റെ പ്രസിദ്ധമായ "എട്ടാംക്ലാസി"ന്നപ്പുറത്തേക്ക് കടന്നിരിക്കാന്‍ സാധ്യതയില്ല. രണ്ടുപേരും അഭിനേതാക്കളാണ്. മുഖമായിരുന്നു പ്രധാന മാധ്യമം. അഭിനയത്തില്‍ തന്നെ ഹാസ്യമായിരുന്നു സ്പെഷലൈസേഷന്‍. ജ്ഞാനത്തിന്റെ മറുവശമാണോ ഹാസ്യം എന്ന് എനിക്കു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. പ്രധാനമായും ശ്രീനാരായണഗുരുവിനെക്കുറിച്ചു വായിക്കുമ്പോഴാണത്. ഭാഗ്യവശാലാവണം ഗുരു ഒരു ഹാസ്യസാഹിത്യകാരനായി അറിയപ്പെടാതിരുന്നത്. സഞ്ജയനെ വായിക്കുമ്പോഴും ഇങ്ങനെ തോന്നിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇടയ്ക്കു വല്ലപ്പോഴും തൃശൂരില്‍നിന്നു ബസ്സു പിടിച്ച് തിരുവില്വാമലയില്‍ ഇറങ്ങി ഒരു പകല്‍ മുഴുവന്‍ സാക്ഷാല്‍ വി കെ എന്‍ എന്ന മഹാത്ഭുതത്തിന്റെ മുന്നിലിരിക്കുമ്പോഴും ലോകത്തെക്കുറിച്ചുള്ള സമസ്ത ജ്ഞാനത്തിന്റെയും ബഹിസ്ഫുരണമാണ് ഹാസ്യം എന്നു മനസ്സിലായിട്ടുണ്ട്. ഒരു ബീഡി കത്തിച്ചു കഴിഞ്ഞാല്‍ വി കെ എന്‍ പറയും. "ഇപ്പഴത്തെ ബീഡി വല്യ കഷ്ടാണ്. ആഞ്ഞു വലിച്ചാലേ ത്തിരി പുക കിട്ടൂ. ഒരാളെ കൂലിക്കു നിറുത്തി വലിക്കണ്ടി വരും." ജ്ഞാനത്തിന്റെ മാത്രമല്ല ദുഃഖത്തിന്റെയും സന്തത സഹചാരിയാണ് ഹാസ്യം. ലോകപ്രശസ്തരായ പല കൊമേഡിയന്മാരും സ്വന്തം ജീവിതത്തില്‍ കൊടും യാതനകളുടെയും തീരാത്ത വേദനകളുടെയും കടലുകള്‍ നീന്തിക്കടന്നവരാണ്. അശാന്തമായ ജീവിതാനുഭവങ്ങളുടെ നിറഞ്ഞു തുളുമ്പലാണ് അവരുടെ ഹാസ്യം എന്നുപറയാം.

നമ്മുടെ പ്രിയപ്പെട്ട ബഹദൂര്‍ പണ്ട് ചിത്രകാര്‍ത്തിക ആഴ്ചപ്പതിപ്പില്‍ തന്റെ ഓര്‍മക്കുറിപ്പുകള്‍ എഴുതിയിരുന്നു. ലോക പ്രശസ്തനായ ഒരു കോമാളിയുടെ -ചാര്‍ളി ചാപ്ലിന്‍ ആണോ?- ഒരു ജീവിതാനുഭവം അന്ന് അദ്ദേഹം എഴുതിയത് ഓര്‍ക്കുന്നു. കോമഡി ഷോ അവതരിപ്പിക്കാന്‍ സ്റ്റേജില്‍ കയറാന്‍ നില്‍ക്കുന്ന സമയത്താണ് തന്റെ അമ്മ മരിച്ച വിവരം അദ്ദേഹത്തിന് ലഭിക്കുന്നത്. ഷോ നടത്താനാവില്ല. ഉടന്‍ വീട്ടില്‍ പോകണം. വിവരമറിയിച്ചപ്പോള്‍ സംഘാടകര്‍ പറഞ്ഞു. ഞങ്ങള്‍ പറഞ്ഞാല്‍ സദസ്യര്‍ വിശ്വസിക്കുകയില്ല. നിങ്ങള്‍ തന്നെ അവരുടെ മുന്നില്‍ ചെന്നു പറയൂ. അദ്ദേഹം സമ്മതിച്ചു. അങ്ങനെ കര്‍ട്ടണ്‍ ഉയര്‍ന്നു. കൊമേഡിയന്‍ രംഗത്തു വന്നു. ആകാംക്ഷയോടെ തന്നെ ഉറ്റു നോക്കുന്ന പ്രേക്ഷകരുടെ മുന്നില്‍ നിന്നപ്പോള്‍ അദ്ദേഹത്തിന് ദുഃഖം അടക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: "എന്റെ അമ്മ മരിച്ചു." സദസ്സ് ആര്‍ത്തു ചിരിച്ചു.

സിനിമയില്‍ നിന്നു പുറത്തിറങ്ങി നടക്കുമ്പോഴും ആളുകള്‍ നോക്കിനിന്നു ചിരിക്കുന്നതിലുള്ള അലോസരം സ്വകാര്യ സംഭാഷണങ്ങളിലും പ്രഭാഷണങ്ങളിലും ഇന്നസെന്റ് പ്രകടിപ്പിക്കാറുണ്ട്. തന്റെ രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പങ്കുവച്ച കൂട്ടത്തില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്ന ഒരു അനുഭവം അദ്ദേഹം എഴുതി. പരിശോധനകള്‍ക്കു ശേഷം ഡോക്ടറെ കണ്ട് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനു ശേഷം അദ്ദേഹം ലേക്ഷോര്‍ ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയാണ്. ഭാവിജീവിതത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. കാര്‍ ഡ്രൈവ് ചെയ്യുന്ന മകന്‍ പതിവിനു വിപരീതമായി തികഞ്ഞ മൗനത്തിലാണ്. അപ്പോള്‍ ഒരു പറ്റം സ്ത്രീകള്‍ മറ്റൊരു കാറില്‍ അദ്ദേഹത്തിനു സമീപത്തെത്തി. ഇന്നസെന്റിനെ കണ്ടപാടെ അവര്‍ ചിരിക്കാന്‍ തുടങ്ങി. അദ്ദേഹം എഴുതുന്നു: "ട്രാഫിക് സിഗ്നലില്‍ എത്തിയപ്പോള്‍ അവരുടെ വണ്ടി ഞങ്ങളുടെ വണ്ടിക്കു സമാന്തരമായി വന്നുനിന്നു. സ്ത്രീകള്‍ തല പുറത്തേക്കിട്ടു ചിരിച്ചു.... ഞാന്‍ കണ്ണിന്റെ തുമ്പിലൂടെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന മകന്‍ സോണറ്റിനെ നോക്കി. അവന്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുകയാണ്."

സിനിമയിലെ നടന്‍ എന്നതിനപ്പുറം ഇന്നസെന്റ് ആരാണെന്നും എന്താണെന്നും ഇരിഞ്ഞാലക്കുടക്കാര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ട് അദ്ദേഹം അങ്ങാടിയിലൂടെ നടക്കുമ്പോഴും പെരുന്നാളിനു വരുമ്പോഴും ചായക്കടയില്‍ വച്ചു കാണുമ്പോഴും അവര്‍ നോക്കി ചിരിക്കുകയില്ല. അമ്മന്നൂര്‍ മാധവചാക്യാരെ കാണുമ്പോഴെന്ന പോലെ ആദരവു പ്രകടിപ്പിക്കുകയേ ഉള്ളൂ. ഒരിക്കല്‍ പട്ടണത്തിനു പുറത്തുള്ള ഒരു ഗ്രാമത്തില്‍ കലാസമിതി വാര്‍ഷികത്തിന് ഞങ്ങള്‍ രണ്ടുപേരും പ്രഭാഷകരായി ഉണ്ടായിരുന്നു. ഇന്നസെന്റ് വരാന്‍ കുറച്ചു വൈകി. അപ്പോഴേക്കും എന്റെ പ്രസംഗം തീര്‍ന്നിരുന്നു. അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. ""ഞാന്‍ വന്നിട്ടു കുറച്ചു സമയമായി. തൊട്ടടുത്ത വീട്ടില്‍ ഇരിക്കുകയായിരുന്നു. അശോകന്റെ പ്രസംഗം കഴിയാന്‍ കാത്തിരുന്നതാണ്. അദ്ദേഹം വല്ല നല്ല കാര്യങ്ങളൊക്കെ പറയാന്‍ സാധ്യതയുണ്ട്. അതിനിടയില്‍ ഞാന്‍ വന്നു കയറിയാല്‍ ആകെ അലങ്കോലമാവും. ആളുകള്‍ എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങും. ഞാന്‍ സിനിമക്കാരനും പോരാത്തതിന് ഹാസ്യനടനും ആണല്ലോ.""

രോഗത്തിന്റെയും ചികിത്സയുടെയും ചെറിയൊരു ഇടവേള പിന്നിട്ട് പൂര്‍വാധികം ഉഷാറോടെ ഇന്നസെന്റ് ഇരിഞ്ഞാലക്കുടയുടെ പട്ടണപാതയിലൂടെ സഞ്ചരിക്കുന്നുണ്ട്. രോഗകാലത്തെ അനുഭവങ്ങളാണ് ഇപ്പോഴത്തെ പ്രധാന കൈമുതല്‍. അക്കാലത്തെ വേദനകളെയും ആത്മസംഘര്‍ഷങ്ങളെയും തമാശയില്‍ കലര്‍ത്തി തന്മയത്വത്തോടെ അദ്ദേഹം അവതരിപ്പിക്കുമ്പോള്‍ ചിരിക്കുകയാണോ കരയുകയാണോ വേണ്ടതെന്ന് നിശ്ചയമില്ലാതെ ഇരിഞ്ഞാലക്കുടക്കാര്‍ അമ്പരക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പിണറായി വിജയനും എം എ ബേബിയും ഉള്‍പ്പെടെ ധാരാളം പ്രശസ്ത വ്യക്തികള്‍ അദ്ദേഹത്തെ രോഗകാലത്ത് സന്ദര്‍ശിച്ചു. ഏതാണ്ട് അവസാനം എത്തിയ രമേശ് ചെന്നിത്തലയോട് അദ്ദേഹം പറഞ്ഞു: ""രോഗം ഇത്രവേഗം ദേദമാവേണ്ടിയിരുന്നില്ല. കൊറച്ചുകൂടി ആള്‍ക്കാരൊക്കെ വരാനുണ്ടല്ലോ. ആ പയ്യനെക്കൂടി വേഗം ഒന്നു കൊണ്ടു വരണം."" ""ഏതു പയ്യനെ?"" രമേശ് ചോദിച്ചു. ""ആ രാഹുല്‍ഗാന്ധീല്ലേ, അയാളെ. സോണിയാഗാന്ധീടെ കാര്യം പിന്നെ ആലോചിക്കാം.""

ഈ അടുത്ത ദിവസം ഞാന്‍ പഠിച്ച സ്കൂളിന്റെ ജൂബിലിയോടനുബന്ധിച്ച പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് വിശിഷ്ടാതിഥിയായി ഇന്നസെന്റ് വന്നു. അന്നാണ് അദ്ദേഹവും അവിടത്തെ പൂര്‍വവിദ്യാര്‍ഥിയാണെന്ന് ഞാന്‍ മനസ്സിലാക്കിയത്. താന്‍ ഇരിഞ്ഞാലക്കുടയിലെ എല്ലാ സ്കൂളുകളിലും പഠിച്ചിട്ടുണ്ടെന്ന് ഇന്നസെന്റ് ഓര്‍മക്കുറിപ്പുകളില്‍ എഴുതിയിരുന്നു. പക്ഷേ ഞാന്‍ രണ്ടു വര്‍ഷം പഠിച്ച എസ്എന്‍ ഹൈസ്കൂളില്‍ അദ്ദേഹം പഠിച്ചിരുന്ന വിവരം മുമ്പ് മനസ്സിലാക്കിയിരുന്നില്ല. അധ്യാപകര്‍ ആരും ഇങ്ങനെ ഒരു കക്ഷി അവിടെ ഉണ്ടായിരുന്ന കഥ പറഞ്ഞിരുന്നില്ല. പഠിച്ചിരുന്നു എന്നു മാത്രമല്ല അദ്ദേഹത്തിന്റെ പ്രസിദ്ധമായ എട്ടാംക്ലാസ് അവിടെയായിരുന്നു. ഇന്നസെന്റിന്റെ വാട്ടര്‍ലൂ എന്ന് ആ വിദ്യാലയത്തെക്കുറിച്ചു പറയാം. എട്ടാംക്ലാസുവരെ പഠിച്ചു പരാജയപ്പെട്ടു പിന്‍വാങ്ങിയ തന്നെ ബാന്റ് വാദ്യവും താലപ്പൊലിയുമായി സ്വീകരിച്ച് ആനയിക്കുന്നതു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ചിരി പൊട്ടി വിടരുന്നുണ്ടായിരിക്കണം. ഉള്ളില്‍ ചിരി നിറയുമ്പോള്‍ ഇന്നസെന്റ് കൂടുതല്‍ ഗൗരവക്കാരനാവുന്നതു കണ്ടിട്ടുണ്ട്. സ്കൂളില്‍ വന്നപാടെ അദ്ദേഹം മാനേജര്‍ ഡോ. സി കെ രവിയോട് അന്വേഷിക്കുന്നതു കേട്ടു. ""രാമന്‍മാഷെവിടെ? രാജന്‍ മാഷെവിടെ? സുഭദ്രടീച്ചര്‍ വന്നിട്ടില്ലേ?"" അതുകേട്ട് എനിക്ക് ഉള്ളില്‍ ചിരിവന്നു. എന്തിനാണാവോ തിടുക്കത്തിലുള്ള ഈ അന്വേഷണം? ഡല്‍ഹൗസിപ്രഭുവിന്റെ ഭരണപരിഷ്ക്കാരത്തെക്കുറിച്ച് വല്ല സംശയവും ചോദിക്കാനുണ്ടോ? മനസ്സില്‍ അമര്‍ത്തിവച്ച ചിരിയാണ് പിന്നെ അദ്ദേഹത്തിന്റെ പ്രസംഗമായി പുറത്തു വന്നത്. രോഗകാലത്ത് കാണാന്‍ വന്ന സന്ദര്‍ശകരെക്കുറിച്ചായിരുന്നു വിവരണം. ഓരോ വാക്കു പറയുമ്പോഴും സദസ്സില്‍ ചിരി പടര്‍ന്നു. പക്ഷേ അപ്പോഴും ഇന്നസെന്റ് തന്റെ ഗൗരവഭാവം ഉപേക്ഷിക്കുകയില്ല. നല്ല പകല്‍വെളിച്ചത്തിലാണ് ആ സമ്മേളനം നടന്നത്. ചിരിക്കുന്ന മുഖങ്ങളിലേക്ക് ഞാന്‍ കൗതുകത്തോടെ നോക്കി. അതു വെറും ചിരിയല്ല. എല്ലാ കണ്ണുകളും നനയുന്നുണ്ട്.

ഇന്നസെന്റിനെക്കുറിച്ച് ഞാന്‍ ആദ്യം അറിയുന്നത് അദ്ദേഹം ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന കാലത്താണ്. എണ്‍പതിലോ മറ്റോ ആണ്. പട്ടണത്തിലെങ്ങും "സ്വതന്ത്ര സ്ഥാനാര്‍ഥി ടി വി ഇന്നസെന്റിന് വോട്ടു ചെയ്യുക" എന്നടിച്ച പോസ്റ്ററുകള്‍ പതിച്ചിരുന്നു. പടവും ഉണ്ടായിരുന്നു എന്നാണ് ഓര്‍മ. രണ്ടു മുന്നണികള്‍ ശക്തമായി നേര്‍ക്കുനേര്‍ മത്സരിക്കുന്ന കാലമാണ്. രാഷ്ട്രീയ പ്രബുദ്ധമായ ഇരിഞ്ഞാലക്കുട പോലൊരു പട്ടണത്തില്‍ പാര്‍ടികളുടെ ഒന്നും പിന്‍ബലമില്ലാത്ത ഒരു സ്വതന്ത്രന്റെ ഗതി ഊഹിക്കാവുന്നതേയുള്ളൂ. എന്നാലും കുറേ സ്വതന്ത്രര്‍ എല്ലായ്പ്പോഴും രംഗത്തു വരും. ചിലര്‍ക്ക് മത്സരം ഒരു തമാശയാണ്. പക്ഷേ ഇന്നസെന്റിന്റെ അന്നത്തെ തമാശ ഫലവത്തായി. രണ്ടു മുന്നണികളെയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം വിജയിച്ചു. തന്റെ സിനിമാ മോഹവും തീപ്പെട്ടിക്കമ്പനിയും പൂട്ടി കടം കയറി നിരാശാഭരിതനായി അലയുന്ന കാലത്താണ് ഒരു പിടിവള്ളി എന്ന നിലയില്‍ -മുങ്ങിച്ചാവുന്നവന് കച്ചിത്തുരുമ്പ് എന്നതുപോലെ- തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആയതെന്ന് പിന്നീട് അദ്ദേഹം എഴുതിയിട്ടുണ്ട്. മുനിസിപ്പല്‍ കൗണ്‍സിലറായി അദ്ദേഹം ശോഭിച്ചുവോ എന്നൊന്നും എനിക്കു നിശ്ചയമില്ല. പക്ഷേ തന്നെ ഇരിഞ്ഞാലക്കുടക്കാര്‍ തിരിച്ചറിഞ്ഞു എന്ന ആത്മവിശ്വാസം പിന്നീടുള്ള യാത്രയില്‍ അദ്ദേഹത്തിനു കരുത്തു നല്‍കിയിട്ടുണ്ടാവണം. ഇന്നസെന്റ് എന്ന നടന്റെ ജൈത്രയാത്രകള്‍ ആരംഭിക്കുന്നത് അതോടെയാണ്.

തന്റെ രാഷ്ട്രീയച്ചായ്വുകളൊന്നും ഇന്നസെന്റ് പുറത്തു കാണിക്കുക പതിവില്ല. മുഖ്യധാരാ സിനിമയുടെയും വ്യവസായത്തിന്റെയും അനിവാര്യ ഭാഗമായി നില്‍ക്കുമ്പോള്‍ അതു വെളിപ്പെടുത്താതിരിക്കുന്നതാവും ഉചിതം എന്നദ്ദേഹം കരുതുന്നുണ്ടാവണം. യൗവനകാലത്ത് ഇരിഞ്ഞാലക്കുടയില്‍ ആര്‍എസ്പി നേതാവായി നടന്ന കഥ അദ്ദേഹം ഇടയ്ക്കു പറയാറുണ്ട്. അതൊരു തമാശക്കാലമായിട്ടാണ് അദ്ദേഹം വിവരിക്കുന്നത്. പക്ഷേ ആത്മകഥകളിലും ഓര്‍മക്കുറിപ്പുകളിലും പ്രഭാഷണങ്ങളിലും തന്റെ അപ്പന്‍ തെക്കേത്തല വറീതിനെ വിടാതെ പിന്തുടരുന്ന ഒരു മകന്‍ എന്ന നിലയില്‍ അദ്ദേഹം തന്നെ വരച്ചു വയ്ക്കുന്നുണ്ട്. തന്റെ അപ്പനെന്ന നിലയില്‍ മാത്രമല്ല അത്. സ്നേഹസമ്പന്നനായ ഒരു മനുഷ്യന്‍ എന്ന നിലയിലുമല്ല. ഒരു ആദ്യകാല കമ്യൂണിസ്റ്റ് എന്ന നിലയിലാണ് ഇന്നസെന്റ് തന്റെ അപ്പനെ ആദരിക്കുന്നത്. ഇരിഞ്ഞാലക്കുട വലിയ പള്ളിയിലെ സെമിത്തേരിയില്‍ അപ്പന്‍ വിശ്രമിക്കുന്ന കുഴിമാടത്തിനരികെ താന്‍ ചെല്ലുന്നതും മനസ്സുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിക്കുന്നതുമായ രംഗം തന്റെ ആത്മകഥയില്‍ തികച്ചും വികാരഭരിതമായ ഒരു ഭാഷയില്‍ അദ്ദേഹം എഴുതുന്നുണ്ട്. നടന്‍ എന്നതിനപ്പുറം ഞാന്‍ ഇന്നസെന്റിനെ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെയാണ്. അത്യപൂര്‍വമായി വീണുകിട്ടുന്ന ചില സ്വകാര്യ വര്‍ത്തമാനങ്ങളിലൂടെയും. എന്റെ സുഹൃത്ത് സത്യന്‍ അന്തിക്കാടുമായുള്ള സംഭാഷണങ്ങളില്‍നിന്ന് ഞാന്‍ ഊഹിച്ചെടുത്ത ഒരു ധാരണയുണ്ട്. നമ്മുടെ സിനിമാലോകം തങ്ങള്‍ക്കിടയിലെ ഏറ്റവും അറിവും അനുഭവവുമുള്ള ഒരാള്‍ എന്ന നിലയിലാണ് ഇന്നസെന്റിനെ കണക്കാക്കുന്നത്്. പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോഴൊക്കെ അവര്‍ അദ്ദേഹത്തെ സമീപിക്കുന്നു. ഈയിടെ സത്യന്‍ തന്നെ എഴുതിയിരുന്നുവല്ലോ. അദ്ദേഹത്തിന്റെ മാത്രമല്ല, മറ്റു പല സംവിധായകരുടെയും സിനിമാ സംബന്ധമായ ആലോചനകളില്‍ ഇന്നസെന്റിന്റെ പങ്കാളിത്തം ഉണ്ടാവാകാറുണ്ട് എന്ന്. അത് സിനിമ കാണുന്ന ഞങ്ങള്‍ ഇരിഞ്ഞാലക്കുടക്കാര്‍ക്കു പെട്ടെന്നു മനസ്സിലാവും. കുറച്ചു കാലമായി മലയാള സിനിമയില്‍ അവിടവിടെയായി ഞങ്ങളുടെ നാടിന്റെ ഒരു സ്പര്‍ശം കാണാനുണ്ട്. എം എന്‍ വിജയന്‍മാഷും സുകുമാര്‍ അഴീക്കോടും വിട്ടുപോയതുകൊണ്ട് ധൈര്യമായിട്ടു പറയാം.

ഇന്നു മലയാളഭാഷയിലെ ഏറ്റവും മികച്ച പ്രഭാഷകനാണ് ഇന്നസെന്റ്. വാക്കും ജീവിതവും ഇത്രമേല്‍ ചേര്‍ന്നുനില്‍ക്കുന്ന ഒരു വേള മറ്റാരുടെ പ്രസംഗത്തിലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇരിഞ്ഞാലക്കുടയിലെ ഏതാണ്ട് എല്ലാ സ്കൂള്‍ വര്‍ഷികങ്ങള്‍ക്കും യാത്രയയപ്പുകള്‍ക്കും ഇന്നസെന്റിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. അവിടെയെല്ലാം അദ്ദേഹം പഠിച്ചിട്ടുണ്ടല്ലോ. പലപ്പോഴും ഇന്നസെന്റിന്റെ പ്രസംഗങ്ങള്‍ നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ പ്രക്രിയക്കെതിരായ കാതലുള്ള വിമര്‍ശനമായി മാറുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം അതൊരുപക്ഷേ ഉദ്ദേശിക്കുന്നുണ്ടാവില്ല. തന്നെയും തന്റെ പരിമിതികളെയുമാണ് അദ്ദേഹം പരിഹസിക്കുന്നത്. അസാമാന്യ മിഴിവുള്ള ഒരു അന്തരീക്ഷം അദ്ദേഹം പ്രസംഗമധ്യേ സൃഷ്ടിക്കും. അതിനദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളുടെ സൂക്ഷ്മത കണ്ട് കഥാകൃത്ത് എന്ന നിലയില്‍ അഹങ്കരിക്കുന്ന ഞാന്‍ അത്ഭുതപ്പെടാറുണ്ട്. അത്രതന്നെ സൂക്ഷ്മമായും മൗലികമായും അല്ല അദ്ദേഹത്തിന്റെ ആത്മകഥയും ഓര്‍മക്കുറിപ്പുകളും പകര്‍ത്തപ്പെട്ടിട്ടുള്ളത് എന്നുകൂടി ഞാന്‍ പറയും.

ഒരു മൗലിക പ്രതിഭയെ കണ്ടെത്തുന്നതില്‍ നമ്മുടെ ഔപചാരിക വിദ്യാഭ്യാസം എങ്ങനെ പരാജയപ്പെടുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവായാണ് ഇന്നസെന്റ് സ്കൂള്‍ സദസ്സുകള്‍ക്കു മുമ്പാകെ പ്രത്യക്ഷപ്പെടുന്നത്. പരിഷ്ക്കാരങ്ങള്‍ പലതും നടന്നെങ്കിലും ഒരു ഇന്നസെന്റിനേയോ ഒരു മാധവചാക്യാരെയോ തിരിച്ചറിയാനുള്ള പക്വത നമ്മുടെ വിദ്യാഭ്യാസ പദ്ധതി ഇനിയും നേടിയിട്ടില്ല. ഒരു ഐന്‍സ്റ്റിന്‍ പോലും ക്ലാസുമുറിയില്‍ നടക്കുന്ന പരീക്ഷയിലൂടെ ജയിച്ചു കയറണമെന്നില്ല. പരീക്ഷയെന്ന അരിപ്പയിലൂടെ നാം ആരെയൊക്കെയാണ് അരിച്ചെടുക്കുന്നതെന്ന് ഓര്‍ത്ത് ഞാന്‍ അമ്പരക്കാറുണ്ട്. ജീവിതത്തില്‍ ഒരിക്കലും മലയാള ഭാഷയിലുള്ള ഒരു ആഴ്ചപ്പതിപ്പോ, മാസികയോ വായിച്ചിട്ടില്ലാത്ത മലയാള സാഹിത്യ ഗവേഷകരെ കണ്ടുമുട്ടാറുണ്ട്. സ്വന്തം ജില്ലയിലെ ഏതെങ്കിലും സ്വാതന്ത്ര്യ സമരസേനാനിയുടെ പേരു പറയാനറിയാത്ത ഹിസ്റ്ററി എമ്മേക്കാരന്‍. എല്ലാവരും ഡിസ്റ്റിങ്ഷനോടെ പാസ്സായവരാണ്. ഇന്നസെന്റാകട്ടെ പരാജയപ്പെട്ടവനും.

തൃശൂരിലെ പ്രസിദ്ധമായ ഫൈന്‍ ആര്‍ട്സ് കോളേജിന് എതിര്‍വശത്തുള്ള സര്‍ക്കാര്‍ ആപ്പീസില്‍ ഞാന്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. കോളേജിലെ ചിത്രപ്രദര്‍ശനങ്ങള്‍ ഇടയ്ക്ക് കാണാന്‍ പോകും. ഒരിക്കല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി എത്തിയിരുന്നു. അദ്ദേഹം അവിടത്തെ പൂര്‍വ വിദ്യാര്‍ഥിയാണ്. പ്രശസ്തനായ ആ ചിത്രകാരന്‍ തങ്ങളുടെ സ്ഥാപനത്തിലെ വിദ്യാര്‍ഥിയായിരുന്നു എന്നതിലുള്ള അഭിമാനം സ്വാഗത പ്രാസംഗികനും അധ്യക്ഷനും പ്രകടിപ്പിച്ചു. തന്റെ പ്രസംഗത്തില്‍ നമ്പൂതിരി പറഞ്ഞു: ""ഇവിടത്തെ ഒരു പൂര്‍വവിദ്യാര്‍ഥിയാണ് എന്നതില്‍ എനിക്ക് വളരെ അഭിമാനമുണ്ട്. യഥാകാലം ഞാന്‍ ഇവിടെ പഠിച്ചെങ്കിലും പരീക്ഷകളൊന്നും നേരാംവണ്ണം പാസ്സാകാതെയാണ് ഇവിടെന്നു പോയത്."" ചുരുക്കിപ്പറഞ്ഞാല്‍ തോറ്റു മടങ്ങി എന്നര്‍ഥം. ആ സ്ഥാപനത്തില്‍ നിന്നു നല്ല നിലയില്‍ വിജയിച്ച വിദ്യാര്‍ഥിയെ എനിക്കപ്പോള്‍ ഓര്‍മ വന്നു. നമ്പൂതിരിയേക്കാള്‍ പ്രശസ്തനായി അദ്ദേഹം. പിന്നീട് നമ്മുടെ മുഖ്യമന്ത്രി ആയി മാറിയ സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന്‍.

*
അശോകന്‍ ചരുവില്‍ ദേശാഭിമാനി വാരിക 06 ഒക്ടോബര്‍ 2013

No comments: