Wednesday, October 2, 2013

ആ അമ്പു കൊണ്ടത് ആര്‍ക്കായിരുന്നു?

എഴുപത് വര്‍ഷം മുമ്പ്, അതായത് ഇന്ത്യയില്‍ കോളനി വാഴ്ചയുടെ അവസാനകാലത്ത് യൂറോപ്പിലെയും അമേരിക്കയിലെയും രക്ഷിതാക്കള്‍, കഴിക്കുന്ന പാത്രത്തില്‍ ഭക്ഷണം പാഴാക്കിക്കളയരുതെന്ന് കുട്ടികളെ ഓര്‍മിപ്പിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതെ അങ്ങു ദൂരെ ഇന്ത്യയില്‍ ഒരുപാടു പേരുണ്ടെന്ന് അവര്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തു. ഒരു പട്ടിണിരാജ്യത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയായിരുന്നു ഈ ജാഗ്രതപ്പെടുത്തല്‍. നൊബേല്‍ സമ്മാന ജേതാവും ധനശാസ്ത്രപണ്ഡിതനുമായ അമര്‍ത്യ സെന്നും ജീന്‍ ഡ്രെസിയും ചേര്‍ന്നു രചിച്ച "ഏന്‍ അണ്‍സേര്‍ട്ടെന്‍ ഗ്ലോറി" എന്ന പുതിയ പുസ്തകത്തിലാണ് ഈ ഓര്‍മപ്പെടുത്തല്‍.

ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയുടെ ചരിത്രവും വികാസവും രേഖപ്പെടുത്തുകയാണ് അമര്‍ത്യ സെന്‍. ദാരിദ്ര്യത്തില്‍ വലഞ്ഞ ഒരു ജനതയോട് പാശ്ചാത്യരാജ്യങ്ങളെല്ലാം സഹതപിച്ചിരുന്നതായിരുന്നു അക്കാലം. ഇന്ന് സാമ്പത്തിക ഭദ്രതയ്ക്കായി അമേരിക്ക തയ്യാറെടുത്തപ്പോള്‍ ഡോളറിന് മൂല്യവര്‍ധന. രൂപയ്ക്ക് മൂല്യത്തകര്‍ച്ച. ധനശാസ്ത്രവിശകലനത്തില്‍ അത് ഇന്ത്യയെ സാമ്പത്തികപ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുന്നു. 2013 ആഗസ്ത് 28 നായിരുന്നു സമീപകാല ഇന്ത്യ ഏറ്റവും നിരാശപ്പെട്ട ദിനം. അന്ന് ഇരുപതു വര്‍ഷത്തിനിടയില്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ച്ചയിലേക്ക് പതിച്ചു. ഡോളറിനെതിരെ 68.83 ആയി രൂപയുടെ മൂല്യം കുറഞ്ഞു. 1993 മാര്‍ച്ച് ഒന്നിന് 68.85 രൂപയായതാണ് മുമ്പത്തെ വലിയ മൂല്യത്തകര്‍ച്ച. അതിനു ശേഷമുള്ള ഈ തകര്‍ച്ച വളര്‍ച്ചയിലേക്ക് കുതിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട ഇന്ത്യക്ക് വന്‍ തിരിച്ചടിയായി. ഇപ്പോഴും സാമ്പത്തികരംഗം തകര്‍ന്നതിനെക്കുറിച്ചുള്ള ആശങ്കകളും പരിഷ്കാരത്തിനുള്ള ഒരുക്കങ്ങളുമായി ധനശാസ്ത്രവിശാരദന്മാര്‍ കൂട്ടിക്കിഴിക്കലുകള്‍ നടത്തുകയാണ്. ഇതിനിടെ, സിറിയയിലെ ആക്രമണസാധ്യത ഓഹരി വിപണിയെ തകര്‍ത്തതിന്റെ ദുരനുഭവം സെപ്തംബര്‍ മൂന്നിന് പ്രകടമായി. ഓഹരിസൂചിക മൂക്കുകൂത്തിയ ദിവസമായിരുന്നു അന്ന്. ഇരുപതു വര്‍ഷത്തിനിടയില്‍ രൂപ മൂല്യത്തകര്‍ച്ചയുടെ പടുകുഴിയില്‍ വീണ അതേദിവസം, മറ്റൊരു പ്രസ്താവനയും വലിയ വാര്‍ത്തയായി. ഒരു ദിവസത്തെ പ്രാധാന്യത്തിനപ്പുറം ആരും അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷിച്ചു ചെന്നില്ല. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് വര്‍ഷങ്ങളായി ഇന്ത്യന്‍ വ്യവസായരംഗത്ത് അതികായനായി നില്‍ക്കുന്ന രത്തന്‍ ടാറ്റ വിളിച്ചു പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തികരംഗം വെല്ലുവിളി നേരിടുമ്പോള്‍ ഒരു വ്യവസായിയില്‍ നിന്ന് ഇത്തരം പ്രതികരണം ആരും പ്രതീക്ഷിച്ചിരിക്കില്ല. എന്നാല്‍, കാലങ്ങളായി ഇന്ത്യന്‍ സാമ്പത്തികരംഗം നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്ന രത്തന്‍ ടാറ്റയുടേത് കേവലമൊരു വിമര്‍ശനമല്ല. വാസ്തവത്തിലേക്കുള്ള ചൂണ്ടുവിരലാണ്. അദ്ദേഹം പറഞ്ഞ വാക്കുകളില്‍ നിന്നു തന്നെ നമുക്കതു വായിച്ചെടുക്കാം.

""സ്വകാര്യരംഗത്തെ നിക്ഷിപ്ത താല്‍പര്യക്കാരുടെ സ്വാധീനത്തിലാണ് സര്‍ക്കാര്‍. ഇത്തരക്കാര്‍ക്കു വേണ്ടി നയങ്ങള്‍ മാറ്റി, വൈകിച്ചു, ഉപജാപങ്ങള്‍ നടത്തി. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. 1991ലെ സാമ്പത്തികപരിഷ്കാരം ധീരമായ ചുവടുവയ്പായിരുന്നു. അതു നടപ്പാക്കിയ അതേ സംഘം തന്നെയാണ് ഇപ്പോള്‍ അധികാരത്തില്‍. എന്നാല്‍, ഇവിടെ താല്‍പര്യങ്ങളുടെ സംഘര്‍ഷം നടക്കുന്നു."" മുന്നില്‍ നിന്നു നയിക്കാനുള്ള നേതൃത്വം നമുക്കു നഷ്ടമായിരിക്കുന്നു "നിക്ഷിപ്ത താല്‍പര്യക്കാരുടെ സ്വാധീനത്തിലാണ് സര്‍ക്കാരെന്ന്" ടാറ്റ തുറന്നു പറയുമ്പോള്‍ ലക്ഷ്യമിട്ടത് റിലയന്‍സിനെയാണെന്ന് കരുതിയാല്‍ തെറ്റാനിടയില്ല. ഇന്ത്യന്‍ ഭരണകൂടത്തില്‍ ഇത്രയധികം സ്വാധീനമുള്ള വ്യവസായി റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ അംബാനിയാണെന്നത് പകല്‍ പോലെ വാസ്തവം. കേന്ദ്രം ഭരിക്കുന്നത് റിലയന്‍സാണെന്ന രഹസ്യസംഭാഷണം പോലും ഇന്ദ്രപ്രസ്ഥത്തിലുണ്ട്. റിലയന്‍സിന് നിര്‍ണായക ഓഹരിപങ്കാളിത്തമുള്ള സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ തന്നെ അഭിപ്രായം പറയാന്‍ ടാറ്റ ഉപയോഗിച്ചതും കൗതുകമായി. രൂപയ്ക്കു തകര്‍ച്ച നേരിട്ടപ്പോള്‍ ഇന്ത്യയിലെ ശതകോടീശ്വരനായ മുകേഷ് അംബാനിക്ക് 24 ശതമാനമാണത്രേ വരുമാനനഷ്ടം. ആഗസ്ത് മൂന്നാം വാരത്തിലെ കണക്കാണിത്. ലോകത്തിലെ ഏറ്റവും വലിയ ഇന്ധനശേഖരത്തിന്റെ ഉടമ കൂടിയാണ് മുകേഷ് അംബാനി.

മെയ് ഒന്നു മുതല്‍ ഇന്ധനത്തില്‍ 560 കോടി ഡോളര്‍ വരുമാന നഷ്ടമുണ്ടായെന്നും വിലയിരുത്തപ്പെടുന്നു. 1750 കോടി ഡോളര്‍ സ്വത്തുള്ള ഇന്ത്യയിലെ ധനവാനാണ് മുകേഷ് അംബാനി. സഹോദരന്‍ അനില്‍ അംബാനിക്ക് 130 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഏറെക്കാലമായി ഇന്ത്യന്‍ വ്യവസായരംഗത്തെ സാന്നിധ്യമായ ബിര്‍ള ഗ്രൂപ്പിന് 11 ശതമാനമേ നഷ്ടമുണ്ടായിട്ടുള്ളൂ. 95 കോടി ഡോളര്‍ നഷ്ടം കുമാരമംഗലം ബിര്‍ളയ്ക്കുണ്ടായി. സാമ്പത്തികരംഗം കൂപ്പുകുത്തുമ്പോഴും ടാറ്റയെപ്പോലെ ശ്രദ്ധേയമായ അഭിപ്രായപ്രകടനം പോലും റിലയന്‍സ് നടത്തിയിട്ടില്ല. കയറ്റുമതിയിലും ഇറക്കുമതിയിലുമൊക്കെ നിര്‍ണായക സ്വാധീനമുള്ള റിലയന്‍സ് ഗ്യാലറിയിലിരുന്ന് കളി കാണുകയാണ്. ഉത്തരവാദിത്തമുള്ള വ്യവസായപ്രമുഖന്റെ പ്രതികരണം മുകേഷ് അംബാനിയില്‍ നിന്നുണ്ടാവാത്തതില്‍ അതിശയിക്കാനുമില്ല. കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന അഞ്ചു ലക്ഷം കോടി രൂപയുടെ നികുതിയിളവില്‍ ഏറ്റവും കൂടുതല്‍ ലാഭവും റിലയന്‍സിനല്ലാതെ മറ്റാര്‍ക്കുമല്ല.

ഏറ്റവുമൊടുവില്‍ വിവാദത്തില്‍പ്പെട്ട ആന്ധ്രയിലെ കൃഷ്ണ-ഗോദാവരി വാതകപ്പാടങ്ങളിലെ അനുഭവം നോക്കാം. ഇവിടെ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കാന്‍ റിലയന്‍സിനാണ് അനുമതി. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു എംഎംബിടിയു (ബിടിയു- ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് എന്നതി ന്റെ ചുരുക്കപ്പേരാണ്. എംഎം എന്നാല്‍ മില്യണ്‍ അഥവാ ദശലക്ഷം എന്നാണര്‍ഥം. പ്രകൃതിവാതകം എംഎംബിടിയു അളവിലാണ് കണക്കാക്കുക. താപനിലയും മര്‍ദവും കണക്കാക്കി ഒരു എംഎംബിടിയു എന്നാല്‍ 28.263682 മീറ്റര്‍ ക്യുബിക് എന്നര്‍ഥം) പ്രകൃതിവാതകത്തിന് 8.40 ഡോളര്‍ വി ല കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രംഗരാജന്‍ സമിതി ശുപാര്‍ശ ചെയ്തു. ഇത് കേന്ദ്രസര്‍ക്കാര്‍ അതേപടി അംഗീകരിച്ചിട്ട് രണ്ടു മാസത്തിലേറെയായി. എഐടിയുസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത ഇക്കാര്യത്തില്‍ പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിക്കെതിരെ പരസ്യമായി രംഗത്തു വന്നു. അദ്ദേഹം ലോക്സഭയില്‍ ഇക്കാര്യം പലതവണ ഉന്നയിക്കുകയും ചെയ്തു. സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും കൊണ്ടുവന്നു. പക്ഷേ, ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

2008 ഡിസംബറില്‍ മന്ത്രിതല സമിതി നിശ്ചയിച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് യൂണിറ്റിന് 4.2 ഡോളര്‍ നിരക്കില്‍ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കണമെന്നാണ്. ഇതേ കാലയളവില്‍ എന്‍ടിപിസിയുമായി റിലയന്‍സ് 17 വര്‍ഷത്തേക്ക് അന്താരാഷ്ട്ര കരാറില്‍ ഏര്‍പ്പെട്ടത് യൂണിറ്റിന് 2.34 ഡോളര്‍ നിരക്കില്‍ പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കാമെന്നാണ്. എന്നാല്‍, ഇതെല്ലാം അവഗണിച്ച് രണ്ടു മാസം മുമ്പ് രംഗരാജന്‍ സമിതി മുമ്പത്തേതിനേക്കാള്‍ ഇരട്ടിത്തുക, അതായത് യൂണിറ്റിന് 8.40 ഡോളര്‍ വില കൂട്ടിക്കൊടുക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതു കേന്ദ്രസര്‍ക്കാര്‍ അതേപടി അംഗീകരിച്ചതിനു പിന്നിലെ താല്‍പര്യം ഊഹിക്കാവുന്നതേയുള്ളൂ. വീരപ്പ മൊയ്ലി വ്യക്തിപരമായി താല്‍പര്യമെടുത്ത്് വിലവര്‍ധന നടപ്പാക്കിയെന്നാണ് ഗുരുദാസ് ദാസ്ഗുപ്തയുടെ ആരോപണം. 2014-15 വര്‍ഷത്തില്‍ എട്ടു ഡോളറും 2015-16 വര്‍ഷത്തില്‍ പത്തു ഡോളറും 2006-17 വര്‍ഷത്തില്‍ 12 ഡോളറും വീതം കൂട്ടാനും കേന്ദ്രം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഗുപ്ത വെളിപ്പെടുത്തി.

ഇങ്ങനെ പോയാല്‍ 13-ാം പഞ്ചവത്സരപദ്ധതിക്കാലത്ത് യൂണിറ്റിന് 14 ഡോളര്‍ നല്‍കി റിലയന്‍സില്‍ നിന്നും പ്രകൃതിവാതകം വാങ്ങേണ്ടി വരും. പ്രകൃതിവാതകം യൂണിറ്റിന് 8.40 ഡോളറാക്കുന്നതോടെ വൈദ്യുതിച്ചെലവില്‍ യൂണിറ്റിന് രണ്ടു രൂപയുടെയും രാസവളം ടണ്ണിന് 6000 രൂപയുടെയും വര്‍ധനവുണ്ടാവും. പ്രകൃതി വാതക വില കൂട്ടുന്നതോടെ പ്രതിവര്‍ഷം 11,000 കോടി രൂപയുടെ അധിക സബ്സിഡി ബാധ്യതയുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. വൈദ്യുതിച്ചെലവ് യൂണിറ്റിന് 6.40 രൂപയായി കൂടും. ഊര്‍ജ നിലയങ്ങള്‍ക്കുള്ള ചെലവ് പ്രതിവര്‍ഷം 33,000 കോടി രൂപയായാണ് വര്‍ധിക്കുക! ഇങ്ങനെ മൊത്തം സബ്സിഡി ഭാരം അഞ്ചു വര്‍ഷക്കാലയളവില്‍ 2,20,000 കോടി രൂപയാവും.

ഇനി റിലയന്‍സിനു ലഭിക്കുന്ന ലാഭം നോക്കാം. പ്രകൃതിവാതകത്തിന് വില കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായതോടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ 81,000 കോടി രൂപയാണ് ഈ വ്യവസായവമ്പന്റെ ലാഭം. റിലയന്‍സിന് 90 ശതമാനവും സര്‍ക്കാരിന് പത്തു ശതമാനവുമെന്നതാണ് ലാഭവിഹിതത്തിന്റെ അനുപാതം. കരാറനുസരിച്ച് ഈ വര്‍ഷം 80 എംഎംഎസ്സിഎംഡി (മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ പെര്‍ ഡേ) ഉല്‍പ്പാദിപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, കൃഷ്ണ-ഗോദാവരി ബേസിനില്‍ 14 ദശലക്ഷം യൂണിറ്റു മാത്രമേ ഉല്‍പ്പാദിപ്പിച്ചിട്ടുള്ളൂ. 2016-17 വര്‍ഷത്തോടെ ഉല്‍പ്പാദനം 40 ദശലക്ഷം യൂണിറ്റായി ശേഷി കൂടുമെന്നായിരുന്നു വാതകവില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് വീരപ്പ മൊയ്ലിയുടെ പ്രസ്താവന. എന്നാല്‍, മൂന്നു വര്‍ഷമായി വ്യവസ്ഥ ചെയ്യപ്പെട്ട പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കാന്‍ റിലയന്‍സ് തയ്യാറായിട്ടില്ലെന്നത് സര്‍ക്കാര്‍ മറന്ന പോലെ ഭാവിച്ചു. ഉല്‍പ്പാദനത്തില്‍ 2011-12 വര്‍ഷത്തില്‍ 28 ദശലക്ഷം യൂണിറ്റും 2012-13 വര്‍ഷത്തില്‍ 55 ദശലക്ഷം യൂണിറ്റും 2013-14 വര്‍ഷത്തില്‍ 66 ദശലക്ഷം യൂണിറ്റും റിലയന്‍സ് കുറവു വരുത്തി. ഇങ്ങനെ മൊത്തം 1,13,000 കോടി രൂപയാണ് റിലയന്‍സ് വഴി കേന്ദ്രസര്‍ക്കാരിനുണ്ടായ നഷ്ടം. വൈദ്യുതി, രാസവളം ഉല്‍പ്പാദനത്തില്‍ ഈ നഷ്ടം വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കി. ഈ കുറവു നികത്താന്‍ സര്‍ക്കാരിന് മറ്റു മാര്‍ഗം തേടേണ്ടി വന്നതിന്റെ ചെലവു കൂടി കണക്കാക്കിയാല്‍ പൊതുഖജനാവിന് റിലയന്‍സ് ഉണ്ടാക്കിയ സാമ്പത്തികഭാരത്തിന്റെ ചുരുളഴിയും.

കരാര്‍ അനുസരിച്ചുള്ള ഉല്‍പ്പാദനം നടത്തിയില്ലെങ്കില്‍ കമ്പനിയില്‍ നിന്ന് പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. മുന്‍ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഢി ഈ നടപടിക്കു തയ്യാറെടുത്തിരുന്നു. എന്നാല്‍, അദ്ദേഹത്തെ മാറ്റി വീരപ്പ മൊയ്ലിയെ മന്ത്രിസ്ഥാനമേല്‍പ്പിച്ചു. റിലയന്‍സിനെതിരെയുള്ള നിയമനടപടി നിര്‍ത്തിവച്ചതാണ് മൊയ്ലിയുടെ സംഭാവന! ഇങ്ങനെ കേന്ദ്രം കോര്‍പറേറ്റ് ഭീമനോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിച്ചു. കൃഷ്ണ-ഗോദാവരി വാതകപ്പാടങ്ങളില്‍ റിലയന്‍സിനുള്ള കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു കഴിഞ്ഞു. സന്നദ്ധസംഘടനയായ കോമണ്‍ കോസ്, മുന്‍ കാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രമണ്യന്‍, മുന്‍ അഡ്മിറല്‍ എല്‍ രാമദാസ്, മുന്‍സെക്രട്ടറി രാമസ്വാമി ആര്‍ അയ്യര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് റിലയന്‍സ് ഉല്‍പ്പാദനക്കുറവു വരുത്തിയിട്ടുള്ളതെന്നാണ് ഇവരുടെ ആരോപണം. വാതകവില കൂട്ടിയത് സര്‍ക്കാരും റിലയന്‍സും തമ്മിലുള്ള ഗൂഢാലോചനയാണെന്നാണ് മറ്റൊരു ആരോപണം. തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ ഉള്ളടക്കം. ഈ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ മറുപടി ചോദിച്ചു കഴിഞ്ഞു. റിലയന്‍സിനെ സഹായിക്കാന്‍ വാതകവി ല വര്‍ധിപ്പിച്ചത് റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോടും പെട്രോളിയം മന്ത്രിയോടും തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കപ്പെട്ടിട്ടും ഇതുവരെ സര്‍ക്കാര്‍ പിന്മാറിയിട്ടില്ല.

പ്രതിസന്ധിയുടെ ആഴവും അര്‍ഥവും

കോര്‍പറേറ്റുകള്‍ കൈനിറയെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന വര്‍ത്തമാനകാലത്താണ് ഇന്ത്യയില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും സാമ്പത്തികപ്രതിസന്ധിയും ചര്‍ച്ചയാകുന്നത്. കടപ്പത്രങ്ങള്‍ വാങ്ങിക്കൂട്ടിയുള്ള പദ്ധതികള്‍ കുറച്ച് വി പണിയില്‍ ഇടപെടാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചതോടെ ഡോളര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടത് ഇന്ത്യയുടെ വിദേശവിനിമയത്തെ ബാധിച്ചു. വിദേശ നിക്ഷേപം നടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളെ റിസര്‍വ് ബാങ്ക് നിയന്ത്രിച്ചതും ഓഹരിവിപണിയില്‍ ആശങ്കയുണ്ടാക്കി. ഇങ്ങനെ വിദേശത്തും സ്വദേശത്തുമുള്ള സാമ്പത്തിക വൈരുധ്യങ്ങള്‍ ധനസ്ഥിതി വഷളാക്കിയെന്ന് കരുതപ്പെടുന്നു. വിദേശ നിക്ഷേപത്തിന് വാതില്‍ തുറന്നിട്ട ധനനയം നടപ്പാക്കിയ ഒരു രാജ്യത്ത് വിദേശ മൂലധനം കുറയുമ്പോള്‍ സാമ്പത്തികരംഗം ഉലയുന്നതു സ്വാഭാവികമാണ്. എന്നാല്‍, ആഭ്യന്തരരംഗത്ത് ആത്മവിശ്വാസമുണ്ടാക്കാന്‍ എന്തു നടപടിയുണ്ടായി എന്ന ചോദ്യം ഇവിടെ പ്രസക്തമാവുന്നു.

ഇന്ത്യന്‍ സംരംഭകര്‍ തന്നെ സ്വദേശത്ത് നിക്ഷേപം നടത്തുന്നതിനുപകരം വിദേശരാജ്യങ്ങളെ തേടിപ്പോവുന്നതാണ് അവസ്ഥ. ഇന്ത്യക്കു പകരം വിയറ്റ്നാം, എറിത്രിയ തുടങ്ങിയ രാജ്യങ്ങള്‍ പോലും സുരക്ഷിത നിക്ഷേപത്തിനു പറ്റിയ ഇടങ്ങളാണെന്ന് അവര്‍ കരുതുന്നുവത്രേ. വ്യവസായസംഘടനയായ അസോചം നടത്തിയ പഠനമനുസരിച്ച് 2012-13 വര്‍ഷത്തില്‍ ഇന്ത്യന്‍ സംരംഭകരുടെ 2828 പദ്ധതി നിര്‍ദേശങ്ങളുണ്ടായി. ആറു ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്നതാണത്രേ ഈ പദ്ധതികള്‍. അതേസമയം, നടപ്പു സാമ്പത്തികവര്‍ഷം ഇത്തരം പദ്ധതിനിര്‍ദേശങ്ങള്‍ 697 ആയി ചുരുങ്ങി. 1.4 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനുള്ള നിര്‍ദേശങ്ങളെ വന്നിട്ടുള്ളുവത്രേ. ഇങ്ങനെ ആഭ്യന്തര നിക്ഷേപരംഗത്തുണ്ടായ ഇടിവ് കണ്ടില്ലെന്നു നടിക്കാവുന്നതല്ല. സാമ്പത്തികഭദ്രത കുറഞ്ഞതു കൊണ്ടോ കൈയില്‍ പണമില്ലാത്തതിനാലോ ഈ നിക്ഷേപകര്‍ പിന്മാറിയെന്നു പറയാനാവില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ഈ ഗണത്തില്‍പ്പെട്ട 500 കമ്പനികളുടെ ലിക്വിഡ് ഇന്‍വെസ്റ്റ്മെന്റ് 9.3 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകള്‍. ഇത്രയും തുകയുണ്ടെങ്കില്‍ ഇന്ത്യയില്‍ 80,000 കിലോമീറ്റര്‍ നാലുവരി ദേശീയപാത നിര്‍മിക്കാനാവും.

ഇന്ത്യന്‍ സംരംഭകര്‍ വിദേശത്ത് നിക്ഷേപിക്കുന്ന തുകയിലും വന്‍വര്‍ധനവുണ്ടായിട്ടുണ്ട്. 2012-13ല്‍ 4400 കോടി ഡോളര്‍ നിക്ഷേപമാണത്രേ വിദേശത്ത് ഇന്ത്യക്കാരുടെ സംഭാവന. ഈ വര്‍ഷം ജൂണില്‍ മാത്രമുള്ള കണക്കില്‍ ഈ നിക്ഷേപം 1700 കോടി ഡോളറിലെത്തി. വിദേശനിക്ഷേപത്തില്‍ ലോകത്ത് 25-ാം സ്ഥാനത്താണത്രേ ഇന്ത്യ. നിക്ഷേപത്തെക്കുറിച്ച് ഇന്ത്യയിലുള്ള പരമ്പരാഗത കാഴ്ചപ്പാടും നിക്ഷേപത്തിനുള്ള റിസ്കും മുഖ്യതടസ്സങ്ങളായി നിലനില്‍ക്കുന്നതാണ് ഇന്ത്യന്‍ സംരംഭകര്‍ വിദേശങ്ങളെ തേടിപ്പോവുന്നതിന്റെ കാരണമെന്നാണ് വിലയിരുത്തല്‍. വിദേശത്തു നിന്നുള്ള മൂലധനത്തിന് വാതിലുകള്‍ മലര്‍ക്കെ തുറന്നിടാന്‍ നയങ്ങള്‍ നിരന്തരം പരിഷ്കരിക്കുന്ന സര്‍ക്കാരാവട്ടെ, വീണ്ടുവിചാരത്തിന് ഇതുവരെ മിനക്കെട്ടിട്ടില്ല.

ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സോവറീന്‍ വെല്‍ത്ത് ഫണ്ട് സ്വരൂപിക്കണമെന്നാണ് കേന്ദ്രം കൈക്കൊണ്ട ഒരു പരിഹാര നടപടി. പത്തു പൊതുമേഖലാ സ്ഥാപനങ്ങള്‍ ചുരുങ്ങിയത് 15,000 കോടി രൂപ സമാഹരിക്കണമെന്നാണ് നിര്‍ദേശം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ധനസമാഹരണം. ഇതിനായി നികുതിയില്ലാത്ത ബോണ്ടുകള്‍ വിതരണം ചെയ്യും. സ്വദേശത്തും വിദേശത്തും നി ക്ഷേപം അനുവദിക്കുന്നതാണ് ഈ രീതി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വരൂപിക്കുന്ന ഇത്തരം ഓഹരികളിലൂടെയുള്ള നിക്ഷേപം അടിസ്ഥാന സൗകര്യവികസനപദ്ധതികളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുടക്കാനാവും. നടപ്പുസാമ്പത്തികവര്‍ഷം 48,000 കോടി രൂപ ഇങ്ങനെ സ്വരൂപിക്കാന്‍ ധനമന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ റെയില്‍വേ, നാഷണല്‍ ഹൗസിങ് ബാങ്ക്, ദേശീയപാത അതോറിറ്റി, എന്‍ടിപിസി, ഊര്‍ജ ധനകാര്യ കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ ഈ രീതിയില്‍ ധനസമാഹരണം നടത്തും. ലോകബാങ്കടക്കമുള്ള അന്താരാഷ്ട്ര ധനകാര്യ ഏജന്‍സി കളില്‍ കൂടുതല്‍ തുക വായ്പയെടുക്കാനും സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഇത്തരം പരിഹാരനടപടികള്‍ ഫലം കാണുമോയെന്ന് വ്യക്തമായിട്ടില്ല.

എന്നാല്‍, ഇന്ത്യന്‍ സാമ്പത്തിക രംഗത്തെക്കു റിച്ച് ആശങ്ക രേഖപ്പെടുത്തുന്നതു തന്നെയാണ് വരുന്ന പഠന റിപ്പോര്‍ട്ടുകളെല്ലാം. കറന്റ് അക്കൗണ്ടില്‍ വന്‍തോതിലുള്ള കുറവ് ഇന്ത്യയും ഇന്തോനേഷ്യയുമടക്കമുള്ള രാജ്യങ്ങളിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ മുന്നറിയിപ്പു നല്‍കുന്നു. 2012-13 വര്‍ഷത്തില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 4.8 ശതമാനം അഥവാ 882 കോടി ഡോളറായി സര്‍വകാല റെക്കോര്‍ഡിലെത്തി. നടപ്പുവര്‍ഷം ഇത് 3.7 ശതമാനമായി കുറച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. ആഭ്യന്തരവിപണിയെ ആശ്രയിച്ചു കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് ഏജന്‍സിയുടെ വിശേഷണം. അതിനാല്‍ വരുംകാലങ്ങളില്‍ സാമ്പത്തികപ്രതിസന്ധി മൂര്‍ച്ഛിക്കുമത്രേ. അമേരിക്കയില്‍ ധനകാര്യ സര്‍വീസ് നടത്തുന്ന ഈ ഏജന്‍സിയുടെ മുന്നറിയിപ്പ് സമ്മര്‍ദശ്രമമാണെന്നും വേണമെങ്കില്‍ വിലയിരുത്താം.

ഇങ്ങനെ ഇന്ത്യന്‍ ധനസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയും ചര്‍ച്ചയും അനുദിനം തുടരുമ്പോള്‍ പരിഷ്കാരങ്ങളില്‍ നിന്നും പുറകോട്ടു പോവില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രഖ്യാപനം. 1991ല്‍ ധനമന്ത്രിയായിരിക്കേ പുത്തന്‍ സാമ്പത്തികനയം വിഭാവനം ചെയ്ത അദ്ദേഹത്തിന് ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അതില്‍ തെല്ലും കുറ്റബോധമില്ലെന്നര്‍ഥം. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ഇപ്പോഴത്തെ സാമ്പത്തി കപ്രതിസന്ധിക്ക് ഒരു കാരണമാണെന്ന് വിരമിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു പ്രഖ്യാപിച്ചു കഴിഞ്ഞു. റിസര്‍വ് ബാങ്ക് നടപടികള്‍ പ്രതിസന്ധി വര്‍ധിപ്പിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും കുറ്റപ്പെടുത്തലിനുള്ള മറുപടി മാത്രമല്ല, നമ്മുടെ നയങ്ങളില്‍ പിഴവുകളുണ്ടെന്നു ചൂണ്ടിക്കാണിക്കുക കൂടിയാണ് സുബ്ബറാവു.
ന്യായവും വസ്തുതയും

ഏറെ നാളത്തെ മൗനത്തിനു ശേഷം സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയുണ്ടായി. രൂപയുടെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതായി അദ്ദേഹം സമ്മതിച്ചു. പക്ഷേ, സാമ്പത്തിക പരിഷ്കാരനടപടികളില്‍ നിന്നും പിന്മാറുന്ന പ്രശ്നമില്ല. ജനങ്ങള്‍ സ്വര്‍ണം, ഇന്ധനം എന്നിവയുടെ ഉപയോഗം നിയന്ത്രിച്ചാല്‍ പ്രതിസന്ധി മറികടക്കാമെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശം. നമ്മുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണത്രേ. സാമ്പത്തികവളര്‍ച്ച ലക്ഷ്യമിട്ടുള്ള ഒട്ടേറെ ബില്ലുകള്‍ പാസ്സാക്കാനുള്ളതിനാല്‍ പ്രതിപക്ഷപാര്‍ടികളുടെ സഹകരണവും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ നയങ്ങളല്ല പ്രതിസന്ധിയിലേക്ക് വലിച്ചിഴച്ചതെന്ന് ഇനിയും കേന്ദ്രത്തിനു ബോധ്യമായിട്ടില്ലെന്നാണ് ഈ വാക്കുകളുടെ അര്‍ഥം.

അമേരിക്കയില്‍ സാമ്പത്തികത്തകര്‍ച്ച ഉണ്ടായാല്‍ ഇന്ത്യന്‍ ധനസ്ഥിതിയെ അതു ബാധിക്കുന്നു. കടപ്പത്രങ്ങള്‍ ചുരുക്കി അമേരിക്ക സ്വന്തം ധനസ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ ഡോളറിന്റെ മൂല്യമുയരാന്‍ കാരണം. അമേരിക്കന്‍ സാമ്പത്തികരംഗം മെച്ചപ്പെടുമ്പോള്‍ ഇന്ത്യയും വളരേണ്ടതല്ലേയെന്നുള്ള സ്വാഭാവികമായ ചോദ്യം ഉയരുന്നു. പക്ഷേ, അതുണ്ടായില്ല. അമേരിക്കന്‍ ആശ്രിതത്വത്തിന് മാത്രമുള്ളതായിരുന്നു നമ്മുടെ സാമ്പത്തികപരിഷ്കാരമെന്ന് തിരിച്ചറിയാന്‍ ഈ സാമാന്യയുക്തി മാത്രം മതി. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (ഇറക്കുമതി യുടെയും കയറ്റുമതി യുടെയും മൊത്തം മൂല്യത്തിലുള്ള അന്തരം) വന്‍തോതില്‍ കുറഞ്ഞത് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 4.8 ശ തമാനം അഥവാ അഞ്ചു ശതമാനത്തോളമായിരുന്നു ഈ കമ്മി. എന്നാല്‍, നടപ്പുവര്‍ഷത്തില്‍ ഇതിനകം 4.4 ശതമാനമായി മൂക്കുകുത്തി. സാമ്പത്തികവിദഗ്ധന്‍ പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടിയ പോലെ സ്വകാര്യ ഉപഭോഗച്ചെലവ്, സ്വകാര്യ നിക്ഷേപം, ഉപഭോഗത്തിലും ചെലവിലുമുള്ള സര്‍ക്കാര്‍ ചെലവ്, മൊത്തക്കയറ്റുമതി എന്നിവയാണ് ഏതൊരു സാമ്പത്തികവ്യവസ്ഥയിലും നിര്‍ണായകം. ഇതില്‍ മൊത്തക്കയറ്റുമതിയിലുള്ള നെഗറ്റീവ് വളര്‍ച്ച സാമ്പത്തികവ്യവസ്ഥയിലെ ആവശ്യം വന്‍തോതില്‍ കുറച്ചു. ഇതാണ് ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിയുടെ കാരണം.

1991-ലെ പ്രതിസന്ധിയുമായി ഇപ്പോഴത്തേതിനെ താരതമ്യം ചെയ്യാനാവില്ലെന്നാണ് പ്രധാനമന്ത്രി അടിവരയിട്ടത്. 1991ല്‍ കറന്റ് അക്കൗണ്ട് കമ്മിയുടെ 60 ശതമാനവും പൊതുകടത്തെ തുടര്‍ന്നായിരുന്നു. തുടര്‍ന്ന്, സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കണമെന്നും രാജ്യത്തേക്ക് വിദേശ മൂലധനം കൂടുതല്‍ ആകര്‍ഷിക്കണമെന്നും പറഞ്ഞ് അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് പുത്തന്‍ സാമ്പത്തിക പരിഷ്കാരത്തിനു തുടക്കമിട്ടു. പ്രതിസന്ധിക്കുള്ള പ്രശ്നപരിഹാരമായിരുന്നു ഈ പരിഷ്കാരം. ഇപ്പോള്‍ വിദേശ കടത്തിന്റെ 20 ശതമാനമേ സര്‍ക്കാരിന്റെ സംഭാവനയുള്ളൂ. ഇന്ത്യയുടെ മൊത്തം കടത്തിന്റെ 45 ശതമാനം ബഹുരാഷ്ട്ര കുത്തകളുടെയും ഉഭയകക്ഷി ഏജന്‍സികളുടെയും വിനിമയത്തെ തുടര്‍ന്നുള്ളതാണ്. ഇതോടെ, സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ വിദേശമൂലധനത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും സംഭാവനയാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നു വ്യക്തമായി. ഈ വര്‍ഷം മാര്‍ച്ച് അവസാനിക്കുമ്പോള്‍ 4.78 ശതമാനമായിരുന്നു ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച. നടപ്പു സാമ്പത്തികവര്‍ഷം ആദ്യത്തെ മൂ ന്നു മാസം പിന്നിടുമ്പോള്‍ ഇത് 4.7 ശതമാനമായി കുറഞ്ഞു. ദശകത്തിലെ ഏറ്റവും വലിയ കുറവാണിത്. ആഭ്യന്തര-വിദേശ ആവശ്യം നിറവേറ്റാന്‍ കഴിയാത്തതും അടിസ്ഥാന സൗകര്യവികസനത്തിലെ വീഴ്ചയും വ്യവസായ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ ഭരണനിര്‍വഹണത്തില്‍ വന്ന കാലതാമസവുമൊക്കെ ഇതിനു കാരണമാണ്.

ചില്ലറ വ്യാപാരരംഗം

വിദേശ നിക്ഷേപത്തിനു തുറന്നിട്ടതടക്കമുള്ള പരിഷ്കാരങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ അവകാശപ്പെട്ടതു പോലെ വിദേശ നിക്ഷേപം ഇന്ത്യയിലേക്കെത്തിയില്ല. ഇപ്പോഴാവട്ടെ, രൂപയുടെ മൂല്യം തകര്‍ന്ന് സാമ്പത്തികത്തകര്‍ച്ച നേരിടുകയും ചെയ്തു. അപ്പോള്‍ എവിടെയാണ് പാളിച്ച? കാര്‍ഷികരംഗം പോലെ വളര്‍ച്ച താങ്ങി നിര്‍ത്തുന്ന നിര്‍ണായകമേഖലകളില്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ സര്‍ക്കാരിനായില്ല. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യ ഇക്കാര്യം തെളിയിക്കുന്നു. ഈ വര്‍ഷം ഇതുവരെ 608 കര്‍ഷകര്‍ വിദര്‍ഭയില്‍ ജീവനൊടുക്കി. കഴിഞ്ഞ വര്‍ഷം 916 പേര്‍ ആത്മഹത്യ ചെയ്തു. 2011ല്‍ 918 ഉം, 2010ല്‍ 748 ഉം, 2009ല്‍ 916 ഉം കര്‍ഷകര്‍ ജീവനൊടുക്കി. 2001ല്‍ തുടങ്ങിയതാണ് വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യകള്‍. 2006ല്‍ ഇതു രൂക്ഷമായി. 1448 പേര്‍ ജീ വനൊടുക്കി. ആത്മഹത്യ കൂടിയ 2006ല്‍ പ്രധാനമന്ത്രി വിദര്‍ഭ സന്ദര്‍ശി ക്കുകയും 3750 കോടി രൂപയുടെ പുനരധിവാസപാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, പാക്കേജുകള്‍ക്ക് കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ കഴിഞ്ഞില്ലെന്നതിന്റെ തെളിവാണ് ഇന്നും തുടരുന്ന ആത്മഹത്യകള്‍. നമ്മുടെ നട്ടെല്ലായ കാര്‍ഷികമേഖലയെ സര്‍ക്കാര്‍ പാടേ അവഗണിച്ചിരിക്കുന്നു. ചെലവു ചുരുക്കാന്‍ പറയുന്നതിനു പകരം രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കുള്ള ആനുകൂല്യം വെട്ടിച്ചുരുക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നു. ഈ വാദം സര്‍ക്കാര്‍ പു ച്ഛിച്ചു തള്ളി.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ 2100 കോടി രൂപയുടെ വായ്പയാണ് വന്‍കിട കമ്പനികള്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഇപ്പോള്‍, ആ ബാധ്യത എഴുതിത്തള്ളണമെന്ന് കോര്‍പറേറ്റുകള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നു. പ്രതീക്ഷിച്ച വിളവു കിട്ടാത്തതിനാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ കടം പെരുകിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യമെന്നോര്‍ക്കണം! രാജ്യം തളര്‍ന്നു കിടക്കുമ്പോള്‍ ഒരു കോര്‍പറേറ്റുകാരനും പ്രായോഗിക പ്രശ്നപരിഹാരം നിര്‍ദേശിച്ചിട്ടില്ല. ഇപ്പോഴും അവര്‍ വളര്‍ച്ചയ്ക്കു വേണ്ടി സര്‍ക്കാരിനെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ പതിവു രീതികളില്‍ നിന്നും മാറി ചിന്തിക്കണമെന്നാണ് അടുത്തിടെ ബ്ലൂംബര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ റിലയന്‍സ് ക്യാപിറ്റല്‍ ധനനിക്ഷേപക മേധാവി മധുസൂദന്‍ കേല അഭിപ്രായപ്പെട്ടത്. വളര്‍ച്ചയായിരിക്കണം സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും അദ്ദേഹം ഉപദേശിച്ചു. കോര്‍പറേറ്റുകള്‍ക്ക് തിന്നു കൊഴുക്കാന്‍ ഇനിയും നയങ്ങളുണ്ടാവണമെന്നാണ് ഈ വാക്കുകളിലെ ധ്വനി.

മന്‍മോഹന്‍ സിങ് കൊണ്ടുവന്ന പരിഷ്കാരം ഓരോ വര്‍ഷവും 500 കോടി ഡോളര്‍ വിദേശമൂലധനം ലഭ്യമാക്കാന്‍ കോര്‍പറേറ്റുകള്‍ ക്ക് സ്വാതന്ത്ര്യം നല്‍കി. അടുത്തിടെ ഇത്തരത്തിലുള്ള മൂലധനം 750 കോടി ഡോളറാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതിനെല്ലാം പുറമെ ചില്ലറവില്‍പ്പന, പ്രതിരോധം, പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് തുടങ്ങിയ മേഖലകള്‍ വിദേശമൂലധനത്തിനു തുറന്നിട്ടു. വിദ്യാഭ്യാസ രംഗത്തും വിദേശ മൂലധനമൊഴു ക്കാന്‍ തന്ത്രം മെനയുകയാണ്. ഇവിടെയാണ് രത്തന്‍ ടാറ്റയുടെ വാക്കുകള്‍ കൂട്ടിവായിക്കേണ്ടത്. ഒരു ഇന്ത്യന്‍ കോര്‍പറേറ്റ് മറ്റൊരു കുത്തകയെ പരോക്ഷമായി വിമര്‍ശിക്കുമ്പോള്‍ സ്വാഭാവികമായി കരുതാം.

എന്നാല്‍, ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സര്‍ക്കാരാണെന്നതാണ് ആ വിമര്‍ശനത്തിന്റെ പ്രസക്തി. ലോകം ഇന്ന് ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്നു. അതിനൊത്തു വികാസം പ്രാപിച്ചതാണ് ആധുനിക ലോകത്തെ സാമൂഹ്യ-സാമ്പ ത്തിക-സാംസ്കാരിക ഭൂമിക. ആധുനിക ശാസ്ത്രസാങ്കേതിക മുന്നേറ്റം, സാമൂഹ്യസാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള പരമ്പരാഗതസങ്കല്‍പ്പങ്ങളില്‍ നിന്നും വേറിട്ട പുനര്‍ചിന്തനം അനിവാര്യമാക്കുന്നു. അനിയന്ത്രിതസാമ്പത്തിക പരിഷ്കാരങ്ങളല്ല, ആഭ്യന്തരവിപണിയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് വേണ്ടത്. പു ത്തന്‍ പരിഷ്കാരങ്ങളെ സാമ്പത്തികവളര്‍ച്ചയുടെ ഏകജാലകത്തിലൂടെ നോക്കിക്കാണുന്നവരാണ് കൂടുതല്‍. എന്നാല്‍, യഥാര്‍ഥ വിശകലനത്തില്‍ രാജ്യം കൈവരിച്ച വളര്‍ച്ച തൊഴിലില്ലായ്മയുടെയും അസമത്വത്തിന്റെയും അഴിമതിയുടെയും വളര്‍ച്ചകൂടിയാണ്.

വിദേശ വിപണി തേടിയുള്ള വിവേചനരഹിതമായ പ്രയാണം ഭൂരിപക്ഷ ജനതയെ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടും. വളര്‍ച്ചയും തൊഴില്‍ സൃഷ്ടിക്കലും ഉള്‍ക്കൊള്ളുന്ന പുതിയ വികസനക്രമത്തിന്റെ രസതന്ത്രമാണ് ഇന്നത്തെ ആവശ്യം. ഇറക്കുമതി നിയന്ത്രണം, എന്‍ആര്‍ഐ പ്രോത്സാഹനം, കള്ളപ്പണം കണ്ടുകെട്ടല്‍, ആഭ്യന്തര കമ്പോള വികസനം, ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വികാസം, മനുഷ്യാധ്വാനത്തിന്റെ സമ്പൂര്‍ണ വിനി യോഗം, അനുയോജ്യമായ സാങ്കേതികവിദ്യയുടെ വികാസം എന്നിവ ഉള്‍ ക്കൊള്ളുന്ന ബദലാണ് അനിവാര്യമായ പ്രയോഗശാസ്ത്രം.

*
പി വി ഷെബി ദേശാഭിമാനി വാരിക 27-09-2013

No comments: