Wednesday, October 2, 2013

വീണ്ടും ചോരക്കളി

പതിനൊന്നു ദിവസംമുമ്പ് സെപ്തംബര്‍ 20ന് "ഭരണത്തണലിലെ ചോരക്കളി" എന്ന മുഖപ്രസംഗം ഞങ്ങള്‍ എഴുതിയിരുന്നു. കാസര്‍കോട് ഉദുമയിലെ സിപിഐ എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണനെ കോണ്‍ഗ്രസ് ക്രിമിനല്‍സംഘം അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവമായിരുന്നു പരാമര്‍ശവിഷയം. വീണ്ടും സെപ്തംബര്‍ 30ന് അതിക്രൂരമായ മറ്റൊരു കൊലപാതകം നടന്നത് ഒറ്റപ്പാലത്താണ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന കെഎസ്ഇബി കരാര്‍ത്തൊഴിലാളി അറവക്കാട് പുഞ്ചപ്പാടത്ത് കുണ്ടില്‍ ദീപു എന്ന 22 വയസ്സുമാത്രമുള്ള ഊര്‍ജസ്വലനായ ചെറുപ്പക്കാരനെയാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയത്. ഒരു സംഘട്ടനത്തിനിടയിലല്ല ദീപു കൊല്ലപ്പെട്ടത്. തൊഴില്‍ ചെയ്തുകൊണ്ടിരിക്കെ ആര്‍എസ്എസ് ഗുണ്ടകള്‍ മുന്‍കൂട്ടി ആസൂത്രണംചെയ്ത പരിപാടി അനുസരിച്ച് നീളമുള്ള കത്തി കഴുത്തില്‍ കുത്തിയിറക്കി കൊലപ്പെടുത്തുകയാണുണ്ടായത്.

ചുമട്ടുതൊഴിലാളിയുടെ മകനാണ് കൊല്ലപ്പെട്ട ദീപു. ഒരു വര്‍ഷമായി കരാര്‍ത്തൊഴിലാളിയായി വൈദ്യുതിവകുപ്പില്‍ ജോലിചെയ്യുകയായിരുന്നു. ദരിദ്രകുടുംബത്തിന്റെ അത്താണിയായിരുന്നു. ഇത് എഴുതികൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു കൊലപാതകത്തിന്റെ വാര്‍ത്തവന്നത്. ദീപുവിനെ കൊന്ന ദിവസംതന്നെ എബിവിപിക്കാരുടെ ബോംബേറില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന ധനുവച്ചപുരം ഐടിഐ വിദ്യാര്‍ഥി സജീര്‍ ഷാഹുലാണ് മരണമടഞ്ഞത്. എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു സജീര്‍ ഷാഹുല്‍. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിദ്യാര്‍ഥി സംഘടനയാണ് എബിവിപി. ഒരേദിവസം പാലക്കാട് ജില്ലയിലും തിരുവനന്തപുരം ജില്ലയിലുമായി ഒരു യുവാവും ഒരു വിദ്യാര്‍ഥിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന പൊലീസുകാരനും ക്വട്ടേഷന്‍ സംഘവുമാണ് കോഴിക്കോട് ബൈപാസ് റോഡില്‍ കാറില്‍വന്ന് മറ്റൊരു കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയടക്കമുള്ളവരെ ജനമധ്യത്തില്‍ പിടിച്ചിറക്കി തട്ടിക്കൊണ്ടുപോകാന്‍ ഒരുമ്പെട്ടത്. ജനങ്ങള്‍ ഇടപെടുകയും സ്ഥലം എംഎല്‍എ സ്ഥലത്ത് ഓടിയെത്തുകയും പൊലീസില്‍ തക്കസമയം വിവരം അറിയിക്കുകയും ചെയ്തതിനാല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനുള്ള ശ്രമം വിഫലമാകുകയാണുണ്ടായത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കള്ളക്കടത്ത്, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ യുഡിഎഫ് ഭരണത്തില്‍ പെരുകുകയാണ്. എല്ലാ കുറ്റകൃത്യങ്ങളുടെയും സൂത്രധാരന്മാര്‍ പൊലീസാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇപ്പോള്‍ പിടിയിലായ ഫയാസിന്റെ സ്വര്‍ണക്കള്ളക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെയും ഒത്താശയിലാണ് നടന്നത്. ഇതാണ് കുറ്റകൃത്യങ്ങളുടെ ദയനീയവശം. വേലിതന്നെ വിളവ് തിന്നുന്ന നിലയാണുള്ളത്. ഇതിനെതിരെ നടപടിയെടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ കുറ്റകൃത്യംചെയ്യുന്നവരുടെ സംരക്ഷകരും പങ്കാളികളുമായാല്‍ നീതിപൂര്‍വമായ അന്വേഷണംപോലും അസാധ്യമാണ്. കുറ്റവാളികള്‍ അധികാരത്തിന്റെ അത്യുന്നതങ്ങളില്‍ വാഴുകയാണ്. അവര്‍ കുറ്റംചെയ്തശേഷം നിഷ്പ്രയാസം നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുന്ന സ്ഥിതിയാണുണ്ടാകുന്നത്.

അതിന്റെ മറ്റൊരു ഭാഗമാണ് തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങള്‍. കേരളത്തില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം നടക്കില്ലെന്ന വീമ്പുപറച്ചില്‍ ഭരണാധികാരികളില്‍നിന്ന് ഒരുവര്‍ഷംമുമ്പ് കേട്ടിരുന്നു. ആ അവകാശവാദക്കാരെയൊന്നും ഇപ്പോള്‍ കാണാനില്ല. സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും കൊല്ലുന്നത് അവരുടെ ദൃഷ്ടിയില്‍ പതിയുന്നുമില്ല. സിപിഐ എം കൊലയാളികളുടെ പാര്‍ടിയാണെന്ന നുണപ്രചാരണം തുടര്‍ച്ചയായി നടത്തി കുറച്ചുപേരുടെയെങ്കിലും മനസ്സില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഗീബല്‍സിന്റെ ആരാധകര്‍ക്കും അനുയായികള്‍ക്കും കഴിഞ്ഞേക്കാം. എന്നാല്‍, അതിന് ദീര്‍ഘായുസ്സില്ല. മഴപ്പാറ്റയുടെ ആയുസ്സേയുള്ളൂ. യഥാര്‍ഥത്തില്‍ സിപിഐ എം കൊലചെയ്യപ്പെടുന്നവരുടെ പാര്‍ടിയാണ്; ഇരകളാണ്. ഈ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പാര്‍ടിക്ക് ബഹുജനങ്ങളില്‍നിന്ന് സഹായവും പിന്തുണയും ലഭിക്കുന്നത്. പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നീചമായ കൊലപാതകങ്ങളെ ഞങ്ങള്‍ ശക്തിയായി അപലപിക്കുന്നു. കൊലപാതകികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകുമെന്നു പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം ജനങ്ങള്‍ക്ക് ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും. ഇത്തരം പൈശാചിക ആക്രമണങ്ങളുണ്ടാകുമ്പോള്‍ സഹിക്കാനും പൊറുക്കാനുമുള്ളവരാണ് ഒരുഭാഗത്തെന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. കുറ്റവാളികളെ പിടിച്ചുകെട്ടാന്‍ തയ്യാറാകാതെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നത് അപകടമാണ്. അതിന്റെ ഫലമായി ക്രമസമാധാനനില തകര്‍ന്നാല്‍ അത് സൃഷ്ടിക്കുന്ന ആഘാതം ഗുരുതരമായിരിക്കുമെന്ന് ഉത്തരവാദപ്പെട്ടവരെ ഓര്‍മിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

*
ദേശാ‍ഭിമാനി മുഖപ്രസംഗം 02 ഒക്ടോബര്‍ 2013

No comments: