Wednesday, October 2, 2013

അമേരിക്ക തരിച്ചുനില്‍ക്കുമ്പോള്‍...

'അമേരിക്കയിലേതു പോലെ ഇന്ത്യയിലും വരേണമേ' എന്നു പ്രാര്‍ഥിക്കുന്നവരാണ് മന്‍മോഹന്‍സിംഗും ചിദംബരവും രാഹുല്‍ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. നരേന്ദ്രമോഡിയും രാജ്‌നാഥ് സിംഗും എല്‍ കെ അദ്വാനിയുമടക്കമുള്ള ബി ജെ പി നേതാക്കള്‍ ആ പ്രാര്‍ഥനാമന്ത്രം പങ്ക് വയ്ക്കുന്നതില്‍ കോണ്‍ഗ്രസിനോടു മത്സരിക്കുന്നവരാണ്. സാമ്പത്തിക ഭദ്രതയുടെയും ഐശ്വര്യ ജീവിതത്തിന്റെയും സ്വര്‍ഗഭൂമിയെന്നാണ് ഇവരെല്ലാം അമേരിക്കയെ എന്നും വാഴ്ത്തിപ്പോരുന്നത്. ആ വഴി തന്നെയാണ് ഇന്ത്യക്കും വേണ്ടതെന്ന് അവര്‍ ഒരുപോലെ ശഠിച്ചവരാണ്. അവര്‍ എത്രയും മഹത്തരമെന്നു വാഴ്ത്തിയ ആ അമേരിക്കയാണ് ഇപ്പോള്‍ ഭരണ സ്തംഭനത്തിന്റെ ഗതികെട്ട അവസ്ഥയിലേക്ക് മുതലക്കൂപ്പു കുത്തി വീണിരിക്കുന്നത്. 17 കൊല്ലങ്ങള്‍ക്കിടയില്‍ ഇതു രണ്ടാം തവണയാണ് മുതലാളിത്തത്തിന്റെ ആ സ്വര്‍ഗഭൂമി സാമ്പത്തിക തകര്‍ച്ചയുടെ നരകയാഥാര്‍ഥ്യങ്ങള്‍ക്ക് മുമ്പില്‍ ഇപ്രകാരം പകച്ചു നില്‍ക്കുന്നത്.

പ്രസിഡന്റ് ബരാക് ഒബാമയും പ്രതിപക്ഷത്തുള്ള റിപ്പബ്ലിക്കന്‍പാര്‍ട്ടിയും തമ്മില്‍ നടന്ന ബലപരീക്ഷണത്തിന്റെ അനന്തരഫലമാണ് ഇപ്പോഴത്തെ സ്തംഭനാവസ്ഥ. ഒബാമ തന്റെ രാഷ്ട്രീയ നില ഭദ്രമാക്കാന്‍ കൊണ്ടു വന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് ബില്‍ അപ്പടി വകവെച്ചു കൊടുക്കാന്‍ റിപ്പബ്ലിക്കന്മാര്‍ തയാറായില്ല. അവരുടെ ഭേദഗതികള്‍ അംഗീകരിക്കാന്‍ തയാറാകാത്ത ഒബാമയുടെ ധനവിനിയോഗബില്‍ പാസാക്കി കൊടുക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഒരുക്കമല്ലായിരുന്നു. ഭരണത്തിന്റെ നിത്യനിദാന ചെലവുകള്‍ക്ക് വഴി കാണാതെ ലോകത്തിലെ ഏറ്റവും സമ്പന്നമെന്നു വിളിക്കപ്പെടുന്ന രാജ്യം കണ്ണും തള്ളി നില്‍ക്കുന്ന ഈ കാഴ്ച ലോകത്തെമ്പാടുമുള്ള ധനശാസ്ത്ര വിദ്യാര്‍ഥികളെയും രാഷ്ട്രീയ നിരീക്ഷകന്മാരെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു.
ഫെഡറല്‍ ഗവണ്‍മെന്റിനു കീഴില്‍ പണിയെടുക്കുന്ന എട്ട് ലക്ഷം തൊഴിലാളികളാണ് ഒറ്റയടിക്ക്, ഒരു രാത്രി ഇരുണ്ടു വെളുക്കുമ്പോള്‍ പണിയില്ലാത്തവരായി മാറുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിലും സെനറ്റിലും തിങ്കളാഴ്ച പാതിരാ കഴിയുംവരെ നടന്ന സന്ധി സംരംഭങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ വൈറ്റ് ഹൗസിന്റെ ബജറ്റ് ഡയറക്ടര്‍ സില്‍വിയ ബേര്‍വെല്‍ എല്ലാ ഫെഡറല്‍ ഏജന്‍സികളോടും 'അച്ചടക്കത്തോടുകൂടിയ അടച്ചു പൂട്ടല്‍' നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാര്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമകാര്യങ്ങളും വിനോദോപാധികളും എല്ലാം അടച്ചു പൂട്ടുമ്പോള്‍ സംഭവിക്കുന്ന അസ്വസ്ഥതയും അമ്പരപ്പുമാണ് ഇപ്പോള്‍ അമേരിക്ക നേരിടുന്നത്. ദശലക്ഷക്കണക്കായ ജനങ്ങള്‍ ഓര്‍ക്കാപ്പുറത്തുണ്ടായ ഈ പ്രഹരമേററ് തരിച്ച് നില്‍ക്കുന്നു.
ഗുരുതരമായ ഈ ഭരണപ്രതിസന്ധി അമേരിക്കന്‍ സമ്പദ്ഘടനയുടെ സമ്പൂര്‍ണ തകര്‍ച്ചയാണെന്ന് വിധിയെഴുതിയാല്‍ അത് ശരിയാകണമെന്നില്ല. എന്നാല്‍ ധനവിനിയോഗം സംബന്ധിച്ച പാര്‍ലമെന്ററി നടപടിക്രമങ്ങളുടെ സാങ്കേതികത്വം മാത്രമാണ് ഇതിലടങ്ങുന്നതെന്ന വാദം തീര്‍ച്ചയായും നിലനില്‍ക്കുന്നതല്ല. ഏകധ്രുവലോകം കെട്ടിപ്പടുക്കാനുഴറുന്ന അമേരിക്കയുടെ ധനകാര്യ രാഷ്ട്രീയ ഭരണ വ്യവസ്ഥയ്ക്ക് ഏറ്റു വാങ്ങേണ്ടി വരുന്ന ഗുരുതരമായ പ്രതിസന്ധിയുടെ പ്രതിഫലനമാണിത്. യു എസ് പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗല്‍ ചൂണ്ടിക്കാട്ടിയതുപോലെ ഈ ' സാമ്പത്തിക ഇരുട്ടടി' അമേരിക്കന്‍ വിശ്വാസ്യതയ്ക്കുമങ്ങലേല്‍പ്പിക്കും. അവരുടെ വിമര്‍ശകര്‍ മാത്രമല്ല എക്കാലത്തേയും കൂട്ടാളികള്‍ പോലും യു എസിന്റെ തോളില്‍ കൈയിടാന്‍ ഇനി അമാന്തിക്കും.

ഓഹരി കമ്പോളത്തിലുണ്ടായ ഇടിവും തൊഴില്‍ കേന്ദ്രങ്ങളിലെ നിരാശയും ബാങ്ക് ഇടപാടുകളിലെ പ്രതിസന്ധിയും ദേശീയ സ്മാരകങ്ങളിലും നാഷണല്‍ പാര്‍ക്കുകളിലും കാണപ്പെടുന്ന ശ്മശാനമൂകതയും ഏറെക്കാലം നീണ്ടു നില്‍ക്കില്ലെന്നാണ് ശുഭാപ്തി വിശ്വാസികളായ യു എസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അവരുടെ ശുഭാപ്തി വിശ്വാസം പോലെ കാര്യങ്ങള്‍ നടക്കാത്തപക്ഷം ധനവിനിയോഗത്തിനുള്ള പാര്‍ലമെന്റ് അനുമതി ഒബാമ ഭരണത്തിനും ലഭിക്കാത്തപക്ഷം ലോകത്തിലെ 'ഏറ്റവും ശക്തമായ രാഷ്ട്രം' അകപ്പെടാന്‍ പോകുന്ന ആഴമേറിയ ഗതികേടിനെപ്പറ്റി ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ കുരുക്കഴിക്കാന്‍ വേണ്ടി ഒബാമ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു നല്‍കാനിടയുള്ള വില എന്താണെന്നതും പ്രസക്തമാണ്. അവിടത്തെ ലക്ഷക്കണക്കായ സാധാരണക്കാരില്‍ പ്രതീക്ഷ വളര്‍ത്തിയ ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ മരണമാണ് ആ വിലയെങ്കില്‍ അതുണ്ടാക്കാന്‍ പോകുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.

സിറിയയുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിച്ച് സൈനിക വ്യാവസായിക സാകല്യങ്ങളെ (military industrial complex) പ്രീതിപ്പെടുത്താന്‍ തിടുക്കംപൂണ്ട ഒബാമയെ പ്രോത്സാഹിപ്പിച്ചവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്രവലതുപക്ഷം. അന്ന് അവരുടെ പിന്തുണയ്ക്കുവേണ്ടി ലോക പൊതുജനാഭിപ്രായത്തെ അവഗണിച്ച ഒബാമ വലതുപക്ഷ വിരുദ്ധവര്‍ത്തമാനം പറയുന്നത് പരാജയത്തിന്റെ നാണംമറയ്ക്കാന്‍ മാത്രമാകും. 2008 ലെ സാമ്പത്തിക സുനാമിയില്‍ നിന്നു കരകയറിയെന്ന യു എസ് അവകാശവാദം ഇതോടെ ദുര്‍ബലപ്പെടുന്നു. സ്വകാര്യമേഖലയിലെ ധൂര്‍ത്തും പെരുംകൊള്ളയും വരുത്തിവച്ച ആ സുനാമിയില്‍ അമേരിക്ക മുങ്ങിത്താഴാതിരുന്നത് പൊതുമേഖലയുടെ സഹായം കൊണ്ടുമാത്രമാണ്. എന്നാലും അതിന്റെ ശൗര്യം ഇനി ഒരിക്കലും പണ്ടേപോലെ ഫലിക്കാന്‍ പോകുന്നില്ല. സാമ്പത്തിക അരക്ഷിതാവസ്ഥയും അപരിഹാര്യമായ പ്രതിസന്ധി പരമ്പരകളും മുതലാളിത്തത്തിന്റെ കൂടെപ്പിറപ്പാണ്. ഇന്ത്യയിലെ കോണ്‍ഗ്രസും ബി ജെ പിയും അടക്കമുള്ള 'അമേരിക്കന്‍ ഭക്തജനസംഘം' ഈ സത്യം അംഗീകരിച്ചില്ലെങ്കിലും ലോകം അതറിയുന്നുണ്ട്. അതുകൊണ്ടാണ് അമേരിക്കന്‍ വഴി തങ്ങള്‍ക്കുവേണ്ടെന്ന് കൂടുതല്‍ കൂടുതല്‍ രാജ്യങ്ങളും ജനതകളും ചിന്തിക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം

No comments: