മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക
മഞ്ചേരി ബാറിലെ ക്രിമിനല്‍ അഭിഭാഷകന് എന്ന നിലയില്‍ സാമാന്യം നല്ല പ്രാക്ടീസും അതിനനുസൃതമായി വരുമാനവും എനിക്ക് ഉണ്ടായിരുന്നു. തികച്ചും ഒരു നാട്ടിന്‍പുറക്കാരനായി ജനിച്ചുവളര്‍ന്ന എന്റെ മനസ്സില്‍ ചെറുപ്പത്തില്‍ത്തന്നെ ഉണ്ടായിരുന്ന ഒരാഗ്രഹം പട്ടണത്തില്‍ ജോലിയും ഒരു വീടും. അതൊരു സ്വപ്നമായിരുന്നു. ജോലിയില്‍, പിടിക്കാതെ നടക്കാറായപ്പോള്‍, പിന്നെ വീടുവയ്ക്കുന്നതിനെപ്പറ്റിയായിരുന്നു ആലോചനയും അന്വേഷണവും.
അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം വൈകുന്നേരം, ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമ ആനക്കയം കെ വി മൊയ്തീന്‍കുട്ടിഹാജി ഓഫീസില്‍ കേറി വന്നു. അദ്ദേഹത്തിന് മഞ്ചേരി അങ്ങാടിയില്‍ തന്നെ വേറെയും വീടുകളും പീടികകളും ലൈന്മുറികളുമായി കുറെ കെട്ടിടങ്ങള്‍ വാടകക്ക് കൊടുക്കാനായി ഉണ്ടായിരുന്നു.
അദ്ദേഹത്തിന് എന്നില്‍നിന്ന് ഒരു നിയമപ്രശ്നം അറിയേണ്ടതിനായിരുന്നു വന്നത്. കേരള ഭൂപരിഷ്കരണ നിയമം വന്ന് പാട്ടഭൂമി എല്ലാം കുടിയാന്മാര്ക്ക് പതിച്ചുകൊടുത്തതുപോലെ, ഒരു വാടകകെട്ടിട പരിഷ്കരണ നിയമം വന്ന് അവയെല്ലാം താമസിക്കുന്നവര്‍ക്ക് കൊടുക്കേണ്ടതായ സാഹചര്യം ഉണ്ടാവാന്‍ സാധ്യതയുണ്ടോ? അതായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്ന ചിന്താപ്രശ്നം. ഇങ്ങനെ ഒരു വാര്‍ത്ത ഏതോ പത്രത്തില്‍ ആ കാലത്ത് കാണുകയും ചെയ്തിരുന്നു. അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സോഷ്യലിസം നടപ്പാക്കും എന്ന് പ്രഖ്യാപിക്കുകയും ബാങ്ക് ദേശവല്‍ക്കരണം, പ്രിവി പേഴ്സ് നിര്‍ത്തലാക്കല്‍ എന്നീ നടപടികള്‍ സ്വീകരിച്ച കാലവും ആയിരുന്നു.
മേല്‍ക്കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിലെ സിന്‍ഡിക്കറ്റ് വിഭാഗം എതിര്‍ത്തപ്പോള്‍, ഇടതുപക്ഷ പാര്‍ടികള്‍ ആ കാര്യത്തില്‍ ഇന്ദിരക്ക് പിന്തുണ കൊടുക്കുകയും ചെയ്ത കാലം. ആകെപ്പാടെ ഒരു സാമ്പത്തിക മാറ്റം ഇന്ത്യയില്‍ ഉണ്ടാകുമോ എന്ന് വിചാരിക്കാന്‍ കാരണങ്ങളുണ്ടായിരുന്നു.
ഹാജിയുടെ സംശയങ്ങള്‍ എല്ലാം കേട്ട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ സംശയിക്കുന്ന മാറ്റങ്ങള്‍ നാട്ടില്‍ വന്നുകൂടായ്കയില്ല. ഏതായാലും ഒരു കാലത്ത് രാജ്യം ആ വഴിക്ക് വരും. അമിതമായ സ്വത്തുക്കള്‍ ഒരാള്‍ തന്നെ കൈയില്‍ വയ്ക്കുന്ന കാലം അധികം ദീര്‍ഘിച്ചു നില്ക്കാനിടയില്ല എന്നാണ് എന്റെ വിശ്വാസം എന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തു.
ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണോ എന്ന് പറയാന്‍ കഴിയില്ല, ഹാജി തന്റെ വാടകക്ക് കൊടുത്ത കെട്ടിടങ്ങള്‍ കൈവശക്കാര്‍ക്ക് വിറ്റ് വില വാങ്ങാന്‍ തുടങ്ങി. ആ കൂട്ടത്തില്‍ ഒരു ദിവസം രാത്രി എന്റെ വീട്ടില്‍ കേറിവന്നു, ഒരു ചോദ്യം: ഈ വീടും വളപ്പും ഞാന്‍ നിങ്ങള്‍ക്ക് തന്നാല്‍ നിങ്ങള്‍ വിലയ്ക്കെടുക്കുമോ? ഞാന്‍ മറുപടി പറഞ്ഞു, ആലോചിക്കാം എന്ന്. അങ്ങനെ ടാക്സ് കേസുകളില്‍ എന്റെ കൂടെ ജോലിചെയ്യുന്ന സഹപ്രവര്‍ത്തകനായ ബാലശങ്കരന്നായരെ വിളിച്ചുവരുത്തി, ഞങ്ങള്‍ മൂന്നാളും കൂടി സംസാരിച്ചു അന്നുതന്നെ വീടും മുപ്പത് സെന്റ് സ്ഥലവുംകൂടി 30,000 ക (മുപ്പതിനായിരം ഉറുപ്പിക) വില നിശ്ചയിച്ച് കച്ചവടം ഉറപ്പിച്ചു. ഒരു കരാറ് എഴുതി ഒപ്പിട്ട്, ഒരു ചെറിയ സംഖ്യ അഡ്വാന്‍സും കൊടുത്തു. ഒരു മാസത്തിനുള്ളില്‍ തീരാധാരം എഴുതി റജിസ്റ്റര്‍ കഴിക്കണം എന്നായിരുന്നു വ്യവസ്ഥ.
അന്ന് ജൂപിറ്റര്‍ ചിറ്റ് ഫണ്ടില്‍ എനിക്കുണ്ടായിരുന്ന ഒരു കുറി പിടിച്ചും കൈയിലുള്ള സംഖ്യ ഒപ്പിച്ചും ചില തിരിമറികള്‍ നടത്തിയും പണം ഒപ്പിച്ച്, മുഴുവന്‍ സംഖ്യയും കൊടുത്ത് നിശ്ചയിച്ച സമയത്തിനുള്ളില്‍ത്തന്നെ റജിസ്റ്റര്‍ കഴിച്ചു.ഇത് 1972ലായിരുന്നു. ജീവിതത്തില്‍ ആദ്യമായി 30 സെന്റ് സ്ഥലവും പഴയതാണെങ്കിലും ഒരു വീടും പട്ടണത്തില്‍തന്നെ സ്വന്തമായി സമ്പാദിച്ചു. സാമ്പത്തികമായി മോശമല്ലാത്ത എന്റെ പിതാവിനോട് ഈ കാര്യത്തില്‍ ഒരു സഹായവും ചോദിച്ചിരുന്നില്ല. കാരണം, ഇത് സ്വപ്രയത്നംകൊണ്ടാവണം എന്ന ദൃഢ നിശ്ചയം. ഒരു പഴയ ആഗ്രഹത്തിന്റെ സാക്ഷാത്കാരംതന്നെ.
വീട് ഒരു ജീര്‍ണിച്ച കെട്ടിടം ആയിരുന്നു. ഏതാണ്ട് നാലുമാസം കഴിഞ്ഞ് ഞാനും കുടുംബവും അടുത്തുള്ള ഒരു വാടകവീട്ടിലേക്ക് താമസം മാറ്റി, ഇത് പൊളിച്ച് അവിടെ ഒരു പുതിയ വീട് വയ്ക്കാനുള്ള പണി ആരംഭിച്ചു. ഏതാണ്ട് ഒന്നരക്കൊല്ലം കഴിഞ്ഞ് വീടുപണി പൂര്‍ത്തിയായി ഗൃഹപ്രവേശം നടത്തി. അത് 1974ഫെബ്രുവരി 23ന് ആയിരുന്നു. ഗൃഹപ്രവേശച്ചടങ്ങ് ആര്ഭാടമായിത്തന്നെ നടത്തി. എന്റെ കേസിലെ കക്ഷികളും കുടുംബങ്ങളും സ്നേഹിതന്മാരും എല്ലാം പങ്കെടുത്തിരുന്നു. അന്നത്തെ എന്റെ രാഷ്ട്രീയ നേതാവായിരുന്ന ആഭ്യന്തരമന്ത്രി കെ കരുണാകരനും അതിഥിയായി എത്തി ചടങ്ങിന് മോടി കൂട്ടി. മഞ്ചേരി കച്ചേരിപ്പടിയില്‍ ഉള്ള ആ വീട്ടിലാണ് ഇപ്പോള്‍ എന്റെ രണ്ടാമത്തെ മകന് അഡ്വക്കറ്റ് റഫീഖ് താമസിക്കുന്നത്.
വക്കീല്‍ ജോലിയില്‍ നല്ല ഉയര്‍ച്ചയും അതിനനുസൃതമായി വരുമാനത്തിലെ വര്‍ധനവും ഉണ്ടായിരുന്നു. രാഷ്ട്രീയരംഗത്ത് മഞ്ചേരി ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും കെപിസിസി മെമ്പറും എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ആ കാലത്ത്. തൊഴിലും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുന്നത് വളരെ ശ്രമകരമായ ഒരു സ്ഥിതിയാണ് ഉണ്ടാക്കുക. മാത്രമല്ല നാട്ടില്‍ പല സ്ഥലങ്ങളിലും പോയി പ്രസംഗിക്കുകയും വേണം. കുടുംബജീവിതം സങ്കീണര്വും മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമായിരുന്നു. അതൊന്നും പുറത്തു കാണിക്കാതെ കോടതിയിലും കോണ്‍ഗ്രസിലും ഒരുപോലെ നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ചുപോന്നു.
കുടുംബപരമായ മാനസിക അസ്വസ്ഥതക്ക് കാരണം എന്റെ ഭാര്യ സാറാബീവിയുടെ രോഗമായിരുന്നു. അവര്‍ക്ക് ജന്മസിദ്ധമായി കൈവന്നതാണ് ആസ്ത്മ രോഗം. അവരുടെ പിതാവിന്റെ ഉമ്മയ്ക്കുണ്ടായിരുന്നതാണ് ഈ രോഗം .പിതാവിന് പത്തു മക്കളുണ്ടായിരുന്നു. അതില്‍ ഒരാളായ എന്റെ ഭാര്യക്കുമാത്രമാണ് ഈപൈതൃകം കൈവന്നത്. കുട്ടിക്കാലത്തുതന്നെ ഈ അസുഖം ഉള്ളതിനെ അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പ്രായം കൂടിവരുമ്പോള്‍ ആസ്ത്മ വലിവും കൂടിവന്നു. ഈ രോഗത്തിന് ഫലപ്രദമായ ഒരു മരുന്നും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. ഇന്ന് ചില പൊടിക്കൈകള്‍ പ്രയോഗിച്ച് താല്‍ക്കാലിക ശമനം വരുത്താറുണ്ട്. ആ കാലത്ത് അതും ഇല്ല. അലോപ്പതിയും ആയുര്‍വേദവും ഹോമിയോപ്പതിയും മാറി മാറി പരീക്ഷിച്ചു നോക്കാറാണ് പതിവ്. ആയുര്‍വേദത്തിലെ പ്രയോഗങ്ങള്‍ ഉടുമ്പിന്റെ മാംസം, ഞണ്ട് ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മരുന്നു ചേര്‍ത്ത് കഴിക്കല്‍ ഇങ്ങനെയുള്ള ഒറ്റമൂലികള്‍ പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. ഹോമിയോപ്പതി രംഗത്ത് പ്രശസ്തനായ ഒരു ഡോക്ടറുണ്ടായിരുന്നു കോട്ടയത്ത്. ആര് എം പട്ടേല്‍. ആ വാതില്ക്കലും ഞങ്ങള്‍ മുട്ടിനോക്കി. ഫലം കണ്ടില്ല. അവസാനം ഹോമിയോ-ആയുര്‍വേദം ഒക്കെ മതിയാക്കി അലോപ്പതി മാത്രമാക്കി. എന്നാല്‍ രോഗം ക്രമേണ കൂടിക്കൂടി വന്നു. മാസത്തില്‍ ഒരാഴ്ച, കൊല്ലത്തില്‍ ഒരു മാസം എന്ന തോതില്‍ രോഗം ആക്രമിച്ചുവന്നു.
ആസ്ത്മ വലിവ് ആരംഭിച്ചാല്‍ മൂക്കിന്റെ രണ്ടു ദ്വാരങ്ങളും ശ്വാസം വലിക്കാന്‍ കിട്ടാത്തവിധത്തില്‍ അടഞ്ഞുപോകും. പിന്നെ വായയിലൂടെ ശ്വാസം വലിക്കാന്‍ ശ്രമിക്കും. അപ്പോള്‍ നെഞ്ചില്‍ ശ്വാസതടസം വര്‍ധിക്കും. ശ്വാസം കിട്ടാതെ ചക്രശ്വാസം വലിക്കുമ്പോള്‍ അത് കണ്ട് ചെറിയ കുട്ടിയെയും കൈയിലെടുത്ത് ഞാന്‍ നിസ്സഹായനായി നോക്കിനില്ക്കുന്ന ദയനീയ സ്ഥിതി ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നതല്ല. വിധിയുടെ ക്രൂരത ചിലപ്പോള്‍ എത്ര ഭയാനകമാണെന്ന് എഴുതി ഫലിപ്പിക്കാന്‍ സാധ്യമല്ല. ഓരോ തവണയും ശ്വാസംമുട്ടല്‍ വന്നാല്‍ മരിച്ചു ജീവിക്കുമ്പോലെ ആയിരുന്നു.എന്റെ സ്നേഹിതന്മാരായ ഡേക്ടര്‍മാര്‍ എല്ലാം ആ കാലത്ത് വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. പക്ഷേ എല്ലാം നിഷ്ഫലം.
എന്നാല്‍ പ്രസവകാലത്ത് ഈ രോഗത്തിന്റെ ആക്രമണം ഉണ്ടായിരുന്നില്ല. അങ്ങനെ അവര്‍ നാല് മക്കള്‍ക്ക് ജന്മം നല്കി. രോഗ ഘട്ടങ്ങളില്‍ ആ മക്കളെ എങ്ങനെയാണ് നോക്കി വളര്‍ത്തിയതെന്ന് ഇപ്പോള്‍ വിവരിക്കാന്‍ ഞാന്‍ അശക്തനാണ്. ധാരാളം കേസുകള്‍ നടത്തേണ്ടിയിരുന്ന വക്കീലായ ഞാന്‍ ഈ സന്ദര്‍ഭങ്ങളില്‍ അനുഭവിച്ച മനോവേദന വിവരണാതീതമാണ്. ഒരു കൈയില്‍ ചെറിയ കുട്ടി, മറ്റേ കൈയില്‍ കേസ് കെട്ട്. ഇങ്ങനെ എത്രയോ ഘട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്.
അങ്ങനെ ഇരിക്കെ ഒരുദിവസം എന്റെ സ്നേഹിതന് വക്കീല്‍ ഉസ്മാന്‍കോയ കോടതിയില്‍ വച്ച് എന്നോട് പറഞ്ഞു, മൂവാറ്റുപുഴയില്‍ ഒരു ഡോക്ടര്‍ ബാലകൃഷ്ണന് ആസ്ത്മ രോഗം ചികിത്സിച്ചു സുഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം അവിടെ പോയിരുന്നു. ചാരിസ് ക്ളിനിക് എന്നാണ് ആശുപത്രിയുടെ പേര്. ഉസ്മാന് കോയയും ഒരു ആസ്ത്മ രോഗിയായിരുന്നു. ഇത് കേട്ടപ്പോള്‍ അവിടെ പോകണമെന്ന് എനിക്കും നിര്‍ബന്ധമായി തോന്നി. ഞാന്‍, എന്റെ സ്നേഹിതനായ മഞ്ചേരി ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ശ്രീധരനുമായി ചര്‍ച്ചചെയ്തു. അദ്ദേഹം പറഞ്ഞു, അത് കോര്ടിസണ് എന്ന മരുന്ന് വലിയ അളവില്‍ ഞരമ്പിലൂടെ കേറ്റുന്നതാണ് ചികിത്സ. അത് തുടര്‍ച്ചയായി ചെയ്താല്‍ രോഗം തല്ക്കാലം ഇല്ലാതാകും. പക്ഷേ ശരീരപ്രകൃതം തന്നെ മാറിവരും. അമിതമായി ശരീരം തടിയ്ക്കും, മുഖം ചീര്‍ക്കും. ക്രമേണ കരളിനെയും ബാധിക്കും. എന്നാല്‍ ഒരു അഞ്ചുകൊല്ലം ഇതൊന്നും ഇല്ലാതെ, ആസ്തമ രോഗവും വരാതെ സുഖമായിരിക്കും. പിന്നീടാണ് പ്രത്യാഘാതങ്ങള്‍ പുറത്തു വരുന്നത്.
ഉസ്മാന് കോയയുടെ ചികിത്സയും ഡോ. ശ്രീധരന് പറഞ്ഞ വിവരവും ഞാന്‍ ഭാര്യയോട് പറഞ്ഞു. അവരുടെ പ്രതികരണം എന്നെ വല്ലാതെ വിഷമിപ്പിച്ചു. "എന്തായാലും ആ ചികിത്സക്ക് പോകണം. ജീവിതത്തില്‍ ഒരു അഞ്ചുകൊല്ലമെങ്കിലും എനിക്ക് നിങ്ങളുടെയും മക്കളുടെയും കൂടെ ആസ്തമ രോഗമില്ലാതെ ജീവിക്കാമല്ലോ.പിന്നെ വരുന്നത് വരട്ടെ. അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ഒരു മരുന്നും ഫലിക്കില്ലെന്നല്ലേ ഡോക്ടര്‍ പറഞ്ഞത്. ഇപ്പോഴും മരുന്നുകള്‍ ഫലിക്കുന്നില്ലോ''- ഇതായിരുന്നു ഭാര്യയുടെ അഭിപ്രായം. അതിന്റെ മുമ്പില്‍ ഞാന്‍ കീഴടങ്ങി. ചികിത്സക്ക് മൂവാറ്റുപുഴ ചാരീസ് ക്ളിനിക്കിലേക്ക് പോയി.
ഒരു മാസം ഇടവിട്ട് മൂന്നു പ്രാവശ്യം ഒരാഴ്ചവീതം ചികിത്സ നടന്നു. പ്രതീക്ഷിച്ചതുപോല ആസ്തമ വലിവ് നിന്നു. ശരീരം ക്രമേണ വണ്ണംകൂടി. ശ്രീധരന് ഡോക്ടര്‍ പറഞ്ഞപോലെ പല മാറ്റങ്ങളും അനുഭവപ്പെട്ടു. ശ്വാസവലിവ് തീരെ ഇല്ലാതായി. കുടുംബജീവിതത്തിലെ ആദ്യത്തെ സമാധാന കാലം. കോടതിപ്പണിയും കോണ്‍ഗ്രസ് പ്രവര്‍ത്തനവും എനിക്ക് വര്‍ധിച്ചുവന്നു, യാതൊരു ഒഴിവുമില്ല എന്ന സ്ഥിതി.
*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക 23 ജനുവരി 2011
Wednesday, February 2, 2011
സ്വന്തമായി വീടും ഭാര്യയുടെ സുഖക്കേടും
Subscribe to:
Post Comments (Atom)
1 comment:
മഞ്ചേരി ബാറിലെ ക്രിമിനല്‍ അഭിഭാഷകന് എന്ന നിലയില്‍ സാമാന്യം നല്ല പ്രാക്ടീസും അതിനനുസൃതമായി വരുമാനവും എനിക്ക് ഉണ്ടായിരുന്നു. തികച്ചും ഒരു നാട്ടിന്‍പുറക്കാരനായി ജനിച്ചുവളര്‍ന്ന എന്റെ മനസ്സില്‍ ചെറുപ്പത്തില്‍ത്തന്നെ ഉണ്ടായിരുന്ന ഒരാഗ്രഹം പട്ടണത്തില്‍ ജോലിയും ഒരു വീടും. അതൊരു സ്വപ്നമായിരുന്നു. ജോലിയില്‍, പിടിക്കാതെ നടക്കാറായപ്പോള്‍, പിന്നെ വീടുവയ്ക്കുന്നതിനെപ്പറ്റിയായിരുന്നു ആലോചനയും അന്വേഷണവും.
Post a Comment