Saturday, July 9, 2011

തിരുത്തല്‍ ചെപ്പടിവിദ്യ

കേരളവികസനത്തിന്റെ ദിശാബോധംതന്നെ തിരുത്തിയ ബജറ്റാണ് തന്റേത് എന്നാണ് കെ എം മാണിയുടെ അവകാശവാദം. കണക്കില്‍ തിരിമറി കാണിച്ചും എല്‍ഡിഎഫ് ബജറ്റിലെ ക്ഷേമപദ്ധതികള്‍ സമ്പൂര്‍ണമായി ഒഴിവാക്കിയുമാണ് മാണി തന്റെ തിരുത്തല്‍ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. എല്‍ഡിഎഫ് പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ സമ്പൂര്‍ണമായി ഒഴിവാക്കിയും നിര്‍മാണപദ്ധതികള്‍ വെട്ടിച്ചുരുക്കിയുമാണ് മാണിയുടെ തിരുത്തല്‍ വിദ്യ. കമ്മി കുറയ്ക്കാന്‍ കണക്കില്‍ നടത്തിയ തിരിമറി വേറെ. റവന്യൂ കമ്മി 6019 കോടി രൂപയില്‍നിന്ന് 5533 കോടി രൂപയായി കുറച്ച ചെപ്പടിവിദ്യ ആര്‍ക്കും മനസ്സിലാകില്ല എന്നാണ് മാണി കരുതുന്നത്. ഇപ്പോള്‍ മാണിക്കുവേണ്ടി കണക്കു തയ്യാറാക്കിയ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍തന്നെയാണ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഞാന്‍ അവതരിപ്പിച്ച ബജറ്റിലെയും കണക്ക് തയ്യാറാക്കിയത്. അന്ന് അവര്‍ പ്രതീക്ഷിച്ച കേന്ദ്രസഹായം 9374 കോടി രൂപയായിരുന്നു. അഞ്ചു മാസത്തിനുശേഷം ഇപ്പോഴത് 10,255 കോടി രൂപയായി ഉയരുന്ന മാന്ത്രികവിദ്യയിലാണ് കമ്മി കുറഞ്ഞത്.

നികുതിവരുമാനത്തിലോ നികുതിയിതര വരുമാനത്തിലോ ഒരു വര്‍ധനയും തിരുത്തല്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നില്ല. കമ്മി കുറയ്ക്കാന്‍ കാണിച്ച പരിഹാസ്യമായ ചെപ്പടിവിദ്യയ്ക്ക് ഉദാഹരണം വേറെയുമുണ്ട്. 2011-12ലെ എന്റെ ബജറ്റില്‍ 10,640 കോടി രൂപയായിരുന്നു ധനകമ്മി. ഇത് ആഭ്യന്തരവരുമാനത്തിന്റെ 3.48 ശതമാനമേ വരൂ. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 3.5 ശതമാനംവരെ ധനകമ്മിയാകാം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കടത്തില്‍നിന്ന് 134 കോടി കുറച്ച് 3.43 ശതമാനമാക്കിയത് ആക്കിയത് എന്തോ ആനക്കാര്യമാണ് എന്ന രീതിയിലാണ് മാണി പറഞ്ഞു നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 3.5 ശതമാനം ധനകമ്മി അനുവദിക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ ധനകമ്മി 3.48ല്‍ നിന്ന് 3.43 ആയി കുറച്ചു എന്നു വീമ്പിളക്കുന്നത് ആരെ പറ്റിക്കാനാണ്? കേരളം കടക്കെണിയിലല്ല. കടക്കെണിയിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണോ എന്ന് വിലയിരുത്താന്‍ ഹരോഡ് ഡോമര്‍ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ സൂത്രവാക്യമാണ് ഉപയോഗിക്കുന്നത്.

കടത്തിന്റെ ശരാശരി പലിശനിരക്കിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചനിരക്കാണ് സംസ്ഥാന വരുമാനത്തിനുള്ളതെങ്കില്‍ കടം അപകടനിലയിലല്ല. കേരളത്തില്‍ സര്‍ക്കാര്‍ കടത്തിന്റെ ശരാശരി പലിശ നിരക്ക് 7.8-8.2 ശതമാനംവരെയാണ്. എന്നാല്‍ , സംസ്ഥാന വരുമാനം 14-15 ശതമാനംവരെ വേഗത്തിലാണ് വളരുന്നത്. ചുരുക്കത്തില്‍ കടക്കെണിയിലാണെന്നുളള പരിഭ്രാന്തി പടര്‍ത്തി യാഥാസ്ഥിതിക ധനനയം അടിച്ചേല്‍പ്പിക്കാനുളള പരിശ്രമമാണ് നടക്കുന്നത്. കടത്തിന്റെ കണക്ക് നമുക്കു വിശദമായി പരിശോധിക്കാം. 2005-06ല്‍ 45,929 കോടി ആയിരുന്ന കടം 78,327 കോടി രൂപയായി ഉയരും. കടഭാരം അളക്കേണ്ടത് സംസ്ഥാന ആഭ്യന്തരവരുമാനവുമായി താരതമ്യപ്പെടുത്തി വേണം. 2000-01ല്‍ 32.9 ശതമാനമായിരുന്ന കടഭാരം 2005-06ല്‍ 35.2 ശതമാനമായി ഉയര്‍ന്നു. 2010-11ല്‍ ഇത് 31 ശതമാനമായി താഴ്ന്നു. എന്റെ ബജറ്റില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തിന്റെ കടം 70 ശതമാനം ഉയര്‍ന്നു. അതിനു മുമ്പുളള അഞ്ചുവര്‍ഷത്തിലോ, 92 ശതമാനമാണ് വര്‍ധന. എന്റെ സര്‍ക്കാരിന്റെ കാലത്ത് കടം പെരുകുന്നതിന്റെ വേഗം കുറയുകയാണ് ചെയ്തത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കടഭാരം 92 ശതമാനം ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തിന്റെ ചെലവുകളില്‍ സംഭവിച്ചത് എന്താണ്? ആകെ ചെലവുകളില്‍ 53 ശതമാനം, മൂലധനച്ചെലവില്‍ 30 ശതമാനം, പദ്ധതിച്ചെലവില്‍ 59 ശതമാനം എന്നിങ്ങനെയായിരുന്നു വര്‍ധന. എല്‍ഡിഎഫിന്റെ ഭരണകാലത്ത് കടം 71 ശതമാനം കൂടിയപ്പോള്‍ ചെലവുകളില്‍ വന്ന വര്‍ധന ഇങ്ങനെയായിരുന്നു, ആകെ ചെലവില്‍ 104 ശതമാനം, മൂലധനച്ചെലവില്‍ 189 ശതമാനം, പദ്ധതിച്ചെലവില്‍ 95 ശതമാനം. യുഡിഎഫിന്റെ കാലത്ത് കടമെടുത്ത തുക എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ , എല്‍ഡിഎഫിന്റെ കാലത്ത് കടമെടുത്ത തുക സംസ്ഥാനത്ത് ചെലവഴിച്ചിട്ടുണ്ട്. കടത്തിന്റെ ഭീതിപരത്തുന്ന തിരുത്തലിലൂടെ മാണി വേണ്ടെന്നു വച്ച ക്ഷേമപദ്ധതികള്‍ ഏതൊക്കെയാണെന്നു നോക്കുക.

1- അസംഘടിതമേഖലയിലെ സ്ത്രീകളുടെ കൂലിയോടു കൂടിയുളള പ്രസവാവധി 2- ജനിക്കുന്ന കുഞ്ഞുങ്ങളുടെ പേരില്‍ ഭാവി വിദ്യാഭ്യാസ ചെലവിനായി കൊണ്ടുവന്ന നിക്ഷേപപദ്ധതി. 3- അങ്കണവാടി പ്രവര്‍ത്തകരുടെയും ആശാ വളന്റിയര്‍മാരുടെയും പ്രേരക്മാരുടെയും പ്രീപ്രൈമറി ടീച്ചര്‍മാരുടെയും അലവന്‍സ് വര്‍ധന. 4- വരുമാന ഉറപ്പുപദ്ധതി 5- അനാഥാലയങ്ങള്‍ക്കും സ്പെഷ്യല്‍ സ്കൂളുകള്‍ക്കുമുള്ള വര്‍ധിപ്പിച്ച ധനസഹായം.

6- വീട്ടുജോലിക്കാര്‍ക്കും അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് ജീവനക്കാര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമുള്ള ക്ഷേമനിധികള്‍ . കഴിഞ്ഞ ബജറ്റിലെ ക്ഷേമപ്രഖ്യാപനങ്ങള്‍ക്ക് പണം വകയിരുത്തിയില്ല എന്നാണ് മാണിയുടെ ആരോപണം. ഏറ്റവും കൂടുതല്‍ സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിച്ചെന്ന് മേനി നടിക്കുന്ന അദ്ദേഹത്തിന് എങ്ങനെ ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നെന്ന് എനിക്കറിയില്ല. ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനങ്ങള്‍ ബജറ്റിന്റെ ഭാഗമാണ്. പ്രസംഗത്തില്‍ പറയുന്ന തുകകള്‍ പിന്നീട് ഉപധനാഭ്യര്‍ഥനകളുടെ ഭാഗമായി ബജറ്റില്‍ ഉള്‍പ്പെടുത്തും. തിരുത്തല്‍ ബജറ്റില്‍ അദ്ദേഹം പ്രഖ്യാപിച്ച 982 കോടി രൂപയുടെ അധികച്ചെലവും ഇങ്ങനെതന്നെയാണ് കണക്കു കൂട്ടുക. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലെ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഏതെങ്കിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ പണം വകയിരുത്താത്തതു മൂലം നടക്കാതെ പോയിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ മാണിയെ വെല്ലുവിളിക്കുകയാണ്. മുപ്പത്തഞ്ചു ലക്ഷം ബിപിഎല്‍ കുടുംബത്തിന് ഒരു രൂപ നിരക്കില്‍ അരി നല്‍കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. തിരുത്തിയ ബജറ്റ് വന്നപ്പോള്‍ എണ്ണം 20 ലക്ഷമായി കുറഞ്ഞു. പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍ , കര്‍ഷകത്തൊഴിലാളികള്‍ , മത്സ്യത്തൊഴിലാളികള്‍ , പട്ടികജാതി വിഭാഗങ്ങള്‍ തുടങ്ങി 27 വിഭാഗത്തിന് എപിഎല്‍ , ബിപിഎല്‍ വ്യത്യാസമില്ലാതെ ഇപ്പോള്‍ പ്രത്യേക റേഷന്‍ ലഭിച്ചുവരുന്നുണ്ട്. ഇതു മുടങ്ങുമെന്നുറപ്പായി. 25 കിലോവീതം നല്‍കുമോ എന്ന കാര്യവും ഉറപ്പില്ല. എപിഎല്ലിനെക്കുറിച്ചു മിണ്ടാട്ടമില്ല. റോഡുകള്‍ , പാലങ്ങള്‍ , ബൈപാസുകള്‍ , കെട്ടിടങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ റോഡ് ഫണ്ട് ബോര്‍ഡ്, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ വഴി 5000 കോടി രൂപയുടെ പാക്കേജ് കഴിഞ്ഞ ബജറ്റില്‍ വിഭാവനംചെയ്തിരുന്നു. 1000 കോടി രൂപയാണ് ആ സ്ഥാപനങ്ങള്‍ക്കു നീക്കിവച്ചത്. നിര്‍മാണത്തിനുവേണ്ടി വരുന്ന തുക വായ്പയായി കണ്ടെത്താനുളള ശേഷി അതുവഴി ഈ സ്ഥാപനങ്ങള്‍ കൈവരിക്കുമായിരുന്നു.

40,000 കോടി രൂപ ഇത്തരത്തില്‍ ചെലവഴിക്കുക എന്നതായിരുന്നു കാഴ്ചപ്പാട്. ഭീമമായ ഈ തുക വായ്പയെടുക്കാന്‍ വേണ്ട ശേഷി ഈ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന നികുതിയുടെ പകുതി നിയമംമൂലം ഇവര്‍ക്കു നല്‍കണമെന്നും വ്യവസ്ഥചെയ്തിരുന്നു. ഈ പരിപാടിയാകെ തിരുത്തല്‍ ബജറ്റില്‍ പുച്ഛിച്ചു തള്ളിയിരിക്കുകയാണ്. എന്നിട്ട് ചെയ്തതോ? ഈ 1000 കോടി കവര്‍ന്ന് 250 കോടി രൂപ ഹൗസിങ് ബോര്‍ഡിന്റെ കടംവീട്ടാനും പിഡബ്ല്യുഡി നേരിട്ടു റോഡുകള്‍ നിര്‍മിക്കുന്നതിനും മറ്റുമായി നീക്കിവച്ചിരിക്കുകയാണ്. കേരളത്തിനാകെ വിനിയോഗിക്കേണ്ട ആ തുകയുടെ ഗുണഭോക്താക്കള്‍ കേരള കോണ്‍ഗ്രസുകാരുടെ നിയോജകമണ്ഡലങ്ങള്‍ മാത്രമായി. മറ്റെല്ലാ മണ്ഡലങ്ങളിലെയുംനിര്‍മാണ പ്രവൃത്തികള്‍ ബജറ്റില്‍നിന്ന് അപ്രത്യക്ഷമായി. ചുമ്മാതല്ല, യുഡിഎഫ് അംഗങ്ങള്‍ നിയമസഭയില്‍ത്തന്നെ പ്രതിഷേധവുമായി രംഗപ്രവേശം ചെയ്തത്. ഭരണകക്ഷി അംഗങ്ങളെപ്പോലും തൃപ്തിപ്പെടുത്താത്ത തിരുത്തല്‍ കേരളമെങ്ങനെ സ്വീകരിക്കും. പ്രാദേശിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ഈ ബജറ്റ് ഭയാനകമായ സാമൂഹ്യപ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. മാണിയുടെ ഈ തിരുത്തല്‍ അപകടകരമായ രാഷ്ട്രീയക്കളിയാണ്. ഭരണമുന്നണിയുടെ നേതൃകക്ഷിയായ കോണ്‍ഗ്രസുതന്നെ ആ അപകടം തിരിച്ചറിഞ്ഞെന്നാണ് ട്രഷറിബെഞ്ചില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധം നല്‍കുന്ന സൂചന.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 09 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളവികസനത്തിന്റെ ദിശാബോധംതന്നെ തിരുത്തിയ ബജറ്റാണ് തന്റേത് എന്നാണ് കെ എം മാണിയുടെ അവകാശവാദം. കണക്കില്‍ തിരിമറി കാണിച്ചും എല്‍ഡിഎഫ് ബജറ്റിലെ ക്ഷേമപദ്ധതികള്‍ സമ്പൂര്‍ണമായി ഒഴിവാക്കിയുമാണ് മാണി തന്റെ തിരുത്തല്‍ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. എല്‍ഡിഎഫ് പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ സമ്പൂര്‍ണമായി ഒഴിവാക്കിയും നിര്‍മാണപദ്ധതികള്‍ വെട്ടിച്ചുരുക്കിയുമാണ് മാണിയുടെ തിരുത്തല്‍ വിദ്യ. കമ്മി കുറയ്ക്കാന്‍ കണക്കില്‍ നടത്തിയ തിരിമറി വേറെ. റവന്യൂ കമ്മി 6019 കോടി രൂപയില്‍നിന്ന് 5533 കോടി രൂപയായി കുറച്ച ചെപ്പടിവിദ്യ ആര്‍ക്കും മനസ്സിലാകില്ല എന്നാണ് മാണി കരുതുന്നത്. ഇപ്പോള്‍ മാണിക്കുവേണ്ടി കണക്കു തയ്യാറാക്കിയ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍തന്നെയാണ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഞാന്‍ അവതരിപ്പിച്ച ബജറ്റിലെയും കണക്ക് തയ്യാറാക്കിയത്. അന്ന് അവര്‍ പ്രതീക്ഷിച്ച കേന്ദ്രസഹായം 9374 കോടി രൂപയായിരുന്നു. അഞ്ചു മാസത്തിനുശേഷം ഇപ്പോഴത് 10,255 കോടി രൂപയായി ഉയരുന്ന മാന്ത്രികവിദ്യയിലാണ് കമ്മി കുറഞ്ഞത്.