ഒരു മാർക്സിസ്റ്റ് ദാര്ശനികന് എന്ന നിലയില്‍ ഇ എം എസ്സിന്റെ സവിശേഷമായ ശ്രദ്ധ പതിഞ്ഞിരുന്ന ഒരു മേഖലയാണ് മതം - മതനിരപേക്ഷത - യുക്തിവാദം. സാമ്പത്തികാടിത്തറയുമായി ബന്ധപ്പെട്ട ഉപരിഘടനയുടെ ഒരു ഘടകമെന്നനിലയില്‍ മതത്തിനും തദനുബന്ധമായ വിഷയങ്ങള്‍ക്കും മാർക്സിസ്റ്റ് ദര്‍ശനത്തില്‍ പ്രത്യേക പരിഗണനകൊടുക്കുവാന് മാർക്സ് മുതലുള്ള ആചാര്യന്മാര് തയ്യാറായിട്ടുണ്ട്. ലോകനാഗരികതയുടെ ചരിത്രമെടുത്തു പരിശോധിക്കുകയാണെങ്കില്‍ മതങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും മനുഷ്യസംസ്ക്കാരത്തെ രൂപപ്പെടുത്തുന്നതില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നു എന്നുകാണാം. മാർക്സിസ്റ്റ് ആചാര്യന്മാരുടെ ശ്രദ്ധ മതകാര്യങ്ങളിലേക്ക് തിരിയാന്‍ ഇത് കാരണമായിട്ടുണ്ട്.
ഇന്ത്യന്‍ സമൂഹത്തിന്റെ കഥയും മറ്റൊന്നല്ല വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ മനസ്സിനെ പരുവപ്പെടുത്തുന്നതില്‍ ഉപരിഘടനയിലെ മറ്റേതൊരു ഘടകത്തേക്കാളും പ്രഥമഗണനീയമായ സ്ഥാനം മതങ്ങള്‍ക്കും മതസിദ്ധാന്തങ്ങള്‍ക്കും തന്നെയത്രെ. വിഭിന്ന കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ ഉടലെടുത്തിട്ടുള്ള നവീകരണ-നവോത്ഥാന-ദേശീയ പ്രസ്ഥാനങ്ങളെല്ലാംതന്നെ, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മതവുമായി അവയ്ക്കുള്ള ബാന്ധവത്തെ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. മതത്തെയും തദനുബന്ധസിദ്ധാന്തങ്ങളെയും ഭാരതീയ വിചാരശീലത്തിന്റെ മുഖ്യധാരയില്‍നിന്നും എടുത്തുമാറ്റുക അസാധ്യമാണ്. സാഹിത്യം, ശാസ്ത്രം, വിദ്യാഭ്യാസം, ദര്‍ശനം, സംസ്ക്കാരം, ചിത്രകല. ശില്പകല, പെയ്ന്റിങ്, രംഗകല, സംഗീതം എന്നുവേണ്ട, ഇന്ത്യന്‍ ജനതയുടെ വികാര-വിചാരങ്ങളും ദൈനംദിന ജീവിതചര്യകള്വരെയും പലതലത്തിലും മതങ്ങളോട് ബാധ്യതപ്പെട്ടിരിക്കുന്നു.
വിശ്വമാനവികചരിത്രത്തിൽ, ഒരുപക്ഷേ, ഇത് പ്രത്യേകം പരിശോധിക്കേണ്ടതും പരിഗണിക്കേണ്ടതുമായ വസ്തുതയാണെന്നുതോന്നുന്നു. ഇന്ത്യയുടെ ചരിത്രവും സംസ്ക്കാരവും സാഹിത്യവും ശാസ്ത്ര-സാങ്കേതികരംഗവും വര്ഗബന്ധങ്ങള്പോലും രൂപപ്പെട്ടതും പ്രകടിതമായതും മറ്റൊരു തരത്തിലല്ല. സ്വാഭാവികമായും ഇന്ത്യയില്‍ മതങ്ങളുടെ ഉത്ഭവം, വളര്‍ച്ച, തകര്‍ച്ച എന്നിവയെപ്പറ്റിയെല്ലാം ഒരു മാർക്സിസ്റ്റ് ദാര്ശനികന് എന്ന നിലയില്‍ വിശകലനം ചെയ്യേണ്ട ബാധ്യത ഇ എം എസ്സിനുണ്ട്. അത്തരം രചനകളുടെയും ധൈഷണിക സംവാദങ്ങളുടെയും ഭാഗമെന്ന നിലയില്‍ മതപുരോഹിതന്മാരുമായും യുക്തിവാദികളുമായും അവരുടെ പ്രസ്ഥാനങ്ങളുമായും ഇ എം എസ് പലപ്പോഴും ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. അവയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട സംവാദമാണ് യുക്തിവാദികളുമായി ഇ എം എസ് ആവര്‍ത്തിച്ച് നടത്തിയിട്ടുള്ളത്.
യുക്തിവാദപ്രസ്ഥാനത്തിന്റെ നായകരുടെ രൂക്ഷമായ വിമര്‍ശനത്തിനും വ്യക്തിപരമായ അവഹേളനത്തിനും ഇ എം എസ്സിനോളം പാത്രീഭൂതനായ മറ്റൊരു ദേശീയ നേതാവ് ഇന്ത്യയിലുണ്ടായിട്ടില്ല. വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാരെന്നു പറഞ്ഞതുപോലെ യുക്തിവാദി എന്ന ലേബലുള്ള സകലരും ഇ എം എസ്സിനും അദ്ദേഹം നയിച്ച പ്രസ്ഥാനത്തിനും എതിരെ എപ്പോഴും കൊടുവാളുമായി അവതരിച്ചിട്ടുണ്ട്. വ്യക്തിഹത്യയുടെ പാരമ്യത്തോളം എത്തിയിട്ടും അത്തരം വിമര്‍ശനങ്ങളെ സമചിത്തതയോടെ, ഉരുളയ്ക്കുപ്പേരി എന്ന മട്ടില്‍ മാർക്സിസത്തിന്റെ ദാര്‍ശനികാടിത്തറയില്‍ നിന്നുകൊണ്ട് ഇ എം എസ് നേരിടുകയുണ്ടായി. യുക്തിവാദവും കമ്യൂണിസ്റ്റുകാരും, ബൂര്‍ഷ്വാ യുക്തിവാദത്തില്‍നിന്ന് വൈരുദ്ധ്യാത്മക ഭൌതികവാദത്തിലേയ്ക്ക്, ആത്മാവ് ദൈവം മതം, ജാതിയും വര്‍ഗ്ഗസമരവും താത്വികവും ചരിത്രപരവുമായ ഒരന്വേഷണം, ജാതിമതം, രാഷ്ട്രീയം, ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ, ജാതീയതയും വര്‍ഗ്ഗീയതയും ഒരു മാർക്സിസ്റ്റ് അന്വേഷണം എന്നു തുടങ്ങി നിരവധി കൃതികള്‍ ഈ പ്രശ്നത്തിലുള്ള ഇ എം എസ്സിന്റെ ഇടപെടലുകളുടെ ഉത്തമ നിദര്‍ശനമായി നമുക്കുകാണാന്‍ കഴിയും.
യുക്തിവാദത്തെയും മാർക്സിസത്തെയും സംബന്ധിച്ച്, അവതമ്മില്‍ ഉള്ളതും ഉണ്ടായിക്കൊണ്ടിരിക്കേണ്ടതുമായ ബന്ധത്തെ സംബന്ധിച്ച് ഒട്ടേറെ സംശയങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ഇ എം എസ്സ് കാലാകാലങ്ങളില്‍ ചിന്താവാരികയിലെ ചോദ്യോത്തരപംക്തിയിലൂടെ നല്‍കിയിട്ടുള്ള വര്‍ഷങ്ങള്‍ നീണ്ടുനിന്ന, മരണംവരെ തുടര്‍ന്നുപോന്ന വിശകലനങ്ങളും ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നു.
'യുക്തിവാദവും കമ്യൂണിസ്റ്റുകാരും' എന്ന കൃതിയില്‍ ഇ എം എസ്സ് എഴുതുന്നു: "ചില പ്രത്യേകചോദ്യങ്ങള്ക്ക് മാർക്സിസവും യുക്തിവാദവും ഒരേ ഉത്തരമായിരിക്കാം നല്‍കുക. ലക്ഷ്യങ്ങളിലും അവിടവിടെ സാദൃശ്യം കാണാം. അവയിലല്ല തര്‍ക്കം. മാർക്സിയന്‍ ജ്ഞാന സിദ്ധാന്തത്തിനും യുക്തിവാദികളുടെ ജ്ഞാന സിദ്ധാന്തത്തിനും തമ്മില്‍ ഗണ്യമായ അന്തരമുണ്ട്. സാമ്പത്തികാപഗ്രഥനത്തിന്റെ കാര്യത്തില്‍ ഈ അന്തരം കൂടുതല്‍ വലുതാണ്, ഒട്ടൊക്കെ പരസ്പര വിരുദ്ധവുമാണ്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മേഖലയില്‍ വരുമ്പോഴാണ് ഇത് മൂര്‍ച്ഛിക്കുന്നത്. മാർക്സിസത്തോടും മാർക്സിസ്റ്റ് പാര്‍ട്ടിയോടും തികച്ചും ശത്രുതാപരമായ ഒരു നിലപാടാണ് കേരളയുക്തിവാദിസംഘത്തിനടക്കമുള്ളത്.''
രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിന് തിരികൊളുത്തിയിട്ടുള്ള ഇ എം എസ്സിന്റെ മേല്‍ ഉദ്ധരിച്ച വാക്യങ്ങള്‍ തെളിവുകള്‍ നിരത്തിക്കൊണ്ട് ഇ എം എസ്സ് അതേ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നുണ്ട്.
ഇ എം എസ്സിന്റെ നിരീക്ഷണങ്ങൾ: "17-18 നൂറ്റാണ്ടുകളില്‍ രൂപംകൊണ്ട് വളര്‍ച്ച പ്രാപിച്ച ബൂര്‍ഷ്വാ യുക്തിവാദം, മാർക്സിസത്തിന്റെ ആവിര്‍ഭാവത്തോടുകൂടി യഥാര്‍ത്ഥത്തില്‍ കാലഹരണപ്പെട്ടു കഴിഞ്ഞിരുന്നു. യുക്തിവാദത്തില്‍ പുരോഗമന പരമായി, വിപ്ളവകരമായി എന്തെല്ലാം ഉണ്ടായിരുന്നുവോ അതെല്ലാം മാർക്സിസം ഉള്‍ക്കൊണ്ടിട്ടുണ്ട്. പിന്തിരിപ്പനായി, ആശയവാദപരമായി, അതിലുണ്ടായിരുന്നതിനെയെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മാർക്സിസം ഇവിടെ വളര്‍ന്ന് ശക്തി പ്രാപിക്കുന്നതിനുമുമ്പെ യുക്തിവാദത്തിന് പുരോഗമനപരമായ ഒരു പങ്ക് വഹിക്കാനുണ്ടായിരുന്നു. അതാണ് സഹോദരന് അയ്യപ്പനും, രാമവര്‍മ്മതമ്പുരാനും, എം എസി ജോസഫും, കുറ്റിപ്പുഴയും ഒക്കെ ചെയ്തത്. എന്നാല്‍ നാല്പതുകളോടുകൂടി ഈ നില മാറി. ഇവിടെയും ശക്തമായ ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്നു. യുക്തിവാദത്തിന്റെ പുരോഗമനാത്മകമായ എല്ലാ അംശങ്ങളെയും അതുള്‍ക്കൊണ്ടു. യുക്തിവാദത്തിന്റെ പിന്നീടുള്ള സ്വതന്ത്രമായ വളര്‍ച്ച, ഫലത്തിൽ, ബൂര്‍ഷ്വാ യുക്തിവാദത്തിലെ ആശയവാദപരവും പിന്തിരിപ്പനും ആയ വശങ്ങള്‍ക്ക് കൂടുതല്‍ വളംവച്ചുകൊടുക്കുന്ന തരത്തിലുള്ളതായിരുന്നു'' എന്ന നിഗമനം അര്‍ത്ഥശങ്കയ്ക്കിടമില്ലാതെ സാധൂകരിക്കുന്നു.
മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ട വര്‍ഗ്ഗ സംഘട്ടനത്തിന്റെ ആശയപരമായ രണ്ട് രൂപങ്ങളാണ് യുക്തിവാദവും മാർക്സിസവും. മുതലാളിത്തം വളര്‍ന്നത് അതിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായിനില്‍ക്കുന്ന എല്ലാ സാമൂഹ്യ-സാംസ്ക്കാരിക ശക്തികളേയും വേരോടെ പിഴുതെറിഞ്ഞുകൊണ്ടായിരുന്നു. ഫ്യൂഡല്‍ സാമൂഹ്യവ്യവസ്ഥയ്ക്ക് പകരംവെയ്ക്കപ്പെട്ട മുതലാളിത്തത്തിന് ഫ്യൂഡലിസത്തിന്റെതായ എല്ലാം ആശയങ്ങളെയും സമൂലം തിരസ്ക്കരിക്കേണ്ടി വന്നു. ഈ പോരാട്ടത്തില്‍ ബൂര്‍ഷ്വാസി കരുപ്പിടിപ്പിച്ച മൂര്‍ച്ചയേറിയ ആയുധമാണ് 'പൊരുതുന്ന ഭൌതികവാദം' എന്ന് ലെനിന് പില്ക്കാലത്ത് വിശേഷിപ്പിച്ച യുക്തിവാദം. റെനിദ്ക്കാര്ത്തെ (1590-1650) ബെനഡിക്റ്റ് സ്പിനോസ (1632-1677) ലൈബ്നിത്സ് (1636-1716) തുടങ്ങിയ ഈ പ്രസ്ഥാനത്തിന്റെ പ്രവക്താക്കളും പ്രയോക്താക്കളുമായ സാംസ്ക്കാരിക നായകര്‍ മതം, വിശ്വാസങ്ങൾ, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെയെല്ലാം വെല്ലുവിളിച്ച് തികച്ചും യുക്തിയുക്തമായി ചിന്തിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ജീവിക്കാനും ജനങ്ങളെ ആഹ്വാനം ചെയ്തു. പ്രപഞ്ചം ജ്ഞേയമാണെന്നും യുക്തിയുടെ മാര്‍ഗ്ഗത്തിലൂടെ ഈ അറിവിനെ സാക്ഷാത്ക്കരിക്കാമെന്നും യുക്തിവാദം പ്രഖ്യാപിക്കുന്നു. എന്നാല്‍ യുക്തിവാദത്തില്‍ അതിന്റേതായ ദൌര്‍ബല്യങ്ങളും ഉള്‍ക്കൊള്ളുന്നു. ഇ എം എസ്സ് രേഖപ്പെടുത്തുന്നു.
"പ്രഥമ വീക്ഷണത്തില്‍ നിരീശ്വരവാദപരവും ഭൌതികവാദപരവും ആണെങ്കിലും യുക്തിവാദികളുടെ ജ്ഞാനസിദ്ധാന്തം തികച്ചും ആശയവാദപരമാണ്. അവരുടെ ദൃഷ്ടിയില് ലോകവിജ്ഞാനം മുഴുവന്‍ യുക്തിയേന്തിയ മനുഷ്യന് തന്റെ ബുദ്ധി ശക്തികൊണ്ട് കുഴിച്ചെടുത്തതാണ്. അതായത്, എല്ലാ അറിവും തനിക്ക് ചുറ്റുമുള്ള പ്രപഞ്ചത്തില്‍ അനാദികാലം മുതല്ക്കേ നിലനില്‍ക്കുന്നുണ്ട്. അവ കണ്ടുപിടിക്കുകയേ വേണ്ടു. മനുഷ്യന് ചുറ്റുമുള്ള പ്രപഞ്ചവുമായി ഇടപെടുകയും അതിനെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് അറിവുണ്ടാകുന്നത് എന്ന് അവര്‍ അംഗീകരിക്കുന്നില്ല. അത്തരം അറിവ് അവരുടെ ദൃഷ്ടിയില് അപൂര്‍ണ്ണമാണ്.''
യൂറോപ്പിലെ ജനാധിപത്യവാദികള്‍ പൊതുവിലും തൊഴിലാളിവര്ഗ്ഗവിപ്ളവകാരികള് പ്രത്യേകിച്ചും നടത്തിയ പോരാട്ടങ്ങളും അവര്‍ക്കിടയിലെ ബുദ്ധിജീവികള്‍ നടത്തിയ ആശയസമരങ്ങളും ചേര്‍ന്നാണ് മാർക്സിസം രൂപംകൊണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യദശയില്‍ യൌവനത്തിലേക്ക് കാലൂന്നുവാന്‍ ആരംഭിച്ചമുതലാളിത്തത്തെ ഒരു ശാസ്ത്രീയഗവേഷകന്റെ സത്യസന്ധതയോടും ലോകഗതിയാകെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന ഒരു വിപ്ളവകാരിയുടെ ദൃഢനിശ്ചയത്തോടുംകൂടി വിശകലനം ചെയ്യുകയും, അതിവേഗം വാര്‍ദ്ധക്യത്തിലേക്ക് നീങ്ങി അന്ത്യശ്വാസം വലിക്കാന്‍ പോകുന്ന ഒരു ജീവിയാണ് മുതലാളിത്തമെന്ന് തികച്ചും യുക്തിസഹമായി തെളിയിക്കുകയും ചെയ്തുകൊണ്ടാണ് മാർക്സിസത്തിന്റെ ദാര്‍ശനികരായ മാർക്സും എംഗല്‍സും മുതലാളിത്തത്തിന്റെ ശവക്കുഴിതോണ്ടുന്ന അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയായി ഈ ദര്‍ശനത്തിന് രൂപം കൊടുത്തത്. അവര്‍ രൂപം കൊടുത്ത ദര്‍ശനം 'വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദം' അഥവാ 'മാർക്സിസം' എന്ന് പ്രസിദ്ധമായി.
"മറ്റെല്ലാ ഭൌതിക വാദികളെയും പോലെ മാർക്സും എംഗല്‍സും ബാഹ്യപ്രപഞ്ചം യാഥാര്‍ത്ഥ്യമാണെന്ന ധാരണയില്‍ അടിയുറച്ചുനിന്നു. മാത്രമല്ല, ഭാവനയും വികാരങ്ങളും വിചാരങ്ങളുമെല്ലാം ഭൌതികപ്രപഞ്ചത്തിന്റെ വളര്‍ച്ചയില്‍നിന്ന് രൂപം കൊണ്ടുവന്നവയാണെന്നുകൂടി അവര്‍ വ്യക്തമാക്കി. ഭാവനയില്‍ നിന്നും വികാരവിചാരങ്ങളില്‍നിന്നും ഭൌതിക പദാര്‍ത്ഥങ്ങള്‍ രൂപം കൊള്ളുകയല്ല, നേരെമറിച്ച്, ഭൌതികപദാര്ത്ഥങ്ങളില്നിന്ന് ഭാവനയും വിചാരവികാരങ്ങളും ജന്മമെടുക്കുകയാണ് എന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. അജ്ഞാതമായിക്കിടക്കുന്ന പരിധികളില്പോലും വിജ്ഞാനത്തിന് കടന്നുചെല്ലാനും ആധിപത്യം നേടാനും കഴിയുമെന്നു മാത്രമല്ല, ഇന്ന് അജ്ഞാതമായിക്കിടക്കുന്ന അവിടങ്ങളില്‍പോലും ഭൌതികപദാര്ത്ഥങ്ങളാണ് പ്രാഥമികമായി നിലനിന്ന് പ്രവര്ത്തിക്കുന്നതെന്നുംകൂടി ഉറപ്പിച്ചു പറഞ്ഞു.''
ഭൌതിക പദാര്‍ത്ഥങ്ങളുടെ ഒരു സംഘടിത രൂപമാണ് മനുഷ്യദേഹം. ഭൌതിക പദാര്‍ത്ഥങ്ങളുടെ സംഘടിത രൂപങ്ങളില്‍നിന്ന് വിവിധ രൂപങ്ങളിലുള്ള ഭൌതികേതരയാഥാര്ത്ഥ്യങ്ങള് രൂപം കൊള്ളുന്നതെങ്ങനെ? ആദ്യകാലഭൌതികവാദത്തിന് ഇതിന്നുത്തരം നല്‍കാനായില്ല. അതിന്റെ അത്തരം ദൌര്‍ബല്യങ്ങളെ കുടഞ്ഞുകളഞ്ഞ് ഭൌതികവാദത്തെ യുക്തിഭദ്രമായി വികസിപ്പിച്ചെടുത്തത് മാർക്സും എംഗല്‍സുമായിരുന്നു. മനുഷ്യന്റെ സാമൂഹ്യവളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ആശയവാദത്തിന്റെ രൂപപ്പെടലിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെ 'വാനരനില്‍നിന്നും നരനിലേയ്ക്കുള്ള പരിവര്‍ത്തനത്തില്‍ അദ്ധ്വാനത്തിന്റെ പങ്ക് ' എന്ന പ്രബന്ധത്തില്‍ എംഗല്‍സ് ഇപ്രകാരം വിശദീകരിക്കുന്നു.
"കൈകളുടെയും സംസാരിക്കുന്നതിനുള്ള അവയവങ്ങളുടെയും തലച്ചോറിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി വ്യക്തികളില്‍ മാത്രമല്ല, സമൂഹത്തില്‍ ഒട്ടാകെത്തന്നെ, മനുഷ്യന് കൂടുതല്‍ കൂടുതല്‍ ഉയര്‍ന്ന ലക്ഷ്യങ്ങളില്‍ ഉന്നംവെച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ് സ്വായത്തമാക്കി. ഓരോ തലമുറകഴിയുന്തോറും അദ്ധ്വാനം കൂടുതല്‍ വ്യത്യസ്തവും കൂടുതല്‍ സമ്പൂര്‍ണ്ണവും വൈവിധ്യമുള്ളതും ആയിത്തീര്‍ന്നു. നായാട്ടിനും, കന്നുകാലിവളര്‍ത്തലിനും പുറമെ കൃഷി ആരംഭിച്ചു. തുടര്‍ന്ന് നൂല്‍നൂല്‍പ്പും നെയ്ത്തും ലോഹപ്പണിയും പാത്രനിര്‍മ്മാണവും കപ്പലോട്ടവും ഒക്കെ ആവിര്‍ഭവിച്ചു. വാണിജ്യം, വ്യവസായം എന്നിവയോടൊപ്പം അവസാനം കലയും ശാസ്ത്രവും രൂപംകൊണ്ടു. ഗോത്രങ്ങള്‍ വികസിച്ചു. ദേശങ്ങളും രാജ്യങ്ങളും ഉണ്ടായി. നിയമങ്ങളും രാഷ്ട്രതന്ത്രവും രൂപമെടുത്തു. അവയോടൊപ്പം തന്നെ മാനുഷികമായ കാര്യങ്ങള്‍ മനുഷ്യമനസ്സില്‍ പതിയുമ്പോഴുണ്ടാകുന്ന അവിശ്വസനീയമായ പ്രതിബിംബവും-മതം-രൂപംകൊണ്ടു. മനുഷ്യമനസ്സിന്റെ തന്നെ ഉല്പന്നങ്ങളാണെങ്കിലും മനുഷ്യസമൂഹങ്ങളെ മുഴുവന്‍ അടക്കിവാഴുന്നതായി തോന്നിക്കുന്ന ഈ സൃഷ്ടികളുടെ ആവിര്‍ഭാവത്തോടെ അദ്ധ്വാനിക്കുന്ന കയ്യില്‍ എളിയ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കപ്പെട്ടു, പ്രത്യേകിച്ചും സമൂഹത്തിന്റെ വികാസത്തിലെ ഏറ്റവും ആദ്യത്തെ ഘട്ടങ്ങളില്‍ തന്നെ (ഉദാഹരണത്തിന് പ്രാകൃതകുടുംബങ്ങളിൽ) അദ്ധ്വാനം ആസൂത്രണം ചെയ്തിരുന്ന മനസ്സിന് ആസൂത്രണം ചെയ്തുകഴിഞ്ഞ അദ്ധ്വാനം സ്വന്തം കൈ ഉപയോഗിക്കാതെ മറ്റു കൈകളെക്കൊണ്ട് നിര്വ്വഹിപ്പിക്കാന് കഴിയുമെന്നുവന്നതോടെ സംസ്ക്കാരത്തിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനുള്ള എല്ലാ അംഗീകാരവും ബോധത്തിനും തലച്ചോറിന്റെ വികാസപ്രവര്ത്തനങ്ങള്ക്കും നല്കപ്പെട്ടു. മനുഷ്യര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്വന്തം ആവശ്യങ്ങളുടെ വെളിച്ചത്തില്‍ എന്നതിനുപകരം സ്വന്തം ചിന്തയുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്ന സ്വഭാവം കൈവരിച്ചു. (ബോധമനസ്സില്‍ ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കപ്പെടാറുണ്ട് എന്നത് ശരിതന്നെ) അങ്ങനെ പ്രത്യേകിച്ചും ആദിമകാലഘട്ടത്തിന്റെ അവസാനത്തോടെ മനുഷ്യമനസ്സുകളെ മുഴുവന്‍ കീഴ്പെടുത്തിയ ആശയവാദപരമായ ഒരു വീക്ഷണഗതി ഉയര്‍ന്നുവന്നു. അതില്‍നിന്ന് മനുഷ്യന് ഇനിയും പൂര്‍ണ്ണമായും മോചനം നേടിയിട്ടില്ല. തന്മൂലം ഭൌതികവാദത്തില്‍ ഏറ്റവുമധികം വിശ്വസിക്കുന്ന ഡാര്‍വിന്റെ പിന്തുടര്ച്ചക്കാരായ ജൈവശാസ്ത്രജ്ഞന്മാര്ക്കുപോലും മനുഷ്യന്റെ ഉദ്ഭവത്തെപ്പറ്റി വ്യക്തമായ ഒരുധാരണ രൂപീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിന്റെ സ്വാധീനം നിമിത്തം ഈ പരിണാമത്തില്‍ അദ്ധ്വാനം വഹിച്ചിട്ടുള്ള പങ്ക് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ഇതിന് കാരണം''.
മനസ്സ്, ബുദ്ധി, വികാര-വിചാരങ്ങൾ, കലാ-ശാസ്ത്രാദി ചിന്തകള്‍ എന്നിങ്ങനെ ഭൌതികപദാര്ത്ഥത്തെ ആശ്രയിച്ച് രൂപപ്പെടുന്ന ആശയമണ്ഡലത്തെ മനുഷ്യന്റെ അദ്ധ്വാനപ്രക്രിയയുമായി ബന്ധിച്ച് വ്യാഖ്യാനിക്കുവാന്‍ മാർക്സിനും എംഗല്‍സിനും കഴിഞ്ഞു. ഇപ്രകാരം ആദിമദശയിലെ ഭൌതികവാദത്തിനുള്ള ദൌര്ബല്യങ്ങള് പരിഹരിച്ച് ഭൌതികപ്രപഞ്ചവും അതില്‍നിന്നും ജന്മമെടുക്കുന്ന ഭൌതികേതര പ്രപഞ്ചവും തമ്മിലുള്ള പരസ്പരബന്ധം തികച്ചും ശാസ്ത്രീയമായ രീതിയില്‍ വിശദീകരിച്ചതാണ് മാർക്സിസ്റ്റ് ദര്‍ശനം നല്കിയ മഹത്തായ സംഭാവന.
താത്വികമായ തലത്തില്‍ മാത്രമല്ല, പ്രായോഗികതലത്തിലും യുക്തിവാദവും മാർക്സിസവും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ആദിമമനുഷ്യന്റെ ഭാവനയില്‍ അക്കാലത്തെ സാമൂഹ്യസാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെട്ട മതങ്ങളോടുമാത്രമല്ല, ഇതിഹാസകഥകളോടും ഐതിഹ്യങ്ങളോടും അവയിലൂടെ പുറത്തുവന്ന കഥാപാത്രങ്ങളോടും എന്തുനിലപാടെടുക്കണം എന്നതിലും മാർക്സിസത്തിനും യുക്തിവാദത്തിനും ഉള്ള വ്യത്യസ്ത നിലപാടുകള്‍ ഇത് വ്യക്തമാക്കുന്നു. പ്രകൃതിപ്രതിഭാസങ്ങളുമായി സദാ പടവെട്ടിക്കൊണ്ടിരുന്ന മനുഷ്യന് ആ പോരാട്ടത്തില്‍ തനിക്കുള്ള ശക്തിയെക്കുറിച്ച് ആത്മവിശ്വാസത്തോടെ ഭാവനയില്‍ മെനഞ്ഞെടുത്ത വീരനായകരാണ് കൃഷ്ണനും ക്രിസ്തുവുമടക്കമുള്ള മതഗ്രന്ഥങ്ങളിലെനായികാനായകന്മാർ. തലമുറ തലമുറകള്‍ കൈമാറി മനുഷ്യന് പകര്‍ന്നു കിട്ടിയിട്ടുള്ള ഇത്തരം കഥാപാത്രങ്ങളില്‍ ആരെല്ലാം ജീവിച്ചിരുന്നു ആരുടെയെല്ലാം കഥകളില്‍ സത്യത്തിന്റെ എത്ര അംശമുണ്ട് എന്ന് തിട്ടപ്പെടുത്തുക അസാധ്യമാണ്. അത് സാധ്യമായാല്‍തന്നെയും മുഖ്യധാരയിലുള്ള പ്രശ്നം അതല്ല. ക്രിസ്തുവും കൃഷ്ണനുമടക്കമുള്ള അത്തരം കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും, അവരെ സംബന്ധിച്ചുള്ള വീരകഥകള്‍ തലമുറ തലമുറകളായി ജനങ്ങള്‍ക്കിടയില്‍ സജീവമാണ് എന്നതാണ് പ്രധാനം.
അത്തരം കഥകളെ അടിസ്ഥാനമാക്കിയ സാമൂഹ്യബോധം ജനകോടികളില്‍ വ്യാപകമായി വ്യാപിച്ചിട്ടുണ്ടെന്നതും, വ്യാപകമായി നിലനില്‍ക്കുന്ന ഈ സാമൂഹ്യബോധം തന്നെ ഒരു ഭൌതിക ശക്തിയായി നിലനില്ക്കുന്നു എന്നതുമാണ് പരമപ്രധാനം. ഈ ഭൌതികശക്തി വര്‍ഗ്ഗവിഭജിതസമൂഹത്തില്‍ വര്‍ഗ്ഗസമരത്തെ തീക്ഷ്ണമാക്കാനാണോ തളര്ത്താനാണോ ഉപകരിച്ചിട്ടുള്ളത് എന്നതാണ് മാർക്സിസ്റ്റ് ദാര്‍ശനികരെ സംബന്ധിച്ചിടത്തോളം വിശകലനവിഷയമായിട്ടുള്ളത്. ആ വിശകലനത്തിലൂടെ അത്തരം കഥകള്‍ക്ക് ഒരു കീഴാളപക്ഷ വായന സാധ്യമാകുമോ എന്നും അവര്‍ പരിശോധിക്കുന്നു. വര്‍ഗ്ഗസമരത്തെ വീറുറ്റതാക്കാനും ചൂഷണവ്യവസ്ഥയ്ക്ക് അറുതിവരുത്താനും സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ കണ്ടെത്താന്‍ അത്തരം കീഴാളപക്ഷ വായനകൊണ്ട് കഴിയുന്നു. അതുകൊണ്ടുതന്നെ, പ്രപഞ്ചത്തെ മാറ്റിത്തീര്‍ക്കാനുള്ള കരുക്കള്‍ പാരമ്പര്യത്തിന്റെ ചെപ്പേടുകളില് കണ്ടെത്തുകയും അവയെ ഇന്ധനമായി സ്വീകരിക്കുകയും മുന്നോട്ടുകുതിക്കുകയുമാണ് പ്രായോഗികരംഗത്ത് മാർക്സിസ്റ്റ് പ്രവര്‍ത്തകര്‍ നടപ്പിലാക്കുന്ന കര്‍മ്മപരിപാടി.
മാനവസംസ്ക്കാരത്തിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടമെത്തിയപ്പോള്‍ മനുഷ്യന്റെ സാമൂഹ്യജീവിതത്തില്‍ ഉള്ളവനും ഇല്ലാത്തവനും അല്ലെങ്കില്‍ ചൂഷകരും ചൂഷിതരും എന്ന അടിസ്ഥാനപരമായ ഒരു വിഭജനം പ്രത്യക്ഷപ്പെട്ടു. ഈ രണ്ടുചേരികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സാമൂഹ്യജീവിതത്തില്‍ യാഥാര്‍ത്ഥ്യമായി. സാമൂഹ്യജീവിതത്തിന്റെ മറ്റുതുറകളിലെന്നപോലെ കലാ-സാഹിത്യ-ശാസ്ത്രമേഖലകളിലും അതിന്റെ പ്രതിഫലനമുണ്ടായി. ഭൌതിക സ്വത്തെന്നപോലെ സാംസ്ക്കാരിക സ്വത്തും ഉള്ളവരുടെ കുത്തകയായും ഇല്ലാത്തവര്‍ക്കെതിരെ ഉപയോഗിക്കപ്പെടുന്ന ആയുധമായും മാറി. മതം, മതാചാരങ്ങൾ, അന്ധവിശ്വാസങ്ങള്‍ എന്നിങ്ങനെയുള്ള അശാസ്ത്രീയ ചിന്താഗതികളാകെ പാവപ്പെട്ടവരെ മയക്കിക്കിടത്താനുള്ള കരുവാക്കി മാറ്റാന്‍ സ്വകാര്യസ്വത്തുടമകള് ബോധപൂര്‍വ്വം ശ്രമിക്കുകയും അതിലവര്‍ ഒരു വലിയ അളവ് വിജയിക്കുകയും ചെയ്തു.
ഈ സാംസ്ക്കാരികായുധത്തെ പിടിച്ചുവാങ്ങുക എന്നതാണ് മുഖ്യം. അത് നിറവേറ്റപ്പെടണമെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മറ്റു മതമൂലതത്വാധിഷ്ഠിതമായ നിലപാടുകള്‍ക്കും എതിരെയുള്ള സമരം വിജയിക്കണം. അത് വിജയിക്കണമെങ്കില്‍ ഉള്ളവര്‍ക്കെതിരെ, ചൂഷകര്‍ക്കെതിരെ ഇല്ലാത്തവർ, ചൂഷിതര്‍ നടത്തുന്ന സമരം വിജയിക്കണം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഇ എം എസ് ചൂണ്ടിക്കാണിച്ചതുപോലെ, ആധുനിക തൊഴിലാളി വര്‍ഗ്ഗം നിറവേറ്റാനുള്ള ചുമതല പൂര്‍ത്തിയാകണമെങ്കില്‍ വര്ഗ്ഗസമരത്തിലെ തൊഴിലാളിവര്‍ഗ്ഗ പക്ഷപാതം, ദാര്ശനികരംഗത്തിലെ ഭൌതിക വാദചിന്താഗതി എന്നീ രണ്ടുഘടകങ്ങളെ ഏകോപിപ്പിക്കണമെന്നര്ത്ഥം.
അങ്ങനെ വരുമ്പോൾ, വര്ഗ്ഗസമരത്തിലെ തൊഴിലാളിവര്‍ഗ്ഗ പക്ഷപാതം ഓരോ പുരോഗമന വാദിയുടേയും നിലപാടുതറയുടെ നികഷമായിമാറുന്നു. യുക്തിവാദത്തിന്റെയും യുക്തിവാദികളുടെയും മാറ്റ് കപടമാണെന്ന തിരിച്ചറിവ് ഈ ചാണക്കല്ലില്‍ ഉരയ്ക്കുന്നതിലൂടെ വ്യക്തമാകുന്നു. കാരണം, ഇ എം എസ്സ് വ്യക്തമാക്കുന്നു:-
“ഭൂരിപക്ഷം ജനങ്ങള്‍ ഒരു ന്യൂനപക്ഷം മാത്രം വരുന്ന ഭരണവര്‍ഗ്ഗങ്ങളുടെ ചൂഷണത്തിനിരയാകുക, ഈ രണ്ടുവിഭാഗങ്ങളും നിരന്തരം ഏറ്റുമുട്ടുക - ഇതാണല്ലോ വര്‍ഗ്ഗസമരത്തിന്റെ കാതലായഭാഗം. ഈ വര്‍ഗ്ഗ സമരത്തില്‍ പങ്കെടുക്കുന്ന രണ്ടു ചേരികളിലും മതവിശ്വാസികളുണ്ട്, നാസ്തികരുമുണ്ട്. ഈ രണ്ട് വിഭാഗങ്ങളിലും പെട്ട നാസ്തികര്‍ ചേര്‍ന്ന് രണ്ടിലും പെട്ട മതവിശ്വാസികള്‍ക്കെതിരായി പോരാടുമോ, അതോ മതവിശ്വാസി-നാസ്തിക വ്യത്യാസമില്ലാതെ ചൂഷണത്തിനിരയാകുന്നവര്‍ മുഴുവന്‍ ചൂഷകര്‍ക്കെതിരായി യോജിച്ച് പോരാടണമോ-ഇതിനുത്തരം നല്കുന്നതിലാണ് ബൂര്ഷ്വായുക്തിവാദികളും മാർക്സിസ്റ്റുകാരും തമ്മിലുള്ള വ്യത്യാസം. ചൂഷക-ചൂഷിത വ്യത്യാസമില്ലാതെ നാസ്തികരെയെല്ലാം യോജിപ്പിക്കാനുള്ള സമീപനത്തിൽ-വര്ഗ്ഗസഹകരണത്തിൽ-ചെന്നെത്തുന്നതാണ് ബൂര്ഷ്വായുക്തിവാദത്തിന്റെ സമീപനം, മാർക്സിസത്തിന്റേതാകട്ടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ സമരരൂപമായ ഐക്യത്തില്‍ ചെന്നെത്തുന്നു....”
“യുക്തിവാദവും മാർക്സിസവും തമ്മിലുള്ള അന്തരം കിടക്കുന്നത് ഇവിടെയാണ്. യുക്തിവാദികളുടെ ദൃഷ്ടിയില് മതം യുക്തിരഹിതമാണ്. അതിനെതിരായ സമരമല്ലാതെ മറ്റൊന്നും ചെയ്യാനില്ല. മാർക്സിസത്തിനാകട്ടെ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ സംഘടിതസമരമാണ് പരമപ്രധാനം. ഈ സമരവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് അവര്‍ ദാര്‍ശനികരംഗത്ത് ആശയവാദത്തിനെതിരായ സമരത്തെ ബന്ധിപ്പിക്കുന്നത്. "അതായത് , ഇ എം എസ്സിനെ തന്നെ ഉദ്ധരിക്കട്ടെ, "മതത്തിനും അന്ധവിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരായ സമരത്തെ സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളില്‍ നടത്തുന്ന വര്‍ഗ്ഗസമരത്തിന് കീഴ്പ്പെടുത്തുക, വിശ്വാസികളും അവിശ്വാസികളുമായ ബഹുജനങ്ങളെയാകെ പൊതുശത്രുക്കളായ ചൂഷകര്‍ക്കെതിരായി യോജിപ്പിക്കുക-ഇതാണ് മാർക്സിസ്റ്റ് വീക്ഷണം. ഇതിനുപകരം വര്‍ഗ്ഗസമരത്തെ മതവിരുദ്ധ ആശയസമരത്തിന് കീഴ്പെടുത്താനുള്ള പ്രവണത ബൂര്ഷ്വായുക്തിവാദികളില് കാണാം. ”
" വര്‍ഗ്ഗസമരത്തിന് കീഴ്പെടുത്തിക്കൊണ്ടുതന്നെ മതവിരുദ്ധആശയസമരം സംഘടിപ്പിക്കാന്‍ മാർക്സിസ്റ്റുകാര്‍ക്ക് ബാധ്യതയുണ്ടെന്നത് നേരാണ്, അത് നിറവേറ്റുന്ന കാര്യത്തില്‍ ഒട്ടേറെ പോരായ്മകളുണ്ടാവാം. അവ പരിഹരിക്കുകയും വേണം. പക്ഷേ, അവ പരിഹരിക്കുന്നതിന്റെ പേരില്‍ മതവിരുദ്ധ ആശയസമരത്തിന് സാമ്പത്തിക രാഷ്ട്രീയരംഗങ്ങളിലെ വര്‍ഗ്ഗസമരത്തെ കീഴ്പ്പെടുത്താന്‍ മാർക്സിസ്റ്റുകാര്‍ അനുവദിക്കരുത്. വിശ്വാസികളും അവിശ്വാസികളും എന്ന വ്യത്യാസം കൂടാതെ ബഹുജനങ്ങളെ ആകെ പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുപ്പിക്കുക, അതോടൊപ്പം വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദം വ്യക്തമായി പ്രചരിപ്പിച്ച് ജനങ്ങളുടെ വൈജ്ഞാനികനിലവാരം ഉയര്‍ത്തുക-ഇതു രണ്ടും ചെയ്യുന്നത് മാർക്സിസ്റ്റ്-ലെനിനിസ്റ്റുകാരുടെ കടമയാണ്.''
മാർക്സിസത്തിന് മതത്തോടും യുക്തിവാദത്തോടുമുള്ള സമീപനത്തിന്റെ രീതിശാസ്ത്രവും മറ്റൊന്നല്ലെന്ന് ലെനിന് ഇങ്ങനെ വിശദീകരിക്കുന്നു.
"നാം മതത്തെ എതിര്‍ക്കണം എന്നത് എല്ലാത്തരം ഭൌതികവാദത്തിന്റെയും 'ഹരിശ്രീ'യാണ്-അതുകൊണ്ടു മാർക്സിസത്തിന്റെയും. പക്ഷേ, 'ഹരിശ്രീ'യോടുകൂടി അവസാനിക്കുന്ന ഭൌതികവാദമല്ല മാർക്സിസം. കുറേക്കൂടി മുന്നോട്ടുപോയി അതു പറയുന്നു. മതത്തെ എതിര്‍ക്കേണ്ടത് എങ്ങനെയെന്ന് നാം മനസ്സിലാക്കണം. അതിനാകട്ടെ, മതവിശ്വാസത്തിന്റെ ഉദ്ഭവസ്ഥാനമേതെന്ന് ഭൌതികവാദപരമായി ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണം. അമൂര്‍ത്തമായ ആശയപ്രചാരണത്തിലൂടെ മതത്തെ എതിര്‍ക്കാന്‍ കഴിയുകയില്ല. മതത്തോടുള്ള എതിര്‍പ്പ് ഈ പ്രചാരണത്തില്‍ ഒതുക്കാനും പറ്റില്ല. അതിനെവര്ഗ്ഗപരമായ മൂര്ത്തപ്രവര്ത്തനവുമായി ബന്ധിപ്പിക്കണം. എങ്കില്‍ മാത്രമെ, മതത്തിന്റെ സാമൂഹ്യമായ വേര് അറുക്കാന്‍ കഴിയുകയുള്ളൂ. എന്തുകൊണ്ടാണ് മതത്തിന് പട്ടണപ്രദേശങ്ങളിലെ തൊഴിലാളികളുടെ പിന്നണിവിഭാഗങ്ങളും അര്ദ്ധതൊഴിലാളിവിഭാഗങ്ങളും കര്ഷകജനസാമാന്യവുമടക്കം വലിയൊരു ജനവിഭാഗത്തില്‍ സ്വാധീനമുണ്ടായിട്ടുള്ളത്? ഇതിനൊരു ബൂര്‍ഷ്വാ പുരോഗമനക്കാരന്റെ, ഇടതുപക്ഷക്കാരന്റെ, ബൂര്‍ഷ്വാ ഭൌതികവാദികളുടെ മറുപടി ജനങ്ങളുടെ അജ്ഞത നിമിത്തം എന്നാണ്. അതുകൊണ്ടവര്‍ ഈ മുദ്രാവാക്യം വിളിക്കുന്നു-മതംനശിക്കട്ടെ, നിരീശ്വരത്വം നീണാള്‍വാഴട്ടെ, നിരീശ്വരത്വം പ്രചരിപ്പിക്കലാണ് നമ്മുടെ പ്രധാനകടമ."
മാർക്സിസ്റ്റുകാര്‍ പറയുന്നു: ഇതു ശരിയല്ല, ഇതൊരു വെറുംതൊലിപ്പുറമേയുള്ള കാഴ്ചയാണ്. ഹ്രസ്വദൃഷ്ടികളായ ബൂര്‍ഷ്വാ പരിവര്‍ത്തനവാദികളുടെ കാഴ്ചപ്പാടാണ്. ഇതുകൊണ്ട് മതത്തിന്റെ അടിത്തറയെന്തെന്ന് ആഴത്തിലിറങ്ങി പരിശോധിച്ച് വിവരിക്കാന്‍ കഴിയില്ല. മതത്തിന്റെ അടിത്തറയെ ഭൌതികവാദപരമായിട്ടല്ല, ആശയവാദപരമായിട്ടാണ് അത് പരിശോധിച്ചുവിവരിക്കുന്നത്. ആധുനികമുതലാളിത്ത രാജ്യങ്ങളില്‍ മതത്തിന്റെ വേര് കിടക്കുന്നത് സാമൂഹ്യരംഗത്താണ്. അദ്ധ്വാനിക്കുന്ന ബഹുജനങ്ങള്‍ സാമൂഹ്യമായി അടിച്ചമര്ത്തപ്പെട്ടിരിക്കുന്നുവെന്നുള്ള വസ്തുതയിലാണ് മതത്തിന്റെ അടിവേരുകിടക്കുന്നത്. മുതലാളിത്തത്തിന്റെ അന്ധമായ ശക്തികളുടെ മുന്നിൽ, ഓരോ ദിവസവും ഓരോ മണിക്കൂറും അദ്ധ്വാനിക്കുന്ന സാധാരണക്കാരുടെ മേല്‍ മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന മൃഗീയപീഡനങ്ങളുടെ മുന്നില്‍ യുദ്ധവും ഭൂകമ്പവും മറ്റുംപോലെ അസാധാരണമായ പ്രകൃതികോപമുണ്ടാകുമ്പോള്‍ അനുഭവിക്കേണ്ടിവരുന്നതിനേക്കാള്‍ ആയിരം മടങ്ങ് ഭയാനകമായ കഷ്ടതകളുടെ മുന്നില്‍ നിസ്സഹായരായ അദ്ധ്വാനിക്കുന്ന ജനലക്ഷങ്ങളുടെ പ്രയാസകരമായ ജീവിതമാണ് മതത്തെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്നത്. ജനങ്ങളുടെ വൈജ്ഞാനിക നിലവാരം ഉയര്‍ത്താനുള്ള പരിശ്രമത്തിലൂടെ മാത്രം അവരുടെമേല്‍ മതത്തിനുള്ള സ്ഥാനം ഇല്ലാതാക്കാന്‍ കഴിയുകയില്ല. മുതലാളിത്തത്തിന്റെ കീഴില്‍ കഠിനാദ്ധ്വാനംചെയ്ത് മുതലാളിത്തത്തിന്റെ അന്ധവും മാരകവുമായ ശക്തികള്ക്കധീനരായിക്കിടക്കുന്ന ജനങ്ങള്‍ക്ക് സ്വയം മതത്തിന്റെ അടിസ്ഥാനവേരുകള്‍ പറിച്ചുകളയാൻ, മുതലാളിത്ത വാഴ്ചയെ എല്ലാ രൂപത്തിലും എതിര്‍ക്കാൻ, സംയുക്തവും സംഘടിതവും ആസൂത്രിതവും ബോധപൂര്‍വ്വവുമായി നീങ്ങാന്‍ കഴിയുമ്പോള്‍ മാത്രമേ മതത്തിന്റെ വേര് അറ്റുപോവുകയുള്ളൂ.''
നാം ജീവിക്കുന്ന ചുറ്റുപാടുകളില്‍ ദൈനംദിനം ഉയര്‍ന്നുവരുന്ന സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യപ്രശ്നങ്ങളെ ആസ്പദമാക്കി പ്രായോഗിക സമരങ്ങള്‍ സംഘടിപ്പിച്ച് അതിൽ-ജാതി-മത-ലിംഗഭേദമില്ലാതെ വിശ്വാസി-അവിശ്വാസി ഭേദമില്ലാതെ ബഹുജനങ്ങളെ അണിനിരത്തി, വര്‍ഗ്ഗപരമായി ഏകോപിപ്പിച്ച് സാമൂഹ്യമാറ്റ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഉത്തോലകങ്ങളായി മാർക്സിസ്റ്റ് പോരാളികള്‍ മാറണം. മാർക്സിസത്തിന്റെ ജീവന് തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ളവപ്രസ്ഥാനമാണ്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് മതമടക്കം എല്ലാത്തരം സാമൂഹ്യബോധത്തേയും മാർക്സിസം ഉപയോഗിക്കുന്നു. മതത്തിനെതിരായ മൌലികവിമര്ശനം തുടരുമ്പോള്‍തന്നെ, മതവിശ്വാസങ്ങളുടെ കൂട്ടത്തില്‍ സാമൂഹ്യപുരോഗതിയെ സഹായിക്കുന്ന എന്തെല്ലാം ഘടകങ്ങളുണ്ടോ അതിനെയെല്ലാം ഉപയോഗിക്കുവാന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ളവപ്രസ്ഥാനത്തിന് ബാധ്യതയുണ്ട്. തൊഴിലാളിവര്ഗ്ഗവിപ്ളവ പ്രസ്ഥാനത്തില്‍ ഈശ്വരവിശ്വാസികളുടെ അംഗത്വം ഒരു ചര്‍ച്ചാവിഷയമായി അരങ്ങിലെത്തുന്നത് ഇവിടെയാണ്.
ലോകത്തില്‍ ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനവും തങ്ങളുടെ ഭരണഘടനയില്‍ മതവിശ്വാസമില്ലാതാവുക, നിരീശ്വരവാദിയായിരിക്കുക എന്നത് ഒരു വ്യവസ്ഥയായി എഴുതിവെച്ചിട്ടില്ല. ഇന്ത്യയിലും സ്ഥിതിവ്യത്യസ്തമല്ല. യുക്തിവാദികളുടെ രൂക്ഷമായ ഭിന്നാഭിപ്രായത്തിനും വിമര്‍ശനങ്ങള്‍ക്കും ഇതും ശരവ്യമായിട്ടുണ്ട്.
ഒരു ദര്‍ശനമെന്ന നിലയ്ക്ക് മാർക്സിസം ഭൌതികവാദപരമാണ്. ആ നിലയ്ക്ക് മാർക്സിസത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ദാര്ശനികനിലവാരത്തില് മതവിശ്വാസവുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയുകയില്ല. എന്നാല്‍ മാർക്സിസത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു തൊഴിലാളിവര്‍ഗ്ഗ ബഹുജനപ്രസ്ഥാനത്തിനും അതിന്റെ ഒരു പരിപാടിയായി, അംഗത്വവ്യവസ്ഥയായി നിരീശ്വരവാദിയായിരിക്കുക, മതവിശ്വാസി അല്ലാതിരിക്കുക എന്ന വ്യവസ്ഥ എഴുതിവെക്കാന്‍ കഴിയുകയില്ല. കാരണം. "മാർക്സിസത്തെ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ട്ടിയുടെയും പ്രായോഗിക പ്രവര്‍ത്തനം തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തില്‍ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളെയും മറ്റെല്ലാജനാധിപത്യവാദികളെയും ചൂഷകവര്ഗ്ഗഭരണകൂടത്തിനെതിരായി സംഘടിപ്പിക്കുകയെന്നതാണ്. ഇങ്ങനെ സംഘടിപ്പിക്കപ്പെടേണ്ട തൊഴിലാളികൾ, മറ്റദ്ധ്വാനിക്കുന്ന ബഹുജനങ്ങൾ, എല്ലാ വിഭാഗങ്ങളിലുംപെട്ട ജനാധിപത്യവാദികള്‍ എന്നിവരിലാകട്ടെ, അവിശ്വാസികളെന്നപോലെ വിശ്വാസികളും ധാരാളമുണ്ടാകും.''
അതുകൊണ്ടുതന്നെ, മതവിശ്വാസിയാണെന്ന ഏക കാരണത്താല്‍ ഒരാളുടെ അംഗത്വാപേക്ഷതള്ളിക്കളയാന് വിപ്ളവപ്രസ്ഥാനത്തിനാവില്ല.
എന്നാല്‍ സാമ്പത്തികവും രാഷ്ട്രീയവും മറ്റുമായ സമരവേദികളിലൂടെയും മറ്റും പുരോഗമനപ്രസ്ഥാനങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുന്നവര്‍ പടിപടിയായി ഒരു തികഞ്ഞ വിപ്ളവകാരിയുടെ പദവിയിലേയ്ക്ക് ഉയരേണ്ടതുണ്ട്. അതിനുകഴിയാത്തവര്‍ നിര്‍ണ്ണായകഘട്ടങ്ങളില്‍ പതറുകയും പാളിച്ചകള്‍ക്ക് വിധേയരാവുകയും ചെയ്യും. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെങ്ങുമുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ഒരു കമ്യൂണിസ്റ്റാവുക ഏറ്റവും അഭിലക്ഷണീയമാണെങ്കിലും ക്ഷിപ്രസാധ്യമല്ല, എന്നാല്‍ ഒരു കമ്യൂണിസ്റ്റ് അല്ലാതാവുക തികച്ചും അനഭിലഷണീയവും ക്ഷിപ്രസാധ്യവുമാണ്. ഇതില്‍നിന്നും തെളിയുന്നത് ഒരു വിപ്ളവകാരി സ്വന്തം പ്രത്യയശാസ്ത്രത്തോട് തികഞ്ഞ വിധേയത്വം പുലര്‍ത്തണം എന്നതാണ്. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദത്തില്‍ അടിയുറച്ചുനില്ക്കുന്നവര്ക്കുമാത്രമേ എല്ലാ ദൌര്‍ബ്ബല്യങ്ങളേയും പ്രലോഭനങ്ങളേയും മറ്റുതരത്തിലുള്ള സങ്കുചിതചിന്തകളേയും അതിജീവിക്കാന്‍ കഴിയൂ. ഈ പ്രത്യയശാസ്ത്രപ്രതിബദ്ധതയ്ക്കു ഊനം തട്ടുമ്പോഴാണ് മുതലാളിത്ത സമൂഹത്തിലെ ജീര്‍ണ്ണതകള്‍ പുരോഗമനപ്രസ്ഥാനങ്ങളിലേയ്ക്ക് നുഴഞ്ഞുകയറുന്നത്. ലെനിന് ഇക്കാര്യം അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
“സോഷ്യലിസ്റ്റ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മതം ഒരു സ്വകാര്യവിഷയമല്ല. തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനുവേണ്ടി പൊരുതുന്ന വര്‍ഗ്ഗബോധമുള്ള മുന്നണിപോരാളികളുടെ സംഘടനയാണ് നമ്മുടെ പാര്‍ട്ടി. മതവിശ്വാസങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന വര്ഗ്ഗബോധമില്ലായ്മയോടും അജ്ഞതയോടും വിജ്ഞാനവിരോധത്തോടും അതുപോലൊരു സംഘടനയ്ക്ക് ഉദാസീനതകൈക്കൊള്ളാന് നിവൃത്തിയില്ല; ഉദാസീനതകൈക്കൊള്ളുകയുമരുത്. നമ്മെ സംബന്ധിച്ചിടത്തോളം ആശയസമരം ഒരുസ്വകാര്യവിഷയമല്ല, മുഴുവന്‍ പാര്‍ട്ടിയുടേയും കാര്യമാണ്, മുഴുവന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റേയും കാര്യമാണ്. ”
"അങ്ങനെയാണെങ്കില്‍ നാം നാസ്തികരാണെന്ന് എന്തുകൊണ്ട് നമ്മുടെ പരിപാടിയില്‍ പ്രഖ്യാപിക്കുന്നില്ല. ക്രിസ്ത്യാനികളും മറ്റുദൈവവിശ്വാസികളും നമ്മുടെ പരിപാടിയില്ചേരുന്നത് നാം എന്തുകൊണ്ട് വിലക്കുന്നില്ല? മതത്തിന്റെ പ്രശ്നം പ്രതിപാദിക്കുന്നതില്‍ ബൂര്ഷ്വാജനാധിപത്യവാദികളും സോഷ്യല്‍ ഡമോക്രാറ്റുകളും തമ്മിലുള്ള അതിപ്രധാനമായ വ്യത്യാസമെന്താണെന്ന് വിശദമാക്കാന്‍ ഈ ചോദ്യത്തിനുള്ള മറുപടി ഉപകരിക്കുന്നതാണ്.
"ശാസ്ത്രീയമെന്ന് മാത്രമല്ല, ഭൌതികവാദപരംകൂടിയായ ലോകവീക്ഷണത്തില്‍ പൂര്‍ണ്ണമായും അധിഷ്ഠിതമാണ് നമ്മുടെ പരിപാടി. അതുകൊണ്ടു മതപരമായ മൂടല്‍മഞ്ഞിന്റെ ചരിത്രപരവും സാമ്പത്തികവുമായ യഥാര്ത്ഥവേരുകളെക്കുറിച്ചുള്ള ഒരു വിശദീകരണം നമ്മുടെ പരിപാടിയെക്കുറിച്ചുള്ള വിശദീകരണത്തില്‍ അവശ്യമായും ഉള്‍പ്പെട്ടിരിക്കുന്നു. നാസ്തികത്വത്തിന്റെ പ്രചാരണവും നമ്മുടെ പ്രചാരവേലയില്‍ അവശ്യമായും ഉള്‍പ്പെട്ടിരിക്കുന്നു. ഉചിതമായ ശാസ്ത്രീയ സാഹിത്യത്തിന്റെ പ്രസാധനം ഇനിമേല്‍ നമ്മുടെ പാര്‍ട്ടിയുടെ പ്രവര്ത്തനരംഗങ്ങളിലൊന്നായിത്തീരണം....”
“എന്നാല്‍ അമൂര്‍ത്തവും ആശയവാദപരവുമായമട്ടിൽ, വര്‍ഗ്ഗസമരവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ബൌദ്ധിക പ്രശ്നമെന്ന നിലയ്ക്ക്, മതത്തിന്റെ പ്രശ്നത്തെ അവതരിപ്പിക്കുകയെന്ന അബദ്ധത്തില്‍ ഒരു കാരണവശാലും നാം ചെന്നു ചാടരുത്. ബൂര്ഷ്വാസിക്കിടയിലെ തീവ്രവാദി-ജനാധിപത്യവാദികള്‍ ധാരാളമായി ചെയ്യുന്ന ഒരു പണിയാണിത്. തൊഴിലാളി ബഹുജനങ്ങളെ അന്തമില്ലാതെ മര്ദ്ദിക്കുന്നതിനെയും മുരടിപ്പിക്കുന്നതിനെയും അടിസ്ഥാനമാക്കിയ ഒരു സമുദായത്തില്‍ കേവലം പ്രചാരണമാര്‍ഗ്ഗങ്ങളിലൂടെ മതപരമായ മുന്‍വിധികള്‍ നീക്കാന്‍ കഴിയുമെന്ന് കരുതുന്നത് അസംബന്ധമാണ്. മനുഷ്യരാശിക്ക് ചുമക്കേണ്ടിവരുന്ന മതത്തിന്റെ നുകം സമുദായത്തിനുള്ളിലെ സാമ്പത്തികനുകത്തിന്റെ സന്തതിയും പ്രതിഫലനവും മാത്രമാണെന്നകാര്യം വിസ്മരിക്കുന്നത് ബൂര്ഷ്വാസങ്കുചിത മന:സ്ഥിതിയാണ്. മുതലാളിത്തത്തിന്റെ കറുത്തശക്തികള്ക്കെതിരായ സ്വന്തം സമരത്തിലൂടെ തൊഴിലാളിവര്‍ഗ്ഗം പ്രബുദ്ധരാകുന്നില്ലെങ്കിൽ, എത്രലഘുലേഖ ഇറക്കിയാലും എത്ര പ്രചാരണം നടത്തിയാലും അവര്‍ പ്രബുദ്ധരാകാന്‍ പോകുന്നില്ല. ഭൂമിയില്‍ പറുദീസ തീര്‍ക്കാന്‍ വേണ്ടി മര്‍ദ്ദിതവര്‍ഗ്ഗം നടത്തുന്ന യഥാര്‍ത്ഥത്തില്‍ വിപ്ളവകരമായ ഈ സമരത്തിലെ ഐക്യത്തെ, സ്വര്‍ഗ്ഗത്തിലെ പറുദീസയെക്കുറിച്ചുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ അഭിപ്രായഐക്യത്തേക്കാള് കൂടുതല്‍ പ്രധാനമായി നാം കാണുന്നു.”
" അതുകൊണ്ടാണ് നാം നമ്മുടെ പരിപാടിയില്‍ നമ്മുടെ നാസ്തികത്വത്തെപ്പറ്റി എടുത്തു പറയാത്തതും പറയരുതാത്തതും. ഇതുകൊണ്ടാണ് നാം പഴയ മുന്‍വിധികളുടെ ചില അവശിഷ്ടങ്ങള്‍ ഇപ്പോഴും മനസ്സില്‍ വെച്ചു പുലര്‍ത്തുന്ന തൊഴിലാളികളെ നമ്മുടെ പാര്ട്ടിയുമായിബന്ധപ്പെടുന്നതില് നിന്നും വിലക്കാത്തതും വിലക്കരുതാത്തതും. ശാസ്ത്രീയമായ ലോകവീക്ഷണം നാം എപ്പോഴും പ്രചരിപ്പിക്കും. വിവിധ ക്രിസ്ത്യാനികള്‍ പ്രകടിപ്പിക്കുന്ന സ്ഥിരതയില്ലായ്മയെ നാം ചെറുക്കേണ്ടത് അത്യാവശ്യമാണ്. എന്നുവെച്ച് മതപ്രശ്നത്തെ മുന്‍പന്തിയിലേയ്ക്ക് കൊണ്ടുവരണമെന്ന് ഒട്ടും അര്‍ത്ഥമില്ല. അവിടെയല്ല അതിന്റെ സ്ഥാനം. യഥാര്‍ത്ഥത്തില്‍ വിപ്ളവകരമായിട്ടുള്ള സാമ്പത്തിക-രാഷ്ട്രീയ സമരത്തിന്റെ ശക്തികള്‍ മൂന്നാംകിട അഭിപ്രായങ്ങളുടെയും അര്‍ത്ഥമില്ലാത്ത ജല്പനങ്ങളുടെയും പേരില്‍ ഭിന്നിച്ചുപോകാന്‍ നാം അനുവദിക്കണമെന്നും അര്‍ത്ഥമില്ല. ഈ അഭിപ്രായങ്ങളുടെയും ജല്പനങ്ങളുടെയും രാഷ്ട്രീയപ്രാധാന്യം അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ''
തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ ബൂര്‍ഷ്വാഭരണകൂടത്തിന്റെ ചൂഷണങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമെതിരെ ഉയിര്‍ക്കൊള്ളുന്ന വര്ഗ്ഗസമരൈക്യത്തിന്റെ കൊടിക്കൂറയില്‍ വിള്ളലുണ്ടാക്കുക എന്ന ബോധപൂര്‍വ്വമായ ദൌത്യമാണ് മത-ജാതി സംബന്ധിയായ പ്രശ്നമാണ് പരമപ്രധാനം എന്ന പ്രചാരണത്തിന്റെ പിറകില്‍ വര്‍ത്തിക്കുന്നത്. ഇ എം എസ്സ് ചൂണ്ടിക്കാണിച്ചതുപോലെ; മാർക്സിസത്തിന്റെ വളര്‍ച്ചയില്‍ അരിശംപൂണ്ട ബൂര്‍ഷ്വാ-ഭൂപ്രഭുവര്ഗ്ഗങ്ങള് അതിനെതിരായി ഒട്ടേറെ സേനാവിഭാഗങ്ങളെ അണിനിരത്തിയിട്ടുണ്ട്. അവിയിലൊരു വിഭാഗം നിര്‍ലജ്ജമായ വലതുപക്ഷ സമീപനത്തോടെയാണ് തങ്ങളുടെ ജോലിചെയ്യുന്നതെങ്കില്‍ 'ഇടതുപക്ഷ' വേഷമണിഞ്ഞുകൊണ്ട് അതേപണിചെയ്യുന്ന മറ്റുവിഭാഗങ്ങളുണ്ട്. അവയുടെ രാഷ്ട്രീയ രൂപമാണ് നക്സലിസമെങ്കിൽ, ആശയരംഗത്തും അതിന് തനതായ രൂപങ്ങളുണ്ട്. സാഹിത്യചര്‍ച്ചയില്‍ 'ആധുനിക'ത എന്ന പേരിലും ദാര്‍ശനിക ചര്‍ച്ചയില്‍ യുക്തിവാദത്തിന്റെ രൂപത്തിലും അത് പ്രത്യക്ഷപ്പെടുന്നു. 'വര്‍ഗ്ഗശത്രുക്കളെ വകവരുത്തുക' എന്ന രാഷ്ട്രീയ രൂപം, സമകാലീന രാഷ്ട്രീയവുമായി ഒരു വിധത്തിലും ബന്ധപ്പെടാത്ത വൈയക്തിക വിപ്ളവവായാടിത്തത്തിന്റേതായ 'ആധുനികസാഹിത്യം', ഒരു കാരണവശാലും ഒരിടത്തും മതവുമായി സന്ധിചെയ്യാതിരിക്കലാണ് ദാര്‍ശനിക രംഗത്തെ വിപ്ളവവീക്ഷണമെന്ന യുക്തിവാദം-ഇതെല്ലാം ചെയ്യുന്നത് ഒരേ ജോലിതന്നെ.''
മതത്തെയും യുക്തിവാദത്തെയും മുന്‍നിര്‍ത്തിയുള്ള ഇ എം എസ്സിന്റെ മാർക്സിയന്‍ വിശകലനത്തില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം.
1. ആശയവാദത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള മതവിശ്വാസത്തോട് മൌലികമായി പൊരുത്തപ്പെടാന്‍ മാർക്സിസം-ലെനിനിസത്തിനു സാധ്യമല്ല.
2. എന്നാല്‍ മാർക്സിസ്റ്റിതര യുക്തിവാദികള്‍ ചെയ്യുന്നതുപോലെ വര്‍ഗ്ഗസമരത്തില്‍ നിന്നും വേര്‍പെടുത്തിക്കൊണ്ട് അമൂര്‍ത്തമായിട്ടല്ല നാം മതത്തിനെതിരെ പോരാടേണ്ടത്.
3. മാർക്സിസ്റ്റ് പ്രവര്‍ത്തകരും മതവിശ്വാസികളും തമ്മില്‍ പ്രായോഗികമായി യോജിക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്. മതവിശ്വാസികളും അല്ലാത്തവരുമായ ബഹുജനങ്ങള്‍ ചേര്‍ന്ന് നടത്തുന്ന പ്രക്ഷോഭസമരങ്ങളിലൂടെ മാത്രമേ 'ഇഹലോകത്തില്‍ സ്വര്‍ഗ്ഗം' സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനം നടത്താന്‍ കഴിയൂ. 'പാരത്രികലോകത്തില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുന്നതു സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ നീക്കുവാനും ഈ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്.
4. പ്രായോഗികജീവിതത്തില്‍ മതസ്ഥാപനങ്ങളോടും അവയുടെ മേധാവികളോടും മാർക്സിസ്റ്റുകള്‍ അംഗീകരിക്കുന്ന സമീപനത്തെ നിയന്ത്രിക്കുന്നത് വിപ്ളവപ്രസ്ഥാനത്തോട് ഓരോ മതവിഭാഗവും ഓരോ സമയത്ത് അംഗീകരിക്കുന്ന സമീപനമാണ്. മതമേധാവികളെപോലും പ്രതിവിപ്ളവത്തിന്റെ ചേരിയിലാക്കാതെ കഴിക്കാൻ-അവരെ വിപ്ളവത്തിന്റെ ചേരിയില്‍ നിര്‍ത്താന്‍തന്നെ-കഴിയുന്നത്ര ശ്രമിക്കുക; നിവൃത്തിയില്ലാതെവന്നാല്‍ എതിര്‍ക്കുക-ഇതാണ് അവരോടുള്ള സമീപനം.
5. എന്നാൽ, മതവിശ്വാസികളായ ബഹുജനങ്ങളുടെ കാര്യത്തില്‍ മാർക്സിസ്റ്റുകാര്‍ സവിശേഷമായ ശ്രദ്ധചെലുത്തുകതന്നെ വേണം. അദ്ധ്വാനിക്കുന്ന ബഹുജനങ്ങളില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണെന്നതാണ് പരമാര്‍ത്ഥം. അവരുടെ വികാരവിചാരങ്ങളെ മാനിച്ചുകൊണ്ടല്ലാതെ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളെ ഏകോപിപ്പിക്കാനും അവരുടെ മേല്‍ തൊഴിലാളി വര്‍ഗ്ഗനേതൃത്വം സ്ഥാപിക്കാനും കഴിയുകയില്ല.' അതേ അവസരത്തിൽ, ആധുനിക സയന്‍സിന്റെ തത്വങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചും അന്ധവിശ്വാസങ്ങള്‍ക്കെതിരായി നിരന്തരം പോരാടിയും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്താഗതികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണി വിഭാഗങ്ങളെ സംഘടിപ്പിച്ചും ബഹുജനങ്ങളുടെ സാംസ്ക്കാരിക പിന്നോക്കാവസ്ഥ ഇല്ലാതാക്കാന്‍ മാർക്സിസ്റ്റ്-ലെനിനിസ്റ്റുകാര്‍ സംഘടിതമായി പ്രവര്‍ത്തിക്കുക തന്നെവേണം.
6. വര്‍ഗ്ഗ-ബഹുജന പ്രസ്ഥാനങ്ങളില്‍ നിന്നും വിപ്ളവപാര്‍ട്ടിയിലേക്ക് വരുന്നവരും എന്നാല്‍ മതപരമായ മുന്‍വിധികളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും വെച്ചുപുലര്‍ത്തുന്നവരുമായ പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളെ, വര്‍ഗ്ഗസമരത്തിന്റെ അനുഭവപാഠങ്ങളിലൂടെയും വൈരുദ്ധ്യാത്മകഭൌതികവാദമെന്ന മാർക്സിസ്റ്റ് ലെനിനിസ്റ്റ് ദര്‍ശനത്തില്‍ ശിക്ഷണം നല്‍കുന്നതിലൂടെയും ആ മുന്‍വിധികളെ കീഴ്പെടുത്താന്‍ സഹായിക്കണം.
*****
ഡോ. ധര്‍മ്മരാജ് അടാട്ട് , കടപ്പാട് : യുവധാര
Subscribe to:
Post Comments (Atom)
8 comments:
മതത്തെയും യുക്തിവാദത്തെയും മുന്‍നിര്‍ത്തിയുള്ള ഇ എം എസ്സിന്റെ മാര്‍ക്സിയന്‍ വിശകലനത്തില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം.
1. ആശയവാദത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള മതവിശ്വാസത്തോട് മൌലികമായി പൊരുത്തപ്പെടാന്‍ മാര്‍ക്സിസം-ലെനിനിസത്തിനു സാധ്യമല്ല.
2. എന്നാല്‍ മാര്‍ക്സിസ്റ്റിതര യുക്തിവാദികള്‍ ചെയ്യുന്നതുപോലെ വര്‍ഗ്ഗസമരത്തില്‍ നിന്നും വേര്‍പെടുത്തിക്കൊണ്ട് അമൂര്‍ത്തമായിട്ടല്ല നാം മതത്തിനെതിരെ പോരാടേണ്ടത്.
3. മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരും മതവിശ്വാസികളും തമ്മില്‍ പ്രായോഗികമായി യോജിക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്. മതവിശ്വാസികളും അല്ലാത്തവരുമായ ബഹുജനങ്ങള്‍ ചേര്‍ന്ന് നടത്തുന്ന പ്രക്ഷോഭസമരങ്ങളിലൂടെ മാത്രമേ 'ഇഹലോകത്തില്‍ സ്വര്‍ഗ്ഗം' സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനം നടത്താന്‍ കഴിയൂ. 'പാരത്രികലോകത്തില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുന്നതു സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ നീക്കുവാനും ഈ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്.
4. പ്രായോഗികജീവിതത്തില്‍ മതസ്ഥാപനങ്ങളോടും അവയുടെ മേധാവികളോടും മാര്‍ക്സിസ്റ്റുകള്‍ അംഗീകരിക്കുന്ന സമീപനത്തെ നിയന്ത്രിക്കുന്നത് വിപ്ളവപ്രസ്ഥാനത്തോട് ഓരോ മതവിഭാഗവും ഓരോ സമയത്ത് അംഗീകരിക്കുന്ന സമീപനമാണ്. മതമേധാവികളെപോലും പ്രതിവിപ്ളവത്തിന്റെ ചേരിയിലാക്കാതെ കഴിക്കാന്‍-അവരെ വിപ്ളവത്തിന്റെ ചേരിയില്‍ നിര്‍ത്താന്‍തന്നെ-കഴിയുന്നത്ര ശ്രമിക്കുക; നിവൃത്തിയില്ലാതെവന്നാല്‍ എതിര്‍ക്കുക-ഇതാണ് അവരോടുള്ള സമീപനം.
5. എന്നാല്‍, മതവിശ്വാസികളായ ബഹുജനങ്ങളുടെ കാര്യത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ സവിശേഷമായ ശ്രദ്ധചെലുത്തുകതന്നെ വേണം. അദ്ധ്വാനിക്കുന്ന ബഹുജനങ്ങളില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണെന്നതാണ് പരമാര്‍ത്ഥം. അവരുടെ വികാരവിചാരങ്ങളെ മാനിച്ചുകൊണ്ടല്ലാതെ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളെ ഏകോപിപ്പിക്കാനും അവരുടെ മേല്‍ തൊഴിലാളി വര്‍ഗ്ഗനേതൃത്വം സ്ഥാപിക്കാനും കഴിയുകയില്ല.' അതേ അവസരത്തില്‍, ആധുനിക സയന്‍സിന്റെ തത്വങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചും അന്ധവിശ്വാസങ്ങള്‍ക്കെതിരായി നിരന്തരം പോരാടിയും മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്താഗതികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണി വിഭാഗങ്ങളെ സംഘടിപ്പിച്ചും ബഹുജനങ്ങളുടെ സാംസ്ക്കാരിക പിന്നോക്കാവസ്ഥ ഇല്ലാതാക്കാന്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകാര്‍ സംഘടിതമായി പ്രവര്‍ത്തിക്കുക തന്നെവേണം.
6. വര്‍ഗ്ഗ-ബഹുജന പ്രസ്ഥാനങ്ങളില്‍ നിന്നും വിപ്ളവപാര്‍ട്ടിയിലേക്ക് വരുന്നവരും എന്നാല്‍ മതപരമായ മുന്‍വിധികളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും വെച്ചുപുലര്‍ത്തുന്നവരുമായ പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളെ, വര്‍ഗ്ഗസമരത്തിന്റെ അനുഭവപാഠങ്ങളിലൂടെയും വൈരുദ്ധ്യാത്മകഭൌതികവാദമെന്ന മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ദര്‍ശനത്തില്‍ ശിക്ഷണം നല്‍കുന്നതിലൂടെയും ആ മുന്‍വിധികളെ കീഴ്പെടുത്താന്‍ സഹായിക്കണം.
അതെ അതുതന്നെയാണ് പ്രശ്നവും
"എന്നാൽ, മതവിശ്വാസികളായ ബഹുജനങ്ങളുടെ കാര്യത്തില്‍ മാർക്സിസ്റ്റുകാര്‍ സവിശേഷമായ ശ്രദ്ധചെലുത്തുകതന്നെ വേണം. അദ്ധ്വാനിക്കുന്ന ബഹുജനങ്ങളില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണെന്നതാണ് പരമാര്‍ത്ഥം."
ജനങ്ങള്‍ക്ക് മതത്തോടുള്ള അഭിനിവേശം ഇല്ലാതാകണമെങ്കില്‍ അവര്‍ ഭൗതികമയി വളരണം. അങ്ങനെ സംഭവിച്ചാല്‍ അത് മറ്റൊരു മതമായ കമ്മ്യൂണിസത്തിനും കണ്ഠകോടാലിയാകുംമെന്ന കാര്യത്തില്‍ സഖാക്കള്‍ക്ക് സംശയമില്ല. യുക്തിചിന്തയുടെ വളര്‍ച്ചയുടെ ഫലം അങ്ങ് യൂറോപ്പിലൊക്കെ സഖാക്കള്‍ നല്ലതുപോലെ കാണുന്നുണ്ടെന്നതിനാല്‍, ബൂര്‍ഷ്വാ യുക്തിവാദം എന്നൊക്കെ പറഞ്ഞ് ഉടായിപ്പുകള്‍ ഇറക്കി യുക്തിവാദികളെ തൊഴിച്ചെറിഞ്ഞു.
എന്നാല്‍ ലോകത്തിലെ മറ്റേത് മതത്തേക്കാളും വേഗത്തില്‍ വളരുന്നത് ബൂര്‍ഷ്വാ, ആയാലും കോമ്രേഡ് ആയാലും- യുക്തിചിന്തയാണെന്നതില് ആര്‍ക്കും സംശയം വേണ്ട. യുക്തിവാദത്തിന്റെ ഇവിടുത്തെ തളര്‍ച്ചയില്‍ സന്തോഷാധിക്യത്താല്‍ സ്ഖലനസുഖം വരെ അനുഭവിക്കുന്ന ചിലര്‍ ഈ വസ്തുതകള്‍ മനസിലാക്കിയാല്‍ കൊള്ളാം.
I have high aprreciation for this well studied article. However, religion and rationalism (logicalism) is something so far not yet well analized culturally in our Indian context by the Marxists. The marxists here always tried to impliment the dogmas of Marxism that took form in the European soil with their spcial culrural and religious background as such in our soil. That is the failure of the party here. Is religion always opressive? What form of religion is opressive? Can religion be liberative? Can religion be complementary to the limitations of scientific Marxism?... There are such several questions to be considered very seriously in a soil like that of ours which is basically religious and no enlightenment can do away with it in the minds of our educated new generation. I think, the author should also analyse these issues.
വായനയ്ക്ക് നന്ദി
ശ്രീ കുര്യന്റെ സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു
ഇ.എം.എസിന്റെ യുക്തി ശരിയല്ല എന്നൊന്നും പറയുന്നില്ല. പക്ഷേ യുക്തിവാദികളെ കാടടച്ച് ആക്ഷേപിച്ചതിന് പിന്നില്‍ അന്നത്തെ ഐക്യമുന്നണി സമ്പ്രദായത്തെ ന്യായീകരിക്കാനുള്ള ബുദ്ധിവൈഭവവും ഉണ്ടായിരുന്നു എന്നു വേണം ഇന്ന് കരുതാന്‍...
യഥാര്‍ത്ഥത്തില്‍ യുക്തിവാദ നിലപാടുകളുടെ വ്യാപനം പാര്‍ട്ടിയിലേക്കുള്ള റിക്രൂട്ട് മെന്റിന്റെ ആദ്യപടിയായി പലപ്പോഴും പ്രവര്‍ത്തിക്കുന്നതായി കാണാം.വൈരുദ്ധ്യത്മക ഭൌതികവാദത്തിലേക്ക് അന്വേഷിച്ച് പോയിട്ടുള്ളവര്‍ ഇത്തരത്തില്‍ കടന്നുവന്നിട്ടുള്ളവരാണെന്നും കാണാം.അതിനാല്‍ യുക്തിവാദി പ്രസ്ഥാനങ്ങളെ ഒരു ബഹുജന പ്രസ്ഥാനമായി കണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണം എന്നാണ് എനിക്ക് തോന്നുന്നത്.ആ മേഖലയില്‍ അവര്‍ പ്രവര്‍ത്തിക്കട്ടെ. പാര്‍ട്ടിക്ക് അത്തരം കാര്യങ്ങളില്‍ നിന്ന് ന്യായമായും വിട്ടു നില്‍ക്കുകയും ചെയ്യാമല്ലോ.ബൂര്‍ഷ്വാ യുക്തിവാദം തളരുകയും വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദം വളരാതിരിക്കുകയും ചെയ്തു എന്നതാണ് സഖാവിന്റെ ഇടപെടലിന്റെ ഒരു റിസല്‍ട്ട് !
ഇ എം എസ, യുക്തിവാദ വിമര്സനം പൊതുവില്‍ അദ്ധേഹത്തിന്റെ രിവിഷിയനിസ്റ്റ് കാഴ്ചപാട് ഉള്കൊല്ലുന്നതാണ്. മതത്തിനെതിരായ നേരിട് ഉള്ള സമരം അതിനെ നിലനിര്‍ത്തുന്ന വ്യവസ്ഥക്ക് എതിരായ സമരം ആണ് എന്നാ മാര്‍ക്സിന്റെ വാക്യം തിരിചിട്ടയാളആണ് ഇ എം എസ.ഇതിന്റെ ബാക്കി പത്രം അദ്ധേഹവും നായനാരും പിള്ള മാരും അവരുടെ ജാതിപേര് നിലനിര്‍ത്തുക മാത്രം അല്ല കുടുംബത്തില്‍ മാര്ക്സിസ്മോ ബൌദ്ധിക വധാമോ അടുപ്പിച്ചിട്ടും ഇല്ല. ത്വതിക ആചാര്യന് ആയ ഗോവിന്ദ പിള്ള സായി ഭക്തന്. മാര്ക്സിസംഅദ്വൈട്തം ആകി ഇന്ത്യയില്‍ മുരടിപിച്ച അഭിനവ ശന്കാരന്‍ ആണ് ഇ എം എസ നമ്പൂതിരി അപ്പാടു .
Post a Comment