Saturday, November 27, 2010

പണക്കൊയ്ത്തിന്റെ പൊറാട്ട്

പണപ്രളയമാണ് ഇന്ത്യയില്‍. ലക്ഷം കോടികള്‍, ആയിരം കോടികള്‍ എന്നിങ്ങനെ ഭ്രാന്തുപിടിപ്പിക്കുന്ന സംഖ്യകള്‍ കട്ട് മുടിക്കുന്നതോടൊപ്പം നാടുഭരിക്കുകയും ചെയ്യുന്നവരുടെ ഒരു അപൂര്‍വ അസംബന്ധ ജനാധിപത്യമാണ് ഇന്ത്യയിലിപ്പോള്‍ നടമാടുന്നത്. മുമ്പത്തെ കണക്കുകളൊക്കെ വിടുക. ഈ അടുത്തകാലത്തായി സംഭവിച്ച ചില അസാധ്യ അഴിമതിക്കഥകള്‍ എഴുതാനും ചര്‍ച്ച ചെയ്യാനുമേ നേരമുള്ളൂ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏതാനും ആയിരം കോടികള്‍. മുംബൈയില്‍ അന്തരിച്ച കാര്‍ഗില്‍ ജവാന്‍മാര്‍ക്ക് നഗരമധ്യത്തില്‍ കെട്ടിയ ഫ്‌ളാറ്റുകള്‍ അപഹരിച്ച നേതാക്കള്‍, മന്ത്രിമാര്‍, കമ്പനികള്‍, പട്ടാളമേധാവികള്‍.

ഇപ്പോഴിതാ എ രാജ എന്ന ഡി എം കെ കാരന്‍ കേന്ദ്രമന്ത്രി 2 ജി സ്‌പെക്ട്രം കേസില്‍ നശിപ്പിച്ച 1.76 ലക്ഷം കോടി. ഈ സംഖ്യ എത്രയാണെന്നു പറഞ്ഞു മനസ്സിലാക്കിത്തരാന്‍ ഒരു ഗണിതശാസ്ത്ര ജീനിയസ് തന്നെ വേണം. കേരളത്തിന്റെ പഞ്ചവത്സര പദ്ധതിയുടെ എത്രയോ ഇരട്ടിവരുന്ന സംഖ്യയാണിത്. നോക്കൂ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അറുപത്തിമൂന്നാം വയസ്സിലെ ഒരു നിലവാരം. ഇത് കേന്ദ്രത്തിലെ കഥയാണ്. സംസ്ഥാനങ്ങളില്‍ ഇതിനു കിടപിടിക്കാവുന്ന അഴിമതിക്കഥകളില്‍ ഭരണപ്രതിപക്ഷങ്ങള്‍ മാറിമാറി പ്രതികളാണ്. വൈകി കിട്ടിയ ഫഌഷ് ന്യൂസ് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സര്‍ക്കാര്‍ സ്ഥലം കുടുംബാംഗങ്ങള്‍ക്ക് ഭാഗംചെയ്തു നല്‍കി എന്നതാണ്.

ഈ പണമൊക്കെ ജനത്തിന്റേതാണ്. ഭക്ഷണമില്ലാത്ത, വീടില്ലാത്ത, ചികിത്സ കിട്ടാത്ത, പഠിക്കാന്‍ വഴിയില്ലാത്ത, ആരോഗ്യമില്ലാത്ത ദരിദ്രപരിഷകള്‍ക്കു പോകേണ്ട പണമാണ്, അവരുടെ വോട്ടും തട്ടി ഭരണത്തില്‍ കയറിക്കൂടിയ ചെന്നായ്ക്കള്‍ അപഹരിക്കുന്നത്. അധികാരത്തില്‍ നിന്നു പണത്തിലേയ്ക്ക്, അവിടുന്ന് വീണ്ടും അധികാരത്തിലേയ്ക്ക്. എന്തൊരു ദൂഷിതവലയത്തിലാണ് ഈ നാടും പാവം ജനങ്ങളും പ്രതിരോധമില്ലാതെ ചെന്നു വീണത്. ഒന്നൊന്നായി ലക്ഷം കോടികള്‍ ചോര്‍ത്തുന്ന കഥ ദിവസേന ഉയര്‍ന്നുവരുമ്പോള്‍, ഇത്തരമൊരു ജനായത്തത്തെക്കുറിച്ചാണ് മനസ്സില്‍ ആശങ്ക നിറഞ്ഞത്. ഇത്രയും പണം എന്തുചെയ്യും എന്നാണ് ചിന്തിച്ചുപോയത്.

ആരോപണം, കേസ്, വിശദീകരണം, അന്വേഷണം, സി ബി ഐ തുടങ്ങി ഒരുപാട് സ്ഥിരം ചവിട്ടുനാടകങ്ങള്‍ വരും. അതൊക്കെ അതിന്റെ പാട്ടിനുപോവും. പിന്നെയും അഴിമതി തുടരും. അതാണ് ജനാധിപത്യം. അക്കഥയൊക്കെ പറയുന്നതിനു മുമ്പ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റെഗ്രിറ്റി (ജി എഫ് ഐ) യുടെ ഒരു പഠനത്തിലേയ്ക്ക് ഒരെത്തിനോട്ടമാവാം. ഞെട്ടിപ്പിക്കുന്ന ഈ പഠനം കട്ട പണം പുറത്തേക്കൊഴുക്കുന്നതിന്റെ ചില കഥകളാണ് പറയുന്നത്. ഒരു ദിവസം നിയമവിധേയമല്ലാതെ 240 കോടി രൂപ പുറംനാടുകളിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് പോകുന്നു. 1948-2008 കാലത്തിനുള്ളില്‍ ഏതാണ്ട് 9.7 ലക്ഷം കോടി രൂപയാണ് അനധികൃതമായി അതിര്‍ത്തികടന്നുപോയത്. ഇതില്‍ പകുതിയും 2000-08 കാലത്തായിരുന്നു. അതായത് കാലം ചെല്ലുന്തോറും ഈ പ്രവണത കൂടിവരുകയാണ്. കൈക്കൂലി, അഴിമതി, കിക്ക് ബാക്ക്, നികുതി വെട്ടിപ്പ് തുടങ്ങിയ കാരണങ്ങളാണ് മൂലധനത്തിന്റെ ഈ വന്‍ 'ഫ്‌ളൈറ്റി' നു പിന്നില്‍. ഇതു തടയാന്‍ ഇവിടെ യാതൊരു സംവിധാനവുമില്ല.

ജനാധിപത്യത്തിനു പ്രായം കൂടുമ്പോള്‍ കളവും അഴിമതിയും പണക്കടത്തും കൂടിവരുകയാണ്. 2006-08 കാലത്ത് മാത്രം 4.3 ലക്ഷം കോടി നാടുവിട്ടു. അത് നാം കണ്ടറിഞ്ഞ എ രാജ കവര്‍ച്ചയുടെ രണ്ടര ഇരട്ടിവരും. ഈ സാമ്പത്തിക ചോര്‍ച്ച നമുക്ക് താങ്ങാനാവാത്തതാണ്. ഈ പണമൊക്കെ ജനങ്ങളുടേതാണ്. അവിഹിതമായി കൈക്കലാക്കി അന്യനാടുകളിലെ സുരക്ഷാകേന്ദ്രങ്ങളില്‍ 'പാര്‍ക്ക്' ചെയ്യുന്നത് കച്ചവടക്കാരും രാഷ്ട്രീയ നേതാക്കളും മാഫിയകളുമാണ്. എത്ര പേര്‍ ഈ കഥയറിയുന്നു. നാം കേട്ടറിഞ്ഞ സമ്പത്ത് കവര്‍ച്ചയുടെ എത്രയോ ഇരട്ടി നാമറിയാതെ ചോര്‍ന്നുപോകുന്നു. ഒരു സംവിധാനത്തിനും അറിയാതെ ഈ കുത്തൊഴുക്ക് എങ്ങിനെയാണ് സംഭവിക്കുന്നത്.

ഇതിനേക്കാളും എത്രയോ അധികംവരും യഥാര്‍ഥ പണചോര്‍ച്ച എന്നാണ് ജി എഫ് ഐ ഡയറക്ടര്‍ ഡബ്ലിയു ബേക്കര്‍ പറയുന്നത്. വ്യാപാര കള്ളത്തരം, കള്ളക്കടത്ത് തുടങ്ങി പലതും ഇതില്‍പെട്ടിട്ടില്ല. ചുരുക്കത്തില്‍ എത്രയൊക്കെയോ വഴികളിലൂടെയാണ് ചോര്‍ത്തല്‍ നടക്കുന്നത്. ദേശീയനിയമം, ബാങ്കിംഗ് നിയന്ത്രണം എന്നിവയൊക്കെ തകിടം മറിച്ച തിരുട്ട് വേലയാണിത്. ഈ ചോര്‍ത്തല്‍ ധനം നമ്മുടെ ജി ഡി പിയുടെ 16.6 ശതമാനം വരുമത്രേ. ഈ പണമൊക്കെത്തന്നെയാണ് എം എല്‍ എമാര്‍, എം പിമാര്‍, വോട്ടര്‍മാര്‍ എന്നിവരെ ലേലം ചെയ്‌തെടുക്കാന്‍ ഉപയോഗിക്കുന്നത്. ആര്‍ത്തിപിടിച്ചൊരു ജനപ്രതിനിധിക്ക് ഇതില്‍ നിന്ന് ഒരു നക്കാപ്പിച്ച എറിഞ്ഞുകൊടുത്താല്‍ മതി. അതായിരുന്നല്ലോ ബംഗളൂരുവില്‍ കണ്ടത്. ഇനി മറ്റെവിടെയൊക്കെയെങ്കിലും കാണാനിരിക്കുന്നത്. ഈ പണം ഒരു സമാന്തര സമ്പദ്ഘടനയുണ്ടാക്കുന്നു. ഈ പണത്തില്‍ ഏറെയും വിദേശത്തെ സുരക്ഷിത കലവറകളിലാണ്. രണ്ടായിരത്തി എട്ടിലെ കണക്കു പ്രകാരം ആ സംഖ്യ ജി ഡി പിയുടെ 50 ശതമാനം വരുന്നു.

ജി എഫ് ഐ കണ്ടെത്തിയത്, ഈ ധനസമ്പാദനം പ്രധാനമായും നടന്നത് ലിബറലൈസേഷനു ശേഷമാണെന്നതാണ്. സ്വതന്ത്ര വ്യാപാരം, സ്വതന്ത്ര ധനപ്രവാഹം, മൂലധന അശ്വമേധം എല്ലാം ചേരുമ്പോള്‍ കനത്ത സാമ്പത്തിക രക്തസ്രാവം (ഫിനാന്‍ഷ്യല്‍ ഹെമറേജ്) തന്നെ സംഭവിച്ചു. പണം മുഴുവനും സുരക്ഷിതമായി ലോകത്തെ പല കേന്ദ്രങ്ങളിലുമുണ്ട്. വേണ്ടപ്പോള്‍ അത് രാഷ്ട്രീയത്തിലും നിക്ഷേപത്തിലുമെത്തും. അത് തന്നെ ഉപയോഗിച്ച് വോട്ടിനെയും വോട്ടര്‍മാരെയും കച്ചവടം നടത്തും. പിന്നെയും അധികാരം, പണം, അധികാരം!

അതാണ് ഇപ്പോഴത്തെ ജനാധിപത്യം. കള്ള വില കാണിച്ച് നടക്കുന്ന വ്യാപാരം തടയാനായില്ലെങ്കില്‍ ഇതിനിയും ശക്തിയായി തുടരും. പണം 'വെളുപ്പിക്ക'ലിനെതിരെ നിയമം വരണം. അല്ലെങ്കില്‍ 2 ജി സ്‌പെക്ട്രം കഥകള്‍ ഇനിയും വരും. കല്‍മാഡിമാര്‍ കോമണ്‍വെല്‍ത്ത് (പൊതുമുതല്‍ എന്നര്‍ഥം) വാരിക്കൂട്ടി 'പ്രൈവറ്റ് വെല്‍ത്ത്' ആക്കി, ഇന്ത്യയ്ക്കപ്പുറം സൂക്ഷിക്കും. മുതല്‍ കട്ട രാജമാരെ സംരക്ഷിക്കാന്‍ മുന്നണി പിടിച്ചുലയ്ക്കും. വൃദ്ധകേസരികള്‍ അവരെ ന്യായീകരിക്കും. പണം തിരിമറിക്കാരനെ മാററിയാലും അതേ പാര്‍ട്ടിയിലെ അതേമാതിരിയുള്ള മറ്റൊരാള്‍ വരും. പിന്നെ എല്ലാം പഴയപടിയാവും.

പൊതു ഗെയിംസ് കൊള്ളയടിച്ചവന്‍ ചെറിയൊരു 'ഞോണ്ടലോ'ടെ രക്ഷപ്പെടും. ഇത്രയൊക്കെ മാത്രമേവരൂ. കല്‍മാഡിക്ക് പാര്‍ട്ടിയിലോ അപ്രധാന സ്ഥാനനഷ്ടം മാത്രം. ഇക്കണക്കിന് ശശി തരൂര്‍ ചെയ്ത കുറ്റം എത്ര നിസ്സാരം. ഇത്ര ആയിരം, ലക്ഷം കോടികള്‍ സ്വകാര്യ കീശകളില്‍ വന്നുവീണാല്‍ അവര്‍ക്ക് പൊതുജനപ്രശ്‌നം നിസ്സാരം. കര്‍ണാടകയില്‍ സര്‍ക്കാര്‍ ഭൂമി, ഡീനോട്ടിഫൈ ചെയ്ത് ബിസിനസ്സിനാണെന്നു കാണിച്ച് യെദ്യൂരപ്പ മുഖ്യന്‍ മക്കള്‍ക്കും സഹോദരിക്കും ചാര്‍ത്തികൊടുത്തു. ഏതാണ്ട് 6000 കോടി രൂപയുടെ പൊതുമുതല്‍ അപഹരിച്ചുവത്രെ. അതേ കക്ഷിതന്നെയാണ് 50 കോടി എം എല്‍ എ ശരീരത്തിന് വിലകെട്ടി (ശരീരത്തിനാണ് തലയ്ക്കല്ല) ഭരണം നിലനിര്‍ത്തിയത്.

ആ എം എല്‍ എ മാരെ വഴിനടക്കാന്‍ അനുവദിക്കാത്ത ഒരു ജനാധിപത്യത്തെയാണ് നാം സ്വപ്നം കാണേണ്ടത്, കേസും കോടതിയുമൊക്കെ ശരി. വിധി എന്നോവരും, വരട്ടെ.

ഈ ജാതി നേതൃഭീകരന്‍മാരെ അര്‍ഹിക്കുന്നവിധം ഒതുക്കുന്ന ഒരു വരണമണ്ഡലം, ഒരു പൗരസഞ്ചയം, ഒരു ജനാധിപത്യം.

'മാരനെയല്ല, മണാളനെയല്ല
മാനം കാക്കുമൊരാങ്ങളയെ''

എന്ന് 'കോതമ്പു മണി'കളില്‍ ജ്ഞാനപീഠം കവി പാടിയില്ലേ. അതുപോലെ ആ ജനാധിപത്യം പുലരട്ടെ. പൗരന്‍മാര്‍ സജീവമായാല്‍ ജനാധിപത്യം ചീത്തയാവില്ല.

*
പി എ വാസുദേവന്‍ കടപ്പാട്: ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പണപ്രളയമാണ് ഇന്ത്യയില്‍. ലക്ഷം കോടികള്‍, ആയിരം കോടികള്‍ എന്നിങ്ങനെ ഭ്രാന്തുപിടിപ്പിക്കുന്ന സംഖ്യകള്‍ കട്ട് മുടിക്കുന്നതോടൊപ്പം നാടുഭരിക്കുകയും ചെയ്യുന്നവരുടെ ഒരു അപൂര്‍വ അസംബന്ധ ജനാധിപത്യമാണ് ഇന്ത്യയിലിപ്പോള്‍ നടമാടുന്നത്. മുമ്പത്തെ കണക്കുകളൊക്കെ വിടുക. ഈ അടുത്തകാലത്തായി സംഭവിച്ച ചില അസാധ്യ അഴിമതിക്കഥകള്‍ എഴുതാനും ചര്‍ച്ച ചെയ്യാനുമേ നേരമുള്ളൂ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏതാനും ആയിരം കോടികള്‍. മുംബൈയില്‍ അന്തരിച്ച കാര്‍ഗില്‍ ജവാന്‍മാര്‍ക്ക് നഗരമധ്യത്തില്‍ കെട്ടിയ ഫ്‌ളാറ്റുകള്‍ അപഹരിച്ച നേതാക്കള്‍, മന്ത്രിമാര്‍, കമ്പനികള്‍, പട്ടാളമേധാവികള്‍.