Saturday, September 18, 2010

സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യം

സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രചാരണവും വ്യാപനവും ലക്ഷ്യമിട്ടാണ് സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം ആചരിക്കുന്നത്. ഇന്ത്യയിലെ അഖിലേന്ത്യാ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ (Free Software Movement of India-FSMI) ആദ്യത്തെ സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാചരണമാണ് സെപ്‌തംബര്‍ 16 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെയുള്ള ഏതെങ്കിലും സൌകര്യപ്രദമായ ദിവസം നടക്കുന്നത്. കേരളത്തിലെ ഘടക സംഘടനയായ വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയാണ് (Democratic Alliance for Knowledge Freedom-DAKF) ദിനാചരണം സമുചിതമായി സംഘടിപ്പിക്കുന്നത്.

പരമ്പരാഗതമായി കടലാസുപയോഗിച്ച് എഴുതിയും അച്ചടിച്ചും വിവരം കൈകാര്യം ചെയ്‌തിരുന്ന സ്ഥാനത്ത് പുതിയ വിവര കൈകാര്യ സംവിധാനം നിലവില്‍ വന്നിരിക്കുന്നു. ശബ്‌ദവും ചിത്രവും ലിപിയും ഉല്‍ഗ്രഥിക്കപ്പെട്ടിരിക്കുന്നു. അവ ഡിജിറ്റല്‍ രൂപത്തില്‍ വളരെ വേഗം കൈകാര്യം ചെയ്യാമെന്നായിരിക്കുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ ഉല്‍ഗ്രഥിക്കപ്പെടുകയാണ്. ഇവിടെ, സാങ്കേതിക വിദ്യയെ നയിക്കുന്നത് സോഫ്‌റ്റ്‌വെയറാണ്. സോഫ്‌റ്റ്‌വെയറും അറിവാണ്. അതു കൊടുക്കുന്ന ആള്‍ക്കു നഷ്‌ടമുണ്ടാക്കാതെ മറ്റുള്ളവര്‍ക്കു എത്ര വേണമെങ്കിലും പകര്‍ത്തി ഉപയോഗിക്കാന്‍ കഴിയും. അതുകൊണ്ട് ഉപയോഗിച്ചു തീര്‍ന്നു പോകുന്നവയോ ഉപയോഗം പരിമിതമായതോ ആയ മറ്റ് ഭൌതിക ആസ്‌തികള്‍പോലെ കണക്കാക്കുന്നതില്‍ യുക്തിയില്ല. സോഫ്‌റ്റ്‌വെയര്‍ എത്ര വേണമെങ്കിലും ആവര്‍ത്തിച്ച് ഉപയോഗിക്കാം. ആയതിനാല്‍ സോഫ്‌റ്റ്‌വെയറിന് സ്വത്തവകാശം ബാധകമാക്കാന്‍ പാടില്ലാത്തതാണ്. മറിച്ച് പകര്‍പ്പവകാശമാണ്, വേണമെങ്കില്‍ തന്നെ, ഉപയോഗിക്കാവുന്ന നിയമ ചട്ടക്കൂട്. അവിടെയും ചില പരിമിതികളുണ്ട്. ഏതൊരു സോഫ്‌റ്റ്‌വെയറും അതിനുമുമ്പ് നിലവില്‍ വന്നതും ഉപയോഗിക്കുന്നതുമായ സോഫ്‌റ്റ്‌വെയറുകളുടെ പുനരാവിഷ്‌കരണമോ മെച്ചപ്പെടുത്തലോ കൂട്ടിച്ചേര്‍ക്കലോ ആണ്. ബൌദ്ധികോല്‍പ്പന്നമായതിനാല്‍, പലര്‍ പല കാലങ്ങളില്‍ പരസ്‌പരം പകര്‍ത്താതെ തന്നെ ഒരേ സൃഷ്‌ടി നടത്താനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യത്തില്‍ പകര്‍പ്പവകാശം ബാധകമാക്കിയാല്‍പ്പോലും അതിന്റെ ധ്വംസനത്തിന്റെ പേരില്‍ തര്‍ക്കങ്ങളും കോടതി വ്യവഹാരവുംമൂലം പുരോഗതി തടയപ്പെടുന്ന സ്ഥിതി ഉളവാകാം. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ, സ്വത്തവകാശത്തിന്റെ പരിധിയില്‍ സോഫ്‌റ്റ്‌വെയറിനെ കൊണ്ടുവരാന്‍ ബൌദ്ധിക സ്വത്തവകാശമെന്ന കാഴ്‌ചപ്പാട് നടപ്പാക്കുകയാണ് ലാഭക്കൊതി മൂത്ത മുതലാളിത്തം. പക്ഷേ, അനന്തമായ ഉപയോഗസാധ്യതയുള്ള സോഫ്‌റ്റ്‌വെയര്‍ ബൌദ്ധികസ്വത്തവകാശത്തിന്റെ പേരില്‍ രഹസ്യമാക്കി വയ്‌ക്കുന്നതും ഉപയോഗസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതും സാമൂഹ്യ പുരോഗതിക്കെന്നപോലെ മുതലാളിത്തവികസനത്തിനു തന്നെയും വിലങ്ങുതടിയായി മാറുന്നു.

മറ്റൊരു കാര്യം, യഥാര്‍ഥ സ്രഷ്‌ടാക്കളല്ല സ്വത്തവകാശമോ പകര്‍പ്പവകാശമോപോലും പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് എന്നതാണ്. ഇടനിലക്കാരാണ് ഫലം അനുഭവിക്കുന്നത്. സാഹിത്യ സൃഷ്‌ടികളുടെ പകര്‍പ്പവകാശം പ്രസാധകര്‍ക്കാണ്. എഴുത്തുകാര്‍ക്കല്ല. സോഫ്‌റ്റ്‌വെയറിന്റെ യഥാര്‍ഥ സ്രഷ്‌ടാക്കള്‍ സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരാണ്. സോഫ്‌റ്റ്‌വെയര്‍ പേറ്റന്റ് ഉപയോഗിക്കുന്നത് അവരുടെ അധ്വാനശേഷി വിലയ്‌ക്കെടുത്ത സോഫ്‌റ്റ്‌വെയര്‍ കമ്പനികളാണ്. അതിലെ തൊഴിലാളികള്‍ക്കാകട്ടെ അതതു സമയത്തെ വേതനംമാത്രമാണ് നല്‍കുന്നത്. അവരുടെ അധ്വാനഫലം ഉപയോഗിച്ച് വളരെക്കാലത്തേക്ക് മുതലാളി നേട്ടമുണ്ടാക്കുന്നു. മാത്രമല്ല, സൃഷ്‌ടികള്‍ സ്വന്തമായി ഉപയോഗിക്കാനും മാറ്റം വരുത്താനുമുള്ള സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ഇതിനെതിരെ, സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരുടെ പ്രതിഷേധ പ്രസ്ഥാനമാണ് സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ എന്ന ആശയം മുന്നോട്ടുവച്ചതും പ്രാവര്‍ത്തികമാക്കിയതും നിയമ ചട്ടക്കൂട് സൃഷ്‌ടിച്ചതും വിജയത്തിലേക്കെത്തിച്ചതും. അവര്‍ സൃഷ്‌ടിക്കുന്ന സോഫ്‌റ്റ്‌വെയര്‍ സമൂഹവുമായി പങ്കു വയ്‌ക്കുന്നു. സമൂഹം അതിനെ കൂടുതല്‍ വികസിപ്പിക്കുന്നു. മെച്ചപ്പെടുത്തുന്നു. മെച്ചപ്പെടുത്തപ്പെട്ട സൃഷ്‌ടിയിലൂടെ സ്രഷ്‌ടാവിനും തിരിച്ച് കൂടുതല്‍ നേട്ടം കിട്ടുന്നു. സമൂഹ്യ ഉടമസ്ഥതയുടെ മേന്മ തെളിയിക്കുകയും അനിവാര്യത ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ഒന്നായി സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ അപ്രതിരോധ്യമായ വിജയം മാറിയിരിക്കുന്നു. പ്രധാനമായും രണ്ടുകാര്യങ്ങള്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രസ്ഥാനം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഒന്ന്, സാമൂഹ്യ ഉടമസ്ഥതയുടെ മേന്മ. രണ്ട്, വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും പുരോഗതിക്ക് സ്വാതന്ത്ര്യത്തിന്റെ ആവശ്യകത.

ആഗോള വിപണിത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സേവന മേഖലയില്‍ പ്രത്യേകിച്ചും ഇന്‍ഷുറന്‍സ് വിവരസാങ്കേതിക മേഖലകളില്‍ തൊഴില്‍ നിഷേധവും അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കലും വേതനം ചുരുക്കലും നടക്കുന്നു. വിപണിത്തകര്‍ച്ചയുടെ ആഘാതത്തില്‍നിന്ന് ഐടി കുത്തകകളെ രക്ഷിക്കുന്നതിനായി പതിനായിരക്കണക്കിന് കോടി രൂപ NUID, ഇ-ഭരണം (E-Governance), സ്ഥാപന ഭരണം (ERP) തുടങ്ങിയ പദ്ധതികളുടെ പേരില്‍ അവര്‍ക്ക് ഒഴുക്കിക്കൊടുക്കുന്നു. അവരാകട്ടെ, പ്രാദേശിക ചെറുകിട ഇടത്തരം സേവനദാതാക്കളുടെ കമ്പോളം കൈയടക്കുകയുംചെയ്യുന്നു. പൊതുവെ കോര്‍പറേറ്റ് ലാഭം വര്‍ധിപ്പിക്കുന്നതിനായി വരുമാനനികുതി, സ്വത്ത് നികുതി ഇളവുകള്‍ നല്‍കുന്നു.

ആഗോളമായി, മൂലധനം കൂടുതല്‍ ചലനവേഗം കൈവരിച്ചിരിക്കുന്നു. ഇതിനെല്ലാം പശ്ചാത്തല സൌകര്യമൊരുക്കുന്ന വിവരസാങ്കേതികമേഖല ആഗോളകുത്തകകളുടെ പിടിയിലാണ്. സേവനങ്ങള്‍ക്ക് അമിതനിരക്കുകള്‍ ഈടാക്കപ്പെടുന്നു. ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കപ്പെടുന്നു. അറിവ് മാത്രമാണെന്നതിനാല്‍ എത്രവേണമെങ്കിലും പകര്‍ത്തപ്പെടാവുന്ന സോഫ്‌റ്റ്‌വെയറുകള്‍ക്ക് അമിത ലൈസന്‍സ്‌ ഫീ ഈടാക്കുന്നു. മൊത്തത്തില്‍, കുത്തകമൂലധനത്തിന്റെയും വ്യാപാരവ്യവസായമേഖലകളുടെയും ലാഭസാധ്യതകള്‍ ഉയരുമ്പോള്‍ കാര്‍ഷികപരമ്പരാഗത ഉല്‍പ്പാദനമേഖലകളുടെയും ചെറുകിട ഇടത്തരം വ്യവസായവ്യാപാരമേഖലകളുടെയും വരുമാനം ഗണ്യമായി ഇടിക്കുന്ന സ്ഥിതി ഇത് ഉളവാക്കുന്നു.

സാമ്രാജ്യത്വ പ്രീണനത്തിന്റെ ഭാഗമായി, മൂല കോഡുകള്‍ രഹസ്യമാക്കി വയ്‌ക്കുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കുട്ടികള്‍ക്ക് സോഫ്‌റ്റ്‌വെയറില്‍ യഥാര്‍ഥ അറിവ് നേടാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. ഇത് എന്നെന്നേക്കും സാമ്രാജ്യത്വാശ്രിതത്വം നിലനിര്‍ത്തുന്നതിന് വഴിവയ്‌ക്കുന്നു. ദേശീയ വിഭവം സാമ്രാജ്യത്വ മേധാവിത്വം വഹിക്കുന്ന രാജ്യത്തേക്ക് ഒഴുക്കിക്കൊടുത്ത് സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പ് നീട്ടിക്കൊടുക്കുന്നു. തദ്ദേശീയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും അവശ്യം ആവശ്യമായ വിവര സാങ്കേതിക ശാക്തീകരണം നിഷേധിക്കുകയും അവയ്‌ക്കുമേല്‍ ആഗോള കുത്തകകള്‍ക്ക് മേധാവിത്വം നേടിക്കൊടുക്കുകയും ചെയ്യുന്നു. മൊത്തത്തില്‍, ദേശീയ താല്‍പ്പര്യത്തിനുപരി സാമ്രാജ്യത്വ താല്‍പ്പര്യമാണിവിടെ സംരക്ഷിക്കപ്പെടുന്നത്. ഇക്കാര്യങ്ങളാലെല്ലാം സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യം പരമപ്രധാനമാകുന്നു.

ഇവയെല്ലാം മൊത്തത്തില്‍, സാധാരണക്കാരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെടുകയും വന്‍ മൂലധന കുത്തകകളുടെ കൊള്ളലാഭം വര്‍ധിപ്പിച്ച് എല്ലാ സ്വാതന്ത്ര്യങ്ങളും അവര്‍ക്കും അവരുടെ സേവകരായ ഏതാനും ചില വിഭാഗങ്ങള്‍ക്കും മാത്രമായി ചുരുക്കപ്പെടുകയും ചെയ്യുന്നു. ഉപ്പും ചര്‍ക്കയും ആയുധമാക്കി നടത്തിയ ത്യാഗോജ്വലമായ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇന്ന് അസമമായ സ്വതന്ത്ര വ്യാപാര കരാറുകളും അമേരിക്കയുമായുള്ള യുദ്ധോപകരണ ഇടപാടുകളും ആണവ വൈദ്യുത നിലയം വാങ്ങുന്ന പരിപാടിയും ഉപേക്ഷിക്കുകയും അസ്വാതന്ത്യം പേറുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകള്‍ ബഹിഷ്‌കരിക്കുകയും വേണം. മേല്‍പ്പറഞ്ഞവയ്‌ക്കുപകരം, സമത്വത്തില്‍ അധിഷ്‌ഠിതമായ അന്താരാഷ്‌ട്ര കരാറുകളും ദേശീയ ആണവ ശാക്തീകരണവും പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ വിപുലീകരണവുമാണ് നടത്തേണ്ടത്. അതോടൊപ്പം പങ്കാളിത്തവും സഹകരണവും സാമൂഹ്യ ഉടമസ്ഥതയും സാധ്യമാക്കുന്ന സ്വതന്ത്ര സോഫ്‌റ്റ്‌വെയറും അവയുടെ ശൃംഖലാ സാധ്യതകളും പരമാവധി ഉപയോഗിച്ചും ഉപകരണങ്ങള്‍ക്കുള്ള ചെലവ് കുറച്ചും മാതൃഭാഷയില്‍ വിവരം കൈകാര്യംചെയ്‌തും സ്വന്തമായി വിവര സാങ്കേതികവിദ്യ പ്രയോഗിച്ചും വിവര ധനികരും സ്വാശ്രയരും ശക്തരും ആകുകയാണ് വേണ്ടത്. അതാകട്ടെ, ഈ സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം മുന്നോട്ടുവയ്‌ക്കുന്ന സന്ദേശം.

*****

ജോസഫ് തോമസ്

(സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം, കേരള സംഘാടക സമിതി കൺവീനറാണ് ലേഖകന്‍)

9 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇവയെല്ലാം സാധാരണക്കാരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെടുകയും വന്‍ മൂലധന കുത്തകകളുടെ കൊള്ളലാഭം വര്‍ധിപ്പിച്ച് എല്ലാ സ്വാതന്ത്ര്യങ്ങളും അവര്‍ക്കും അവരുടെ സേവകരായ ഏതാനും ചില വിഭാഗങ്ങള്‍ക്കും മാത്രമായി ചുരുക്കപ്പെടുകയും ചെയ്യുന്നു. ഉപ്പും ചര്‍ക്കയും ആയുധമാക്കി നടത്തിയ ത്യാഗോജ്വലമായ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇന്ന് അസമമായ സ്വതന്ത്ര വ്യാപാര കരാറുകളും അമേരിക്കയുമായുള്ള യുദ്ധോപകരണ ഇടപാടുകളും ആണവ വൈദ്യുത നിലയം വാങ്ങുന്ന പരിപാടിയും ഉപേക്ഷിക്കുകയും അസ്വാതന്ത്യം പേറുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകള്‍ ബഹിഷ്‌കരിക്കുകയും വേണം. മേല്‍പ്പറഞ്ഞവയ്‌ക്കുപകരം, സമത്വത്തില്‍ അധിഷ്‌ഠിതമായ അന്താരാഷ്‌ട്ര കരാറുകളും ദേശീയ ആണവ ശാക്തീകരണവും പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ വിപുലീകരണവുമാണ് നടത്തേണ്ടത്. അതോടൊപ്പം പങ്കാളിത്തവും സഹകരണവും സാമൂഹ്യ ഉടമസ്ഥതയും സാധ്യമാക്കുന്ന സ്വതന്ത്ര സോഫ്‌റ്റ്‌വെയറും അവയുടെ ശൃംഖലാ സാധ്യതകളും പരമാവധി ഉപയോഗിച്ചും ഉപകരണങ്ങള്‍ക്കുള്ള ചെലവ് കുറച്ചും മാതൃഭാഷയില്‍ വിവരം കൈകാര്യംചെയ്‌തും സ്വന്തമായി വിവര സാങ്കേതികവിദ്യ പ്രയോഗിച്ചും വിവര ധനികരും സ്വാശ്രയരും ശക്തരും ആകുകയാണ് വേണ്ടത്. അതാകട്ടെ, ഈ സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം മുന്നോട്ടുവയ്‌ക്കുന്ന സന്ദേശം.

Wash'Allan JK | വഷളന്‍ ജേക്കെ said...

"സോഫ്‌റ്റ്‌വെയറും അറിവാണ്. അതു കൊടുക്കുന്ന ആള്‍ക്കു നഷ്‌ടമുണ്ടാക്കാതെ മറ്റുള്ളവര്‍ക്കു എത്ര വേണമെങ്കിലും പകര്‍ത്തി ഉപയോഗിക്കാന്‍ കഴിയും."

താങ്കളുടെ ഈ അഭിപ്രായം തെറ്റാണ്. സോഫ്റ്റ്‌വെയര്‍ അറിവല്ല. അത് ഒരു ഉല്പന്നം ആണ്. ആയിരക്കണക്കിന് സോഫ്റ്റ്‌വെയര്‍ ഡിസൈന്‍ ചെയ്തും നിര്‍മ്മിച്ചും അറിവുള്ളതു കൊണ്ടാണ് ഇത് പറയുന്നത്.

ഒരു പ്രശ്നം സോള്‍വ്‌ ചെയ്യുന്നതിന്, കമ്പ്യൂട്ടറിന് കൊടുക്കുന്ന നിര്‍ദേശങ്ങളുടെ സംഹിതയാണ് ഒരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍. അത് ഉത്പാദിപ്പിക്കാന്‍ അധ്വാനം ആവശ്യമാണ്. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ചെയ്യുന്നത് അവ ഉത്പാദിപ്പിച്ചു വില്‍ക്കുക്കുക എന്നുള്ളതാണ്. ഒരു കാര്‍ വില്‍ക്കുന്നത് പോലെ. ഒരു കാര്‍ നിര്‍മ്മില്‍ക്കുന്ന തൊഴിലാളിക്കല്ല അതു വില്‍ക്കാന്‍ അവകാശം എന്നത് പോലെ അത് വില്‍ക്കാനുള്ള അവകാശം കമ്പനിയ്ക്ക് തന്നെ.

"മറ്റൊരു കാര്യം, യഥാര്‍ഥ സ്രഷ്‌ടാക്കളല്ല സ്വത്തവകാശമോ പകര്‍പ്പവകാശമോപോലും പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് എന്നതാണ്. ഇടനിലക്കാരാണ് ഫലം അനുഭവിക്കുന്നത്. സാഹിത്യ സൃഷ്‌ടികളുടെ പകര്‍പ്പവകാശം പ്രസാധകര്‍ക്കാണ്. എഴുത്തുകാര്‍ക്കല്ല."

ഒരു സോഫ്റ്റ്‌വെയറിനെ സാഹിത്യസൃഷ്ടിയുമായി താരതമ്യം ചെയ്യുന്നത് ശുദ്ധ അസംബന്ധം ആണ്. സാഹിത്യസൃഷ്ടി ഒരു ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഒരു പ്രോഡക്റ്റ് ആണോ?

ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ അനുകൂലിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് contribute ചെയ്യുന്ന ആളാണ്‌. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൊണ്ട് മാത്രം നില നില്ക്കാന്‍ സാധ്യമല്ല. ഒരു പ്രൊഫഷണല്‍ കമ്പനിയുടെ വിഷനും, ടൈംബൌണ്ട് ആയ നിര്‍മ്മാണ രീതിയുമില്ലാതെ ഒരു ഹോബി ആയി സ്വന്തത്ര സോഫ്റ്റ്‌വെയറുകള്‍ മാര്‍ക്കറ്റില്‍ പതറും. academic interest വച്ചാണ് പലരും ഇത്തരം സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നത്. സാധനം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ എന്‍ഡ് യൂസര്‍ സപ്പോര്‍ട്ട് സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഇല്ലെന്നു തന്നെ പറയാം.

സ്വന്തത്ര സോഫ്റ്റ്‌വെയറും commercial സോഫ്റ്റ്‌വെയറും പരസ്പര പൂരകങ്ങള്‍ ആണ്. കമ്പനികള്‍ കോടിക്കണക്കിനു തുക മുടക്കി റിസര്‍ച്ച് ചെയ്തു പുതിയ computing concepts കൊണ്ടുവരുന്നു. സ്വതത്ര സോഫ്റ്റ്‌വെയറുകള്‍ അവയുടെ ചുവടു പിടിച്ചു മുന്നേറുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ തള്ളിച്ച കമ്പനികളുടെ strategy, pricing എന്നിവയെ ബാധിക്കുന്നു.

Wash'Allan JK | വഷളന്‍ ജേക്കെ said...
This comment has been removed by the author.
Wash'Allan JK | വഷളന്‍ ജേക്കെ said...
This comment has been removed by the author.
അനിലന്‍ said...

@വഷളന്‍ജേക്കെ ⚡ WashAllenⒿⓚ
അറിവു് ഉല്‍പ്പന്നമാക്കുന്ന കാലഘട്ടത്തിലൂടെയാണു് നാം കടന്നുപോകുന്നതു്. സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നമാകുന്നതു്, അറിവിനെ ഉല്‍പ്പന്നമാക്കുന്നതിനു് ഒരുദാഹരണമാണു്. തീര്‍ച്ചയായും സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനു് അധ്വാനം ആവശ്യമാണ്. ശ്രീ ജോസഫു് തോമസിന്റെ ലേഖനത്തില്‍ തന്നെ അതു് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടു്. ഇന്നത്തെ പരമ്പരാഗത സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ചെയ്യുന്നത് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ വില്‍ക്കുക്കുക മാത്രമല്ല. അതു മാത്രമായിരുന്നെങ്കില്‍ അതില്‍ തെറ്റു് കാണേണ്ടുന്ന ആവിശ്യമില്ലായിരുന്നു. എന്നാല്‍ അവര്‍ ചെയ്യുന്നതു് ഒരിക്കല്‍ വികസിപ്പിച്ചു്, മുതല്‍മുടക്കും, ന്യായമായ ലാഭവും ലഭിച്ച സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നം, കൂടുതല്‍ പകര്‍പ്പുണ്ടാക്കി വീണ്ടും അതേ വിലക്കു് വില്‍ക്കുകയാണു്. സോഫ്റ്റ്‌വെയര്‍ പകര്‍പ്പെടുക്കുവാന്‍ വളരെ കുറച്ചു് അദ്ധ്വാനം മാത്രം മതിയല്ലോ? അതിനാല്‍ പകര്‍പ്പെടുത്തു് വില്‍ക്കുന്നതു് ന്യായമായും സേവനത്തിനാവശ്യമായ തുകക്കായിരിക്കണമല്ലോ? ഇന്നത്തെ കമ്പോള രീതി വെച്ചു് നോക്കിയാല്‍ തന്നെ ഒരിക്കല്‍ വിറ്റുകഴിഞ്ഞ ഉല്‍പ്പന്നത്തിന്റെ ഘടനയും പ്രവര്‍ത്തനവും പഠിക്കാനും, മാറ്റം വരുത്താനും അവയ്ക്കു് പുറത്തു് സേവനം നല്‍കാനും, അതു് വാങ്ങിച്ച ആളക്കാര്‍ക്കു് സ്വാതന്ത്ര്യമുണ്ടു്. താങ്കള്‍ ഉദാഹരിച്ച കാറിന്റെ കാര്യത്തിലും ഇതല്ലേ സംഭവിക്കുന്നതു് ?

സോഫ്റ്റ്‌വെയറിനെ സാഹിത്യസൃഷ്ടിയുമായി താരതമ്യം ചെയ്യുന്നതില്‍ യുക്തിയുണ്ടു്. മിക്കലോകരാജ്യങ്ങളിലും സോഫ്റ്റ്‌വെയറും സാഹിത്യസൃഷ്ടികളെപ്പോലെ പകര്‍പ്പവകാശത്തോടെയാണു് വിതരണം ചെയ്യപ്പെടുന്നതു്.
സ്വന്തത്ര സോഫ്റ്റ്‌വെയറുകള്‍ കമ്പോളത്തില്‍ പതറും എന്നതു് തെറ്റായ ധാരണയാണു്. ഈ സന്ദേശം നിങ്ങളുടെ മുന്നിലെത്തിക്കുന്നതിനു് ഉപയോഗിച്ച മിക്കതും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണു് അവ കാലാകാലങ്ങളായി കമ്പോളത്തില്‍ വിജയിച്ചവയാണു്. അതേ സമയം, കമ്പോളത്തില്‍ തകര്‍ന്ന ധാരാളം കുത്തക സോഫ്റ്റ‌വെയറുകളുമുണ്ടു്. അതിനാല്‍ കമ്പോള വിജയത്തിന്റെ അടിസ്ഥാനം സോഫ്റ്റ്‌വെയര്‍ വിതരണരീതിയല്ല മറിച്ചു്, അവയുടെ മികവിനേയും പിന്നെ അവക്കു് ലഭ്യമാകുന്ന സേവനത്തേയും ആശ്രയിച്ചാണു്.

സ്വതത്ര സോഫ്റ്റ്‌വെയറുകള്‍ കുത്തക സോഫ്റ്റ്‌വെയറുകളുടെ ചുവടു് പിടിച്ചാണു് മുന്നേറുന്നതു് എന്നതു് തെറ്റായ വാദഗതിയാണു്. മറിച്ചാണു് യാഥാര്‍ത്ഥ്യം. കമ്പ്യൂട്ടിംഗു് കണ്‍സെപ്റ്റുകള്‍ കുത്തക കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ ഗവേഷണത്തിലുടെ കൊണ്ടുവന്നവയല്ല. അവ സമൂഹത്തിന്റെ അതുവരെയുള്ള അറിവിന്റെ പുറത്തു് വികസിപ്പിച്ചെടുത്തവയാണു്. കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ പലപ്പോഴും എങ്ങിനെ കൂടുതല്‍ ലാഭമുണ്ടാക്കാം എന്നതിനെ കുറിച്ചാണു് ഗവേഷണം നടത്തുന്നതു്. അതിനായി, സമൂഹത്തിന്റെ പൊതുവായ അറിവിനെ വളച്ചുകെട്ടി ഉപയോഗിക്കാനാണവരു് ശ്രമിക്കുന്നതു്.

അനിലന്‍ said...
This comment has been removed by the author.
അനിലന്‍ said...
This comment has been removed by the author.
അനിലന്‍ said...
This comment has been removed by the author.
അനിലന്‍ said...
This comment has been removed by the author.